Monday, March 26, 2007

നന്ദിഗ്രാം; 'ബംഗാളില്‍ വസന്തത്തിണ്റ്റെ ഇടിമുഴക്കം'

ഭൂപരിഷ്കരണ നിയമത്തിലൂടെ പാവങ്ങള്‍ക്ക്‌ ഭൂമി പകുത്തു നല്‍കിയ അതേ കമ്മ്യൂണിസ്റ്റു പാര്‍ട്ടി തന്നെ ബലപ്രയോഗത്തിലൂടെ അത്‌ തിരിച്ചെടുത്ത്‌ കുത്തക കമ്പനികള്‍ക്ക്‌ നല്‍കാന്‍ ശ്രമിക്കുന്ന ബീഭത്സമായ രംഗങ്ങളാണ്‌ കഴിഞ്ഞ ദിവസം നന്ദീഗ്രാമില്‍ കണ്ടത്‌. വികസനത്തിനുവേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന ബുദ്ധദേബ്‌ ഭട്ടാചാര്യയെന്ന ചരിത്രത്തിലെ പ്രമുഖനായ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയുടെ ധാഷ്ട്യം കവര്‍ന്നെടുത്തത്‌ കിടപ്പാടത്തിനു വേണ്ടി സമരം ചെയ്യുന്ന ഇരുപതോളം പേരുടെ പേരുടെ ജീവന്‍. മാര്‍ച്ച്‌ 14-നു നടന്ന വെടിവെപ്പിനേക്കുറിച്ചന്വേഷിക്കുന്ന സി ബി ഐ സംഘത്തിണ്റ്റെ പ്രാഥമിക റിപ്പോര്‍ട്ട്‌ കൂടി പുറത്തു വന്നതോടെ ബംഗാളില്‍ സി പി എം നടത്തുന്ന പാര്‍ട്ടി തീവ്രവാദത്തിണ്റ്റെ നേര്‍ചിത്രങ്ങളാണ്‌ പുറത്തുവരുന്നത്‌. ഇതോടെ കുത്തകകള്‍ക്ക്‌ ഏറ്റവുമെളുപ്പം അജണ്ടകള്‍ നടത്താന്‍ പറ്റിയ പാര്‍ട്ടിയാണ്‌ സാമ്രാജ്യത്വം തുലയട്ടെയെന്ന്‌ വിളിച്ചുകൂവുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്നത്‌ ഒന്നുകൂടെ അരക്കിട്ടുറപ്പിച്ചിരിക്കുന്നു.

വെടിവയ്പില്‍ ബാഹ്യശക്തികളുടെ പങ്ക്‌ വ്യക്തമാണെന്നാണ്‌ സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘം നല്‍കിയ ആദ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തോടനുബന്ധിച്ച്‌ അറസ്റ്റിലായ പത്തു പേരില്‍ അഞ്ചു പേര്‍ക്ക്‌ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടനയുമായി ബന്ധമുണ്ടെന്ന്‌ സമ്മതിച്ചിട്ടുണ്ടെന്നും സി ബി ഐ വെളിപ്പെടുത്തി.

സംഭവ സ്ഥലത്തു നിന്നു കണ്ടെടുത്ത ചില വെടിയുണ്ടകള്‍ ബംഗാള്‍ പോലീസിണ്റ്റെ ഉപയോഗത്തില്‍ ഉള്ളവയല്ലെന്നതാണു കണ്ടെത്തല്‍. വെടിവയ്പിണ്റ്റെ രീതിവെച്ച്‌ നോക്കുമ്പോള്‍ പുറത്തുനിന്നുള്ളവരുടെ വെടിയേറ്റാണ്‌ മിക്കവരും മരിച്ചത്‌. ആരാണ്‌ ബാഹ്യ ശക്തികളെന്നു സി ബി ഐ വ്യക്തമായി പറയുന്നില്ലെങ്കിലും സൂചനകളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും ആരാണെന്നതു വ്യക്തം. കുറച്ചുകാലം മുമ്പ്‌ വയനാട്ടിലെ മുത്തങ്ങയിലുണ്ടായ വെടിവെപ്പില്‍ മരിച്ച ആദിവാസികളുടെ ശവകുടീരം കെട്ടി ഫോട്ടോ വെച്ച്‌ വോട്ടു ബാങ്ക്‌ നിറക്കാനിറങ്ങിയ അതേ പാര്‍ട്ടിയുടെ അണികള്‍ തന്നെ നിലനില്‍പ്പിനുവേണ്ടി സമരം ചെയ്ത ഗ്രാമീണരെ വെടിവെച്ചു കൊന്നു എന്നു നമ്മള്‍ വിശ്വസിക്കേണ്ടി വരുന്നു. നന്ദിഗ്രാമില്‍ പ്രത്യേക സമ്പദ്മേഖലക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തിയ ഗ്രാമീണര്‍ക്കു നേരെ പോലീസ്‌ നടത്തിയ വെടിവെപ്പിലും സംഘര്‍ഷത്തിലുമായി ഒരു സ്ത്രീയുള്‍പ്പടെ 14 പേരാണ്‌ മരിച്ചത്‌. ജനവരി ആദ്യവാരം നടന്ന സംഘര്‍ഷത്തില്‍ ആറുപേര്‍ മരിച്ചിരുന്നു.

