Tuesday, May 29, 2007

നേതാക്കളുടെ തലക്കു മുകളില്‍ ഇനി പി ബിയുടെ വാള്‍

മ്മ്യൂണിസ്റ്റു പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ മുഖ്യമന്ത്രിയാണോ വലുത്‌ അതോ പാര്‍ട്ടി സെക്രട്ടറിയാണോ വലുത്‌. അണ്ടിയാണോ ആദ്യമുണ്ടായത്‌ അതോ മാങ്ങയോ? അതാണ്‌ പ്രത്യയ ശാസ്‌ത്രം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യ ജനാധിപത്യരാജ്യമാണെന്നാണ്‌ വിവരമുള്ളവര്‍ പറയുന്നത്‌, അതായത്‌ ആര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുള്ള രാജ്യം. കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കകത്ത്‌ അങ്ങനെയല്ല, അതുകൊണ്ടാണല്ലോ അതിനെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്നു പറയുന്നത്‌. പാര്‍ട്ടിക്കാര്‍ക്ക്‌ ആരെയും എന്തും പറയാം അതിന്‌ ഇന്ത്യന്‍ ഭരണ ഘടനയെപ്പോലും പേടിക്കണ്ട. കോടതിയെത്തെറിവിളിക്കാം, മാധ്യമങ്ങളെ ചെറ്റകളെന്നു വിളിച്ചാലും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കില്ല, പകരം ചിലപ്പോള്‍ താഴേകമ്മിറ്റിയില്‍ നിന്ന്‌ മേലേ കമ്മിറ്റിയിലേക്ക്‌ സ്ഥാനക്കയറ്റം കിട്ടും. എന്നാല്‍ പാര്‍ട്ടിയെക്കുറിച്ചും പാര്‍ട്ടിക്കാരെക്കുറിച്ചും പറയുമ്പോള്‍ സൂക്ഷിക്കണം. പാര്‍ട്ടിസെക്രട്ടറിയടക്കം എപ്പോള്‍ മുള്ളണം എപ്പോള്‍ ഭക്ഷണം കഴിക്കണം എപ്പോള്‍ ഉറങ്ങണം എന്തൊക്കെ പറയണമെന്ന്‌ പാര്‍ട്ടിയുണ്ടാക്കിയവര്‍ പണ്ട്‌ എഴുതിവച്ചിട്ടുണ്ട്‌. അതനുസരിച്ചേ പ്രവര്‍ത്തിക്കാവൂ. അല്ലാത്തവരെ ചിലപ്പോള്‍ പുറത്താക്കും ചിലപ്പോള്‍ പെണ്‍കുട്ടികളുടെ ഇടയില്‍ കൊണ്ടിരുത്തും ബഞ്ചിന്‍മേല്‍ കയറ്റി നിര്‍ത്തും ഇല്ലെങ്കില്‍ ക്ലാസിനു പുറത്തു മുട്ടുകാലില്‍ നിര്‍ത്തും, അത്‌ പാര്‍ട്ടി സെക്രട്ടറിയായാലും ജനങ്ങള്‍ തോളിലേറ്റി നടക്കുന്ന മുഖ്യമന്ത്രിയായാലും. ഇതിനെയൊക്കെയാണ്‌ ചുരുക്കത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെന്നു പറയുന്നത്‌. പിന്നെ അങ്ങ്‌ ഡല്‍ഹിയില്‍ പി ബിയെന്നു പേരുള്ള ഒരു സാധനമുണ്ട്‌, പാര്‍ട്ടിയാപ്പീസിലെ പരുക്കന്‍ ബെഞ്ചിലിരുന്ന്‌ തഴമ്പെടുത്തവരെ ചുവന്ന കുഷ്യന്‍ കസേരയില്‍ പിടിച്ചിരുത്തി ഇന്ത്യയിലെ അച്ചടക്കം ലംഘിക്കുന്നവരെ ശിക്ഷിക്കാന്‍ ഉണ്ടാക്കിയതാണ്‌ എന്നാണ്‌ പൊതുവേ കേരളീയരുടെ ധാരണ. എന്നാല്‍ ഈ ചങ്ങലക്കുഭാന്തു പിടിച്ചാലോ? അതിനുള്ള ഉത്തരമാണ്‌ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രകാശ്‌ കാരാട്ട്‌ ഇംഗ്ലീഷില്‍ പറഞ്ഞത്‌. കേരളത്തില്‍ നിന്നുള്ള അവശേഷിക്കുന്ന പി ബി അംഗങ്ങള്‍ ഇനി കുറച്ചുകാലം പഴയ പരുക്കന്‍ ബെഞ്ചില്‍ തന്നെ ഇരിക്കട്ടേ എന്ന്‌.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെന്നാല്‍ ഒരു വ്യക്തിയല്ല വ്യക്തമായ ചട്ടക്കൂടുകളുള്ള ഒരു പാര്‍ട്ടിയാണെന്നാണ്‌ പറയപ്പെടുന്നത്‌. അങ്ങനെയല്ലെന്നു തോന്നിത്തുടങ്ങിയത്‌ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായാണ്‌. കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി രണ്ടു നേതാക്കളുടെ നേതൃത്വത്തില്‍ ചേരിതിരിഞ്ഞ്‌ പരസ്‌പരം ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു തുടങ്ങിയതോടെ കേന്ദ്ര നേതൃത്വവും ഇതിനു മുന്നില്‍ പകച്ചു നില്‌കുകയായിരുന്നു എന്നത്‌ സത്യം. കേരളത്തിലെ രണ്ടു പ്രബല വിഭാഗത്തിന്റെയും നേതാക്കളെ പോളിറ്റ്‌ ബ്യൂറോയില്‍ നിന്നും ചെവിക്കു പിടിച്ചു പുറത്തു നിര്‍ത്തിയോടെ പാര്‍ട്ടിയിലെ വിഭാഗീയത നിലക്കുനിര്‍ത്താനാകുമെന്നാണ്‌ പി ബി കരുതുന്നത്‌. ഒപ്പം പി ബി എന്നൊരു വാള്‍ കേരള നേതാക്കളുടെ തലക്കുമുകളിലുണ്ട്‌ എന്ന്‌ ഓര്‍മ്മിപ്പിക്കാനും ഇതുവഴി സാധിച്ചു എന്നത്‌ ഇതിന്റെ മറ്റൊരു തലം. എല്ലാം പി ബിയുടെ വിജയമായാണ്‌ കണക്കാക്കപ്പെടുന്നത്‌.

