Sunday, December 30, 2007

ഗുജറാത്തിന്റെ വിധി, ഇന്ത്യയുടെയും

ടുവില്‍ മോഡി തന്നെ ജയിച്ചു. അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഗുജറാത്തില്‍ മതേതര ഇന്ത്യക്ക്‌ കളങ്കം ചാര്‍ത്തിയ മനുഷ്യക്കുരുതി നടക്കുമ്പോള്‍ വീണ വായിക്കുകയായിരുന്നുവെന്ന്‌ പരമോന്നത നീതി പീഠം വിശേഷിപ്പിച്ച അതേ നരേന്ദ്രമോഡി പ്രവചനങ്ങളേയെല്ലാം മറികടന്ന്‌ ഗുജറാത്തില്‍ ഗംഭീര വിജയം നേടിയത്‌ കോണ്‍ഗ്രസ്സും ഇടതുപക്ഷവും അടങ്ങുന്ന യു പി എ യെമാത്രമല്ല മോഡി പ്രതിനിധീകരിക്കുന്ന ഭാരതീയജനതാ പാര്‍ട്ടിയെ വരെ വെട്ടിലാക്കിയിരിക്കുകയാണ്‌. തീവ്ര വര്‍ഗ്ഗീയ വാദിയെന്ന ഇമേജിനു മേല്‍ വികസനമെന്ന പൊന്‍കിരീടമണിഞ്ഞാണ്‌ മോഡി വിജയിച്ചു കയറിയത്‌.

ഇന്ത്യക്ക്‌ ഒരിക്കലും ഭൂഷണമല്ലാത്ത മോഡിയെന്ന ബ്രാന്റിനെ മൂന്നാം തവണയും മുഖ്യമന്ത്രി സ്ഥാനത്ത്‌ അവരോധിച്ചതില്‍ മതേതര കക്ഷിയെന്ന്‌ അവകാശപ്പെടുന്ന സോണിയാ കോണ്‍ഗ്രസ്സിനുള്ള പങ്ക്‌ വളരെ വലുതാണ്‌. നെഹറു ഇന്ദിര രാജീവ്‌ അങ്ങിനെ വാലില്‍ ഗാന്ധിയുള്ളവരുടെ ചിറകിനടിയില്‍ കഴിയാനേ കോണ്‍ഗ്രസ്സുകാര്‍ എന്നും പഠിച്ചിട്ടുള്ളൂ. അവര്‍ പറയുന്നതാണ്‌ കോണ്‍ഗ്രസ്സുകാര്‍ക്ക്‌ വേദവാക്യം. ചരിത്രബോധം തൊട്ടു തീണ്ടാത്ത രാഹുല്‍ പറയുന്നതുപോലും തൊണ്ട തൊടാതെ വിഴുങ്ങാനുള്ള അസാമാന്യ കഴിവിനുടമകളാണ്‌ ദേശീയ പ്രസ്ഥാനത്തിന്റെ പുതിയ തലമുറ. ഗുജറാത്തില്‍ നടന്ന തിരഞ്ഞെടുപ്പു പ്രചരണ കാലത്ത്‌ മോഡിയെ മരണത്തിന്റെ വ്യാപാരി എന്നു വിശേഷിപ്പിച്ച്‌ ബി ജെ പിയുടെ വോട്ടു വര്‍ദ്ധിപ്പിച്ചു കൊടുത്തു എന്നതല്ലാതെ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ സോണിയക്കോ മകന്‍ രാഹുലിനോ അവര്‍ക്കു പിന്നാലെ ഓഛാനിച്ചു നടന്ന ഖദര്‍ധാരികള്‍ക്കോ കഴിഞ്ഞില്ല. ഇപ്പോള്‍ തോല്‍വിയുടെ ഉത്തരവാദിത്തം പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ തലയില്‍ കെട്ടിവെക്കാനാണ്‌ കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. സംസ്ഥാന നേതൃത്വത്തെ പരസ്യമായി കുറ്റപ്പെടുത്തിയ എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി ദിഗ്വിജയ്‌ സിങ്ങ്‌ ആര്‍ക്കോ വേണ്ടി വീണ വായിക്കുകയാണ്‌. സ്വന്തം സംസ്ഥാനത്തിന്റെ പള്‍സ്‌ മനസ്സിലാക്കാനാകാത്ത അഹമ്മദ്‌ പട്ടേലിനെ എന്തിനാണ്‌ സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി വെച്ചുകൊണ്ടിരിക്കുന്നത്‌ എന്നതാണ്‌ ന്യായമായ ചോദ്യം.

ഗുജറാത്തില്‍ തിരഞ്ഞെടുപ്പിനു ചൂടു പിടക്കുമ്പോളും ആണവകരാറിന്റെ പേരില്‍ കേന്ദ്രത്തില്‍ തമ്മില്‍ തല്ലുകയായിരുന്നു ഇടതു പക്ഷവും കോണ്‍ഗ്രസ്സും. ദേശ സ്വാതന്ത്ര്യത്തിനു മേല്‍ ചങ്ങലയിടുന്ന ഇത്തരമൊരു കരാറിനു പിന്നാലെ മന്‍മോഹന്‍ സിംഗും സോണിയാഗാന്ധിയും പായുമ്പോള്‍ എല്‍ കെ അദ്വാനി എന്ന പ്രമുഖ ബ്രാന്റിനെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിച്ച്‌ ബഹുദൂരം മുന്നോട്ടു പോയി ബി ജെ പി. മരണത്തിന്റെ വ്യാപാരി എന്ന കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധിയുടെ പ്രസ്‌താവന തന്നെ മോഡിക്ക്‌ അനുകൂലമായി മാറ്റാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. അതുവരെ വികസനത്തില്‍ മാത്രമൂന്നി പ്രചരണം നടത്തിയ മോഡി അതോടെ വര്‍ഗ്ഗീയ ചീട്ട്‌ ഇറക്കി കളിച്ചു. അപ്പോളും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കാന്‍ സോണിയക്കു കഴിഞ്ഞില്ല. കുത്തഴിഞ്ഞ കോണ്‍ഗ്രസ്സിന്റെ പ്രചരണത്തിനു മറുപടിയായി വികസനത്തിന്റെ കാര്‍ഡിറക്കി ബി ജെ പി കളിച്ചു. മോഡി ഭരണത്തിന്റെ ഉദാത്ത വികസന മാതൃകകള്‍ ജനങ്ങളെ പറഞ്ഞ്‌ വിശ്വസിപ്പിക്കാനും ബി ജെ പിക്കു കഴിഞ്ഞു. കോണ്‍ഗ്രസ്സുകാരുടെ നേതൃത്വത്തിലുള്ള രാജീവ്‌ ഗാന്ധി ഫൗണ്ടേഷനാണ്‌ ഇന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രിയായി മോഡിയെ തെരഞ്ഞെടുത്തത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ഗ്രാമാന്തരങ്ങളില്‍ വികസനം അധികമൊന്നും എത്തിയില്ലെങ്കിലും നഗരങ്ങളിലും ചെറുനഗരങ്ങളിലും ലോകം ശ്രദ്ധിക്കുന്ന ഇടങ്ങളിലും വികസനത്തിന്റെ വിത്തുപാകാന്‍ മോഡി ശ്രദ്ധിച്ചിരുന്നു. ഇങ്ങനെ കൃത്യമായ സ്‌ക്രിപ്‌റ്റോടു കൂടിയാണ്‌ മോഡി എന്നാല്‍ വികസനം എന്ന തിയറി ബി ജെ പി പരീക്ഷിച്ചത്‌.

ബി ജെ പിയും കോണ്‍ഗ്രസ്സും തമ്മിലുള്ള മത്സരമായിരുന്നില്ല ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ മറിച്ച്‌ മോഡിയും കോണ്‍ഗ്രസ്സും അല്ലെങ്കില്‍ മോഡിയും സോണിയയും തമ്മിലുള്ള മത്സരമായിരുന്നു. ബി ജെ പിക്കുമുകളില്‍ വളര്‍ന്ന ഒരു മരമായി തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഘട്ടത്തില്‍ തന്നെ മോഡി മാറിയിരുന്നു. ബി ജെ പി പ്രചാരണത്തിന്റെ നിയന്ത്രണം മുഴുവന്‍ മോഡിയുടെ കൈകളിലായിരുന്നു. മോഡിയുടെ തന്ത്രങ്ങള്‍ കണ്ണും പൂട്ടി അനുസരിക്കാനേ ബി ജെ പി കേന്ദ്ര നേതൃത്വത്തിന്‌ കഴിയുമായിരുന്നുള്ളൂ. മോഡിയുടെ തകര്‍പ്പന്‍ വിജയാഘോഷ വേളയില്‍ തന്നെ നിര്‍വ്വികാരനായി പ്രതികരിച്ച രാജ്‌ നാഥ്‌ സിംഗിന്റെ മുഖഭാവത്തില്‍ നിന്നും ബി ജെ പിയുടെ ഭാവി നമുക്ക്‌ വായിച്ചെടുക്കാം. പ്രവീണ്‍ തൊഗാഡിയ പോലുള്ള ഹിന്ദു വര്‍ഗ്ഗീയ കൂട്ടുകളെയോ പരിവാര്‍ പിന്തുണയോ അധികമൊന്നും തേടാതെയാണ്‌ മോഡി പ്രചാരണത്തിനിറങ്ങിയത്‌. പ്രചാരണ വേളയില്‍ മോഡി എന്ന ബ്രാന്റിനെ മാത്രം ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു പോസ്റ്ററുകളും ബാനറുകളുമൊക്കെ. മോഡിക്ക്‌ അല്‌പമെങ്കിലും മമതയുള്ളത്‌ എല്‍ കെ അദ്വാനിയോട്‌ മാത്രമാണ്‌ എന്ന സൂചനയാണ്‌ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ നല്‍കുന്നത്‌.

സ്ഥാനാര്‍ത്ഥിപട്ടിക അംഗീകരിപ്പിക്കുന്നതു മുതല്‍ മോഡി തന്റെ തനി സ്വരൂപം കാണിച്ചു തുടങ്ങിയിരുന്നു, അതിനൊപ്പം തന്നെ ആഭ്യന്തരമായി മുറുമുറുപ്പുകളും ബി ജെ പിക്കകത്ത്‌ ഉയര്‍ന്നു തുടങ്ങി. കഴിഞ്ഞ അഞ്ചു വര്‍ഷം മോശം പ്രകടനം നടത്തിയ നാല്‌പതോളം സിറ്റിംഗ്‌ എം എല്‍ എമാര്‍ക്ക്‌ സീറ്റ്‌ നിഷേധിച്ചത്‌ തുടക്കത്തില്‍ തന്നെ മുറുമുറുപ്പുകള്‍ക്ക്‌ ഇടനല്‍കി. കഴിഞ്ഞ രണ്ടു മന്ത്രിസഭകളിലും മറ്റു മന്ത്രിമാരുടെ അധികാര പരിധിയില്‍ കടന്നു കയറുന്നതിന്റെ പേരില്‍ ഉണ്ടായ ചേരി തിരിവിന്‌ ഇത്‌ ആക്കം കൂട്ടി. തഴക്കം വന്നവരെ ബഹുമാനിക്കാത്തിലുള്ള അമര്‍ഷമാണ്‌ മുന്‍ മുഖ്യമന്ത്രി കേശുഭായ്‌ പട്ടേല്‍, സുരേഷ്‌ മേത്ത, കേന്ദ്രമന്ത്രിമാരായ കാശിറാം റാണ, വല്ലഭ്‌ ഭായ്‌ കഠാരിയ തുടങ്ങിയവരെ മോഡിക്ക്‌ എതിര്‍ ചേരി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്‌. പക്ഷേ ഇപ്പോള്‍ നേടിയ വിജയം ബി ജെ പിയില്‍ മോഡിയുടെ സുശക്തമായ പുതിയ പക്ഷത്തിന്‌ തുടക്കമിട്ടിരിക്കുകയാണ്‌. തിരഞ്ഞെടുപ്പിനു ശേഷവും മോഡി പാര്‍ട്ടിക്കുമേല്‍ വളരാന്‍ നടത്തുന്ന ശ്രമമായി വേണം വാജ്‌പേയിയുടെ 84-ാം പിറന്നാള്‍ വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ച ദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനിച്ചതിനെ നോക്കിക്കാണാന്‍. ഗുജറാത്ത്‌ കലാപത്തിനു ശേഷം വാജ്‌പേയിയും മോഡിയും തമ്മില്‍ അത്ര രസത്തിലല്ല എന്നത്‌ പരസ്യമായ രഹസ്യമാണ്‌. പാര്‍ട്ടിക്കു മുകളില്‍ വളര്‍ന്ന്‌ പുറത്തുപോയ കല്യാണ്‍സിങ്‌, ഉമാഭാരതി, ബാബുലാല്‍ മറാന്‍ഡി, മദന്‍ലാല്‍ ഖുരാന തുടങ്ങിയവരുടെ പാതയിലാണോ മോഡി എന്നാണ്‌ രാജ്യം ഉറ്റുനോക്കുന്നത്‌.

കേന്ദ്ര നേതൃത്വത്തെപ്പോലും ധിക്കരിച്ചുകൊണ്ട്‌ ഇത്തരമൊരു കുത്തക മുന്നണി സ്ഥാപിക്കാനുള്ള ശ്രമം ഗുജറാത്തുപോലെയുള്ള സംസ്ഥാനത്തിന്‌ അത്ര ഭൂഷണമായിരിക്കില്ല. പ്രത്യേകിച്ചും ഗോന്ധ്ര സംഭവവും അതിനോടനുബന്ധിച്ചുണ്ടായ കലാപവും കലുഷമാക്കിയ ഗുജറാത്തില്‍. കലാപത്തിന്റെ കരിനിഴല്‍ മോഡിയെ പിന്തുടരുന്നു എന്നതാണ്‌ ഗോന്ധയടങ്ങുന്ന മേഖലയില്‍ ബി ജെ പിക്ക്‌ ഏറ്റ തിരിച്ചടി വെളിപ്പെടുത്തുന്നത്‌. ഇനിയും ഇത്തരമൊരു കലാപത്തിന്‌ സാദ്ധ്യതയുണ്ടായാല്‍ മോഡി എങ്ങനെ പ്രതികരിക്കുമെന്നതും പ്രസക്തമാണ്‌. കേന്ദ്ര നേതൃത്വത്തിന്റെ നിയന്ത്രണത്തില്‍ നിന്നും അകന്ന്‌ നിന്ന്‌ ശക്തി തെഴിയിച്ച മോഡി കേന്ദ്രത്തിലും പിടിമുറുക്കാന്‍ ശ്രമിക്കുമോ എന്നതും രാജ്‌നാഥ്‌ സിംഗ്‌ അടക്കമുള്ള കേന്ദ്ര നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്‌.

നിലവിലുള്ള രീതികളും വിശ്വാസപ്രമാണങ്ങളും മാറ്റിയേ തീരൂ എന്ന്‌ എല്ലാ പാര്‍ട്ടികളേയും പ്രത്യേകിച്ച്‌ കോണ്‍ഗ്രസ്സിനെ മനസ്സിലാക്കിക്കൊടുക്കുന്നതാണ്‌ മോഡിയുടെ വിജയം എന്നു പറയാം. തങ്ങളുടെ പരമ്പരാഗത വോട്ടു ബാങ്കുകളും ന്യൂനപക്ഷത്തേയും താല്‌കാലികമായ പ്രീണിപ്പിച്ച്‌ വോട്ടു തട്ടിയെടുക്കുക ആവശ്യം കഴിഞ്ഞാല്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക്‌ അവരെ തിരിഞ്ഞു നോക്കാതെയിരിക്കുക എന്ന നിലവിലുള്ള നയം തുടരുന്നവര്‍ക്ക്‌ മോഡി ഒരു പാഠമായിരിക്കും. തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ട്‌ വ്യക്തമായ മാനേജ്‌മെന്റ്‌ ടെക്‌നിക്കുകള്‍ പ്രയോഗിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ലെങ്കില്‍ ബംഗാളും കേരളവുമടക്കമുള്ള സംസ്ഥാനങ്ങളില്‍ സംഭവിച്ചത്‌ ഗുജറാത്തിലും തുടരും.

രാഷ്‌ട്രീയ വിഗ്രഹങ്ങളോടുള്ള ആരാധന ഇന്ത്യയില്‍ കോണ്‍ഗ്രസ്സിനു മാത്രമേ ഉള്ളൂ . രാജീവ്‌ ഗാന്ധിയുടെ ഭാര്യയെന്നും ഇന്ദിരാഗാന്ധിയുടെയും നെഹറുവിന്റെ തന്നെ പിന്‍മുറക്കാരിയെന്നുമുള്ള ഇമേജില്‍ ഇന്ത്യയിലെവിടെയും നിന്ന്‌ കോണ്‍ഗ്രസ്സിന്‌ നേട്ടമുണ്ടാക്കിക്കൊടുക്കാമെന്ന മിഥ്യാ ധാരണ സോണിയ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന ഗുണപാഠവും ഗുജറാത്ത്‌ നല്‍കുന്നുണ്ട്‌. ഗുജറാത്തില്‍ മോഡിക്കൊപ്പം എല്‍ കെ അദ്വാനി എന്ന തഴക്കമുള്ള നേതാവിനെ ബി ജെ പി ഇറക്കിയപ്പോള്‍ പകരം കോണ്‍ഗ്രസ്സിന്‌ പ്രത്യേകിച്ച്‌ എടുത്തുപറയത്തക്ക നേതാക്കളൊന്നുമുണ്ടായില്ല. മുഖ്യമന്ത്രിയെ എന്നത്തെയും പോലെ തെരഞ്ഞെടുപ്പു വിജയത്തിനുശേഷം മാഡം തീരുമാനിക്കും എന്നതായിരുന്നു നയം. എല്‍ കെ അദ്വാനിയെ ചെറുക്കാന്‍ ഗുജറാത്തിലുണ്ടായിരുന്നത്‌ രാഹുല്‍ ഗാന്ധി മാത്രമായിരുന്നു. ഗാന്ധി കുടുംബത്തിന്റെ ആരാധകരുടെ സദസ്സിനുമുന്നില്‍ പൊള്ളയായ വാക്യങ്ങള്‍ ഉരുവിടുക എന്നതല്ലാതെ രാഹുലിന്‌ കൂടുതലായി ഒന്നും ചെയ്യാനുമുണ്ടായില്ല. ഇതേ അവസ്ഥ തന്നെയായിരിക്കും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും സംഭവിക്കാന്‍ പോകുന്നത്‌ എന്ന ദുഖ സത്യവും കോണ്‍ഗ്രസ്സ്‌ മനസ്സിലാക്കിയാല്‍ നന്ന്‌.

ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ രണ്ട്‌ തവണ ആന്റി ഇന്‍ക്യുംബന്‍സ്‌ ഫാക്‌ടര്‍ മറികടന്ന്‌ മൂന്നാം തവണ മുഖ്യമന്ത്രിയായി ചരിത്രത്തിലേക്ക്‌ നടന്ന നരേന്ദ്രമോഡിയുടെ വിജയം കേന്ദ്രത്തില്‍ കാരാട്ടു നയിക്കുന്ന ഇടതുപക്ഷത്തെ കൂടുതല്‍ ശക്തമാക്കും. മന്‍മോഹന്‍ സിംഗ്‌ ആണവകരാറുമായി മുന്നോട്ടുപോകുന്നതടക്കമുള്ള വികസന നയത്തെ വരെ അത്‌ ബാധിച്ചേക്കും. പഴയതുപോലെ ശാഠ്യം പിടിച്ച്‌ ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാമെന്ന്‌ വിളിച്ചു കൂവാന്‍ ഇനി കോണ്‍ഗ്രസ്സിന്‌ കഴിഞ്ഞെന്നു വരില്ല. ഒപ്പം നല്ല കുട്ടികളായി യു പി എ യെ നയിക്കാന്‍ സോണിയയും ഇടതുകക്ഷികളും തയ്യാറാകണമെന്ന പാഠവും ഗുജറാത്ത്‌ നല്‍കുന്നു. സി പി എമ്മിന്റെ ജന്മശത്രുക്കളെ തുടച്ചു നീക്കണമെങ്കില്‍ അവര്‍ക്ക്‌ കോണ്‍ഗ്രസ്സിനോടൊപ്പം ശക്തിയായി മുന്നോട്ടു നീങ്ങിയാലേ കഴിയൂ അവര്‍ എന്നും ചിന്തിക്കേണ്ടതുണ്ട്‌. ഇടക്കിടക്ക്‌ നിറം മാറുന്ന കക്ഷികളെ കൂട്ടി മൂന്നാം മുന്നണി രൂപീകരിക്കാനിറങ്ങിയവര്‍ക്കും ശക്തമായ താക്കീതാണ്‌ മോഡിയുടെ വിജയം.

............................................................................................. (പുഴ. കോം)


Wednesday, October 31, 2007

കരുണാകരന്‍ അഥവാ കറിവേപ്പില

റിവേപ്പിലയാണെങ്കില്‍ ഇലത്തുമ്പത്തെങ്കിലും വെക്കാം കരുണാകരനാണെങ്കിലോ. താനുള്‍പ്പടെയുള്ള നേതാക്കള്‍ ഉയിരുകൊടുത്ത്‌ വളര്‍ത്തിയ കോണ്‍ഗ്രസ്സ്‌ എന്ന മഹാപ്രസ്ഥാനത്തില്‍ കരുണാകരന്റെ അവസാനനാളുകള്‍ അങ്ങനെയായിരുന്നു. ഒടുവില്‍ നാണം കെട്ടു പുറത്തുപോകേണ്ടിവരുമെന്നായപ്പോള്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി സ്വയം പുറത്തു ചാടി. ഇടതിനും വലതിനും വേണ്ടാതെ ഒരു കറിവേപ്പിലയുടെ വിലപോലുമില്ലാതെ വന്നപ്പോള്‍ ഒടുവില്‍ തള്ളിപ്പറഞ്ഞ മദാമ്മാഗാന്ധിയുടെ കടാക്ഷത്തിനായി ന്യൂഡല്‍ഹിയില്‍ കെട്ടിക്കിടക്കേണ്ട ഗതികേടിലാണ്‌ രാഷ്‌ട്രീയ ഭീഷ്‌മാചാര്യന്‍.

ഒന്നേയുള്ളുവെങ്കില്‍ ഉലക്കക്കടിച്ച്‌ വളര്‍ത്താം രണ്ടായാലോ ?. രണ്ടിനേം തല്ലി വളര്‍ത്തിയില്ല എന്നതു മാത്രമല്ല ഇരു തോളിലും എടുത്തു വച്ച്‌ താലോലിച്ച്‌ വഷളാക്കിയതാണ്‌ കരുണാകരന്‌ പറ്റിയ തെറ്റ്‌. സേവാദള്‍ ചെയര്‍മാന്‍, കെ പി സി സി വൈസ്‌ പ്രസിഡന്റ്‌, പ്രസിഡന്റ്‌, മന്ത്രി - വെറും കിങ്ങിണിക്കുട്ടനായി കേരളരാഷ്‌ട്രീയത്തില്‍ പ്രവേശിച്ച മകന്‍ മുരളീധരന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. വളര്‍ന്നു വളര്‍ന്ന്‌ അഛന്റെ തലക്കു മുകളില്‍ വരെ. എവിടെയും നിന്നു പൊറുക്കാന്‍ പറ്റാതെ ഒടുവില്‍ പഴയസഹയാത്രികന്‍ ശരദ്‌പവാറിനൊപ്പം എന്‍ സി പിയില്‍ ചേക്കേറി അഛനും മകനും. കേരളത്തില്‍ ഏറ്റവും ചെറിയ കേരളാ കോണ്‍ഗ്രസിനുള്ള വില പോലും കേന്ദ്രത്തില്‍ പവാറിന്റെ പാര്‍ട്ടിക്കില്ല എന്ന്‌ കരുണാകരന്‌ നന്നായി അറിയാം. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഒരു കാലത്ത്‌ കിംഗ്‌ മേക്കറായ കരുണാകരനെയാണോ മുരളി രാഷ്‌ട്രീയക്കളികള്‍ പഠിപ്പിക്കുന്നത്‌. ഉമ്മന്‍ ചാണ്ടിയും, ആന്റണിയും, രമേശും എന്തിന്‌ മന്‍മോഹന്‍ സിംഗുപോലും കോണ്‍ഗ്രസ്സല്ല, കോണ്‍ഗ്രസ്സുകാരനായി ജീവിച്ച താന്‍ കോണ്‍ഗ്രസ്സുകാരനായി തന്നെ മരിക്കുമെന്ന്‌ കരുണാകരന്‍ ഇടക്കിടെ വീമ്പ്‌ പറയാറുള്ളതാണ്‌. അതുകൊണ്ടാണ്‌ അവസാനകാലത്തെങ്കിലും കോണ്‍ഗ്രസ്സിലേക്ക്‌ മടങ്ങിവരാനുള്ള ആഗ്രഹം കരുണാകരന്‍ പ്രകടിപ്പിച്ചത്‌.

കറിവേപ്പിലയായാലും കരുണാകരനായതുകൊണ്ട്‌ വേണമെങ്കില്‍ മടങ്ങിവരാമെന്ന്‌ തന്നോട്‌ ഇപ്പോഴും കൂറുകാണിക്കുന്ന ചിലര്‍ നേരത്തേ ഒളിഞ്ഞും തെളിഞ്ഞും പ്രസ്‌താവിച്ചതാണ്‌. സോണിയാ ഗാന്ധിയെ അംഗീകരിക്കുന്ന ആര്‍ക്കും കോണ്‍ഗ്രസ്സിലേക്ക്‌ മടങ്ങിവരാമെന്ന്‌ ശിഷ്യന്‍ രമേശ്‌ ചെന്നിത്തലയും എന്തിന്‌ രാജ്‌ മോഹന്‍ ഉണ്ണിത്താന്‍ വരെ പലവട്ടം പറഞ്ഞു. അതിന്‌ അന്നും ഇന്നും വിഘാതമായത്‌ മകന്‍ മുരളീധരനാണ്‌. കെ പി സി സി പ്രസിഡന്റും പേരിനാണെങ്കില്‍ പോലും ഒരു മന്ത്രിയുമായ ആളല്ലേ കോണ്‍ഗ്രസ്സില്‍ തിരിച്ചു വന്നാല്‍ ആ പഴയ സ്ഥാനം പോയിട്ട്‌ പ്രവര്‍ത്തകസമിതിയില്‍ പോലും കേറ്റില്ലെന്ന്‌ മുരളിക്ക്‌ നന്നായിട്ടറിയാം. രാഷ്‌ട്രീയ വനവാസം വേണ്ടിവന്നാലും കോണ്‍ഗ്രസ്സിലേക്കില്ലെന്ന്‌ മുരളി പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തേ തങ്ങളെ വിട്ട്‌ പോയ പഴയ ഗുണ്ടയായ ശങ്കരനും കൊട്ടാരം നര്‍ത്തകിയായിരുന്ന ശോഭനക്കുപോലും കോണ്‍ഗ്രസ്സില്‍ ഇനിയുമൊന്നുമാവാന്‍ കഴിഞ്ഞിട്ടില്ല, പിന്നയല്ലേ മുരളി. മുരളീധരന്റെ ഭീഷണിക്കു വഴങ്ങുന്ന പണി നിര്‍ത്തിയെന്ന്‌ നേരിട്ടല്ലെങ്കിലും പലവട്ടം പറഞ്ഞുകഴിഞ്ഞു കരുണാകരന്‍. മകന്‍ അങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ അതിശയമുള്ളൂ. പിന്നില്‍ നിന്ന്‌ ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നത്‌ പണ്ട്‌ ആലുവയില്‍ കരുണാകരനെതിരെ യോഗം കൂടിയതിന്‌ തല്ലുവാങ്ങിച്ച എം പി ഗംഗാധരനല്ലേ. പീതാംബരക്കുറുപ്പും കരുണാകരനും കൂട്ടരും പിന്നെ മുരളിയും ഗംഗാധരനും കൂട്ടരും എന്നിങ്ങനെ പ്രകടമായി ചേരിതിരിഞ്ഞ്‌ ഐ ഗ്രൂപ്പിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ആക്രമണവും തുടങ്ങിക്കഴിഞ്ഞു.

പക്ഷേ കരുണാകരന്‍ രണ്ടും കല്‌പിച്ചുള്ള പുറപ്പാടാണ്‌. സോണിയയെ അംഗീകരിക്കുന്നു എന്നു പലവട്ടം പറഞ്ഞ്‌ ആണയിട്ടു കഴിഞ്ഞു അദ്ദേഹം. മദാമ്മയെന്നു വിളിച്ചത്‌ അവരെ അപമാനിക്കാനായിരുന്നില്ലത്രേ. അതിലവര്‍ക്ക്‌ വിഷമമുണ്ടെങ്കില്‍ അതൊഴിവാക്കാമെന്ന്‌ തോന്നിയിട്ടുണ്ട്‌. കരുണാകരന്‍ കുംഭസരിക്കുന്നു. കരുണാകരന്‍ എത്രത്തോളം താഴാമോ അതിലും താഴെയാണ്‌ അദ്ദേഹം ഇപ്പോള്‍ നില്‍ക്കുന്നത്‌.