ഇന്‍ഡൊനീഷ്യയിലെ സാലിം ഗ്രൂപ്പിനായി കൃഷിഭൂമി ഏറ്റെടുത്തു നല്‍കാന്‍ ബംഗാളിലെ പാവങ്ങളുടെ പാര്‍ട്ടിയായ സി പി എമ്മിണ്റ്റെ അനുയായികള്‍ പ്രയത്നം തുടങ്ങിയിട്ട്‌ നാളേറെയായി. സി പി എം പ്രവര്‍ത്തകരും ഭൂസംരക്ഷണ സമിതി പ്രവര്‍ത്തകരും തമ്മില്‍ പലതവണ ഏറ്റുമുട്ടലുകള്‍ നടന്നു. ഭൂസംരക്ഷണ സേനയുടെ ചില നേതാക്കളെ തട്ടിക്കൊണ്ടുപോയതായും ആരോപണമുണ്ടായിരുന്നു. മുന്നൂറോളം വരുന്ന സി പി എം അനുയായികള്‍ സംഘര്‍ഷ പ്രദേശങ്ങളില്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ വീടുകള്‍ തീവെച്ചു നശിപ്പിച്ചതായി പൊലീസ്‌ തന്നെ പ്രസ്താവന ഇറക്കി. സംസ്ഥാന പോലീസ്‌ പാര്‍ട്ടിയുടെ ബദല്‍ പോലീസിണ്റ്റെ പിന്‍തുണയോടെയായിരുന്നു അക്രണങ്ങളെ നേരിട്ടത്‌. സംഘര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സി.പി.എം. പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുന്നതും നിത്യസംഭവമായി. ഈ സത്യങ്ങളൊക്കെ നിലനില്‍ക്കെയാണ്‌ പ്രകാശ്‌ കാരാട്ടും കൂട്ടരും മാവോവാദികളെയും കോണ്‍ഗ്രസ്സിനെയും ആണ്‌ ഇതിണ്റ്റെ ഉത്തരവാദികളെന്ന്‌ ആരോപിക്കുന്നത്‌.

ഭൂമി കുത്തകാവകാശത്തിനെതിരെ പൊരുതി വീരമൃത്യുവടഞ്ഞ നിരവധി രക്തസാക്ഷികളുടെ നെഞ്ചത്തു ചവിട്ടിയാണ്‌ സി പി എം ബംഗാളില്‍ ഭൂമി പിടിച്ചെടുത്തുകൊണ്ടിരിക്കുന്നത്‌. ടാറ്റായുടെ ചെറു കാര്‍ നിര്‍മ്മാണ ഫാക്ടറിക്കായി ൯൯൭ ഏക്കര്‍ ഭൂമി സിംഗൂരില്‍ വിട്ടുകൊടുത്തുകൊണ്ടുള്ള കരാര്‍ ഈയിടെയാണ്‌ ബുദ്ധദേബ്‌ സര്‍ക്കാര്‍ ഒപ്പിട്ടത്‌. അവിടെയും നടന്നത്‌ ഇതു തന്നെയാണ്‌. ഗ്രാമീണരുടെ മാത്രമല്ല സാമൂഹികപ്രവര്‍ത്തക മേധാ പട്കറുടെ നേതൃത്വത്തിലുള്ള സംഘത്തിനു നേരെ വരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. മൂന്നു പതിറ്റാണ്ടുകാലം തങ്ങളെ അധികാരത്തിലിരുത്തിയ പാവം ഗ്രാമീണരേക്കാള്‍ വലുത്‌ ടാറ്റയും സലീം ഗ്രൂപ്പുമായി മാറിയിരിക്കുന്നു വിയര്‍പ്പിണ്റ്റെയും ചോരയുടെയും മണമുണ്ടായിരുന്ന പ്രസ്ഥാനത്തിന്‌. ജന്‍മിമാരുടെ നിലങ്ങള്‍ പിടിച്ചെടുത്ത അതേ ലാഘവത്തോടെയാണ്‌ അണികള്‍ സിംഗൂരിലും നന്ദിഗ്രാമിലും വിപ്ളവമുന്നേറ്റങ്ങള്‍ നടത്തിയത്‌.