പാര്‍ട്ടിയുടെ ചട്ടക്കൂടും അച്ചടക്കനിയമവുമൊന്നും ബഹുഭൂരിപക്ഷം വരുന്ന കേരളത്തിലെ ജനങ്ങള്‍ക്ക്‌ വിഷയമല്ല. കമ്മ്യൂണിസം പഴയ സോവിയറ്റ്‌ റഷ്യയിലെ പോലെ നടപ്പാക്കിയാലേ ഇന്ത്യ നന്നാവൂ എന്ന്‌ കരുതുന്നവരും കേരളത്തില്‍ ഇല്ല. പാര്‍ട്ടിസെക്രട്ടറി അഭിവന്ദ്യനായ പിണറായി പറഞ്ഞതുതന്നെയാണ്‌ കേരളത്തിലെ സാധാരണ ജനങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്‌. എല്ലാ ശരികള്‍ക്കും കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി, തെറ്റുകളുടെ പര്യായമായ മഹാ അബദ്ധമായ പാര്‍ട്ടിസെക്രട്ടറിയും മറ്റംഗങ്ങളും- എന്നു തന്നെയാണ്‌ സാമാന്യവിവരമുള്ള, ചുരുങ്ങിയത്‌ കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ അള്‍സ്‌ഹൈമേഴ്‌സ്‌ ബാധിച്ചിട്ടില്ലാത്ത ആരും മനസ്സിലാക്കുക.

പാര്‍ട്ടിയോടുള്ള ആരാധനയാണ്‌ ഇന്ന്‌ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ അണികളെ പുറത്തുപോകാതെ നിര്‍ത്തുന്നത്‌. അതുകൊണ്ടുതന്നെ പാര്‍ട്ടി സെക്രട്ടറിയും ഔദ്യോഗികമായി പാര്‍ട്ടിയുടെ തലപ്പത്തുള്ളവരും പറയുന്നത്‌ അക്ഷരം പ്രതി പാര്‍ട്ടിക്കാര്‍ അനുസരിക്കും. എന്നാല്‍ അത്‌ കേരളത്തിലെ ജനങ്ങള്‍ അനുസരിക്കണമെന്നു നിര്‍ബന്ധമില്ല. അതേപോലെ ജനങ്ങളുടെ വികാരം മനസ്സിലാക്കാതെ പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം പാര്‍ട്ടിയില്‍ അടിയുറച്ച്‌ വിശ്വസിക്കുന്നവരും അന്ധമായി ആരാധിക്കുന്നവരും നില്‍ക്കും. ഇതുകണ്ട്‌ താന്‍ ചെയ്യുന്നതാണ്‌ ശരി എന്നു കരുതി മുന്നോട്ടു പോയ പിണറായി വിജയനാണ്‌ യഥാര്‍ത്ഥത്തില്‍ വിഢി. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പിണറായി പറയുന്നതിന്‌ കയ്യടിക്കാനും(ഇവരില്‍ ഭൂരിഭാഗവും വി എസിനും കയ്യടിക്കും) ആര്‍പ്പുവിളിക്കാനും കേരളത്തിലെ മുകളില്‍ പറഞ്ഞ വിഭാഗം തയ്യാറാകും എന്നു കരുതി എന്തും പറയാനുള്ള ലൈസന്‍സല്ല അത്‌ എന്നതാണ്‌ പി ബി തീരുമാനത്തിലൂടെ വ്യക്തമാകുന്നത്‌.

വി എസ്‌ പ്രതിപക്ഷത്തുണ്ടായിരുന്ന അഞ്ചുവര്‍ഷക്കാലം പ്രതിപക്ഷ നേതാവാവെന്ന നിലയില്‍ ഏറ്റെടുത്ത എത്ര പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ട്‌?. മതികെട്ടാനും ഓണ്‍ലൈന്‍ ലോട്ടറിയും കിളിരൂര്‍ കവിയൂര്‍ പെണ്‍വാണിഭങ്ങളും അടക്കം എത്ര ജനകീയ പ്രശ്‌നങ്ങള്‍ക്ക്‌ അന്നു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്‌. പിണറായിവിജയന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഇവയൊന്നും ഏറ്റെടുത്തിട്ടില്ല. പോരാത്തതിന്‌ തെരഞ്ഞെടുപ്പുകാലത്ത്‌ മുഖ്യമന്ത്രി എന്ന നിലയില്‍ എന്തുകൊണ്ടും യോഗ്യനായ വി എസ്‌ അച്യുതാനന്ദനെ ഒതുക്കുകയും ചെയ്‌തു. അന്ന്‌ കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളും രംഗത്തിറങ്ങിയതോടെയാണ്‌ വി എസിനെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനം പി ബി മാറ്റുകയും പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയും വി എസ്‌ മുഖ്യമന്ത്രിയാകുകയും ചെയ്‌തത്‌.

അന്ന്‌ വി എസ്‌ പാര്‍ട്ടിയോഗങ്ങളിലും നേതൃത്വയോഗങ്ങളിലും ഗര്‍ജ്ജിച്ചത്‌ മാഫിയാ ഭരണത്തിനെതിരേയും അഴിമതിക്കെതിരെയുമായിരുന്നു. ഇക്കാലത്തുതന്നെയാണ്‌ പിണറായിയുടെ മേല്‍ ലാവ്‌ലിന്‍ അഴിമതിയുടെ നിഴല്‍ വീണതും. പിണറായിയുടെയും അദ്ദേഹം അദ്ദേഹത്തിന്റെ പിണിയാളുകള്‍ക്ക്‌ മുന്‍തൂക്കമുള്ള കേന്ദ്ര സംസ്ഥാന കമ്മിറ്റികളിലും വി എസിനെ ഒതുക്കാന്‍ കഴിഞ്ഞെങ്കിലും ജനങ്ങളുടെ ഇടയില്‍ പിണറായിക്ക്‌ അതിന്‌ കഴിഞ്ഞില്ല. മുഖ്യമന്ത്രിയായി അധികാരത്തിലേറി കഴിഞ്ഞിട്ടും നേരത്തെ വി എസ്‌ പ്രഖ്യാപിച്ച അഴിമതി വിരുദ്ധ- മാഫിയാ വിരുദ്ധ ഭരണത്തിന്‌ അനിവാര്യമായ വിജിലന്‍സ്‌ ആഭ്യന്തര വകുപ്പുകള്‍ അദ്ദേഹത്തില്‍ നിന്ന്‌ എടുത്തുമാറ്റി പിണറായിയുടെ വിശ്വസ്‌തര്‍ക്കു നല്‍കി. അന്നുതന്നെ സംഗതിയുടെ പോക്ക്‌ പ്രബുദ്ധരായ കേരളജനതക്ക്‌ മനസ്സിലായതാണ്‌.

ഈ സാഹചര്യത്തില്‍ മൂന്നാറിലെ ഓപ്പറേഷനു തുടക്കമിടുമ്പോള്‍ തന്നെ പിണറായിയും എണ്ണപ്പെട്ടതും എണ്ണപ്പെടാത്തതുമായ ഘടക കക്ഷികളും രംഗത്തിറങ്ങി. അഴിമതിയുടെ കറ പുരളാത്ത, സമര്‍ഥരെന്ന്‌ കേരളം കണ്ടറിഞ്ഞ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്‌ ഇവര്‍ രംഗത്തുവന്നത്‌. ഈ സാഹചര്യത്തിലാണ്‌ വി എസ്‌ നേരത്തെ പറഞ്ഞ മാഫിയാ ഭരണം എന്നത്‌ എന്താണെന്ന്‌ ജനങ്ങള്‍ക്കു മനസ്സിലായത്‌. ഈ സാഹചര്യത്തില്‍ നേതാക്കളുടെ വാക്കുകേള്‍ക്കാതെ മുന്നോട്ടുപോയി മൂന്നാര്‍ വന്‍ വിജമായി മാറി എന്നു മാത്രമല്ല അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന പുതിയ വിപ്ലവത്തിന്‌ അത്‌ ഒരു നല്ല തുടക്കവുമായി. അപ്പോള്‍ ഇത്രയും കാലം വി എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുരങ്കം വച്ചു നടന്നവര്‍ തന്നെ അതിന്റെ ക്രഡിറ്റിന്റെ പേരില്‍ നാണം കെട്ട പ്രസ്‌താവന ഇറക്കിയാല്‍ ജനം അത്‌ പൊറുക്കുമെന്ന്‌ കരുതാന്‍ മാത്രം വിഢിയാണോ പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ തെറ്റുകളുടെ പര്യായവും `മഹാ അബദ്ധവുമാണ്‌' പാര്‍ട്ടിസെക്രട്ടറിയും മറ്റംഗങ്ങളും എന്നു ജനങ്ങള്‍ കരുതിയാല്‍ എങ്ങനെയാണ്‌ അവരെ കുറ്റം പറയാനാകുക. എല്ലാം തുറന്നു പറഞ്ഞ മാധ്യമങ്ങളുടെ നേരെ തിരിഞ്ഞ പിണറായിയുടെ ആരോപണങ്ങളെല്ലാം തെറ്റായിരുന്നു എന്നാണ്‌ പി ബിയുടെ സസ്‌പെന്‍ഷനും തെളിയിക്കുന്നത്‌. വിഭാഗീയപ്രവര്‍ത്തനങ്ങളുണ്ടെന്നും അത്‌ മാധ്യമസൃഷ്‌ടിയല്ലെന്നും പി ബി നേരത്തെതന്നെ തുറന്നു സമ്മതിച്ചതാണ്‌.


