Thursday, March 13, 2008

ഔട്ട്‌സോഴ്‌സിംഗ്‌ കാലത്തിനൊപ്പം

ഔട്ട്‌ സോഴ്‌സിംഗ്‌ വ്യവസായത്തില്‍ അവസാന വാക്കെന്ന ഖ്യാതി വളരെ മുമ്പുതന്നെ ഇന്ത്യ സ്വന്തമാക്കിയതാണ്‌. 1990 കളില്‍ ശക്തി പ്രാപിച്ച ഔട്ട്‌ സോഴ്‌സിംഗ്‌ മേഘല കസ്റ്റമര്‍ സര്‍വ്വീസും ഡാറ്റാ പ്രൊസസിംഗും കടന്ന്‌ ശാസ്‌ത്രസാങ്കേതിക മേഘലയിലെ ഏതു കഠിനമായ ജോലിയും ചെയ്യാമെന്ന നിലയിലേക്ക്‌ വളര്‍ന്നിരിക്കുന്നു. ഔട്ട്‌ സോഴ്‌സിംഗിനെ മൂന്നാം വ്യാവസായിക വിപ്ലവമാണെന്ന്‌ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബില്‍ ക്ലിന്റന്റെ സാമ്പത്തിക ഉപദേശകനായിരുന്ന അലന്‍ എസ്‌ ബ്ലിന്റര്‍ വിശേഷിപ്പിച്ചത്‌ ശരിയാണെങ്കില്‍ ഇന്ത്യയാണ്‌ ആ വിപ്ലവത്തിന്റെ കേന്ദ്ര ബിന്ദു. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിയില്‍ വരുന്ന മാറ്റങ്ങളും മള്‍ട്ടിനാഷണല്‍ കമ്പനികളുടെ മാറിയ ആവശ്യങ്ങളും ഔട്ട്‌ സോഴ്‌സിംഗ്‌ മേഘലയില്‍ കാതലായ മാറ്റത്തിന്‌ കളമൊരുക്കിയിരിക്കുകയാണ്‌. ഈ പശ്ചാത്തലത്തില്‍ വേണം ഇന്ത്യക്ക്‌ പുറത്തേക്ക്‌ ബിസിനസ്‌ വ്യാപിപ്പിക്കാനുള്ള ഇന്ത്യന്‍ ഐടി കമ്പനികളുടെ നീക്കത്തെ വിലയിരുത്തേണ്ടത്‌. യൂറോപ്പിലും അമേരിക്കയിലും ബ്രാഞ്ചുകള്‍ സ്ഥാപിച്ച്‌ ഔട്ട്‌ സോഴ്‌സിംഗ്‌ മേഖലയെ പൂര്‍ണ്ണമായും തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ്‌ ഇന്ന്‌ ഇന്‍ഫോസിസും വിപ്രോയും ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസുമടങ്ങുന്ന ഇന്ത്യയിലെ ഐ ടി ഭീമന്മാര്‍. ലോകത്തിന്റെ ഏതു മൂലയില്‍ നിന്നുമുള്ള ആവശ്യങ്ങളും ഏപ്പോള്‍ എവിടെ വച്ചു വേണമെങ്കിലും നിര്‍വ്വഹിക്കാന്‍ സന്നദ്ധരായിരിക്കേണ്ട സാഹചര്യമാണ്‌ ഇന്നത്തെ ഔട്ട്‌ സോഴ്‌സിംഗ്‌ മേഖലയിലുള്ളത്‌. സമയവും സ്ഥലവും ഭാഷയും എല്ലാം ഏറെ പ്രധാനവും. എല്ലാ സേവനങ്ങളും കൂടുതല്‍ പ്രാദേശികമാക്കുക എന്ന മള്‍ട്ടിനാഷണല്‍ കമ്പനികളുടെ പുതിയ തന്ത്രങ്ങള്‍ കൂടെ പ്രാവര്‍ത്തികമായപ്പോള്‍ ഔട്ട്‌ സോഴ്‌സിംഗ്‌ ജോലികള്‍ ചെയ്യാന്‍ ഇംഗ്ലീഷ്‌ സംസാരിക്കാത്തവര്‍ കൂടെ അത്യാവശ്യമായി വന്നു. അതോടെ ഇന്ത്യയിലേക്ക്‌ വന്‍തോതില്‍ പ്രവഹിച്ചിരുന്ന ജോലികളുടെ സ്വഭാവവും ഉപഭോക്താക്കളുടെ ആവശ്യവും മാറി. ഇത്തരം ജോലികള്‍ പലപ്പോഴും ഔട്ട്‌സോഴ്‌സിംഗ്‌ മേഖലയിലെ പുതുമുഖ രാജ്യങ്ങളിലേക്ക്‌ പ്രവഹിച്ചു തുടങ്ങി. ഈ സന്ദര്‍ഭത്തില്‍ ഈ രംഗത്തെ കുത്തക തകര്‍ക്കാന്‍ മറ്റു രാജ്യങ്ങളെ അനുവദിക്കില്ല എന്ന ചെറിയ സ്വാര്‍ത്ഥത കൂടിയായപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ മറ്റു രാജ്യങ്ങളില്‍ ആധിപത്യമുറപ്പിക്കേണ്ടിവന്നു. ബ്രസീലിലും ചിലിയിലും ഉറുഗ്വേയിലുമായി ഏതാണ്ട്‌ 5000ല്‍ പരം പേര്‍ ഇപ്പോള്‍ തന്നെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. വിപ്രോയുടെ ഔട്ട്‌സോഴ്‌സിംഗ്‌ സ്ഥാപനങ്ങള്‍ കാനഡയിലും ചൈനയിലും പോര്‍ച്ചുഗലിലും സൗദി അറേബ്യയിലും റുമേനിയയിലുമൊക്കെ പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ അത്ര വികസിച്ചിട്ടില്ലാത്ത ഇഡാഹോ വിര്‍ജീനിയ ജ്യോര്‍ജ്ജിയ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ ഔട്ട്‌ സോഴ്‌സിംഗ്‌ ഹബ്ബുകള്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്‌ വിപ്രോ. അതേസമയം ഇന്‍ഫോസിസ്‌ അവരുടെ ബാക്ക്‌ ഓഫീസുകള്‍ക്കായി സ്ഥലം കണ്ടെത്തിയത്‌ മെക്‌സിക്കോ, ചെക്ക്‌ റിപ്പബ്ലിക്ക്‌ തായ്‌ലന്റ്‌ ചൈന ഫിലിപ്പൈന്‍സ്‌ തുടങ്ങിയ രാജ്യങ്ങളിലും ഒപ്പം അമേരിക്കയിലെ തന്നെ ചെലവു കുറഞ്ഞ സ്റ്റേറ്റുകളിലുമാണ്‌.

ടെലിക്കമ്മ്യൂണിക്കേഷന്‍ മേഘലയില്‍ നേടിയ പുരോഗതിയും ഇംഗ്ലീഷ്‌ ഭാഷയറിയാവുന്നവരുടേയും സാങ്കേതിക വിദഗ്‌ദരുടെയും ലഭ്യതയുമാണ്‌ ഔട്ട്‌ സോഴ്‌സിംഗ്‌ രംഗം ഇന്ത്യയുടെ കുത്തകയാക്കി മാറിയത്‌. ഇത്തരം ജോലികളില്‍ ഇന്ത്യ കാഴ്‌ചവച്ച പ്രൊഫഷണലിസവും ഇന്‍ഫോസിസ്‌ വിപ്രോ തുടങ്ങിയ ക്യാംപസുകള്‍ സമ്മാനിച്ച മാനേജ്‌മെന്റ്‌ ടെക്‌നിക്കുകളും ഈ രംഗത്ത്‌ വന്‍ തോതില്‍ അവസരങ്ങള്‍ സൃഷ്‌ടിച്ചു. എന്നാല്‍ അടിക്കടി ഉയരുന്ന ശമ്പളവും ശക്തമായിക്കൊണ്ടിരിക്കുന്ന സാമ്പത്തികമേഖലയും ഒപ്പം ചൈന മൊറോക്കോ മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ ഈ മേഖലയില്‍ കൈവരിച്ച വളര്‍ച്ചയും എല്ലാം ഔട്ട്‌സോഴ്‌സിംഗ്‌ രംഗത്ത്‌ ഇന്ത്യയെ പുതിയ വഴിയിലൂടെ നടക്കാന്‍ നിര്‍ബന്ധിതമാക്കുകയായിരുന്നു. ബാക്ക്‌ ഓഫീസ്‌ വര്‍ക്കുകള്‍ക്കു പുറമേ ഗവേഷണവും കഴിവും വേണ്ട കൂടുതല്‍ കഠിനമായ ജോലികള്‍ കൂടെ ഇന്ത്യയിലേക്ക്‌ പ്രവഹിക്കാന്‍ തുടങ്ങിയതോടെയാണ്‌ ഈ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിച്ചത്‌.

