
മൈക്രോസോഫ്റ്റിന്റെ നേതൃത്വത്തിലുള്ള വ്യാജ സോഫ്റ്റ്വെയര് വേട്ട മുമ്പെങ്ങുമില്ലാത്ത വിധം ശക്തമാണ് ഇന്ന് കേരളത്തില്‍. നീതിന്യായ വ്യവസ്ഥയുടെ പഴുതുകള്‍ ഉപയോഗിച്ച് കുത്തക സോഫ്റ്റ്വെയര് ഭീമന് നടത്തുന്ന നീക്കത്തിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാതെ സ്വതന്ത്രസോഫ്റ്റ്വെയര് സ്വീകരിക്കുക എന്ന പ്രചരണവുമായിറങ്ങാനേ സര്‍ക്കാരിന് കഴിഞ്ഞിട്ടുള്ളൂ. രണ്ടു പതിറ്റാണ്ടിലധികമായി വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്ന ജനപ്രിയ സോഫ്റ്റ്വെയറുകള്ക്ക് പകരം നില്ക്കാന് സ്വതന്ത്രസോഫ്റ്റ്വെയറുകള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നിരിക്കെ സര്‍ക്കാരിന്റെ വെറുമൊരു പ്രചരണപരിപാടി കൊണ്ട് നിലവിലുള്ള പ്രശ്നത്തിന് പരിഹാരമാകുമെന്നു തോന്നുന്നില്ല. മൈക്രോസോഫ്റ്റിന്റെ ഈ ഇടപെടല്‍ ഉയര്‍ത്തുന്നത് ധാര്‍മ്മികതയുടേയും സ്വാതന്ത്ര്യത്തിന്റേയും പേരിലുള്ള നിരവധി ചോദ്യങ്ങളാണ്. കുത്തക സോഫ്റ്റ്വെയര് കമ്പനികളും സ്വതന്ത്രസോഫ്റ്റ്വെയര് കൂട്ടായ്മയും ഇതിനകം തന്നെ വന്‍ പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞ വ്യാജ സോഫ്റ്റ്വെര്‍ ലോബിയും തമ്മിലുള്ള വടം വലികള്‍ക്കിടയില്‍ ബലിയാടാക്കപ്പെടുന്നത് ഇതിനെക്കുറിച്ചൊന്നും ബോധവാന്മാരല്ലാത്ത പൊതു സമൂഹമാണ്. അത്തരമൊരു കാഴ്ചയാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
കുറച്ചുമാസങ്ങള്‍ക്കുമുമ്പാണ് കേരളത്തില്‍ വ്യജസോഫ്റ്റ്വെയറുകള്‍ക്കെതിരെ മൈക്രോസോഫ്റ്റ് വ്യാപകമായി റെയ്ഡ് ആരംഭിച്ചത്. സോഫ്റ്റ്വെയര് വിതരണക്കാരെ അറസ്റ്റുചെയ്തതിലും ലക്ഷക്കണക്കിന് രൂപ പിഴയീടാക്കിയതിലും പ്രതിഷേധിച്ച് ഹര്‍ത്താലുകളും ഐ ടി ബന്ദും വരെ നടന്നു. കൊച്ചിയില്‍ ഈയിടെ ഒരു മാധ്യമസ്ഥാപനവും പബ്ലിക്ക് സ്കൂളുകളുമടക്കം നിരവധി കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. ആദ്യഘട്ടത്തില്‍ മൈക്രോസോഫ്റ്റ് നേരിട്ടു നടത്തിയിരുന്ന റെയ്ഡ് ഇപ്പോള്‍ മുംബൈയിലെ ഒരു സ്വകാര്യ ഏജന്‍സി വഴി വ്യാപകമാക്കാനാണ് നീക്കം. കുത്തക സോഫ്റ്റ്വെയര് കമ്പനികള്‍ ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് അവരുടെ അജന്‍ഡകള്‍ നടപ്പാക്കുകയും കൊള്ളലാഭമുണ്ടാക്കുകയും ചെയ്യുന്നത് ശക്തമായാല്‍ അതിനെ നേരിടാന്‍ നമ്മുടെ നീതിന്യായ സംവിധാനം എത്രത്തോളം ദുര്‍ബലമാണ് എന്നതാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. കുത്തകകള്‍ക്ക് ബദലായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന സ്വതന്ത്രസോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിന് അത്തരമൊരു ലോബിയോട് മത്സരിക്കാനുള്ള ശക്തിയുണ്ടോ എന്നതും ചിന്തിക്കേണ്ടതാണ്.
ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് ഒരു വിദേശ കുത്തകക്ക് എങ്ങനെ അവരുടെ അജന്‍ഡ നടപ്പാക്കാം എന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് റെയ്ഡുകളിലൂടെയും മറ്റും മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്ന സമ്മര്‍ദ്ദ തന്ത്രങ്ങള്‍. ഇന്ത്യന്‍ കോപ്പിറൈറ്റ് ആക്ട് 1957 നു കീഴിലാണ് സോഫ്റ്റ്വെയര് പൈറസിയുമായി ബന്ധപ്പെട്ട കേസുകള്‍ വരുന്നത്. ഈ ആക്ടില്‍ വ്യക്തമായ അംഗീകാരമില്ലാതെ കോപ്പിറൈറ്റ് ഉള്ള സോഫ്റ്റ്വെയറുകള് കോപ്പി ചെയ്യുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നയാള്‍ സിവില്‍ /ക്രിമിനല്‍ നിയമങ്ങളുടെ പരിധിയില്‍ വരും. കടുത്ത പിഴയോ തടവോ രണ്ടും കൂടെയോ ശിക്ഷ ലഭിക്കാം. ഈ നിയമ പ്രകാരമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൈക്രോസോഫ്റ്റ് നടപടികള്‍ തുടരുന്നത്. റെയ്ഡുകളെ ന്യായീകരിക്കാന്‍ പുതിയ കണക്കുകളുമായാണ് മൈക്രോസോഫ്റ്റ് രംഗത്തുവന്നിരിക്കുന്നത്. ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ വ്യാജ സോഫ്റ്റ്വെയറുകള് ഉപയോഗിക്കുന്നതു കാരണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ 9000 കോടിയുടെ നഷ്ടമുണ്ടായെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഈ വര്‍ഷം മാര്‍ച്ചുവരെയുള്ള കാലഘട്ടത്തിനിടെ 16000 കോടി രൂപയുടെ ഉല്പന്നങ്ങള് മാത്രമാണത്രേ വിറ്റഴിഞ്ഞത്, കഴിഞ്ഞ വര്‍ഷം ഇക്കാലയളവിനുള്ളില്‍ വിറ്റഴിഞ്ഞത് 25000 കോടി രൂപയുടെ ഉല്പന്നങ്ങളാണ്. വരുമാനത്തിലെ ഈ `വന്‍' ഇടിവ് ഈ രാജ്യങ്ങളിലെ വ്യാജ സോഫ്റ്റ്വെയര് ഉപയോഗം കാരണമാണെന്നാണ് മൈക്രോസോഫ്റ്റിന്റെ കണ്ടെത്തല്‍. അതിനാല്‍ ഇന്ത്യയില്‍ വ്യാജ സോഫ്റ്റ്വെയര് റെയ്ഡുമായി ശക്തമായി മുന്നോട്ടു പോകാതെ തരമില്ലെന്നാണ് അവരുടെ പക്ഷം.
വന്‍ സോഫ്റ്റ്വെയര് കമ്പനികള്‍ വ്യാജ സോഫ്റ്റ്വെയറുകള്ക്കെതിരെ റെയ്ഡ് നടത്തുന്നതും നടപടിയെടുക്കുന്നതും ഇതാദ്യമായല്ല. സോഫ്റ്റ്വെയര് കമ്പനികളിലും ഔട്ട്സോഴ്സിംഗ് കമ്പനികളിലും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ റെയ്ഡുകള്‍ നടത്തി മൈക്രോസോഫ്റ്റടക്കമുള്ളവര്‍ തങ്ങളുടെ ഒറിജിനല്‍ സോഫ്റ്റ്വെയറുകള് വാങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഐടി/അനിമേഷന്‍/ഗ്രാഫിക്സ് കമ്പനികള്‍ ഒറിജിനല്‍ സോഫ്റ്റ്വെയറുകള് ഒരു കോപ്പിയെങ്കിലും വാങ്ങി സൂക്ഷിക്കണമെന്നായിരുന്നു ഇവര്‍ സ്വകാര്യമായി നല്കിയ നിര്‍ദ്ദേശം. അതായത് തങ്ങളുടെ ഉല്പന്നമുപയോഗിച്ച് കാശുണ്ടാക്കുന്നവര്‍ അവ ഒരെണ്ണമെങ്കിലും വാങ്ങിയിരിക്കണമെന്ന ന്യായവാദം. പക്ഷേ വ്യാപകമായ ഇപ്പോഴത്തെ സംഭവം പുതിയ വ്യാപാര തന്ത്രങ്ങളുടെ ഭാഗമായാണ്.
കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരത്തും കൊല്ലത്തും തൃശൂരിലും മംഗലാപുരത്തുമൊക്കെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് മൈക്രോസോഫ്റ്റ് റെയ്ഡിനിറങ്ങിയത്. (ഇതേ സമയത്തു തന്നെ മറ്റു സംസ്ഥാനങ്ങളിലും റെയ്ഡ് ശക്തമാക്കിയിരുന്നു) തിരുവനന്തപുരത്ത് മൈക്രോസോഫ്റ്റ് പ്രതിനിധികളായ ആനന്ദ് ബാനര്‍ജി, ശര്‍മ, ഭരദ്വാജ് എന്നിവര്‍ നടത്തിയ റെയ്ഡിന് സംരക്ഷണം നല്‍കിയത് പോലീസ് സൂപ്രണ്ട് അരുണ്‍ കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘമാണ്. ഒരു സ്ഥാപനത്തിന്റെ മാനേജരെ അറസ്റ്റ് ചെയ്യുകയും പകര്‍പ്പവകാശ നിയമ ലംഘനത്തിന് ആറോളം കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തു. ഈ സ്ഥാപനങ്ങളില്‍ നിന്ന് പത്തോ പന്ത്രണ്ടോ വ്യാജ സോഫ്റ്റ്വെയര് കോപ്പികളാണ് പിടികൂടിയത് എന്നതാണ് രസകരം. ഇതോടെയാണ് വ്യാജ സോഫ്റ്റ്വെയര് റെയ്ഡിന് പുതിയ മാനങ്ങള്‍ കൈവന്നത്. തുടര്‍ന്ന് കമ്പ്യൂട്ടര്‍ നിര്‍മ്മാണ വിപണന മേഘലയിലെ വിവിധ അസോസിയേഷനുകള്‍ ഹര്‍ത്താലും ധര്‍ണ്ണയും പരാതികളുമായി രംഗത്തെത്തി. എന്നാല്‍ പിന്നീടുണ്ടായ നാടകീയ ഇടപെടലുകളിലൂടെ ഡീലര്‍മാര്‍ തടി രക്ഷപ്പെടുത്തുകയായിരുന്നു. കേരളത്തിലെ മൈക്രോസോഫ്റ്റ് ഉല്പന്നങ്ങള് ചെലവാക്കാന്‍ സഹായിച്ച തങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ കമ്പനിയുമായി തുടര്‍ന്ന് സഹകരിക്കില്ലെന്നും അസോസിയേഷനുകല്‍ ഭീഷണി മുഴക്കി. പോരാത്തതിന് തങ്ങള്‍ വ്യാജ സോഫ്റ്റ്വെയറുകള്ക്ക് എതിരാണെന്നുപോലും പ്രസ്താവന ഇറക്കി. സംഗതി കുഴയുമെന്നു മനസ്സിലാക്കിയ മൈക്രോസോഫ്റ്റിന്റെ സുപ്രധാന മേധാവികള്‍ ഏപ്രില്‍ പകുതിയോടെ കേരള കമ്പ്യൂട്ടര്‍ മാനുഫാക്ചേഴ്സ് ആന്റ് ഡീലേഴ്സ് അസോസിയേഷന്((AKCMADA), കമ്പ്യൂട്ടര്‍ ഡീലേഴ്സ് അസോസിയേഷന് ഓഫ് തിരുവനന്തപുരം (CDAT) , മലബാര്‍ ഐ ടി ഡീലേഴ്സ് അസോസിയേഷന് എന്നിവരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ വന്‍ വിലക്ക് സോഫ്റ്റ്വെയറുകളുടെ ഒറിജിനല്‍ പതിപ്പുകള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കാനാരില്ലെന്നും ഒറിജിനല്‍ മാത്രമേ നല്‍കുകയുള്ളൂ എന്നു വാശി പിടിച്ചാല്‍ തങ്ങളുടെ കച്ചവടത്തെ അത് മോശമായി ബാധിക്കുമെന്നും ഡീലര്‍മാര്‍ വ്യക്തമാക്കി. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചതോടെ മൈക്രോസോഫിറ്റിനെതിരെ ധര്‍ണ്ണ നടത്തിയവരും ഹര്‍ത്താല്‍ നടത്തിയവരും കേസ് ഫയല്‍ ചെയ്തവരുമൊക്കെ അതോടെ മൈക്രോസോഫ്റ്റിന്റെ വിശ്വസ്ത സേവകരാകാമെന്നും ബിസിനസ് സുഗമമായി നടത്താന്‍ സഹായിക്കാമെന്നും വാക്കുനല്കി.
