Thursday, September 20, 2007

തകര്‍ച്ച നേരിടുന്ന കേരളാ മോഡല്‍

സാമൂഹ്യ ജീവിതത്തിലായാലും ഭൂപ്രകൃതിയുടെ കാര്യത്തിലായാലും ദൈവത്തിന്റെ സ്വന്തം നാടാണ്‌ കേരളമെന്നാണ്‌ വര്‍ഷങ്ങളായി നമ്മള്‍ മേനി പറയുന്നത്‌. ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ മേഖലകളില്‍ നമ്മള്‍ നേടിയ പുരോഗതി ലോകത്തിനുമുന്നില്‍ ഒരു മാതൃകയാക്കി അവതരിപ്പിക്കപ്പെട്ടു, അതിനെ കേരളാ മോഡല്‍ എന്ന്‌ ഓമനപ്പേരിട്ടു വിളിച്ചു. പുതിയ കാലത്തെ ഉപഭോഗ സംസ്‌കാരവുമായി പൊരുത്തപ്പെട്ടുവരുന്ന നമ്മള്‍ മൊത്തം ചിലവിന്റെ നല്ലൊരു പങ്കും ഇപ്പോഴും സാമൂഹികവികസനത്തിനാണ്‌ ചിലവഴിക്കുന്നത്‌. എന്നാല്‍ ജീവിതനിലവാരത്തില്‍ അമേരിക്കയോട്‌ കിടപിടിക്കുന്നുവെങ്കിലും ജനജീവിതം ഇപ്പോഴും പ്രതിസന്ധികള്‍ക്കിടയിലാണ്‌. അടിസ്ഥാന വികസനവും പൊതു നന്മയും ലക്ഷ്യമമാക്കി മുന്നോട്ടു നീങ്ങിയ ആ പഴയകാലത്തിന്റെ പേരില്‍ ഇപ്പോള്‍ ഊറ്റം കൊള്ളുന്നത്‌ വിഢിത്തമാണെന്നാണ്‌ ഈയടുത്തകാലത്ത്‌ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

കേരളാ മോഡല്‍ നമുക്കു സമ്മാനിച്ചത്‌ ഉയര്‍ന്ന ആരോഗ്യവും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസവും സാമൂഹിക സുരക്ഷിതത്വവുമാണ്‌. മലയാളിയുടെ ശരാശരി ആയുസ്സ്‌ 74 വയസ്സായി വര്‍ദ്ധിപ്പിക്കാന്‍ നമുക്കു കഴിഞ്ഞു, അതായത്‌ ദേശീയ ശരാശരിയേക്കാള്‍ 11 വയസ്സ്‌ കൂടുതല്‍, അമേരിക്കക്കാരുടെ ശരാശരി ആയുസ്സിന്റെ തൊട്ടടുത്ത്‌ (77). സാക്ഷരതാ നിരക്ക്‌ 91 ശതമാനം, ദേശീയ ശരാശരിയേക്കാള്‍ 26 ശതമാനം (അമേരിക്കയുടേത്‌ 99 ശതമാനം). ഒരു ഇന്ത്യന്‍ സംസ്ഥാനം ചെലവിടുന്ന ശരാശരിയേക്കാള്‍ 36 ശതമാനം കൂടുതലാണ്‌ വിദ്യാഭ്യാസത്തിനുവേണ്ടി കേരളം ചെലവിടുന്നത്‌, ആരോഗ്യ രക്ഷക്കുവേണ്ടി 46 ശതമാനവും. പാവപ്പെട്ടവരുടെകാര്യത്തിലാണെങ്കിലും സര്‍ക്കാര്‍ ഇടപെട്ടാല്‍ ജീവിത നിലവാരം മെച്ചപ്പെടുത്താനാവുമെന്ന്‌ പ്ലാനിംഗ്‌ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ പ്രഭാത്‌ പട്‌ നായിക്ക്‌ പറയുന്നു. വളര്‍ച്ചാനിരക്കുകളുമായി ബന്ധപ്പെട്ടതല്ല കേരളീയരുടെ ജീവിത നിലവാരം. ''ജനിച്ച അതേ വര്‍ഷം ശിശുക്കള്‍ മരിക്കുന്നില്ല, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏതാണ്ട്‌ ഒരേ ജീവിത സാഹചര്യം, അവര്‍ക്ക്‌ തുല്യമായ വിദ്യാഭ്യാസം ലഭിക്കുന്നു, ഉയര്‍ന്ന ആയുസ്സും, വികസിത രാജ്യങ്ങളിലെവിടെയും കാണാത്ത പ്രത്യേകതയാണിത്‌'' മൗണ്ട്‌ ക്ലെയര്‍ സര്‍വ്വകലാശാലയിലെ നരവംശ ശാസ്‌ത്രജ്ഞന്‍ റിച്ചാര്‍ഡ്‌ ഫ്രാങ്കി സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭൂപരിഷ്‌കരണം നടത്തി പാവപ്പെട്ടവര്‍ക്ക്‌ ഭൂമി നല്‍കിയതും ഇത്രയേറെ ആശുപത്രികളും വിദ്യാലയങ്ങളും നടത്തുന്നതും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്‌. കേരളാ മോഡല്‍ വികസന മാതൃകയെപ്പറ്റിയുള്ള വിവരണങ്ങള്‍ക്കു മാത്രം ഇന്നും ഒരു കുറവും സംഭവിച്ചിട്ടില്ല.

പക്ഷേ കേരളാ മോഡല്‍ പുസ്‌തകങ്ങളിലൊതുങ്ങുന്നുവെന്നാണ്‌ സമീപകാലം യാഥാര്‍ത്ഥ്യം. കേരളാമോഡലിലൂടെ നേടിയെടുത്ത വിദ്യാസമ്പന്നര്‍ നമുക്ക്‌ താങ്ങാവുന്നതിലുമപ്പുറമാണെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും വലിയ തൊഴില്‍ ദാദാക്കളായ സര്‍ക്കാരിനു തന്നെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലി നല്‍കാന്‍ കഴിയുന്നില്ല. പ്രധാന തൊഴില്‍ ദാതാക്കളായി വളര്‍ന്നു വരുന്ന ഐ ടി അനുബന്ധ മേഖലയുടെ മുഖ്യപങ്കും സ്വകാര്യമേഖലയിലാണ്‌. വളരുന്ന നാടിനൊപ്പം സഞ്ചരിക്കാനാകാതെ സര്‍ക്കാര്‍ വീര്‍പ്പു മുട്ടുന്നു. സ്‌മാര്‍ട്ട്‌ സിറ്റിക്കും ടെക്‌നോ പാക്കുകള്‍ക്കും താങ്ങാനാവാത്ത ഐ ടി വിദഗ്‌ദരെയാണ്‌ കേരളം പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്‌. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ പോലും ചെലവിടാന്‍ പണമില്ലാതെ സ്വകാര്യ മേഖലക്ക്‌ ഇഷ്‌ടദാനം ചെയ്യുന്നു. യൂണിയന്‍ പ്രവര്‍ത്തനവും അനാവശ്യ സമരങ്ങളും സൃഷ്‌ടിച്ച മന്ദത തൊഴില്‍ മേഖലയില്‍ മാറി വരുന്നതേയുള്ളൂ. തൊഴിലറിയാവുന്നവര്‍ ഇഷ്‌ടം പോലെ, തൊഴിലിലിനു മാത്രം ക്ഷാമം, അതാണ്‌ ഇന്നത്ത കേരളത്തിലെ അവസ്ഥ. അതു തന്നെയാണ്‌ നല്ലൊരു ശതമാനം പേരെയും പ്രവാസികളാക്കി മാറ്റിയത്‌. സാമൂഹ്യ സാമ്പത്തിക മണ്‌ഡലങ്ങളില്‍ അതു സൃഷ്‌ടിച്ച മാറ്റം എടുത്തു പറയേണ്ടതാണ്‌.

കേരളത്തിന്റെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തിയതിനു പിന്നില്‍ വിദേശമലയാളികളുടെ പങ്ക്‌ ചെറുതല്ല. പ്രത്യേകിച്ചും ഗള്‍ഫ്‌മലയാളികളുടെ. കേരളത്തെ രണ്ടാക്കി വിഭജിച്ചാല്‍ വടക്ക്‌ മലബാറിലെ സാമ്പത്തിക അടിത്തറ ഗള്‍ഫ്‌ പണമാണെന്നും തെക്ക്‌ തിരുവിതാംകൂറിന്റെ മുഖ്യ സാമ്പത്തിക അടിത്തറ യൂറോപ്പ്‌ അമേരിക്കന്‍ പണമാണെന്നും പറയാം. പക്ഷേ സാമ്പത്തികമായി വളര്‍ച്ച പ്രാപിച്ചു എന്നു പറയുന്നുണ്ടെങ്കിലും സാമൂഹികമായി നമ്മള്‍ പിന്നോട്ടു പോകുകയാണെന്നും അങ്ങനെ കേരളമോഡല്‍ തകര്‍ച്ച നേരിടുകയുമാണെന്നുമാണ്‌ ഈയിടെ ന്യൂയോര്‍ക്ക്‌ ടൈംസ്‌ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌. സര്‍ക്കാരുദ്യോഗം എന്ന ലക്ഷ്യത്തില്‍ നിന്നും യുവതലമുറ മാറിച്ചിന്തിച്ചു തുടങ്ങിയിട്ട്‌ അധിക നാളായില്ല. പക്ഷേ തൊഴില്‍ തേടിയുള്ള യാത്ര നല്ല വിദ്യാഭ്യാസം ലഭിച്ചവരെയും ഏതു തൊഴിലും ചെയ്യിക്കുന്ന അവസ്ഥയിലേക്ക്‌ തള്ളിവിട്ടു. ഗള്‍ഫ്‌ നാടുകളിലെ മരുഭൂമിയില്‍ മണിക്കൂറിന്‌ വെറും ഒരു ഡോളറിനുവരെ ജോലി ചെയ്യേണ്ട ഗതികേട്‌ മലയാളിക്കുണ്ടായത്‌ ഇങ്ങനെയാണ്‌. കേരളത്തിലെ ഏതാണ്ട്‌ മൂന്നിലൊരു കുടുംബവും ജീവിച്ചുപോകുന്നത്‌ വിദേശസമ്പത്തിന്റെ ബലത്തിലാണ്‌.