ചൈനയിലെ വിപ്ളവം കണ്ണും ചിമ്മി അനുകരിക്കുന്ന, വിദേശ കുത്തകകള്‍ക്ക്‌ സ്വന്തം നാട്ടിലെ പാവപ്പെട്ടവണ്റ്റെ കൃഷിഭൂമി അടിയറവെക്കുന്ന ബുദ്ധദേബും കൂട്ടരും ഏതു പ്രത്യയശാസ്ത്രത്തിണ്റ്റെ പ്രവാചകരാണ്‌. യഥാര്‍ത്തത്തില്‍ ബംഗാളിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ആരുടെ പക്ഷത്താണ്‌. സിംഗൂരിലും നന്ദീഗ്രാമിലും നടക്കുന്ന നീക്കങ്ങളെക്കുറിച്ച്‌ മുന്നണിയിലാലോചിക്കുന്നില്ല എന്ന്‌ പലതവണ പരാതി പറഞ്ഞ സി.പി.ഐ. ദേശീയ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദണ്റ്റെ വാക്കുകള്‍ പാര്‍ട്ടി ജനപക്ഷം വിട്ടുപോകുന്നു എന്നതിന്‌ വ്യക്തമായ തെളിവാണ്‌. പാര്‍ട്ടിയിലെന്തൊക്കെയോ ചീഞ്ഞു നാറുന്നു എന്നതിനെ അടിവരയിടുന്നതാണ്‌ സംഭവത്തിനു ശേഷം വിളിച്ചു ചേര്‍ത്ത മുന്നണിയോഗത്തില്‍ ജ്യോതിബസു ബുദ്ധദേബിനും കൂട്ടര്‍ക്കുമെതിരെ പരസ്യമായി പൊട്ടിത്തെറിച്ചത്‌. ബംഗാളില്‍ പാര്‍ട്ടിയറിയാതെ പലതും നടക്കുന്നു ചില തത്പര കക്ഷികള്‍ പ്രവര്‍ത്തിക്കുന്നു തുടങ്ങി ഈയടുത്തകാലത്തായി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്ക്‌ അടിവരയിടുകയായിരുന്നു ബസുവിണ്റ്റെ കോപം. ഭരണ കക്ഷിയിലെ അംഗങ്ങളെല്ലാം കടുത്ത ഭാഷയിലാണ്‌ സംഭവത്തെ വിമര്‍ശിച്ചത്‌.

ഇന്ന്‌ ബംഗാളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്‌ ബുദ്ധദേബ്‌ രാജി വെക്കണമെന്ന സ്വരമാണ്‌. മഹാശ്വേതാ ദേവി തൊട്ട്‌ അപര്‍ണാസെന്‍ വരെ ബുദ്ധദേബിനെതിരെ തിരിഞ്ഞു. പാര്‍ട്ടി ബുദ്ധിജീവികള്‍ ധര്‍ണ്ണ നടത്തിയും പ്രകടനങ്ങള്‍ നടത്തിയും പുരസ്കാരങ്ങള്‍ തിരികെക്കൊടുത്തും പാര്‍ട്ടിക്കെതിരെ രംഗത്തുവന്നു. പാര്‍ട്ടിക്കകത്തുനിന്നും പുറത്തുനിന്നും ഇത്രയൊക്കെ പ്രതിഷേധങ്ങളുണ്ടായിട്ടും കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും വെറും ഖേദപ്രകടനങ്ങള്‍ നടത്തി പ്രതിഛായ വര്‍ദ്ധിപ്പിക്കാനുള്ള തിടുക്കത്തിലാണ്‌. തത്കാലം ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിയെങ്കിലും പ്രത്യേക സാമ്പത്തിക മേഖല ഉപേക്ഷിക്കില്ലെന്നു കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയതോടെ നന്ദിഗ്രാം ഇനിയുമാവര്‍ത്തിക്കുമെന്ന സൂചനകളാണ്‌ നല്‍കുന്നത്‌.

സി പി ഐ, ആര്‍ എസ്പി എന്നീ ഘടകകക്ഷികളോടുപോലും കൂടിയാലോചിക്കാതെ എന്തിന്‌ പാര്‍ട്ടിയിലെ ആത്മീയാചാര്യനായ ജ്യോതി ബസുവിനെപ്പോലുമറിയിക്കാതെ തിടുക്കപ്പെട്ട്‌ നന്ദിഗ്രാമില്‍ ബലം പ്രയോഗിച്ചത്‌ ഭൂമിയേറ്റെടുക്കാന്‍ തുനിഞ്ഞത്‌ ഒരുന്യൂനപക്ഷത്തിണ്റ്റെ മാത്രം താത്പര്യപ്രകാരമായിരുന്നു എന്നതാണ്‌ സത്യം. ഇത്‌ ഒരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ പറ്റില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ വികസനമെന്നാല്‍ ചൈനയില്‍ സംഭവിച്ചതുപോലെ മുതലാളിത്തവുമായി കോംപര്‍മൈസ്‌ ചെയ്തുള്ള മുന്നേറ്റമാണെന്ന അബദ്ധ ധാരണ വച്ചു പുലര്‍ത്തുന്ന ഒരു പക്ഷം വളര്‍ന്നു വരുന്നതിണ്റ്റെ ദൃഷ്ടാന്തങ്ങളാണ്‌ സിംഗൂരിനേയും നന്ദിഗ്രാമിനേയുമൊക്കെ സംഭവങ്ങള്‍. പാര്‍ട്ടിയുടെ മൂല്യങ്ങളില്‍ മുറുകെ പിടിക്കുന്നവരെ അതില്‍ നിന്നൊക്കെ മനപ്പൂര്‍വ്വം മാറ്റി നിര്‍ത്താനും അക്കൂട്ടര്‍ ശ്രമിക്കുന്നുന്നുവെന്നതിന്‌ തെളിവ്‌ നമുക്കു മുന്നില്‍ തന്നെയുണ്ട്‌. കേരളത്തില്‍ എ ഡി ബി കരാര്‍ ഒപ്പിടുന്നതിലും ബംഗാളിലെ ഇടതുമുന്നണിയിലുയര്‍ന്ന അതേ ആരോപണങ്ങളൊക്കെ ഉയര്‍ന്നിരുന്നു. കേരളത്തിലെ പിണറായി പക്ഷവും ബംഗാളിലെ ബുദ്ധദേവിണ്റ്റെ കൂട്ടരും ഇവരെ നയിക്കുന്ന യച്ചൂരിയുടെയും കാരാട്ടിണ്റ്റെയും നവലിബറല്‍ തത്വങ്ങളും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ ഹൈജാക്ക്‌ ചെയ്തു എന്നു പറയുന്നതാവും കൂടുതല്‍ ശരി.

