
വെടിവയ്പില്‍ ബാഹ്യശക്തികളുടെ പങ്ക് വ്യക്തമാണെന്നാണ് സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘം നല്കിയ ആദ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തോടനുബന്ധിച്ച് അറസ്റ്റിലായ പത്തു പേരില്‍ അഞ്ചു പേര്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടനയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചിട്ടുണ്ടെന്നും സി ബി ഐ വെളിപ്പെടുത്തി.
സംഭവ സ്ഥലത്തു നിന്നു കണ്ടെടുത്ത ചില വെടിയുണ്ടകള്‍ ബംഗാള്‍ പോലീസിണ്റ്റെ ഉപയോഗത്തില്‍ ഉള്ളവയല്ലെന്നതാണു കണ്ടെത്തല്‍. വെടിവയ്പിണ്റ്റെ രീതിവെച്ച് നോക്കുമ്പോള്‍ പുറത്തുനിന്നുള്ളവരുടെ വെടിയേറ്റാണ് മിക്കവരും മരിച്ചത്. ആരാണ് ബാഹ്യ ശക്തികളെന്നു സി ബി ഐ വ്യക്തമായി പറയുന്നില്ലെങ്കിലും സൂചനകളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും ആരാണെന്നതു വ്യക്തം. കുറച്ചുകാലം മുമ്പ് വയനാട്ടിലെ മുത്തങ്ങയിലുണ്ടായ വെടിവെപ്പില്‍ മരിച്ച ആദിവാസികളുടെ ശവകുടീരം കെട്ടി ഫോട്ടോ വെച്ച് വോട്ടു ബാങ്ക് നിറക്കാനിറങ്ങിയ അതേ പാര്‍ട്ടിയുടെ അണികള്‍ തന്നെ നിലനില്‍പ്പിനുവേണ്ടി സമരം ചെയ്ത ഗ്രാമീണരെ വെടിവെച്ചു കൊന്നു എന്നു നമ്മള് വിശ്വസിക്കേണ്ടി വരുന്നു. നന്ദിഗ്രാമില്‍ പ്രത്യേക സമ്പദ്മേഖലക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തിയ ഗ്രാമീണര്‍ക്കു നേരെ പോലീസ് നടത്തിയ വെടിവെപ്പിലും സംഘര്‍ഷത്തിലുമായി ഒരു സ്ത്രീയുള്‍പ്പടെ 14 പേരാണ് മരിച്ചത്. ജനവരി ആദ്യവാരം നടന്ന സംഘര്‍ഷത്തില്‍ ആറുപേര്‍ മരിച്ചിരുന്നു.
ഇന്‍ഡൊനീഷ്യയിലെ സാലിം ഗ്രൂപ്പിനായി കൃഷിഭൂമി ഏറ്റെടുത്തു നല്കാന് ബംഗാളിലെ പാവങ്ങളുടെ പാര്‍ട്ടിയായ സി പി എമ്മിണ്റ്റെ അനുയായികള്‍ പ്രയത്നം തുടങ്ങിയിട്ട് നാളേറെയായി. സി പി എം പ്രവര്‍ത്തകരും ഭൂസംരക്ഷണ സമിതി പ്രവര്‍ത്തകരും തമ്മില്‍ പലതവണ ഏറ്റുമുട്ടലുകള്‍ നടന്നു. ഭൂസംരക്ഷണ സേനയുടെ ചില നേതാക്കളെ തട്ടിക്കൊണ്ടുപോയതായും ആരോപണമുണ്ടായിരുന്നു. മുന്നൂറോളം വരുന്ന സി പി എം അനുയായികള്‍ സംഘര്‍ഷ പ്രദേശങ്ങളില്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ വീടുകള്‍ തീവെച്ചു നശിപ്പിച്ചതായി പൊലീസ് തന്നെ പ്രസ്താവന ഇറക്കി. സംസ്ഥാന പോലീസ് പാര്‍ട്ടിയുടെ ബദല്‍ പോലീസിണ്റ്റെ പിന്തുണയോടെയായിരുന്നു അക്രണങ്ങളെ നേരിട്ടത്. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സി.പി.എം. പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുന്നതും നിത്യസംഭവമായി. ഈ സത്യങ്ങളൊക്കെ നിലനില്‍ക്കെയാണ് പ്രകാശ് കാരാട്ടും കൂട്ടരും മാവോവാദികളെയും കോണ്‍ഗ്രസ്സിനെയും ആണ് ഇതിണ്റ്റെ ഉത്തരവാദികളെന്ന് ആരോപിക്കുന്നത്.