പട്ടിണികിടന്നു മരിച്ചാലും ജനങ്ങള്‍ മറുനാടുകളിലേക്ക്‌ പലായനം ചെയ്യില്ല, കേരളാമോഡല്‍ വായിക്കാന്‍ കൊള്ളാം പക്ഷേ നടപ്പില്‍ വരുത്താന്‍ കഴിയില്ല , സി ഡി എസിലെ ഡെമോഗ്രാഫര്‍ ഇരുദയ രാജന്‍ പറയുന്നു. ഇത്തരം വിദേശ പണം അടിസ്ഥാനമായുള്ള സമ്പദ്‌ വ്യവസ്ഥ ജനജീവിതത്തെ നയിക്കുന്നുത്‌ മറ്റൊരു ദിശയിലാണ്‌. സാമൂഹ്യ ആരോഗ്യ വിദ്യാഭ്യാസ മണ്‌ഡലങ്ങളിലെ സമാനത എന്ന ലക്ഷ്യം പക്ഷേ തകര്‍ന്നു തുടങ്ങിയിരിക്കുന്നു എന്നതാണ്‌ ഈ സാമൂഹ്യ വ്യവസ്ഥ വെളിപ്പെടുത്തുന്നത്‌. യൂറോപ്പിലേക്കും അമേരിക്കയിലേക്കും പറിച്ചു നടുന്നവരുടെയും ഗള്‍ഫിലേക്കു ജോലി തേടിപ്പോകുന്നവരുടേയും കുടുംബജീവിതം പുതിയ മാനങ്ങള്‍ തേടുകയാണ്‌.

ഗള്‍ഫില്‍ ജോലിചെയ്യുന്നവര്‍ കുടുംബത്തിന്റെ ഒരു ധനാഗമനമാര്‍ഗ്ഗമായി മാത്രമാണ്‌ ജീവിക്കുന്നത്‌ എന്നു പറയാം. അവര്‍ കുടുംബത്തോടെപ്പം ചിലവഴിക്കുന്നത്‌ വര്‍ഷത്തില്‍ വെറും മൂന്നോ നാലോ ആഴ്‌ചതകള്‍ മാത്രം . നാട്ടില്‍ വന്നാല്‍ ഒരു ഗൃഹനാഥന്റെ വേഷം അഭിനയിക്കാന്‍ ലഭിക്കുക വിരലിലെണ്ണാവുന്ന ദിവസങ്ങളായിരിക്കും. ഇത്രയും ദിവസം ഒരു ഗസ്റ്റ്‌ അപ്പിയറന്‍സും ബാക്കി ടെലി അപ്പിയറന്‍സും വഴിയാണ്‌ അഛനായും മകനായും മകളായുമൊക്കെ ഗള്‍ഫ്‌ മലയാളികള്‍ ജീവിക്കുന്നത്‌. ആധുനിക മൊഡ്യുലാര്‍ കിച്ചണും കാറും മക്കളുടെ ഉയര്‍ന്ന വിദ്യാഭ്യാസവും എല്ലാം താങ്ങണമെങ്കില്‍ ഗള്‍ഫുകാരന്‌ ഇത്തരമൊരു ജീവിതം നയിച്ചേ പറ്റൂ. അഛന്റെ സ്‌നേഹവും ഭര്‍ത്താവിന്റെ സ്‌നേഹവും മകന്റെ സ്‌നേഹവും ഒപ്പം ഉയര്‍ന്ന കുടുംബജീവിതവും ഒന്നിച്ചു പൊരുത്തപ്പെട്ടുപോകില്ല എന്നതാണ്‌ ഗള്‍ഫ്‌ മലയാളി നേരിടുന്ന പ്രശ്‌നം. ഒരുപാട്‌ സാമൂഹിക പ്രശ്‌നങ്ങളാണ്‌ ഈ ജീവിതം സൃഷ്‌ടിക്കുന്നത്‌. ഒരാളുടെ അധ്വാനത്തില്‍ നിന്നും പലരുടേയും ജീവിതം കെട്ടിപ്പടുക്കേണ്ടിവരിക എന്നത്‌ കുടുംബത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിച്ച സംഭവങ്ങള്‍ നിരവധിയാണ്‌. ഗള്‍ഫിലെ ജോലി സാഹചര്യങ്ങള്‍ മാറിയതും വരുമാനമറിയാതെ ചിലവുചെയ്‌ത്‌ കൂടുതല്‍ പ്രാരാബ്‌ദങ്ങള്‍ തലയില്‍ കയറ്റിവച്ച്‌ രണ്ടോ മൂന്നോ വര്‍ഷം കാശുണ്ടാക്കാന്‍ പോയി ഗള്‍ഫില്‍ ജീവിതകാലം മുഴുവന്‍ കുടുങ്ങിപ്പോകുന്നവരുടെ കഥകള്‍ നിരവധി.

അമേരിക്കന്‍ യൂറോപ്യന്‍ മലയാളികളുടെ ജീവിതം ഒരു പറിച്ചു നടലാണ്‌ എന്നു പറയാം. കൂടുംബത്തോടെയുള്ള പറിച്ചു നടല്‍ ഗള്‍ഫ്‌ മലയാളികള്‍ നാട്ടിലെത്തുന്നത്‌ വര്‍ഷത്തിലൊരിക്കലാണെങ്കില്‍ ഇവര്‍ നാലോ അഞ്ചോ വര്‍ഷത്തിലൊരിക്കലായേക്കാം. കുടുംബത്തോടെ ചേക്കേറുന്നതുകൊണ്ട്‌ വര്‍ഷത്തിലൊരിക്കലുള്ള വരവ്‌ അത്ര എളുപ്പമായെന്നും വരില്ല. പ്രായമായ അഛനോ അമ്മയോ മുത്തഛനോ മുത്തശ്ശിയോ മാത്രമായിരിക്കും കേരളത്തിലുണ്ടാകുക. ചിലപ്പോള്‍ അവരും കൂടെ പറിച്ചു നടപ്പെട്ടെന്നിരിക്കും. വര്‍ഷങ്ങള്‍ക്കു ശേഷം റിട്ടയേര്‍ഡ്‌ ലൈഫ്‌ കേരളത്തിലാവാമെന്നു കരുതി നാട്ടിലേക്കെത്തുമ്പോഴേക്കും വിദേശത്തു ജനിച്ചുവളര്‍ന്ന മക്കള്‍ക്ക്‌ പൊരുത്തക്കേടുകളും നിരവധിയായിരിക്കും. നേഴ്‌സിംഗ്‌ ഹോസ്‌പിറ്റാലിറ്റി രംഗത്ത്‌ ഇന്ത്യക്കാര്‍ക്ക്‌ വന്‍ ജോലി സാധ്യത വന്നതോടെ അമേരിക്കയിലേക്കും യൂറോപ്പിലേക്കും പറിച്ചു നടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഒപ്പം ഇത്തരം സമ്പത്ത്‌ ജനജീവിതത്തെയും ബാധിക്കുന്നു. വിവാഹം പലപ്പോഴും ഒരു വിദേശ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ളതായി മാറുകയും അവ കുടുംബബന്ധ്‌ങ്ങള്‍ തകരുന്നതു വരെയെത്തിയെന്ന്‌ അമേരിക്കയില്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. തിരുവിതാംകൂറിലെയും മലബാറിലേയും സമ്പന്നഗ്രാമങ്ങളുടെ പ്രധാന ധനാഗമനമാര്‍ഗ്ഗവും വിദേശ പണമാണ്‌.

കേരളീയരുടെ കടന്നു കയറ്റത്തിന്‌ പ്രസിദ്ധി നേടിയിരിക്കുന്നത്‌ ഗള്‍ഫ്‌ മേഖലയില്‍ തന്നെയാണ്‌. 1980 കളില്‍ ഇരട്ടിയായിരുന്ന വിദേശത്തു ജോലിചെയ്യുന്നവരുടെ എണ്ണം 1990 കളില്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള കേരളത്തിലുള്ളവരില്‍ ബഹുഭൂരിപക്ഷവും ജോലിചെയ്യുന്നത്‌ കണ്‍സ്‌ട്രക്ഷന്‍ കമ്പനികളിലും ഗള്‍ഫിലെ പൊരിവെയിലത്തുമാണെന്ന്‌ ചുരുക്കം.

പ്രവാസികളുടെ പണമാണ്‌ കേരളത്തിലെ സാമ്പത്തിക മേഖല യുടെ ആണിക്കല്ല്‌ എന്ന്‌ വിദഗ്‌ദര്‍ അഭിപ്രായപ്പെടുന്നു. അഞ്ച്‌ ബില്ല്യണ്‍ ഡോളറാണ്‌ പ്രവാസികള്‍ കേരളത്തിലേക്ക്‌ അയക്കുന്നത്‌. പ്രവാസികളുടെ ജീവിതനിലവാരവും സ്വദേശികളേക്കാള്‍ മൂന്നിരട്ടി കൂടുതലാണുതാനും. കാറുകളും ഒന്നില്‍ കൂടുതല്‍ ഫോണുകളും ആധുനിക ഗൃഹോപകരണങ്ങളും അടങ്ങിയ ആര്‍ഭാടപൂര്‍വ്വമായ ജീവിതമാണ്‌ ഇവര്‍ നയിക്കുന്നത്‌. `` സുന്ദരനും ദുബായില്‍ ജോലിചെയ്യുന്നവനുമായ യുവാവിന്‌.....`` എന്നു തുടങ്ങുന്ന പരസ്യങ്ങള്‍ പത്രങ്ങളില്‍ പെരുകുന്നതില്‍ നിന്നു തന്നെ മാറിയ മലയാളി മനസ്സിനെ നമുക്ക്‌ വായിച്ചെടുക്കാം. കേരളത്തിലെ ഉന്നത നിലവാരമുള്ള ജീവിതത്തിനു പിന്നില്‍ ഗള്‍ഫ്‌ പണം തന്നെയാണെന്നാണ്‌ കേരളാ സര്‍വ്വകലാശാലയിലെ സാമ്പത്തിക വിദഗ്‌ദനായ ബി എ പ്രകാശിന്റയും അഭിപ്രായം.