വ്യാജന്റെ സമ്പദ്ശാസ്ത്രം
ഇന്ത്യയേപ്പോലെ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന വലിയ ഐ ടി മാര്‍ക്കറ്റില്‍ മൈക്രോസോഫ്റ്റിന്റെ മുഖ്യ എതിരാളികള്‍ വ്യാജ സോഫ്റ്റ്വെയര് ലോബിയും ലിനക്സ് എന്ന സ്വതന്ത്രസോഫ്റ്റ്വെയര് പ്രസ്ഥാനവുമാണ്. ലിനക്സ് അത്ര ജനകീയമല്ലാത്തതുകൊണ്ട് വിന്‍ഡോസ് ഉപയോഗിച്ചു വരുന്ന ബഹുഭൂരിപക്ഷം സാധാരണക്കാരും അതിനു പിന്നാലെ പോകില്ലെന്ന് മൈക്രോസോഫ്റ്റിനറിയാം. പ്രോഗ്രാമിംഗ് സോഫ്റ്റ്വെറുകള്‍ക്കും ഗ്രാഫിക്സ് അനിമേഷന്‍ മള്‍ട്ടിമീഡിയ തുടങ്ങിയ മേഖലയിലെ ജനപ്രിയ സോഫ്റ്റ്വെയറുകള്‍ക്കും അതേ ഔട്ട് പുട്ട് ലഭിക്കുന്ന ബദല്‍ സംവിധാനം ഒരുക്കാന്‍ സ്വതന്ത്രസോഫ്റ്റ്വെയര് പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. സെര്‍വര്‍ കമ്പ്യൂട്ടറുകളിലാണ് ലിനക്സിന്റെ ഉപയോഗം മുഖ്യമായും വര്‍ദ്ധിച്ചുവരുന്നത്. അതും ഇന്ത്യന്‍ മാര്ക്കിറ്റില് വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ മൈക്രോസോഫ്റ്റ് പ്രധാനമായും നേരിടുന്നത് വ്യാജ സോഫ്റ്റ്വെയറുകളില് നിന്നുള്ള വെല്ലുവിളിയാണ്.
ഇന്ത്യയേപ്പോലെ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന വലിയ ഐ ടി മാര്‍ക്കറ്റില്‍ മൈക്രോസോഫ്റ്റിന്റെ മുഖ്യ എതിരാളികള്‍ വ്യാജ സോഫ്റ്റ്വെയര് ലോബിയും ലിനക്സ് എന്ന സ്വതന്ത്രസോഫ്റ്റ്വെയര് പ്രസ്ഥാനവുമാണ്. ലിനക്സ് അത്ര ജനകീയമല്ലാത്തതുകൊണ്ട് വിന്‍ഡോസ് ഉപയോഗിച്ചു വരുന്ന ബഹുഭൂരിപക്ഷം സാധാരണക്കാരും അതിനു പിന്നാലെ പോകില്ലെന്ന് മൈക്രോസോഫ്റ്റിനറിയാം. പ്രോഗ്രാമിംഗ് സോഫ്റ്റ്വെറുകള്‍ക്കും ഗ്രാഫിക്സ് അനിമേഷന്‍ മള്‍ട്ടിമീഡിയ തുടങ്ങിയ മേഖലയിലെ ജനപ്രിയ സോഫ്റ്റ്വെയറുകള്‍ക്കും അതേ ഔട്ട് പുട്ട് ലഭിക്കുന്ന ബദല്‍ സംവിധാനം ഒരുക്കാന്‍ സ്വതന്ത്രസോഫ്റ്റ്വെയര് പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. സെര്‍വര്‍ കമ്പ്യൂട്ടറുകളിലാണ് ലിനക്സിന്റെ ഉപയോഗം മുഖ്യമായും വര്‍ദ്ധിച്ചുവരുന്നത്. അതും ഇന്ത്യന്‍ മാര്ക്കിറ്റില് വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ മൈക്രോസോഫ്റ്റ് പ്രധാനമായും നേരിടുന്നത് വ്യാജ സോഫ്റ്റ്വെയറുകളില് നിന്നുള്ള വെല്ലുവിളിയാണ്.