ഗാന്ധി കുടുംബത്തോട്‌ കരുണാകരനുള്ള ഭയഭക്തി ബഹുമാനത്തേക്കുറിച്ച്‌ ഇപ്പറഞ്ഞ പൈപ്പ്‌ ഗംഗാധരന്‍ പോലും മറുത്തുപറയുമെന്ന്‌ തോന്നുന്നില്ല. ഗാന്ധികുടുംബത്തില്‍ ഒരു മദാമ്മ നുഴഞ്ഞുകയറിയതിലല്ല കരുണാകരന്‌ വിഷമം. അവര്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാ പിന്തുണയുമായി അദ്ദേഹം കൂടെ നിന്നതുമാണ്‌. എല്ലാം താനടക്കമുള്ളവര്‍ വളര്‍ത്തിവലുതാക്കിയ പ്രസ്ഥാനത്തിനു വേണ്ടിയായിരുന്നു. നെറികേടുകാണിച്ചാല്‍ അതു ഗുരുവായൂരപ്പനാണെങ്കില്‍ പോലും കരുണാകരന്‍ ക്ഷമിക്കില്ല. മകള്‍ പത്മജയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച്‌ ന്യൂഡല്‍ഹിയില്‍ വച്ചു നടത്തിയ ചടങ്ങില്‍ എത്തിയ സോണിയ വധൂവരന്മാരെ അനുഗ്രഹിച്ച്‌ കരുണാകരനെ കണ്ട ഭാവം പോലും നടിക്കാതെ കടന്നുകഞ്ഞു. അതുമാത്രമോ പിന്നീട്‌ കേരളത്തില്‍ രണ്ടുതവണയെത്തിയപ്പോഴും കരുണാകരന്‍ എന്ന ഒരു സീനിയര്‍ കോണ്‍ഗ്രസ്സ്‌ നേതാവ്‌ ജനിച്ചുവളര്‍ന്ന മണ്ണാണെന്ന ഭാവം പോലും സോണിയയോ തന്റെ ശിഷ്യഗണങ്ങളായ കോണ്‍ഗ്രസ്സുകാരോ കാണിച്ചില്ല. എ ഐ സി സി സമ്മേളനത്തില്‍ കസേരപോലും നല്‍കാന്‍ കേന്ദ്രനേതൃത്വേ കൂട്ടാക്കിയില്ല. ഇന്ദിരക്കും സ്വന്തം ഭര്‍ത്താവ്‌ രാജീവിനുമൊപ്പം നിന്ന്‌ അവരുടെ സ്വന്തക്കാരനായി വിരാജിച്ച തന്നെ ഒരു ഗാന്ധിയുടെ ഭാര്യയായ സോണിയ മൈന്റ്‌ ചെയ്യാതിരുന്നതിലാണ്‌ കരുണാകരന്‌ വിഷമം.

എല്ലാം മകന്‍ കിങ്ങിണിക്കുട്ടന്‍ വരുത്തിവച്ച വിനയാണ്‌. എ കെ ആന്റണിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരത്തിലേറുമ്പോള്‍ നീക്കുപോക്കുകളുടെ ബലത്തില്‍ മുരളീധരന്‍ കെ പി സി സി പ്രസിഡന്റായി. കിങ്ങിണിക്കുട്ടനില്‍ നിന്നും തന്ത്രശാലിയായ ഒരു രാഷ്‌ട്രീയ നേതാവിലേക്കുള്ള ദൂരം അത്ര വലുതല്ല എന്ന്‌ മുരളി തെളിയിച്ചു. അടുത്ത മുഖ്യമന്ത്രിയായി വരെ മുരളിയെ വാഴ്‌ത്തപ്പെട്ടു. അന്ന്‌ കേരളത്തില്‍ ചില അസ്വാരസ്യങ്ങളുണ്ടെങ്കിലും ഐ ഗ്രൂപ്പ്‌ എന്നു പറയുന്ന ഒരു സാധനം ഉണ്ടായിരുന്നു. കടവൂര്‍ ശിവദാസനും പി ശങ്കരനുമടക്കമുള്ള വിശ്വസ്‌തരെല്ലാം മന്ത്രിമാര്‍. മുരളിയെ ഭാവി മുഖ്യമന്ത്രിയാക്കുകയെന്ന കണക്കുകൂട്ടലില്‍ കരുണാകരനിലെ കൗശലശാലി ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി. ഗ്രൂപ്പുകള്‍ തമ്മില്‍ തുടങ്ങിയ പോര്‌ പക്ഷേ എത്തിനിന്നത്‌ സ്വന്തം ഗ്രൂപ്പിനകത്തെ പോരിലാണ്‌. വിശ്വസ്‌തനായ കെ വി തോമസ്‌ കാലുമാറി. ചിലപ്പോള്‍ മകന്‍ മുരളീധരന്‍ വരെ അഛനെതിരെ പരസ്യമായി രംഗത്തുവന്നു. ആന്റണിയുടെ ഭരണവും കരുണാകരന്റെ നാവിന്‌ വ്യായാമം നല്‍കുക എന്ന സദുദ്ദേശ്യത്തോടുകൂടി യുള്ളതായിരുന്നു. രാജ്യസഭാ സീറ്റിനെചൊല്ലിയായിരുന്നു പിന്നെത്തെ തര്‍ക്കം. എന്തുവന്നാലും ഐ ഗ്രൂപ്പിന്‌ കൊടുക്കില്ലെന്ന്‌ മറ്റുള്ളവര്‍. കാസര്‍ക്കോടുനിന്നും മീശ കറുപ്പിച്ച കോടോത്ത്‌ ഗോവന്ദന്‍ എന്നൊരു നായരെ ഇറക്കുമതി ചെയ്‌ത്‌ കരുണാകരന്‍ റിബല്‍ സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ചു. എപ്പോള്‍ തോറ്റെന്നു ചോദിച്ചാല്‍ മതി. ഐ ഗ്രൂപ്പെന്നാല്‍ അഛനും മകനും നാലഞ്ചു ശിങ്കിടികളുമാണെന്ന്‌ തെളിയിച്ചുകൊടുത്തു ആ തിരഞ്ഞെടുപ്പ്‌. തൊട്ടുപിന്നാലെ വന്ന എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായ സെബാസ്റ്റ്യന്‍ പോളിന്‌ കൂറുപ്രഖ്യാപിച്ച്‌ പരസ്യമായി കോണ്‍ഗ്രസ്സ്‌ നേതൃത്വത്തിനെതിരെ ഐ ഗ്രൂപ്പുകാര്‍ രംഗത്തുവന്നു. മകനെയും മകളെയും വച്ചുള്ള ഒരഛന്റെ നാണം കെട്ട രാഷ്‌ട്രീയ കളിയായി മാറി എറണാകുളം ഉപതിരഞ്ഞെടുപ്പ്‌. ഔദ്യോഗിക കോണ്‍ഗ്രസ്സ്‌ എന്നും കരുണാകരന്‍ കോണ്‍ഗ്രസ്സ്‌ എന്നുമൊക്കെയുള്ള വേര്‍തിരിവുകള്‍ അപ്പോളേക്കും ശക്തമായിരുന്നു. പോരുമൂത്ത്‌ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാന്‍ കരുണാകരന്‍ തീരുമാനിച്ചു. തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ ചേര്‍ന്ന പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപന സമ്മേളനത്തെ പാരവച്ചത്‌ മുരളീധരന്‍ തന്നെയാണ്‌. അഛന്റെയല്ലേ മോന്‍. ആന്റണി ഒരു മന്ത്രിസ്ഥാനം വച്ചു നീട്ടിയാല്‍ പോകാതിരിക്കുമോ? ആ സമ്മേളനത്തോടെ എട്ടു പേര്‍ ചോര്‍ന്നുപോയി. അതോടെ കരുണാകരഗ്രൂപ്പിന്റെ അംഗബലം രണ്ടു മന്ത്രിമാരടക്കം പതിനാറുപേര്‍ എന്നായി.

കരുണാകരന്റേയും മക്കളുടേയും അധോഗതി തുടങ്ങിയത്‌ മുരളിക്കുവേണ്ടി നടത്തിയ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിലും ഒപ്പം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലുമായിരുന്നു. മുരളി മാത്രമല്ല മുകുന്ദപുരത്തുനിന്നും ലോക്‌സഭയിലേക്ക്‌ മത്സരിച്ച പത്മജയക്കം എല്ലാ യു ഡി എഫുകാരും തോറ്റു. ഈ തിരഞ്ഞെടുപ്പോടെയാണ്‌ ഡി ഐ സി എന്ന ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടത്‌ കരുണാകരന്റെയും മക്കളുടെയും നിലനില്‍പ്പിന്‌ ആവശ്യമായി തീര്‍ന്നത്‌. അങ്ങനെ ഒരു തൊഴിലാളി ദിനത്തില്‍ തൃശൂരില്‍ ഡി ഐ സി എന്ന കരു-മുരു കോണ്‍ഗ്രസ്‌ പിറന്നു. അപ്പോപ്പോഴേക്കും കരുണാകരന്റെ പാര്‍ട്ടി ബലം 9 എം എല്‍ എമാരായി ചുരുങ്ങിയിരുന്നു. എന്നിട്ടും എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, ടൈം ബോംബ്‌, എ കെ 47.... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബദ്ധവൈരികളായിരുന്നു ഇടതുപക്ഷത്തിനൊപ്പം നിന്നു മത്സരിച്ചു. തിരുവനന്തപുരത്ത്‌ ഉപതിരഞ്ഞെടുപ്പില്‍ പന്ന്യനുവേണ്ടി വോട്ടു പിടിച്ചു. കരുണാകരന്‍ എന്ന രാഷ്‌്രകീയക്കാരന്‍ എത്രത്തോളം അധപ്പതിക്കാമോ അതൊക്കെ ചെയ്‌തു. എന്നിട്ടും ആ നന്ദി ഇടതുമുന്നണിക്കാര്‍ കാണിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത്‌ വെളിയത്തിന്റെയും ചന്ദചൂഡന്റെയുമൊക്കെ രൂപത്തില്‍ അനിവാര്യമായത്‌ സംഭവിച്ചു. കരുണാകരന്‍ പടിക്കു പുറത്ത്‌. അപാരതൊലിക്കട്ടിയുള്ള കരുണാകരനും മുരളീധരനും യു ഡി എഫിനൊപ്പം പറ്റിപ്പിടിച്ചു മത്സരിച്ചു. ഫലം നട്ടെല്ലുണ്ടെന്ന്‌ അഹങ്കരിച്ച മുരളി സ്വന്തം തട്ടകത്തില്‍ കൊടുവള്ളി തട്ടിത്തടഞ്ഞുവീണു. ഡി ഐ സിയുടെ ഒരു തോമസ്‌ ചാണ്ടി മാത്രം തന്റേതല്ലാത്ത കാരണത്താല്‍ കുട്ടനാട്ടില്‍ ജയിച്ചു. പത്മജയുടെ ലിപ്‌സ്റ്റിക്കിട്ട്‌ ചുവപ്പിച്ച ചുണ്ടുകള്‍ ഒരു ചാനലിനും വേണ്ടാതായി. ഇന്ദിരാ കോണ്‍ഗ്രസ്സിന്‌ രാശി പോരെന്ന്‌ കരുണാകരന്‍ മനസ്സിലാക്കി.

ഒരു മുന്നണിയിലും വേണ്ടാതെ എത്രകാലം ഇങ്ങനെ നടക്കും. ഇന്ദിരയെ തള്ളിപ്പറഞ്ഞ പവാറിന്റെ വരവും ലയനപ്രഖ്യാനവും കരുണാകരനുവേണ്ടി മുണ്ടുമടക്കിക്കുത്തി കുറുവടിയെടുത്തിറങ്ങിയ ശങ്കരന്‍ പോലും അറിഞ്ഞില്ല. പെട്ടെന്നാണ്‌ സോണിയക്കും ഇന്ദിരക്കും ശേഷം മറ്റൊരു ഗാന്ധി കരുണാകരന്റെ നാവിന്‍തുമ്പത്തുനിന്ന്‌ അടര്‍ന്നു വീണത്‌. ഇതുവരെ അവശിഷ്ട കോണ്‍ഗ്രസ്സെന്നും ഉമ്മന്‍ കോണ്‍ഗ്രസ്സെന്നും അലൂമിനിയം കോണ്‍ഗ്രസ്സെന്നും ഒക്കെ പറഞ്ഞു നടന്ന കരുണാകരന്‍ ഓ സി യെന്നു താന്‍ ഓമനപ്പേരിട്ടു വിളിക്കുന്നത്‌ ഒറിജിനല്‍ കോണ്‍ഗ്രസ്സാണെന്നു തട്ടിവിട്ടു. ഔദ്യോഗിക കോണ്‍ഗ്രസ്സ്‌ എന്ന ഒരു സാധനം ഭൂലോകത്ത്‌ ഉണ്ടെന്ന്‌ സമ്മതിച്ചു ലീഡര്‍. ഇത്രയും കാലം പറ്റിയ അപകടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാകണം അദ്ദേഹം ഒരു ഗ്രൂപ്പിലുമില്ലാത്ത മഹാത്മാ ഗാന്ധിയെ തന്നെ തിരഞ്ഞെടുത്തത്‌. കോഴിക്കോട്‌ മുരളീധരന്റെ വസതിയില്‍ വച്ചു പവാറുമായി നടത്തിയ കൂടിക്കാഴ്‌ചക്കുശേഷം കരുണാകരന്‍ അടിച്ചുവിട്ടത്‌ മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങള്‍ മാനിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ഒന്നിക്കണമെന്ന ലക്ഷ്യത്തോടെയാണ്‌ ഡി ഐ സി യെന്ന തന്റെ പാര്‍ട്ടി എന്‍ സി പിയില്‍ ലയിക്കുന്നത്‌ എന്നായിരുന്നു. കൂടെ പവാറിന്‌ പലരോടും ആലോചിക്കാന്‍ കാണും എന്നാല്‍ കരുണാകരന്‌ ഡി ഐ സി ലയിക്കുന്നതിനേക്കുറിച്ച്‌ ആരോടും ആലോചിക്കാനില്ല എന്ന വീരവാദവും. പോരെ പൂരം. പിന്നീടെല്ലാം ഒരു ഇടിപ്പടത്തിന്റെ ക്ലൈമാക്‌സുപോലെ പെട്ടെന്നു തീര്‍ന്നു. ശോഭനാ ജോര്‍ജ്ജും സരളാദേവിയും ബാലറാമും ശങ്കരനുമടങ്ങുന്ന സംഘം ചിലര്‍ കണ്ണീര്‍ പൊഴിച്ചും ചിലര്‍ അല്ലാതെയും കോണ്‍ഗ്രസ്സിലേക്കു മടങ്ങിയതോടെ ഡി ഐ സിയെന്നാല്‍ അഛനും മകനും ഒന്നിനും കൊള്ളാത്ത എം പി ഗംഗാധരനും മറ്റുചിലരുമെന്നായി. ഒടുവില്‍ എന്‍ സി പി ലയനം. പാപി ചെന്നടം പാതാളം.. എന്തുപറയാന്‍. എന്‍ സി പി ഇടതുമുന്നണിയില്‍ നിന്ന്‌ പുറത്ത്‌. കേരളത്തില്‍ കരുണാകരനെന്നു പേരുള്ള നേതാവും മക്കളും ജീവിച്ചിരിപ്പുണ്ടോ എന്നു പോലും നാട്ടുകാര്‍ക്കറിയില്ല എന്ന ഗതിയായി. രാജനെന്ന കോഴിക്കോട്‌ ആര്‍ ഇ സി വിദ്യാര്‍ത്ഥിയെ ഇല്ലാതാക്കിയ കരുണാകരന്‍, ടി വി ഈച്ചരവാര്യരുടെ കണ്ണീര്‍ വീഴ്‌ത്തിയ കരുണാകരന്‍ സ്വന്തം മകനാല്‍ തന്നെ ഒന്നുമല്ലാത്തവനായി രാഷ്‌ട്രീയത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ തെണ്ടി നടന്നു. കരുണാകരനേക്കാള്‍ ചെറിയവര്‍ ഇന്ത്യയില്‍ രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയുമായത്‌ കണ്ടുകൊണ്ട്‌. തന്റെ മുന്നില്‍ ഒന്നുമല്ലാതിരുന്ന ശങ്കരനാരായണന്‍ വരെ ഗവര്‍ണറായി. ഇതെല്ലാം കരുണാകരന്‍ എന്ന വൃദ്ധനായ രാഷ്‌ട്രീയക്കാരനെ ഇരുത്തിച്ചിന്തിപ്പിച്ചിരിക്കണം. അതുതന്നെയാവും മകനെ വിട്ട്‌ കോണ്‍ഗ്രസ്സിലേക്ക്‌ മടങ്ങാനുള്ള നീക്കത്തിനുപിന്നിലും. കരുണാകരനും മകനും കാരണം ഒറ്റ ലോക്‌സഭാ സീറ്റു പോലും കിട്ടാതിരുന്ന, ഉറച്ച സീറ്റുകള്‍ പോലും നഷ്‌ടപ്പെട്ടതില്‍ വേദനിക്കുന്ന മദാമ്മാഗാന്ധി കാണ്‍ഗ്രസ്സില്‍ ഇനി കരുണാകരനെ അടുപ്പിക്കുമോ എന്ന കാര്യം കാത്തിരുന്ന്‌ കാണാം.

............................................................................................. (പുഴ. കോം)

Tuesday, October 09, 2007

ടീം കോണ്‍ഗ്രസ്സ്‌

രുത്തം വന്ന സീനിയര്‍ കളിക്കാരെ അപ്രസക്തരാക്കി പ്രഥമ ട്വന്റി ട്വന്റി വേള്‍ഡ്‌ കപ്പ്‌ അടിച്ചെടുത്ത മഹീന്ദ്രസിംഗ്‌ ധോണിയുടെ അത്ര അക്രമണകാരിയല്ലെങ്കിലും രാഹുലും യുവാവാണ്‌. ഐ ടിയടക്കമുള്ള പുത്തന്‍ സാങ്കേതിക മേഖലകളെയും ക്രിക്കറ്റിനെയും സാഹസിക വിനോദങ്ങളെയും സ്‌നേഹിക്കുന്ന യുവാവ്‌. രാജീവിനു ശേഷം ഗാന്ധിപുത്രന്മാര്‍ നേതൃത്വത്തിലില്ലാതെ പതിനാറു വര്‍ഷം പിന്നിട്ട കോണ്‍ഗ്രസ്സില്‍ രാജീവിന്റെ പ്രതിരൂപമായ രാഹുലിനെ ധോണിയോട്‌ ഉപമിച്ചുവെങ്കില്‍ പ്രായവും പാരമ്പര്യവുമുള്ള കോണ്‍ഗ്രസ്സുകാര്‍ക്ക്‌ അതൊരു താക്കീതാണ്‌. വരുന്ന തിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ നടത്തിയ അഴിച്ചു പണിയില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയായയും പ്രവര്‍ത്തക സമിതി അംഗമായും രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തത്‌ ഇനിയങ്ങോട്ട്‌ രാഹുലിന്റെ ടീമിന്റെ കാലഘട്ടമാണെന്ന വ്യക്തമായ സൂചനയാണ്‌ നല്‍കുന്നത്‌. രാജീവ്‌ ഗാന്ധിയുടെ മരണ ശേഷം രാഹുലിനെ നേതൃത്വത്തിലെത്തിക്കാനുള്ള വ്യക്തമായ തിരക്കഥയുടെ അവസാന രംഗത്തിനും തിരശ്ശീല വീണു കഴിഞ്ഞു.

രാജീവും കൂട്ടുകാരും ചേര്‍ന്ന്‌ ഭരിച്ച ആ പഴയ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന പുനസ്സംഘടനയാണ്‌ ഇത്തവണത്തേത്‌. രാഹുലിനൊപ്പം ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്‌, സന്ദീപ്‌ ദീക്ഷിത്‌ തുടങ്ങിയ ഒരു പുതിയ ടീമിനെ തന്നെ തന്നെ കോണ്‍ഗ്രസ്‌ കളത്തിലിറക്കിക്കഴിഞ്ഞു. മക്കള്‍ രാഷ്‌ട്രീയത്തിന്റെ പുതിയ കണ്ണികളെന്നതിലുപരി രാജീവിന്റെ അറിയപ്പെടുന്ന കൂട്ടുകാരുടെ മക്കള്‍ കൂടിയാണ്‌ ഇവരെന്നത്‌്‌ ശ്രദ്ധേയമാണ്‌. രാജീവ്‌ ഗാന്ധിയുടെ സന്തതസഹചാരിയും ഉറ്റ സുഹൃത്തുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ്‌ ജ്യോതിരാദിത്യ സിന്ധ്യ. പോരാത്തതിന്‌ രാഹുലും ജോതിരാദിത്യ സിന്ധ്യയും ബാല്യകാല സുഹൃത്തുക്കളും രണ്ടു വര്‍ഷം ഡൂണ്‍ സ്‌കൂളില്‍ ഒരേ മുറിയില്‍ കഴിഞ്ഞവരുമാണ്‌. രാജീവ്‌ - മാധവറാവു സിന്ധ്യ കൂട്ടുകെട്ടിനെ, രാഹുല്‍ - ജ്യോതിരാദിത്യ കൂട്ടുകെട്ടില്‍ കാണാം. രാജേഷ്‌ പൈലറ്റിന്റെ മകനായ സച്ചിന്‍ പൈലറ്റും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ മകനായ സന്ദീപ്‌ ദീക്ഷിത്തുമടങ്ങുന്നതാണ്‌ രാഹുലിന്റെ പുതിയ ടീം കോണ്‍ഗ്രസ്സ്‌. ഈ പുതിയ ടീമിന്റെ കൈയിലാണ്‌ കോണ്‍ഗ്രസ്സിന്റെ യുവജന സംഘനകളുടെ നേതൃത്വം സോണിയ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്‌.

അടുത്ത തിരഞ്ഞെടുപ്പുകാലമാകുമ്പോള്‍ ഇന്ത്യയില്‍ നാല്‍പതു വയസ്സിനു താഴെയുള്ള ഇന്ത്യന്‍ വോട്ടര്‍മാരുടെ എണ്ണം മുപ്പതു കോടി കവിയും. അപ്പോഴേക്കും ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ ഒരു ഗാന്ധിയില്ലാതായിട്ട്‌ ഇരുപത്‌ വര്‍ഷം തികയും. കാലമെത്ര പുരോഗമിച്ചാലും ഗാന്ധി കുടുംബത്തോടുള്ള അണികളുടെ ആരാധനയും നല്ലാരു പങ്ക്‌ ഭാരതീയരുടെ മമതയും കുറയില്ലെന്ന്‌ സോണിയക്ക്‌ നന്നായി അറിയാം. രാഹുലിനെ ഭാവി പ്രധാനമന്ത്രിയായി വാഴ്‌ത്തിയാല്‍ പെട്ടിയില്‍ വോട്ടു വീഴുമെന്ന്‌ ഉറപ്പ്‌. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന യുവാക്കള്‍ക്കൊപ്പം പരമ്പരാഗത വോട്ടുകളും സ്വന്തമാക്കാം. ശരിക്കും ഒരു വെടിക്ക്‌ രണ്ട്‌ പക്ഷി.

ഒരു ഗാന്ധികുടുംബക്കാരനെന്നതിലും ഒരു മുന്‍ പ്രധാനമന്ത്രിയുടെ മകനെന്നതിലുമുപരി ഇന്ത്യന്‍ രാഷ്‌ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത രാഹുല്‍ രാഷ്‌ട്രീയം പഠിച്ചു തുടങ്ങിയിട്ട്‌ അധികമായില്ല. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പരിചയവും ജ്ഞാനവും കഴിഞ്ഞ യു പി തിരഞ്ഞെടുപ്പില്‍ നാം കണ്ടതാണ്‌. നെഹറു കുടുംബമാണ്‌ ഇന്ത്യ ഭരിച്ചിരുന്നെങ്കില്‍ ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെടുകയില്ലായിരുന്നുവെന്നും പാകിസ്‌താന്‍ വിഭജിച്ച്‌ ബംഗ്ലാദേശ്‌ ഉണ്ടാക്കിക്കൊടുത്തത്‌ നെഹറു കുടുംബമാണെന്നുമുള്ള പ്രസംഗങ്ങള്‍ കോണ്‍ഗ്രസ്സിന്‌ ചില്ലറ തലവേദനയല്ല സൃഷ്‌ടിച്ചത്‌. യു പി യില്‍ രാഹുലിന്റെ പ്രകടനം ഫ്‌ളോപ്പായിട്ടുപോലും രാഹുലിനെ അടുത്ത പ്രധാനമന്ത്രിസ്ഥാനത്തേക്ക്‌ എണ്ണപ്പെട്ടു കഴിഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ രംഗപ്രവേശം തീര്‍ത്തും ആസൂത്രിതമായിരുന്നു. രാഹുലില്‍ ഒരു പുതിയ രാജീവിനെ തന്നെ പുനരവതരിപ്പിക്കുകയായിരുന്നു. രാജീവ്‌ ഗാന്ധിയുടെ ഇഷ്‌ട വേഷമായ കുര്‍ത്തയും പൗജാമയും തന്റെ രാഷ്‌ട്രീയ വേഷമായി സ്വീകരിക്കുന്നതു മുതല്‍ സഹചാരികളെ തിരഞ്ഞെടുക്കുന്നതില്‍ വരെ അഛന്റെ പ്രതിഛായ വരുത്താന്‍ സോണിയയും കോണ്‍ഗ്രസ്‌ നേതൃത്വവും ശ്രമിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത്‌ രാഹുലിന്റ രാഷ്‌ട്രീയ അരങ്ങറ്റത്തിനു മുന്നോടിയായി അമേത്തിയില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുലിന്റെ പുഞ്ചിരിയിലും ഇരട്ടത്താടിയിലും പ്രിയങ്ക രാജീവിന്റെ രൂപസാദൃശ്യം അണികള്‍ക്ക്‌ കാണിച്ചു കൊടുക്കുകയും ചെയ്‌തു. ഗാന്ധി കുടുംബത്തിലെ ഒരംഗം രാഷ്‌ട്രീയത്തില്‍ പ്രവേശിക്കേണ്ട കൃത്യ സമയത്തു തന്നെയാണ്‌ രാഹുലും എത്തിയിരിക്കുന്നത്‌. മുപ്പതിനും നാല്‌പത്തിരണ്ടിനുമിടയിലാണ്‌ രാഹുലിനു മുന്നിലെ അഞ്ചു തലമുറയിലെ ബഹുഭൂരിഭാഗവും കോണ്‍ഗ്രസ്സിന്റെ മുന്നണിപ്പോരാളികളായത്‌. രാജീവ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നത്‌ മുപ്പത്തിയേഴാമത്തെ വയസ്സില്‍. രാഹുല്‍ മുപ്പത്തിനാലാമത്തെ വയസ്സിലും. മുപ്പത്തിയേഴാമത്തെ വയസ്സിലിപ്പോള്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായിരിക്കുന്നു. കോണ്‍ഗ്രസ്സിലേയും ഇടതുപക്ഷത്തേയും പ്രമുഖ നേതാക്കളുമായി തട്ടിച്ചു നോക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അവരുമായി മത്സരിക്കുന്ന ട്രാക്ക്‌ റെക്കോര്‍ഡാണ്‌ രാഹുലിനുള്ളത്‌. രാജീവിനേപ്പോലെ ഡൂണ്‍സ്‌കൂളില്‍ വിദ്യാഭ്യാസം ഹാര്‍ഡ്‌വാര്‍ഡില്‍ നിന്നും എക്കണോമിക്‌സില്‍ ബിരുദം കേംബ്രിഡ്‌ജ്‌ ട്രിനിറ്റിയില്‍ നിന്ന്‌ ഡെവലപ്പ്‌മെന്റ്‌ സ്റ്റഡീസില്‍ എം ഫില്‍. പിന്നെ ഡെല്‍ഹിയിലെ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജിലെ പഠനം. അഛന്‍ രാജീവിനെപ്പോലെ പൈലറ്റ്‌ ലൈസന്‍സുമുണ്ട്‌. എന്തുകൊണ്ടും രാജീവ്‌ ഗാന്ധി, മാധവ റാവു സിന്ധ്യ ശ്രേണിയിലേക്കിണങ്ങുന്ന പിന്‍മുറക്കാരന്‍.