ഏതായാലും ഒരു കാര്യം ഉറപ്പാണ്‌. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളായ ജ്യോതി ബസു ബംഗാളിലെ ഇടതു മുന്നണി യോഗത്തില്‍ നടത്തിയ ൩൫ മിനിറ്റ്‌ നീണ്ട പ്രക്ഷുബ്ദമായ പ്രസംഗത്തില്‍ പറഞ്ഞതുപോലെ "ഇങ്ങനെ പോയാല്‍ ഇടതുമുന്നണി എന്ന ആശയം തന്നെ അന്യംനിന്നു പോകും" അധികം താമസിയാതെ.

............................................................... ........................(പുഴ. കോം) ................. More >>>

Monday, March 12, 2007

വി എസ്‌ അച്യുതാനന്ദന്‍: ഒരു വിഗ്രഹം കൂടി തകരുന്നു

ചോരച്ചാലുകള്‍ നീന്തിക്കേറിയ ധീരന്‍മാരില്‍ അവസാനത്തെ കണ്ണിയായിരുന്നു വേലിക്കകത്ത്‌ ശങ്കരന്‍ അച്യുതാനന്ദന്‍. മതികെട്ടാനിലും മുല്ലപ്പെരിയാറിലും ഓടിക്കയറി പ്രക്ഷോഭം നടത്താനും വേണ്ടിവന്നാല്‍ എ കെ ജി സെണ്റ്ററിനു നേരെ മാത്രമല്ല പി ബിക്കുനേരെ നോക്കിയും കണ്ണുരുട്ടാനും ചങ്കുറപ്പുമുള്ള ഒരേയൊരു കമ്മ്യൂണിസ്റ്റുകാരന്‍. കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക്‌ നഷ്ടപ്പെട്ടുപോയ ആ ചങ്കൂറ്റം കണ്ടിട്ടാണ്‌ പി ബിയും പിണറായിയും ചേര്‍ന്ന്‌ കൂട്ടിലടച്ചപ്പോള്‍ പൊതുജനം അദ്ദേഹത്തിനുവേണ്ടി നിരത്തിലിറങ്ങിയത്‌. അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനങ്ങളുടെ മുഖ്യമന്ത്രി. എന്നാല്‍ പൊതുടാപ്പിലെ വെള്ളത്തിനു പോലും വിലകൊടുക്കേണ്ടിവരുന്ന, ജനാധിപത്യരീതിയിലുള്ള ഭരണസംവിധാനത്തിന്‌ വിലങ്ങിടുന്ന എ ഡി ബി വായ്പക്ക്‌ അല്‍പം പോലും ജാള്യതയില്ലാതെ പച്ചക്കൊടികാട്ടിയാണ്‌ അനീതിക്കുവേണ്ടി പോരടിക്കുന്ന ജനങ്ങളുടെ കണ്ണിലുണ്ണിയായ വി എസ്‌, തന്നെ അധികാരത്തിലേറ്റിയവരോട്‌ കൂറുകാണിച്ചത്‌.