ഈ അവസരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും കൊത്തിക്കൊണ്ടിരിക്കുമ്പോള്‍ സഹികെട്ടാണ്‌ വി എസ്‌ മറുപടി പറഞ്ഞത്‌ എന്നതും കേരളം കണ്ടതാണ്‌. അത്‌ പാര്‍ട്ടി നിയമങ്ങള്‍ക്ക്‌ വിരുദ്ധവുമാണ്‌ സസ്‌പെന്‍ഷന്‍ കിട്ടിയതില്‍ അത്ഭുതവുമില്ല. പക്ഷേ പി ബിയുടെ തീരുമാനത്തോടെ കേരളത്തിലെ ജനങ്ങള്‍ ഇരു നേതാക്കളെയും ത്രാസിലിട്ടു തൂക്കി നോക്കിയാല്‍ വി എസിന്റെ ഭാഗം തന്നെ താഴ്‌നിരിക്കും. പി ബി വരെ വി എസിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചതാണല്ലോ? പുരക്കു മീതെ വളര്‍ന്ന മരമായിരുന്നു വി എസ്‌ അച്യുതാനന്ദന്‍. മാത്രമല്ല ഇന്നതൊരു വടവൃക്ഷമായി മാറിയിരിക്കുന്നു. ആ ധാരണയാണ്‌ പിണറായിയെക്കൊണ്ട്‌ ഇതൊക്കെ ചെയ്യിച്ചത്‌. പുരക്കുമീതെ വളര്‍ന്ന ഈ മരം അത്രപെട്ടൊന്നൊന്നും മുറിച്ചു മാറ്റാനാവില്ലെന്നു മനസ്സിലാക്കിതിന്റെ ഷോക്ക്‌ പിണറായിക്ക്‌ ഇപ്പോഴും വിട്ടുമാറിയിട്ടില്ല എന്നു വേണം കരുതാന്‍.

ഇരുവരുടെയും ഭാവിയെന്തെന്ന്‌ അറിയാന്‍ ജൂണ്‍ 24 ന്‌ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗം വരെ കാത്തിരിക്കണം. പി ബിയുടെ നടപടിയോടെ ഇരു നേതാക്കളുടെയും പ്രാധാന്യം ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഒരു വേദി ലഭിക്കുകയായിരുന്നു എന്നതാണ്‌ സത്യം. കേരളത്തിലെ പാര്‍ട്ടി കാര്യങ്ങളില്‍ ഇനി മുതല്‍ മൂന്നാമതൊരാളിന്റെ നോട്ടം കൂടി വേണമെന്നാണ്‌ ഈ അച്ചടക്ക നടപടി സൂചിപ്പിക്കുന്നത്‌.

മമ്മുട്ടി ഫാക്‌ടര്‍
‍കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും മമ്മൂട്ടിയും തമ്മിലെന്തു ബന്ധം? ഉത്തരം സിംപിളാണ്‌. പാര്‍ട്ടിയുടെ ചാനലിന്റെ ചെയര്‍മാന്‍. പിണറായിയും മമ്മൂട്ടിയും തമ്മിലെന്തു ബന്ധമെന്ന ചോദ്യമാണ്‌ ഇന്ന്‌ പാര്‍ട്ടി കേന്ദ്രങ്ങളെ കുഴക്കുന്നത്‌. പാര്‍ട്ടി യുവ ഘടകത്തിന്റെ ദേശീയ സമ്മേളനത്തില്‍ മമ്മൂട്ടിയായിരുന്നു മുഖ്യ അതിഥി. ഈയിടെ അദ്ദേഗം എന്തൊക്കെയോ പറഞ്ഞത്‌ ആരൊക്കെയോ വിവാദമാക്കുകയും ചെയ്‌തു. മൂന്നാറില്‍ അദ്ദേഹത്തിന്‌ അനധികൃത ഭുമിയുണ്ട്‌ എന്നാണ്‌ ആരോപണം. പി ബി യോഗത്തില്‍ സംബന്ധിക്കാന്‍ എത്തിയെ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയവര്‍ മമ്മൂട്ടിക്കെതിരെ മുദ്രാവാക്യം മുഴക്കി. പിണറായിയെ സ്വീരിച്ചവര്‍ ഇങ്ങനെ ഒന്നും മിണ്ടിയില്ല. ഉടനെ പാര്‍ട്ടി സെക്രട്ടറി ചൂടായി. പത്രക്കാരെ വിളിച്ച്‌ കാര്യം പറഞ്ഞു. പിറ്റേന്ന്‌ മമ്മൂട്ടിക്കെതിരെ മുദ്രാവാക്യം വിളിച്ചയാള്‍ക്കും കൊടുത്തു വയറു നിറച്ച്‌.നടന്‍ ദിലീപിനും മറ്റ്‌ അസംഖ്യം വി ഐ പികള്‍ക്കും എന്തിന്‌ ടാറ്റക്കുവരെ മൂന്നാറില്‍ ഭൂമിയില്ലേ? എന്നിട്ടെന്താ അതിനെതിരെ പിണറായി ഒന്നും പ്രതികരിക്കാതിരുന്നത്‌. എന്താണ്‌ ഇവര്‍ തമ്മിലുള്ള കണക്ഷന്‍. പാര്‍ട്ടി ചാനലിന്റെ ചെയര്‍മാനായതുകൊണ്ടു കൂറു കാണിച്ചതാവാം എന്ന്‌ നമുക്കങ്ങ്‌ വിശ്വസിക്കാം. സ്‌മാര്‍ട്ട്‌ സിറ്റിയാഥാര്‍ത്ഥ്യമാക്കിയതിനു പിന്നിലും മമ്മൂട്ടിയുടെ പേര്‌ പറഞ്ഞ്‌ കേട്ടിരുന്നു.....
.............................................................................................(പുഴ. കോം)

