Sunday, January 21, 2007

പരിഷത്ത്‌ ആരെയാണ്‌ പേടിക്കുന്നത്‌


പ്രകൃതിക്കും സമൂഹത്തിനും ദോഷം ചെയ്യുന്ന എന്തിനേയും എതിര്‍ക്കുകയും അതിനെതിരെ ഇടതു വലതു ചേരികളിലൊന്നിണ്റ്റെയും പിന്‍തുണയില്ലാതെ പൊതുജനാഭിപ്രായം സ്വരൂപിക്കുകയും ചെയ്ത ഒരു നല്ല കാലമുണ്ടായിരുന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‌. കേരളാ മോഡല്‍ സങ്കല്‍പ്പങ്ങള്‍ക്ക്‌ ഊടും പാവുമായ ഒരു സുവര്‍ണ കാലഘട്ടം. എന്നാല്‍ സമീപകാലത്തുണ്ടായ മുല്ലപ്പെരിയാര്‍, ചിക്കുന്‍ഗുനിയ, നെയ്യാര്‍ നദീജല കൈമാറ്റം, എ ഡി ബി വായ്പ തുടങ്ങിയ പ്രശ്നങ്ങള്‍ക്കുനേരെ പരിഷത്ത്‌ മുഖം തിരിഞ്ഞു നിന്നത്‌ മറ്റെല്ലാ പൊതുപ്രസ്ഥാനങ്ങള്‍ക്കുമെന്നപോലെ കാലം വരുത്തിയ അപചയമെന്നു കരുതി തള്ളിക്കളയാനാവില്ല.

പരിഷത്ത്‌ ഇന്ന്‌ ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രം ഒച്ചപ്പാടുണ്ടാക്കുകയും ഭരണത്തിലിരിക്കുമ്പോള്‍ അവരുടെ ആജ്ഞാനുവര്‍ത്തികളായി മാറുകയും ചെയ്യുന്ന വെറുമൊരു പോഷക സംഘടനയുടെ നിലവാരത്തിലേക്ക്‌ അധപ്പതിച്ചിരിക്കുന്നു. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത്‌ വിജയിപ്പിച്ച പരിഷത്തുപോലെയുള്ള ഒരു സംഘടനയെ തങ്ങളുടെ വരുതിക്കുനിര്‍ത്തേണ്ടത്‌ ഇന്നത്തെ മുതലാളിത്ത സി പി എമ്മിണ്റ്റെ ആവശ്യമായിരുന്നു എന്നു പറയുന്നതാകും കൂടുതല്‍ ശരി. ഇതുവഴി പാര്‍ട്ടി നേടിയെടുത്ത നേട്ടങ്ങള്‍ പലതാണ്‌- ഇടതു പക്ഷം മുന്നോട്ടു വയ്ക്കുന്ന ഒരു പദ്ധതിയും പരിസ്ഥിതിയുടെ പേരിലോ സാമ്പത്തിക സാമൂഹ്യ കാരണങ്ങളുടെ പേരിലോ പരിഷത്ത്‌ എതിര്‍ക്കില്ല, അതേസമയം സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങളനുഭവിക്കുന്ന വിലക്കെടുക്കപ്പെട്ട ബുദ്ധിജീവികളെ ഉപയോഗിച്ച്‌ തങ്ങള്‍ കൊട്ടിഘോഷിക്കപ്പെടുന്ന പദ്ധതികള്‍ക്ക്‌ ഒരു ബൌദ്ധിക ഛായ പകരാം.പരിഷത്തിനെ ഉപയോഗിച്ച്‌ ജനകീയാസൂത്രണമടക്കമുള്ള പരിപാടികളില്‍ നേട്ടങ്ങള്‍ കൊയ്തെടുത്തതും ആരോപണങ്ങളുണ്ടാകുമ്പോള്‍ അത്‌ കെട്ടിവെക്കാനുമുള്ള ഒരു ഉപാധിയാക്കി പരിഷത്തിനെ മാറ്റിയതും നമ്മള്‍ കണ്ടതാണ്‌.