കാള്‍സെന്ററില്‍ നിന്നും ബോയിംഗ്‌ കോക്ക്‌പിറ്റിലേക്ക്‌
ഡാറ്റാ എന്‍ട്രി, മെഡിക്കല്‍ ബില്ലിംഗ്‌, കാള്‍സെന്റര്‍ തുടങ്ങിയ വലിയ തലവേദനയില്ലാത്ത ജോലികളായിരുന്നു ആദ്യകാലത്ത്‌ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക്‌ ലഭിച്ചിരുന്നത്‌. അമേരിക്കന്‍ എക്‌സ്‌പ്രസ്സ്‌, ജി ഇ ക്യാപ്പിറ്റല്‍, ബ്രിട്ടീഷ്‌ എയര്‍ വെയ്‌സ്‌ തുടങ്ങിയ കമ്പനികളുടെ ബാക്ക്‌ ഓഫീസ്‌ ജോലികളായിരുന്നു ഇവയില്‍ എടുത്തു പറയേണ്ടവ. ഇത്തരം ഐ ടി എനേബിള്‍ഡ്‌ സര്‍വീസുകളും ഡാറ്റാ പ്രൊസസിംഗും പിന്നിട്ട്‌ ഐടി മേഖലയില്‍ നമ്മള്‍ കാലുറപ്പിച്ചത്‌ 1990കളിലാണ്‌. ഔട്ട്‌സോഴ്‌സിംഗ്‌ മേഖലയിലെ വന്‍ വിപ്ലവം തന്നെയായിരുന്നു അത്‌്‌. ഐടി പഠനം സര്‍വ്വസാധാരണമായതോടെ ബാംഗ്‌ളൂര്‍ ഹൈദരാബാദ്‌ ചെന്നൈ എന്നീ നഗരങ്ങള്‍ വിട്ട്‌ ഈ രംഗം ഇന്ത്യയുടെ മറ്റു കോണിലേക്കും പടര്‍ന്നു. അതോടെ മൂന്ന്‌ ഇന്റര്‍ കോണ്ടിനെന്റല്‍ കേബിളുകള്‍ സന്ധിക്കുന്ന കൊച്ചിയും ഇന്ത്യയുടെ ഐടി വാഗ്‌ദാനമായി മാറി. കുറഞ്ഞ ചെലവില്‍ വികസ്വര രാജ്യങ്ങളിലെ മനുഷ്യവിഭവ ശേഷി കിട്ടാവുന്നത്ര ഊറ്റിയെടുക്കുക എന്ന തന്ത്രമായിരുന്നു ആദ്യകാലത്ത്‌ ഔട്ട്‌ സോഴ്‌സിംഗ്‌ ജോലികളുടെ പിന്നിലുണ്ടായിരുന്നത്‌. എന്നാല്‍ ആഡംസ്‌മിത്ത്‌ തിയറികളെ പിന്തുടര്‍ന്നു വന്ന ഔട്ട്‌ സോഴ്‌സിംഗ്‌ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച്‌ ലോകത്താകമാനം പരന്നു കിടക്കുന്ന വ്യവസായ ചങ്ങലയായി മാറുകയായിരുന്നു. കാള്‍ സെന്റര്‍ ജോലികളും മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്‌ഷന്‍, ഹ്യുമന്‍ റിസോഴ്‌സസ്‌ മാനേജ്‌മെന്റ്‌, ഡോക്യുമെന്റ്‌ മാനേജ്‌മെന്റ്‌ തുടങ്ങിയ ജോലികളും ചെയ്‌തിരുന്ന ഇന്ത്യയിലെ ഔട്ട്‌സോഴ്‌സിംഗ്‌ സ്ഥാപനങ്ങള്‍ കൂടുതല്‍ ആധുനികവല്‍ക്കരിക്കപ്പെട്ടതോടെയും ജോലികളില്‍ പുലര്‍ത്തിയ പ്രോഫഷണലിസത്തിന്റെ മികവുകൊണ്ടും ഭൂമിക്കു കീഴിലുള്ള എല്ലാ ജോലികളും ചെയ്‌തു തീര്‍ക്കാമെന്ന നിലയിലേക്ക്‌ ഇന്ത്യ ഉയരുകയായിരുന്നു.