മൈക്രോസോഫ്റ്റ് അടക്കമുള്ള സോഫ്റ്റ്വെയര് കുത്തകകളുടെ ആസൂത്രിതമായ വിപണന തന്ത്രത്തിന്റെ ഭാഗമായാണ് വ്യാജസോഫ്റ്റ്വെയറുകള്‍ ഇത്രയേറെ വ്യാപകമായത്. വിന്‍ഡോസും ഓഫീസുമടക്കമുള്ള വ്യാജ സോഫ്റ്റ്വെയറുകള് പ്രചരിപ്പിച്ച് ജനപ്രിയമാക്കുകയായിരുന്നു അവരുടെ വിപണന തന്ത്രത്തിന്റെ ആദ്യഘട്ടം. അവക്ക് പ്രചാരം ലഭിക്കുമ്പോള്‍ ഏതു മാര്‍ഗ്ഗത്തിലൂടെയും ഒറിജിനല്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയാണ് മൈക്രോസോഫ്റ്റ് നാളിതുവരെയായി തുടര്‍ന്നു പോന്ന തന്ത്രം. പക്ഷേ ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി ഇതുവരെ അത്തരമൊരു സമ്മര്‍ദ്ദം ചെലുത്താന്‍ മൈക്രോസോഫ്റ്റിനെ പ്രേരിപ്പിക്കുന്നതായിരുന്നില്ല. വിന്‍ഡോസ് പുറത്തിറങ്ങിയ കാലത്ത് ഒരു കമ്പ്യൂട്ടറിന്റെ വിലതന്നെ സാധാരണക്കാരന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. അക്കാലത്ത് വന്‍ വിലകൊടുത്ത് ഒറിജിനല്‍ സോഫ്റ്റ്വെയര് അധികമാരും വാങ്ങില്ലെന്നും ഒറിജിനല്‍ തന്നെ ഉപയോഗിക്കണമെന്ന് ശാഠ്യം പിടിച്ചാല്‍ വിന്‍ഡോസിന്റെ പ്രചാരത്തെ അത് ബാധിക്കുമെന്നും മൈക്രോസോഫ്റ്റ് മനസിലാക്കി. പിന്നീട് വിന്‍ഡോസിന്റെ ഓരോ പുതിയ പതിപ്പുകള്‍ ഇറങ്ങുമ്പോഴും കമ്പ്യൂട്ടറിന്റെ വില കുറഞ്ഞുവന്നു. അപ്പോഴൊക്കെ ഓഫറുകളും പാക്കേജുകളും പ്രഖ്യാപിച്ച് ഇവയുടെ വില്പന വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങളും നടത്തിയിരുന്നു. ഇന്ത്യ ലോകത്തിന്റെ ഐ ടി ഭൂപടത്തില്‍ മാന്യമായ സ്ഥാനം പിടിക്കുകയും ഇന്ത്യുടെ സാമ്പത്തിക നില മെച്ചപ്പെടുകയും സാമൂഹ്യവ്യവസ്ഥയുടെ അവിഭാജ്യഘടകമായി കമ്പ്യൂട്ടര്‍ മാറുകയും ചെയ്തതോടെയാണ് ഈ പുതിയ നീക്കം. എല്ലാവരും ഒറിജിനല്‍ സോഫ്റ്റ്വെയര് വാങ്ങണമെന്നു ശഠിച്ചാല്‍ പ്രതീക്ഷിച്ചതിലും എത്രയോ ഇരട്ടി ലാഭം കൊയ്തെടുക്കാമെന്ന കണക്കുകൂട്ടലിലാണ് മൈക്രോസോഫ്റ്റ്.
ലോകവ്യാപകമായി ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിന്‍ഡോസ്. ഒരു സോഫ്റ്റ്വെയര് വികസിപ്പിച്ചെടുക്കുന്നതിന്റെ ചിലവും ന്യായമായ ലാഭവും എടുത്തുകഴിഞ്ഞാലും ഇപ്പോഴുള്ള വിലയുടെ പത്തുശതമാനം പോലും വരില്ല. വിന്‍ഡോസ് എക്സ് പിയുടെ ഹോം എഡിഷന് 3500 രൂപയാണ് കേരള മാര്‍ക്കറ്റിലെ വില, ഇതിന്റെ പ്രൊഫഷണല്‍ എഡിഷനാകട്ടെ വില 6500 ഓളം വരും. മൈക്രോസോഫ്റ്റ് ഓഫീസ് പാക്കേജിന് 12000 ഓളമാണ് വില. മൈക്രോസോഫ്റ്റ് മാത്രമല്ല ഗ്രാഫിക്സ്/ഡി ടി പി/അഡ്വര്‍ടൈസിംഗ് മേഖലകളിലെ അവശ്യ സോഫ്റ്റ്വെയറായ അഡോബി യുടെ ഫോട്ടോഷോപ്പിന്റെ സ്റ്റാര്‍ട്ടര്‍ പാക്കിനുതന്നെ ഈടാക്കുന്ന വില നാല്പതിനായിരത്തോളമാണ്. പതിനായിരം രൂപമുതല്‍ കമ്പ്യൂട്ടര്‍ ലഭിക്കുന്ന നാട്ടില്‍ ഇത്രയും ഭീമമായ തുകമുടക്കി ഒറിജിനല്‍ സോഫ്റ്റ്വെയറുകള് വാങ്ങാന്‍ എത്രപേര്‍ തയ്യാറാകും?. 