വിജയിച്ച ഐസക്‌ തന്ത്രം
ഒരു പരിധിയിലപ്പുറം പരിഷത്ത്‌ വളരുന്നത്‌ അപകടമാണെന്നാണ്‌ കാലം സി പി എമ്മിനെ പഠിപ്പിച്ചത്‌. വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രകൃതിയെ നശിപ്പിക്കുന്ന പദ്ധതികള്‍ക്ക്‌ പരിഷത്ത്‌ ഒരു വലിയ തടസ്സമായിരുന്നു. സൈലണ്റ്റ്‌ വാലി, പൂയ്യം കുട്ടി തുടങ്ങിയ പദ്ധതികള്‍ ചില ഉദാഹരണങ്ങള്‍ മാത്രം. പൂയ്യം കുട്ടി പദ്ധതി നിലവില്‍ വന്നാല്‍ 3008 ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകുമെന്നും ആദിവാസികളും ഈറ്റക്കര്‍ഷകരും കിടപ്പാടം നഷ്ടപ്പെട്ട്‌ പട്ടിണിയിലാകുമെന്നും ഉള്ള കാരണങ്ങള്‍ ഉയര്‍ത്തി 1987 ല്‍ അന്നത്തെ വിദ്യുഛക്തി വകുപ്പുമന്ത്രി ടി ശിവദാസമേനോണ്റ്റെ നീരസം സമ്പാദിച്ച പരിഷത്ത്‌ പിന്നീട്‌ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന പല പദ്ധതികളും പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരില്‍ മുടക്കി. ഇടതുപക്ഷത്തെ ഒരു വിഭാഗത്തിണ്റ്റെ മൌനാനുവാദത്തോടെ തുടങ്ങിയ കരിമണല്‍ ഖനനവും പരിഷത്ത്‌ എതിര്‍ത്തിരുന്നു.

പരിഷത്തിനെ ഏതാണ്ട്‌ പൂര്‍ണ്ണമായും കൈപ്പിടിയിലൊതുക്കിയതിണ്റ്റെ സുഖം സി പി എം അനുഭവിച്ചു തുടങ്ങിയത്‌ ഇപ്പോഴാണ്‌. കേരളത്തില്‍ കോളറയും സാംക്രമിക രോഗങ്ങളും പടര്‍ന്നു പിടിച്ചപ്പോള്‍ ഓ ആര്‍ എസിണ്റ്റെ ഉപയോഗവും പ്രതിരോധ മാര്‍ഗ്ഗങ്ങളും ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞതില്‍ പ്രശംസ നേടിയ പരിഷത്ത്‌ ഈയിടെ ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും ചിക്കുന്‍ ഗുനിയ പടര്‍ന്നു പിടിച്ചപ്പോഴും തൊട്ടുപിന്നാലെയുണ്ടായ വിവാദങ്ങളിലും ഒരക്ഷരം പോലും മിണ്ടിയില്ല. മുപ്പപ്പെരിയാര്‍ പ്രശ്നം കത്തിനില്‍ക്കുന്ന സമയത്ത്‌ നെയ്യാറിലെ ജലവും തമിഴ്നാടിന്‌ തുറന്നു കൊടുക്കാനുള്ള തീരുമാനത്തെ കണ്ടില്ലെന്നു നടിച്ച്‌ ഇന്നത്തെ പരിഷത്ത്‌ നേതൃത്വം പാര്‍ട്ടിയോടുള്ള കൂറു കാണിക്കുകയും ചെയ്തു. ജനകീയാസൂത്രണത്തോടെയാണ്‌ സി പി എം പരിഷത്തിനു മുകളിലുള്ള അധിനിവേശം പൂര്‍ത്തിയാക്കിയത്‌. പരിഷത്തിനെ കൂച്ചുവിലങ്ങിട്ടു നിര്‍ത്താന്‍ പാര്‍ട്ടിയെ സഹായിച്ചതിണ്റ്റെ മുഴുവന്‍ ക്രഡിറ്റും ജനകീയാസൂത്രണത്തിണ്റ്റെ മുഖ്യ നടത്തിപ്പുകാരനായ ഡോ ടി എം തോമസ്‌ ഐസക്കിനും കൂട്ടാളികള്‍ക്കുമാണ്‌.

ഹൈജാക്ക്‌ ചെയ്യപ്പെട്ട നേതൃത്വം
പരിഷത്തിണ്റ്റെ ജനസമ്മതിയേയും അംഗങ്ങളേയും ചൂഷണം ചെയ്ത്‌ വികസന സങ്കല്‍പ്പങ്ങള്‍ മെനയുകയും അത്‌ നടപ്പിലാക്കി അവസാനം മുഴുവന്‍ ക്രെഡിറ്റും കൈക്കലാക്കുകയുമായിരുന്നു ജനകീയാസൂത്രണത്തിലൂടെയും സാക്ഷരതാ യജ്ഞത്തിലൂടെയും സി പി എം ചെയ്തത്‌. കോളജ്‌ പ്രൊഫസര്‍മാരും, അധ്യാപകരും, ഗവേഷകരുമൊക്കെയടങ്ങുന്ന നൂറുകണക്കിന്‌ പരിഷത്ത്‌ പ്രവര്‍ത്തകര്‍ നിരവധി ദിവസം ഉറക്കൊഴിഞ്ഞു തയ്യാറാക്കിയതായിരുന്നു ഈ പദ്ധതികളുടെ രൂപരേഖ. സാക്ഷരതായജ്ഞകാലത്ത്‌ അക്ഷരജാഥകളടക്കമുള്ള കലാപരിപാടികളിലൂടെയും സ്ക്വാര്‍ഡ്‌ വര്‍ക്കുകളിലൂടെയും മറ്റും അക്ഷരം പഠിക്കേണ്ടതിണ്റ്റെ ആവശ്യകത ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കുന്നതില്‍ പരിഷത്ത്‌ വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. എന്നാല്‍ സാക്ഷരതായജ്ഞം വിജയം കണ്ടതോടെ അത്‌ നായനാര്‍ സര്‍ക്കാരിണ്റ്റെ നേട്ടങ്ങളുടെ പട്ടികയിലാണ്‌ സ്ഥാനം പിടിച്ചത്‌.