Monday, May 14, 2007

വി എസ്‌ മൂന്നാറിലും സ്മാര്‍ട്ട്‌

മ്മ്യൂണിസ്റ്റു പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന്‌ കാടുകളും മലകളും ചില്ലറ സഹായങ്ങളൊന്നുമല്ല ചെയ്തത്‌ എന്നതിന്‌ കേരളത്തില്‍ മാത്രമല്ല ലോകത്താകമാനം തെളിവുകള്‍ നിരവധിയുണ്ട്‌. കമ്മ്യൂണിസ്റ്റുകാര്‍ തലതൊട്ടപ്പനായി പടം വരച്ചുവെച്ച്‌ പൂജിക്കുന്ന ചെഗുവേര തൊട്ട്‌ കേരളത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരനായ വി എസ്‌ അച്യുതാനന്ദന്‍ വരെ എത്ര പേരാണ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നകാലത്ത്‌ ഈ കാടുകളിലും മലകളിലും ഒളിവില്‍ പാര്‍ത്തത്‌. കാടിനോടും മലകളോടും കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ള സ്നേഹം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നാണ്‌ മൂന്നാറിലെ കൈയേറ്റത്തേതുടര്‍ന്നുള്ള രാഷ്ട്രീയ നാടകങ്ങള്‍ കാണിക്കുന്നത്‌. ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ പ്രതിപക്ഷത്തിരുന്നപ്പോള്‍ സമരം നയിച്ച വി എസ്‌ അച്യുതാനന്ദന്‍ പാര്‍ട്ടിയിലും മന്ത്രിസഭയിലും ഇപ്പോഴും ഒറ്റക്കാണ്‌ എന്നതാണ്‌ അടുത്ത ദിവസത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്‌. അന്നത്തെപ്പോലെ ഇന്നും ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തിനെതിരെ തിരിഞ്ഞ പട ഇപ്പോഴും പിറകെയുണ്ട്‌ എന്നതാണ്‌ ശ്രദ്ധേയം. പാവങ്ങളുടെ ഭൂമിക്കായ്‌ പൊരുതി ചരിത്രത്തില്‍ ഇടം നേടിയവര്‍ മുതലാളിമാര്‍ക്കും മാഫിയകള്‍ക്കുമായി പൊരുതുന്ന കാഴ്ചയാണ്‌ മൂന്നാര്‍ കുടിയൊഴിപ്പിക്കലുമായ്‌ ബന്ധപ്പെട്ട്‌ നടക്കുന്നത്‌ എന്നതാണ്‌ ലജ്ജാവഹം.

മൂന്നാറില്‍ കോണ്‍ഗ്രസ്സെന്നോ സി പി ഐ എന്നോ സി പി എം എന്നോ വ്യത്യാസമില്ലാതെ എല്ലാവരുടെയു ആളുകള്‍ കയ്യേറിയതാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ്‌ വിനയായത്‌. ഇവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും കയ്യേറിയ സ്ഥലങ്ങളെല്ലാം പൊളിച്ചു കളയുമെന്നും വേണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം വരെ നടത്തുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. മതികെട്ടാനിലും മുല്ലപ്പെരിയാറിലും ഒക്കെ ചുറുചുറുക്കോടെ ഓടിക്കയറിയ ആ പഴയ വി എസ്‌ അച്യുതാനന്ദനെയാണ്‌ മൂന്നാറില്‍ കണ്ടത്‌. രാവിലെ ഒമ്പതു മണിക്ക്‌ മൂന്നാറിലെത്തിയ അദ്ദേഹം ഉച്ചക്ക്‌ മൂന്നുവരെ കൈയേറ്റങ്ങള്‍ ഓടി നടന്നു കണ്ടു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി ഹരനെക്കൊണ്ട്‌ അന്വേഷിപ്പിച്ച്‌ ഉടന്‍ തന്നെ റിപ്പോര്‍ട്ടും വാങ്ങിച്ചു താമസിയാതെ കൈയേറ്റ സ്ഥലം ഇടിച്ചു തകര്‍ക്കാന്‍ മൂന്നംഗ സംഘത്തേയും നിയോഗിച്ചു. അത്ര പെട്ടെന്ന്‌ എല്ലാം സംഭവിക്കുമെന്ന്‌ സത്യത്തില്‍ മുന്നണിയില്‍ ആരും കരുതിയിരുന്നില്ല. സ്മാര്‍ട്ട്‌ സിറ്റി ഒത്തു തീര്‍പ്പായാതോടെ സ്മാര്‍ട്ടായ വി എസ്‌ മൂന്നാറിലും ജനങ്ങളുടെ കൈയടി വാങ്ങി.