3500 രൂപ മുടക്കി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം വാങ്ങണമെങ്കില്‍ ഇന്ത്യയിലെ ശരാശരി വരുമാനം വച്ചു നോക്കുമ്പോള്‍ ഒരു സാധാരണക്കാരന് എത്ര ദിവസം ജോലി ചെയ്യേണ്ടിവരും?. അതേ സ്ഥാനത്ത് അമേരിക്കയിലെ ശരാശരി വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പതിമൂന്നു മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയാകും അവിടത്തെ ഒരു പതിപ്പ് വാങ്ങാന്‍. ബംഗ്ലാദേശിലാണെങ്കില്‍ ഒരു സാധാരണക്കാന് വിന്‍ഡോസ് എക്സ് പി വാങ്ങാന്‍ ആറുമാസം ജോലി ചെയ്യേണ്ടിവരുമെന്നാണ് കണക്ക്. വന്‍ സോഫ്റ്റ്വെയര് കമ്പനികള്‍ ഇങ്ങനെ പകല്‍ക്കൊള്ള നടത്തുമ്പോള്‍ വ്യാജ സോഫ്റ്റ്വെയര് സാമ്രാജ്യം തഴച്ചുവളരുന്നതിനെ കുറ്റം പറയാനാകില്ല.
ഇന്ത്യന്‍ കോപ്പിറൈറ്റ് ആക്ടിലെ വ്യവസ്ഥകള്‍ മാറ്റിനിര്‍ത്തിയാല്‍ മൈക്രോസോഫ്റ്റിന്റെയും മറ്റുകുത്തക കമ്പനികളും രൂപം നല്കിയ വ്യാജ സോഫ്റ്റ്വെയര് വിപണി പെട്ടെന്നുതന്നെ ഇല്ലായ്മ ചെയ്യണമെന്നു പറയുന്നതിനെ ന്യായീകരിക്കാനാവില്ല. ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ട്രയല്‍ വേര്‍ഷനുകള്‍ നല്കി ഹാക്കര്‍ വെബ്സൈറ്റുകള്‍ വഴി അവയുടെ സീരിയല്‍ നമ്പറും പ്രചരിപ്പിച്ച് ഉണ്ടാക്കിയെടുത്ത ഇന്റര്‍നെറ്റിലെ വന്‍ വ്യാജ സോഫ്റ്റ്വെയര് വിപണിക്കെതിരെ ഇവര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്?. ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോലും പോലീസിനോട് കണ്ണു ചിമ്മാന്‍ നേരിട്ടും അല്ലാതെയും പറയുന്ന സര്‍ക്കാരിന് നമ്മുടെ ഐ ടി വിപണിയെ ദുരുപയോഗം ചെയ്യുന്ന ഇത്തരം വമ്പന്മാര്ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്തത് ലജ്ജാവഹമാണ്. അഞ്ചുവര്‍ഷം മുമ്പ് ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്സ് ഇന്ത്യയിലെ ഐ ടി വിദ്യാഭ്യാസ ആരോഗ്യ രംഗത്തിനു വേണ്ടി വാരിയെറിഞ്ഞ കോടികളുടെ കണക്കു നോക്കുമ്പോള്‍ സര്‍ക്കാരിന് അദ്ദേഹത്തിന്റെ കമ്പനിയോട് വിധേയത്വത്തോടു കൂടിയല്ലേ പെരുമാറാന്‍ കഴിയൂ എന്ന് നമുക്കാശ്വസിക്കാം. പൈറസി അവസാനിക്കണമെങ്കില്‍ സോഫ്റ്റ്വെയറുകളുടെ വില വന്‍തോതില്‍ കുറച്ചേ മതിയാകൂ എന്നാണ് ഇന്ത്യയിലെ വിവിധ കമ്പ്യൂട്ടര്‍ ഡീലേഴ്സ് മാനുഫാക്ചേഴ്സ് അസോസിയേഷനുകള്‍ പലതവണയായി മൈക്രോസോഫ്റ്റിന് നല്‍കിയിട്ടുള്ള നിവേദനത്തില്‍ പറയുന്നത്. വിന്‍ഡോസുപോലുള്ള അത്യാവശ്യ സോഫ്റ്റ്വെയറുകള്ക്ക് വില കുറക്കുന്നതിലൂടെ വില്പന വര്‍ദ്ധിക്കുമ്പോള്‍ കമ്പനികള്‍ക്ക് ഇപ്പോള്‍ പൈറസിയിലൂടെയും മറ്റും നഷ്ടപ്പെടുന്നതില്‍ വലിയൊരു പങ്ക് തിരികെ ലഭിക്കുകയും ചെയ്യുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്വതന്ത്രസോഫ്റ്റ്വെയര് എന്ന ബദല്‍