ജനകീയാസൂത്രണമാണ്‌ പരിഷത്തിന്‌ ഏറ്റവും ദുഷ്പേരു സമ്പാദിച്ചുകൊടുത്ത പദ്ധതി. ഡോ ടി എം തോമസ്‌ ഐസക്ക്‌ എന്ന പരിഷത്തുകാരന്‍ ഒരു സി പി എം നേതാവായി ഉയരുന്നതും പിന്നീട്‌ കേരള സംസ്ഥാനം ഭരിക്കുന്ന മന്ത്രിയുമാകുന്ന കാഴ്ചയാണ്‌ ജനകീയാസൂത്രണത്തിനുശേഷം നമ്മള്‍ കണ്ടത്‌. പഠനവും നിര്‍ദ്ദേശങ്ങളും നടത്തിപ്പിണ്റ്റെ ഒരു മുഖ്യ പങ്കും വഹിച്ചത്‌ പരിഷത്തായിരുന്നെങ്കിലും ജനകീയാസൂത്രണമെന്നു കേള്‍ക്കുമ്പോള്‍ കേരളം നെറ്റിചുളിക്കുന്ന അവസ്ഥയിലേക്ക്‌ കൊണ്ടെത്തിച്ചത്‌ പദ്ധതിയുടെ മറപറ്റി സി പി എം നേതാക്കള്‍ വെട്ടിച്ച കോടികളുടെ കണക്കുകളായിരുന്നു. സി പി എം ഇന്ന്‌ മാര്‍ബിള്‍ പതിച്ച മണിമാളികകളെ വെല്ലുന്ന പാര്‍ട്ടിയാപ്പീസുകളുള്ള ഒരു കോര്‍പ്പറേറ്റ്‌ പാര്‍ട്ടിയായി വളര്‍ന്നു വരാന്‍ ജനകീയാസൂത്രണം ചില്ലറയൊന്നുമല്ല സഹായിച്ചത്‌. പദ്ധതിയുടെ നല്ല ഘടകങ്ങളൊക്കെ പാര്‍ട്ടിയുടെ ക്രെഡിറ്റില്‍ കണക്കുകൂട്ടപ്പെട്ടപ്പോള്‍ തോമസ്‌ ഐസക്കും റിച്ചാര്‍ഡ്‌ ഫ്രാങ്കിയെന്ന വിദേശിയും അവരെചുറ്റിപ്പറ്റി വന്ന വിദേശ ഫണ്ടിംഗ്‌ വിവാദവും ബുദ്ധിപൂര്‍വ്വം പരിഷത്തിണ്റ്റെ തലയില്‍ വെച്ചൊഴിയാന്‍ സി പി എമ്മിനു കഴിഞ്ഞു. ഡച്ച്‌ സഹായത്തോടെ തിരുവനന്തപുരത്തെ സെണ്റ്റര്‍ ഫോര്‍ ഡെവലപ്പ്മെണ്റ്റ്‌ സ്റ്റഡീസും പരിഷത്തും മുന്‍കൈയെടുത്ത്‌ നടത്തിയ ജനകീയാസൂത്രണത്തെ വിവാദത്തിലേക്ക്‌ കൊണ്ടെത്തിച്ച അതേ ആള്‍ തന്നെയാണ്‌ ലോകബാങ്കിണ്റ്റെ സന്തതിയായ എ ഡി ബി വായ്പ സ്വീകരിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌.