വി എസ്‌ പെട്ടെന്നാണ്‌ രാഷ്ട്രീയപരമായി ശക്തനായി മാറിയത്‌. മൂന്നാറില്‍ നടക്കുന്നത്‌ എന്താണെന്ന്‌ വ്യക്തമായി ജനങ്ങളെ ബോധ്യമാക്കിക്കൊടുക്കാന്‍ കഴിഞ്ഞുവെന്നത്‌ ഒന്നാമത്തെ നേട്ടം. സംഭവ സ്ഥലം സന്ദര്‍ശിച്ച്‌ പതിവുരീതിയില്‍ അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ റിപ്പോര്‍ട്ടു വാങ്ങി അതു പഠിച്ച്‌ കൈയേറിയവര്‍ക്കു രക്ഷപ്പെടാന്‍ സമയം നല്‍കാതെ പൊളിച്ചു നീക്കല്‍ നടപടികള്‍ തുടങ്ങിയെന്നത്‌ രണ്ടാമത്തെ നേട്ടം. ഇവ രണ്ടും ജനങ്ങളില്‍ ഈയിടെ വി എസ്‌ എന്ന ബിംബത്തിനേറ്റ മങ്ങലിനു മേല്‍ സൂര്യപ്രഭ ചൊരിയുന്നതായിരുന്നു. ഇനിയുമൊന്നുകൂടെ കടന്നു കളിക്കുവാന്‍ വി എസ്‌ തയ്യാറായി എന്നതാണ്‌ പിണറായി പക്ഷത്തേമാത്രമല്ല എല്‍ ഡി എഫിനെ ഒന്നടങ്കം ചൊടിപ്പിച്ചത്‌. വി എസ്‌ മൂന്നാര്‍ ഉടച്ചുവാര്‍ക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്‌ ഐ ജി ഋഷിരാജ്‌ സിംഗ്‌, രാജു നാരായണസ്വാമി ഐ എ എസ്‌, കെ സുരേഷ്‌ കുമാര്‍ ഐ എ എസ്‌ എന്നിവരെയാണ്‌ എന്നതാണ്‌ ഇവര്‍ക്ക്‌ തലവേദനയായത്‌.

ഒഴിപ്പിക്കല്‍ നടപടിക്കായുള്ള നാനൂറില്‍ പരം വരുന്ന പോലീസിനെ ഋഷിരാജ്‌ സിംഗ്‌ നയിക്കും എന്നതു തന്നെ മൂന്നാര്‍ ഓപ്പറേഷനു കരുത്തു പകരുമെന്നതില്‍ സംശയമില്ല. തൊട്ടതെല്ലാം പൊന്നാക്കിയതിണ്റ്റെ പേരില്‍ ശാസനയും സ്ഥലം മാറ്റവുമൊക്കെ വാങ്ങി പ്രശസ്തി പിടിച്ചു പറ്റിയ ആളാണ്‌ സിംഗ്‌. വ്യാജ സി ഡി- റിയാന്‍ സ്റ്റുഡിയോ വിവാദം തന്നെ ഉദാഹരണം. വ്യാജ സി ഡി കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങിയതും അതിലൂടെ ഋഷിരാജ്‌ സിംഗ്‌ മുഖ്യമന്ത്രിയുടെ വിശ്വസ്തനും പിണറായി പക്ഷത്തിണ്റ്റെ പ്രഖ്യാപിത ശത്രുവും ആയആളാണ്‌. രാജു നാരായണ സ്വാമി കേരള കേഡറില്‍ കയറിയതുമുതല്‍ ജോലിയിലെ കണിശതക്കും മുഖം നോക്കാതെ നടപടിയെടുക്കുന്നതിലും പേരു കേട്ടയാള്‍, അദ്ദേഹമാണ്‌ പുതിയ ഇടുക്കി കളക്ടര്‍. വി എസിണ്റ്റെ മാനസപുത്രനായ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ എ എസ്‌ ഉദ്യോഗസ്ഥനായ സുരേഷ്‌ കുമാറാണ്‌ ദൌത്യ സംഘത്തിലെ സ്പെഷ്യല്‍ ഓഫീസര്‍. ഇതിനു പുറമെ ഇടുക്കി ജില്ലയില്‍ ബന്ധപ്പെട്ട സ്ഥാനങ്ങളില്‍ വിഹരിക്കുന്ന റവന്യൂ ഉദ്യോഗസ്ഥരെ ഒന്നടങ്കം മാറ്റി നിയമിക്കാനും കര്‍ശന നടപടിയെടുക്കാനും തീരുമാനമായി. ഇവരുടെ കണിശതക്കു മുന്നില്‍ അടിയറവു പറയേണ്ടിവരുമെന്നതു തന്നെയാണ്‌ ഇതുസംബന്ധിച്ച ഇടതുമുന്നണിയോഗത്തില്‍ പിണറായി സംഘം കടുത്ത പ്രതിഷേധമുയര്‍ത്തിയതിനു കാരണവും. പ്രായക്കുറവ്‌ പക്വതയില്ലായ്മ തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങളാണ്‌ പിണറായിയും ഒപ്പമുള്ള ഭൂരിപക്ഷം ബ്രാക്കറ്റു പാര്‍ട്ടികളും ഇവര്‍ക്കുമേല്‍ ചാര്‍ത്തിയത്‌.