അതേസമയം കേരളത്തിലെ ആത്മഹത്യാ നിരക്ക്‌ ദേശീയ ശരാശരിയേക്കാള്‍ നാലുമടങ്ങ്‌ കൂടുതലാണ്‌ എന്നത്‌ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്‌. അതിനുപിന്നില്‍ പണത്തോടുള്ള അമിതതാത്‌പര്യവും മാറിയ ജീവിതത്തോടുള്ള പൊരുത്തക്കടുകളും ഒറ്റപ്പെടലുമാണ്‌. അത്തരമൊരു കഥയാണ്‌ ഷേര്‍ലി ജസ്റ്റസിന്റെത്‌. നാല്‍പ്പത്തിയഞ്ചുകാരിയായ ഷേര്‍ളിയുടെ ഭര്‍ത്താവ്‌ മസ്‌ക്കറ്റില്‍ ട്രക്ക്‌ ഡ്രൈവറാണ്‌. അതുകൊണ്ടുതന്നെ മൂന്നു പെണ്‍കുട്ടികളുടെ പഠിത്തമടക്കമുള്ള ഉത്തരവാദിത്തം അവര്‍ക്ക്‌ ഏല്‍ക്കേണ്ടിവന്നു. മൂത്തമകളായ സുജിയുടെ പുറത്തുപോയി പഠിക്കാനുള്ള മോഹം എതിര്‍ത്തതിനെതുടര്‍ന്ന്‌ അവള്‍ ആത്മഹത്യ ചെയ്‌തു. ഭര്‍ത്താവ്‌ സ്ഥലത്തുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന്‌ അവര്‍ പറയുന്നു. പ്രവാസി കുടുംബങ്ങളുടെ അരക്ഷിതാവസ്ഥ സൂചിപ്പിക്കുന്ന ഇത്തരം സംഭവങ്ങളും നിരവധി. പെട്ടെന്നുണ്ടാകുന്ന ധനം കുടുംബബന്ധങ്ങളെ ബാധിക്കുന്ന സംഭവങ്ങളും കുറവല്ല.

പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ അത്ര ചെറുതല്ലാത്ത പങ്ക്‌ ചെലവഴിക്കുന്നത്‌ കുട്ടികളുടെ പഠനത്തിനു വേണ്ടിയാണ്‌. അതുകൊണ്ടുതന്നെ എന്‍ ആര്‍ ഐ സീറ്റുകള്‍ക്ക്‌ താങ്ങാനാവാത്ത ഫീസ്‌ അടക്കേണ്ടിവരുമ്പോള്‍ കൂടുതല്‍ കാലം പലര്‍ക്കും വിദേശത്തു കഴിയുകയും ചെയ്യേണ്ടിയും വരുന്നു. വിദ്യാസമ്പന്നരായ കേരളീയര്‍ ജോലി തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാണ്‌, അത്‌ കൂടുതല്‍ തൊഴിലില്ലായ്‌മ സൃഷ്‌ടിക്കുകയും ചെയ്യുന്നു. വീണ്ടും പ്രവാസത്തിലേക്ക്‌ ഒരു തലമുറയെ തള്ളിയിടുകയും ചെയ്യുന്ന ഈ പ്രക്രിയ പരസ്‌പര പൂരകമായി തുടരുകയാണ്‌.

`` ടെറസിന്‍ വീടും കാറും ഫ്രിഡ്‌ജും പണമുള്ളോനു ലഭിച്ചാല്‍ നാടിന്‍ വികസനമാണെന്നോര്‍ത്തു നടക്കണ'' എന്ന അവസ്ഥ പക്ഷേ അധികമൊന്നും മാറിയിട്ടില്ല. സാമൂഹിക ജീവിതത്തില്‍ എന്‍ ആര്‍ ഐ എന്നു പേരിട്ടുവിളിക്കുന്ന ഒരു കൂട്ടം സമ്പന്നമാകുകയും ഉയര്‍ന്ന ജീവിതം നയിക്കുകയും ചെയ്യുന്നുവെങ്കിലും കേരളത്തിലെ സ്വദേശികളുടെ ജീവിതനിലവാരം മെച്ചപ്പെട്ടുവെന്ന്‌ പറയാന്‍ കഴിയില്ല. തികച്ചും സാമൂഹികമായ അസമത്വമാണ്‌ വിദേശ പണം സൃഷ്‌ടിക്കുന്നത്‌.

കേരളീയരുടെ ജീവിതം ഏഷ്യന്‍ ഡെവലപ്പ്‌മെന്റ്‌ ബാങ്കിലും ലോകബാങ്കിലും മറ്റു വിദേശ രാജ്യങ്ങളിലും പണയം വച്ചിരിക്കുകയാണ്‌. കഴിഞ്ഞ ആന്റണി സര്‍ക്കാര്‍ ധവളപത്രമിറക്കി ഖജനാവില്‍ അഞ്ചു പൈസയില്ലെന്നു പ്രഖ്യാപിച്ച്‌ തൊട്ടു പിന്നാലെ വന്ന കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയ എ ഡി ബി വായ്‌പതന്നെ കേരളാ മോഡലിനെ കടന്നാക്രമിക്കുമെന്നുറപ്പാണ്‌. എഡിബി വായ്‌പ തരണമെങ്കില്‍ അവരുടെ നിയമങ്ങള്‍ പാലിക്കപ്പെടണമെന്നതാണ്‌ ചട്ടം. അവരുടെ ആവശ്യങ്ങളില്‍ പ്രധാനം ആരോഗ്യം വിദ്യാഭ്യാസം സാമൂഹിക സേവനം പോലുള്ള നഷ്‌ടക്കച്ചവടത്തില്‍ നിന്നും സര്‍ക്കാരിനെ മാറ്റി നിര്‍ത്തി അവ സ്വകാര്യമേഖലക്ക്‌ വിട്ടുകൊടുത്ത്‌ സര്‍ക്കാരിനെ ലാഭത്തിലാക്കുക അതു വഴി വാങ്ങിയ പണവും അതിന്റെ പലിശയും പലിശയുടെ പലിശയും തിരിച്ചടക്കാന്‍ പ്രാപ്‌തമാക്കുക എന്നതാണ്‌. പൊതു ടാപ്പിന്‌ പണം കൊടുക്കേണ്ടിവരുന്നതിനേച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക്‌ തിരശ്ശീല ഇനിയും വീണിട്ടില്ല എന്നതും ഓര്‍ക്കുക. ജലനിധിയും ജപ്പാന്‍ കുടിവെള്ളവും മറ്റും ഉണ്ടാക്കിയിരിക്കുന്ന ബാധ്യതകള്‍ വേറെ.സര്‍ക്കാരും ശാസ്‌ത്രസാഹിത്യപരിഷത്ത്‌ പോലുള്ള സന്നദ്ധ സംഘടനകളും മുന്നിട്ടിറങ്ങി ആരോഗ്യ മേഖലയെ നല്ല നിലവാരത്തിലെത്തിച്ചിരുന്നു. മലേറിയയും വസൂരിയുമൊക്കെ തുടച്ചു നീക്കിയ ചരിത്രമാണ്‌ നമുക്കുള്ളത്‌. കോളറക്കും മറ്റു സാംക്രമിക രോഗങ്ങള്‍ക്കുമെതിരെ ശക്തമായ ജനസമ്പര്‍ക്ക പരിപാടികള്‍ തന്നെ നടന്നിരുന്നു. എന്നാല്‍ ഇന്ന്‌ ഡങ്കിപ്പനി എലിപ്പനി മെനിഞ്‌ജൈറ്റിസ്‌ ചിക്കുന്‍ഗുനിയ തുടങ്ങി പേരുള്ളതും പേരില്ലാത്തതുമായ നിരവധി രോഗങ്ങളുടെ വിളഭൂമിയാണ്‌ കേരളം. കഴിഞ്ഞ മാസങ്ങളില്‍ 700 ഓളം പേര്‍ ചിക്കുന്‍ഗുനിയ കാരണം മരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. 16 ലക്ഷത്തോളം പേര്‍ക്ക്‌ ഗുനിയ പിടിപെട്ടു. ചിക്കുന്‍ഗുനിയ എന്നൊരു രോഗം ഉണ്ടോ എന്നതായിരുന്നു ആദ്യകാലത്തെ സംശയം. രോഗം കണ്ടുപിടിച്ചിട്ടും അതിനെതിരെ ഫലപ്രദമായി എന്തെങ്കിലും ചെയ്യുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. സാമൂഹ്യപ്രതിബദ്ധതയുള്ള സമൂഹം മൂലധന ലോകത്തിനുവേണ്ടി മാറ്റി രചിക്കപ്പെടുന്നതിന്റെ നേര്‍ക്കാഴ്‌ചകളായി മാറുകയാണ്‌ കേരളം. സാമൂഹ്യരംഗത്തു പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും എണ്ണം ദിനംപ്രതി കുറഞ്ഞുവരുന്നു. ഇത്തരം പരിപാടികളില്‍ നിന്ന്‌ സര്‍ക്കാരും മാറി നില്‍ക്കുന്നു. കേരളാ മോഡല്‍ വിളംബരം ചെയ്‌ത ആരോഗ്യമേഖലയുടെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്‌.

1975 ലെ ഐക്യരാഷ്‌ടസഭാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട `കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യക്ഷേമ മേഘലയിലെ പ്രശംസനീയമായ മുന്നേറ്റ'ത്തിന്റെ ഇന്നത്തെ അവസ്ഥ ഇതാണ്‌. ബില്‍ മക്‌ കിബ്ബെന്‍ എന്ന അമേരിക്കന്‍ ചിന്തകന്റെ വാക്കുകളില്‍ പറഞ്ഞാല്‍ `'താഴ്‌ന സാമ്പത്തിക നിലവാരമുള്ള കേരളത്തിന്‌ നിലവാരമുള്ള ജീവിതം കെട്ടിപ്പൊക്കാന്‍ കഴിഞ്ഞു'' പക്ഷേ അതിന്നൊരു സ്വപ്‌നം മാത്രമാണ്‌. അമര്‍ത്യ സെന്‍ സുചിപ്പിച്ച കേരളാമോഡല്‍ എന്ന 'സമുന്നതമായ സാമൂഹ്യ നേട്ടം തകര്‍ച്ചയിലാണ'്‌. കേരളാമോഡല്‍ ഇന്ന്‌ പ്രശസ്‌തരുടെ പുസ്‌തകങ്ങളിലെയും ലോകാരോഗ്യസംഘടനകളുടെ റിപ്പോര്‍ട്ടുകളിലേയും അക്ഷരങ്ങള്‍ മാത്രമാണ്‌.
............................................................................................. (പുഴ. കോം)

Tuesday, September 04, 2007

ബ്ലോഗുലകത്തില്‍ മലയാളത്തിന്‌ നല്ല കാലം


ഇംഗ്ലീഷ്‌ ഭാഷ ആധിപത്യമുറപ്പിച്ച സൈബര്‍ സ്‌പേസില്‍ മലയാളം സ്ഥാനം പിടിച്ചിട്ട്‌ അധികനാളായില്ല. ബ്ലോഗുകളിലും മറ്റും ഇഷ്‌ടമുള്ളത്‌ കുത്തിക്കുറിച്ചുവെക്കാനുള്ള സ്വാതന്ത്ര്യം കൂടി ലഭിച്ചതോടെ ഇന്റര്‍നെറ്റില്‍ മലയാള ഭാഷ സജീവമായെന്ന്‌ സമീപകാല ചരിത്രം വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ ഭാഷയുടെ പൊതുരൂപം(യുണീകോഡ്‌) സ്വീകാര്യമായതോടെയാണ്‌ ബ്ലോഗുകളിലും ഇന്ററാക്‌ടീവ്‌ വെബ്‌സൈറ്റുകളിലും ഓര്‍ക്കുട്ട്‌ പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളിലുമൊക്കെ ഭാഷ അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞത്‌. കേരളത്തിനകത്തും പുറത്തും ഇന്റര്‍നെറ്റ്‌ എന്ന പുതിയ മാധ്യമത്തില്‍ മാതൃഭാഷയില്‍ എഴുതുകയും വായിക്കുകയും ആശയങ്ങള്‍ കൈമാറുകയും ചെയ്യുന്ന ഒരു വലിയ കൂട്ടായ്‌മ തന്നെ വളര്‍ന്നു വരികയാണ്‌. ഒരുദിവസം നൂറില്‍ പരം പോസ്റ്റുകള്‍ എന്ന തോതിലാണ്‌ മലയാളം ബ്ലോഗുകളുടെ വളര്‍ച്ച. ഒരു ദിവസം ഇരുപതിനടുത്ത്‌ പുതിയ ബ്ലോഗുകള്‍ രൂപപ്പെടുന്നു. ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ 2000ല്‍ പരം മലയാളം ബ്ലോഗുകളാണ്‌ പ്രസിദ്ധീകരിച്ചത്‌.