മറ്റൊരു വിവാദ പദ്ധതിയായ കേരളത്തിലെ പ്രകൃതിവിഭവ ഭൂപട നിര്‍മ്മാണം ഇത്രയും സൈദ്ധാന്തികരും ശാസ്ത്രജ്ഞരുമുള്ള പരിഷത്തിന്‌ വന്ന ഒരു കൈയബദ്ധമായി കണക്കാക്കുക പ്രയാസമാണ്‌. അമൂല്യമായ പ്രകൃതിവിഭവങ്ങളുടെ ശേഖരം വെളിപ്പെടുന്ന രേഖകള്‍ നിര്‍മ്മിച്ചത്‌ സായിപ്പിനെ സഹായിക്കാനല്ല എന്ന്‌ വാദിക്കാമെങ്കിലും അതുകൊണ്ട്‌ അവര്‍ക്ക്‌ പ്രയോജനമുണ്ടായില്ല ഭാവിയില്‍ ഉണ്ടാവുകയുമില്ല എന്ന്‌ ഇതിണ്റ്റെ മുഖ്യ കാര്‍മ്മികരില്‍ പ്രമുഖനായിരുന്ന ഡോ ടി എം തോമസ്‌ ഐസക്കിന്‌ പറയാനാകുമോ? നമ്മുടെ പ്രകൃതി വിഭവങ്ങളുടെ മേല്‍ പ്ളാച്ചിമടയിലേതുപോലുള്ള വിദേശ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ കടന്നുകയറ്റം സുഗമമാക്കാന്‍ ഇത്തരം സര്‍വേറിപ്പോര്‍ട്ടുകള്‍ക്കു കഴിയുമെന്നതും നിഷേധിക്കാന്‍ കഴിയില്ല. സാമൂഹ്യപ്രശ്നങ്ങളില്‍ വ്യക്തമായ നിലപാടു വെച്ചു പുലര്‍ത്തുകയും പ്രശ്നങ്ങളില്‍ ശാസ്ത്രീയ വിക്ഷണത്തോടെ സമീപിക്കുകയും ചെയ്ത പ്രസ്ഥാനം അടിസ്ഥാന ആശയങ്ങളില്‍ നിന്നും അടിതെറ്റി വീണ്‌ വേണ്ടിടത്ത്‌ പോലും മറുപടി പറയാതെ ഒരു അടിമയേപ്പോലെ സി പി എമ്മിണ്റ്റെ നയങ്ങളുടെ തണല്‍ പറ്റി നില്‍ക്കുന്ന കാഴ്ചയിരുന്നു അക്കാലത്ത്‌ കേരളം കണ്ടത്‌.

ഇതോടെ പാര്‍ട്ടിയിലെ തീവ്ര നിലപാടുകളെടുക്കുന്ന ഒരു വിഭാഗത്തിണ്റ്റെ കൈയില്‍ പരിഷത്ത്‌ പൂര്‍ണ്ണമായും ഒതുങ്ങിപ്പോകുകയായിരുന്നു. ഇതിനായി പാര്‍ട്ടിയിലും പരിഷത്തിലും ഒതുക്കലുകളും പീഡനങ്ങളും നടന്നുവെന്നത്‌ വ്യക്തം. അന്നുവരെ പരിഷത്തിനെ നയിച്ച പല പ്രമുഖരും മുന്‍നിരയില്‍ നിന്ന്‌ അപ്രത്യക്ഷരായപ്പോള്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്‌ ആര്‍ വി ജി മേനോനെപ്പോലുള്ള വിരലിലെണ്ണാവുന്നവരായിരുന്നു. നേതൃനിരയില്‍ മാത്രമല്ല അണികളിലും ഈ കൊഴിഞ്ഞുപോക്ക്‌ സജീവമായി. ഇടതുപക്ഷനയങ്ങളോട്‌ ആഭിമുഖ്യമില്ലാത്ത ബഹൂഭൂരിപക്ഷവും ഇതോടെ പരിഷത്ത്‌ വിട്ടു. സി പി എം നേതാക്കളുടെ ഇടപെടലുകളിലും യൂണിറ്റ്‌ യോഗങ്ങള്‍ പാര്‍ട്ടിയാഫീസില്‍ വച്ച്‌ നടത്താന്‍ തുടങ്ങിയതിലും മനം മടുത്ത്‌ പരിഷത്തിണ്റ്റെ അണികളില്‍ ഒരു ഭൂരിപക്ഷം കൊഴിഞ്ഞുപോയത്‌ സി പി എമ്മിന്‌ പരിഷത്തിനെ ഹൈജാക്ക്‌ ചെയ്യാന്‍ കൂടുതല്‍ എളുപ്പമാക്കി.