ഹാര്‍വാര്‍ഡിലും കേംബ്രിഡ്‌ജിലെയും പഠിത്തം കഴിഞ്ഞ്‌ 1989 ലാണ്‌ രാഷ്‌ട്രീയ പ്രചാരണത്തിനായി രാഹുല്‍ ഡല്‍ഹിയിലെത്തുന്നത്‌. പ്രസംഗവേദിയില്‍ ഉറക്കെ പ്രസംഗിച്ച്‌ അണികളെ കൈയിലെടുക്കാനുള്ള പാടവമൊന്നും രാഹുലിനില്ലായിരുന്നു. അതുകൊണ്ടു തന്നെ നുണക്കുഴി കാട്ടിയയുള്ള ചിരിയിലൊതുങ്ങി ആദ്യകാല രാഷ്‌ട്രീയ ജീവിതം. എങ്കിലും ഒരു വലിയ കേള്‍വിക്കാരെ സൃഷ്‌ടിക്കാന്‍ രാഹുലിനു കഴിഞ്ഞിരുന്നു. ലണ്ടനില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായിരുന്ന രാഹുല്‍ 2002 ലാണ്‌ ഡല്‍ഹിയിലേക്ക്‌ താമസം മാറ്റുന്നത്‌. തൊട്ടടുത്ത വര്‍ഷം തന്നെ സേവാദള്‍ അധ്യക്ഷനാക്കി രാഹുലിനെ മുഴുവന്‍ സമയ രാഷ്‌ട്രീയത്തിലിറക്കാന്‍ സോണിയക്കുമേല്‍ സമ്മര്‍ദ്ദം വന്നെങ്കിലും രാഹുല്‍ നിരസിച്ചു. 2004 ജനുവരിയില്‍ പ്രിയങ്കയുമൊത്ത്‌ അമേത്തിയില്‍ പ്രചാരണത്തിനിറങ്ങിയതോടെ രാഹുലിന്റെ രാഷ്‌ട്രീയ രംഗപ്രവേശനം ഉറപ്പായി. 2004 മാര്‍ച്ച്‌ 21 ന്‌ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ്സിലെ രാഹുല്‍ എപ്പിസോഡിന്‌ ഒദ്യോഗിക തുടക്കമായെന്നു പറയാം. എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനം അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നയിക്കുന്നതിനുള്ള പരിശീലനമായി വേണം കണക്കാക്കാന്‍.

രാജീവ്‌ ഗാന്ധിയുടെ കാലഘട്ടം ഇന്ത്യയുടെ സാമ്പത്തിക വിപ്ലവത്തിന്റെ തുടക്കമായാണ്‌ കണക്കാക്കപ്പെടുന്നത്‌. അദ്ദേഹം തുടങ്ങിവച്ച വികസനമാതൃകയാണ്‌ പി വി നരസിംഹറാവുവിലൂടെയും മന്‍മോഹന്‍സിംഗിലൂടെയും കോണ്‍ഗ്രസ്സ്‌ പിന്‍തുടര്‍ന്നത്‌. ഈ വിപ്ലവത്തിന്‌ രാഹുലിലൂടെ ഒരു ഹൈ ടെക്ക്‌ മുഖം നല്‍കുക എന്ന ലക്ഷ്യമാണ്‌ കോണ്‍ഗ്രസ്സിന്‌ മുന്നിലുള്ളത്‌. ഹൈടെക്ക്‌ പ്രേമിയും പുതിയ കാലത്തെ മാനേജ്‌ മെന്റ്‌ രീതിക്കൊത്ത്‌ വളര്‍ന്നവനുമായ രാജീവിന്‌ അതിന്‌ കഴിയുമെന്ന്‌ രാജ്യത്തെ പുതിയ തലമുറക്ക്‌ മനസ്സിലാക്കിക്കൊടുക്കയാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസ്സ്‌ നേതൃത്വത്തിന്റെ ദൗത്യം. പുതിയ രാഹുല്‍ തന്ത്രം ഫലിച്ചാല്‍ പുതിയ കാലത്തെ പഴഞ്ചന്‍ രാഷ്‌ട്രീയ ചിന്താഗതിയോട്‌ മുഖം തിരിഞ്ഞു നില്‍ക്കുന്ന യുവാക്കളുടെ വോട്ട്‌ നേടാനും കോണ്‍ഗ്രസ്സിനാകും. രാഹുലിന്റെ ഹൈടെക്ക്‌ തന്ത്രമായിരിക്കും വരും വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ ഭാവി നിശ്ചയിക്കുക. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ നെഹറുവും ഇന്ദിരയും, ഇന്ദിരയും സഞ്‌ജയും, ഇന്ദിരയും രാജീവും എന്ന ദ്വന്ത്വങ്ങള്‍ പോലെ സോണിയയും രാഹുലും എന്ന പുതിയ കൂട്ടുകെട്ടിന്റെ നാളുകളാണ്‌ ഇനി വരാനുള്ളത്‌. ഒപ്പം പ്രിയങ്കയും ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വധേരയുമുണ്ടാകും ഉപദേശക റോളുകളില്‍. ഇനി രാഹുലിന്റെ ടീം കോണ്‍ഗ്രസ്സിന്റെ പെര്‍ഫോമന്‍സാണ്‌ വിലയിരുത്തേണ്ടത്‌.

............................................................................................. (പുഴ. കോം)


Thursday, September 20, 2007

തകര്‍ച്ച നേരിടുന്ന കേരളാ മോഡല്‍

സാമൂഹ്യ ജീവിതത്തിലായാലും ഭൂപ്രകൃതിയുടെ കാര്യത്തിലായാലും ദൈവത്തിന്റെ സ്വന്തം നാടാണ്‌ കേരളമെന്നാണ്‌ വര്‍ഷങ്ങളായി നമ്മള്‍ മേനി പറയുന്നത്‌. ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ മേഖലകളില്‍ നമ്മള്‍ നേടിയ പുരോഗതി ലോകത്തിനുമുന്നില്‍ ഒരു മാതൃകയാക്കി അവതരിപ്പിക്കപ്പെട്ടു, അതിനെ കേരളാ മോഡല്‍ എന്ന്‌ ഓമനപ്പേരിട്ടു വിളിച്ചു. പുതിയ കാലത്തെ ഉപഭോഗ സംസ്‌കാരവുമായി പൊരുത്തപ്പെട്ടുവരുന്ന നമ്മള്‍ മൊത്തം ചിലവിന്റെ നല്ലൊരു പങ്കും ഇപ്പോഴും സാമൂഹികവികസനത്തിനാണ്‌ ചിലവഴിക്കുന്നത്‌. എന്നാല്‍ ജീവിതനിലവാരത്തില്‍ അമേരിക്കയോട്‌ കിടപിടിക്കുന്നുവെങ്കിലും ജനജീവിതം ഇപ്പോഴും പ്രതിസന്ധികള്‍ക്കിടയിലാണ്‌. അടിസ്ഥാന വികസനവും പൊതു നന്മയും ലക്ഷ്യമമാക്കി മുന്നോട്ടു നീങ്ങിയ ആ പഴയകാലത്തിന്റെ പേരില്‍ ഇപ്പോള്‍ ഊറ്റം കൊള്ളുന്നത്‌ വിഢിത്തമാണെന്നാണ്‌ ഈയടുത്തകാലത്ത്‌ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

കേരളാ മോഡല്‍ നമുക്കു സമ്മാനിച്ചത്‌ ഉയര്‍ന്ന ആരോഗ്യവും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസവും സാമൂഹിക സുരക്ഷിതത്വവുമാണ്‌. മലയാളിയുടെ ശരാശരി ആയുസ്സ്‌ 74 വയസ്സായി വര്‍ദ്ധിപ്പിക്കാന്‍ നമുക്കു കഴിഞ്ഞു, അതായത്‌ ദേശീയ ശരാശരിയേക്കാള്‍ 11 വയസ്സ്‌ കൂടുതല്‍, അമേരിക്കക്കാരുടെ ശരാശരി ആയുസ്സിന്റെ തൊട്ടടുത്ത്‌ (77). സാക്ഷരതാ നിരക്ക്‌ 91 ശതമാനം, ദേശീയ ശരാശരിയേക്കാള്‍ 26 ശതമാനം (അമേരിക്കയുടേത്‌ 99 ശതമാനം). ഒരു ഇന്ത്യന്‍ സംസ്ഥാനം ചെലവിടുന്ന ശരാശരിയേക്കാള്‍ 36 ശതമാനം കൂടുതലാണ്‌ വിദ്യാഭ്യാസത്തിനുവേണ്ടി കേരളം ചെലവിടുന്നത്‌, ആരോഗ്യ രക്ഷക്കുവേണ്ടി 46 ശതമാനവും. പാവപ്പെട്ടവരുടെകാര്യത്തിലാണെങ്കിലും സര്‍ക്കാര്‍ ഇടപെട്ടാല്‍ ജീവിത നിലവാരം മെച്ചപ്പെടുത്താനാവുമെന്ന്‌ പ്ലാനിംഗ്‌ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ പ്രഭാത്‌ പട്‌ നായിക്ക്‌ പറയുന്നു. വളര്‍ച്ചാനിരക്കുകളുമായി ബന്ധപ്പെട്ടതല്ല കേരളീയരുടെ ജീവിത നിലവാരം. ''ജനിച്ച അതേ വര്‍ഷം ശിശുക്കള്‍ മരിക്കുന്നില്ല, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏതാണ്ട്‌ ഒരേ ജീവിത സാഹചര്യം, അവര്‍ക്ക്‌ തുല്യമായ വിദ്യാഭ്യാസം ലഭിക്കുന്നു, ഉയര്‍ന്ന ആയുസ്സും, വികസിത രാജ്യങ്ങളിലെവിടെയും കാണാത്ത പ്രത്യേകതയാണിത്‌'' മൗണ്ട്‌ ക്ലെയര്‍ സര്‍വ്വകലാശാലയിലെ നരവംശ ശാസ്‌ത്രജ്ഞന്‍ റിച്ചാര്‍ഡ്‌ ഫ്രാങ്കി സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭൂപരിഷ്‌കരണം നടത്തി പാവപ്പെട്ടവര്‍ക്ക്‌ ഭൂമി നല്‍കിയതും ഇത്രയേറെ ആശുപത്രികളും വിദ്യാലയങ്ങളും നടത്തുന്നതും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്‌. കേരളാ മോഡല്‍ വികസന മാതൃകയെപ്പറ്റിയുള്ള വിവരണങ്ങള്‍ക്കു മാത്രം ഇന്നും ഒരു കുറവും സംഭവിച്ചിട്ടില്ല.

പക്ഷേ കേരളാ മോഡല്‍ പുസ്‌തകങ്ങളിലൊതുങ്ങുന്നുവെന്നാണ്‌ സമീപകാലം യാഥാര്‍ത്ഥ്യം. കേരളാമോഡലിലൂടെ നേടിയെടുത്ത വിദ്യാസമ്പന്നര്‍ നമുക്ക്‌ താങ്ങാവുന്നതിലുമപ്പുറമാണെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും വലിയ തൊഴില്‍ ദാദാക്കളായ സര്‍ക്കാരിനു തന്നെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലി നല്‍കാന്‍ കഴിയുന്നില്ല. പ്രധാന തൊഴില്‍ ദാതാക്കളായി വളര്‍ന്നു വരുന്ന ഐ ടി അനുബന്ധ മേഖലയുടെ മുഖ്യപങ്കും സ്വകാര്യമേഖലയിലാണ്‌. വളരുന്ന നാടിനൊപ്പം സഞ്ചരിക്കാനാകാതെ സര്‍ക്കാര്‍ വീര്‍പ്പു മുട്ടുന്നു. സ്‌മാര്‍ട്ട്‌ സിറ്റിക്കും ടെക്‌നോ പാക്കുകള്‍ക്കും താങ്ങാനാവാത്ത ഐ ടി വിദഗ്‌ദരെയാണ്‌ കേരളം പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്‌. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ പോലും ചെലവിടാന്‍ പണമില്ലാതെ സ്വകാര്യ മേഖലക്ക്‌ ഇഷ്‌ടദാനം ചെയ്യുന്നു. യൂണിയന്‍ പ്രവര്‍ത്തനവും അനാവശ്യ സമരങ്ങളും സൃഷ്‌ടിച്ച മന്ദത തൊഴില്‍ മേഖലയില്‍ മാറി വരുന്നതേയുള്ളൂ. തൊഴിലറിയാവുന്നവര്‍ ഇഷ്‌ടം പോലെ, തൊഴിലിലിനു മാത്രം ക്ഷാമം, അതാണ്‌ ഇന്നത്ത കേരളത്തിലെ അവസ്ഥ. അതു തന്നെയാണ്‌ നല്ലൊരു ശതമാനം പേരെയും പ്രവാസികളാക്കി മാറ്റിയത്‌. സാമൂഹ്യ സാമ്പത്തിക മണ്‌ഡലങ്ങളില്‍ അതു സൃഷ്‌ടിച്ച മാറ്റം എടുത്തു പറയേണ്ടതാണ്‌.

കേരളത്തിന്റെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തിയതിനു പിന്നില്‍ വിദേശമലയാളികളുടെ പങ്ക്‌ ചെറുതല്ല. പ്രത്യേകിച്ചും ഗള്‍ഫ്‌മലയാളികളുടെ. കേരളത്തെ രണ്ടാക്കി വിഭജിച്ചാല്‍ വടക്ക്‌ മലബാറിലെ സാമ്പത്തിക അടിത്തറ ഗള്‍ഫ്‌ പണമാണെന്നും തെക്ക്‌ തിരുവിതാംകൂറിന്റെ മുഖ്യ സാമ്പത്തിക അടിത്തറ യൂറോപ്പ്‌ അമേരിക്കന്‍ പണമാണെന്നും പറയാം. പക്ഷേ സാമ്പത്തികമായി വളര്‍ച്ച പ്രാപിച്ചു എന്നു പറയുന്നുണ്ടെങ്കിലും സാമൂഹികമായി നമ്മള്‍ പിന്നോട്ടു പോകുകയാണെന്നും അങ്ങനെ കേരളമോഡല്‍ തകര്‍ച്ച നേരിടുകയുമാണെന്നുമാണ്‌ ഈയിടെ ന്യൂയോര്‍ക്ക്‌ ടൈംസ്‌ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌. സര്‍ക്കാരുദ്യോഗം എന്ന ലക്ഷ്യത്തില്‍ നിന്നും യുവതലമുറ മാറിച്ചിന്തിച്ചു തുടങ്ങിയിട്ട്‌ അധിക നാളായില്ല. പക്ഷേ തൊഴില്‍ തേടിയുള്ള യാത്ര നല്ല വിദ്യാഭ്യാസം ലഭിച്ചവരെയും ഏതു തൊഴിലും ചെയ്യിക്കുന്ന അവസ്ഥയിലേക്ക്‌ തള്ളിവിട്ടു. ഗള്‍ഫ്‌ നാടുകളിലെ മരുഭൂമിയില്‍ മണിക്കൂറിന്‌ വെറും ഒരു ഡോളറിനുവരെ ജോലി ചെയ്യേണ്ട ഗതികേട്‌ മലയാളിക്കുണ്ടായത്‌ ഇങ്ങനെയാണ്‌. കേരളത്തിലെ ഏതാണ്ട്‌ മൂന്നിലൊരു കുടുംബവും ജീവിച്ചുപോകുന്നത്‌ വിദേശസമ്പത്തിന്റെ ബലത്തിലാണ്‌.

പട്ടിണികിടന്നു മരിച്ചാലും ജനങ്ങള്‍ മറുനാടുകളിലേക്ക്‌ പലായനം ചെയ്യില്ല, കേരളാമോഡല്‍ വായിക്കാന്‍ കൊള്ളാം പക്ഷേ നടപ്പില്‍ വരുത്താന്‍ കഴിയില്ല , സി ഡി എസിലെ ഡെമോഗ്രാഫര്‍ ഇരുദയ രാജന്‍ പറയുന്നു. ഇത്തരം വിദേശ പണം അടിസ്ഥാനമായുള്ള സമ്പദ്‌ വ്യവസ്ഥ ജനജീവിതത്തെ നയിക്കുന്നുത്‌ മറ്റൊരു ദിശയിലാണ്‌. സാമൂഹ്യ ആരോഗ്യ വിദ്യാഭ്യാസ മണ്‌ഡലങ്ങളിലെ സമാനത എന്ന ലക്ഷ്യം പക്ഷേ തകര്‍ന്നു തുടങ്ങിയിരിക്കുന്നു എന്നതാണ്‌ ഈ സാമൂഹ്യ വ്യവസ്ഥ വെളിപ്പെടുത്തുന്നത്‌. യൂറോപ്പിലേക്കും അമേരിക്കയിലേക്കും പറിച്ചു നടുന്നവരുടെയും ഗള്‍ഫിലേക്കു ജോലി തേടിപ്പോകുന്നവരുടേയും കുടുംബജീവിതം പുതിയ മാനങ്ങള്‍ തേടുകയാണ്‌.

ഗള്‍ഫില്‍ ജോലിചെയ്യുന്നവര്‍ കുടുംബത്തിന്റെ ഒരു ധനാഗമനമാര്‍ഗ്ഗമായി മാത്രമാണ്‌ ജീവിക്കുന്നത്‌ എന്നു പറയാം. അവര്‍ കുടുംബത്തോടെപ്പം ചിലവഴിക്കുന്നത്‌ വര്‍ഷത്തില്‍ വെറും മൂന്നോ നാലോ ആഴ്‌ചതകള്‍ മാത്രം . നാട്ടില്‍ വന്നാല്‍ ഒരു ഗൃഹനാഥന്റെ വേഷം അഭിനയിക്കാന്‍ ലഭിക്കുക വിരലിലെണ്ണാവുന്ന ദിവസങ്ങളായിരിക്കും. ഇത്രയും ദിവസം ഒരു ഗസ്റ്റ്‌ അപ്പിയറന്‍സും ബാക്കി ടെലി അപ്പിയറന്‍സും വഴിയാണ്‌ അഛനായും മകനായും മകളായുമൊക്കെ ഗള്‍ഫ്‌ മലയാളികള്‍ ജീവിക്കുന്നത്‌. ആധുനിക മൊഡ്യുലാര്‍ കിച്ചണും കാറും മക്കളുടെ ഉയര്‍ന്ന വിദ്യാഭ്യാസവും എല്ലാം താങ്ങണമെങ്കില്‍ ഗള്‍ഫുകാരന്‌ ഇത്തരമൊരു ജീവിതം നയിച്ചേ പറ്റൂ. അഛന്റെ സ്‌നേഹവും ഭര്‍ത്താവിന്റെ സ്‌നേഹവും മകന്റെ സ്‌നേഹവും ഒപ്പം ഉയര്‍ന്ന കുടുംബജീവിതവും ഒന്നിച്ചു പൊരുത്തപ്പെട്ടുപോകില്ല എന്നതാണ്‌ ഗള്‍ഫ്‌ മലയാളി നേരിടുന്ന പ്രശ്‌നം. ഒരുപാട്‌ സാമൂഹിക പ്രശ്‌നങ്ങളാണ്‌ ഈ ജീവിതം സൃഷ്‌ടിക്കുന്നത്‌. ഒരാളുടെ അധ്വാനത്തില്‍ നിന്നും പലരുടേയും ജീവിതം കെട്ടിപ്പടുക്കേണ്ടിവരിക എന്നത്‌ കുടുംബത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിച്ച സംഭവങ്ങള്‍ നിരവധിയാണ്‌. ഗള്‍ഫിലെ ജോലി സാഹചര്യങ്ങള്‍ മാറിയതും വരുമാനമറിയാതെ ചിലവുചെയ്‌ത്‌ കൂടുതല്‍ പ്രാരാബ്‌ദങ്ങള്‍ തലയില്‍ കയറ്റിവച്ച്‌ രണ്ടോ മൂന്നോ വര്‍ഷം കാശുണ്ടാക്കാന്‍ പോയി ഗള്‍ഫില്‍ ജീവിതകാലം മുഴുവന്‍ കുടുങ്ങിപ്പോകുന്നവരുടെ കഥകള്‍ നിരവധി.

അമേരിക്കന്‍ യൂറോപ്യന്‍ മലയാളികളുടെ ജീവിതം ഒരു പറിച്ചു നടലാണ്‌ എന്നു പറയാം. കൂടുംബത്തോടെയുള്ള പറിച്ചു നടല്‍ ഗള്‍ഫ്‌ മലയാളികള്‍ നാട്ടിലെത്തുന്നത്‌ വര്‍ഷത്തിലൊരിക്കലാണെങ്കില്‍ ഇവര്‍ നാലോ അഞ്ചോ വര്‍ഷത്തിലൊരിക്കലായേക്കാം. കുടുംബത്തോടെ ചേക്കേറുന്നതുകൊണ്ട്‌ വര്‍ഷത്തിലൊരിക്കലുള്ള വരവ്‌ അത്ര എളുപ്പമായെന്നും വരില്ല. പ്രായമായ അഛനോ അമ്മയോ മുത്തഛനോ മുത്തശ്ശിയോ മാത്രമായിരിക്കും കേരളത്തിലുണ്ടാകുക. ചിലപ്പോള്‍ അവരും കൂടെ പറിച്ചു നടപ്പെട്ടെന്നിരിക്കും. വര്‍ഷങ്ങള്‍ക്കു ശേഷം റിട്ടയേര്‍ഡ്‌ ലൈഫ്‌ കേരളത്തിലാവാമെന്നു കരുതി നാട്ടിലേക്കെത്തുമ്പോഴേക്കും വിദേശത്തു ജനിച്ചുവളര്‍ന്ന മക്കള്‍ക്ക്‌ പൊരുത്തക്കേടുകളും നിരവധിയായിരിക്കും. നേഴ്‌സിംഗ്‌ ഹോസ്‌പിറ്റാലിറ്റി രംഗത്ത്‌ ഇന്ത്യക്കാര്‍ക്ക്‌ വന്‍ ജോലി സാധ്യത വന്നതോടെ അമേരിക്കയിലേക്കും യൂറോപ്പിലേക്കും പറിച്ചു നടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഒപ്പം ഇത്തരം സമ്പത്ത്‌ ജനജീവിതത്തെയും ബാധിക്കുന്നു. വിവാഹം പലപ്പോഴും ഒരു വിദേശ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ളതായി മാറുകയും അവ കുടുംബബന്ധ്‌ങ്ങള്‍ തകരുന്നതു വരെയെത്തിയെന്ന്‌ അമേരിക്കയില്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. തിരുവിതാംകൂറിലെയും മലബാറിലേയും സമ്പന്നഗ്രാമങ്ങളുടെ പ്രധാന ധനാഗമനമാര്‍ഗ്ഗവും വിദേശ പണമാണ്‌.

കേരളീയരുടെ കടന്നു കയറ്റത്തിന്‌ പ്രസിദ്ധി നേടിയിരിക്കുന്നത്‌ ഗള്‍ഫ്‌ മേഖലയില്‍ തന്നെയാണ്‌. 1980 കളില്‍ ഇരട്ടിയായിരുന്ന വിദേശത്തു ജോലിചെയ്യുന്നവരുടെ എണ്ണം 1990 കളില്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള കേരളത്തിലുള്ളവരില്‍ ബഹുഭൂരിപക്ഷവും ജോലിചെയ്യുന്നത്‌ കണ്‍സ്‌ട്രക്ഷന്‍ കമ്പനികളിലും ഗള്‍ഫിലെ പൊരിവെയിലത്തുമാണെന്ന്‌ ചുരുക്കം.

പ്രവാസികളുടെ പണമാണ്‌ കേരളത്തിലെ സാമ്പത്തിക മേഖല യുടെ ആണിക്കല്ല്‌ എന്ന്‌ വിദഗ്‌ദര്‍ അഭിപ്രായപ്പെടുന്നു. അഞ്ച്‌ ബില്ല്യണ്‍ ഡോളറാണ്‌ പ്രവാസികള്‍ കേരളത്തിലേക്ക്‌ അയക്കുന്നത്‌. പ്രവാസികളുടെ ജീവിതനിലവാരവും സ്വദേശികളേക്കാള്‍ മൂന്നിരട്ടി കൂടുതലാണുതാനും. കാറുകളും ഒന്നില്‍ കൂടുതല്‍ ഫോണുകളും ആധുനിക ഗൃഹോപകരണങ്ങളും അടങ്ങിയ ആര്‍ഭാടപൂര്‍വ്വമായ ജീവിതമാണ്‌ ഇവര്‍ നയിക്കുന്നത്‌. `` സുന്ദരനും ദുബായില്‍ ജോലിചെയ്യുന്നവനുമായ യുവാവിന്‌.....`` എന്നു തുടങ്ങുന്ന പരസ്യങ്ങള്‍ പത്രങ്ങളില്‍ പെരുകുന്നതില്‍ നിന്നു തന്നെ മാറിയ മലയാളി മനസ്സിനെ നമുക്ക്‌ വായിച്ചെടുക്കാം. കേരളത്തിലെ ഉന്നത നിലവാരമുള്ള ജീവിതത്തിനു പിന്നില്‍ ഗള്‍ഫ്‌ പണം തന്നെയാണെന്നാണ്‌ കേരളാ സര്‍വ്വകലാശാലയിലെ സാമ്പത്തിക വിദഗ്‌ദനായ ബി എ പ്രകാശിന്റയും അഭിപ്രായം.

അതേസമയം കേരളത്തിലെ ആത്മഹത്യാ നിരക്ക്‌ ദേശീയ ശരാശരിയേക്കാള്‍ നാലുമടങ്ങ്‌ കൂടുതലാണ്‌ എന്നത്‌ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്‌. അതിനുപിന്നില്‍ പണത്തോടുള്ള അമിതതാത്‌പര്യവും മാറിയ ജീവിതത്തോടുള്ള പൊരുത്തക്കടുകളും ഒറ്റപ്പെടലുമാണ്‌. അത്തരമൊരു കഥയാണ്‌ ഷേര്‍ലി ജസ്റ്റസിന്റെത്‌. നാല്‍പ്പത്തിയഞ്ചുകാരിയായ ഷേര്‍ളിയുടെ ഭര്‍ത്താവ്‌ മസ്‌ക്കറ്റില്‍ ട്രക്ക്‌ ഡ്രൈവറാണ്‌. അതുകൊണ്ടുതന്നെ മൂന്നു പെണ്‍കുട്ടികളുടെ പഠിത്തമടക്കമുള്ള ഉത്തരവാദിത്തം അവര്‍ക്ക്‌ ഏല്‍ക്കേണ്ടിവന്നു. മൂത്തമകളായ സുജിയുടെ പുറത്തുപോയി പഠിക്കാനുള്ള മോഹം എതിര്‍ത്തതിനെതുടര്‍ന്ന്‌ അവള്‍ ആത്മഹത്യ ചെയ്‌തു. ഭര്‍ത്താവ്‌ സ്ഥലത്തുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന്‌ അവര്‍ പറയുന്നു. പ്രവാസി കുടുംബങ്ങളുടെ അരക്ഷിതാവസ്ഥ സൂചിപ്പിക്കുന്ന ഇത്തരം സംഭവങ്ങളും നിരവധി. പെട്ടെന്നുണ്ടാകുന്ന ധനം കുടുംബബന്ധങ്ങളെ ബാധിക്കുന്ന സംഭവങ്ങളും കുറവല്ല.

പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ അത്ര ചെറുതല്ലാത്ത പങ്ക്‌ ചെലവഴിക്കുന്നത്‌ കുട്ടികളുടെ പഠനത്തിനു വേണ്ടിയാണ്‌. അതുകൊണ്ടുതന്നെ എന്‍ ആര്‍ ഐ സീറ്റുകള്‍ക്ക്‌ താങ്ങാനാവാത്ത ഫീസ്‌ അടക്കേണ്ടിവരുമ്പോള്‍ കൂടുതല്‍ കാലം പലര്‍ക്കും വിദേശത്തു കഴിയുകയും ചെയ്യേണ്ടിയും വരുന്നു. വിദ്യാസമ്പന്നരായ കേരളീയര്‍ ജോലി തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാണ്‌, അത്‌ കൂടുതല്‍ തൊഴിലില്ലായ്‌മ സൃഷ്‌ടിക്കുകയും ചെയ്യുന്നു. വീണ്ടും പ്രവാസത്തിലേക്ക്‌ ഒരു തലമുറയെ തള്ളിയിടുകയും ചെയ്യുന്ന ഈ പ്രക്രിയ പരസ്‌പര പൂരകമായി തുടരുകയാണ്‌.

`` ടെറസിന്‍ വീടും കാറും ഫ്രിഡ്‌ജും പണമുള്ളോനു ലഭിച്ചാല്‍ നാടിന്‍ വികസനമാണെന്നോര്‍ത്തു നടക്കണ'' എന്ന അവസ്ഥ പക്ഷേ അധികമൊന്നും മാറിയിട്ടില്ല. സാമൂഹിക ജീവിതത്തില്‍ എന്‍ ആര്‍ ഐ എന്നു പേരിട്ടുവിളിക്കുന്ന ഒരു കൂട്ടം സമ്പന്നമാകുകയും ഉയര്‍ന്ന ജീവിതം നയിക്കുകയും ചെയ്യുന്നുവെങ്കിലും കേരളത്തിലെ സ്വദേശികളുടെ ജീവിതനിലവാരം മെച്ചപ്പെട്ടുവെന്ന്‌ പറയാന്‍ കഴിയില്ല. തികച്ചും സാമൂഹികമായ അസമത്വമാണ്‌ വിദേശ പണം സൃഷ്‌ടിക്കുന്നത്‌.