തൊട്ടടുത്ത ദിവസം വരെ എ ഡി ബി എന്ന കടക്കെണിക്കെതിരെ ശക്തമായ നിലപാടെടുത്ത വി എസ്‌ കൂടെ കാലു മാറിയപ്പോള്‍ ജനങ്ങളുടെ അവസാനത്തെ പ്രതീക്ഷയാണ്‌ അസ്തമിച്ചത്‌. യു ഡി എഫ്‌ ഭരണകാലത്ത്‌ എ ഡി ബി വായ്പയുമായി മുന്നോട്ടുപോയപ്പോള്‍ ഇടതുപക്ഷം മുഴുവന്‍ നിരത്തിലിറങ്ങി മുമ്പെങ്ങുമില്ലാത്ത ദേശസ്നേഹമാണ്‌ പ്രകടിപ്പിച്ചത്‌. ഹര്‍ത്താലും പ്രതിഷേധപ്രകടനങ്ങളും കരിയോയില്‍ പ്രയോഗവും കൊണ്ട്‌ സമരം കൊഴുത്തപ്പോള്‍ അതിലേറെ കൈയടി നേടിയത്‌ വി എസിണ്റ്റെ പ്രസ്താവനയാണ്‌. എല്‍ ഡി എഫ്‌ അധികാരത്തില്‍ വന്നാല്‍ എ ഡി ബിയില്‍ നിന്നെടുക്കുന്ന വായ്പയില്‍ ഒരു നയാപൈസപോലും തിരിച്ചടക്കുകയില്ലെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കരണത്തടിച്ചു പുറത്താക്കുമെന്നും വി എസ്‌ പ്രഖ്യാപിച്ചത്‌ ആരും അത്ര പെട്ടെന്ന്‌ മറക്കാനിടയില്ല. ആ നിലപാടു തന്നെയാണ്‌ മുഖ്യമന്ത്രിയായ ശേഷവും ഈയടുത്ത ദിവസം വരെ അദ്ദേഹം പ്രകടിപ്പിച്ചത്‌. വി എസിനേയും അദ്ദേഹത്തിണ്റ്റെ നിലപാടുകളേയും കുറിച്ച്‌ നന്നായി അറിയാവുന്ന തോമസ്‌ ഐസക്കും കൂട്ടരും അദ്ദേഹം അറിയാതെയാണ്‌ എ ഡി ബിയുമായി കരാറുണ്ടാക്കിയതെന്നത്‌ വ്യക്തമാണ്‌. കരാറുമായി മുന്നോട്ടു പോയ കാര്യം മന്ത്രിസഭയും താനുമറിഞ്ഞില്ല, രണ്ടു മന്ത്രിമാര്‍ക്ക്‌ തിരുത്തേണ്ടിവരും എന്നീ പ്രസ്താവനകള്‍ ഈ സംശയത്തിന്‌ ആക്കം കൂട്ടി. ഇതിനെ സാധൂകരിക്കുന്നതായിരുന്നു സി പി എം നേതാക്കളുടെ മേഖലാ തല യോഗത്തില്‍ പങ്കെടുത്ത്‌ സംസാരിച്ച സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിണ്റ്റെ പ്രസ്താവന. എ ഡി ബി യുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടിക്രമങ്ങളില്‍ തെറ്റുണ്ടായി എന്നു സമ്മതിച്ച കാരാട്ട്‌ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയറിയാതെ ഒരു സമാന്തര ഭരണ സംവിധാനം നടക്കുന്നുവെന്ന്‌ ഭംഗ്യന്തരേണ സമ്മതിക്കുകയായിരുന്നു. വി എസ്‌ അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രിക്ക്‌ മന്ത്രിസഭയില്‍ ഒരു സ്ഥാനവുമില്ല എന്നു തെളിയിക്കുന്നതായിരുന്നു ഈ സംഭവങ്ങള്‍.

അന്നു മുഖ്യമന്ത്രിസ്ഥാനം ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നെങ്കില്‍ ഒരു പക്ഷേ ചരിത്രം ആവര്‍ത്തിക്കുമായിരുന്നു, പൊതു ജനം വീണ്ടും വി എസ്സിനുവേണ്ടി നിരത്തിലിറങ്ങുമായിരുന്നു. അതുവരെ കണ്ട വി എസ്‌ അച്യുതാനന്ദന്‍ എന്ന വിഗ്രഹത്തിനുമേല്‍ ചെളി പുരളുന്നതാണ്‌ പിന്നീടുള്ള നിലപാടുകളിലെല്ലാം കണ്ടത്‌. എഡിബി കരാറിലെ അപകടകരമായ വ്യവസ്ഥകളില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്നു പറഞ്ഞ വി എസ്‌ ഒരു നാണവുമില്ലാതെ അതിന്‌ സമ്മതം മൂളുമെന്ന്‌ തോമസ്‌ ഐസക്കും പാലോളിയും പിണറായി പോലും വിചാരിച്ചു കാണില്ല. 'വിദേശ വായ്പ എടുക്കുന്നതിലും നല്ലത്‌ കേരളത്തിലെ ജനങ്ങളെ സമീപിക്കുന്നതാണ്‌. ചുരുങ്ങിയ വായ്പക്ക്‌ അവര്‍ പണം നല്‍കും. കേന്ദ്രം പല പദ്ധതികളിലായി തരാനുള്ള പണം വാങ്ങണം' എന്നൊക്കെ മൊഴിഞ്ഞ വി എസിണ്റ്റെ കാലുമാറ്റം വളരെ ദയനീയമായിരുന്നു. ഒപ്പം വി എസിണ്റ്റെ നയങ്ങളെ നിഴലുപോലെ പിന്‍തുടര്‍ന്ന സി പി ഐയും കാലുമാറി.