പരിഷത്തിണ്റ്റെ മുന്‍നിര നേതാക്കളായ സാമൂഹ്യ ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രൊഫ. എം പി പരമേശ്വരനേയും, മുന്‍ കേരള യൂണിവേഴ്സിറ്റി വി സിയും പ്രശസ്ത ന്യൂറോ സര്‍ജ്ജനുമായ ഡോ ബി ഇക്ബാലിനേയും, ജനകീയാസൂത്രണത്തില്‍ പ്രധാനിയായ ജോയി ഇളമണിനേയും പിന്നീട്‌ പാര്‍ട്ടി പുറത്താക്കി. നാലാം ലോക സിദ്ധാന്തത്തിണ്റ്റെ പേരില്‍ പുറത്താക്കപ്പെട്ട എം പി പരമേശ്വരനെ തൊട്ടുപിന്നാലെതന്നെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പിന്‍തുണക്കുന്ന യു പി എ സര്‍ക്കാര്‍ പരിഷത്ത്‌ പ്രതിനിധിയെന്ന നിലയില്‍ തന്നെ എന്‍ സി ഇ ആര്‍ ടി യുടെ എക്സിക്യുട്ടീവ്‌ കമ്മിറ്റിയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്‌. പാര്‍ട്ടി നയത്തിനു വിപരീതമായി നടത്തിയ പ്രസ്താവനയുടെ പേരിലാണ്‌ ഇക്ബാല്‍ പുറത്താകുന്നത്‌. എന്നാല്‍ വിദേശ ഫണ്ട്‌ സ്വീകരിച്ചു, അമേരിക്കന്‍ ചാരപ്പണിയെടുത്തു എന്ന ആരോപണങ്ങളുണ്ടായിട്ടും തോമസ്‌ ഐസക്കിനെതിരെ ഒരു ചെറുവിരള്‍ പോലും അനക്കാന്‍ പാര്‍ട്ടി തയ്യാറായില്ല. പോരാത്തതിന്‌ ഡോ തോമസ്‌ ഐസക്ക്‌ പാര്‍ട്ടിയില്‍ പടികള്‍ ചവിട്ടിക്കയറി ധനമന്ത്രിവരെയാകുന്ന കാഴ്ചയാണ്‌ നാം കണ്ടത്‌.

പിടിച്ചടക്കലിണ്റ്റെ നാള്‍വഴികള്‍
പൊതുവേ ഇടതു പക്ഷത്തിന്‌ എളുപ്പം വിത്തിറക്കാന്‍ വളക്കൂറുള്ള മണ്ണായിരുന്നില്ല ആദ്യകാലത്തെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌. മലയാളത്തിലെ ശാസ്ത്രപ്രചാരകരുടെ സംഘടനയായി 1962 ല്‍, സി പി എം ജന്‍മമെടുക്കുന്നതിനും മുമ്പ്‌, ആണ്‌ കേരളശാസ്ത്ര സാഹിത്യ പരിഷത്ത്‌ നിലവില്‍ വരുന്നത്‌. പരിഷത്തിണ്റ്റെ ആദ്യ കമ്മിറ്റിയുടെ പ്രസിഡണ്റ്റ്‌ ഡോ കെ ഭാസ്കരന്‍ നായരും സെക്രട്ടറി ഡോ കെ ജി അടിയോടിയുമായിരുന്നു. മാതൃഭൂമി പത്രാധിപരായിരുന്ന എന്‍ വി കൃഷ്ണവാര്യരായിരുന്നു ഖജാന്‍ജി. ഇങ്ങനെ വ്യത്യസ്ഥ രാഷ്ട്രീയ നിലപാടുള്ളവരുടെ ഒരു കൂട്ടായ്മയായിട്ടായിരുന്നു പരിഷത്തിണ്റ്റെ തുടക്കം. ശാസ്ത്രവും സാഹിത്യവും സാധാരണജനങ്ങളിലെത്തിക്കുകയെന്ന പ്രഖ്യാപന ലക്ഷ്യത്തോടെ കോഴിക്കോട്‌ ദേവഗിരി കോളജില്‍ നടന്ന അഞ്ചുദിവസത്തെ ശാസ്ത്ര പുസ്തക, ശാസ്ത്ര പ്രദര്‍ശനവും ശാസ്ത്ര സെമിനാറുമായിരുന്നു ഉദ്ഘാടന സമ്മേളനത്തിണ്റ്റെ പ്രത്യേകത. സാമൂഹിക, സാമ്പത്തിക, ശാസ്ത്ര, സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരുടെ കൂട്ടായ്മയായിരുന്നു പരിഷത്ത്‌ ഉദയം കൊണ്ടത്‌. ആദ്യത്തെ നാലുവര്‍ഷക്കാലം ശാസ്ത്ര സെമിനാറുകളും പ്രദര്‍ശനങ്ങളുമൊക്കെയായിരുന്നു പ്രധാന പ്രവര്‍ത്തനങ്ങളെങ്കിലും 1967 മെയ്മാസത്തില്‍ തൃശൂരില്‍ ചേര്‍ന്ന നാലാം വാര്‍ഷികത്തോടെയായിരുന്നു പരിഷത്ത്‌ ഒരു സംഘടനാ രൂപത്തിലേക്ക്‌ വന്നത്‌.