കേരളീയരുടെ ജീവിതം ഏഷ്യന്‍ ഡെവലപ്പ്‌മെന്റ്‌ ബാങ്കിലും ലോകബാങ്കിലും മറ്റു വിദേശ രാജ്യങ്ങളിലും പണയം വച്ചിരിക്കുകയാണ്‌. കഴിഞ്ഞ ആന്റണി സര്‍ക്കാര്‍ ധവളപത്രമിറക്കി ഖജനാവില്‍ അഞ്ചു പൈസയില്ലെന്നു പ്രഖ്യാപിച്ച്‌ തൊട്ടു പിന്നാലെ വന്ന കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയ എ ഡി ബി വായ്‌പതന്നെ കേരളാ മോഡലിനെ കടന്നാക്രമിക്കുമെന്നുറപ്പാണ്‌. എഡിബി വായ്‌പ തരണമെങ്കില്‍ അവരുടെ നിയമങ്ങള്‍ പാലിക്കപ്പെടണമെന്നതാണ്‌ ചട്ടം. അവരുടെ ആവശ്യങ്ങളില്‍ പ്രധാനം ആരോഗ്യം വിദ്യാഭ്യാസം സാമൂഹിക സേവനം പോലുള്ള നഷ്‌ടക്കച്ചവടത്തില്‍ നിന്നും സര്‍ക്കാരിനെ മാറ്റി നിര്‍ത്തി അവ സ്വകാര്യമേഖലക്ക്‌ വിട്ടുകൊടുത്ത്‌ സര്‍ക്കാരിനെ ലാഭത്തിലാക്കുക അതു വഴി വാങ്ങിയ പണവും അതിന്റെ പലിശയും പലിശയുടെ പലിശയും തിരിച്ചടക്കാന്‍ പ്രാപ്‌തമാക്കുക എന്നതാണ്‌. പൊതു ടാപ്പിന്‌ പണം കൊടുക്കേണ്ടിവരുന്നതിനേച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക്‌ തിരശ്ശീല ഇനിയും വീണിട്ടില്ല എന്നതും ഓര്‍ക്കുക. ജലനിധിയും ജപ്പാന്‍ കുടിവെള്ളവും മറ്റും ഉണ്ടാക്കിയിരിക്കുന്ന ബാധ്യതകള്‍ വേറെ.സര്‍ക്കാരും ശാസ്‌ത്രസാഹിത്യപരിഷത്ത്‌ പോലുള്ള സന്നദ്ധ സംഘടനകളും മുന്നിട്ടിറങ്ങി ആരോഗ്യ മേഖലയെ നല്ല നിലവാരത്തിലെത്തിച്ചിരുന്നു. മലേറിയയും വസൂരിയുമൊക്കെ തുടച്ചു നീക്കിയ ചരിത്രമാണ്‌ നമുക്കുള്ളത്‌. കോളറക്കും മറ്റു സാംക്രമിക രോഗങ്ങള്‍ക്കുമെതിരെ ശക്തമായ ജനസമ്പര്‍ക്ക പരിപാടികള്‍ തന്നെ നടന്നിരുന്നു. എന്നാല്‍ ഇന്ന്‌ ഡങ്കിപ്പനി എലിപ്പനി മെനിഞ്‌ജൈറ്റിസ്‌ ചിക്കുന്‍ഗുനിയ തുടങ്ങി പേരുള്ളതും പേരില്ലാത്തതുമായ നിരവധി രോഗങ്ങളുടെ വിളഭൂമിയാണ്‌ കേരളം. കഴിഞ്ഞ മാസങ്ങളില്‍ 700 ഓളം പേര്‍ ചിക്കുന്‍ഗുനിയ കാരണം മരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. 16 ലക്ഷത്തോളം പേര്‍ക്ക്‌ ഗുനിയ പിടിപെട്ടു. ചിക്കുന്‍ഗുനിയ എന്നൊരു രോഗം ഉണ്ടോ എന്നതായിരുന്നു ആദ്യകാലത്തെ സംശയം. രോഗം കണ്ടുപിടിച്ചിട്ടും അതിനെതിരെ ഫലപ്രദമായി എന്തെങ്കിലും ചെയ്യുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. സാമൂഹ്യപ്രതിബദ്ധതയുള്ള സമൂഹം മൂലധന ലോകത്തിനുവേണ്ടി മാറ്റി രചിക്കപ്പെടുന്നതിന്റെ നേര്‍ക്കാഴ്‌ചകളായി മാറുകയാണ്‌ കേരളം. സാമൂഹ്യരംഗത്തു പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും എണ്ണം ദിനംപ്രതി കുറഞ്ഞുവരുന്നു. ഇത്തരം പരിപാടികളില്‍ നിന്ന്‌ സര്‍ക്കാരും മാറി നില്‍ക്കുന്നു. കേരളാ മോഡല്‍ വിളംബരം ചെയ്‌ത ആരോഗ്യമേഖലയുടെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്‌.

1975 ലെ ഐക്യരാഷ്‌ടസഭാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട `കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യക്ഷേമ മേഘലയിലെ പ്രശംസനീയമായ മുന്നേറ്റ'ത്തിന്റെ ഇന്നത്തെ അവസ്ഥ ഇതാണ്‌. ബില്‍ മക്‌ കിബ്ബെന്‍ എന്ന അമേരിക്കന്‍ ചിന്തകന്റെ വാക്കുകളില്‍ പറഞ്ഞാല്‍ `'താഴ്‌ന സാമ്പത്തിക നിലവാരമുള്ള കേരളത്തിന്‌ നിലവാരമുള്ള ജീവിതം കെട്ടിപ്പൊക്കാന്‍ കഴിഞ്ഞു'' പക്ഷേ അതിന്നൊരു സ്വപ്‌നം മാത്രമാണ്‌. അമര്‍ത്യ സെന്‍ സുചിപ്പിച്ച കേരളാമോഡല്‍ എന്ന 'സമുന്നതമായ സാമൂഹ്യ നേട്ടം തകര്‍ച്ചയിലാണ'്‌. കേരളാമോഡല്‍ ഇന്ന്‌ പ്രശസ്‌തരുടെ പുസ്‌തകങ്ങളിലെയും ലോകാരോഗ്യസംഘടനകളുടെ റിപ്പോര്‍ട്ടുകളിലേയും അക്ഷരങ്ങള്‍ മാത്രമാണ്‌.
............................................................................................. (പുഴ. കോം)

Tuesday, September 04, 2007

ബ്ലോഗുലകത്തില്‍ മലയാളത്തിന്‌ നല്ല കാലം


ഇംഗ്ലീഷ്‌ ഭാഷ ആധിപത്യമുറപ്പിച്ച സൈബര്‍ സ്‌പേസില്‍ മലയാളം സ്ഥാനം പിടിച്ചിട്ട്‌ അധികനാളായില്ല. ബ്ലോഗുകളിലും മറ്റും ഇഷ്‌ടമുള്ളത്‌ കുത്തിക്കുറിച്ചുവെക്കാനുള്ള സ്വാതന്ത്ര്യം കൂടി ലഭിച്ചതോടെ ഇന്റര്‍നെറ്റില്‍ മലയാള ഭാഷ സജീവമായെന്ന്‌ സമീപകാല ചരിത്രം വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ ഭാഷയുടെ പൊതുരൂപം(യുണീകോഡ്‌) സ്വീകാര്യമായതോടെയാണ്‌ ബ്ലോഗുകളിലും ഇന്ററാക്‌ടീവ്‌ വെബ്‌സൈറ്റുകളിലും ഓര്‍ക്കുട്ട്‌ പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളിലുമൊക്കെ ഭാഷ അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞത്‌. കേരളത്തിനകത്തും പുറത്തും ഇന്റര്‍നെറ്റ്‌ എന്ന പുതിയ മാധ്യമത്തില്‍ മാതൃഭാഷയില്‍ എഴുതുകയും വായിക്കുകയും ആശയങ്ങള്‍ കൈമാറുകയും ചെയ്യുന്ന ഒരു വലിയ കൂട്ടായ്‌മ തന്നെ വളര്‍ന്നു വരികയാണ്‌. ഒരുദിവസം നൂറില്‍ പരം പോസ്റ്റുകള്‍ എന്ന തോതിലാണ്‌ മലയാളം ബ്ലോഗുകളുടെ വളര്‍ച്ച. ഒരു ദിവസം ഇരുപതിനടുത്ത്‌ പുതിയ ബ്ലോഗുകള്‍ രൂപപ്പെടുന്നു. ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ 2000ല്‍ പരം മലയാളം ബ്ലോഗുകളാണ്‌ പ്രസിദ്ധീകരിച്ചത്‌.

ചില്ലിക്കാശു പോലും ചെലവില്ലാതെ ആരുടെയും അനുവാദമില്ലാതെ നമുക്കിഷ്‌ടമുള്ളത്‌ എഴുതിവെക്കാനും അവ എഡിറ്റു ചെയ്യാനും സാധിക്കുന്ന വെബ്‌ പേജുകളാണ്‌ ബ്ലോഗുകള്‍. അതുകൊണ്ടുതന്നെ അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ്‌ ബ്ലോഗര്‍മാര്‍ക്ക്‌ അനുവദിച്ചു കിട്ടിയത്‌. ഒരു പക്ഷേ ഈ സ്വാതന്ത്ര്യം ഏറ്റവും നന്നായി ഉപയോഗിച്ചവര്‍ മലയാളികളായിരിക്കും. മറ്റു മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്‌തമായി വായനക്കാരുടെ പ്രതികരണങ്ങള്‍ അപ്പപ്പോള്‍ ലഭിക്കുമെന്ന സൗകര്യം കൂടി ലഭിച്ചത്‌ ബ്ലോഗുകളെ കൂടുതല്‍ താല്‌പര്യത്തോടെ സമീപിക്കാന്‍ കാരണമായി. ഒരു വല്ലാത്ത സ്വാതന്ത്യമാണ്‌ വായനക്കാര്‍ക്ക്‌ ഇത്‌ നല്‍കുന്നത്‌. വല്ലവനും വായിക്കുന്നത്‌ അതേപോലെ കുടിച്ചു വറ്റിച്ച്‌ പോകുക എന്നതിലേക്കാളുപരി പ്രതികരണങ്ങള്‍ അപ്പപ്പോള്‍ രേഖപ്പെടുത്തുക, കൂടുതല്‍ സെലക്‌ടീവായത്‌ തെരഞ്ഞെടുക്കുക എന്ന ഒരു പുതിയ രീതി. ``ഒരു തുടക്കം, എന്റെ രക്ഷിതാവിന്റെ നാമത്തില്‍, എന്റെ സ്വന്തം ഭാഷയില്‍, ഹൃദയമിഡിപ്പിന്റെ താളത്തില്‍..'' രേഷ്‌മയെന്ന ബ്ലോഗര്‍ ആദ്യകാലത്ത്‌ എഴുതിയ വരികളിലൊന്നാണ്‌ ഇത്‌. പ്രവാസ ജീവിതത്തിലെ ഏകാന്തതയും സ്വന്തം നാടിനോടും താന്‍ വളരെ കുറച്ചുമാത്രം സംസാരിക്കാന്‍ വിധിക്കപ്പെട്ട മാതൃഭാഷയോടുമുള്ള ഗൃഹാതുരതയും ഒത്തു ചേര്‍ന്നപ്പോള്‍ ഇന്നു കാണുന്ന പല വൈവിധ്യമായ ബ്ലോഗുകളും പിറവിയെടുത്തു. അതുകൊണ്ടുതന്നെ ഇവരെഴുതുന്ന സൃഷ്‌ടികളില്‍ പച്ചമലയാളത്തിലുള്ള പദങ്ങളും നാടന്‍ പ്രയോഗങ്ങളും ധാരാളയായി കാണാം. വിദ്യാര്‍ഥികളും പത്രപ്രവര്‍ത്തകരും സാങ്കേതികമേഖലയില്‍ ജോലിചെയ്യുന്നവരുമായി കേരളത്തില്‍ നിന്നും ഒരുപാടു പേര്‍ ബ്ലോഗുചെയ്യുന്നുണ്ട്‌. സൃഷ്‌ടിപരമായ രചനകളാണ്‌ ബ്ലോഗുകളില്‍ ഏറെയും. സാഹിത്യ രൂപങ്ങള്‍ മാത്രമല്ല, ആരോഗ്യം, ഐടി, കൃഷി, ഗണിതശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, കാര്‍ട്ടൂണ്‍, അക്ഷരശ്ലോകം, ഭാഷാ ശാസ്‌ത്രം, ചരിത്രം, ഫോട്ടോഗ്രാഫി തുടങ്ങി ആകാശത്തിനു കീഴിലുള്ള എല്ലാ വിഷയങ്ങളും ഇന്ന്‌ ബ്ലോഗില്‍ സജീവമാണ്‌.
മലയാളം ബ്ലോഗുകളുടെ പിറവിക്ക്‌ ഒരു നേരമ്പോക്കിന്റെ മെമ്പൊടിയുണ്ട്‌. വിശാലമനസ്‌കന്‍, സങ്കുചിത മനസ്‌കന്‍, ഇടിവാള്‍, കുറുമാന്‍, പോള്‍,വിശ്വം, സു, സിബു, സണ്ണി, വാപ്പ, തീപ്പൊരി, വക്കാരിമഷ്‌ടാ, കറിവേപ്പില, ലാപൂട, ഞ്ചിപ്പെണ്ണ്‌... അങ്ങനെപോകുന്നു ആ ആദ്യകാല ബ്ലോഗര്‍മാരുടെ നീണ്ട നിര. ദുബായില്‍ ജോലി നോക്കുന്ന തൃശൂര്‍ കൊടകരക്കാരനായ സജീവ്‌ എടത്താടന്റെ (വിശാലമനസ്‌കന്‍)`കൊടകരപുരാണ' വും, ദുബായി ഏഷ്യാനെറ്റ്‌ ജീവനക്കാരനായ കുഴൂര്‍ വിത്സണിന്റെ കവിതകളും, ദേവന്റെ ആരോഗ്യലേഖനങ്ങളും, കേരളത്തില്‍ നിന്ന്‌ ചന്ദ്രശേഖരന്‍ നായര്‍ എഴുതുന്ന കൃഷി ചിന്തകളും ബ്ലോഗുലകത്തെ സൂപ്പര്‍ ഹിറ്റുകളാണ്‌. അമേരിക്കന്‍ ഐ ടി പ്രൊഫഷണലായ ഉമേഷിന്റെ ഗുരുകുലമാണ്‌ എടുത്തു പറയേണ്ട മറ്റൊന്ന്‌. രേഷ്‌മ, നെല്ലിക്ക. പെരിങ്ങോടന്‍ തുടങ്ങിയവരുടെ കഥകളും ലാപൂടയുടെ കവിതകളും തുഷാരത്തിന്റെ മയില്‍പീലിത്തുണ്ടുകളെന്ന അനുഭവക്കുറിപ്പുകളും ശ്രദ്ധനേടിയവയാണ്‌. ലോക സിനിമകളെ പരിചയപ്പെടുത്തുന്ന ബാംഗളൂരിലെ റോബി കുര്യന്റെ `ലോകസിനിമയുടെ വര്‍ത്തമാനവും' അലിഫ്‌ ഷംല മാരുടെ `ചലച്ചിത്രമേള'യും ഹരിയുടെ ചിത്രവിശേഷവും സിനിമാ മേഖലയില്‍ നിന്നുള്ള അറിവ്‌ തരുന്നു. പത്രപ്രവര്‍ത്തകനായ എന്‍ പി രാജേന്ദ്രനും സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്‌ണനുമടക്കം പ്രശസ്‌തരുടെ ബ്ലോഗുകള്‍ നിരവധിയാണ്‌. വിശാലമനസ്‌കന്റെ കൊടകരപുരാണം. കറന്റ്‌ ബുക്‌സ്‌ ഈയിടെ പുസ്‌തകമാക്കി പ്രസിദ്ധീകരിച്ചു. ബെര്‍ലി തോമസിന്റെ `ബെര്‍ലിത്തരങ്ങള്‍' എന്ന ബ്ലോഗില്‍ നൂറാമത്തെ പോസ്റ്റ്‌ എഴുതിയത്‌ ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്‌. ഏതാണ്ട്‌ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ ഇന്ന്‌ ബ്ലോഗുലകത്തില്‍ നിത്യസന്ദര്‍ശകരാണ്‌.

വാര്‍ത്താ പോര്‍ട്ടലുകള്‍
‍വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിച്ചിരുന്ന ന്യൂസ്‌ വെബ്‌സൈറ്റ്‌ എന്ന സങ്കല്‌പത്തില്‍ നിന്നു മാറി ഇതര വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സമ്പൂര്‍ണ്ണ പോര്‍ട്ടല്‍ എന്ന ആശയം മലയാളത്തില്‍ നടപ്പിലായിട്ട്‌ അധികനാളായിട്ടില്ല. ദീപിക, മാതൃഭൂമി, മനോരമ തുടങ്ങിയ പ്രബലരായ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളാണ്‌ മലയാളം ഓണ്‍ലൈന്‍ ജേണലിസത്തിന്റെ മുഖ്യവക്താക്കള്‍. 1997 ഒക്‌ടോബര്‍ മാസത്തിലാണ്‌ ദീപിക ഡോട്ട്‌ കോം ആരംഭിക്കുന്നത്‌. അന്ന്‌ മലയാളത്തില്‍ മറ്റു പോര്‍ട്ടലുകള്‍ സജീവമായി ഇല്ലാതിരുന്നതിനാലും പ്രവാസി വാര്‍ത്തകള്‍ക്ക്‌ കൂടുതല്‍പ്രാധാന്യം നല്‍കിയതിനാലും ദീപിക കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. യൂറോപ്പിലും അമേരിക്കയിലുമുള്ള മലയാളികളുടെ പ്രത്യേകിച്ചും അതില്‍ ഭൂരിപക്ഷം വരുന്ന മധ്യതിരുവിതാംകൂറുകാരുടെ പിന്തുണ ദീപികക്കു ലഭിച്ചു. 2003 ജൂണ്‍ മാസത്തില്‍ മനോരമയും 2005 ജൂണ്‍ മാസത്തില്‍ മാതൃഭൂമിയും പോര്‍ട്ടല്‍ രൂപത്തിലേക്ക്‌ മാറിയതോടെയാണ്‌ മലയാളം ഓണ്‍ലൈന്‍ ജേണലിസത്തിന്‌ പുതിയ മാനം കൈവന്നത്‌. സമാന്തരമായി കേരള കൗമുദി, ദേശാഭിമാനി, മാധ്യമം, മംഗളം, തുടങ്ങിയ മിക്ക പത്രങ്ങളും അവരുടെ വെബ്‌ സൈറ്റുകള്‍ ആരംഭിച്ചിരുന്നു. വിനോദം, ആരോഗ്യം, സ്‌പോര്‍ട്‌സ്‌, സംഗീതം തുടങ്ങിയ അനുബന്ധമിനിപോര്‍ട്ടലുകളും ചര്‍ച്ചാവേദികളും ചാറ്റ്‌റൂമുകളും ഉള്‍പ്പെടുന്ന വാര്‍ത്താ പോര്‍ട്ടലുകളില്‍ എടുത്തു പറയാവുന്നവ മാതൃഭൂമിയും മനോരമയുമാണ്‌. ഈയടുത്ത കാലത്ത്‌ യാഹൂ, എം എസ്‌ എന്‍ തുടങ്ങിയ വിദേശ കമ്പനികള്‍ മലയാളം പോര്‍ട്ടലുകള്‍ തുടങ്ങിയതും കേരളാഓണ്‍ലൈവ്‌ പോലുള്ള സ്വതന്ത്ര ന്യൂസ്‌ സൈറ്റുകള്‍ രംഗത്തുവന്നതും ഈ രംഗത്ത്‌ മത്സരത്തിനു തിരികൊളുത്തിയിട്ടുണ്ട്‌.

വാരികകളുടെയും മാസികകളുടെയും ഓണ്‍ലൈന്‍ രൂപമെന്ന്‌ പറയാവുന്ന ഇ മാഗസിനുതള്‍ക്ക്‌ മലയാളത്തില്‍ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല എന്നു പറയാം. ഹരിതകം, ചിന്ത, പുഴ, മൂന്നാമിടം, തുഷാരം, തണല്‍, തുടങ്ങി വിരലിലെണ്ണാവുന്ന ഇ-മാഗസിനുകളേ നിലവിലുള്ളൂ. ഇവയില്‍ മിക്കതും ഒരു വ്യക്തിയോ ഒരു കൂട്ടം സുഹൃത്തുക്കളോ നടത്തുന്ന സന്നദ്ധപ്രവര്‍ത്തനമെന്നതില്‍ കവിഞ്ഞ്‌ പ്രൊഫഷണലായ രൂപം പ്രാപിച്ചിട്ടില്ല. സാഹിത്യം, സിനിമ, രാഷ്‌ട്രീയം തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുത്തിയ പുഴ.കോം ആണ്‌ ഇവയില്‍ അല്‌പമെങ്കിലും പ്രൊഫഷണലായ മാര്‍ഗ്ഗം സ്വീകരിക്കുന്നത്‌. മൂന്നാമിടവും ചിന്തയും ഹരിതകവുമൊക്കെ സാംസ്‌കാരികവും സാഹിത്യപരവുമായ ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നവയാണ്‌. പക്ഷേ മറ്റുഭാഷകളിലേതുപോലെ ഗൗരവമായ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ചര്‍ച്ച നടത്താന്‍ മലയാളികള്‍ പൊതുവേ താത്‌പര്യം കാണിക്കുന്നില്ല എന്നതാണ്‌ സത്യം. മലയാളത്തിലെ പല മാഗസിനുകള്‍ക്കും ഓണ്‍ലൈന്‍ എഡിഷനുകള്‍ ഉണ്ട്‌. ന്യൂസ്‌ പോര്‍ട്ടലുകളുടെ കാര്യത്തില്‍ നമ്മള്‍ വളരെയേറെ മുന്നോട്ടുപോയെങ്കിലും എല്ലാം തികഞ്ഞ ഒരു ഇ മാഗസിന്‍ എന്ന ആശയം ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ല.

യുനീകോഡ്‌ വിഭജനം
വാര്‍ത്താ പോര്‍ട്ടലുകളും പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളും കൂടുതല്‍ ജനകീയമായെങ്കിലും തുടങ്ങിയ കാലത്തേതില്‍ നിന്നു വ്യത്യസ്‌തമായി സാങ്കേതികമായ ഒരു ഏകീകൃത രൂപം സ്വീകരിക്കാന്‍ ഇവരാരും ഇനിയും തയ്യാറായിട്ടില്ല. ദീപിക, മാതൃഭൂമി, മനോരമ തുടങ്ങിയ എണ്ണപ്പെട്ട വാര്‍ത്താപോര്‍ട്ടലുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നത്‌ അവരുടെ സ്വന്തം ഫോണ്ട്‌ ആണ്‌. അതുകൊണ്ടുതന്നെ പരമ്പരാഗത രീതിയില്‍ തുടരുന്ന ഇവ ഓരോന്നും വിജ്ഞാനത്തിന്റെ ഓരോ തുരുത്തുകളായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. യുനീക്കോഡ്‌ എന്ന എല്ലാവരുമംഗീകരിച്ച പൊതൂരൂപം സ്വീകരിക്കാത്തതിനാല്‍ ഉള്ളടക്കമറിയണമെങ്കില്‍ ഓരോ സൈറ്റിലും നേരിട്ട്‌ ചെന്നു നോക്കി കണ്ടു പിടിക്കണം. ഗൂഗിളോ യാഹുവോ പോലുള്ള സെര്‍ച്ച്‌ എന്‍ജിനുകള്‍ വഴി തിരയാനുള്ള(സെര്‍ച്ച്‌) അവസരം നഷ്‌ടപ്പെടുന്നത്‌ പരമ്പരാഗത വെബ്‌സൈറ്റുകളിലുള്ള വലിയ അളവു വരുന്ന വിവരങ്ങള്‍ കാലം ചെല്ലും തോറും അധികമാര്‍ക്കും ഉപയോഗപ്പെടാതെ പോകാന്‍ കാരണമാകുന്നു. അതേസമയം യാഹൂ, എം എസ്‌ എന്‍, ദാറ്റ്‌സ്‌ മലയാളം, വെബ്‌ലോകം തുടങ്ങിയ യുനീകോഡിലുള്ള വാര്‍ത്താ പോര്‍ട്ടലുകളിലെയും വിക്കിപ്പീഡിയയിലേയും ചിന്ത, മൂന്നാമിടം, ഹരിതം തുടങ്ങിയ തുടങ്ങിയ മാഗസിനുകളിലെ വിവരങ്ങള്‍ നമുക്ക്‌ സെര്‍ച്ച്‌ എന്‍ജിനുകളില്‍ ലഭിക്കുകയും ചെയ്യും. ഇംഗ്ലീഷ്‌ഭാഷയില്‍ പ്രസിദ്ധീകരിച്ച ഭൂമിക്കുതാഴെയുള്ള ഏത്‌ വിഷയവും സെര്‍ച്ച്‌ എന്‍ജിനുകളില്‍ തിരഞ്ഞു കണ്ടുപിടിക്കാമെന്നിരിക്കെ മലയാളത്തിലെ പ്രമുഖ വെബ്‌സൈറ്റുകള്‍ മാറ്റത്തോട്‌ പുറം തിരിഞ്ഞു നില്‍ക്കുന്നതു വഴി നമുക്ക്‌ ആ വലിയ അവസരമാണ്‌ നഷ്‌ടപ്പെടുന്നത്‌. വിവിധ രീതിയില്‍ ചിതറിക്കിടക്കുന്ന പ്രാദേശിക ഭാഷകള്‍ക്ക്‌ ഏകീകൃത രൂപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മൈക്രോസോഫ്‌റ്റ്‌ അടക്കമുള്ള സോഫ്‌റ്റ്വെയര്‍ കമ്പനികളും ഭാഷാ വിദഗ്‌ദരും ഒന്നു ചേര്‍ന്ന്‌ ശ്രമിച്ചതിന്റെ ഫലമായാണ്‌ യുണീകോഡ്‌ പിറവിയെടുത്തത്‌. ഒരേ രീതിയില്‍ എഴുതാനും വായിക്കാനും സഹായിക്കുന്ന ഈ ഏകീകൃത രൂപം സ്വീകരിച്ചതുകൊണ്ടാണ്‌ മലയാളത്തിലുള്ള എല്ലാ ബ്ലോഗുകളും സംഘടിത ശക്തിയായി മാറിയതും. ബ്ലോഗുകളെ വിഭാഗങ്ങളാക്കി തിരിച്ച്‌ അതില്‍ ഓരോന്നിലും വരുന്ന പുതിയ സൃഷ്‌ടികള്‍ അപ്പപ്പോള്‍ ലിസ്റ്റു ചെയ്യുന്ന സൈറ്റുകളുടെ(www.malayalamblogs.in, www.bloglokam.orgതുടങ്ങിയവ) പിന്നിലും ഓരോ പോസ്റ്റിനും വായനക്കാരിടുന്ന അഭിപ്രായങ്ങള്‍(കമന്റുകള്‍) ലിസ്റ്റ്‌ ചെയ്യുന്ന പിന്‍മൊഴി, മറുമൊഴി തുടങ്ങിയ സംവിധാനങ്ങളുടെ വിജയത്തിനു പിന്നിലും യുണീകോഡ്‌ ആണ്‌. ഇങ്ങനെ ബ്ലോഗുകളും ഈ രീതി പിന്‍തുടരുന്ന വെബ്‌ പോര്‍ട്ടലുകളും അടങ്ങുന്ന ഒരു സംഘടിത വിഭാഗമെന്നും പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളടങ്ങിയ പ്രബലരും അതേ സമയം യുനീകോഡ്‌ ഉപയോഗിക്കാത്തവരെന്നും സാങ്കേതികമായി പറഞ്ഞാല്‍ ഒരു യുനീകോഡ്‌ ഡിവൈഡ്‌ തന്നെ മലയാളം ഓണ്‍ലൈന്‍ മാധ്യമത്തില്‍ നിലനില്‍ക്കുന്നുണ്ട്‌.

എഴുത്താണികളും എഴുതി പഠിപ്പിച്ചവരും
ഐ ടി മേഖലയില്‍ ജോലി നോക്കുന്ന ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി മലയാളികള്‍ക്ക്‌ ഒത്തുചേരാനുള്ള ഇടമായിരുന്നു ഇന്റര്‍നെറ്റ്‌. ഇന്നുകാണുന്ന വിപുലമായ സൗകര്യങ്ങളില്ലെങ്കിലും ആദ്യകാലത്ത്‌ അവര്‍ക്കൊത്തു കൂടാന്‍ ചാറ്റ്‌ പോര്‍ട്ടലുകളും ഗസ്റ്റ്‌ബുക്കുകളുമൊക്കെ അവസരം ഒരുക്കി. ഇംഗ്ലീഷിലോ മലയാളം ഇംഗ്ലീഷില്‍ ടൈപ്പുചെയ്‌തോ (മംഗ്ലീഷ്‌) ആയിരുന്നു ഇവര്‍ സംവദിച്ചിരുന്നത്‌. Eliyamma എന്ന്‌ എന്ന്‌ എഴുതിയാല്‍ `എലിയമ്മ'യെന്നു വായിച്ചു പോകുന്നതരം തമാശകള്‍ മംഗ്ലീഷില്‍ അന്ന്‌ നിരവധിയായിരുന്നു. സ്വന്തം ഭാഷയില്‍ ആശയവിനിമയം നടത്തുകയെന്ന വൈകാരികമായ ചിന്തകൂടി ആയപ്പോള്‍ എല്ലാവര്‍ക്കും ലളിതമായി ഉപയോഗിക്കാവുന്ന ഒരു എഴുത്താണിയെന്ന സങ്കല്‌പത്തിന്‌ ചിറകുമുളച്ചു. കാരണവന്മാരുടെയാരുടേയും നിയന്ത്രണമോ ശാസനയോ ഇല്ലാതെയാണ്‌ അക്ഷരരൂപങ്ങള്‍ ഇന്റര്‍നെറ്റില്‍ പിച്ചവെച്ചു വളര്‍ന്നത്‌. അതാണ്‌ ഇന്ന്‌ നെറ്റില്‍ മലയാളമെഴുതാന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന വരമൊഴിയുടെയും അനുബന്ധസോഫ്‌റ്റ്‌ വെയറുകളുടെയും പിറവിയിലേക്കു നയിച്ചത്‌.