ചില്ലിക്കാശു പോലും ചെലവില്ലാതെ ആരുടെയും അനുവാദമില്ലാതെ നമുക്കിഷ്‌ടമുള്ളത്‌ എഴുതിവെക്കാനും അവ എഡിറ്റു ചെയ്യാനും സാധിക്കുന്ന വെബ്‌ പേജുകളാണ്‌ ബ്ലോഗുകള്‍. അതുകൊണ്ടുതന്നെ അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ്‌ ബ്ലോഗര്‍മാര്‍ക്ക്‌ അനുവദിച്ചു കിട്ടിയത്‌. ഒരു പക്ഷേ ഈ സ്വാതന്ത്ര്യം ഏറ്റവും നന്നായി ഉപയോഗിച്ചവര്‍ മലയാളികളായിരിക്കും. മറ്റു മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്‌തമായി വായനക്കാരുടെ പ്രതികരണങ്ങള്‍ അപ്പപ്പോള്‍ ലഭിക്കുമെന്ന സൗകര്യം കൂടി ലഭിച്ചത്‌ ബ്ലോഗുകളെ കൂടുതല്‍ താല്‌പര്യത്തോടെ സമീപിക്കാന്‍ കാരണമായി. ഒരു വല്ലാത്ത സ്വാതന്ത്യമാണ്‌ വായനക്കാര്‍ക്ക്‌ ഇത്‌ നല്‍കുന്നത്‌. വല്ലവനും വായിക്കുന്നത്‌ അതേപോലെ കുടിച്ചു വറ്റിച്ച്‌ പോകുക എന്നതിലേക്കാളുപരി പ്രതികരണങ്ങള്‍ അപ്പപ്പോള്‍ രേഖപ്പെടുത്തുക, കൂടുതല്‍ സെലക്‌ടീവായത്‌ തെരഞ്ഞെടുക്കുക എന്ന ഒരു പുതിയ രീതി. ``ഒരു തുടക്കം, എന്റെ രക്ഷിതാവിന്റെ നാമത്തില്‍, എന്റെ സ്വന്തം ഭാഷയില്‍, ഹൃദയമിഡിപ്പിന്റെ താളത്തില്‍..'' രേഷ്‌മയെന്ന ബ്ലോഗര്‍ ആദ്യകാലത്ത്‌ എഴുതിയ വരികളിലൊന്നാണ്‌ ഇത്‌. പ്രവാസ ജീവിതത്തിലെ ഏകാന്തതയും സ്വന്തം നാടിനോടും താന്‍ വളരെ കുറച്ചുമാത്രം സംസാരിക്കാന്‍ വിധിക്കപ്പെട്ട മാതൃഭാഷയോടുമുള്ള ഗൃഹാതുരതയും ഒത്തു ചേര്‍ന്നപ്പോള്‍ ഇന്നു കാണുന്ന പല വൈവിധ്യമായ ബ്ലോഗുകളും പിറവിയെടുത്തു. അതുകൊണ്ടുതന്നെ ഇവരെഴുതുന്ന സൃഷ്‌ടികളില്‍ പച്ചമലയാളത്തിലുള്ള പദങ്ങളും നാടന്‍ പ്രയോഗങ്ങളും ധാരാളയായി കാണാം. വിദ്യാര്‍ഥികളും പത്രപ്രവര്‍ത്തകരും സാങ്കേതികമേഖലയില്‍ ജോലിചെയ്യുന്നവരുമായി കേരളത്തില്‍ നിന്നും ഒരുപാടു പേര്‍ ബ്ലോഗുചെയ്യുന്നുണ്ട്‌. സൃഷ്‌ടിപരമായ രചനകളാണ്‌ ബ്ലോഗുകളില്‍ ഏറെയും. സാഹിത്യ രൂപങ്ങള്‍ മാത്രമല്ല, ആരോഗ്യം, ഐടി, കൃഷി, ഗണിതശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, കാര്‍ട്ടൂണ്‍, അക്ഷരശ്ലോകം, ഭാഷാ ശാസ്‌ത്രം, ചരിത്രം, ഫോട്ടോഗ്രാഫി തുടങ്ങി ആകാശത്തിനു കീഴിലുള്ള എല്ലാ വിഷയങ്ങളും ഇന്ന്‌ ബ്ലോഗില്‍ സജീവമാണ്‌.
മലയാളം ബ്ലോഗുകളുടെ പിറവിക്ക്‌ ഒരു നേരമ്പോക്കിന്റെ മെമ്പൊടിയുണ്ട്‌. വിശാലമനസ്‌കന്‍, സങ്കുചിത മനസ്‌കന്‍, ഇടിവാള്‍, കുറുമാന്‍, പോള്‍,വിശ്വം, സു, സിബു, സണ്ണി, വാപ്പ, തീപ്പൊരി, വക്കാരിമഷ്‌ടാ, കറിവേപ്പില, ലാപൂട, ഞ്ചിപ്പെണ്ണ്‌... അങ്ങനെപോകുന്നു ആ ആദ്യകാല ബ്ലോഗര്‍മാരുടെ നീണ്ട നിര. ദുബായില്‍ ജോലി നോക്കുന്ന തൃശൂര്‍ കൊടകരക്കാരനായ സജീവ്‌ എടത്താടന്റെ (വിശാലമനസ്‌കന്‍)`കൊടകരപുരാണ' വും, ദുബായി ഏഷ്യാനെറ്റ്‌ ജീവനക്കാരനായ കുഴൂര്‍ വിത്സണിന്റെ കവിതകളും, ദേവന്റെ ആരോഗ്യലേഖനങ്ങളും, കേരളത്തില്‍ നിന്ന്‌ ചന്ദ്രശേഖരന്‍ നായര്‍ എഴുതുന്ന കൃഷി ചിന്തകളും ബ്ലോഗുലകത്തെ സൂപ്പര്‍ ഹിറ്റുകളാണ്‌. അമേരിക്കന്‍ ഐ ടി പ്രൊഫഷണലായ ഉമേഷിന്റെ ഗുരുകുലമാണ്‌ എടുത്തു പറയേണ്ട മറ്റൊന്ന്‌. രേഷ്‌മ, നെല്ലിക്ക. പെരിങ്ങോടന്‍ തുടങ്ങിയവരുടെ കഥകളും ലാപൂടയുടെ കവിതകളും തുഷാരത്തിന്റെ മയില്‍പീലിത്തുണ്ടുകളെന്ന അനുഭവക്കുറിപ്പുകളും ശ്രദ്ധനേടിയവയാണ്‌. ലോക സിനിമകളെ പരിചയപ്പെടുത്തുന്ന ബാംഗളൂരിലെ റോബി കുര്യന്റെ `ലോകസിനിമയുടെ വര്‍ത്തമാനവും' അലിഫ്‌ ഷംല മാരുടെ `ചലച്ചിത്രമേള'യും ഹരിയുടെ ചിത്രവിശേഷവും സിനിമാ മേഖലയില്‍ നിന്നുള്ള അറിവ്‌ തരുന്നു. പത്രപ്രവര്‍ത്തകനായ എന്‍ പി രാജേന്ദ്രനും സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്‌ണനുമടക്കം പ്രശസ്‌തരുടെ ബ്ലോഗുകള്‍ നിരവധിയാണ്‌. വിശാലമനസ്‌കന്റെ കൊടകരപുരാണം. കറന്റ്‌ ബുക്‌സ്‌ ഈയിടെ പുസ്‌തകമാക്കി പ്രസിദ്ധീകരിച്ചു. ബെര്‍ലി തോമസിന്റെ `ബെര്‍ലിത്തരങ്ങള്‍' എന്ന ബ്ലോഗില്‍ നൂറാമത്തെ പോസ്റ്റ്‌ എഴുതിയത്‌ ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്‌. ഏതാണ്ട്‌ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ ഇന്ന്‌ ബ്ലോഗുലകത്തില്‍ നിത്യസന്ദര്‍ശകരാണ്‌.