മൈക്രോസോഫ്റ്റിനോടുള്ള ആശയപരമായ യുദ്ധത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളുകളില്‍ ഇനി മുതല്‍ ലിനക്സ് മതിയെന്ന് ചങ്കൂറ്റത്തോടെ പറഞ്ഞ മുഖ്യമന്ത്രിയാണ് വി എസ് അച്യുതാനന്ദന്. സ്വതന്ത്രസോഫ്റ്റ്വെയര് രംഗത്തെ പ്രമുഖരായ റെഡ്ഹാറ്റിന്റെ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഈയിടെ ചര്‍ച്ച നടത്തിയിരുന്നു. വിദ്യാഭ്യാസ - വ്യവസായ മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാമെന്ന് അവര്‍ സര്‍ക്കാരിന് വാക്കുനല്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വെയര് മേഖലയില്‍ ഗവേഷണാധിഷ്ടിത വികസന കേന്ദ്രവും ആരംഭിക്കാമെന്ന് റെഡ്ഹാറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കുത്തകകളെ എതിര്‍ക്കുക എന്ന പ്രത്യയശാസ്ത്രപരമായ വശം മാറ്റി നിര്‍ത്തിയാല്‍ നമ്മള് വളര്‍ത്തിയെടുത്ത ഐ ടി സാമ്രാജ്യത്തില്‍ വിന്‍ഡോസ് പ്ലാറ്റ്ഫോമിലുള്ള സോഫ്റ്റ്വെയറുകള്ക്ക് ബദലാകുമോ ഇപ്പോഴുള്ള ലിനക്സും അനുബന്ധ സോഫ്റ്റ് വെയറുകളും എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം. സര്‍ക്കാര്‍ തീരുമാനപ്രകാരം കേരളത്തിലെ സ്കൂളുകളെല്ലാം ലിനക്സിലാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഈ ഉത്തരവിനു മുമ്പുതന്നെ മിക്ക സ്കൂളുകളും ലിനക്സിനെ സ്വീകരിച്ചിരുന്നു. 8,9.10 ക്ലാസുകളിലെ ഏതാണ്ട് 15 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഈ വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പ്രാക്ടിക്കല്‍ പരീക്ഷ എഴുതിയത് സ്വതന്ത്ര സോഫ്റ്റ്വെയര് ഉപയോഗിച്ചാണ്. എസ് എസ് എല്‍ സി വരെയുള്ള ക്ലാസുകളിലെല്ലാം സ്വതന്ത്രസോഫ്റ്റ്വെയറിലായിരിക്കും ഇനിമുതല്‍ പരീക്ഷ എഴുതുക. കഴിഞ്ഞവര്‍ഷം വളരെ ചുരുക്കം സ്കൂളുകളില്‍ മാത്രമാണ് ലിനക്സ് ഉപയോഗിച്ച് പരീക്ഷ എഴുതിയത്. സ്വതന്ത്രസോഫ്റ്റ്വെയര് ഉപയോഗിച്ച് പരിശീലിപ്പിച്ച ഒരു തലമുറ വളര്‍ന്നുവരുന്നത് തികച്ചു സ്വാഗതാര്‍ഹമായ ഒരു കാര്യമാണ്. പക്ഷേ സ്കൂള്‍ തലം കഴിഞ്ഞാല്‍ എന്തുചെയ്യുമെന്നതാണ് ചോദ്യം. കേരളത്തിലെ ഐ ടി മേഖലയിലെ എന്‍ജിനീയറിംഗ് അടക്കമുള്ള ഉന്നത പഠനമേഖലയില്‍ സ്വതന്ത്രസോഫ്റ്റ്വെയറുകള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാതെ അടിത്തറമാത്രം കെട്ടിപ്പടുത്തതുകൊണ്ടായില്ല. അതിനൊപ്പം തന്നെ വ്യാവസായികാടിസ്ഥാനത്തിലും സ്വതന്ത്രസോഫ്റ്റ്#വെയറുകളെ പ്രോത്സാഹിപ്പിക്കേണ്ടതുമുണ്ട്.