ലളിതമായി മലയാളമെഴുതാനുള്ള മാര്‍ഗ്ഗങ്ങളേക്കുറിച്ചുള്ള സംവാദത്തിന്‌ കേരള.കോം എന്ന സൈറ്റിലെ അതിഥി പുസ്‌തകമാണ്‌ ഒരു തട്ടകമായി മാറിയത്‌. 1996 ല്‍ ടോണി തോമസ്‌ `charmap '്‌ എന്ന ആപ്ലിക്കേഷനുപയോഗിച്ച്‌ അതിഥിപുസ്‌തകത്തില്‍ മലയാളം എഴുതി പരീക്ഷിച്ചു. വര്‍ഗ്ഗീസ്‌ സാമുവല്‍ നിര്‍മ്മിച്ച മലയാളം.ടി ടി എഫ്‌ എന്ന ഫോണ്ടുപയോഗിച്ചാണ്‌ അതില്‍ ആദ്യകാല സംഭാഷണങ്ങള്‍ നടന്നത്‌. മലയാളം ഫോണ്ടുകളുടെ നിര്‍മ്മാണവും സാങ്കേതികതയും അറിയുന്നവരുടെ കൂട്ടായ്‌മ അപ്പോഴേക്കും രൂപപ്പെട്ടിരുന്നു. അങ്ങനെയുള്ള കുറച്ചുപേര്‍ ചേര്‍ന്ന്‌ `ലാത്തി' എന്ന പേരില്‍ മലയാളമെഴുതാനുള്ള ഒരു ചെറിയ പ്രോഗ്രാം നിര്‍മ്മിച്ചു. പിന്നീട്‌ ഇത്‌ 'മാധുരി' എന്ന പേരില്‍ കൂടുതല്‍ മികവുറ്റതാക്കി അവതരിപ്പിക്കപ്പെട്ടു. ബിനു മേലേടം, സോജി ജോസഫ്‌, ബിനു ആനന്ദ്‌, കോണ്‌ഡറെഡ്ഡി, സി ബു സി ജെ എന്നിവരായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌.കുറച്ച്‌ ഭാഷാ സ്‌നേഹികളുടെ നിരന്തരമായ യത്‌നമാണ്‌ ഇന്ന്‌ സിബു സി ജെ സൃഷ്‌ടിച്ച വരമൊഴി എന്ന പാക്കേജിലെത്തി നില്‍ക്കുന്നത്‌. 1998 ലാണ്‌ വരമൊഴി ജന്മമെടുക്കുന്നത്‌. വരമൊഴി ട്രാന്‍സ്ലേഷന്‍ ലൈബ്രറി ഉപയോഗിച്ചായിരുന്നു മാധുരി എന്ന ആപ്ലിക്കേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്‌. 2002 ജൂണില്‍ ഫോണ്ടും കീബോര്‍ഡ്‌ സോഫ്‌റ്റ്വെയറും എഡിറ്ററുമടങ്ങുന്ന ഒരു ലാംഗ്വേജ്‌ ടൂള്‍ ലൈബ്രറിയായി മാറി. സാമാന്യ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ആര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ്‌ വരമൊഴി തയ്യാറാക്കപ്പെട്ടത്‌. മലയാളം ഇംഗ്ലീഷില്‍ ടൈപ്പുചെയ്‌താല്‍ മലയാളം അക്ഷരങ്ങള്‍ ലഭിക്കുന്ന ലളിതമായ ഒരു സോഫ്‌റ്റ്വെയറാണ്‌ ഇത്‌. മാതൃഭൂമിയും മനോരമയും മറ്റു പ്രസിദ്ധീകരണങ്ങള്‍ മിക്കവയും ഉപയോഗിക്കുന്ന ഫോണ്ടുകളിലുള്ള ഉള്ളടക്കം പരസ്‌പരം മാറ്റാനും യുണീകോഡിലാക്കി പ്രസിദ്ധീകരിക്കാനും വരമൊഴി സൗകര്യമൊരുക്കി. ചുരുങ്ങിയ കാലത്തിനുള്ളില്‍ വെബ്‌ സൈറ്റുകളിലൂടെയും ബ്ലോഗുകളിലൂടെയും സംവദിക്കുന്നവരുടെ ഇഷ്‌ടം സമ്പാദിക്കാന്‍ ഇതിനു കഴിഞ്ഞു. ഇംഗ്ലീഷ്‌ ഭാഷ മാത്രമേ വഴങ്ങുകയുള്ളൂവെന്ന്‌ ധരിച്ച ഈ നവ മാധ്യമത്തില്‍ ഒരു സോഫ്‌റ്റ്വെയര്‍ ഭീമന്റെയും പിന്‍തുണയില്ലാതെ മലയാളം എഴുതിപ്പഠിപ്പിച്ചത്‌ വരമൊഴി എന്ന ഒരു സ്വതന്ത്ര സോഫ്‌റ്റ്വെയറാണ്‌. വരമൊഴിയാണ്‌ സൈബര്‍ സ്‌പേസില്‍ മലയാളഭാഷയെ ഇത്രയേറെ സാധാരണമാക്കിയത്‌ എന്ന്‌ പറയാം. വരമൊഴിപോലുള്ള ആപ്ലിക്കേഷനുകള്‍ യുണീകോഡിലുള്ള ലിപി സൃഷ്‌ടിക്കാന്‍ സൗകര്യമൊരുക്കുക കൂടി ചെയതപ്പോള്‍ സാമാന്യകമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ആര്‍ക്കും അനായാസമായി ബ്ലോഗുകളിലും മറ്റും മലയാളമെഴുതാമെന്ന നില വന്നു. കെവിന്‍ നിര്‍മ്മിച്ച അഞ്‌ജലി ഓള്‍ഡ്‌ ലിപി എന്ന യുണീകോഡ്‌ ഫോണ്ട്‌ ആണ്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മലയാളം യുണീകോഡ്‌ ഫോണ്ട്‌. ഗ്നു ലൈസന്‍സുള്ള സൗജന്യമായ ഏക ഫോണ്ടും ഇതുതന്നെയാണ്‌. ഇതോടെ മലയാളഭാഷ ഒരേ രീതിയില്‍ കംപോസ്‌ ചെയ്‌തെടുക്കാനും യുണീകോഡ്‌ സൗകര്യമുള്ള ഏത്‌ സോഫ്‌റ്റ്വെയറിലും വായിച്ചെടുക്കാനും കഴിഞ്ഞു. വളരെ പെട്ടെന്ന്‌ പഠിച്ചെടുക്കാവുന്ന ഇത്തരം ലളിതമായ മലയാളം ടൈപ്പിംഗ്‌ സോഫ്‌റ്റ്വെയറുകള്‍ വൈബ്‌ സൈറ്റുകളും ബ്ലോഗുകളും വഴി തന്നെ ആവശ്യക്കാര്‍ക്ക്‌ സൗജന്യമായി പഠിപ്പിച്ചു കൊടുക്കുന്ന കാര്യത്തിലും അതിന്റെ സ്രഷ്‌ടാക്കള്‍ വിജയം കണ്ടതോടെയാണ്‌ വരമൊഴി എഡിറ്ററും, മൊഴി കീമാനുമൊക്കെ പ്രശസ്‌തിയാര്‍ജ്ജിച്ചത്‌. വരമൊഴിയും അനുബന്ധ ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്ന വിധം അക്കമിട്ടു നിരത്തി അവയിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സ്രഷ്‌ടാക്കള്‍ പ്രത്യേക പേജുകള്‍ തന്നെ നീക്കിവച്ചിട്ടുണ്ട്‌(http://varamozhi.sf.net) അക്ഷരമെഴുതുന്നതുമുതല്‍ ബ്ലോഗുണ്ടാക്കുന്നതു വരെയുള്ള ,സാങ്കേതിക വശങ്ങള്‍ പരസ്‌പരം പഠിപ്പിച്ചു കൊടുക്കുന്ന ഒരു വലിയ കൂട്ടായ്‌മ തന്നെയുണ്ട്‌ ഇന്ന്‌. (http://sankethikam.blogspot.com , http://howtostartamalayalamblog.blogspot.com/, തുടങ്ങിയവ) വെബ്ബിലെ മലയാളഭാഷയുടെ സാങ്കേതിക പഠിച്ച്‌ പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ ഇപ്പോഴും സജീവമാണ്‌ സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം മലയാളികള്‍. മലയാളമറിയാവുന്ന ആര്‍ക്കും വെബ്ബില്‍ ആശയവിനിമയം നടത്താമെന്ന സൗകര്യം ഒരു വലിയ വിപ്ലവത്തിനാണ്‌ തുടക്കമിട്ടിരിക്കുന്നത്‌. ഇങ്ങനെ മലയാളം അനായാസമായി ഉപയോഗിക്കാമെന്ന നില വന്നതോടെ മാതൃഭാഷയിലുള്ള ആത്മാവിഷ്‌കാരത്തിന്‌ ഇന്റര്‍ നെറ്റ്‌ വേദിയായി.

ലോകമെങ്ങും ചിതറിക്കിടക്കുന്ന മലയാളിയുടെ ഒത്തുചേരലിനാണ്‌ ഇന്റര്‍നെറ്റ്‌ ഇന്ന്‌ വേദിയായിരിക്കുന്നത്‌. വാര്‍ത്തകളറിയാനും ഉള്ളിലുള്ളത്‌ സ്വന്തം ഭാഷയില്‍ തുറന്നെഴുതിവെക്കുവാനുമുള്ള പൊതു വേദി. ഇംഗ്ലീഷ്‌ ആധിപത്യം സ്ഥാപിച്ച ലോകത്ത്‌ മലയാളത്തിന്റെ ആയുസ്സ്‌ കുറിച്ചിട്ടവര്‍ക്കുള്ള മറുപടിയാണ്‌ ഇന്റര്‍നെറ്റിലെ മലയാള പോര്‍ട്ടലുകളും ബ്ലോഗുകളുമൊക്കെ നല്‍കുന്നത്‌.


ബ്രാന്റഡ്‌ വായനക്കു പിന്നാലെ...

തു സാഹചര്യത്തിലും പുതിയ വായനാ സാഹചര്യങ്ങള്‍ സൃഷ്‌ടിച്ചെടുക്കുന്നവരാണ്‌ മലയാളികള്‍. വായന കുറഞ്ഞിട്ടില്ലെങ്കിലും പുതിയ തലമുറ വായനയുടെ പുതിയ വഴികള്‍ തേടുകയാണ്‌. മാറിയ ജീവിത സാഹചര്യങ്ങള്‍ വായനയേയും പുതിയ തലങ്ങളിലേക്ക്‌ നയിച്ചിരിക്കുന്നു. വൈലോപ്പിള്ളിയും കുഞ്ഞിരാമന്‍ നായരും കക്കാടുമൊന്നും ഉയര്‍ത്തിയ ചിന്തക്കുപിന്നാലെ പോകാന്‍ പുതിയ തലമുറ തയ്യാറല്ല, അതിനു സമയം മാറ്റിവെക്കാന്‍ തയ്യാറാകുന്നില്ല എന്നു പറയുന്നതാകും കൂടുതല്‍ ശരി. അവര്‍ക്കുവേണ്ടി പുതിയ എഴുത്തുകളും രൂപം കൊള്ളുന്നു. പണ്ട്‌ എഴുത്തുകാര്‍ക്ക്‌ ജനങ്ങളെ ഒരു പരിധി വരെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നു. ഇന്ന്‌ നേരിട്ട്‌ തേടിപ്പിടിച്ച്‌ വായിക്കുന്നതില്‍ നിന്നും കേട്ടറിവുള്ളത്‌ വായിക്കുക എന്ന നിലയിലേക്ക്‌ മാറിയിരിക്കുന്നു. ലോകസാഹിത്യത്തത്തെ പിടികൂടിയ വായനാ ബ്രാന്റുകളുടെ പിന്നാലെയാണ്‌ പുതിയ തലമുറയില്‍ ഏറിയ പങ്കും.

പാശ്ചാത്യ സാഹിത്യത്തില്‍ ഇതു ബ്രാന്റുകളുടെ കാലമാണ്‌. അമേരിക്കന്‍ പബ്ലിഷിംഗ്‌ കമ്പനികള്‍ പടച്ചുവിടുന്ന പുസ്‌തകങ്ങളുടെ പിന്നാലെയാണ്‌ പുതിയ സമൂഹം ഒരു വലിയ പങ്കും. വായിച്ചു തള്ളുക എന്ന പുതിയ പ്രവണതയുടെ ഉത്തമ ഉദാഹരണമാണ്‌ നാള്‍ക്കു നാള്‍ മുളച്ചു പൊങ്ങുന്ന സെക്കന്റ്‌ സെയില്‍ പുസ്‌തകശാഖകള്‍. ആദ്യകാലങ്ങളില്‍ ടൈം, ന്യൂസ്‌ വീക്ക്‌ തുടങ്ങിയ വിദേശ പ്രസിദ്ധീകരണങ്ങളും, യാത്രക്കിടയിലുള്ള വായനക്കാരുടെ ലഘുവായനക്കിണങ്ങുന്ന മാഗസിനുകളും മറ്റും വാങ്ങാനായിരുന്നു നമ്മള്‍ ഇത്തരം ഗ്രന്ഥശാലകളെ സമീപിച്ചിരുന്നത്‌. എന്നാല്‍ ഈയിടെ ഇറങ്ങിയ ഹാരിപോട്ടര്‍ പരമ്പരയിലെ അവസാന പുസ്‌തകം പോലും ഇവിടെ സുലഭം. എന്നാല്‍ മലയാളത്തിലെ ഇരുത്തം വന്ന എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ കിട്ടാന്‍ പ്രയാസവും. ഇഷ്‌ടകൃതികള്‍ കാശുകൊടുത്ത്‌ വാങ്ങി ചുളിവുവീഴാതെ സൂക്ഷിച്ചിരുന്ന കാലം മാറി, പകരം സെക്കന്റ്‌ഹാന്റ്‌ വിലക്ക്‌ പുസ്‌തകങ്ങള്‍ വാങ്ങി വായന കഴിഞ്ഞ്‌ കിട്ടുന്ന കാശിന്‌ വിറ്റ്‌ അടുത്തതു വാങ്ങുന്ന രീതിക്ക്‌ നല്ല പ്രചാരം ലഭിച്ചിട്ടുണ്ട്‌.

മലയാളത്തിലെ ഫിക്ഷനു കിട്ടാത്ത പ്രാധാന്യമാണ്‌ വിദേശ കൃതികള്‍ക്ക്‌ ലഭിക്കുന്നത്‌. ഇത്തരം മാര്‍ക്കറ്റുകളെ ലക്ഷ്യം വച്ചിറക്കുന്ന വിവര്‍ത്തനങ്ങളുടെ വേലിയേറ്റവും പുതിയ കാലത്തെ വായനയെ സ്വാധീനിച്ചിട്ടുണ്ട്‌. അറ്റ്‌ലാന്റിക്ക്‌ സമുദ്രം കടന്നുവന്ന പുസ്‌തകങ്ങള്‍ സ്വദേശകൃതികളെ ഹൈജാക്ക്‌ ചെയ്‌തിരിക്കുന്നു. ഗൂണമേന്മയേക്കാളുപരി ബ്രാന്റ്‌ മൂല്യത്തിന്റെ പേരില്‍ വിറ്റഴിഞ്ഞുപോകുന്ന പുസ്‌തകങ്ങളാണ്‌ ഇവയില്‍ ഏറിയ പങ്കും. അതുകൊണ്ടുതന്നെയാണ്‌ ഇത്തരം പുസ്‌തകങ്ങള്‍ ആക്രിക്കടകളില്‍ സജീവമാകുന്നത്‌. എന്നാല്‍ ഗബ്രിയേല്‍ ഗാര്‍സിയേ മാര്‍ക്കസിന്റെ പുസ്‌തകങ്ങള്‍ വായിച്ചിരുന്ന ഗൗരവത്തോടെയല്ല ഇത്തരം പുസ്‌തകങ്ങള്‍ വായിക്കുന്നത്‌. ഖലീല്‍ ജിബ്രാന്റെ തീവ്രാനുരാഗമോ അതില്‍ നിന്നുണ്ടാവുന്ന തത്വചിന്തയോ ഇവക്കില്ല. വായനയും ബ്രാന്റ്‌ ചെയ്യപ്പെട്ടിരിക്കുന്നു. യാത്രക്കിടയിലോ മറ്റോ നാലുപേര്‍ കാണെ വിദേശ എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു വായിക്കുന്ന ജാടയാണ്‌ ഇന്നു പലര്‍ക്കും വായന. ശരിയാണ്‌ വായന മരിച്ചിട്ടില്ല പകരം മരിച്ച വായനയാണ്‌ ഇന്നു പ്രോസ്‌താഹിക്കപ്പെടുന്നത്‌.

വായനയില്‍ വന്ന മാറ്റം ആനുകാലികങ്ങളിലും പ്രകടമാണ്‌. പണ്ട്‌ ഗൗരവപൂര്‍വ്വമായ സാംസ്‌കാരിക പ്രശ്‌നങ്ങളും രാഷ്‌ട്രീയപ്രശ്‌നങ്ങളും ഉന്നയിച്ചിരുന്ന സാഹിത്യത്തിന്‌ ഏറെ പ്രാധാന്യം നല്‍കിയിരുന്ന നമ്മുടെ പരമ്പരാഗത മാഗസിനുകള്‍ പോലും കെട്ടിലും മട്ടിലും ഏറെ മാറിയിരിക്കുന്നു. ട്രാന്‍സ്‌ അറ്റ്‌ലാന്റിക്ക്‌ എഴുത്തുകാര്‍ മുന്നോട്ടുവെക്കുന്ന പൊള്ളയായ തത്വചിന്തക്കാണ്‌ ഇന്ന്‌ അമിതപ്രാധാന്യം നല്‍കിക്കാണുന്നത്‌. കേരള സമൂഹത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാതെ ബ്രോയ്‌ലര്‍ കോഴികളെ അമിതമായി കഴിക്കുന്ന പാശ്ചാത്യ വിദ്യാര്‍ഥികളിലുണ്ടാകുന്ന മാനസികവും ശാരീരികവുമായ മാറ്റവും അവിടത്തെ വിദ്യാഭ്യാസ സമ്പദായത്തെ അത്‌ സ്വാധീനിച്ചതുമൊക്കെയാവും ഇന്നത്തെ ചര്‍ച്ചാവിഷയം. ഫീച്ചര്‍ സിന്റ്‌ക്കേറ്റുകള്‍ പടച്ചു വിടുന്ന ലേഖനങ്ങള്‍ അതേ പടി വിവര്‍ത്തനം ചെയ്‌ത്‌ പ്രസിദ്ധീകരിക്കുന്ന മാഗസിനുകളും അവ തൊണ്ട തൊടാതെ വിഴുങ്ങുന്ന എണ്ണത്തില്‍ ചുരുങ്ങിയ വായനക്കാരും സമകാലിക വായനാ ജാടയുടെ നേര്‍ചിത്രങ്ങളാണ്‌.

ഒ വി വിജയന്‍ ഖസാക്കിന്റെ ഇതിഹാസമോ മുകുന്ദന്റെ ഡല്‍ഹിയോ പുനത്തിലിന്റെ സ്‌മാരകശിലളോ എഴുതിയ സാഹചര്യമല്ല ഇന്നുള്ളത്‌. അധികമൊന്നും ചോരയൊഴുക്കാതെ കിട്ടിയ സ്വാതന്ത്യം എന്തുചെയ്യണമെന്നറിയാതെ നമ്മെ കൊണ്ടെത്തിച്ച `അറുപതുകളില്‍ നിന്നും എഴുപതുകളില്‍ നിന്നും നമ്മള്‍ ഒരുപാട്‌ പുരോഗമിച്ചു. അന്ന്‌ യുവാക്കള്‍ക്കുള്ള നിസ്സംഗത ഇന്നില്ല. തൊഴിലില്ലായ്‌മ എന്ന പ്രശ്‌നത്തോകാളുപരി ഏത്‌ തൊഴില്‍ തേടണമെന്ന ചിന്തയില്‍ നമ്മളെത്തി നില്‍ക്കുന്നു. തസ്രാക്കിലെ ഏകാധ്യാപന വിദ്യാലയവും അള്ളാപ്പിച്ച മൊല്ലാക്കയും അപ്പുക്കിളിയുമൊക്കെ യുവാക്കളുടെ ചിന്തയെ സ്വാധീനിച്ചു എന്നു പറഞ്ഞാല്‍ അതിനൊരു കെട്ടുകഥയുടെ വില പോലും കല്‌പിക്കില്ല പുതിയ തലമുറ. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഉപരിപ്ലവമായ വായന പ്രോത്സാഹിപ്പിക്കപ്പെടുന്നതും ആക്രിപുസ്‌തകക്കടകള്‍ പെരുകുന്നതും അങ്ങനെയാണ്‌. വായനയില്‍ പഴമ സൂക്ഷിക്കുന്ന ഒരു തലമുറ ഇത്തരം വര്‍ത്തമാന കാല ജാടകള്‍ വകവെക്കാതെയും നിലനില്‍ക്കുന്നു എന്നതിന്‌ തെളിവാണ്‌ വല്ലപ്പോഴും മണ്ണിന്റെ മണമുള്ള കൃതികള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവക്ക്‌ കിട്ടുന്ന സ്വീകാര്യത. പക്ഷേ അത്തരം എഴുത്തുകള്‍ ദിനം പ്രതി കുറഞ്ഞു വരുന്നു എന്നതാണ്‌ ദുഖകരം.

ഇ വായന
മലയാളിയുടെ വായന പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പുതിയ രൂപങ്ങള്‍ തേടുകയാണ്‌. പുസ്‌തകങ്ങളില്‍ നിന്നും പത്രങ്ങളില്‍ നിന്നുവരെ അന്യമാക്കപ്പെട്ട്‌ ദിവസത്തിന്റെ ഭൂരിഭാഗവും കമ്പ്യൂട്ടറിനു മുന്നില്‍ കുത്തിയിരിക്കേണ്ടിവരുന്ന ഒരു തലമുറ നാള്‍ക്കു നാള്‍ വളര്‍ന്നു വരുന്നു. ഇതില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ മാത്രമല്ല വര്‍ഷങ്ങളായി നാടുമായി ഒരു ബന്ധവുമില്ലാതെ വിദേശത്ത്‌ കഴിയുന്നവരും പങ്കാളികളാണ്‌. സാഹചര്യങ്ങളാല്‍ സ്വന്തം നാട്ടില്‍ നിന്നും സ്വന്തം ഭാഷയില്‍ നിന്നു പോലും മാറിനില്‍ക്കേണ്ടിവരുന്നവരിലൂടെ പുതിയ വായനാ സംസ്‌കാരം രൂപപ്പെട്ടുവരികയാണ്‌ മലയാളത്തില്‍. ലോകമലയാളി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വിദേശ മലയാളികളാണ്‌ പുതിയ ഇ-വായനയുടെ മുഖ്യ പ്രയോക്താക്കള്‍. ലോകത്തെവിടെയായാലും വലിയ കാശുമുടക്കില്ലാതെ ഒത്തുചേരാന്‍ കഴിയുന്ന ഇന്റര്‍നെറ്റില്‍ അത്തമൊരു പുതിയ സമൂഹം രൂപപ്പെട്ടുവരുന്നതിന്റെ പ്രതിഫലനങ്ങളാണ്‌ ഈയടുത്തകാലത്ത്‌ ശ്രദ്ധിക്കപ്പെട്ട ബ്ലോഗുകളും ഇ മാഗസിനുകളുമൊക്കെ. മലയാളം വാര്‍ത്താവെബ്‌ സൈറ്റുകളും പോര്‍ട്ടലുകളും അത്തരമൊരു ലോക മലയാളി സങ്കല്‌പത്തിനനുസൃതമായാണ്‌ രൂപമെടുത്തത്‌. എന്നാല്‍ കെട്ടിലും മട്ടിലും അവയെ കവച്ചുവെക്കുന്നവയാണ്‌ ബ്ലോഗുകള്‍. ഒരുതരം സിസ്റ്റമാറ്റിക്ക്‌ വായനയാണ്‌ ബ്ലോഗുകള്‍ മുന്നോട്ടുവെക്കുന്നത്‌.

ഭാഷ വളര്‍ന്നു വന്ന ഒരു ചരിത്ര പശ്ചാത്തലമാണ്‌ ഇന്റര്‍നെറ്റിലെ മലയാളം രചനകള്‍ക്കും പിന്നിലുള്ളത്‌. ഇംഗ്ലീഷ്‌ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ഇന്റര്‍നെറ്റ്‌ സാങ്കേതിക വിദ്യയില്‍ മലയാളത്തില്‍ ആശയവിനിമയം ചെയ്യുക ആദ്യകാലത്ത്‌ സ്വപ്‌നം മാത്രമായിരുന്നു. മലയാളികള്‍ തന്നെയാണ്‌ പിന്നീട്‌ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയത്‌. ഫോണ്ടുകള്‍ വികസിപ്പിച്ചതും മലയാളം കംപോസ്‌ ചെയ്യാനുള്ള പ്രോഗ്രാമുകള്‍ വികസിപ്പിച്ചതുമൊക്കെ. ഒപ്പം ഇവയെല്ലാം ഇന്റര്‍നെറ്റ്‌ വഴി സൗജന്യമായി വിതരണം ചെയ്യുകയും പഠിപ്പിച്ചുകൊടുക്കുകയും ചെയ്‌തു. ബ്ലോഗ്‌ എന്ന പുതിയ മാധ്യമം രംഗപ്രവേശനം ചെയ്‌തപ്പോള്‍ ബ്ലോഗില്‍ മലയാളരചനക്കുള്ള സാധ്യതകളും ഇവര്‍ തന്നെ പ്രചരിപ്പിച്ചു. ഇങ്ങനെ ഒരാളില്‍ നിന്ന്‌ മറ്റൊരാളിലേക്ക്‌ പകര്‍ന്നു നല്‍കിയ വിവരങ്ങള്‍ മൂന്നോ നാലോ വര്‍ഷങ്ങള്‍ കൊണ്ട്‌ വന്‍ വിജയമായി മാറി. ലോകത്ത്‌ ഇംഗ്ലീഷ്‌ കഴിഞ്ഞാല്‍ . മാതൃ ഭാഷയില്‍ ബ്ലോഗ്‌്‌ ചെയ്യുന്നവരില്‍ ഒരു വലിയ ശതമാനവും മലയാളികളായിരിക്കും. ജന്മമെടുത്ത്‌ ചുരുങ്ങിയകാലത്തിനുള്ളില്‍ ഏതാണ്ട്‌ രണ്ടായിരത്തോളം കൃതികള്‍ മലയാളത്തിലുണ്ടായി എന്നാണ്‌ കണക്ക്‌.

