
ഭൂരഹിതര്‍ക്ക് ഭൂമിയാവശ്യപ്പെട്ട് സി പി എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപാര്‍ട്ടികള്‍ നടത്തിയ ബന്ദാണ് അക്രമാസക്തമായതും ഖമ്മം ജില്ലയിലെ മുഡിഗൊണ്ട ഗ്രാമത്തിലുണ്ടായ പോലീസ് വെടിവെപ്പില്‍ എട്ടു പേര്‍ മരിച്ചതും. പൊലീസിനു നേരെ കല്ലെറിഞ്ഞ പ്രകടനക്കാര്‍ക്കു നേരെ പോലീസ് വെടിവെക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. നിനച്ചിരിക്കാതെ വീണുകിട്ടിയ അവസരം ഇടതുപാര്‍ട്ടികള്‍ നന്നായി ഉപയോഗിച്ചു. ബന്ദും പ്രതിഷേധവും ഹര്‍ത്താലുമായി ആഘോഷപരിപാടികള്‍ കൊഴുത്തു. ഡല്‍ഹിയില്‍ നിന്ന് മാഡം വിളിച്ചു മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയെ വിരട്ടി, റെഡ്ഡി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവര്‍ക്ക് അഞ്ചു ലക്ഷം പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം. സി പി എം ഉത്തരവാദിത്വം കോണ്‍ഗ്രസ്സിന്റെ തലയില്‍ വച്ചൊഴിഞ്ഞു. ഒപ്പം കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്നും രാജ്യമെങ്ങും പുത്തന്‍ ഭൂപരിഷ്‌കരണസമരവുമായി മുന്നോട്ടു പോകുമെന്നും കാരാട്ട് വടിവൊത്ത ഭാഷയില്‍ പ്രഖ്യാപിച്ചു.
ബംഗാളിനു പുറത്ത് കാരാട്ടും യച്ചൂരിയും കൂട്ടരും പാവപ്പെട്ടവര്‍ക്കു ഭൂമി ലഭിക്കാന്‍ വീറോടെ പൊരുതുമ്പോള്‍ ഇന്ത്യയിലെ തൊഴിലാളികളുടെ സ്വര്‍ഗ്ഗരാജ്യത്ത്, അങ്ങ് നന്ദിഗ്രാമില്‍ കുത്തകകള്‍ക്കു വേണ്ടി സി പി എമ്മുകാരും കിടപ്പാടത്തിനു വേണ്ടി ഭൂമി ഏറ്റെടുക്കല്‍ പ്രതിരോധ സമിതിക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. എന്തൊരു വിരോധാഭാസം. നന്ദിഗ്രാമില്‍ രണ്ട് പേര്‍ മരിച്ചതിനെതിരെ ഈ നേതാക്കളാരും ഒന്നും പ്രതികരിച്ചു കണ്ടില്ല. ഇങ്ങ് ആന്ധ്രാ പ്രദേശില്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അതേ സമരമാണ് അവിടെ തൃണമൂല്‍ കോണ്‍ഗ്രസ്സിന് മേല്‍ക്കൈയുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രതിരോധ സമിതി (ബി യു പി സി) യുടെ നേതൃത്വത്തില്‍ നടക്കുന്നത്. അഞ്ചുമണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തില്‍ സംഘടിതരായ സി പി എം കാരും ബി യു പി സി പ്രവര്‍ത്തകരും മുപ്പതു തവണ വെടിവെച്ചു. വെടിവെപ്പില്‍ പാടത്തു പണിയെടുത്തിരുന്നവരാണ് മരിച്ചത്. നന്ദീഗ്രാമിലും ബന്ദും പ്രതിഷേധവും ആളിക്കത്തി. ബുദ്ധദേബ് സര്‍ക്കാരിന് മുന്‍കരുതലായി 400 ഓളം പോലീസുകാരെ വിന്യസിക്കേണ്ടിവന്നു. കഴിഞ്ഞ മാര്‍ച്ച് പതിനാലിന് പോലീസും സി പി എം പ്രവര്‍ത്തകരും ഭൂസംരക്ഷണ സമിതി പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ല്‍പരം പേരാണ് മരിച്ചത്. തൊട്ടുമുമ്പ് ജനുവരിയില്‍ മരിച്ചത് 6 പേര്‍. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കണക്കില്‍ പെട്ടും പെടാത്തതുമായി മരിച്ചത് നിരവധി. ഇവരെല്ലാം പ്രത്യയശാസ്‌ത്രപരമായി പറഞ്ഞാല്‍ അധ്വാനിക്കുന്ന ജനവിഭാഗം. സിപിഎമ്മടക്കമുള്ള ഇടതുപാര്‍ട്ടികളുടെ ആണിക്കല്ല്. നേടാനല്ലാതെ നഷ്‌ടപ്പെടാനൊന്നുമില്ലാത്തവര്‍. എന്നാല്‍ സി പി എം തുണക്കുന്നത് ഇന്തോനേഷ്യയിലെ കുത്തക ഭീമന്‍ സാലിം ഗ്രൂപ്പിനെ, ഒന്നു കൂടെ നന്നായി പറഞ്ഞാല്‍ സുഹാര്‍ത്തോ ഭരണകൂടത്തിന് ഭീഷണി സൃഷ്‌ടിച്ച അതേ സാലിം ഗ്രൂപ്പിനെ, എന്തൊരു ആദര്‍ശ ധീരത.