ഭൂമി കുത്തകാവകാശത്തിനെതിരെ പൊരുതി വീരമൃത്യുവടഞ്ഞ നിരവധി രക്തസാക്ഷികളുടെ നെഞ്ചത്തു ചവിട്ടിയാണ് സി പി എം ബംഗാളില്‍ ഭൂമി പിടിച്ചെടുത്തുകൊണ്ടിരിക്കുന്നത്. ടാറ്റായുടെ ചെറു കാര്‍ നിര്‍മ്മാണ ഫാക്ടറിക്കായി ൯൯൭ ഏക്കര്‍ ഭൂമി സിംഗൂരില്‍ വിട്ടുകൊടുത്തുകൊണ്ടുള്ള കരാര്‍ ഈയിടെയാണ് ബുദ്ധദേബ് സര്‍ക്കാര്‍ ഒപ്പിട്ടത്. അവിടെയും നടന്നത് ഇതു തന്നെയാണ്. ഗ്രാമീണരുടെ മാത്രമല്ല സാമൂഹികപ്രവര്‍ത്തക മേധാ പട്കറുടെ നേതൃത്വത്തിലുള്ള സംഘത്തിനു നേരെ വരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. മൂന്നു പതിറ്റാണ്ടുകാലം തങ്ങളെ അധികാരത്തിലിരുത്തിയ പാവം ഗ്രാമീണരേക്കാള്‍ വലുത് ടാറ്റയും സലീം ഗ്രൂപ്പുമായി മാറിയിരിക്കുന്നു വിയര്‍പ്പിണ്റ്റെയും ചോരയുടെയും മണമുണ്ടായിരുന്ന പ്രസ്ഥാനത്തിന്. ജന്മിമാരുടെ നിലങ്ങള്‍ പിടിച്ചെടുത്ത അതേ ലാഘവത്തോടെയാണ് അണികള്‍ സിംഗൂരിലും നന്ദിഗ്രാമിലും വിപ്ളവമുന്നേറ്റങ്ങള്‍ നടത്തിയത്.
ചൈനയിലെ വിപ്ളവം കണ്ണും ചിമ്മി അനുകരിക്കുന്ന, വിദേശ കുത്തകകള്‍ക്ക് സ്വന്തം നാട്ടിലെ പാവപ്പെട്ടവണ്റ്റെ കൃഷിഭൂമി അടിയറവെക്കുന്ന ബുദ്ധദേബും കൂട്ടരും ഏതു പ്രത്യയശാസ്ത്രത്തിണ്റ്റെ പ്രവാചകരാണ്. യഥാര്‍ത്തത്തില്‍ ബംഗാളിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ആരുടെ പക്ഷത്താണ്. സിംഗൂരിലും നന്ദീഗ്രാമിലും നടക്കുന്ന നീക്കങ്ങളെക്കുറിച്ച് മുന്നണിയിലാലോചിക്കുന്നില്ല എന്ന് പലതവണ പരാതി പറഞ്ഞ സി.പി.ഐ. ദേശീയ ജനറല്‍ സെക്രട്ടറി എ.ബി. ബര്ദണ്റ്റെ വാക്കുകള്‍ പാര്‍ട്ടി ജനപക്ഷം വിട്ടുപോകുന്നു എന്നതിന് വ്യക്തമായ തെളിവാണ്. പാര്‍ട്ടിയിലെന്തൊക്കെയോ ചീഞ്ഞു നാറുന്നു എന്നതിനെ അടിവരയിടുന്നതാണ് സംഭവത്തിനു ശേഷം വിളിച്ചു ചേര്‍ത്ത മുന്നണിയോഗത്തില്‍ ജ്യോതിബസു ബുദ്ധദേബിനും കൂട്ടര്‍ക്കുമെതിരെ പരസ്യമായി പൊട്ടിത്തെറിച്ചത്. ബംഗാളില്‍ പാര്‍ട്ടിയറിയാതെ പലതും നടക്കുന്നു ചില തത്പര കക്ഷികള്‍ പ്രവര്‍ത്തിക്കുന്നു തുടങ്ങി ഈയടുത്തകാലത്തായി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്ക് അടിവരയിടുകയായിരുന്നു ബസുവിണ്റ്റെ കോപം. ഭരണ കക്ഷിയിലെ അംഗങ്ങളെല്ലാം കടുത്ത ഭാഷയിലാണ് സംഭവത്തെ വിമര്‍ശിച്ചത്.