ഓര്‍മ്മക്കുറിപ്പുകളും ആക്ഷേപഹാസ്യങ്ങളും കവിതകളും കഥകളുമൊക്കെയാണ്‌ മലയാള ബ്ലോഗുകളില്‍ ഏറിയ പങ്കും . ഗൗരവവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ വളരെ കുറവുമാണ്‌. അമേരിക്കയിലും ഗള്‍ഫിലുമുള്ള പ്രവാസികളാണ്‌ മലയാളം ബ്ലോഗുകളുടെ മുഖ്യ പ്രചാരകര്‍. അതുകൊണ്ടുതന്നെ പ്രവാസി ജീവിതത്തിന്റെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ഒറ്റപ്പെടലുകളാണ്‌ ഇവരുടെ ബ്ലോഗുകളില്‍ മുഖ്യ വിഷയവും. ഒരു ജനകീയ പത്രപ്രവര്‍ത്തനത്തിന്റെ (സിറ്റിസണ്‍ ജേണലിസം)പാതയാണ്‌ ലോകത്താകമാനമുള്ള ബ്ലോഗുകള്‍ പിന്തുടരുന്നത്‌. ഇറാഖ്‌ യുദ്ധകാലത്ത്‌ മാധ്യമസ്വാതന്ത്ര്യമില്ലായിരുന്ന അവിടത്തെ വിവരങ്ങള്‍ അറിഞ്ഞത്‌ ബ്ലോഗുകളിലൂടെയായിരുന്നു, സുനാമിയുടെ തീക്ഷണതയും ലോകത്തെ അറിയിച്ചതില്‍ ബ്ലോഗുകള്‍ വലിയ പങ്കാണ്‌ വഹിച്ചത്‌. എന്നാള്‍ മലയാളത്തില്‍ അങ്ങനെയൊരു ബ്ലോഗെഴുത്തിന്റെ സാധ്യത ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ല. അച്ചടി രംഗത്തും ഇലക്‌ട്രോണിക്ക്‌ ദൃശ്യമാധ്യമരംഗത്തും വ്യക്തിമുദ്രപതിപ്പിച്ച മലയാളഭാഷക്ക്‌ പുതിയ കാലത്തിന്റെ മാധ്യമമെന്നു വിശേഷിപ്പിക്കുന്ന ഇന്റര്‍നെറ്റിലും ഇടം കണ്ടെത്താനായി എന്നത്‌ ആശാവഹമായ കാര്യമാണ്‌. മാധ്യമങ്ങളുള്ളിടത്തോളം മലയാളവും നിലനില്‍ക്കും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍. അവിടെ പഴമ അപ്രസക്തമാകുമെന്നുമാത്രം.
....................................................................9(മംഗളം ഓണപ്പതിപ്പ്)

Monday, August 20, 2007

ദുരൂഹതമാറാതെ ആണവകരാര്‍

ധികമാരോടും ചര്‍ച്ചചെയ്യാതെ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗും അമേരിക്കന്‍ പ്രസിഡണ്റ്റ്‌ ജോര്‍ജ്ജ്‌ ബുഷും തുടങ്ങിവച്ച ഇന്തോ-അമേരിക്കന്‍ ആണവകരാറിലെ ഉടമ്പടികകള്‍ ഇരുകൂട്ടരുടേയും പരസ്പരവിരുദ്ധമായ അഭിപ്രായം പുറത്തുവന്നതോടെ വീണ്ടും ദുരൂഹമാകുകയാണ്‌. ഇന്ത്യ ആണവ പരീക്ഷണം നടത്തുന്നത്‌ കരാറിനെ ബാധിക്കില്ലെന്ന്‌ മന്‍മോഹന്‍ സിംഗ്‌ ലോക്സഭയിലും പുറത്തും ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ആണവപരീക്ഷണം നടത്തിയാല്‍ പിന്‍മാറുമെന്ന്‌ അമേരിക്ക തുറന്നു പറഞ്ഞതോടെ പുതിയ വിവാദത്തിന്‌ തിരിതെളിഞ്ഞിരിക്കുന്നു. അമേരിക്കയുടെ പുതിയ വെളിപ്പെടുത്തല്‍ ഇന്ത്യയെ നവലോകത്തേക്ക്‌ കൈപിടിച്ചു നടത്തിയെന്ന്‌ അവകാശപ്പെടുന്ന മന്‍മോഹന്‍ സിംഗിണ്റ്റെ വിശ്വാസ്യതയെയാണ്‌ ചോദ്യം ചെയ്യുന്നത്‌. ഒപ്പം ഹൈഡ്‌ ആക്ടിണ്റ്റെയും ദേശതാല്‍പ്പര്യത്തിണ്റ്റെയും പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന ഇടതുപക്ഷത്തിന്‌ യു പി എ മന്ത്രിസഭയെ അടിക്കാന്‍ പുതിയ വടി യായി മാറുകയാണ്‌ അമേരിക്കയുടെ ഈ പ്രസ്താവന.

നേരത്തെ ഉന്നയിച്ച ആശങ്കകള്‍ പലതും പരിഹരിച്ചു കൊണ്ടുള്ള കരാറിണ്റ്റെ കരടുരൂപമാണ്‌ കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും ഒപ്പിട്ടതെന്നാണ്‌ ഇരു കൂട്ടരും പറയുന്നത്‌. ഇന്ത്യക്കുവേണ്ടി പ്രണബ്മുഖര്‍ജിയും അമേരിക്കക്കുവേണ്ടി കോണ്ടലീസ റൈസും ഒപ്പിട്ട രേഖകള്‍ ഇരു രാജ്യങ്ങളും ഒരേ സമയമാണ്‌ പുറത്തുവിട്ടത്‌. കരാറിനേക്കുറിച്ച്‌ പുറത്തുവിട്ട രേഖകളിലെ ചിലകാര്യങ്ങളില്‍ വ്യക്തതയില്ലാത്തതതും ഇതേപറ്റി ചര്‍ച്ച ചെയ്യാമെന്നു സമ്മതിച്ചെങ്കിലും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ സ്വീകരിച്ച നിഷേധാത്മക നിലപാടുമാണ്‌ പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്‌ അമേരിക്ക നല്‍കുന്ന ഇന്ധനം സംസ്കരിക്കാന്‍ ഇന്ത്യയെ അനുവദിക്കില്ല എന്നതായിരുന്ന 2005 ജൂലൈ 18 ന്‌ ഒപ്പിട്ട ധാരണയില്‍ പ്രത്യേകം എടുത്തു കാണിക്കപ്പെട്ടത്‌. കൂടാതെ വിരലിലെണ്ണാവുന്ന വ്യവസ്ഥകളെ ഇരുകൂട്ടരും അന്ന്‌ പുറത്തുവിടുകയും ചെയ്തുള്ളൂ. ആണവകരാറിനെ ചുറ്റിപ്പറ്റി വിവാദം പടര്‍ന്നുപിടിക്കാന്‍ കാരണമായയത്‌ ഈ ദുരൂഹതയാണ്‌. എന്നാല്‍ പുതിയ ധാരണ പ്രകാരം ഉപയോഗിച്ചു കഴിഞ്ഞ ഇന്ധനം പുനസംസ്കരണത്തിന്‌ ഉപയോഗിക്കാന്‍ ഇന്ത്യക്ക്‌ അനുവാദം നല്‍കുന്നു. പ്രത്യക്ഷമായും പരോക്ഷമായും ഇന്ത്യയുടെ ആണവ പരീക്ഷണങ്ങള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തുന്നതാണ്‌ കരാറിലെ വ്യവസ്തകള്‍, അതു ചൂണ്ടിക്കാട്ടിയാണ്‌ ഇടതുപക്ഷം സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്‌.

ഇന്ത്യയുടെ സൈനികേതര ആണവ ആവശ്യങ്ങള്‍ക്കുമാത്രമാണ്‌ അമേരിക്ക സഹായിക്കുകയെന്നും സൈനിക ആവശ്യങ്ങള്‍ക്ക്‌ ഇന്ത്യ മുതിര്‍ന്നാല്‍ കരാര്‍ ഉപേക്ഷിക്കുമെന്നുമായിരുന്നു ആദ്യം വ്യവസ്ഥ ചെയ്തിരുന്നത്‌. ആവ്യവസ്ഥയില്‍ നിന്നും അമേരിക്ക പിന്‍മാറിയെന്നാണ്‌ മന്‍മോഹന്‍സിംഗും യുപിഎ സര്‍ക്കാരും വ്യക്തമാക്കിയത്‌. അതില്‍ അവ്യക്തയുണ്ടെന്നും ഇന്ത്യയുടെ ഭാവി ആണവ പരിപാടികളെ തടയിടാനുള്ള വ്യവസ്തകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും ഇടതുപക്ഷം അവകാശപ്പെടുന്നു. ഒരുവര്‍ഷത്തെ സമയം നല്‍കി കരാറില്‍ നിന്നു പിന്‍മാറാന്‍ ഇരു കൂട്ടര്‍ക്കും അവകാശമുണ്ട്‌. നാല്‍പതുവര്‍ഷത്തേക്കാണ്‌ കരാര്‍ വിഭാവനം ചെയ്തിരിക്കുന്നത്‌ ആവശ്യമെങ്കില്‍ ഇത്‌ പത്തുവര്‍ഷം കൂടി നീട്ടുകയുമാവാം.

2006 ഡിസംബറില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്‌ പാസ്സാക്കിയ ഹെണ്റ്റി ഹൈഡ്‌ ആക്ടിലെ വ്യവസ്ത പ്രത്യക്ഷമായല്ലെങ്കിലും ഇന്ത്യയുടെ സൈനിക ആണവ പരീക്ഷണങ്ങള്‍ക്ക്‌ വിലക്കു കല്‍പ്പിക്കുന്നതാണെന്നാണ്‌ പ്രധാന ആരോപണം. കരാര്‍ നിര്‍ത്തലാക്കിയാല്‍, 'ഹൈഡ്‌ ആക്്ട്‌' അനുസരിച്ച്‌, പ്രതിസന്ധി മറികടക്കാന്‍ അമേരിക്കക്ക്‌ ഇന്ത്യയെ സഹായിക്കേണ്ടതില്ല. പോരാത്തതിന്‌ ഇന്ധനങ്ങള്‍ നല്‍കുന്ന മറ്റ്‌ രാഷ്ട്രസമൂഹങ്ങളുമായി ചേര്‍ന്ന്‌ ഇതില്‍ നിന്ന്‌ പിന്‍തിരിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്‌. അമേരിക്കയുടെ നയങ്ങളുമായി ഇന്ത്യ യോജിക്കുന്നുണ്ടെന്ന പ്രസിഡണ്റ്റ്‌ എല്ലാ വര്‍ഷവും നല്‍കുന്ന റിപ്പോര്‍ട്ടുകൂടെ പരിഗണിച്ചേ കോണ്‍ഗ്രസ്‌ കരാര്‍ പുതുക്കുകയൂള്ളു. ആണവകരാറില്‍,വാര്‍ഷിക റിപ്പോര്‍ട്ടിണ്റ്റെ ആവശ്യകതയില്ലെന്നാണ്‌ പ്രധാനമന്ത്രി പറയുന്നത്‌. അമേരിക്കന്‍ ഭരണഘടനയനുസരിച്ച്‌,പ്രസിഡണ്റ്റിന്‌ വാര്‍ഷിക റിപ്പോര്‍ട്‌ നല്‍കേണ്ട കടമയുണ്ടുതാനും. അമേരിക്ക മുന്നോട്ടുവെക്കുന്ന വ്യവസ്ഥകളും ഭരണഘടനയും അനുസരിച്ചു നോക്കുമ്പോള്‍ മന്‍മോഹന്‍ സിംഗ്‌ പറയുന്നത്‌ പകുതിയിലധികവും അംഗീകരിക്കാന്‍ പറ്റില്ല എന്നതാണ്‌ സത്യം.

2005 ല്‍ തന്നെ മന്‍മോഹന്‍സിംഗും അദ്ദേഹത്തിണ്റ്റെ കൂടെയുണ്ടായിരുന്ന വിദഗ്ദര്‍ക്കും കരാറിണ്റ്റെ കരടിനെ പറ്റി പൂര്‍ണ്ണമായ രൂപം ലഭിച്ചിട്ടുണ്ടായിരുന്നില്ല. അതിനു പുറമെ ഇരുരാജ്യങ്ങളും അതീവരഹസ്യസ്വഭാവത്തിലായിരുന്നു ഇത്‌ കൈകാര്യം ചെയ്തിരുന്നതും. തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ സംഘത്തിനു മുന്നില്‍ കരാറിലെ വ്യവസ്ഥകള്‍ സമര്‍പ്പിക്കണമെന്നും പഠന വിധേയമാക്കണമെന്നുമുള്ള ശാസ്ത്ര സാങ്കേതിക ബൌദ്ധിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യവും പ്രധാനമന്ത്രി അന്ന്‌ നിരാകരിച്ചത്‌ പ്രതിഷേധത്തിന്‌ വക നല്‍കിയിരുന്നു. 123 കരാറിനെ ചുറ്റിപ്പറ്റി നിന്നിരുന്ന ദൂരൂഹത ഇനിയും നീങ്ങിയിട്ടില്ലെന്നു മാത്രമല്ല അത്‌ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയുമാണ്‌ എന്നാണ്‌ അമേരിക്കയുടെ പുതിയ വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്‌. ഇടതുപക്ഷവും ബി ജെ പിയും ഇതര കക്ഷികളും മുന്നോട്ടുവച്ച സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കുകയെന്ന സാമാന്യ മര്യാദ പോലും പ്രധാനമന്ത്രി കാണിച്ചില്ല എന്നതും എടുത്തുപറയേണ്ടതാണ്‌.

അമേരിക്കയുടെ സമീപകാല ചെയ്തികള്‍ വച്ചു നോക്കുമ്പോള്‍ ഇന്ത്യക്കു ഗുണം ചെയ്യുമെന്ന്‌ പറയുന്ന കരാര്‍ ഒപ്പിടുണമെങ്കില്‍ അത്‌ അത്ര തുറന്ന മനസ്സോടെയായിരിക്കില്ല എന്ന്‌ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. സാമ്പത്തികവും രാഷ്ട്രീയവുമായി ഇന്ത്യക്ക്‌ ഈയടുത്ത കാലത്ത്‌ വര്‍ദ്ധിച്ചു വരുന്ന പ്രാധാന്യവും അമേരിക്കക്ക്‌ ഏഷ്യയില്‍ നഷ്ടപ്പെടുന്ന ബഹുമാനവും ഇത്തരമൊരു കരാറിനെ പ്രോത്സാഹിപ്പിക്കാന്‍ അമേരിക്കയെ നിര്‍ബന്ധത്തിലാക്കി എന്നു പറയുന്നതാവും ശരി. സെപ്തംബര്‍ 11 സംഭവത്തിനുശേഷം ഏഷ്യയോട്‌ പ്രത്യേകിച്ചും മുസ്ളീം രാഷ്ട്രങ്ങളോട്‌ അമേരിക്ക സ്വീകരിച്ച നയം ഗുണത്തേക്കാളേറെ ദോഷമാണ്‌ ചെയ്ത്‌. ഇറാഖ്‌ യുദ്ധവും സദ്ദാമിണ്റ്റെയും അനുകൂലികളുടെയും വധവും അമേരിക്കയുടെ പ്രഖ്യാപിത ശത്രുക്കളുടെ മേല്‍ അനുകമ്പ ചൊരിയുന്നതായിരുന്നു. അതേ സമയം അമേരിക്കയുടെ ഉറ്റ സുഹൃത്തുക്കളായിരുന്ന പാകിസ്താനിലെ അരക്ഷിതാവസ്തയും ഇന്ത്യയോട്‌ കൂടുതല്‍ അടുക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചു. ഏഷ്യയിലെ വന്‍ശക്തിയായി വളര്‍ന്നുവരുന്ന ചൈനയോട്‌ പാകിസ്താന്‍ പുലര്‍ത്തുന്ന അടുപ്പവും അമേരിക്കക്ക്‌ തലവേദനാകുന്നുണ്ട്‌. താലിബാന്‍ ഭീകരര്‍ക്ക്‌ പാകിസ്താന്‍ അഭയം നല്‍കുന്നതും അമേരിക്കയെ ചൊടിപ്പിച്ചുവെന്നു വേണം കരുതാന്‍.

സാഹചര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ ചേരിചേരാപ്രസ്ഥാനവുമായി മുന്നിട്ടിറങ്ങി ലോകരാജ്യങ്ങളുടെ ഇടയില്‍ സല്‍പേര്‌ സമ്പാദിച്ച ഇന്ത്യയോട്‌ കൂട്ടുകൂടുന്നത്‌ എന്തുകൊണ്ടും അമേരിക്കക്ക്‌ ഗുണം ചെയ്യും. ഇങ്ങനെ ഏഷ്യയില്‍ നഷ്ടമാകുന്ന സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമത്തിണ്റ്റെ ഫലമായാണ്‌ ഇന്ത്യയോട്‌ കൂടുതല്‍ അടുപ്പം കാണിക്കുന്നത്‌ എന്നു പറയാം. ഈ അടിസ്ഥാനത്തില്‍ വേണം അമേരിക്കന്‍ ആണവ വാഹിനിയായ നിമിറ്റ്സും ആണവ അന്തര്‍വാഹിനികളും ഉള്‍പ്പെടുന്ന അടുത്തമാസത്തെ സംയുക്ത സൈനികാഭ്യാസത്തേയും കാണേണ്ടത്‌.

ആണവസാങ്കേതിക രംഗത്ത്‌ സ്വന്തമായി വ്യക്തിത്വം സ്ഥാപിച്ച ഇന്ത്യയുടെ ഇപ്പോഴത്തെ സാഹചര്യവും അമേരിക്കക്ക്‌ അനുകൂലമായിരുന്നു. നമ്മള്‍ തോറിയവും പ്ളൂട്ടോണിയവുമൊക്കെ വാങ്ങിയിരുന്ന രാജ്യങ്ങള്‍ 1974ലെയും 1998 ലെയും ഇന്ത്യയുടെ ആണവ പരീക്ഷണങ്ങളെതുടര്‍ന്ന്‌ ഉപരോധമേര്‍പ്പെടുത്തുകയോ ഭാഗികമായി പിന്‍മാറുകയോചെയ്തു. ഈയവസരം മുതലെടുത്താണ്‌ അമേരിക്ക ഇന്ത്യയുമായുള്ള ആണവകരാറുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്‌. എന്നാല്‍ ഇന്ത്യ ഒരു ആണവ ശക്തിയായി വളര്‍ന്നു വരുന്നത്‌ അമേരിക്കക്കുമാത്രമല്ല മറ്റു ആണവശക്തികള്‍ക്കും താല്‍പ്പര്യമില്ല എന്നത്‌ വസ്തുതയാണ്‌. ആണവനിര്‍വ്യാപനകരാറിണ്റ്റെ പേരില്‍ ഇന്ത്യയെ ആണവ പരിപാടികളില്‍ നിന്ന്‌ പിന്തിരിപ്പിക്കാന്‍ ഇവരൊക്കെ പല തവണ ശ്രമിച്ചതുമാണ്‌. അതില്‍ വഴങ്ങാത്തതിനാല്‍ ഇന്ത്യയുമായി സഹകരിക്കേണ്ടതില്ലെന്ന്‌ ആസ്ത്രേലിയയടക്കമുള്ള രാജ്യങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. ആസ്ട്രേലിയയുടെ ഇപ്പോഴുണ്ടായ മനം മാറ്റവും ശ്രദ്ധേയമാണ്‌. കഴിഞ്ഞ ദിവസം ചേര്‍ന്ന ഓസ്ട്രേലിയന്‍ മന്ത്രിസഭായോഗം ഇന്ത്യക്ക്‌ യുറേനിയം നല്‍കാന്‍ തയ്യാറാണെന്ന്‌ പ്രഖ്യാപിച്ചു. ഇന്ത്യ ആണവ പരീക്ഷണം നടത്തിയാല്‍ കരാര്‍ റദ്ദാക്കുമെന്ന വ്യവസ്ഥ പ്രകാരമായിരിക്കും ഇന്ധനം നല്‍കുക. യുറേനിയം സമാധാന ആവശ്യങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കൂ എന്ന കാര്യം പരിശോധിക്കാന്‍ ഓസ്ട്രേലിയന്‍ നിരീക്ഷകര്‍ക്ക്‌ അധികാരം നല്‍കുന്ന തരത്തിലായിരിക്കും കരാറെന്നും അവര്‍ വ്യക്തമാക്കി. ആണവ മേഖലയില്‍ ഇന്ത്യ ഒരു ഉപഭോക്തൃരാജ്യം മാത്രമായിക്കാണാനാണ്‌ മറ്റുള്ളവരുടെ താല്‍പര്യം.

ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തില്‍ അമേരിക്കയുമായുണ്ടാക്കുന്ന ആണവ കരാര്‍ വളരെ സൂക്ഷമതയുള്ളതായിരിക്കണമെന്നാണ്‌ നയതന്ത്രവിദഗ്ദരും രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെടുന്നത്‌. പക്ഷേ കരാറിനേക്കുറിച്ച്‌ പഠിക്കാനോ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനോ കഴിയാത്ത വിധം അതീവ രഹസ്യമായിട്ടായിരുന്നു അമേരിക്കയുടെ നീക്കം. കരടുരൂപത്തിലെ വ്യവസ്തകളില്‍ ചിലതുമാത്രമായിരുന്നു ആദ്യം പുറത്തുവിട്ടത്‌. ഇത്രയും ദുരൂഹതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹൈഡ്‌ ആക്ടിണ്റ്റെ വിവിധവശങ്ങളെക്കുറിച്ചും ആണവ കരാറിനെക്കുറിച്ചും ഇടതു പക്ഷ കക്ഷികളും ഇതര കക്ഷികളും ഉന്നയിച്ച സംശയങ്ങള്‍ ദൂരീകരിക്കുക പ്രധാനമന്ത്രിയുടെ കടമയാണ്‌. ചര്‍ച്ച ചെയ്യാമെന്നു വാഗ്ദാനം ചെയ്തതല്ലാതെ കൃത്യമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രിക്കും ഇതുവരെ കഴിഞ്ഞില്ല. പാര്‍ലമെണ്റ്റിണ്റ്റെ ഇരുസഭകളും ഇതേ തുടര്‍ന്ന്‌ പലതവണ നിര്‍ത്തിവെക്കേണ്ടിവരികയും ചെയ്തു.

യുപിഎസര്‍ക്കാരും അവര്‍ക്കു പിന്തുണ നല്‍കുന്ന ഇടതു പക്ഷവും കനത്ത ഏറ്റുമുട്ടലിണ്റ്റെ പാതയിലാണിപ്പോള്‍. ആണവകരാറിനെ എതിര്‍ത്ത ഇടതുപക്ഷത്തോട്‌ വേണമെങ്കില്‍ പിന്തുണപിന്‍വലിച്ചോളൂ എന്ന മറുപടിയാണ്‌ മന്‍മോഹന്‍ സിംഗ്‌ നല്‍കിയത്‌. കരാറിനെ എതിര്‍ക്കുന്നവരാണ്‌ സഭയില്‍ ഭൂരിപക്ഷവും എന്ന കടുത്ത ഭാഷയിലുള്ള മറുപടി സി പി എം ജനറല്‍ സെക്രട്ടറി കാരാട്ടും നല്‍കി. ഭൂരിപക്ഷം പിന്തുണക്കാത്ത രാജ്യസുരക്ഷയെ തന്നെ ബാധിക്കുമെന്ന്‌ ആരോപണമുയര്‍ന്ന കരാറിനു നേരെയുയര്‍ന്ന ആരോപണങ്ങള്‍ക്ക്‌ കൃത്യമായി മറുപടിനല്‍കാതെ നിഷേധസ്വഭവത്തില്‍ പ്രതികരിക്കുന്ന പ്രധാനമന്ത്രിയുടെ നയം ബീഭത്സവും പ്രതിഷേധാര്‍ഹവുമാണ്‌. ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണമാണ്‌ ജനങ്ങളും ആഗ്രഹിക്കുന്നത്‌. മന്‍മോഹന്‍സിംഗ്‌ തന്നെ മുന്‍കൈയെടുത്ത്‌ നടപ്പിലാക്കിയ ഉദാരവര്‍ക്കരണനയങ്ങള്‍ക്ക്‌ പിന്നീട്‌ സ്വീകാര്യത ലഭിച്ചതു പോലെ ആണവകരാറും കാലക്രമേണ അംഗീകരിച്ചോളും എന്ന അദ്ദേഹത്തിണ്റ്റെ നിലപാട്‌ ജനാധിപത്യ മര്യാദകള്‍ക്ക്‌ ചേര്‍ന്നതല്ല.
............................................................................................. (പുഴ. കോം)

Thursday, August 02, 2007

നന്ദിഗ്രാമിലെ പ്രേതം ആന്ധ്രയില്‍

ട്ടിണിപ്പാവങ്ങള്‍ക്ക്‌ കിടപ്പാടം നല്‍കുകയെന്ന ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത പാര്‍ട്ടിയാണ്‌ കമ്മ്യൂണിസ്റ്റുപാര്‍ട്ടി. കേരളത്തിലോ ത്രിപുരയിലോ ബംഗാളിലോ മാത്രം ഒതുങ്ങുന്ന ഒരു ബ്രാക്കറ്റു പാര്‍ട്ടിയായി സി പി എമ്മിനെ കാണരുത്‌. പാവങ്ങള്‍ എന്ന വാക്കുച്ചരിക്കാന്‍ അവകാശമുള്ള ഏക പാര്‍ട്ടി, പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരായ പാര്‍ട്ടി. പക്ഷേ ഓരോ സംസ്ഥാനത്തെയും പാവങ്ങള്‍ വ്യത്യസ്ഥരാണ്‌. ഇടതുപക്ഷം വര്‍ഷങ്ങളായി പരാജയം കണ്ടിട്ടില്ലാത്ത ബംഗാളില്‍ പാവങ്ങള്‍ ഇന്തോനേഷ്യയിലെ സലീം ഗ്രൂപ്പും, ഇന്ത്യയിലെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ ടാറ്റയുമാണ്‌. മുതലാളിമാരെ പാവപ്പെട്ടവരാക്കുക, പാവപ്പെട്ടവര്‍ക്കു വേണ്ടി പുതിയ ലോകം കെട്ടിപ്പടുക്കുക. ആചാര്യന്മാര്‍ ഏല്‍പ്പിച്ച ചരിത്ര ദൗത്യം അല്‌പമെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്‌ ഇന്ത്യയിലെ ചുവപ്പുകോട്ടയായ ബംഗാളിലാണ്‌. അതിര്‍ത്തി കടന്നാല്‍ പാവങ്ങളുടെ നിലവാരം വീണ്ടും താഴേക്കു വരും. അങ്ങനെയല്ലേ വരൂ. അതുകൊണ്ടാണ്‌ അവര്‍ക്കു വേണ്ടി ഭൂമി പതിച്ചു നല്‍കാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനായി രാജ്യവ്യാപകമായി സമരം ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചത്‌. മണിക്കൂറുകള്‍ക്കുള്ളില്‍ പുത്തന്‍ ഭൂപരിഷ്‌കരണ ചരിത്രത്തിലെ രക്തസാക്ഷിപ്പട്ടികയിലേക്ക്‌ ആന്ധ്രാപ്രദേശില്‍ നിന്ന്‌ ഒരു സ്‌ത്രീയടക്കം എട്ടു പേരെയാണ്‌ ലഭിച്ചത്‌.

ഭൂരഹിതര്‍ക്ക്‌ ഭൂമിയാവശ്യപ്പെട്ട്‌ സി പി എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപാര്‍ട്ടികള്‍ നടത്തിയ ബന്ദാണ്‌ അക്രമാസക്തമായതും ഖമ്മം ജില്ലയിലെ മുഡിഗൊണ്ട ഗ്രാമത്തിലുണ്ടായ പോലീസ്‌ വെടിവെപ്പില്‍ എട്ടു പേര്‍ മരിച്ചതും. പൊലീസിനു നേരെ കല്ലെറിഞ്ഞ പ്രകടനക്കാര്‍ക്കു നേരെ പോലീസ്‌ വെടിവെക്കുകയായിരുന്നെന്ന്‌ റിപ്പോര്‍ട്ട്‌. നിനച്ചിരിക്കാതെ വീണുകിട്ടിയ അവസരം ഇടതുപാര്‍ട്ടികള്‍ നന്നായി ഉപയോഗിച്ചു. ബന്ദും പ്രതിഷേധവും ഹര്‍ത്താലുമായി ആഘോഷപരിപാടികള്‍ കൊഴുത്തു. ഡല്‍ഹിയില്‍ നിന്ന്‌ മാഡം വിളിച്ചു മുഖ്യമന്ത്രി വൈ എസ്‌ രാജശേഖര റെഡ്ഡിയെ വിരട്ടി, റെഡ്ഡി ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു. മരിച്ചവര്‍ക്ക്‌ അഞ്ചു ലക്ഷം പരിക്കേറ്റവര്‍ക്ക്‌ ഒരു ലക്ഷം. സി പി എം ഉത്തരവാദിത്വം കോണ്‍ഗ്രസ്സിന്റെ തലയില്‍ വച്ചൊഴിഞ്ഞു. ഒപ്പം കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്നും രാജ്യമെങ്ങും പുത്തന്‍ ഭൂപരിഷ്‌കരണസമരവുമായി മുന്നോട്ടു പോകുമെന്നും കാരാട്ട്‌ വടിവൊത്ത ഭാഷയില്‍ പ്രഖ്യാപിച്ചു.