വാര്‍ത്താ പോര്‍ട്ടലുകള്‍
‍വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിച്ചിരുന്ന ന്യൂസ്‌ വെബ്‌സൈറ്റ്‌ എന്ന സങ്കല്‌പത്തില്‍ നിന്നു മാറി ഇതര വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സമ്പൂര്‍ണ്ണ പോര്‍ട്ടല്‍ എന്ന ആശയം മലയാളത്തില്‍ നടപ്പിലായിട്ട്‌ അധികനാളായിട്ടില്ല. ദീപിക, മാതൃഭൂമി, മനോരമ തുടങ്ങിയ പ്രബലരായ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളാണ്‌ മലയാളം ഓണ്‍ലൈന്‍ ജേണലിസത്തിന്റെ മുഖ്യവക്താക്കള്‍. 1997 ഒക്‌ടോബര്‍ മാസത്തിലാണ്‌ ദീപിക ഡോട്ട്‌ കോം ആരംഭിക്കുന്നത്‌. അന്ന്‌ മലയാളത്തില്‍ മറ്റു പോര്‍ട്ടലുകള്‍ സജീവമായി ഇല്ലാതിരുന്നതിനാലും പ്രവാസി വാര്‍ത്തകള്‍ക്ക്‌ കൂടുതല്‍പ്രാധാന്യം നല്‍കിയതിനാലും ദീപിക കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. യൂറോപ്പിലും അമേരിക്കയിലുമുള്ള മലയാളികളുടെ പ്രത്യേകിച്ചും അതില്‍ ഭൂരിപക്ഷം വരുന്ന മധ്യതിരുവിതാംകൂറുകാരുടെ പിന്തുണ ദീപികക്കു ലഭിച്ചു. 2003 ജൂണ്‍ മാസത്തില്‍ മനോരമയും 2005 ജൂണ്‍ മാസത്തില്‍ മാതൃഭൂമിയും പോര്‍ട്ടല്‍ രൂപത്തിലേക്ക്‌ മാറിയതോടെയാണ്‌ മലയാളം ഓണ്‍ലൈന്‍ ജേണലിസത്തിന്‌ പുതിയ മാനം കൈവന്നത്‌. സമാന്തരമായി കേരള കൗമുദി, ദേശാഭിമാനി, മാധ്യമം, മംഗളം, തുടങ്ങിയ മിക്ക പത്രങ്ങളും അവരുടെ വെബ്‌ സൈറ്റുകള്‍ ആരംഭിച്ചിരുന്നു. വിനോദം, ആരോഗ്യം, സ്‌പോര്‍ട്‌സ്‌, സംഗീതം തുടങ്ങിയ അനുബന്ധമിനിപോര്‍ട്ടലുകളും ചര്‍ച്ചാവേദികളും ചാറ്റ്‌റൂമുകളും ഉള്‍പ്പെടുന്ന വാര്‍ത്താ പോര്‍ട്ടലുകളില്‍ എടുത്തു പറയാവുന്നവ മാതൃഭൂമിയും മനോരമയുമാണ്‌. ഈയടുത്ത കാലത്ത്‌ യാഹൂ, എം എസ്‌ എന്‍ തുടങ്ങിയ വിദേശ കമ്പനികള്‍ മലയാളം പോര്‍ട്ടലുകള്‍ തുടങ്ങിയതും കേരളാഓണ്‍ലൈവ്‌ പോലുള്ള സ്വതന്ത്ര ന്യൂസ്‌ സൈറ്റുകള്‍ രംഗത്തുവന്നതും ഈ രംഗത്ത്‌ മത്സരത്തിനു തിരികൊളുത്തിയിട്ടുണ്ട്‌.

വാരികകളുടെയും മാസികകളുടെയും ഓണ്‍ലൈന്‍ രൂപമെന്ന്‌ പറയാവുന്ന ഇ മാഗസിനുതള്‍ക്ക്‌ മലയാളത്തില്‍ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല എന്നു പറയാം. ഹരിതകം, ചിന്ത, പുഴ, മൂന്നാമിടം, തുഷാരം, തണല്‍, തുടങ്ങി വിരലിലെണ്ണാവുന്ന ഇ-മാഗസിനുകളേ നിലവിലുള്ളൂ. ഇവയില്‍ മിക്കതും ഒരു വ്യക്തിയോ ഒരു കൂട്ടം സുഹൃത്തുക്കളോ നടത്തുന്ന സന്നദ്ധപ്രവര്‍ത്തനമെന്നതില്‍ കവിഞ്ഞ്‌ പ്രൊഫഷണലായ രൂപം പ്രാപിച്ചിട്ടില്ല. സാഹിത്യം, സിനിമ, രാഷ്‌ട്രീയം തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുത്തിയ പുഴ.കോം ആണ്‌ ഇവയില്‍ അല്‌പമെങ്കിലും പ്രൊഫഷണലായ മാര്‍ഗ്ഗം സ്വീകരിക്കുന്നത്‌. മൂന്നാമിടവും ചിന്തയും ഹരിതകവുമൊക്കെ സാംസ്‌കാരികവും സാഹിത്യപരവുമായ ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നവയാണ്‌. പക്ഷേ മറ്റുഭാഷകളിലേതുപോലെ ഗൗരവമായ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ചര്‍ച്ച നടത്താന്‍ മലയാളികള്‍ പൊതുവേ താത്‌പര്യം കാണിക്കുന്നില്ല എന്നതാണ്‌ സത്യം. മലയാളത്തിലെ പല മാഗസിനുകള്‍ക്കും ഓണ്‍ലൈന്‍ എഡിഷനുകള്‍ ഉണ്ട്‌. ന്യൂസ്‌ പോര്‍ട്ടലുകളുടെ കാര്യത്തില്‍ നമ്മള്‍ വളരെയേറെ മുന്നോട്ടുപോയെങ്കിലും എല്ലാം തികഞ്ഞ ഒരു ഇ മാഗസിന്‍ എന്ന ആശയം ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ല.

യുനീകോഡ്‌ വിഭജനം
വാര്‍ത്താ പോര്‍ട്ടലുകളും പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളും കൂടുതല്‍ ജനകീയമായെങ്കിലും തുടങ്ങിയ കാലത്തേതില്‍ നിന്നു വ്യത്യസ്‌തമായി സാങ്കേതികമായ ഒരു ഏകീകൃത രൂപം സ്വീകരിക്കാന്‍ ഇവരാരും ഇനിയും തയ്യാറായിട്ടില്ല. ദീപിക, മാതൃഭൂമി, മനോരമ തുടങ്ങിയ എണ്ണപ്പെട്ട വാര്‍ത്താപോര്‍ട്ടലുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നത്‌ അവരുടെ സ്വന്തം ഫോണ്ട്‌ ആണ്‌. അതുകൊണ്ടുതന്നെ പരമ്പരാഗത രീതിയില്‍ തുടരുന്ന ഇവ ഓരോന്നും വിജ്ഞാനത്തിന്റെ ഓരോ തുരുത്തുകളായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. യുനീക്കോഡ്‌ എന്ന എല്ലാവരുമംഗീകരിച്ച പൊതൂരൂപം സ്വീകരിക്കാത്തതിനാല്‍ ഉള്ളടക്കമറിയണമെങ്കില്‍ ഓരോ സൈറ്റിലും നേരിട്ട്‌ ചെന്നു നോക്കി കണ്ടു പിടിക്കണം. ഗൂഗിളോ യാഹുവോ പോലുള്ള സെര്‍ച്ച്‌ എന്‍ജിനുകള്‍ വഴി തിരയാനുള്ള(സെര്‍ച്ച്‌) അവസരം നഷ്‌ടപ്പെടുന്നത്‌ പരമ്പരാഗത വെബ്‌സൈറ്റുകളിലുള്ള വലിയ അളവു വരുന്ന വിവരങ്ങള്‍ കാലം ചെല്ലും തോറും അധികമാര്‍ക്കും ഉപയോഗപ്പെടാതെ പോകാന്‍ കാരണമാകുന്നു. അതേസമയം യാഹൂ, എം എസ്‌ എന്‍, ദാറ്റ്‌സ്‌ മലയാളം, വെബ്‌ലോകം തുടങ്ങിയ യുനീകോഡിലുള്ള വാര്‍ത്താ പോര്‍ട്ടലുകളിലെയും വിക്കിപ്പീഡിയയിലേയും ചിന്ത, മൂന്നാമിടം, ഹരിതം തുടങ്ങിയ തുടങ്ങിയ മാഗസിനുകളിലെ വിവരങ്ങള്‍ നമുക്ക്‌ സെര്‍ച്ച്‌ എന്‍ജിനുകളില്‍ ലഭിക്കുകയും ചെയ്യും. ഇംഗ്ലീഷ്‌ഭാഷയില്‍ പ്രസിദ്ധീകരിച്ച ഭൂമിക്കുതാഴെയുള്ള ഏത്‌ വിഷയവും സെര്‍ച്ച്‌ എന്‍ജിനുകളില്‍ തിരഞ്ഞു കണ്ടുപിടിക്കാമെന്നിരിക്കെ മലയാളത്തിലെ പ്രമുഖ വെബ്‌സൈറ്റുകള്‍ മാറ്റത്തോട്‌ പുറം തിരിഞ്ഞു നില്‍ക്കുന്നതു വഴി നമുക്ക്‌ ആ വലിയ അവസരമാണ്‌ നഷ്‌ടപ്പെടുന്നത്‌. വിവിധ രീതിയില്‍ ചിതറിക്കിടക്കുന്ന പ്രാദേശിക ഭാഷകള്‍ക്ക്‌ ഏകീകൃത രൂപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മൈക്രോസോഫ്‌റ്റ്‌ അടക്കമുള്ള സോഫ്‌റ്റ്വെയര്‍ കമ്പനികളും ഭാഷാ വിദഗ്‌ദരും ഒന്നു ചേര്‍ന്ന്‌ ശ്രമിച്ചതിന്റെ ഫലമായാണ്‌ യുണീകോഡ്‌ പിറവിയെടുത്തത്‌. ഒരേ രീതിയില്‍ എഴുതാനും വായിക്കാനും സഹായിക്കുന്ന ഈ ഏകീകൃത രൂപം സ്വീകരിച്ചതുകൊണ്ടാണ്‌ മലയാളത്തിലുള്ള എല്ലാ ബ്ലോഗുകളും സംഘടിത ശക്തിയായി മാറിയതും. ബ്ലോഗുകളെ വിഭാഗങ്ങളാക്കി തിരിച്ച്‌ അതില്‍ ഓരോന്നിലും വരുന്ന പുതിയ സൃഷ്‌ടികള്‍ അപ്പപ്പോള്‍ ലിസ്റ്റു ചെയ്യുന്ന സൈറ്റുകളുടെ(www.malayalamblogs.in, www.bloglokam.orgതുടങ്ങിയവ) പിന്നിലും ഓരോ പോസ്റ്റിനും വായനക്കാരിടുന്ന അഭിപ്രായങ്ങള്‍(കമന്റുകള്‍) ലിസ്റ്റ്‌ ചെയ്യുന്ന പിന്‍മൊഴി, മറുമൊഴി തുടങ്ങിയ സംവിധാനങ്ങളുടെ വിജയത്തിനു പിന്നിലും യുണീകോഡ്‌ ആണ്‌. ഇങ്ങനെ ബ്ലോഗുകളും ഈ രീതി പിന്‍തുടരുന്ന വെബ്‌ പോര്‍ട്ടലുകളും അടങ്ങുന്ന ഒരു സംഘടിത വിഭാഗമെന്നും പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളടങ്ങിയ പ്രബലരും അതേ സമയം യുനീകോഡ്‌ ഉപയോഗിക്കാത്തവരെന്നും സാങ്കേതികമായി പറഞ്ഞാല്‍ ഒരു യുനീകോഡ്‌ ഡിവൈഡ്‌ തന്നെ മലയാളം ഓണ്‍ലൈന്‍ മാധ്യമത്തില്‍ നിലനില്‍ക്കുന്നുണ്ട്‌.