സി പി ഐയുടെത്‌ രണ്ട്‌ മന്ത്രിമാരോടുള്ള സഹതാപപ്രകടനമായിരുന്നു. എ ഡി ബിയുമായി കാരാറിലൊപ്പിട്ടശേഷം ഇടതുമുന്നണി അത്‌ അംഗീകാതിരിക്കാതിരുന്നാല്‍ തോമസ്‌ ഐസക്കും പാലോളിയും രാജിവെക്കേണ്ടിവരും, അതു കൊണ്ടാണ്‌ തങ്ങള്‍ അതിന്‌ സമ്മതിച്ചതെന്ന്‌ സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍. സാക്ഷാല്‍ പിണറായി വിജയണ്റ്റെ ഭാഷയില്‍ പറഞ്ഞാല്‍ നല്ല വരട്ടുതത്വവാദം. സുസ്ഥിര നഗര വികസനത്തിനുവേണ്ടിയെടുത്ത എ ഡി ബി വായ്പയില്‍ കണ്‍സള്‍ട്ടന്‍സിയില്‍ മാത്രമേ മാറ്റം വരുത്തിയിട്ടുള്ളുവെന്നാണ്‌ നിയമസഭയില്‍ കഴിഞ്ഞ ദിവസം പാലോളി നിയമസഭയില്‍ പറഞ്ഞത്‌. ഇതു വഴി കണ്‍സള്‍ട്ടന്‍സിക്കു നല്‍കേണ്ട തുകയില്‍ 15 കോടിയാണ്‌ ലാഭിച്ചതെന്നും പാലോളി അഭിമാനത്തോടു കൂടെ പ്രസ്താവിച്ചു. ജനവിരുദ്ധ വ്യവസ്ഥ അതുമാത്രമായിരുന്നു എന്നാണ്‌ പാലൊളിയുടെ പ്രസ്താവനയില്‍ നിന്നും മനസ്സിലാക്കേണ്ടത്‌.

കരാറില്‍ കാര്യമായ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ആര്‍ എസ്‌ പി നേതാവ്‌ ടി ജെ ചന്ദ്രചൂഡണ്റ്റെയും വാദങ്ങള്‍ ശരിവെക്കുന്നതായിരുന്നു പാലോളിയുടെ ഈ പ്രസ്താവന. മന്ത്രിസഭക്ക്‌ വായ്പയെടുക്കാന്‍ അംഗീകാരം നല്‍കിയ എല്‍ ഡി എഫ്‌ യോഗത്തില്‍ വെളിയം ഭാര്‍ഗ്ഗവനും ഇതു തന്നെയാണ്‌ പറഞ്ഞത്‌. ഇതിനേക്കാളൊക്കെ കൌതുകം കരാറിണ്റ്റെ പുനരവതാരത്തിന്‌ ചുക്കാന്‍ പിടിച്ച ധനമന്ത്രി തോമസ്‌ ഐസക്ക്‌ എന്ന സാമ്പത്തിക വിദഗ്ദന്‍ കരാറുമായി ബന്ധപ്പെട്ട്‌ കാര്യമായി ഒന്നും പറയുന്നില്ല എന്നതാണ്‌. ഏതൊക്കെ നിബന്ധനകളാണ്‌ എടുത്തു നീക്കിയത്‌ എന്നു പറയാനുള്ള മിനിമം മര്യാദയെങ്കിലും ഒരു ധനമന്ത്രിയെന്ന നിലയില്‍ കാണിക്കേണ്ടിയിരുന്നു. കുറ്റകരമായ മൌനമാണ്‌ തോമസ്‌ ഐസക്കിണ്റ്റേത്‌. ജനകീയാസൂത്രണ വിവാദവുമായി ബന്ധപ്പെട്ട്‌ വിദേശ ഫണ്ട്‌ വിവാദത്തിലും പരിഷത്തിണ്റ്റെ സജീവ പ്രവര്‍ത്തകനായിരിക്കുമ്പോള്‍ വിഭവ ഭൂപടം നിര്‍മ്മാണത്തിലും ആരോപണവിധേയനാണ്‌ ഐസക്ക്‌ എന്നുകൂടി ഓര്‍ക്കണം. കുത്തക രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു ബാങ്കുമായി രാജ്യത്തെ സാധാരണ ജനങ്ങളെ പണയപ്പെടുത്തി നടത്തുന്ന ഒരു ഇടപാടില്‍ ഒളിച്ചു കളി നടത്തുന്ന ഈ രണ്ടു മന്ത്രിമാരെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന മന്ത്രിസഭയേയും സി പി ഐ പിന്‍തുണക്കുന്നത്‌ ഏത്‌ തത്വ ശാസ്ത്രത്തിണ്റ്റെ പിന്‍ബലത്തിലാണ്‌.

എ ഡി ബി വായ്പയെടുത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സമാകുന്ന എന്തിനെയും നീക്കാന്‍ ബലം പ്രയോഗിക്കണമെന്നും സംസ്ഥാനത്തിണ്റ്റെ ധനസ്ഥിതിയും അനുബന്ധകാര്യങ്ങളുമായി എ ഡി ബിക്ക്‌ കാലാകാലങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്താം, ചര്‍ച്ചയില്‍ ഇ ഡി ബിക്കുകൂടെ സ്വീകാര്യനാകുന്ന ഓഡിറ്ററും കൂടെ വേണം, എന്നിങ്ങനെ ആഭ്യന്തര ഭരണവുമായി ബന്ധപ്പെട്ട എല്ലാ നീക്കത്തിനും ഇ ഡി ബി എന്ന വിദേശിയുടെ ഇടപെടലുകളുണ്ടാകുന്ന ഒരു കരാറിനാണ്‌ വി എസ്‌ സമ്മതം മൂളിയത്‌. ഇതോടെ 1422 കോടിയുടെ എ ഡി ബി വായ്പ സംസ്ഥാനത്തിന്‌ നല്‍കുമെന്ന്‌ ഉറപ്പായി. കേരളത്തിണ്റ്റ താത്പര്യങ്ങള്‍ക്ക്‌ അനുകൂലമല്ലെന്ന്‌ കണ്ടത്തിയ കരാര്‍, കണക്കെടുപ്പിലും കോണ്‍ട്രാക്ട്‌ നല്‍കുന്നതിലും എഡിബി ക്ക്‌ അധികാരം നല്‍കുന്ന കരാര്‍, എങ്ങനെയാണ്‌ സാമ്രാജ്യത്വം തുലയട്ടെയെന്ന്‌ അട്ടഹസിക്കുന്ന ഇടതു പക്ഷത്തിന്‌ സ്വീകാര്യമായത്‌.