ബംഗാളിനു പുറത്ത്‌ കാരാട്ടും യച്ചൂരിയും കൂട്ടരും പാവപ്പെട്ടവര്‍ക്കു ഭൂമി ലഭിക്കാന്‍ വീറോടെ പൊരുതുമ്പോള്‍ ഇന്ത്യയിലെ തൊഴിലാളികളുടെ സ്വര്‍ഗ്ഗരാജ്യത്ത്‌, അങ്ങ്‌ നന്ദിഗ്രാമില്‍ കുത്തകകള്‍ക്കു വേണ്ടി സി പി എമ്മുകാരും കിടപ്പാടത്തിനു വേണ്ടി ഭൂമി ഏറ്റെടുക്കല്‍ പ്രതിരോധ സമിതിക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. എന്തൊരു വിരോധാഭാസം. നന്ദിഗ്രാമില്‍ രണ്ട്‌ പേര്‍ മരിച്ചതിനെതിരെ ഈ നേതാക്കളാരും ഒന്നും പ്രതികരിച്ചു കണ്ടില്ല. ഇങ്ങ്‌ ആന്ധ്രാ പ്രദേശില്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അതേ സമരമാണ്‌ അവിടെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്‌ മേല്‍ക്കൈയുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രതിരോധ സമിതി (ബി യു പി സി) യുടെ നേതൃത്വത്തില്‍ നടക്കുന്നത്‌. അഞ്ചുമണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തില്‍ സംഘടിതരായ സി പി എം കാരും ബി യു പി സി പ്രവര്‍ത്തകരും മുപ്പതു തവണ വെടിവെച്ചു. വെടിവെപ്പില്‍ പാടത്തു പണിയെടുത്തിരുന്നവരാണ്‌ മരിച്ചത്‌. നന്ദീഗ്രാമിലും ബന്ദും പ്രതിഷേധവും ആളിക്കത്തി. ബുദ്ധദേബ്‌ സര്‍ക്കാരിന്‌ മുന്‍കരുതലായി 400 ഓളം പോലീസുകാരെ വിന്യസിക്കേണ്ടിവന്നു. കഴിഞ്ഞ മാര്‍ച്ച്‌ പതിനാലിന്‌ പോലീസും സി പി എം പ്രവര്‍ത്തകരും ഭൂസംരക്ഷണ സമിതി പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ല്‍പരം പേരാണ്‌ മരിച്ചത്‌. തൊട്ടുമുമ്പ്‌ ജനുവരിയില്‍ മരിച്ചത്‌ 6 പേര്‍. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കണക്കില്‍ പെട്ടും പെടാത്തതുമായി മരിച്ചത്‌ നിരവധി. ഇവരെല്ലാം പ്രത്യയശാസ്‌ത്രപരമായി പറഞ്ഞാല്‍ അധ്വാനിക്കുന്ന ജനവിഭാഗം. സിപിഎമ്മടക്കമുള്ള ഇടതുപാര്‍ട്ടികളുടെ ആണിക്കല്ല്‌. നേടാനല്ലാതെ നഷ്‌ടപ്പെടാനൊന്നുമില്ലാത്തവര്‍. എന്നാല്‍ സി പി എം തുണക്കുന്നത്‌ ഇന്തോനേഷ്യയിലെ കുത്തക ഭീമന്‍ സാലിം ഗ്രൂപ്പിനെ, ഒന്നു കൂടെ നന്നായി പറഞ്ഞാല്‍ സുഹാര്‍ത്തോ ഭരണകൂടത്തിന്‌ ഭീഷണി സൃഷ്‌ടിച്ച അതേ സാലിം ഗ്രൂപ്പിനെ, എന്തൊരു ആദര്‍ശ ധീരത.

കമ്മ്യൂണിസ്റ്റുപാര്‍ട്ടി കെട്ടിപ്പടുത്ത നേതാക്കളുടെ അന്യം നിന്നു പോകുന്ന കണ്ണികളില്‍ പ്രധാനിയായ ജ്യോതി ബസുവിന്റെ മലക്കം മറിച്ചിലാണ്‌ ശ്രദ്ധേയം. നന്ദിഗ്രാം വെടിവെപ്പോടെ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച ബസു ഇന്ന്‌ നന്ദിഗ്രാം സംഭവത്തെ യാതൊരു നാണവുമില്ലാതെ ന്യായീകരിക്കുകയാണ്‌. നന്ദിഗ്രാം സംഭവത്തിനുശേഷം ഇടതുമുന്നണി എന്ന ആശയം തന്നെ അന്യം നിന്നു പോകുമെന്നു മുന്നണിയോഗത്തില്‍ ഗര്‍ജ്ജിച്ച അതേ ആര്‍ജ്ജവത്തോടെയാണ്‌ ഖമ്മത്തെ വെടിവെപ്പിനെ യൊതൊരു വിധത്തിലും ന്യായീകരിക്കാനാവില്ലെന്നു പറഞ്ഞ കൂട്ടത്തില്‍ നന്ദിഗ്രാമില്‍ ഒരു വെടിവെപ്പ്‌ അനിവാര്യമായിരുന്നെന്ന്‌ പറഞ്ഞത്‌. സി പി എമ്മിന്റെ ഇരട്ടത്താപ്പിനെതിരെ മമതാ ബാനര്‍ജി ആക്രോശിച്ചതിനു തൊട്ടു പിന്നാലെ തന്നെ ബസു അതു ശരിവെക്കുകയും ചെയ്‌തു.

ഖമ്മം സംഭവത്തോടെ സ്വന്തം പേരിലുള്ളതും കുടുംബാംഗങ്ങളുടെ പേരിലുള്ളതുമായ ഭൂമി വിട്ടുകൊടുത്ത്‌ നേടിയെടുത്ത സല്‌പേരാണ്‌ വൈ എസ്‌ രാജശേഖര റെഡ്ഡി കളഞ്ഞു കുളിച്ചത്‌. റെഡ്ഡിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമായിരുന്നു വെടിവെപ്പെന്നാണ്‌ സി പി എം ആരോപിക്കുന്നത്‌. അതുകൊണ്ട്‌ അദ്ദേഹം രാജിവെച്ചു പിരിഞ്ഞുപോകണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തിനെതിരെ ശക്തമായ പ്രചരണം അഴിച്ചുവിടുമെന്നും സി പി എം നേതൃത്വം വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ദ്വിഗ്‌ വിജയ്‌ സിംഗാണെങ്കില്‍ സംഭവത്തില്‍ ഒരു മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച്‌ രക്ഷപ്പെടാനാണ്‌ ശ്രമിക്കുന്നത്‌. സമരക്കാര്‍ക്കിടയില്‍ മാവോ വാദികള്‍ നുഴഞ്ഞു കയറിയതാണ്‌ വെടിവെപ്പിനു കാരണമെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. പ്രധാനമന്ത്രി ഇടപെടുന്നതിനു മുമ്പേ ആക്‌ടിംഗ്‌ പ്രധാനമന്ത്രി സോണിയാ ഗാന്ധി വിശദീകരണം ആവശ്യപ്പെട്ടതോടെ രാജശേഖര റെഡ്ഡിയുടെ രക്തത്തിനു വേണ്ടിയാണ്‌ ചന്ദ്രബാബു നായിഡുവിന്റെയും ബി ജെ പിയുടെയും കരുക്കള്‍ നീക്കുന്നത്‌.

എന്നാല്‍ രണ്ടു ദിവസത്തെ ഹൈദരാബാദ്‌ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി പ്രശ്‌നങ്ങളില്‍ നേരിട്ടിടപെട്ടതോടെയാണ്‌ കോണ്‍ഗ്രസ്‌ നീക്കങ്ങള്‍ക്ക്‌ ദിശാബോധം കിട്ടിയത്‌. സംഭവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബംഗള്‍ക്ക്‌ നേരിട്ട്‌ അനുശോചന മറിയിച്ചു. ഒപ്പം സംസ്ഥാനത്ത്‌ സി പി എമ്മിന്റെ സമരം മനപ്പൂര്‍വ്വം അക്രമാസക്തമാക്കുകയാണെന്നും അനിഷ്‌ടസംഭവങ്ങള്‍ ഒഴിവാക്കണമെന്നും സൗമ്യമായി പ്രധാനമന്ത്രി ആവശ്യപ്പെട്ടത്‌ വൈ എസിന്റെ തല തല്‍ക്കാലം തെറിക്കില്ലെന്നാണ്‌ സൂചിപ്പിക്കുന്നത്‌. അതേ സമയം നന്ദിഗ്രാമില്‍ കോണ്‍ഗ്രസ്സിന്റെ ആക്രമണത്തിന്‌ വിധേയമായ സി പി എമ്മിന്‌ ഇതു വെച്ചു മുതലെടുക്കാമെന്ന രാഷ്‌ട്രീയ നീക്കത്തിനും തിരിച്ചടി നേരിട്ടു. പ്രതിഷേധ പ്രസ്‌താവനകളിലെല്ലാം നന്ദീഗ്രാം കടന്നു വരുന്നത്‌ സി പി എമ്മിന്റെ വീറു കുറച്ചു എന്നതാണ്‌ സത്യം.

കുത്തകക്കാരില്‍ നിന്നും ഭൂമി പാവപ്പെട്ടവര്‍ക്ക്‌ പിടിച്ചെടുത്ത്‌ നല്‍കണമെന്നത്‌ നടപ്പില്‍ വരേണ്ടതുതന്നെയാണ്‌. എന്നാല്‍ ഇതിനകം നാലു ലക്ഷത്തില്‍ പരം ഏക്കര്‍ ഭൂമി പാവങ്ങള്‍ക്ക്‌ വിതരണം ചെയ്‌ത ആന്ധ്രാപ്രദേശില്‍ നിന്നു തന്നെ ഇത്തരമൊരു നാടകം തുടങ്ങിയതിലെ ഉദ്ദേശ്യ ശുദ്ധിയാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌. അതും സിഗൂരിലും നന്ദിഗ്രാമിലും പാവങ്ങളുടെ കൃഷിഭൂമി പിടിച്ചെടുത്ത്‌ കുത്തകക്കാര്‍ക്കു കൊടുത്ത അതേ പാര്‍ട്ടിയുടെ നേതൃത്വത്തില്‍. അതേ സമയം ജന്മിത്തത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ബീഹാറിലും തമിഴ്‌നാട്ടിലും യു പിയിലും മറ്റു സംസ്ഥാനങ്ങളിലും ഇടതുപാര്‍ട്ടികളോ അനുകൂലികളോ ചെറുവിരലനക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌. ആന്ധ്രാപ്രദേശില്‍ അക്രമം സൃഷ്‌ടിച്ച സി പി എമ്മിന്റെയോ ഇടതു പാര്‍ട്ടികളില്‍ ഏതെങ്കിലും ഒന്നിന്റെ നേതൃത്വത്തിലോ ബീഹാറിലെ തോക്കും ആയുധങ്ങളുമായി പൊരുതുന്ന ജന്മികള്‍ക്കുമുന്നില്‍ സമരത്തിനിറങ്ങാനാകുമോ?. തമിഴ്‌നാട്ടിലെ ഗൗണ്ടര്‍മാര്‍ അടക്കിവാഴുന്ന കൃഷിഭൂമി പിടിച്ചടക്കാന്‍ ഒരു ഒറ്റവരി ജാഥയെങ്കിലും നടത്തിയോ?

മറ്റൊരു ബംഗാള്‍ ഇരട്ടത്താപ്പാണ്‌ സി പി എമ്മിന്റെ മറ്റൊരു ശക്തി കേന്ദ്രമായ കേരളത്തിലും സംഭവിക്കുന്നത്‌. സര്‍ക്കാര്‍ ഭൂമി കൈയേറിയവരെ ഒതുക്കാനിറങ്ങിയ സി പി എം മുഖ്യമന്ത്രിയുടെ ഗതികേട്‌ കണ്ട്‌ ലോകം സഹതപിക്കുകയാണ്‌. ജന പിന്തുണയോടെ മറ്റൊരു ഭൂപരിഷ്‌കരണത്തിറങ്ങി അവസാനം സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പിന്നില്‍ നിന്നു കുത്തി അദ്ദേഹം മിഷന്‍ മൂന്നാര്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുന്നു. ഇവിടെ കൈയേറ്റക്കാരില്‍ പ്രമുഖര്‍ പാര്‍ട്ടിയും പാര്‍ട്ടിക്കു വേണ്ടപ്പെട്ടവരും. ഇടതു പാര്‍ട്ടികളില്‍ മറ്റൊരു പ്രധാനിയായ സി പി ഐ ആണ്‌ കൈയേറല്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിന്‌ തുരങ്കം വെച്ചവരില്‍ പ്രധാനി. കേരളത്തില്‍ പാവപ്പെട്ടവര്‍ക്കു ഭൂമി നല്‍കാന്‍ വേണ്ടി അടുത്ത ഭരണകാലത്തായാല്‍ പോലും സമരം ചെയ്യാന്‍ സി പി എമ്മിന്‌ എന്ത്‌ ധാര്‍മ്മിക അവകാശമാണുണ്ടാകുക.

സാമൂഹ്യ സാമ്പത്തിക മേഖലയിലെ ഒരുമയുടെ പേരിലാണ്‌ കമ്മ്യൂണിസം കൊട്ടിഘോഷിക്കപ്പെടുന്നത്‌. ആ ആദര്‍ശത്തിന്റെ പേരില്‍ തന്നെയാണ്‌ ഇടതുപക്ഷം ബംഗാളില്‍ അനിഷേധ്യരായും ത്രിപുരയിലും കേരളത്തിലും അല്ലാതെയും തുടരുന്നതും. ക്യൂബയിലും ചൈനയിലുമൊക്കെ ഇടതു പക്ഷത്തിന്‌ പകരം വെക്കാന്‍ മറ്റൊന്നില്ല എന്ന അഹങ്കാരമാണ്‌ കമ്മ്യൂണിസത്തിനു നേരിട്ട അപചയത്തിന്‌ കാരണമെന്ന വീക്ഷണം ബംഗാള്‍ ശരിവെക്കുന്നു. ഒപ്പം മള്‍ട്ടി നാഷണല്‍ കമ്പനികളെ വെല്ലുന്ന ആസ്‌തിയുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി നാശത്തിന്റെ കുറുക്കുവഴികള്‍ നമുക്കുമുന്നില്‍ അവതരിപ്പിച്ചു തരികയാണ്‌.

.............................................................................................
(പുഴ. കോം)

Thursday, July 12, 2007

രണ്ടുകോടിയും പാര്‍ട്ടിയും മാധ്യമസിന്റിക്കേറ്റും

നേര്‌ നേരത്തേ അറിയിക്കലാണ്‌ പത്ര ധര്‍മ്മം. അതിന്‌ സാന്റിയാഗോ മാര്‍ട്ടിനേപ്പോലെ ഇത്തിരി കള്ളത്തരം കാണിക്കുന്നവരില്‍ നിന്നു ചിലപ്പോള്‍ രണ്ടോ മൂന്നോ കോടിയൊക്കെ വാങ്ങിയെന്നിരിക്കും. മഞ്ഞപ്പത്രങ്ങളും നീലപ്പത്രങ്ങളും ജനങ്ങളിലെത്തുന്നതിനുമുമ്പ്‌ നേര്‌ ജനങ്ങളിലെത്തിക്കുകയാണ്‌ പ്രധാനം. ഇതൊക്കെ ചോദിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക്‌ ആരാണ്‌ അധികാരം നല്‍കിയത്‌. പാര്‍ട്ടിയെപ്പറ്റി കുറ്റം പറഞ്ഞാല്‍ ചിലപ്പോള്‍ തന്തക്കുവരെ വിളിച്ചെന്നിരിക്കും. അധികാരം കൈയിലുണ്ടെങ്കില്‍ ആര്‍ക്കും ആരെയും തന്തക്കു വിളിക്കാം. സി പി എം സംസ്ഥാന സെക്രട്ടറി പിണറായിയും ജയരാജവൃന്ദവും കഴിഞ്ഞ കുറേ നാളായി ചെയ്‌തു വരുന്നത്‌ അതാണ്‌.

പൊതുജനം കഴുതകളാണെന്നാണ്‌ പണ്ടൊരു കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ പറഞ്ഞത്‌. അതുകൊണ്ടുതന്നെ ആര്‍ക്കു നേരെ കൊഞ്ഞനം കുത്തിയാലും എന്തു കള്ളത്തരം പറഞ്ഞാലും അവരത്‌ വിശ്വസിച്ചു കൊള്ളും. ആ വിചാരമാണ്‌ മേല്‍പ്പറഞ്ഞ കണ്ണൂര്‍ ലോബിയെ മുന്നോട്ട്‌ നയിക്കുന്നത്‌. സാന്റിയാഗോ മാര്‍ട്ടിന്‍ എന്നയാള്‍ ലോട്ടറി തട്ടിപ്പുകാരനാണെന്ന്‌ പാര്‍ട്ടി സമ്മതിക്കുന്നു. അയാളുടെകയ്യില്‍ നിന്നു പണം വാങ്ങിയത്‌ ശുദ്ധ അസംബന്ധമാണെന്നു സമ്മതിക്കുക മാത്രമല്ല അതു തിരിച്ചു കൊടുക്കാനും പാര്‍ട്ടി തീരുമാനിച്ചു. ലിസില്‍ നിന്നും ഒരു കോടി വാങ്ങിയ വേണുഗോപാലിനെ പാര്‍ട്ടി സസ്‌പെന്റു ചെയ്‌തു. സാന്റിയാഗോ മാര്‍ട്ടിന്‍ സംഭവവും പാര്‍ട്ടി അന്വേഷിക്കുമെന്നും വേണ്ടിവന്നാല്‍ നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചു. എല്ലാം അതു കൊണ്ട്‌ തീര്‍ക്കേണ്ടതാണ്‌ സാമാന്യ ജനാധിപത്യ ബോധമുള്ള ഒരു പാര്‍ട്ടി. മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞപോലെ കുട്ടികള്‍ തെറ്റു കാണിച്ചാല്‍ മാതാപിതാക്കള്‍ ശാസിക്കും, അതിനെന്താണ്‌ കുഴപ്പം. പക്ഷേ കാര്യങ്ങള്‍ അവിടെക്കൊണ്ടു തീരുന്നില്ല. പിണറായി വിജയന്റെ നേതൃത്വത്തില്‍ മാധ്യമങ്ങളുടെ നേരെ നടക്കുന്ന ആക്രമണം കൂടുതല്‍ ശക്തിയായി തുടരുകയാണ്‌.

ഇത്തവണ ആക്രമണത്തിന്‌ തുടക്കമിട്ടത്‌ സഖാവ്‌ പി ജയരാജനാണ്‌. അഴിമതി പുറത്തുകൊണ്ടുവന്ന മാതൃഭൂമി ദിനപ്പത്രത്തെ നിയമസഭയില്‍ അദ്ദേഹം മഞ്ഞപ്പത്രമെന്ന്‌ വിളിച്ച്‌ ആക്ഷേപിച്ചതാണ്‌ തുടക്കം. തൊട്ടു പിന്നാലെ മാതൃഭൂമി ദേശീയ ദിനപ്പത്രമാണെന്നും ജയരാജനെ പ്രതിപക്ഷം പ്രകോപിപ്പിച്ചിട്ട്‌ അദ്ദേഹം പറഞ്ഞു പോയതാണെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും അദ്ദേഹം അടങ്ങിയില്ല. എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ല പറഞ്ഞതു തന്നെ ഇനിയും പറയും എന്നു ജയരാജന്‍ വെല്ലു വിളിച്ചു. 2005 മെയ്‌ ജൂണ്‍ മാസങ്ങളിലെ പത്രങ്ങള്‍ സഖാവ്‌ ജയരാജന്‍ തപ്പിപ്പിയെടുത്തു വായിക്കുന്നത്‌ നന്നായിരിക്കും. കാരണം അന്ന്‌ കണ്ണൂരിലെ കൂത്തു പറമ്പിലും അഴീക്കോട്ടും ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സമയമായിരുന്നു. ഈ പറയുന്ന മാധ്യമങ്ങള്‍ പ്രത്യേകിച്ച്‌ മാതൃഭൂമി കൂത്തുപറമ്പില്‍ മത്സരിച്ച പി ജയരാജനും അഴീക്കോട്ട്‌ മത്സരിച്ച പുതുമുഖം പ്രഭാകരനും അത്ര ചെറുതല്ലാത്ത എക്‌സ്‌പോഷറാണ്‌ കൊടുത്തത്‌ . ഫലം പുറത്തുവന്നതിന്റെ പിറ്റേദിവസത്തെ മാതൃഭൂമി പത്രവും ജയരാജന്‍ ചില്ലിട്ട്‌ സൂക്ഷിക്കാതിരിക്കില്ല. പിന്നീടിങ്ങോട്ട്‌ പലതവണ പി ജയരാജന്റെ പേരിലുള്ള ലേഖനങ്ങളും ഇപ്പറഞ്ഞ പത്രങ്ങളിലൊക്കെ വന്നിരുന്നു എന്നതും അദ്ദേഹം മറന്നു കാണില്ല. നന്ദി കാണിക്കുകയാണെങ്കില്‍ ഇങ്ങനെ തന്നെ വേണം.

രണ്ടാമത്തെ ഊഴം ഇ പി ജയരാജന്‍ എന്ന ദേശാഭിമാനിയുടെ ജനറല്‍ മാനേജരുടേതായിരുന്നു. വാങ്ങിയത്‌ ബോണ്ടാണെന്നും അല്ലെന്നും സംഭാവനയാണെന്നുമൊക്കെ പല തവണ കുട്ടിക്കരണം മറിഞ്ഞാശേഷമാണ്‌ സ്വബോധത്തോടെ എന്തെങ്കിലും പറയാനുള്ള ശേഷി ഈ പി ജയരാജന്‍ സഖാവിനുണ്ടായത്‌. ഒപ്പം മാധ്യമങ്ങളെ തെറി പറയാന്‍ കിട്ടിയ അവസരവും അദ്ദഹം വെറുത കളഞ്ഞില്ല. ദേശാഭിമാനി വിരുദ്ധ അപസ്‌മാരം എന്നൊക്കെയാണ്‌ അദ്ദേഹം ആ രോഗത്തെ പേരിട്ടു വിളിച്ചത്‌. ഒരു തട്ടിപ്പുകാന്റെ കൈയില്‍ നിന്നും വെറും രണ്ടു കോടി വാങ്ങിയ വെറുമോരു മോഷ്‌ടാവായ തങ്ങളെ കള്ളനെന്നു വിളിച്ചിച്ച്‌ ആക്ഷേപിക്കുകയാണ്‌ എന്നൊക്കെയാണ്‌ ഈയടുത്ത ദിവസങ്ങളിലായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ദേശാഭിമാനി ജനറല്‍ മാനേജരും പാര്‍ട്ടി പത്രം വഴി ജനങ്ങളെ ബോധവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നത്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെന്ന പാവങ്ങളുടെ പാര്‍ട്ടി അത്താഴപ്പട്ടിണിക്കാരില്‍ നിന്നും പാട്ടപ്പിരിവുനടത്തിയുണ്ടാക്കിയ പത്രത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ കാണിച്ചത്‌ ശുദ്ധ തോന്നിവാസമാണെന്ന്‌ ഏത്‌ മന്ദ ബുദ്ധിക്കും മനസ്സിലാകും. സ്വന്തം ജീവിതമാര്‍ഗ്ഗമായ ആടിനെ സംഭാവന നല്‍കിയ പാവം പാലോറ മാത എന്തു വിഢിയാണെന്നാണ്‌ നേതാക്കള്‍ ആണയിട്ടു പറഞ്ഞു കൊണ്ടിരിക്കുന്നത്‌.

കമ്മ്യൂണിസ്റ്റുകാരെന്നു വിളിക്കാവുന്നതില്‍ അവശേഷിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ്‌ പ്രകാശ്‌ കാരാട്ട്‌. സെക്രട്ടേറിയറ്റ്‌ യോഗത്തിലും സംസ്ഥാന സമിതിയിലും കടുത്ത എതിര്‍പ്പാണ്‌ ദേശാഭിമാനി പ്രശ്‌നത്തില്‍ ഉണ്ടായത്‌. എന്നിട്ടും പിണറായി വിജയന്‍ കോഴവാങ്ങിയതിനെ ശക്തമായി ന്യായീകരിച്ചു. രണ്ടു കോടി വാങ്ങിയതിനെതിരെ കാരാട്ട്‌ ശക്തമായി രംഗത്തു വന്നതോടെയാണ്‌ പണം തിരിച്ചു നല്‍കാന്‍ പാര്‍ട്ടി തീരൂമാനിച്ചത്‌. കണ്ടകശനി പിടികൂടിയ പിണറായിക്ക്‌ ഇത്‌ സാമാന്യം വലിയ തിരിച്ചടിയായിരുന്നു. തുടര്‍ന്നുള്ള യോഗങ്ങളില്‍ പിണറായി സ്വീകരിച്ച നിലപാട്‌ കൗതുകമുണര്‍ത്തുന്നതായിരുന്നു. ഒരു കൂട്ടര്‍ മാതൃഭൂമിയെ ദേശീയ ദിനപ്പത്രമെന്നും ഒരാള്‍ മഞ്ഞപ്പത്രമെന്നും വിളിക്കുമ്പോള്‍ പിണറായി വളരെ കഷ്‌ടപ്പെട്ടു പറഞ്ഞത്‌ മാതൃഭൂമി മഞ്ഞയും ദേശീയവും കലര്‍ന്ന ഒരു പ്രത്യേകതരം പത്രമാണെന്നാണ്‌.

പക്ഷേ അന്നു പാലിച്ച സംയമനം പിണറായി തുടര്‍ന്നു പാലിച്ചില്ല. അധികം താമസിയാതെ മാതൃഭൂമി പത്രത്തിനെതിരെയും എഡിറ്ററെയും പേരെടുത്തും പുലഭ്യം പറഞ്ഞു കൊണ്ട്‌ പിണറായി രംഗത്തു വന്നത്‌. മാധ്യമസിന്റിക്കേറ്റ്‌, മാധ്യമ ചെറ്റത്തരം എന്നീ ശ്രേണിയിലേക്ക്‌ കൂടുതല്‍ ഭീബത്സമായ പ്രയോഗങ്ങളുമായാണ്‌ പിണറായി അടുത്ത വെടിക്കെട്ട്‌ തുടങ്ങിയത്‌. താന്‍ ഏതു നാട്ടിലാണ്‌ ജീവിക്കുന്നത്‌, താനെന്താണ്‌ പാര്‍ട്ടിയെക്കുറിച്ച്‌ ധരിച്ചത്‌ എന്നൊക്കെയാണ്‌ പത്രത്തിന്റെ എഡിറ്ററെ പിണറായി വെല്ലുവിളിച്ചത്‌. ഒരു സംസ്ഥാന സെക്രട്ടറിയില്‍ നിന്നും അമ്പതു രൂപക്ക്‌ പുലഭ്യം പറയുന്ന കവലപ്രസംഗകനിലേക്കുള്ള ദൂരമെത്രയാണ്‌ എന്ന ചോദ്യത്തിന്റെ അനുയോജ്യമായ ഉത്തരമാണ്‌ ഇപ്പോള്‍ പിണറായി.

കേരളത്തിന്റെ സമീപകാല രാഷ്‌ട്രീയ ചരിത്രത്തില്‍ മാധ്യമങ്ങളെ തെറിവിളിച്ച രണ്ടു പേര്‍ കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനുമാണ്‌. രണ്ടും രണ്ട്‌ പ്രത്യയശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നവരാണെങ്കിലും ഒളിഞ്ഞും തെളിഞ്ഞും കൈകോര്‍ത്തവര്‍, ഒരേ തോണിയില്‍ സഞ്ചരിക്കുന്നവര്‍. കുഞ്ഞാലിക്കുട്ടിയുടെ കേസ്‌ അല്‌പം നാറ്റക്കേസാണ്‌‌. പച്ചക്കൊടിയുടെ ബലത്തില്‍ മാധ്യമപ്രവര്‍ത്തരകരെ നാടു മുഴുവന്‍ ഓടിച്ചിട്ടു തല്ലി. കഴിഞ്ഞ തിരഞ്ഞെടുപ്പിന്‌ എട്ടു നിലയില്‍ പൊട്ടിയ അദ്ദേഹത്തെ ഇപ്പോള്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണുമോ എന്നു സംശയമാണ്‌. മാധ്യമങ്ങളോടുള്ള പിണറായിയുടെ വിരോധമെന്താണെന്ന്‌ സാമാന്യ രാഷ്‌ട്രീയ ബോധമുള്ള ആര്‍ക്കും അറിയാം. പിണറായിക്കു മാത്രമല്ല പൊതുപ്രവര്‍ത്തനം ഒരു മറയാക്കിവെക്കുന്ന പലര്‍ക്കും മാധ്യമങ്ങള്‍ ശ്‌ത്രുക്കള്‍ തന്നെയാണെന്നാണ്‌ കാലം നമ്മെ പഠിപ്പിച്ചത്‌. ആരെന്തൊക്കെ പറഞ്ഞാലും കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ലാവ്‌ലിന്‍ കേസ്‌ മാധ്യമങ്ങളില്‍ ചര്‍ച്ചയായതാണ്‌ തന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്‌ടപ്പെടുത്തിയത്‌ എന്ന്‌ പിണറായി വിജയന്‍ വിശ്വസിക്കുന്നു. തന്നെക്കുറിച്ച്‌ എല്ലാം പറയുന്ന മാധ്യമങ്ങളുടെ വിശ്വാസ്യത കെടുത്തി നഷ്‌ടപ്പെട്ട ഇമേജ്‌ തിരിച്ചെടുക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ്‌ മാധ്യമസിന്റിക്കേറ്റ്‌, സി ഐ ഐ ചാരന്മാര്‍ തുടങ്ങിയ പ്രസ്‌താവനകള്‍ എന്നതാണ്‌ സത്യം. എഡിബി വായ്‌പയടക്കം സര്‍ക്കാര്‍ സംവിധാനത്തില്‍ വിദേശ ശക്തികള്‍ നേരിട്ടുതന്നെ ഇടപെടുന്ന പുതിയ കാലത്ത്‌ സി ഐ ഐ വെറുതെ മാധ്യമങ്ങളെ വശത്താക്കി വളഞ്ഞ വഴിക്ക്‌ മൂക്കു പിടിക്കില്ല എന്ന്‌ മനസ്സിലാക്കാന്‍ തലക്കകത്ത്‌ വളരെ കുറച്ചു മാത്രം വിവരം മതി.