വെള്ളക്കാരന്‍ ചെയ്യുന്ന ജോലികളുടെ സഹായിയായി മാത്രം നമ്മള്‍ നിന്ന കാലം ചരിത്രമായി എന്നാണ്‌ അടുത്തകാലത്ത്‌ ഇന്ത്യയിലെ ഐ ടി സ്ഥാപനങ്ങള്‍ നേടിയെടുത്ത്‌ വിജയകരമായി നടപ്പാക്കിയ എയര്‍ക്രാഫ്‌റ്റ്‌ എന്‍ജിനീയറിംഗ്‌, ബാങ്കിംങ്‌ ,ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക്‌നോളജി രംഗത്തെ പ്രോജകടുകള്‍ വെളിപ്പെടുത്തുന്നത്‌. നൂറുകണക്കിന്‌ ഇന്ത്യക്കാരാണ്‌ ബോയിംഗ്‌, എയര്‍ബസ്‌ തുടങ്ങിയ വിമാനക്കമ്പനികളുടെയും മോര്‍ഗന്‍ സ്റ്റാന്‍ലി പോലുള്ള ബാങ്കുകളുടേയും ഔട്ട്‌ സോഴ്‌സിംഗ്‌ ജോലികളില്‍ മുഴുകിയിരിക്കുന്നത്‌.


കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ എയര്‍ബസ്‌, ബോയിംഗ്‌ തുടങ്ങിയ വിമാന കമ്പനികളുടെ ഡ്രോയിംഗുകള്‍ ഡിജിറ്റലൈസ്‌ ചെയ്യാനുള്ള ജോലികള്‍ ഇന്ത്യന്‍ കമ്പനികള്‍ക്കു ലഭിച്ചിരുന്നു. പിന്നീട്‌ ബോയിംഗിന്റെ സൂപ്പര്‍ ജംബോയുടെ സുപ്രധാന ജോലികളും ഇന്ത്യയിലേക്ക്‌ ഒഴുകിയെത്തി. സൂപ്പര്‍ ജംബോ എ 380ന്റെ കോക്ക്‌ പിറ്റ്‌ സോഫ്‌റ്റ്വെയര്‍ രൂപപ്പെടുത്താന്‍ ബോയിംഗ്‌ ആശ്രയിച്ചത്‌ ടാറ്റാ കണ്‍സള്‍ട്ടന്‍സിയെയാണ്‌. അതിന്റെ രൂപകല്‌പനയില്‍ സഹായിച്ചത്‌ ഇന്‍ഫോസിസും. ബോയിംഗ്‌ 787 ന്റെ സീറോ വിസിബിലിറ്റി ലാന്റിംഗ്‌ സിസ്റ്റം നിര്‍മ്മിക്കാന്‍ എച്ച്‌ സി എല്ലിനെയാണ്‌ ബോയിംഗ്‌ കണ്ടുപിടിച്ചത്‌.

മോര്‍ഗ്ഗന്‍ സ്റ്റാന്‍ലി പോലുള്ള ബാങ്കുകള്‍ അവരുടെ അമേരിക്കന്‍ സ്റ്റോക്കുകള്‍ അപഗ്രഥിക്കാന്‍ ഇന്ത്യന്‍ കമ്പനികളേയാണ്‌ ആശ്രയിച്ചുവരുന്നത്‌. എലി ലില്ലി എന്ന മരുന്നു കമ്പനി അവര്‍ കണ്ടുപിടിച്ച പ്രോഡക്‌ട്‌ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‌പാദിപ്പിക്കുന്ന തരത്തില്‍ രൂപപ്പെടുത്താന്‍ പ്രതിവര്‍ഷം ഓരോ ശാസ്‌ത്രജ്ഞനും 1.5 മില്ല്യണ്‍ ഡോളര്‍ എന്ന തോതില്‍ ഒരു ഇന്ത്യന്‍ കമ്പനിക്ക്‌ കരാര്‍ നല്‍കി. അതായത്‌ അമേരിക്കക്കാരന്‍ ആറക്കശമ്പളം വാങ്ങി കുത്തകയാക്കി വച്ചിരുന്ന ജോലികള്‍ പോലും ഔട്ട്‌ സോഴ്‌സിംഗിലൂടെ ഇന്ത്യക്കാരന്‍ ചെയ്യുന്നു എന്നു ചുരുക്കം. സിസ്‌ക്കോ പോലുള്ള കമ്മ്യൂണിക്കേഷന്‍ ഭീമന്‍മാര്‍ തങ്ങളുടെ സെക്കന്റ്‌ഹെഡ്‌ക്വാര്‍ട്ടേഴ്‌സായാണ്‌ ഇന്ത്യയെ കാണുന്നത്‌.