1966ല്‍ മനില ആസ്ഥാനമായി ആരംഭിച്ച അമേരിക്കക്കും ജപ്പാനും വ്യക്തമായ നിയന്ത്രണമുള്ള ഏഷ്യന്‍ ഡവലപ്പ്മെണ്റ്റ്‌ ബാങ്ക്‌ മൂന്നാം ലോകരാജ്യങ്ങളെ സാമ്പത്തികമായി പുഷ്ടിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയല്ല പ്രവര്‍ത്തിക്കുന്നത്‌ എന്നതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ വിയറ്റ്നാം പോലുള്ള രാജ്യങ്ങള്‍. 1993 ല്‍ തുടങ്ങിയ എ ഡി ബിയുടെ പീഡനം ആരാജ്യത്തെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്‌. ഫിലിപ്പൈന്‍സിലെ ഊര്‍ജ്ജമേഖലയിലും ശ്രീലങ്കയിലെ ഗതാഗത മേഖലയിലും പാകിസ്താനിലെ ആക്സസ്‌ ടു ജസ്റ്റിസ്‌ പദ്ധതിയിലും എന്തിന്‌ ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട്‌ പദ്ധതിയില്‍ വരെ എ ഡി ബിയുടെ ജനവിരുദ്ധ നടപടികള്‍ ലോകം കണ്ടതാണ്‌. ഇതുകൊണ്ടൊക്കെതന്നെയാണ്‌ കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ എന്നും അഭിമാനമായ ഫിഡൈല്‍ കാസ്ട്രോയുടെ ക്യൂബ എ ഡി ബി വായ്പ വാങ്ങുകയില്ലെന്ന്‌ പ്രഖ്യാപിച്ചത്‌. പെന്‍ഷന്‍, സബ്സിഡി തുടങ്ങിയ സൌജന്യങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങളിലും എ ഡി ബി ശാഠ്യംപിടിച്ചതിനും ഈരാജ്യങ്ങള്‍ തന്നെയാണ്‌ ഏറ്റവും നല്ല ഉദാഹരണങ്ങള്‍. ഇതുപോലൊരു ചതിയിലേക്കാണ്‌ 1998ലെ നായനാര്‍ സര്‍ക്കാര്‍ കേരളത്തെ നയിച്ചത്‌. അന്നത്തെ ധനമന്ത്രി ടി ശിവദാസമേനോനും എ കെ ജി സെണ്റ്ററിലെ സാമ്പത്തിക ബുദ്ധിജീവികളുമായിരുന്നു ഇതിണ്റ്റെ പിന്നണിയിലുണ്ടായിരുന്നത്‌. എഷ്യന്‍ ഡവലപ്പമെണ്റ്റ്‌ ബാങ്ക്‌ മൂന്നാം ലോക രാജ്യങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുണ്ടാക്കിയതല്ല എന്ന്‌ വി എസിനുമറിയാം അതിനുമുമ്പ്‌ വൈറ്റ്പ്പേപ്പര്‍ കാണിച്ചു വിരട്ടി കേരളത്തിന്‌ ഇ ഡി ബി വായ്പ അനിവാര്യമാണെന്നു വാദിച്ച എ കെ ആണ്റ്റണിക്കും എല്ലാത്തിനും തത്വത്തില്‍ അംഗീകാരം നല്‍കിയ ഇ കെ നായനാര്‍ക്കുമറിയാം. ഇക്കാര്യം നന്നായി അറിയാവുന്നതുകൊണ്ടാണ്‌ വി എസ,്‌ എ ഡി ബിക്കെതിരെ ശക്തമായ നിലപാടെടുത്തതും.