വ്യാവസായികാടിസ്ഥാനത്തില്‍ വിന്‍ഡോസിന് ലിനക്സ് എന്ന ബദല്‍ പോലെ മറ്റു അപ്ലിക്കേഷനുകള്‍ക്കും അതിനോടു കിടപിടിക്കുന്നതോ അതിനേക്കാള്‍ ഗുണമുള്ളതോ ആയ ബദലുകള്‍ രൂപപ്പെടുത്തണം. അത്തരം ഒരു ഉദ്യമത്തിന് സര്‍ക്കാര്‍ ഇനിയും മുതിര്‍ന്നിട്ടില്ല എന്നതാണ് സത്യം. സി ഡാക്കുപോലെയൂള്ള സ്ഥാപനങ്ങള്‍ വഴിയുള്ള പ്രഹസനങ്ങള്‍കൊണ്ടൊന്നും ഐ ടി മേഖലയില്‍ ശക്തമായ സാന്നിദ്ധ്യമാകാന്‍ നമുക്കാവില്ല. മൈക്രോസോഫ്റ്റും ഗൂഗിളും അഡോബിയുമടങ്ങുന്ന ആഗോള സോഫ്റ്റ്വെയര് കമ്പനികളിലെ എക്സ്പേര്‍ട്ടുകളില്‍ കേരളത്തിലെ സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്നു പഠിച്ചിറങ്ങിയ നിരവധി മലയാളികളുണ്ട്. ഇന്റര്‍നെറ്റില്‍ മലയാള ഭാഷ ഉപയോഗിക്കാനുള്ള സംവിധാനങ്ങളും എന്തിന് ലോകപ്രശസ്ത ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്വെയറായ ഫോട്ടോഷോപ്പുവരെ വികസിപ്പിച്ചതിനു പിന്നില്‍ മലയാളികളുടെ സാന്നിദ്ധ്യമുണ്ട്. അത്തരം എക്സ്പേര്‍ട്ടുകളെ നമ്മുടെ നാട്ടിലെ സ്വതന്ത്രസോഫ്റ്റ്വെയര് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഉപയോഗിക്കാവുന്നതേയുള്ളൂ. അതിന് ഐ ടി വകുപ്പ് വെറുതെ പാഴാക്കിക്കളയുന്ന നികുതിപ്പണത്തിന്റെ ചുരുങ്ങിയ ശതമാനം ഫലപ്രദമായി ഉപയോഗിച്ചാല്‍ മതി. ലിനക്സ് എന്ന ബദലിനെ പരിചയിക്കാന്‍ മടിക്കുന്നതിനുള്ള പ്രധാന കാരണവണം അത് ഉപയോഗിച്ചു പഠിക്കാന്‍ തുടക്കത്തില്‍ നേരിടുന്ന ബുദ്ധിമുട്ടാണ്. വിന്‍ഡോസാകട്ടെ കൊച്ചുകുട്ടികള്‍മുതല്‍ പ്രായം ചെന്നവര്‍ക്കുവരെ പെട്ടെന്നു ഉപയോഗിക്കാവുന്ന അത്രയും ലളിതവും. സ്വതന്ത്രസോഫ്റ്റ്വെയര് പ്രസ്ഥാനം ലോകത്തില്‍ മുഴുവന്‍ നേരിടുന്ന ബുദ്ധിമുട്ടും ഇതു തന്നെയാണ്. കേരളത്തിലെ പ്രൈമറി തലത്തില്‍ ലിനക്സിലുള്ള പരിശീലനം വഴി അത് കുറേയൊക്കെ ഇല്ലായ്മചെയ്യാന്‍ കഴിയും പക്ഷേ വിന്‍ഡോസ് ഉപയോഗിച്ചു പരിശീലിച്ചവരുടെ കാര്യത്തില്‍ എന്തു ചെയ്യുമെന്നതാണ് വിഷയം. അക്ഷയ പദ്ധതി വഴി ഐ ടി സാക്ഷരത വര്‍ദ്ധിപ്പിച്ച കേരളത്തിന് അതിനും മാര്‍ഗ്ഗമുണ്ടാക്കാവുന്നതേയുള്ളൂ. എന്തൊക്കെയായാലും സ്വതന്ത്രസോഫ്റ്റ്വെയറിന് മുമ്പത്തേക്കാളേറെ വേരോട്ടം ഉണ്ടായിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മൈക്രോസോഫ്റ്റ് അജയ്യനായി തുടരുന്നതിന്റെ മുഖ്യ കാരണം ഇതാണ്. അത്തരമൊരു ശക്തിയോടു മത്സരിക്കാന്‍ വെറും പ്രചരണം മാത്രം പോരാ പ്രവൃത്തിയാണ് ആവശ്യം എന്നാണ് വര്‍ത്തമാന കേരളത്തിലെ ഐ ടി മേഖല സാക്ഷ്യപ്പെടുത്തുന്നത്.