ബാലവേദികള്‍, സയന്‍സ്‌ ഫോറങ്ങള്‍, വനിതാവേദികള്‍ തുടങ്ങിയവയിലൂടെ സ്കൂള്‍കുട്ടികളിലും കോളേജ്‌ വിദ്യാര്‍ഥികളിലും സ്ത്രീകള്‍ക്കിടയിലും ശാസ്ത്രാവബോധം വളര്‍ത്താന്‍ പരിഷത്തിനു കഴിഞ്ഞു. ഹാലി ധൂമകേതുവിണ്റ്റെ വരവറിയിച്ചുകൊണ്ടു പരിഷത്ത്‌ നടത്തിയ ക്യാംപുകളും പരിപാടികളും ഭോപ്പാല്‍ ദുരന്തത്തെതുടര്‍ന്ന്‌ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിക്കെതിരെ പൊതു ജനാഭിപ്രായം രൂപീകരിക്കാന്‍ കഴിഞ്ഞതും പരിഷത്തിണ്റ്റെ ചരിത്രത്തിലെ നാഴികക്കല്ലുകളായിരുന്നു. എന്നാല്‍ പരിഷത്ത്‌ സോഷ്യല്‍ ആക്റ്റിവിസത്തിലേക്ക്‌ നീങ്ങിയത്‌ സാമൂഹിക അനീതിക്കെതിരെയും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേയും വനനശീകരണം അണക്കെട്ടു നിര്‍മ്മാണം തുടങ്ങിയതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തനം തുടങ്ങിയതോടെയാണ്‌. ഇവയെല്ലാം കലാജാഥകളിലൂടെയും തെരുവുനാടകങ്ങളിലൂടെയും സമൂഹമധ്യത്തില്‍ ഫലപ്രദമായി അവതരിപ്പിക്കാനും അവര്‍ക്കു കഴിഞ്ഞു. ജനസമ്മതി നേടിയ പ്രസ്ഥാനങ്ങളിലെല്ലാം നുഴഞ്ഞുകയറി വരുതിക്കുവരുത്തുകയെന്ന അജണ്ട നടപ്പിലാക്കാന്‍ സി പി എമ്മിന്‌ ഇതു തന്നെ ധാരാളമായിരുന്നു.

വ്യക്തമായ പ്രവര്‍ത്തന വീക്ഷണത്തോടുകൂടി പ്രശ്നങ്ങളെ നേരിടുകയും അവയെ ശാസ്ത്രീയമായി പഠിക്കുകയും അവ ലളിതമായി ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതിലായിരുന്നു പരിഷത്ത്‌ വിജയം കണ്ടിരുന്നത്‌. അധ്യാപകരടക്കമുള്ള സമൂഹത്തില്‍ നിലയും വിലയുമുള്ളവര്‍ തെരുവുവൃത്തിയാക്കുന്നതും തെരുവുനാടകം കളിക്കുന്നതും കണ്ട്‌ കേരളം പകച്ചു നിന്നു പോയിട്ടുണ്ട്‌. ഊര്‍ജ്ജ പ്രതിസന്ധിമറികടക്കാന്‍ പരിഷത്ത്‌ ആവിഷ്കരിച്ച പരിഷത്ത്‌ അടുപ്പുകള്‍ ജനകീയമായെന്നു മാത്രമല്ല അതിണ്റ്റെ വിപുലീകരിച്ച രൂപങ്ങള്‍ക്ക്‌ ഇന്നും നല്ല പ്രചാരമുണ്ട്‌. കുട്ടികളുടെ ശാസ്ത്ര പ്രസിദ്ധീകരണമായ യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി തുടങ്ങിയ ആനുകാലികങ്ങളടക്കം നിരവധി ശാസ്ത്ര, സാംസ്കാരിക പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച്‌ അവ വീടുവീടാന്തരം കയറിയിറങ്ങി പ്രചരിപ്പിച്ച്‌ വായനക്ക്‌ ശാസ്ത്രീയ മുഖം പകര്‍ന്നു നല്‍കുന്നതിലും പരിഷത്ത്‌ വഹിച്ച പങ്ക്‌ തള്ളിക്കളയാനാവില്ല. ചുറ്റുപാടുകളെ മനസ്സിലാക്കി പഠിക്കുക എന്ന തത്വത്തെ മനസ്സിലാക്കി പരിഷത്ത്‌ ആവിഷ്കരിച്ച വിജ്ഞാനോത്സവ പരിപാടികളാണ്‌ ഡി പി ഇ പി തുടങ്ങിയ പഠനരീതികള്‍ ആവിഷ്കരിക്കാന്‍ സഹായകമായത്‌.