ഇരുപക്ഷവും വര്‍ഷങ്ങളായി എ ഡി ബിക്കാര്യത്തില്‍ ജനവിരുദ്ധം എന്നു പറഞ്ഞ്‌ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ഇടതുപക്ഷവും വലതുപക്ഷവും നാളുകളായി നടത്തിക്കൊണ്ടിരിക്കുന്ന മലക്കം മറിച്ചിലുകളില്‍ നിന്നും ഈ അടുത്ത ദിവസങ്ങളായി മന്ത്രിമാര്‍ നടത്തുന്ന പ്രസ്താവനകളില്‍ നിന്നും വായ്പയില്‍ ജനവിരുദ്ധ നയങ്ങള്‍ ഇപ്പോളും നില നില്‍ക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍. എ ഡി ബി ക്ഷണിച്ചു കൊണ്ടുവന്നതില്‍ ഇരു പക്ഷവും തുല്യ പങ്കാളികളാണ്‌. മുഖ്യമന്ത്രി അച്യുതാനന്ദന്‍ കൂടി ഭംഗിയായി കാലുമാറിയ സാഹചര്യത്തില്‍ കരാറൊപ്പിട്ട സര്‍ക്കാരില്‍ നിന്നും വിട്ടുവീഴ്ചയൊന്നും ഇനി പ്രതീക്ഷിക്കണ്ട. കരാര്‍ ഒപ്പിടണമെന്നുതന്നെയാണ്‌ പ്രതിപക്ഷമായ യു ഡി എഫ്‌ ഇപ്പോഴും ആവശ്യപ്പെടുന്നത്‌ അതുകൊണ്ടുതന്നെ ഒരു പ്രതിപക്ഷത്തിണ്റ്റെ കടമ നിര്‍വ്വഹിക്കാന്‍ അവര്‍ക്കു കഴിയില്ല. പിന്നെയുള്ള ബി ജെ പിക്കും പി സി ജോര്‍ജ്ജു പോലുള്ളവരുടെ ബ്രാക്കറ്റു പാര്‍ട്ടികള്‍ക്കും അതിനെതിരെ പ്രക്ഷോഭം നടത്താനുള്ള ആള്‍ബലവും ഇല്ല. കേരളത്തെ ഈ കടക്കെണിയില്‍ നിന്ന്‌ രക്ഷിക്കാന്‍ കഴിയുമായിരുന്ന ഒരു വ്യക്തി വി എസ്‌ അച്യുതാനന്ദന്‍ മാത്രമായിരുന്നു. ഇന്നലെവരെ പദ്ധതിയെ തള്ളിപ്പറയുകയും ഒരു സുപ്രഭാതത്തില്‍ താന്‍ പോലുമറിയാതെ ഒപ്പിട്ട പദ്ധതിക്ക്‌ പിന്‍തുണ നല്‍കുകയും മന്ത്രിസഭയില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല എല്ലാം മാധ്യമങ്ങള്‍ പറഞ്ഞുണ്ടാക്കിയതാണെന്ന മട്ടില്‍ പ്രതികരിക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രിയെയല്ല അച്യുതാനന്ദനില്‍ നിന്നും കേരളം പ്രതീക്ഷിച്ചത്‌. മലക്കം മറിയുന്നതിനുമുമ്പ്‌ ചുരുങ്ങിയ പക്ഷം കരാറിലെ ജനവിരുദ്ധ വ്യവസ്ഥകളെക്കുറിച്ച്‌ ഒരു വിശദീകരണമെങ്കിലും മുഖ്യമന്ത്രിക്ക്‌ നടത്താമായിരുന്നു. പകരം എ ഡി ബി കരാറിനു അംഗീകാരം നല്‍കിയ മന്ത്രിസഭായോഗത്തിനുശേഷം തീരുമാനങ്ങള്‍ അടങ്ങിയ രണ്ടുവരി പത്രക്കുറിപ്പുമാത്രം നല്‍കി മുഖ്യമന്ത്രി പത്രലേഖകരെ ഒളിച്ചുനടക്കുകയാണ്‌ ചെയ്തത്‌. യോഗത്തില്‍ മുഖ്യമന്ത്രി പ്രതിഷേധമറിയിച്ചുവെന്ന റിപ്പോര്‍ട്ടിനെക്കുറിച്ചും നേരിട്ടു പ്രതികരിക്കാന്‍ അദ്ദേഹം മടിച്ചു. ഇതോടെ ജനങ്ങളുടെ മുന്നിലെ ഒരു വിഗ്രഹം കൂടി തകരുകയാണ്‌.

അധികാരമോഹികളായ പിണറായിയും കൂട്ടരും വിരിച്ച വലയില്‍ വീണ്‌ ശ്വാസം മുട്ടുമ്പോഴും വി എസിന്‌ ജനങ്ങളുടെ പൂര്‍ണ പിന്‍തുണയുണ്ടായിരുന്നു. അഞ്ചുവര്‍ഷം പ്രതിപക്ഷ നേതാവായിരുന്ന കാലത്ത്‌ പെണ്‍വാണിഭക്കാരോടും ഭൂമി ഇടപാടുകാരോടും സ്വന്തം പാര്‍ട്ടിയോടും വരെ യുദ്ധം പ്രഖ്യാപിച്ച്‌ നേടിയെടുത്ത വിശ്വാസമാണ്‌ ഇവിടെ തകരുന്നത്‌. അധികാരം കൈവിട്ടുപോകാതിരിക്കാന്‍ താനിതുവരെ ഉണ്ടാക്കിയെടുത്ത വ്യക്തിത്വത്തെയും ജനങ്ങളര്‍പ്പിച്ച വിശ്വാസത്തേയും വെറും മുപ്പതു വെള്ളിക്കാശിനു വിറ്റ യൂദാസിണ്റ്റെ റോളിലാണ്‌ വി എസ്‌ അച്യുതാനന്ദന്‍ ഇന്ന്‌ നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്‌.


.........................................................................................( (പുഴ. കോം) >>>