
ഒന്നേയുള്ളുവെങ്കില്‍ ഉലക്കക്കടിച്ച് വളര്‍ത്താം രണ്ടായാലോ ?. രണ്ടിനേം തല്ലി വളര്‍ത്തിയില്ല എന്നതു മാത്രമല്ല ഇരു തോളിലും എടുത്തു വച്ച് താലോലിച്ച് വഷളാക്കിയതാണ് കരുണാകരന് പറ്റിയ തെറ്റ്. സേവാദള്‍ ചെയര്‍മാന്‍, കെ പി സി സി വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, മന്ത്രി - വെറും കിങ്ങിണിക്കുട്ടനായി കേരളരാഷ്‌ട്രീയത്തില്‍ പ്രവേശിച്ച മകന്‍ മുരളീധരന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. വളര്‍ന്നു വളര്‍ന്ന് അഛന്റെ തലക്കു മുകളില്‍ വരെ. എവിടെയും നിന്നു പൊറുക്കാന്‍ പറ്റാതെ ഒടുവില്‍ പഴയസഹയാത്രികന്‍ ശരദ്‌പവാറിനൊപ്പം എന്‍ സി പിയില്‍ ചേക്കേറി അഛനും മകനും. കേരളത്തില്‍ ഏറ്റവും ചെറിയ കേരളാ കോണ്‍ഗ്രസിനുള്ള വില പോലും കേന്ദ്രത്തില്‍ പവാറിന്റെ പാര്‍ട്ടിക്കില്ല എന്ന് കരുണാകരന് നന്നായി അറിയാം. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഒരു കാലത്ത് കിംഗ് മേക്കറായ കരുണാകരനെയാണോ മുരളി രാഷ്‌ട്രീയക്കളികള്‍ പഠിപ്പിക്കുന്നത്. ഉമ്മന്‍ ചാണ്ടിയും, ആന്റണിയും, രമേശും എന്തിന് മന്‍മോഹന്‍ സിംഗുപോലും കോണ്‍ഗ്രസ്സല്ല, കോണ്‍ഗ്രസ്സുകാരനായി ജീവിച്ച താന്‍ കോണ്‍ഗ്രസ്സുകാരനായി തന്നെ മരിക്കുമെന്ന് കരുണാകരന്‍ ഇടക്കിടെ വീമ്പ് പറയാറുള്ളതാണ്. അതുകൊണ്ടാണ് അവസാനകാലത്തെങ്കിലും കോണ്‍ഗ്രസ്സിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം കരുണാകരന്‍ പ്രകടിപ്പിച്ചത്.
കറിവേപ്പിലയായാലും കരുണാകരനായതുകൊണ്ട് വേണമെങ്കില്‍ മടങ്ങിവരാമെന്ന് തന്നോട് ഇപ്പോഴും കൂറുകാണിക്കുന്ന ചിലര്‍ നേരത്തേ ഒളിഞ്ഞും തെളിഞ്ഞും പ്രസ്‌താവിച്ചതാണ്. സോണിയാ ഗാന്ധിയെ അംഗീകരിക്കുന്ന ആര്‍ക്കും കോണ്‍ഗ്രസ്സിലേക്ക് മടങ്ങിവരാമെന്ന് ശിഷ്യന്‍ രമേശ് ചെന്നിത്തലയും എന്തിന് രാജ് മോഹന്‍ ഉണ്ണിത്താന്‍ വരെ പലവട്ടം പറഞ്ഞു. അതിന് അന്നും ഇന്നും വിഘാതമായത് മകന്‍ മുരളീധരനാണ്. കെ പി സി സി പ്രസിഡന്റും പേരിനാണെങ്കില്‍ പോലും ഒരു മന്ത്രിയുമായ ആളല്ലേ കോണ്‍ഗ്രസ്സില്‍ തിരിച്ചു വന്നാല്‍ ആ പഴയ സ്ഥാനം പോയിട്ട് പ്രവര്‍ത്തകസമിതിയില്‍ പോലും കേറ്റില്ലെന്ന് മുരളിക്ക് നന്നായിട്ടറിയാം. രാഷ്‌ട്രീയ വനവാസം വേണ്ടിവന്നാലും കോണ്‍ഗ്രസ്സിലേക്കില്ലെന്ന് മുരളി പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തേ തങ്ങളെ വിട്ട് പോയ പഴയ ഗുണ്ടയായ ശങ്കരനും കൊട്ടാരം നര്‍ത്തകിയായിരുന്ന ശോഭനക്കുപോലും കോണ്‍ഗ്രസ്സില്‍ ഇനിയുമൊന്നുമാവാന്‍ കഴിഞ്ഞിട്ടില്ല, പിന്നയല്ലേ മുരളി. മുരളീധരന്റെ ഭീഷണിക്കു വഴങ്ങുന്ന പണി നിര്‍ത്തിയെന്ന് നേരിട്ടല്ലെങ്കിലും പലവട്ടം പറഞ്ഞുകഴിഞ്ഞു കരുണാകരന്‍. മകന്‍ അങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ അതിശയമുള്ളൂ. പിന്നില്‍ നിന്ന് ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നത് പണ്ട് ആലുവയില്‍ കരുണാകരനെതിരെ യോഗം കൂടിയതിന് തല്ലുവാങ്ങിച്ച എം പി ഗംഗാധരനല്ലേ. പീതാംബരക്കുറുപ്പും കരുണാകരനും കൂട്ടരും പിന്നെ മുരളിയും ഗംഗാധരനും കൂട്ടരും എന്നിങ്ങനെ പ്രകടമായി ചേരിതിരിഞ്ഞ് ഐ ഗ്രൂപ്പിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ആക്രമണവും തുടങ്ങിക്കഴിഞ്ഞു.