ഔട്ട്‌ സോഴ്‌സിംഗ്‌ മാനേജ്‌മെന്റ്‌ രംഗത്തേക്ക്‌

പുതിയ സാഹചര്യത്തില്‍ ടെക്‌നിക്കല്‍ മേഖലയില്‍ മാത്രമല്ല, മാര്‍ക്കറ്റ്‌ അനാലിസിസ്‌, അക്കൗണ്ടിംഗ്‌, ഹ്യുമന്‍ റിസോഴ്‌സസ്‌ മാനേജ്‌മെന്റ്‌, ആരോഗ്യമേഘലകളിലും തദ്ദേശീയരുടെ സഹകരണം ആവശ്യമാണ്‌. കമ്പനിയുടെയും സ്ഥാപനങ്ങളുടേയും പ്രാദേശിക ഭാഷയിലുള്ള സോഫ്‌റ്റ്വെയര്‍ രൂപപ്പെടുത്താനും മാര്‍ക്കറ്റിനെക്കുറിച്ച്‌ പഠിക്കാനുമൊക്കെ ആ ഭാഷയുമായും സംസ്‌കാരവുമായി അടുത്തിടപഴകുന്നവര്‍ ആവശ്യമാണ്‌. പക്ഷേ ഔട്ട്‌ സോഴ്‌സിംഗ്‌ മേഖലയിലെ പരിചയക്കുറവ്‌ അവര്‍ക്ക്‌ വന്‍ തോതിലുള്ള ജോലികള്‍ ചെയ്യാന്‍ തടസ്സമായി. അത്തരമൊരു സാഹചര്യം ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ ഗുണകരമായിരുന്നു.

ആവശ്യമുള്ള രാജ്യങ്ങളില്‍ ബ്രാഞ്ചുകള്‍ സ്ഥാപിക്കുകയും ഇത്തരം ജോലികളില്‍ തദ്ദേശീയരുടെ സഹായം തേടുകയും ഇന്ത്യയില്‍നിന്നു നേരിട്ടോ വിദഗ്‌ദരെ അങ്ങോട്ടയച്ചോ അതിന്റെ മേല്‍നോട്ടം വഹിക്കുകയും ചെയ്യുക എന്ന തന്ത്രമാണ്‌ വിപ്രോയും ഇന്‍ഫോസിസും ഒക്കെ ഇന്ന്‌ പിന്തുടരുന്നത്‌. അമേരിക്കയിലെ തന്നെ താരതമ്യേന ചെലവുകുറഞ്ഞ പ്രദേശങ്ങളില്‍ വിപ്രോയും ഇന്‍ഫോസിസും ബ്രാഞ്ചുകള്‍ സ്ഥാപിച്ചത്‌ അമേരിക്കയിലാണെന്നതിന്റെ നേട്ടം കൂടി ലഭിക്കാനാണ്‌. 7000 മൈലുകള്‍ക്കപ്പുറത്തുള്ള ഇന്ത്യയിലേക്ക്‌ തങ്ങളുടെ ജോലികള്‍ അയക്കുന്നതിനേക്കാള്‍ അവര്‍ ഇഷ്‌ടപ്പെടുക തങ്ങളുടെ സംസ്‌കാരവുമായി അടുത്തു കിടക്കുന്ന വെറും 150 മൈല്‍ മാത്രം അടുത്തുള്ള മെക്‌സിക്കോ പോലുള്ള രാജ്യങ്ങളിലേക്ക്‌ നല്‍കാനാണ്‌.