ഖമ്മം സംഭവത്തോടെ സ്വന്തം പേരിലുള്ളതും കുടുംബാംഗങ്ങളുടെ പേരിലുള്ളതുമായ ഭൂമി വിട്ടുകൊടുത്ത് നേടിയെടുത്ത സല്‌പേരാണ് വൈ എസ് രാജശേഖര റെഡ്ഡി കളഞ്ഞു കുളിച്ചത്. റെഡ്ഡിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമായിരുന്നു വെടിവെപ്പെന്നാണ് സി പി എം ആരോപിക്കുന്നത്. അതുകൊണ്ട് അദ്ദേഹം രാജിവെച്ചു പിരിഞ്ഞുപോകണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തിനെതിരെ ശക്തമായ പ്രചരണം അഴിച്ചുവിടുമെന്നും സി പി എം നേതൃത്വം വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗാണെങ്കില്‍ സംഭവത്തില്‍ ഒരു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. സമരക്കാര്‍ക്കിടയില്‍ മാവോ വാദികള്‍ നുഴഞ്ഞു കയറിയതാണ് വെടിവെപ്പിനു കാരണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പ്രധാനമന്ത്രി ഇടപെടുന്നതിനു മുമ്പേ ആക്‌ടിംഗ് പ്രധാനമന്ത്രി സോണിയാ ഗാന്ധി വിശദീകരണം ആവശ്യപ്പെട്ടതോടെ രാജശേഖര റെഡ്ഡിയുടെ രക്തത്തിനു വേണ്ടിയാണ് ചന്ദ്രബാബു നായിഡുവിന്റെയും ബി ജെ പിയുടെയും കരുക്കള്‍ നീക്കുന്നത്.
എന്നാല്‍ രണ്ടു ദിവസത്തെ ഹൈദരാബാദ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി പ്രശ്‌നങ്ങളില്‍ നേരിട്ടിടപെട്ടതോടെയാണ് കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് ദിശാബോധം കിട്ടിയത്. സംഭവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബംഗള്‍ക്ക് നേരിട്ട് അനുശോചന മറിയിച്ചു. ഒപ്പം സംസ്ഥാനത്ത് സി പി എമ്മിന്റെ സമരം മനപ്പൂര്‍വ്വം അക്രമാസക്തമാക്കുകയാണെന്നും അനിഷ്‌ടസംഭവങ്ങള്‍ ഒഴിവാക്കണമെന്നും സൗമ്യമായി പ്രധാനമന്ത്രി ആവശ്യപ്പെട്ടത് വൈ എസിന്റെ തല തല്‍ക്കാലം തെറിക്കില്ലെന്നാണ് സൂചിപ്പിക്കുന്നത്. അതേ സമയം നന്ദിഗ്രാമില്‍ കോണ്‍ഗ്രസ്സിന്റെ ആക്രമണത്തിന് വിധേയമായ സി പി എമ്മിന് ഇതു വെച്ചു മുതലെടുക്കാമെന്ന രാഷ്‌ട്രീയ നീക്കത്തിനും തിരിച്ചടി നേരിട്ടു. പ്രതിഷേധ പ്രസ്‌താവനകളിലെല്ലാം നന്ദീഗ്രാം കടന്നു വരുന്നത് സി പി എമ്മിന്റെ വീറു കുറച്ചു എന്നതാണ് സത്യം.