പക്ഷേ കരുണാകരന്‍ രണ്ടും കല്‌പിച്ചുള്ള പുറപ്പാടാണ്. സോണിയയെ അംഗീകരിക്കുന്നു എന്നു പലവട്ടം പറഞ്ഞ് ആണയിട്ടു കഴിഞ്ഞു അദ്ദേഹം. മദാമ്മയെന്നു വിളിച്ചത് അവരെ അപമാനിക്കാനായിരുന്നില്ലത്രേ. അതിലവര്‍ക്ക് വിഷമമുണ്ടെങ്കില്‍ അതൊഴിവാക്കാമെന്ന് തോന്നിയിട്ടുണ്ട്. കരുണാകരന്‍ കുംഭസരിക്കുന്നു. കരുണാകരന്‍ എത്രത്തോളം താഴാമോ അതിലും താഴെയാണ് അദ്ദേഹം ഇപ്പോള്‍ നില്‍ക്കുന്നത്.
ഗാന്ധി കുടുംബത്തോട് കരുണാകരനുള്ള ഭയഭക്തി ബഹുമാനത്തേക്കുറിച്ച് ഇപ്പറഞ്ഞ പൈപ്പ് ഗംഗാധരന്‍ പോലും മറുത്തുപറയുമെന്ന് തോന്നുന്നില്ല. ഗാന്ധികുടുംബത്തില്‍ ഒരു മദാമ്മ നുഴഞ്ഞുകയറിയതിലല്ല കരുണാകരന് വിഷമം. അവര്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാ പിന്തുണയുമായി അദ്ദേഹം കൂടെ നിന്നതുമാണ്. എല്ലാം താനടക്കമുള്ളവര്‍ വളര്‍ത്തിവലുതാക്കിയ പ്രസ്ഥാനത്തിനു വേണ്ടിയായിരുന്നു. നെറികേടുകാണിച്ചാല്‍ അതു ഗുരുവായൂരപ്പനാണെങ്കില്‍ പോലും കരുണാകരന്‍ ക്ഷമിക്കില്ല. മകള്‍ പത്മജയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ വച്ചു നടത്തിയ ചടങ്ങില്‍ എത്തിയ സോണിയ വധൂവരന്മാരെ അനുഗ്രഹിച്ച് കരുണാകരനെ കണ്ട ഭാവം പോലും നടിക്കാതെ കടന്നുകഞ്ഞു. അതുമാത്രമോ പിന്നീട് കേരളത്തില്‍ രണ്ടുതവണയെത്തിയപ്പോഴും കരുണാകരന്‍ എന്ന ഒരു സീനിയര്‍ കോണ്‍ഗ്രസ്സ് നേതാവ് ജനിച്ചുവളര്‍ന്ന മണ്ണാണെന്ന ഭാവം പോലും സോണിയയോ തന്റെ ശിഷ്യഗണങ്ങളായ കോണ്‍ഗ്രസ്സുകാരോ കാണിച്ചില്ല. എ ഐ സി സി സമ്മേളനത്തില്‍ കസേരപോലും നല്‍കാന്‍ കേന്ദ്രനേതൃത്വേ കൂട്ടാക്കിയില്ല. ഇന്ദിരക്കും സ്വന്തം ഭര്‍ത്താവ് രാജീവിനുമൊപ്പം നിന്ന് അവരുടെ സ്വന്തക്കാരനായി വിരാജിച്ച തന്നെ ഒരു ഗാന്ധിയുടെ ഭാര്യയായ സോണിയ മൈന്റ് ചെയ്യാതിരുന്നതിലാണ് കരുണാകരന് വിഷമം.