ഫിലിപ്പൈന്‍സിലും തായ്‌ലന്റിലും പോളണ്ടിലുമൊക്കെയുള്ള സ്ഥാപനങ്ങളില്‍ തദ്ദേശീയര്‍ക്ക്‌ പരിശീലനം നല്‍കി ഇന്ത്യന്‍ മാനേജര്‍മാരുടെ മേല്‍നോട്ടത്തില്‍ ജോലികള്‍ മുന്നോട്ടുകൊണ്ടുപോകുകയാണ്‌ ഇന്‍ഫോസിസ്‌ ചെയ്യുന്നത്‌. ഇത്തരം സ്ഥാപനങ്ങളെ ഇന്ത്യയിലെ ഹെഡ്‌ക്വാര്‍ട്ടേഴ്‌സുമായി ബന്ധിപ്പിച്ച്‌ ജോലിഭാരം കുറക്കുകയും വേഗതയും ഗുണമേന്മയും വര്‍ദ്ധിപ്പിക്കുകയുമാണ്‌ ലക്ഷ്യം. ലോകത്തെ എല്ലാ ഓഫീസുകളുമായി ബന്ധപ്പെടുത്തുന്നതുവഴി ഓരോ ജോലിയുടേയും സ്വഭാവമനുസരിച്ച്‌ ലോകത്തെല്ലായിടത്തുമുള്ള ഓഫീസുകളിലുമുള്ള വിദഗ്‌ദരുടെ സേവനം ഉപയോഗിക്കുകയുമാകാം. ഔട്ട്‌സോഴ്‌സിംഗ്‌ ജോലികള്‍ക്ക്‌ ഇന്ത്യന്‍ ക്യാംപസ്സുകളില്‍ നല്‍കുന്ന പരിശീലനവും അഭിരുചിക്കനുസരിച്ച്‌ ഓരോരുത്തര്‍ക്കും ആവശ്യമായ ജോലികള്‍ നല്‍കുകയും ചെയ്യുന്ന രീതിയാണ്‌ ഇന്‍ഫോസിസ്‌ അടക്കമുള്ള നെറ്റ്വര്‍ക്കുകളുടെ വിജയത്തിന്റെ നട്ടെല്ല്‌. ഗൂഗിള്‍ പോലുള്ള മള്‍ട്ടിനാഷണള്‍ കമ്പനികളില്‍ നിന്നു പോലും ജോലി ഉപേക്ഷിച്ച്‌ ഇന്‍ഫോസിസിലും വിപ്രോയിലുമെത്തുന്നവര്‍ കുറവല്ല. ആറുമാസം കൊണ്ട്‌ ഇന്‍ഫോസിസ്‌ നല്‍കുന്ന കോച്ചിംഗ്‌ കമ്പ്യൂട്ടര്‍ സയന്‍സിലെ ബാച്ചിലേഴ്‌സ്‌ ഡിഗ്രിക്ക്‌ സമാനമാണെന്നാണ്‌ ക്യാംപസ്സിലെ വിദേശ വിദ്യാര്‍ത്ഥികളടക്കമുള്ളരുടെ അഭിപ്രായം. ലോകത്താകമാനം പരന്നു കിടക്കുന്ന തങ്ങളുടെ സ്ഥാപനങ്ങളിലേക്ക്‌ ആവശ്യമായവരെ പരിശീലിപ്പിച്ചെടുക്കുന്നു ഇവിടെ നിന്നാണ്‌. ഇന്ത്യയിലെ ഈ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സുകള്‍ കേന്ദ്രീകരിച്ചാണ്‌ ഇന്ന്‌ മൂന്നാം വ്യാവസായിക വിപ്ലവമെന്ന്‌ വിശേഷിപ്പിക്കപ്പെട്ട ഔട്ട്‌സോഴ്‌സിംഗ്‌ വ്യവസായം ചലിക്കുന്നത്‌. ലോകം മുഴുവന്‍ ബ്രാഞ്ചുകളുള്ള ഇന്‍ഫോസിസില്‍ ഇന്നുള്ള 75000 ല്‍പരം ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും ഇന്ത്യക്കാര്‍ തന്നെയാണ്‌. മറ്റു കമ്പനികളും ഇന്‍ഫോസിസിന്റെ പാത പിന്തുടരുന്നു. ഇനിയുള്ള കാലത്തും ലോകത്തെല്ലായിടത്തുമായി പരന്നു കിടക്കുന്ന ഔട്ട്‌സോഴ്‌സിംഗ്‌ വ്യവസായത്തിന്റെ കേന്ദ്രം ഇന്ത്യയും അത്‌ നിയന്ത്രിക്കുന്നത്‌ ഇന്ത്യക്കാരുമായിരിക്കുമെന്നാണ്‌ ഇന്ത്യന്‍ ഐ ടി കമ്പനികളുടെ വളര്‍ച്ച നല്‍കുന്ന സൂചന.