കള്ളത്തരം കാണിച്ചവനേ പേടിക്കേണ്ട കാര്യമുള്ളൂ. കുഞ്ഞാലിക്കുട്ടി ചെയ്‌തതും പിണറായി ചെയ്യുന്നതും അതാണ്‌. എന്നാല്‍ പിണറായിയുടെ തന്ത്രങ്ങള്‍ പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്നതാണ്‌ സമീപകാല സംഭവങ്ങള്‍ വ്യക്തമാകുന്നത്‌. പിണറായിയുടെ മാധ്യമ വിമര്‍ശനം തന്നെ ഏറ്റു പിടിക്കാന്‍ അധികമാരും മുന്നോട്ടു വന്നില്ല. മാധ്യമസിന്റിക്കേറ്റ്‌ എന്ന രീതിയില്‍ പ്രസ്‌താവന ഇറക്കിയ വി എസ്‌ പക്ഷേ അതില്‍ നിന്ന്‌ പിന്മാറിയതും പിണറായിക്ക്‌ തിരിച്ചടിയായി മാറി. ഒരു കാലത്ത്‌ പിണറായിയുടെ വലം കൈയായിരുന്ന കോടിയേരിയും ഇപ്പോള്‍ പിണറായിയെ വിട്ട ലക്ഷണമാണ്‌. ദേശാഭിമാനി പ്രശ്‌നത്തില്‍ പിണറായിയെടുത്തതില്‍ നിന്നും കടകവിരുദ്ധമായ നിലപാടാണ്‌ കോടിയേരി എടുത്തത്‌. പാര്‍ട്ടിയുടെ അംഗീകൃത മാനദണ്‌ഡങ്ങള്‍ക്ക്‌ വിരുദ്ധമായി ദേശാഭിമാനി പണം വാങ്ങിയത്‌ ശരിയായില്ലെന്നും നടപടിയെടുക്കുമെന്നൊക്ക പറഞ്ഞ അദ്ദേഹം അതിനു തൊട്ടു പിന്നാലെ പത്രപ്രവര്‍ത്തകര്‍ക്ക്‌ എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മാധ്യമങ്ങള്‍ക്കു നേരെയുള്ള പിണറായിയുടെ പടയോട്ടം മൂന്നു ജയരാജന്‍മാരും ഒരു സുധാകരനും എന്ന മട്ടില്‍ ചുരുങ്ങിയിരിക്കുകയാണ്‌.

മാതൃഭൂമി സംഭവവും സഭയിലെ ഇറങ്ങിപ്പോക്കും തിരിച്ചടിയായത്‌ പിണറായിയുടെ ഈ പടയോട്ടത്തിനാണ്‌. പ്രതിപക്ഷം മാത്രമല്ല ഭരണ പക്ഷത്തുള്ളവരും മാതൃഭൂമിക്കും മാധ്യമങ്ങള്‍ക്കും നേരെയുള്ള നീക്കത്തിനെ അപലപിച്ചു എന്നതും ശ്രദ്ധേയമാണ്‌. മൂന്നാര്‍ ഭൂമി കൈയേറ്റവും സി പി എമ്മിന്റെ റിസോര്‍ട്ടും ദേശാഭിമാനി സംഭവവുമൊക്കെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തതു ശരിയാണെന്നു തന്നെ പിന്നീടു തെളിയിച്ചു. മൂന്നാര്‍ തുടക്കത്തില്‍ കത്തിക്കയറിയെങ്കിലും പിന്നീട്‌ കൂട്ടത്തിലുള്ളവര്‍ തന്നെ പാരവെച്ചു മന്ദഗതിയിലാക്കി. സി പി എം റിസോര്‍ട്ട്‌ പൂട്ടി. ഇപ്പോഴിതാ ലോട്ടറി രാജാവിന്റെ കൈയില്‍ നിന്നു വാങ്ങിയ രണ്ടു കോടിയും തിരിച്ചു നല്‍കാന്‍ പോകുന്നു. ഈ സാഹചര്യത്തില്‍ പിണറായിയും കൂട്ടരും പറയുന്നതാണോ ശരി അതോ മാധ്യമങ്ങള്‍ പറയുന്നതാണോ ശരിയെന്ന്‌ ജനങ്ങള്‍ക്ക്‌ ബോധ്യമാകും. തങ്ങള്‍ക്ക്‌ തിരിച്ചടി നേരിടുമ്പോള്‍ മാധ്യമങ്ങളെയും ജുഡീഷ്യറിയേയും ചീത്തവിളിക്കുക വേണമെങ്കില്‍ ചീഫ്‌ ജസ്റ്റിസിനെ തന്നെ കായലിലെറിയുക എന്നത്‌ കമ്മ്യൂണിസ്റ്റുകാര്‍ ഈയിടെയായി പരീക്ഷിച്ചുപോരുന്ന ചില പുതിയ അടവുകളാണ്‌. മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത്‌ ചിലപ്പോള്‍ കെ കരുണാകരനെയായിരിക്കും.അദ്ദേഹമടക്കം ആരും മാധ്യമങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ല. കോടതികള്‍ പ്രസ്ഥാനങ്ങളെയും സര്‍ക്കാരുകളെയും വിമര്‍ശിക്കുന്നതും ആദ്യമായൊന്നുമല്ല. സ്വാന്തന്ത്യം ജനാധിപത്യം സോഷ്യലിസം എന്നൊക്കെ വിളിച്ചു പറയുന്ന പാര്‍ട്ടിയെ മാത്രം ആരും വിമര്‍ശിക്കരുത്‌ എന്നു പറയുന്നത്‌ ജനാധിപത്യരാജ്യത്ത്‌ നടപ്പുള്ള കാര്യമല്ല. ലോട്ടറിക്കേസില്‍ തന്നെ ഈ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുളളയാളാണ്‌ ജസ്റ്റിസ്‌ വി കെ ബാലി. അദ്ദേഹത്തെയാണ്‌ പാര്‍ട്ടിയുടെ ആശീര്‍വാദത്തോടെ കുട്ടിസഖാക്കള്‍ പ്രതീകാത്മകമായി കായലില്‍ തള്ളിയത്‌. സി പി എമ്മിലെ ഒരു വിഭാഗം വച്ചുപുലര്‍ത്തുന്ന ഈ അസഹിഷ്‌ണുത പ്രോത്സാപ്പിക്കത്തക്കതല്ല.പണ്ടുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ട്ടിയെന്താണെന്നും തങ്ങളുടെ ലക്ഷ്യമെന്താണെന്നുമൊക്കെ പറഞ്ഞു നടന്ന്‌ തൊണ്ടയിലെ വെള്ളം വറ്റിച്ചവരാണ്‌. പാര്‍ട്ടിയെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ ഒരു ചുക്കുമറിയില്ല, കമ്മ്യൂണിസ്റ്റുപാര്‍ട്ടിയെന്നാല്‍ ചുവന്ന കൊടിയില്‍ അരിവാളും ചുറ്റികയും നക്ഷത്രവുമുള്ള പാര്‍ട്ടിയാണെന്നു മനസ്സിലാക്കിയാല്‍ മതി എന്നൊക്കെയാണ്‌ ഇന്നുള്ളവര്‍ പറയുന്നത്‌. പിണറായിയും കൂട്ടരും പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയെന്താണെന്ന്‌ മനസ്സിലാക്കിക്കൊടുക്കണമെങ്കില്‍ റഷ്യയില്‍ സ്വാഭാവികമായും അല്ലാതെയും മരിച്ച തലതൊട്ടപ്പന്മാര്‍ ഒന്നു കൂടെ ജനിച്ച്‌ കമ്മ്യൂണിസമെന്താണെന്ന്‌ വീണ്ടും എഴുതിപ്പിടിപ്പിക്കേണ്ടിവരും. എന്നാലേ ഈയടുത്ത കാലത്ത്‌ പാര്‍ട്ടിയും പാര്‍ട്ടി പത്രവും ചെയ്‌ത വൃത്തികേടുകളെ ന്യായീകരിക്കാന്‍ സാമാന്യം തൊലിക്കട്ടിയുള്ളവനെങ്കിലും സാധിക്കൂ.

Tuesday, May 29, 2007

നേതാക്കളുടെ തലക്കു മുകളില്‍ ഇനി പി ബിയുടെ വാള്‍

മ്മ്യൂണിസ്റ്റു പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ മുഖ്യമന്ത്രിയാണോ വലുത്‌ അതോ പാര്‍ട്ടി സെക്രട്ടറിയാണോ വലുത്‌. അണ്ടിയാണോ ആദ്യമുണ്ടായത്‌ അതോ മാങ്ങയോ? അതാണ്‌ പ്രത്യയ ശാസ്‌ത്രം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യ ജനാധിപത്യരാജ്യമാണെന്നാണ്‌ വിവരമുള്ളവര്‍ പറയുന്നത്‌, അതായത്‌ ആര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുള്ള രാജ്യം. കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കകത്ത്‌ അങ്ങനെയല്ല, അതുകൊണ്ടാണല്ലോ അതിനെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്നു പറയുന്നത്‌. പാര്‍ട്ടിക്കാര്‍ക്ക്‌ ആരെയും എന്തും പറയാം അതിന്‌ ഇന്ത്യന്‍ ഭരണ ഘടനയെപ്പോലും പേടിക്കണ്ട. കോടതിയെത്തെറിവിളിക്കാം, മാധ്യമങ്ങളെ ചെറ്റകളെന്നു വിളിച്ചാലും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കില്ല, പകരം ചിലപ്പോള്‍ താഴേകമ്മിറ്റിയില്‍ നിന്ന്‌ മേലേ കമ്മിറ്റിയിലേക്ക്‌ സ്ഥാനക്കയറ്റം കിട്ടും. എന്നാല്‍ പാര്‍ട്ടിയെക്കുറിച്ചും പാര്‍ട്ടിക്കാരെക്കുറിച്ചും പറയുമ്പോള്‍ സൂക്ഷിക്കണം. പാര്‍ട്ടിസെക്രട്ടറിയടക്കം എപ്പോള്‍ മുള്ളണം എപ്പോള്‍ ഭക്ഷണം കഴിക്കണം എപ്പോള്‍ ഉറങ്ങണം എന്തൊക്കെ പറയണമെന്ന്‌ പാര്‍ട്ടിയുണ്ടാക്കിയവര്‍ പണ്ട്‌ എഴുതിവച്ചിട്ടുണ്ട്‌. അതനുസരിച്ചേ പ്രവര്‍ത്തിക്കാവൂ. അല്ലാത്തവരെ ചിലപ്പോള്‍ പുറത്താക്കും ചിലപ്പോള്‍ പെണ്‍കുട്ടികളുടെ ഇടയില്‍ കൊണ്ടിരുത്തും ബഞ്ചിന്‍മേല്‍ കയറ്റി നിര്‍ത്തും ഇല്ലെങ്കില്‍ ക്ലാസിനു പുറത്തു മുട്ടുകാലില്‍ നിര്‍ത്തും, അത്‌ പാര്‍ട്ടി സെക്രട്ടറിയായാലും ജനങ്ങള്‍ തോളിലേറ്റി നടക്കുന്ന മുഖ്യമന്ത്രിയായാലും. ഇതിനെയൊക്കെയാണ്‌ ചുരുക്കത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെന്നു പറയുന്നത്‌. പിന്നെ അങ്ങ്‌ ഡല്‍ഹിയില്‍ പി ബിയെന്നു പേരുള്ള ഒരു സാധനമുണ്ട്‌, പാര്‍ട്ടിയാപ്പീസിലെ പരുക്കന്‍ ബെഞ്ചിലിരുന്ന്‌ തഴമ്പെടുത്തവരെ ചുവന്ന കുഷ്യന്‍ കസേരയില്‍ പിടിച്ചിരുത്തി ഇന്ത്യയിലെ അച്ചടക്കം ലംഘിക്കുന്നവരെ ശിക്ഷിക്കാന്‍ ഉണ്ടാക്കിയതാണ്‌ എന്നാണ്‌ പൊതുവേ കേരളീയരുടെ ധാരണ. എന്നാല്‍ ഈ ചങ്ങലക്കുഭാന്തു പിടിച്ചാലോ? അതിനുള്ള ഉത്തരമാണ്‌ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രകാശ്‌ കാരാട്ട്‌ ഇംഗ്ലീഷില്‍ പറഞ്ഞത്‌. കേരളത്തില്‍ നിന്നുള്ള അവശേഷിക്കുന്ന പി ബി അംഗങ്ങള്‍ ഇനി കുറച്ചുകാലം പഴയ പരുക്കന്‍ ബെഞ്ചില്‍ തന്നെ ഇരിക്കട്ടേ എന്ന്‌.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെന്നാല്‍ ഒരു വ്യക്തിയല്ല വ്യക്തമായ ചട്ടക്കൂടുകളുള്ള ഒരു പാര്‍ട്ടിയാണെന്നാണ്‌ പറയപ്പെടുന്നത്‌. അങ്ങനെയല്ലെന്നു തോന്നിത്തുടങ്ങിയത്‌ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായാണ്‌. കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി രണ്ടു നേതാക്കളുടെ നേതൃത്വത്തില്‍ ചേരിതിരിഞ്ഞ്‌ പരസ്‌പരം ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു തുടങ്ങിയതോടെ കേന്ദ്ര നേതൃത്വവും ഇതിനു മുന്നില്‍ പകച്ചു നില്‌കുകയായിരുന്നു എന്നത്‌ സത്യം. കേരളത്തിലെ രണ്ടു പ്രബല വിഭാഗത്തിന്റെയും നേതാക്കളെ പോളിറ്റ്‌ ബ്യൂറോയില്‍ നിന്നും ചെവിക്കു പിടിച്ചു പുറത്തു നിര്‍ത്തിയോടെ പാര്‍ട്ടിയിലെ വിഭാഗീയത നിലക്കുനിര്‍ത്താനാകുമെന്നാണ്‌ പി ബി കരുതുന്നത്‌. ഒപ്പം പി ബി എന്നൊരു വാള്‍ കേരള നേതാക്കളുടെ തലക്കുമുകളിലുണ്ട്‌ എന്ന്‌ ഓര്‍മ്മിപ്പിക്കാനും ഇതുവഴി സാധിച്ചു എന്നത്‌ ഇതിന്റെ മറ്റൊരു തലം. എല്ലാം പി ബിയുടെ വിജയമായാണ്‌ കണക്കാക്കപ്പെടുന്നത്‌.

പാര്‍ട്ടിയുടെ ചട്ടക്കൂടും അച്ചടക്കനിയമവുമൊന്നും ബഹുഭൂരിപക്ഷം വരുന്ന കേരളത്തിലെ ജനങ്ങള്‍ക്ക്‌ വിഷയമല്ല. കമ്മ്യൂണിസം പഴയ സോവിയറ്റ്‌ റഷ്യയിലെ പോലെ നടപ്പാക്കിയാലേ ഇന്ത്യ നന്നാവൂ എന്ന്‌ കരുതുന്നവരും കേരളത്തില്‍ ഇല്ല. പാര്‍ട്ടിസെക്രട്ടറി അഭിവന്ദ്യനായ പിണറായി പറഞ്ഞതുതന്നെയാണ്‌ കേരളത്തിലെ സാധാരണ ജനങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്‌. എല്ലാ ശരികള്‍ക്കും കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി, തെറ്റുകളുടെ പര്യായമായ മഹാ അബദ്ധമായ പാര്‍ട്ടിസെക്രട്ടറിയും മറ്റംഗങ്ങളും- എന്നു തന്നെയാണ്‌ സാമാന്യവിവരമുള്ള, ചുരുങ്ങിയത്‌ കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ അള്‍സ്‌ഹൈമേഴ്‌സ്‌ ബാധിച്ചിട്ടില്ലാത്ത ആരും മനസ്സിലാക്കുക.

പാര്‍ട്ടിയോടുള്ള ആരാധനയാണ്‌ ഇന്ന്‌ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ അണികളെ പുറത്തുപോകാതെ നിര്‍ത്തുന്നത്‌. അതുകൊണ്ടുതന്നെ പാര്‍ട്ടി സെക്രട്ടറിയും ഔദ്യോഗികമായി പാര്‍ട്ടിയുടെ തലപ്പത്തുള്ളവരും പറയുന്നത്‌ അക്ഷരം പ്രതി പാര്‍ട്ടിക്കാര്‍ അനുസരിക്കും. എന്നാല്‍ അത്‌ കേരളത്തിലെ ജനങ്ങള്‍ അനുസരിക്കണമെന്നു നിര്‍ബന്ധമില്ല. അതേപോലെ ജനങ്ങളുടെ വികാരം മനസ്സിലാക്കാതെ പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം പാര്‍ട്ടിയില്‍ അടിയുറച്ച്‌ വിശ്വസിക്കുന്നവരും അന്ധമായി ആരാധിക്കുന്നവരും നില്‍ക്കും. ഇതുകണ്ട്‌ താന്‍ ചെയ്യുന്നതാണ്‌ ശരി എന്നു കരുതി മുന്നോട്ടു പോയ പിണറായി വിജയനാണ്‌ യഥാര്‍ത്ഥത്തില്‍ വിഢി. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പിണറായി പറയുന്നതിന്‌ കയ്യടിക്കാനും(ഇവരില്‍ ഭൂരിഭാഗവും വി എസിനും കയ്യടിക്കും) ആര്‍പ്പുവിളിക്കാനും കേരളത്തിലെ മുകളില്‍ പറഞ്ഞ വിഭാഗം തയ്യാറാകും എന്നു കരുതി എന്തും പറയാനുള്ള ലൈസന്‍സല്ല അത്‌ എന്നതാണ്‌ പി ബി തീരുമാനത്തിലൂടെ വ്യക്തമാകുന്നത്‌.

വി എസ്‌ പ്രതിപക്ഷത്തുണ്ടായിരുന്ന അഞ്ചുവര്‍ഷക്കാലം പ്രതിപക്ഷ നേതാവാവെന്ന നിലയില്‍ ഏറ്റെടുത്ത എത്ര പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ട്‌?. മതികെട്ടാനും ഓണ്‍ലൈന്‍ ലോട്ടറിയും കിളിരൂര്‍ കവിയൂര്‍ പെണ്‍വാണിഭങ്ങളും അടക്കം എത്ര ജനകീയ പ്രശ്‌നങ്ങള്‍ക്ക്‌ അന്നു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്‌. പിണറായിവിജയന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഇവയൊന്നും ഏറ്റെടുത്തിട്ടില്ല. പോരാത്തതിന്‌ തെരഞ്ഞെടുപ്പുകാലത്ത്‌ മുഖ്യമന്ത്രി എന്ന നിലയില്‍ എന്തുകൊണ്ടും യോഗ്യനായ വി എസ്‌ അച്യുതാനന്ദനെ ഒതുക്കുകയും ചെയ്‌തു. അന്ന്‌ കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളും രംഗത്തിറങ്ങിയതോടെയാണ്‌ വി എസിനെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനം പി ബി മാറ്റുകയും പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയും വി എസ്‌ മുഖ്യമന്ത്രിയാകുകയും ചെയ്‌തത്‌.

അന്ന്‌ വി എസ്‌ പാര്‍ട്ടിയോഗങ്ങളിലും നേതൃത്വയോഗങ്ങളിലും ഗര്‍ജ്ജിച്ചത്‌ മാഫിയാ ഭരണത്തിനെതിരേയും അഴിമതിക്കെതിരെയുമായിരുന്നു. ഇക്കാലത്തുതന്നെയാണ്‌ പിണറായിയുടെ മേല്‍ ലാവ്‌ലിന്‍ അഴിമതിയുടെ നിഴല്‍ വീണതും. പിണറായിയുടെയും അദ്ദേഹം അദ്ദേഹത്തിന്റെ പിണിയാളുകള്‍ക്ക്‌ മുന്‍തൂക്കമുള്ള കേന്ദ്ര സംസ്ഥാന കമ്മിറ്റികളിലും വി എസിനെ ഒതുക്കാന്‍ കഴിഞ്ഞെങ്കിലും ജനങ്ങളുടെ ഇടയില്‍ പിണറായിക്ക്‌ അതിന്‌ കഴിഞ്ഞില്ല. മുഖ്യമന്ത്രിയായി അധികാരത്തിലേറി കഴിഞ്ഞിട്ടും നേരത്തെ വി എസ്‌ പ്രഖ്യാപിച്ച അഴിമതി വിരുദ്ധ- മാഫിയാ വിരുദ്ധ ഭരണത്തിന്‌ അനിവാര്യമായ വിജിലന്‍സ്‌ ആഭ്യന്തര വകുപ്പുകള്‍ അദ്ദേഹത്തില്‍ നിന്ന്‌ എടുത്തുമാറ്റി പിണറായിയുടെ വിശ്വസ്‌തര്‍ക്കു നല്‍കി. അന്നുതന്നെ സംഗതിയുടെ പോക്ക്‌ പ്രബുദ്ധരായ കേരളജനതക്ക്‌ മനസ്സിലായതാണ്‌.

ഈ സാഹചര്യത്തില്‍ മൂന്നാറിലെ ഓപ്പറേഷനു തുടക്കമിടുമ്പോള്‍ തന്നെ പിണറായിയും എണ്ണപ്പെട്ടതും എണ്ണപ്പെടാത്തതുമായ ഘടക കക്ഷികളും രംഗത്തിറങ്ങി. അഴിമതിയുടെ കറ പുരളാത്ത, സമര്‍ഥരെന്ന്‌ കേരളം കണ്ടറിഞ്ഞ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്‌ ഇവര്‍ രംഗത്തുവന്നത്‌. ഈ സാഹചര്യത്തിലാണ്‌ വി എസ്‌ നേരത്തെ പറഞ്ഞ മാഫിയാ ഭരണം എന്നത്‌ എന്താണെന്ന്‌ ജനങ്ങള്‍ക്കു മനസ്സിലായത്‌. ഈ സാഹചര്യത്തില്‍ നേതാക്കളുടെ വാക്കുകേള്‍ക്കാതെ മുന്നോട്ടുപോയി മൂന്നാര്‍ വന്‍ വിജമായി മാറി എന്നു മാത്രമല്ല അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന പുതിയ വിപ്ലവത്തിന്‌ അത്‌ ഒരു നല്ല തുടക്കവുമായി. അപ്പോള്‍ ഇത്രയും കാലം വി എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുരങ്കം വച്ചു നടന്നവര്‍ തന്നെ അതിന്റെ ക്രഡിറ്റിന്റെ പേരില്‍ നാണം കെട്ട പ്രസ്‌താവന ഇറക്കിയാല്‍ ജനം അത്‌ പൊറുക്കുമെന്ന്‌ കരുതാന്‍ മാത്രം വിഢിയാണോ പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ തെറ്റുകളുടെ പര്യായവും `മഹാ അബദ്ധവുമാണ്‌' പാര്‍ട്ടിസെക്രട്ടറിയും മറ്റംഗങ്ങളും എന്നു ജനങ്ങള്‍ കരുതിയാല്‍ എങ്ങനെയാണ്‌ അവരെ കുറ്റം പറയാനാകുക. എല്ലാം തുറന്നു പറഞ്ഞ മാധ്യമങ്ങളുടെ നേരെ തിരിഞ്ഞ പിണറായിയുടെ ആരോപണങ്ങളെല്ലാം തെറ്റായിരുന്നു എന്നാണ്‌ പി ബിയുടെ സസ്‌പെന്‍ഷനും തെളിയിക്കുന്നത്‌. വിഭാഗീയപ്രവര്‍ത്തനങ്ങളുണ്ടെന്നും അത്‌ മാധ്യമസൃഷ്‌ടിയല്ലെന്നും പി ബി നേരത്തെതന്നെ തുറന്നു സമ്മതിച്ചതാണ്‌.


ഈ അവസരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും കൊത്തിക്കൊണ്ടിരിക്കുമ്പോള്‍ സഹികെട്ടാണ്‌ വി എസ്‌ മറുപടി പറഞ്ഞത്‌ എന്നതും കേരളം കണ്ടതാണ്‌. അത്‌ പാര്‍ട്ടി നിയമങ്ങള്‍ക്ക്‌ വിരുദ്ധവുമാണ്‌ സസ്‌പെന്‍ഷന്‍ കിട്ടിയതില്‍ അത്ഭുതവുമില്ല. പക്ഷേ പി ബിയുടെ തീരുമാനത്തോടെ കേരളത്തിലെ ജനങ്ങള്‍ ഇരു നേതാക്കളെയും ത്രാസിലിട്ടു തൂക്കി നോക്കിയാല്‍ വി എസിന്റെ ഭാഗം തന്നെ താഴ്‌നിരിക്കും. പി ബി വരെ വി എസിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചതാണല്ലോ? പുരക്കു മീതെ വളര്‍ന്ന മരമായിരുന്നു വി എസ്‌ അച്യുതാനന്ദന്‍. മാത്രമല്ല ഇന്നതൊരു വടവൃക്ഷമായി മാറിയിരിക്കുന്നു. ആ ധാരണയാണ്‌ പിണറായിയെക്കൊണ്ട്‌ ഇതൊക്കെ ചെയ്യിച്ചത്‌. പുരക്കുമീതെ വളര്‍ന്ന ഈ മരം അത്രപെട്ടൊന്നൊന്നും മുറിച്ചു മാറ്റാനാവില്ലെന്നു മനസ്സിലാക്കിതിന്റെ ഷോക്ക്‌ പിണറായിക്ക്‌ ഇപ്പോഴും വിട്ടുമാറിയിട്ടില്ല എന്നു വേണം കരുതാന്‍.

ഇരുവരുടെയും ഭാവിയെന്തെന്ന്‌ അറിയാന്‍ ജൂണ്‍ 24 ന്‌ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗം വരെ കാത്തിരിക്കണം. പി ബിയുടെ നടപടിയോടെ ഇരു നേതാക്കളുടെയും പ്രാധാന്യം ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഒരു വേദി ലഭിക്കുകയായിരുന്നു എന്നതാണ്‌ സത്യം. കേരളത്തിലെ പാര്‍ട്ടി കാര്യങ്ങളില്‍ ഇനി മുതല്‍ മൂന്നാമതൊരാളിന്റെ നോട്ടം കൂടി വേണമെന്നാണ്‌ ഈ അച്ചടക്ക നടപടി സൂചിപ്പിക്കുന്നത്‌.

മമ്മുട്ടി ഫാക്‌ടര്‍
‍കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും മമ്മൂട്ടിയും തമ്മിലെന്തു ബന്ധം? ഉത്തരം സിംപിളാണ്‌. പാര്‍ട്ടിയുടെ ചാനലിന്റെ ചെയര്‍മാന്‍. പിണറായിയും മമ്മൂട്ടിയും തമ്മിലെന്തു ബന്ധമെന്ന ചോദ്യമാണ്‌ ഇന്ന്‌ പാര്‍ട്ടി കേന്ദ്രങ്ങളെ കുഴക്കുന്നത്‌. പാര്‍ട്ടി യുവ ഘടകത്തിന്റെ ദേശീയ സമ്മേളനത്തില്‍ മമ്മൂട്ടിയായിരുന്നു മുഖ്യ അതിഥി. ഈയിടെ അദ്ദേഗം എന്തൊക്കെയോ പറഞ്ഞത്‌ ആരൊക്കെയോ വിവാദമാക്കുകയും ചെയ്‌തു. മൂന്നാറില്‍ അദ്ദേഹത്തിന്‌ അനധികൃത ഭുമിയുണ്ട്‌ എന്നാണ്‌ ആരോപണം. പി ബി യോഗത്തില്‍ സംബന്ധിക്കാന്‍ എത്തിയെ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയവര്‍ മമ്മൂട്ടിക്കെതിരെ മുദ്രാവാക്യം മുഴക്കി. പിണറായിയെ സ്വീരിച്ചവര്‍ ഇങ്ങനെ ഒന്നും മിണ്ടിയില്ല. ഉടനെ പാര്‍ട്ടി സെക്രട്ടറി ചൂടായി. പത്രക്കാരെ വിളിച്ച്‌ കാര്യം പറഞ്ഞു. പിറ്റേന്ന്‌ മമ്മൂട്ടിക്കെതിരെ മുദ്രാവാക്യം വിളിച്ചയാള്‍ക്കും കൊടുത്തു വയറു നിറച്ച്‌.നടന്‍ ദിലീപിനും മറ്റ്‌ അസംഖ്യം വി ഐ പികള്‍ക്കും എന്തിന്‌ ടാറ്റക്കുവരെ മൂന്നാറില്‍ ഭൂമിയില്ലേ? എന്നിട്ടെന്താ അതിനെതിരെ പിണറായി ഒന്നും പ്രതികരിക്കാതിരുന്നത്‌. എന്താണ്‌ ഇവര്‍ തമ്മിലുള്ള കണക്ഷന്‍. പാര്‍ട്ടി ചാനലിന്റെ ചെയര്‍മാനായതുകൊണ്ടു കൂറു കാണിച്ചതാവാം എന്ന്‌ നമുക്കങ്ങ്‌ വിശ്വസിക്കാം. സ്‌മാര്‍ട്ട്‌ സിറ്റിയാഥാര്‍ത്ഥ്യമാക്കിയതിനു പിന്നിലും മമ്മൂട്ടിയുടെ പേര്‌ പറഞ്ഞ്‌ കേട്ടിരുന്നു.....
.............................................................................................(പുഴ. കോം)