എല്ലാം മകന്‍ കിങ്ങിണിക്കുട്ടന്‍ വരുത്തിവച്ച വിനയാണ്. എ കെ ആന്റണിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരത്തിലേറുമ്പോള്‍ നീക്കുപോക്കുകളുടെ ബലത്തില്‍ മുരളീധരന്‍ കെ പി സി സി പ്രസിഡന്റായി. കിങ്ങിണിക്കുട്ടനില്‍ നിന്നും തന്ത്രശാലിയായ ഒരു രാഷ്‌ട്രീയ നേതാവിലേക്കുള്ള ദൂരം അത്ര വലുതല്ല എന്ന് മുരളി തെളിയിച്ചു. അടുത്ത മുഖ്യമന്ത്രിയായി വരെ മുരളിയെ വാഴ്‌ത്തപ്പെട്ടു. അന്ന് കേരളത്തില്‍ ചില അസ്വാരസ്യങ്ങളുണ്ടെങ്കിലും ഐ ഗ്രൂപ്പ് എന്നു പറയുന്ന ഒരു സാധനം ഉണ്ടായിരുന്നു. കടവൂര്‍ ശിവദാസനും പി ശങ്കരനുമടക്കമുള്ള വിശ്വസ്‌തരെല്ലാം മന്ത്രിമാര്‍. മുരളിയെ ഭാവി മുഖ്യമന്ത്രിയാക്കുകയെന്ന കണക്കുകൂട്ടലില്‍ കരുണാകരനിലെ കൗശലശാലി ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി. ഗ്രൂപ്പുകള്‍ തമ്മില്‍ തുടങ്ങിയ പോര് പക്ഷേ എത്തിനിന്നത് സ്വന്തം ഗ്രൂപ്പിനകത്തെ പോരിലാണ്. വിശ്വസ്‌തനായ കെ വി തോമസ് കാലുമാറി. ചിലപ്പോള്‍ മകന്‍ മുരളീധരന്‍ വരെ അഛനെതിരെ പരസ്യമായി രംഗത്തുവന്നു. ആന്റണിയുടെ ഭരണവും കരുണാകരന്റെ നാവിന് വ്യായാമം നല്‍കുക എന്ന സദുദ്ദേശ്യത്തോടുകൂടി യുള്ളതായിരുന്നു. രാജ്യസഭാ സീറ്റിനെചൊല്ലിയായിരുന്നു പിന്നെത്തെ തര്‍ക്കം. എന്തുവന്നാലും ഐ ഗ്രൂപ്പിന് കൊടുക്കില്ലെന്ന് മറ്റുള്ളവര്‍. കാസര്‍ക്കോടുനിന്നും മീശ കറുപ്പിച്ച കോടോത്ത് ഗോവന്ദന്‍ എന്നൊരു നായരെ ഇറക്കുമതി ചെയ്‌ത് കരുണാകരന്‍ റിബല്‍ സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ചു. എപ്പോള്‍ തോറ്റെന്നു ചോദിച്ചാല്‍ മതി. ഐ ഗ്രൂപ്പെന്നാല്‍ അഛനും മകനും നാലഞ്ചു ശിങ്കിടികളുമാണെന്ന് തെളിയിച്ചുകൊടുത്തു ആ തിരഞ്ഞെടുപ്പ്. തൊട്ടുപിന്നാലെ വന്ന എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായ സെബാസ്റ്റ്യന്‍ പോളിന് കൂറുപ്രഖ്യാപിച്ച് പരസ്യമായി കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ ഐ ഗ്രൂപ്പുകാര്‍ രംഗത്തുവന്നു. മകനെയും മകളെയും വച്ചുള്ള ഒരഛന്റെ നാണം കെട്ട രാഷ്‌ട്രീയ കളിയായി മാറി എറണാകുളം ഉപതിരഞ്ഞെടുപ്പ്. ഔദ്യോഗിക കോണ്‍ഗ്രസ്സ് എന്നും കരുണാകരന്‍ കോണ്‍ഗ്രസ്സ് എന്നുമൊക്കെയുള്ള വേര്‍തിരിവുകള്‍ അപ്പോളേക്കും ശക്തമായിരുന്നു. പോരുമൂത്ത് സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാന്‍ കരുണാകരന്‍ തീരുമാനിച്ചു. തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ ചേര്‍ന്ന പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപന സമ്മേളനത്തെ പാരവച്ചത് മുരളീധരന്‍ തന്നെയാണ്. അഛന്റെയല്ലേ മോന്‍. ആന്റണി ഒരു മന്ത്രിസ്ഥാനം വച്ചു നീട്ടിയാല്‍ പോകാതിരിക്കുമോ? ആ സമ്മേളനത്തോടെ എട്ടു പേര്‍ ചോര്‍ന്നുപോയി. അതോടെ കരുണാകരഗ്രൂപ്പിന്റെ അംഗബലം രണ്ടു മന്ത്രിമാരടക്കം പതിനാറുപേര്‍ എന്നായി.