വല്ലാത്ത ഒരു ഗതികേടായിരുന്നു പിണറായി വിജയന്‌. മൂന്നാര്‍ പ്രശ്നം വന്നതു മുതല്‍ അത്‌ വലതുപക്ഷത്തിണ്റ്റെ തലയില്‍ വെച്ചൊഴിയാന്‍ അദ്ദേഹം പഠിച്ച പണി പതിനെട്ടും പയറ്റി. ഒടുവില്‍ വി എസിണ്റ്റെ പ്രസ്താവനകൂടി വന്നതോടെ സംഗതി ക്ളീന്‍. അങ്ങനെയാണ്‌ പാത്രക്കടവു പദ്ധതിക്കുവേണ്ടി പരിസ്ഥിതിപ്രവര്‍ത്തകരെ ചീത്തവിളിച്ചു നടന്ന പിണറായി വിജയന്‍ പെട്ടെന്നു പരിസ്ഥിതി സ്നേഹിയാവേണ്ടിവന്നത്‌. പരിസ്ഥിതിയെ തകിടം മറിക്കുന്ന തരത്തില്‍ മൂന്നാറില്‍ നടക്കുന്ന അനധികൃത കയ്യേറ്റങ്ങള്‍ ഇടിച്ചു നിരത്തണമെന്നാണ്‌ സംഭവസ്ഥലം സന്ദര്‍ശിച്ച സാക്ഷാല്‍ പിണറായി വിജയന്‍ ആക്രോശിച്ചത്‌. എന്തൊരു പ്രകൃതി സ്നേഹം, ആ സ്നേഹത്തിനു മുന്നില്‍ വി എസ്‌ അച്യുതാനന്ദന്‍ വരെ കൈകൂപ്പി നിന്നു പോയിട്ടുണ്ടാകണം. വി എസ്സിനു പിന്നാലെ മൂന്നാറില്‍ ഓടിയെത്തിയ പിണറായി കണ്ടത്‌ യു ഡി എഫ്‌ കക്ഷികള്‍ കൈയേറിയ ഭൂമിയായിരുന്നത്രേ. എല്ലാത്തിനു മുകളിലും യു ഡി എഫ്‌ വക കയ്യേറിയ ഭൂമി എന്നു ബോര്‍ഡ്‌ സ്ഥാപിച്ചുട്ടുണ്ടായിരുന്നോ ആവോ? ലക്ഷ്മി എസ്റ്റേറ്റ്‌ മേഖലയില്‍ യു ഡി എഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചണ്റ്റെ ബന്ധു എബ്രഹാം മണക്കാടന്‍ മുതല്‍ വിരലിലെണ്ണാവുന്നത്രയും യു ഡി എഫുകാരുടെ ലിസ്റ്റും പിണറായി പുറത്തു വിട്ടു. എന്നിട്ടും മറ്റു പാര്‍ട്ടിപാര്‍ക്കാര്‍ ആരും ഭൂമി കയ്യേറിയോ എന്നൊരു ചെറിയ സംശയം പോലും അദ്ദേഹത്തിനു തോന്നിയില്ല. തൊട്ടു പിന്നാലെയെത്തിയ പി പി തങ്കച്ചനടങ്ങുന്ന യു ഡി എഫ്‌ സംഘം കയ്യേറിയ ഇരുപത്തിനാലോളം സി പി എം പ്രവര്‍ത്തകരുടയും ബന്ധുക്കളുടേയും ലിസ്റ്റ്‌ മാധ്യമങ്ങള്‍ക്കു കൈമാറി. പിണറായി ആരോപിച്ചതുപോലെ തനിക്ക്‌ അങ്ങനെയൊരു ബന്ധുവില്ലെന്നും പറ്റുമെങ്കില്‍ തെളിയിക്കട്ടേയെന്നും വെല്ലു വിളിച്ചു. ഇതില്‍ ആരു പറയുന്നതു വിശ്വസിക്കണമെന്ന കണ്‍ഫ്യൂഷനിലാണ്‌ കേരളം.

ചൊക്രമുടിയെന്ന സ്ഥലത്ത്‌ സി പി എം നേതാവിണ്റ്റെ സഹോദരന്‍ ഭൂമികയ്യേറിയിട്ടുണ്ടെന്നും അയാള്‍ മുമ്പ്‌ സി പി എമ്മില്‍ നിന്ന്‌ പുറത്താക്കപ്പെട്ടയാളാണെന്നുമാണ്‌ വി എസ്‌ കണ്ടെത്തിയത്‌. വി എസിണ്റ്റെ ഈ കണ്ടെത്തലുകള്‍ പാര്‍ട്ടിയെ തളര്‍ത്തും എന്നറിയാവുന്ന നേതാക്കള്‍ അദ്ദേഹത്തെ ഇതില്‍ നിന്ന്‌ പിന്‍തിരിപ്പിക്കാന്‍ ആവതു ശ്രമിച്ചു. ഇതിണ്റ്റെ ഭാഗമായാണ്‌ സുരക്ഷാ കാരണങ്ങളും മറ്റും പറഞ്ഞ്‌ പാര്‍ട്ടിക്കാരുടെ സ്വന്തക്കാരുടെ സ്ഥലം കയ്യേറ്റം വി എസ്‌ കാണാതിരിക്കാന്‍ ഉദ്യോഗസ്ഥരും മറ്റും കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. പോതമേട്ടിലേക്കുള്ള വഴിമധ്യേ തടസ്സം നിന്ന സി പി എം എം എല്‍ എ മാരും പോലീസുകാരും റവന്യൂ ഉദ്യോഗസ്ഥരുമൊക്കെ ഒടുവില്‍ പിന്‍ വാങ്ങേണ്ടി വന്നു. ബി സി ജി ഗ്രൂപ്പ്‌ കൈയേറിയ സ്ഥലം കണ്ട വി എസ്‌ പിറുപിറുത്തുകൊണ്ടാണ്‌ തിരിച്ചു പോന്നത്‌. ചൊക്രമുടിയിലെ സി പി എം നേതാവിണ്റ്റെ സഹോദരന്‍ കൈയേറിയ 30 ഏക്കര്‍ സ്ഥലമാണ്‌ ആദ്യം ഒഴിപ്പിച്ചത്‌. ഈ നാടകങ്ങളുടെ പുതിയ രംഗങ്ങളാണ്‌ തിരുവനന്തപുരത്ത്‌ എല്‍ ഡി എഫ്‌ യോഗത്തില്‍ നടന്നത്‌.