എഴുത്താണികളും എഴുതി പഠിപ്പിച്ചവരും
ഐ ടി മേഖലയില്‍ ജോലി നോക്കുന്ന ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി മലയാളികള്‍ക്ക്‌ ഒത്തുചേരാനുള്ള ഇടമായിരുന്നു ഇന്റര്‍നെറ്റ്‌. ഇന്നുകാണുന്ന വിപുലമായ സൗകര്യങ്ങളില്ലെങ്കിലും ആദ്യകാലത്ത്‌ അവര്‍ക്കൊത്തു കൂടാന്‍ ചാറ്റ്‌ പോര്‍ട്ടലുകളും ഗസ്റ്റ്‌ബുക്കുകളുമൊക്കെ അവസരം ഒരുക്കി. ഇംഗ്ലീഷിലോ മലയാളം ഇംഗ്ലീഷില്‍ ടൈപ്പുചെയ്‌തോ (മംഗ്ലീഷ്‌) ആയിരുന്നു ഇവര്‍ സംവദിച്ചിരുന്നത്‌. Eliyamma എന്ന്‌ എന്ന്‌ എഴുതിയാല്‍ `എലിയമ്മ'യെന്നു വായിച്ചു പോകുന്നതരം തമാശകള്‍ മംഗ്ലീഷില്‍ അന്ന്‌ നിരവധിയായിരുന്നു. സ്വന്തം ഭാഷയില്‍ ആശയവിനിമയം നടത്തുകയെന്ന വൈകാരികമായ ചിന്തകൂടി ആയപ്പോള്‍ എല്ലാവര്‍ക്കും ലളിതമായി ഉപയോഗിക്കാവുന്ന ഒരു എഴുത്താണിയെന്ന സങ്കല്‌പത്തിന്‌ ചിറകുമുളച്ചു. കാരണവന്മാരുടെയാരുടേയും നിയന്ത്രണമോ ശാസനയോ ഇല്ലാതെയാണ്‌ അക്ഷരരൂപങ്ങള്‍ ഇന്റര്‍നെറ്റില്‍ പിച്ചവെച്ചു വളര്‍ന്നത്‌. അതാണ്‌ ഇന്ന്‌ നെറ്റില്‍ മലയാളമെഴുതാന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന വരമൊഴിയുടെയും അനുബന്ധസോഫ്‌റ്റ്‌ വെയറുകളുടെയും പിറവിയിലേക്കു നയിച്ചത്‌.

ലളിതമായി മലയാളമെഴുതാനുള്ള മാര്‍ഗ്ഗങ്ങളേക്കുറിച്ചുള്ള സംവാദത്തിന്‌ കേരള.കോം എന്ന സൈറ്റിലെ അതിഥി പുസ്‌തകമാണ്‌ ഒരു തട്ടകമായി മാറിയത്‌. 1996 ല്‍ ടോണി തോമസ്‌ `charmap '്‌ എന്ന ആപ്ലിക്കേഷനുപയോഗിച്ച്‌ അതിഥിപുസ്‌തകത്തില്‍ മലയാളം എഴുതി പരീക്ഷിച്ചു. വര്‍ഗ്ഗീസ്‌ സാമുവല്‍ നിര്‍മ്മിച്ച മലയാളം.ടി ടി എഫ്‌ എന്ന ഫോണ്ടുപയോഗിച്ചാണ്‌ അതില്‍ ആദ്യകാല സംഭാഷണങ്ങള്‍ നടന്നത്‌. മലയാളം ഫോണ്ടുകളുടെ നിര്‍മ്മാണവും സാങ്കേതികതയും അറിയുന്നവരുടെ കൂട്ടായ്‌മ അപ്പോഴേക്കും രൂപപ്പെട്ടിരുന്നു. അങ്ങനെയുള്ള കുറച്ചുപേര്‍ ചേര്‍ന്ന്‌ `ലാത്തി' എന്ന പേരില്‍ മലയാളമെഴുതാനുള്ള ഒരു ചെറിയ പ്രോഗ്രാം നിര്‍മ്മിച്ചു. പിന്നീട്‌ ഇത്‌ 'മാധുരി' എന്ന പേരില്‍ കൂടുതല്‍ മികവുറ്റതാക്കി അവതരിപ്പിക്കപ്പെട്ടു. ബിനു മേലേടം, സോജി ജോസഫ്‌, ബിനു ആനന്ദ്‌, കോണ്‌ഡറെഡ്ഡി, സി ബു സി ജെ എന്നിവരായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌.കുറച്ച്‌ ഭാഷാ സ്‌നേഹികളുടെ നിരന്തരമായ യത്‌നമാണ്‌ ഇന്ന്‌ സിബു സി ജെ സൃഷ്‌ടിച്ച വരമൊഴി എന്ന പാക്കേജിലെത്തി നില്‍ക്കുന്നത്‌. 1998 ലാണ്‌ വരമൊഴി ജന്മമെടുക്കുന്നത്‌. വരമൊഴി ട്രാന്‍സ്ലേഷന്‍ ലൈബ്രറി ഉപയോഗിച്ചായിരുന്നു മാധുരി എന്ന ആപ്ലിക്കേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്‌. 2002 ജൂണില്‍ ഫോണ്ടും കീബോര്‍ഡ്‌ സോഫ്‌റ്റ്വെയറും എഡിറ്ററുമടങ്ങുന്ന ഒരു ലാംഗ്വേജ്‌ ടൂള്‍ ലൈബ്രറിയായി മാറി. സാമാന്യ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ആര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ്‌ വരമൊഴി തയ്യാറാക്കപ്പെട്ടത്‌. മലയാളം ഇംഗ്ലീഷില്‍ ടൈപ്പുചെയ്‌താല്‍ മലയാളം അക്ഷരങ്ങള്‍ ലഭിക്കുന്ന ലളിതമായ ഒരു സോഫ്‌റ്റ്വെയറാണ്‌ ഇത്‌. മാതൃഭൂമിയും മനോരമയും മറ്റു പ്രസിദ്ധീകരണങ്ങള്‍ മിക്കവയും ഉപയോഗിക്കുന്ന ഫോണ്ടുകളിലുള്ള ഉള്ളടക്കം പരസ്‌പരം മാറ്റാനും യുണീകോഡിലാക്കി പ്രസിദ്ധീകരിക്കാനും വരമൊഴി സൗകര്യമൊരുക്കി. ചുരുങ്ങിയ കാലത്തിനുള്ളില്‍ വെബ്‌ സൈറ്റുകളിലൂടെയും ബ്ലോഗുകളിലൂടെയും സംവദിക്കുന്നവരുടെ ഇഷ്‌ടം സമ്പാദിക്കാന്‍ ഇതിനു കഴിഞ്ഞു. ഇംഗ്ലീഷ്‌ ഭാഷ മാത്രമേ വഴങ്ങുകയുള്ളൂവെന്ന്‌ ധരിച്ച ഈ നവ മാധ്യമത്തില്‍ ഒരു സോഫ്‌റ്റ്വെയര്‍ ഭീമന്റെയും പിന്‍തുണയില്ലാതെ മലയാളം എഴുതിപ്പഠിപ്പിച്ചത്‌ വരമൊഴി എന്ന ഒരു സ്വതന്ത്ര സോഫ്‌റ്റ്വെയറാണ്‌. വരമൊഴിയാണ്‌ സൈബര്‍ സ്‌പേസില്‍ മലയാളഭാഷയെ ഇത്രയേറെ സാധാരണമാക്കിയത്‌ എന്ന്‌ പറയാം. വരമൊഴിപോലുള്ള ആപ്ലിക്കേഷനുകള്‍ യുണീകോഡിലുള്ള ലിപി സൃഷ്‌ടിക്കാന്‍ സൗകര്യമൊരുക്കുക കൂടി ചെയതപ്പോള്‍ സാമാന്യകമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ആര്‍ക്കും അനായാസമായി ബ്ലോഗുകളിലും മറ്റും മലയാളമെഴുതാമെന്ന നില വന്നു. കെവിന്‍ നിര്‍മ്മിച്ച അഞ്‌ജലി ഓള്‍ഡ്‌ ലിപി എന്ന യുണീകോഡ്‌ ഫോണ്ട്‌ ആണ്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മലയാളം യുണീകോഡ്‌ ഫോണ്ട്‌. ഗ്നു ലൈസന്‍സുള്ള സൗജന്യമായ ഏക ഫോണ്ടും ഇതുതന്നെയാണ്‌. ഇതോടെ മലയാളഭാഷ ഒരേ രീതിയില്‍ കംപോസ്‌ ചെയ്‌തെടുക്കാനും യുണീകോഡ്‌ സൗകര്യമുള്ള ഏത്‌ സോഫ്‌റ്റ്വെയറിലും വായിച്ചെടുക്കാനും കഴിഞ്ഞു. വളരെ പെട്ടെന്ന്‌ പഠിച്ചെടുക്കാവുന്ന ഇത്തരം ലളിതമായ മലയാളം ടൈപ്പിംഗ്‌ സോഫ്‌റ്റ്വെയറുകള്‍ വൈബ്‌ സൈറ്റുകളും ബ്ലോഗുകളും വഴി തന്നെ ആവശ്യക്കാര്‍ക്ക്‌ സൗജന്യമായി പഠിപ്പിച്ചു കൊടുക്കുന്ന കാര്യത്തിലും അതിന്റെ സ്രഷ്‌ടാക്കള്‍ വിജയം കണ്ടതോടെയാണ്‌ വരമൊഴി എഡിറ്ററും, മൊഴി കീമാനുമൊക്കെ പ്രശസ്‌തിയാര്‍ജ്ജിച്ചത്‌. വരമൊഴിയും അനുബന്ധ ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്ന വിധം അക്കമിട്ടു നിരത്തി അവയിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സ്രഷ്‌ടാക്കള്‍ പ്രത്യേക പേജുകള്‍ തന്നെ നീക്കിവച്ചിട്ടുണ്ട്‌(http://varamozhi.sf.net) അക്ഷരമെഴുതുന്നതുമുതല്‍ ബ്ലോഗുണ്ടാക്കുന്നതു വരെയുള്ള ,സാങ്കേതിക വശങ്ങള്‍ പരസ്‌പരം പഠിപ്പിച്ചു കൊടുക്കുന്ന ഒരു വലിയ കൂട്ടായ്‌മ തന്നെയുണ്ട്‌ ഇന്ന്‌. (http://sankethikam.blogspot.com , http://howtostartamalayalamblog.blogspot.com/, തുടങ്ങിയവ) വെബ്ബിലെ മലയാളഭാഷയുടെ സാങ്കേതിക പഠിച്ച്‌ പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ ഇപ്പോഴും സജീവമാണ്‌ സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം മലയാളികള്‍. മലയാളമറിയാവുന്ന ആര്‍ക്കും വെബ്ബില്‍ ആശയവിനിമയം നടത്താമെന്ന സൗകര്യം ഒരു വലിയ വിപ്ലവത്തിനാണ്‌ തുടക്കമിട്ടിരിക്കുന്നത്‌. ഇങ്ങനെ മലയാളം അനായാസമായി ഉപയോഗിക്കാമെന്ന നില വന്നതോടെ മാതൃഭാഷയിലുള്ള ആത്മാവിഷ്‌കാരത്തിന്‌ ഇന്റര്‍ നെറ്റ്‌ വേദിയായി.