വിവാദങ്ങളുടെ തുടക്കം
പ്രവര്‍ത്തനരീതിയുടെ പേരിലായിരുന്നു പരിഷത്തില്‍ ആദ്യത്തെ വിവാദം ഉയര്‍ന്നത്‌. പ്രസ്ഥാനം പിച്ചവച്ചുതുടങ്ങിയ കാലത്തുതന്നെ പി ടി ഭാസ്കരപ്പണിക്കരെപ്പോലുള്ള ഇടതുപക്ഷ ബുദ്ധിജീവികള്‍ അതിനെ ഇടത്തോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ സ്ഥാപകരില്‍ പ്രമുഖനായ ഡോ കെ ജി അടിയോടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ ചായ്‌വുള്ളവര്‍ പരിഷത്ത്‌ വിട്ട്‌ പുതിയ സംഘടന രൂപീകരിച്ചെങ്കിലും അത്‌ കടലാസില്‍ ഒതുങ്ങിയ ഒരു സംഘടനയായി മാറുകയായിരുന്നു. തുടക്കത്തിലുണ്ടായിരുന്ന വിഭാഗീയത പക്ഷേ പിന്നീടുള്ള പ്രവര്‍ത്തനങ്ങളെയൊന്നും ബാധിച്ചിരുന്നില്ല. 1980 കളുടെ അവസാനകാലത്താണ്‌ പരിഷത്തിനെ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ സി പി എം സജീവമായി ആരംഭിച്ചത്‌. ബദലുകള്‍ സൃഷ്ടിച്ചും ബുദ്ധികേന്ദ്രങ്ങളെ വിലക്കെടുത്തും ചാരന്‍മാരെ നുഴഞ്ഞുകയറ്റിയും പരിഷത്തിനെ വരുതിയില്‍ വരുത്താന്‍ സി പി എമ്മിന്‌ പിന്നീട്‌ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.


സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരിഷത്ത്‌ സംഘടിപ്പിച്ച ബാലവേദിക്ക്‌ ബാലസംഘമെന്ന പേരില്‍ ഡി വൈ എഫ്‌ ഐയുടെ മേല്‍നോട്ടത്തില്‍ ബദല്‍ സംഘടന രൂപീകരിച്ചതാണ്‌ എടുത്തുപറയേണ്ട ഒന്ന്‌. ബാലവേദിയുടെ പ്രവര്‍ത്തന രീതി തന്നെയായിരുന്നു ബാലസംഘത്തിണ്റ്റെതും. ബാലവേദികള്‍ക്കുവേണ്ടി പരിഷത്ത്‌ പ്രവര്‍ത്തകര്‍ സൃഷ്ടിച്ച ഗാനങ്ങളും പ്രോജക്ടുകളും ബാലസംഘവും കടമെടുത്തു. കൂടെ അല്‍പം വിപ്ളവ വീര്യവും കുട്ടികള്‍ക്കു പകര്‍ന്നു നല്‍കി. ചിലയിടങ്ങളില്‍ അധികം താമസിയാതെ ബാലവേദികള്‍ ബാലസംഘങ്ങള്‍ തന്നെയായി മാറി. ബാലോത്സവ ജാഥകള്‍ക്കും, കളിക്കൂട്ടം തുടങ്ങിയ പരിപാടികള്‍ക്കും അനുകരണങ്ങളുണ്ടായി. സാമൂഹ്യകാരണങ്ങളാല്‍ വനിതാവേദികളില്‍ എസ്‌ എഫ്‌ ഐ, ഡി വൈ എഫ്‌ ഐ തുടങ്ങിയ ഇടതു സംഘടനകളിലെ അംഗങ്ങളെ ഇറക്കി അവയെ വരുതിയില്‍ വരുത്തുക സി പി എമ്മിന്‌ വളരെ എളുപ്പമായിരുന്നു.

പരിഷത്തിലും ഡി വൈ എഫ്‌ ഐക്കാരുടെ എണ്ണം കൂടിക്കൊണ്ടുവന്നു. ഭൂരിപക്ഷം പേരുടേയും അഭിപ്രായം കണക്കിലെടുത്ത്‌ പരിഷത്ത്‌ മീറ്റിംഗുകളും മറ്റും പാര്‍ട്ടിയാപ്പീസുകളിലേക്കും പാര്‍ട്ടി ലൈബ്രറികളിലേക്കും മാറിയതോടെ കമ്മ്യൂണിസ്റ്റ്‌ ഇതര വിഭാഗങ്ങള്‍ പരിഷത്തില്‍ നിന്ന്‌ പിന്നോട്ടുപോയി എന്നതും ചരിത്രമാണ്‌. കമ്മ്യൂണിസ്റ്റുകാരുടെ പങ്ക്‌ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വന്നതോടെ പരിഷത്ത്‌ പരിപാടികളിലും കലാജാഥകളിലും ചുവപ്പുമയം പ്രത്യക്ഷപ്പെട്ടു തുടങ്ങി.
"ഈ പ്രപഞ്ച ശക്തിയാര്‌ ,
സൌന്ദര്യങ്ങള്‍ തന്‍ സ്രഷ്ടാവാര്‌
ഉത്തരം അതിനൊറ്റയുത്തരം ,
അധ്വാനിക്കുന്ന മനുഷ്യന്‍
ചരിത്രത്തിന്‍ ചക്രം തിരിച്ച മനുഷ്യന്‍"
(1985ല്‍ പരിഷത്ത്‌ അവതരിപ്പിച്ച സംഗീത ശില്‍പത്തിലെ ഈ വരികള്‍) ഇത്തരം പരിപാടികളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വന്നതും ഫോക്ക്‌ കലാരൂപങ്ങളിലൂന്നിയ ഇടതു ചുവയോടെ പടച്ചെടുത്ത കലാരൂപങ്ങളും വഴി പൊതു ജനങ്ങളെ എളുപ്പം തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞു. പരിഷത്തിണ്റ്റെ കലാരൂപങ്ങള്‍ തന്നെ ഇടതു യുവജനസംഘടനകളുടെ കലാജാഥകളില്‍ അതേ വേഷ വിധാനത്തില്‍ തന്നെ അവതരിപ്പിക്കപ്പെട്ടു. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ പരിഷത്തും ഇടതു യുവജന സംഘടനകളും തമ്മില്‍ വലിയ അന്തരമില്ലാതാക്കാന്‍ കഴിഞ്ഞു. തീര്‍ത്തും ആസൂത്രിതമായിരുന്നു ഈ നീക്കങ്ങള്‍. പരിഷത്തിണ്റ്റെ താഴെത്തലം മുതല്‍ തങ്ങളുടെ പ്രവര്‍ത്തകരെ നുഴഞ്ഞുകയറ്റാന്‍ സി പി എം ശ്രദ്ധിച്ചിരുന്നു.

ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും തണലില്ലാതെ നിന്നിരുന്ന കാലത്ത്‌ പരിഷത്ത്‌ സമൂഹത്തില്‍ ഒരു അനിവാര്യ ഘടകമായിരുന്നു. ഗൂഡ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലാതെ പ്രശ്നങ്ങളെ സമീപിക്കുകയും അവ പഠിക്കുകയും ചെയ്ത്‌ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ പരിഷത്ത്‌ ഒരു വലിയ വിജയമായിരുന്നു. ശാസ്ത്രീയമായി പഠനം നടത്താനുള്ള ഗവേഷകരും സംവിധാനങ്ങളും പരിഷത്തിനുണ്ടായിരുന്നതും അവ സമൂഹം വിലകല്‍പ്പിക്കുന്നവര്‍ തന്നെ നേരിട്ട്‌ അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ വിശ്വാസ്യത നേടിയെടുക്കാനും പെട്ടെന്നു കഴിഞ്ഞു. പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നവര്‍ക്ക്‌ പരിഷത്തിനെ സ്വാധീനിക്കാന്‍ കഴിയാതിരുന്നതും ഒരു വലിയ നേട്ടമായിരുന്നു. ജീരകപ്പാറ വന നശീകരണത്തെ ജനങ്ങളിലെത്തിച്ചതില്‍ പരിഷത്ത്‌ വഹിച്ച പങ്ക്‌ വളരെ വുതാണ്‌. ഇവയൊക്കെയായിരുന്നു. രാഷ്ട്രീയക്കാരടങ്ങുന്ന ലോബികള്‍ നേരിട്ടിരുന്ന വെല്ലുവിളികളും. പരിഷത്ത്‌ ചില തത്പര കക്ഷികളുടെ പിടിയിലകപ്പെട്ടതോടെ ഇവര്‍ക്കും സ്വൈര്യ വിഹാരം സാധ്യമായെന്നതാണ്‌ സത്യം.

സമീപകാലങ്ങളിലെ പ്രശ്നങ്ങളിലൊന്നും പ്രതികരിക്കാതെ പരിഷത്ത്‌ സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്ന വിടവ്‌ വളരെ വലുതാണ്‌. വര്‍ഷങ്ങളുടെ പാരമ്പര്യവും സ്വന്തമായി ശാസ്ത്രത്തിലൂന്നിയുള്ള പ്രവര്‍ത്തന രീതിയുമാണ്‌ ഇതോടെ ഇല്ലാതാകുന്നത്‌. ഇവയൊക്കെയാണ്‌ ബദല്‍ നോബല്‍ എന്നറിയപ്പെടുന്ന റൈറ്റ്‌ ലൈവ്ലിഹുഡ്‌ അടക്കമുള്ള ദേശീയ അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ നേടാന്‍ പരിഷത്തിനെ അര്‍ഹമാക്കിയതും. സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിലെ പ്രധാന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ശാസ്ത്രീയമായി സമീപിച്ച ഒരു പ്രസ്ഥാനത്തിണ്റ്റെ തകര്‍ച്ച കേരളസമൂഹത്തിന്‌ അത്ര ചെറുതല്ലാത്ത ഒരു നഷ്ടമാണ്‌.

(സമകാലിക മലയാളം വാരിക 2007 ജനുവരി 19)