ഇന്ന് ബംഗാളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത് ബുദ്ധദേബ് രാജി വെക്കണമെന്ന സ്വരമാണ്. മഹാശ്വേതാ ദേവി തൊട്ട് അപര്‍ണാസെന്‍ വരെ ബുദ്ധദേബിനെതിരെ തിരിഞ്ഞു. പാര്‍ട്ടി ബുദ്ധിജീവികള്‍ ധര്‍ണ്ണ നടത്തിയും പ്രകടനങ്ങള്‍ നടത്തിയും പുരസ്കാരങ്ങള്‍ തിരികെക്കൊടുത്തും പാര്‍ട്ടിക്കെതിരെ രംഗത്തുവന്നു. പാര്‍ട്ടിക്കകത്തുനിന്നും പുറത്തുനിന്നും ഇത്രയൊക്കെ പ്രതിഷേധങ്ങളുണ്ടായിട്ടും കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും വെറും ഖേദപ്രകടനങ്ങള്‍ നടത്തി പ്രതിഛായ വര്‍ദ്ധിപ്പിക്കാനുള്ള തിടുക്കത്തിലാണ്. തത്കാലം ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിയെങ്കിലും പ്രത്യേക സാമ്പത്തിക മേഖല ഉപേക്ഷിക്കില്ലെന്നു കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയതോടെ നന്ദിഗ്രാം ഇനിയുമാവര്‍ത്തിക്കുമെന്ന സൂചനകളാണ് നല്‍കുന്നത്.
സി പി ഐ, ആര് എസ്പി എന്നീ ഘടകകക്ഷികളോടുപോലും കൂടിയാലോചിക്കാതെ എന്തിന് പാര്‍ട്ടിയിലെ ആത്മീയാചാര്യനായ ജ്യോതി ബസുവിനെപ്പോലുമറിയിക്കാതെ തിടുക്കപ്പെട്ട് നന്ദിഗ്രാമില്‍ ബലം പ്രയോഗിച്ചത് ഭൂമിയേറ്റെടുക്കാന്‍ തുനിഞ്ഞത് ഒരുന്യൂനപക്ഷത്തിണ്റ്റെ മാത്രം താത്പര്യപ്രകാരമായിരുന്നു എന്നതാണ് സത്യം. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ പറ്റില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ വികസനമെന്നാല്‍ ചൈനയില്‍ സംഭവിച്ചതുപോലെ മുതലാളിത്തവുമായി കോംപര്‍മൈസ് ചെയ്തുള്ള മുന്നേറ്റമാണെന്ന അബദ്ധ ധാരണ വച്ചു പുലര്‍ത്തുന്ന ഒരു പക്ഷം വളര്‍ന്നു വരുന്നതിണ്റ്റെ ദൃഷ്ടാന്തങ്ങളാണ് സിംഗൂരിനേയും നന്ദിഗ്രാമിനേയുമൊക്കെ സംഭവങ്ങള്‍. പാര്‍ട്ടിയുടെ മൂല്യങ്ങളില്‍ മുറുകെ പിടിക്കുന്നവരെ അതില്‍ നിന്നൊക്കെ മനപ്പൂര്‍വ്വം മാറ്റി നിര്‍ത്താനും അക്കൂട്ടര്‍ ശ്രമിക്കുന്നുന്നുവെന്നതിന് തെളിവ് നമുക്കു മുന്നില്‍ തന്നെയുണ്ട്. കേരളത്തില്‍ എ ഡി ബി കരാര്‍ ഒപ്പിടുന്നതിലും ബംഗാളിലെ ഇടതുമുന്നണിയിലുയര്‍ന്ന അതേ ആരോപണങ്ങളൊക്കെ ഉയര്‍ന്നിരുന്നു. കേരളത്തിലെ പിണറായി പക്ഷവും ബംഗാളിലെ ബുദ്ധദേവിണ്റ്റെ കൂട്ടരും ഇവരെ നയിക്കുന്ന യച്ചൂരിയുടെയും കാരാട്ടിണ്റ്റെയും നവലിബറല്‍ തത്വങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു എന്നു പറയുന്നതാവും കൂടുതല്‍ ശരി.
ഏതായാലും ഒരു കാര്യം ഉറപ്പാണ്. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളായ ജ്യോതി ബസു ബംഗാളിലെ ഇടതു മുന്നണി യോഗത്തില്‍ നടത്തിയ ൩൫ മിനിറ്റ് നീണ്ട പ്രക്ഷുബ്ദമായ പ്രസംഗത്തില്‍ പറഞ്ഞതുപോലെ "ഇങ്ങനെ പോയാല്‍ ഇടതുമുന്നണി എന്ന ആശയം തന്നെ അന്യംനിന്നു പോകും" അധികം താമസിയാതെ.