കാട്ടുകള്ളന്‍മാരാണ്‌ കേരളം മുമ്പുഭരിച്ചിരുന്ന യു ഡി എഫുകാരും ഇപ്പോ ഭരിക്കുന്ന സി പി എമ്മുകാരുമെന്ന്‌ മനസ്സിലാക്കാന്‍ കേരള രാഷ്ട്രീയ ചരിത്രം മുഴുവന്‍ കലക്കിക്കുടിക്കേണ്ട കാര്യമൊന്നുമില്ല. കഴിഞ്ഞ സര്‍ക്കാരിണ്റ്റെ അഞ്ചു വര്‍ഷവും ഈ സര്‍ക്കാരിണ്റ്റെ ഇത്രയും കാലവും ഒന്നു വിശകലനം ചെയ്താല്‍ മതി. മതികെട്ടാനില്‍ വാന്‍ ഭൂമി കയ്യേറ്റം കഴിഞ്ഞ സര്‍ക്കാരിണ്റ്റെ കാലത്തെ വലിയ സംഭവങ്ങളിലൊന്നായിരുന്നു. അന്നത്തെ റവന്യൂ മന്ത്രി കെ എം മാണി കുറ്റാരോപിതനുമായിരുന്നു. അന്ന്‌ മതികെട്ടാന്‍ സന്ദര്‍ശിച്ച അന്നത്തെ പ്രതിപക്ഷനേതാവ്‌ വി എസിന്‌ എല്ലാ പാര്‍ട്ടിക്കാരും പങ്കാളികളാണെന്ന്‌ മനസ്സിലായതാണ്‌. മതികെട്ടാനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്‌ ആണയിട്ടു പറഞ്ഞ അന്നത്തെ മുഖ്യമന്ത്രി എ കെ ആണ്റ്റണിക്കുപോലും പിന്നെ മൌനം പാലിക്കേണ്ടി വന്നു. പിന്നീടുവന്ന ഉമ്മന്‍ ചാണ്ടി അങ്ങനെയൊരു സംഭവം നടന്നതായി ഭാവിച്ചതേയില്ല. ക്രമേണ വി എസ്‌ അച്യുതാനന്ദന്‍ പോലും ഇക്കാര്യം മറന്നു. മതികെട്ടാനില്‍ പിന്നീടെന്തു സംഭവിച്ചു എന്നത്‌ കേരളത്തില്‍ എത്ര പേര്‍ക്കറിയാം. ഭൂമി കയ്യേറുന്നവന്‌ പാര്‍ട്ടിയും പതാകയുമില്ല എന്നത്‌ ആര്‍ക്കുമറിയാവുന്ന കാര്യമാണ്‌.

മൂന്നാറിലും കൈയേറ്റത്തിനു പിന്നിലുള്ളത്‌ വാന്‍ രാഷ്ട്രീയ മാഫിയയാണെന്നത്‌ പകല്‍ പോലെ വ്യക്തമാണ്‌. കോടികളുമായി റിയല്‍ എസ്റ്റേറ്റ്‌ റിസോര്‍ട്ട്‌ മാഫിയകള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ്‌ അണിയറക്കഥകള്‍. അല്ലെന്നു വിശ്വസിക്കാന്‍ ന്യായവുമില്ല. സര്‍വീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഘടകക്ഷികകള്‍ ഒന്നടങ്കം മുന്നോട്ടുവരണമെങ്കില്‍ ഇതിനു പിന്നില്‍ എന്തൊക്കെയോ ചീഞ്ഞു നാറുന്നു എന്നതു വ്യക്തമാണ്‌. അല്ലെങ്കില്‍ കൈയേറ്റങ്ങള്‍ ഇടിച്ചു നിരത്തണമെന്നു ഗര്‍ജ്ജിച്ച പിണറായി സിംഹം പോലും എന്തിന്‌ ഇവരെ പേടിക്കണം. സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി വി എസ്‌ പിന്നോട്ടു പോകുകയാണെങ്കില്‍ മൂന്നാര്‍ മറ്റൊരു ദുരന്തമായി ചരിത്രത്തിലവശേഷിക്കും എന്നതില്‍ സംശയമില്ല. മറിച്ച്‌ മുഖം നോക്കാതെ വമ്പന്‍ സ്രാവുകളെ വീഴ്തിയാല്‍ അത്‌ വി എസിണ്റ്റെ കിരീടത്തിലെ ഒരു പൊന്‍തൂവലായിരിക്കും.
.............................................................................................(പുഴ. കോം)