കുത്തകക്കാരില്‍ നിന്നും ഭൂമി പാവപ്പെട്ടവര്‍ക്ക് പിടിച്ചെടുത്ത് നല്‍കണമെന്നത് നടപ്പില്‍ വരേണ്ടതുതന്നെയാണ്. എന്നാല്‍ ഇതിനകം നാലു ലക്ഷത്തില്‍ പരം ഏക്കര്‍ ഭൂമി പാവങ്ങള്‍ക്ക് വിതരണം ചെയ്‌ത ആന്ധ്രാപ്രദേശില്‍ നിന്നു തന്നെ ഇത്തരമൊരു നാടകം തുടങ്ങിയതിലെ ഉദ്ദേശ്യ ശുദ്ധിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതും സിഗൂരിലും നന്ദിഗ്രാമിലും പാവങ്ങളുടെ കൃഷിഭൂമി പിടിച്ചെടുത്ത് കുത്തകക്കാര്‍ക്കു കൊടുത്ത അതേ പാര്‍ട്ടിയുടെ നേതൃത്വത്തില്‍. അതേ സമയം ജന്മിത്തത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ബീഹാറിലും തമിഴ്‌നാട്ടിലും യു പിയിലും മറ്റു സംസ്ഥാനങ്ങളിലും ഇടതുപാര്‍ട്ടികളോ അനുകൂലികളോ ചെറുവിരലനക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആന്ധ്രാപ്രദേശില്‍ അക്രമം സൃഷ്‌ടിച്ച സി പി എമ്മിന്റെയോ ഇടതു പാര്‍ട്ടികളില്‍ ഏതെങ്കിലും ഒന്നിന്റെ നേതൃത്വത്തിലോ ബീഹാറിലെ തോക്കും ആയുധങ്ങളുമായി പൊരുതുന്ന ജന്മികള്‍ക്കുമുന്നില്‍ സമരത്തിനിറങ്ങാനാകുമോ?. തമിഴ്‌നാട്ടിലെ ഗൗണ്ടര്‍മാര്‍ അടക്കിവാഴുന്ന കൃഷിഭൂമി പിടിച്ചടക്കാന്‍ ഒരു ഒറ്റവരി ജാഥയെങ്കിലും നടത്തിയോ?
മറ്റൊരു ബംഗാള്‍ ഇരട്ടത്താപ്പാണ് സി പി എമ്മിന്റെ മറ്റൊരു ശക്തി കേന്ദ്രമായ കേരളത്തിലും സംഭവിക്കുന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറിയവരെ ഒതുക്കാനിറങ്ങിയ സി പി എം മുഖ്യമന്ത്രിയുടെ ഗതികേട് കണ്ട് ലോകം സഹതപിക്കുകയാണ്. ജന പിന്തുണയോടെ മറ്റൊരു ഭൂപരിഷ്‌കരണത്തിറങ്ങി അവസാനം സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പിന്നില്‍ നിന്നു കുത്തി അദ്ദേഹം മിഷന്‍ മൂന്നാര്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുന്നു. ഇവിടെ കൈയേറ്റക്കാരില്‍ പ്രമുഖര്‍ പാര്‍ട്ടിയും പാര്‍ട്ടിക്കു വേണ്ടപ്പെട്ടവരും. ഇടതു പാര്‍ട്ടികളില്‍ മറ്റൊരു പ്രധാനിയായ സി പി ഐ ആണ് കൈയേറല്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിന് തുരങ്കം വെച്ചവരില്‍ പ്രധാനി. കേരളത്തില്‍ പാവപ്പെട്ടവര്‍ക്കു ഭൂമി നല്‍കാന്‍ വേണ്ടി അടുത്ത ഭരണകാലത്തായാല്‍ പോലും സമരം ചെയ്യാന്‍ സി പി എമ്മിന് എന്ത് ധാര്‍മ്മിക അവകാശമാണുണ്ടാകുക.
സാമൂഹ്യ സാമ്പത്തിക മേഖലയിലെ ഒരുമയുടെ പേരിലാണ് കമ്മ്യൂണിസം കൊട്ടിഘോഷിക്കപ്പെടുന്നത്. ആ ആദര്‍ശത്തിന്റെ പേരില്‍ തന്നെയാണ് ഇടതുപക്ഷം ബംഗാളില്‍ അനിഷേധ്യരായും ത്രിപുരയിലും കേരളത്തിലും അല്ലാതെയും തുടരുന്നതും. ക്യൂബയിലും ചൈനയിലുമൊക്കെ ഇടതു പക്ഷത്തിന് പകരം വെക്കാന്‍ മറ്റൊന്നില്ല എന്ന അഹങ്കാരമാണ് കമ്മ്യൂണിസത്തിനു നേരിട്ട അപചയത്തിന് കാരണമെന്ന വീക്ഷണം ബംഗാള്‍ ശരിവെക്കുന്നു. ഒപ്പം മള്‍ട്ടി നാഷണല്‍ കമ്പനികളെ വെല്ലുന്ന ആസ്‌തിയുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി നാശത്തിന്റെ കുറുക്കുവഴികള്‍ നമുക്കുമുന്നില്‍ അവതരിപ്പിച്ചു തരികയാണ്.
.............................................................................................(പുഴ. കോം)