ലോകമെങ്ങും ചിതറിക്കിടക്കുന്ന മലയാളിയുടെ ഒത്തുചേരലിനാണ്‌ ഇന്റര്‍നെറ്റ്‌ ഇന്ന്‌ വേദിയായിരിക്കുന്നത്‌. വാര്‍ത്തകളറിയാനും ഉള്ളിലുള്ളത്‌ സ്വന്തം ഭാഷയില്‍ തുറന്നെഴുതിവെക്കുവാനുമുള്ള പൊതു വേദി. ഇംഗ്ലീഷ്‌ ആധിപത്യം സ്ഥാപിച്ച ലോകത്ത്‌ മലയാളത്തിന്റെ ആയുസ്സ്‌ കുറിച്ചിട്ടവര്‍ക്കുള്ള മറുപടിയാണ്‌ ഇന്റര്‍നെറ്റിലെ മലയാള പോര്‍ട്ടലുകളും ബ്ലോഗുകളുമൊക്കെ നല്‍കുന്നത്‌.


ബ്രാന്റഡ്‌ വായനക്കു പിന്നാലെ...

തു സാഹചര്യത്തിലും പുതിയ വായനാ സാഹചര്യങ്ങള്‍ സൃഷ്‌ടിച്ചെടുക്കുന്നവരാണ്‌ മലയാളികള്‍. വായന കുറഞ്ഞിട്ടില്ലെങ്കിലും പുതിയ തലമുറ വായനയുടെ പുതിയ വഴികള്‍ തേടുകയാണ്‌. മാറിയ ജീവിത സാഹചര്യങ്ങള്‍ വായനയേയും പുതിയ തലങ്ങളിലേക്ക്‌ നയിച്ചിരിക്കുന്നു. വൈലോപ്പിള്ളിയും കുഞ്ഞിരാമന്‍ നായരും കക്കാടുമൊന്നും ഉയര്‍ത്തിയ ചിന്തക്കുപിന്നാലെ പോകാന്‍ പുതിയ തലമുറ തയ്യാറല്ല, അതിനു സമയം മാറ്റിവെക്കാന്‍ തയ്യാറാകുന്നില്ല എന്നു പറയുന്നതാകും കൂടുതല്‍ ശരി. അവര്‍ക്കുവേണ്ടി പുതിയ എഴുത്തുകളും രൂപം കൊള്ളുന്നു. പണ്ട്‌ എഴുത്തുകാര്‍ക്ക്‌ ജനങ്ങളെ ഒരു പരിധി വരെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നു. ഇന്ന്‌ നേരിട്ട്‌ തേടിപ്പിടിച്ച്‌ വായിക്കുന്നതില്‍ നിന്നും കേട്ടറിവുള്ളത്‌ വായിക്കുക എന്ന നിലയിലേക്ക്‌ മാറിയിരിക്കുന്നു. ലോകസാഹിത്യത്തത്തെ പിടികൂടിയ വായനാ ബ്രാന്റുകളുടെ പിന്നാലെയാണ്‌ പുതിയ തലമുറയില്‍ ഏറിയ പങ്കും.

പാശ്ചാത്യ സാഹിത്യത്തില്‍ ഇതു ബ്രാന്റുകളുടെ കാലമാണ്‌. അമേരിക്കന്‍ പബ്ലിഷിംഗ്‌ കമ്പനികള്‍ പടച്ചുവിടുന്ന പുസ്‌തകങ്ങളുടെ പിന്നാലെയാണ്‌ പുതിയ സമൂഹം ഒരു വലിയ പങ്കും. വായിച്ചു തള്ളുക എന്ന പുതിയ പ്രവണതയുടെ ഉത്തമ ഉദാഹരണമാണ്‌ നാള്‍ക്കു നാള്‍ മുളച്ചു പൊങ്ങുന്ന സെക്കന്റ്‌ സെയില്‍ പുസ്‌തകശാഖകള്‍. ആദ്യകാലങ്ങളില്‍ ടൈം, ന്യൂസ്‌ വീക്ക്‌ തുടങ്ങിയ വിദേശ പ്രസിദ്ധീകരണങ്ങളും, യാത്രക്കിടയിലുള്ള വായനക്കാരുടെ ലഘുവായനക്കിണങ്ങുന്ന മാഗസിനുകളും മറ്റും വാങ്ങാനായിരുന്നു നമ്മള്‍ ഇത്തരം ഗ്രന്ഥശാലകളെ സമീപിച്ചിരുന്നത്‌. എന്നാല്‍ ഈയിടെ ഇറങ്ങിയ ഹാരിപോട്ടര്‍ പരമ്പരയിലെ അവസാന പുസ്‌തകം പോലും ഇവിടെ സുലഭം. എന്നാല്‍ മലയാളത്തിലെ ഇരുത്തം വന്ന എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ കിട്ടാന്‍ പ്രയാസവും. ഇഷ്‌ടകൃതികള്‍ കാശുകൊടുത്ത്‌ വാങ്ങി ചുളിവുവീഴാതെ സൂക്ഷിച്ചിരുന്ന കാലം മാറി, പകരം സെക്കന്റ്‌ഹാന്റ്‌ വിലക്ക്‌ പുസ്‌തകങ്ങള്‍ വാങ്ങി വായന കഴിഞ്ഞ്‌ കിട്ടുന്ന കാശിന്‌ വിറ്റ്‌ അടുത്തതു വാങ്ങുന്ന രീതിക്ക്‌ നല്ല പ്രചാരം ലഭിച്ചിട്ടുണ്ട്‌.

മലയാളത്തിലെ ഫിക്ഷനു കിട്ടാത്ത പ്രാധാന്യമാണ്‌ വിദേശ കൃതികള്‍ക്ക്‌ ലഭിക്കുന്നത്‌. ഇത്തരം മാര്‍ക്കറ്റുകളെ ലക്ഷ്യം വച്ചിറക്കുന്ന വിവര്‍ത്തനങ്ങളുടെ വേലിയേറ്റവും പുതിയ കാലത്തെ വായനയെ സ്വാധീനിച്ചിട്ടുണ്ട്‌. അറ്റ്‌ലാന്റിക്ക്‌ സമുദ്രം കടന്നുവന്ന പുസ്‌തകങ്ങള്‍ സ്വദേശകൃതികളെ ഹൈജാക്ക്‌ ചെയ്‌തിരിക്കുന്നു. ഗൂണമേന്മയേക്കാളുപരി ബ്രാന്റ്‌ മൂല്യത്തിന്റെ പേരില്‍ വിറ്റഴിഞ്ഞുപോകുന്ന പുസ്‌തകങ്ങളാണ്‌ ഇവയില്‍ ഏറിയ പങ്കും. അതുകൊണ്ടുതന്നെയാണ്‌ ഇത്തരം പുസ്‌തകങ്ങള്‍ ആക്രിക്കടകളില്‍ സജീവമാകുന്നത്‌. എന്നാല്‍ ഗബ്രിയേല്‍ ഗാര്‍സിയേ മാര്‍ക്കസിന്റെ പുസ്‌തകങ്ങള്‍ വായിച്ചിരുന്ന ഗൗരവത്തോടെയല്ല ഇത്തരം പുസ്‌തകങ്ങള്‍ വായിക്കുന്നത്‌. ഖലീല്‍ ജിബ്രാന്റെ തീവ്രാനുരാഗമോ അതില്‍ നിന്നുണ്ടാവുന്ന തത്വചിന്തയോ ഇവക്കില്ല. വായനയും ബ്രാന്റ്‌ ചെയ്യപ്പെട്ടിരിക്കുന്നു. യാത്രക്കിടയിലോ മറ്റോ നാലുപേര്‍ കാണെ വിദേശ എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു വായിക്കുന്ന ജാടയാണ്‌ ഇന്നു പലര്‍ക്കും വായന. ശരിയാണ്‌ വായന മരിച്ചിട്ടില്ല പകരം മരിച്ച വായനയാണ്‌ ഇന്നു പ്രോസ്‌താഹിക്കപ്പെടുന്നത്‌.

വായനയില്‍ വന്ന മാറ്റം ആനുകാലികങ്ങളിലും പ്രകടമാണ്‌. പണ്ട്‌ ഗൗരവപൂര്‍വ്വമായ സാംസ്‌കാരിക പ്രശ്‌നങ്ങളും രാഷ്‌ട്രീയപ്രശ്‌നങ്ങളും ഉന്നയിച്ചിരുന്ന സാഹിത്യത്തിന്‌ ഏറെ പ്രാധാന്യം നല്‍കിയിരുന്ന നമ്മുടെ പരമ്പരാഗത മാഗസിനുകള്‍ പോലും കെട്ടിലും മട്ടിലും ഏറെ മാറിയിരിക്കുന്നു. ട്രാന്‍സ്‌ അറ്റ്‌ലാന്റിക്ക്‌ എഴുത്തുകാര്‍ മുന്നോട്ടുവെക്കുന്ന പൊള്ളയായ തത്വചിന്തക്കാണ്‌ ഇന്ന്‌ അമിതപ്രാധാന്യം നല്‍കിക്കാണുന്നത്‌. കേരള സമൂഹത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാതെ ബ്രോയ്‌ലര്‍ കോഴികളെ അമിതമായി കഴിക്കുന്ന പാശ്ചാത്യ വിദ്യാര്‍ഥികളിലുണ്ടാകുന്ന മാനസികവും ശാരീരികവുമായ മാറ്റവും അവിടത്തെ വിദ്യാഭ്യാസ സമ്പദായത്തെ അത്‌ സ്വാധീനിച്ചതുമൊക്കെയാവും ഇന്നത്തെ ചര്‍ച്ചാവിഷയം. ഫീച്ചര്‍ സിന്റ്‌ക്കേറ്റുകള്‍ പടച്ചു വിടുന്ന ലേഖനങ്ങള്‍ അതേ പടി വിവര്‍ത്തനം ചെയ്‌ത്‌ പ്രസിദ്ധീകരിക്കുന്ന മാഗസിനുകളും അവ തൊണ്ട തൊടാതെ വിഴുങ്ങുന്ന എണ്ണത്തില്‍ ചുരുങ്ങിയ വായനക്കാരും സമകാലിക വായനാ ജാടയുടെ നേര്‍ചിത്രങ്ങളാണ്‌.

ഒ വി വിജയന്‍ ഖസാക്കിന്റെ ഇതിഹാസമോ മുകുന്ദന്റെ ഡല്‍ഹിയോ പുനത്തിലിന്റെ സ്‌മാരകശിലളോ എഴുതിയ സാഹചര്യമല്ല ഇന്നുള്ളത്‌. അധികമൊന്നും ചോരയൊഴുക്കാതെ കിട്ടിയ സ്വാതന്ത്യം എന്തുചെയ്യണമെന്നറിയാതെ നമ്മെ കൊണ്ടെത്തിച്ച `അറുപതുകളില്‍ നിന്നും എഴുപതുകളില്‍ നിന്നും നമ്മള്‍ ഒരുപാട്‌ പുരോഗമിച്ചു. അന്ന്‌ യുവാക്കള്‍ക്കുള്ള നിസ്സംഗത ഇന്നില്ല. തൊഴിലില്ലായ്‌മ എന്ന പ്രശ്‌നത്തോകാളുപരി ഏത്‌ തൊഴില്‍ തേടണമെന്ന ചിന്തയില്‍ നമ്മളെത്തി നില്‍ക്കുന്നു. തസ്രാക്കിലെ ഏകാധ്യാപന വിദ്യാലയവും അള്ളാപ്പിച്ച മൊല്ലാക്കയും അപ്പുക്കിളിയുമൊക്കെ യുവാക്കളുടെ ചിന്തയെ സ്വാധീനിച്ചു എന്നു പറഞ്ഞാല്‍ അതിനൊരു കെട്ടുകഥയുടെ വില പോലും കല്‌പിക്കില്ല പുതിയ തലമുറ. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഉപരിപ്ലവമായ വായന പ്രോത്സാഹിപ്പിക്കപ്പെടുന്നതും ആക്രിപുസ്‌തകക്കടകള്‍ പെരുകുന്നതും അങ്ങനെയാണ്‌. വായനയില്‍ പഴമ സൂക്ഷിക്കുന്ന ഒരു തലമുറ ഇത്തരം വര്‍ത്തമാന കാല ജാടകള്‍ വകവെക്കാതെയും നിലനില്‍ക്കുന്നു എന്നതിന്‌ തെളിവാണ്‌ വല്ലപ്പോഴും മണ്ണിന്റെ മണമുള്ള കൃതികള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവക്ക്‌ കിട്ടുന്ന സ്വീകാര്യത. പക്ഷേ അത്തരം എഴുത്തുകള്‍ ദിനം പ്രതി കുറഞ്ഞു വരുന്നു എന്നതാണ്‌ ദുഖകരം.

ഇ വായന
മലയാളിയുടെ വായന പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പുതിയ രൂപങ്ങള്‍ തേടുകയാണ്‌. പുസ്‌തകങ്ങളില്‍ നിന്നും പത്രങ്ങളില്‍ നിന്നുവരെ അന്യമാക്കപ്പെട്ട്‌ ദിവസത്തിന്റെ ഭൂരിഭാഗവും കമ്പ്യൂട്ടറിനു മുന്നില്‍ കുത്തിയിരിക്കേണ്ടിവരുന്ന ഒരു തലമുറ നാള്‍ക്കു നാള്‍ വളര്‍ന്നു വരുന്നു. ഇതില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ മാത്രമല്ല വര്‍ഷങ്ങളായി നാടുമായി ഒരു ബന്ധവുമില്ലാതെ വിദേശത്ത്‌ കഴിയുന്നവരും പങ്കാളികളാണ്‌. സാഹചര്യങ്ങളാല്‍ സ്വന്തം നാട്ടില്‍ നിന്നും സ്വന്തം ഭാഷയില്‍ നിന്നു പോലും മാറിനില്‍ക്കേണ്ടിവരുന്നവരിലൂടെ പുതിയ വായനാ സംസ്‌കാരം രൂപപ്പെട്ടുവരികയാണ്‌ മലയാളത്തില്‍. ലോകമലയാളി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വിദേശ മലയാളികളാണ്‌ പുതിയ ഇ-വായനയുടെ മുഖ്യ പ്രയോക്താക്കള്‍. ലോകത്തെവിടെയായാലും വലിയ കാശുമുടക്കില്ലാതെ ഒത്തുചേരാന്‍ കഴിയുന്ന ഇന്റര്‍നെറ്റില്‍ അത്തമൊരു പുതിയ സമൂഹം രൂപപ്പെട്ടുവരുന്നതിന്റെ പ്രതിഫലനങ്ങളാണ്‌ ഈയടുത്തകാലത്ത്‌ ശ്രദ്ധിക്കപ്പെട്ട ബ്ലോഗുകളും ഇ മാഗസിനുകളുമൊക്കെ. മലയാളം വാര്‍ത്താവെബ്‌ സൈറ്റുകളും പോര്‍ട്ടലുകളും അത്തരമൊരു ലോക മലയാളി സങ്കല്‌പത്തിനനുസൃതമായാണ്‌ രൂപമെടുത്തത്‌. എന്നാല്‍ കെട്ടിലും മട്ടിലും അവയെ കവച്ചുവെക്കുന്നവയാണ്‌ ബ്ലോഗുകള്‍. ഒരുതരം സിസ്റ്റമാറ്റിക്ക്‌ വായനയാണ്‌ ബ്ലോഗുകള്‍ മുന്നോട്ടുവെക്കുന്നത്‌.

ഭാഷ വളര്‍ന്നു വന്ന ഒരു ചരിത്ര പശ്ചാത്തലമാണ്‌ ഇന്റര്‍നെറ്റിലെ മലയാളം രചനകള്‍ക്കും പിന്നിലുള്ളത്‌. ഇംഗ്ലീഷ്‌ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ഇന്റര്‍നെറ്റ്‌ സാങ്കേതിക വിദ്യയില്‍ മലയാളത്തില്‍ ആശയവിനിമയം ചെയ്യുക ആദ്യകാലത്ത്‌ സ്വപ്‌നം മാത്രമായിരുന്നു. മലയാളികള്‍ തന്നെയാണ്‌ പിന്നീട്‌ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയത്‌. ഫോണ്ടുകള്‍ വികസിപ്പിച്ചതും മലയാളം കംപോസ്‌ ചെയ്യാനുള്ള പ്രോഗ്രാമുകള്‍ വികസിപ്പിച്ചതുമൊക്കെ. ഒപ്പം ഇവയെല്ലാം ഇന്റര്‍നെറ്റ്‌ വഴി സൗജന്യമായി വിതരണം ചെയ്യുകയും പഠിപ്പിച്ചുകൊടുക്കുകയും ചെയ്‌തു. ബ്ലോഗ്‌ എന്ന പുതിയ മാധ്യമം രംഗപ്രവേശനം ചെയ്‌തപ്പോള്‍ ബ്ലോഗില്‍ മലയാളരചനക്കുള്ള സാധ്യതകളും ഇവര്‍ തന്നെ പ്രചരിപ്പിച്ചു. ഇങ്ങനെ ഒരാളില്‍ നിന്ന്‌ മറ്റൊരാളിലേക്ക്‌ പകര്‍ന്നു നല്‍കിയ വിവരങ്ങള്‍ മൂന്നോ നാലോ വര്‍ഷങ്ങള്‍ കൊണ്ട്‌ വന്‍ വിജയമായി മാറി. ലോകത്ത്‌ ഇംഗ്ലീഷ്‌ കഴിഞ്ഞാല്‍ . മാതൃ ഭാഷയില്‍ ബ്ലോഗ്‌്‌ ചെയ്യുന്നവരില്‍ ഒരു വലിയ ശതമാനവും മലയാളികളായിരിക്കും. ജന്മമെടുത്ത്‌ ചുരുങ്ങിയകാലത്തിനുള്ളില്‍ ഏതാണ്ട്‌ രണ്ടായിരത്തോളം കൃതികള്‍ മലയാളത്തിലുണ്ടായി എന്നാണ്‌ കണക്ക്‌.

ഓര്‍മ്മക്കുറിപ്പുകളും ആക്ഷേപഹാസ്യങ്ങളും കവിതകളും കഥകളുമൊക്കെയാണ്‌ മലയാള ബ്ലോഗുകളില്‍ ഏറിയ പങ്കും . ഗൗരവവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ വളരെ കുറവുമാണ്‌. അമേരിക്കയിലും ഗള്‍ഫിലുമുള്ള പ്രവാസികളാണ്‌ മലയാളം ബ്ലോഗുകളുടെ മുഖ്യ പ്രചാരകര്‍. അതുകൊണ്ടുതന്നെ പ്രവാസി ജീവിതത്തിന്റെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ഒറ്റപ്പെടലുകളാണ്‌ ഇവരുടെ ബ്ലോഗുകളില്‍ മുഖ്യ വിഷയവും. ഒരു ജനകീയ പത്രപ്രവര്‍ത്തനത്തിന്റെ (സിറ്റിസണ്‍ ജേണലിസം)പാതയാണ്‌ ലോകത്താകമാനമുള്ള ബ്ലോഗുകള്‍ പിന്തുടരുന്നത്‌. ഇറാഖ്‌ യുദ്ധകാലത്ത്‌ മാധ്യമസ്വാതന്ത്ര്യമില്ലായിരുന്ന അവിടത്തെ വിവരങ്ങള്‍ അറിഞ്ഞത്‌ ബ്ലോഗുകളിലൂടെയായിരുന്നു, സുനാമിയുടെ തീക്ഷണതയും ലോകത്തെ അറിയിച്ചതില്‍ ബ്ലോഗുകള്‍ വലിയ പങ്കാണ്‌ വഹിച്ചത്‌. എന്നാള്‍ മലയാളത്തില്‍ അങ്ങനെയൊരു ബ്ലോഗെഴുത്തിന്റെ സാധ്യത ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ല. അച്ചടി രംഗത്തും ഇലക്‌ട്രോണിക്ക്‌ ദൃശ്യമാധ്യമരംഗത്തും വ്യക്തിമുദ്രപതിപ്പിച്ച മലയാളഭാഷക്ക്‌ പുതിയ കാലത്തിന്റെ മാധ്യമമെന്നു വിശേഷിപ്പിക്കുന്ന ഇന്റര്‍നെറ്റിലും ഇടം കണ്ടെത്താനായി എന്നത്‌ ആശാവഹമായ കാര്യമാണ്‌. മാധ്യമങ്ങളുള്ളിടത്തോളം മലയാളവും നിലനില്‍ക്കും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍. അവിടെ പഴമ അപ്രസക്തമാകുമെന്നുമാത്രം.
....................................................................9(മംഗളം ഓണപ്പതിപ്പ്)