കരുണാകരന്റേയും മക്കളുടേയും അധോഗതി തുടങ്ങിയത് മുരളിക്കുവേണ്ടി നടത്തിയ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിലും ഒപ്പം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലുമായിരുന്നു. മുരളി മാത്രമല്ല മുകുന്ദപുരത്തുനിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച പത്മജയക്കം എല്ലാ യു ഡി എഫുകാരും തോറ്റു. ഈ തിരഞ്ഞെടുപ്പോടെയാണ് ഡി ഐ സി എന്ന ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടത് കരുണാകരന്റെയും മക്കളുടെയും നിലനില്‍പ്പിന് ആവശ്യമായി തീര്‍ന്നത്. അങ്ങനെ ഒരു തൊഴിലാളി ദിനത്തില്‍ തൃശൂരില്‍ ഡി ഐ സി എന്ന കരു-മുരു കോണ്‍ഗ്രസ് പിറന്നു. അപ്പോപ്പോഴേക്കും കരുണാകരന്റെ പാര്‍ട്ടി ബലം 9 എം എല്‍ എമാരായി ചുരുങ്ങിയിരുന്നു. എന്നിട്ടും എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, ടൈം ബോംബ്, എ കെ 47.... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബദ്ധവൈരികളായിരുന്നു ഇടതുപക്ഷത്തിനൊപ്പം നിന്നു മത്സരിച്ചു. തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പില്‍ പന്ന്യനുവേണ്ടി വോട്ടു പിടിച്ചു. കരുണാകരന്‍ എന്ന രാഷ്‌്രകീയക്കാരന്‍ എത്രത്തോളം അധപ്പതിക്കാമോ അതൊക്കെ ചെയ്‌തു. എന്നിട്ടും ആ നന്ദി ഇടതുമുന്നണിക്കാര്‍ കാണിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് വെളിയത്തിന്റെയും ചന്ദചൂഡന്റെയുമൊക്കെ രൂപത്തില്‍ അനിവാര്യമായത് സംഭവിച്ചു. കരുണാകരന്‍ പടിക്കു പുറത്ത്. അപാരതൊലിക്കട്ടിയുള്ള കരുണാകരനും മുരളീധരനും യു ഡി എഫിനൊപ്പം പറ്റിപ്പിടിച്ചു മത്സരിച്ചു. ഫലം നട്ടെല്ലുണ്ടെന്ന് അഹങ്കരിച്ച മുരളി സ്വന്തം തട്ടകത്തില്‍ കൊടുവള്ളി തട്ടിത്തടഞ്ഞുവീണു. ഡി ഐ സിയുടെ ഒരു തോമസ് ചാണ്ടി മാത്രം തന്റേതല്ലാത്ത കാരണത്താല്‍ കുട്ടനാട്ടില്‍ ജയിച്ചു. പത്മജയുടെ ലിപ്‌സ്റ്റിക്കിട്ട് ചുവപ്പിച്ച ചുണ്ടുകള്‍ ഒരു ചാനലിനും വേണ്ടാതായി. ഇന്ദിരാ കോണ്‍ഗ്രസ്സിന് രാശി പോരെന്ന് കരുണാകരന്‍ മനസ്സിലാക്കി.
ഒരു മുന്നണിയിലും വേണ്ടാതെ എത്രകാലം ഇങ്ങനെ നടക്കും. ഇന്ദിരയെ തള്ളിപ്പറഞ്ഞ പവാറിന്റെ വരവും ലയനപ്രഖ്യാനവും കരുണാകരനുവേണ്ടി മുണ്ടുമടക്കിക്കുത്തി കുറുവടിയെടുത്തിറങ്ങിയ ശങ്കരന്‍ പോലും അറിഞ്ഞില്ല. പെട്ടെന്നാണ് സോണിയക്കും ഇന്ദിരക്കും ശേഷം മറ്റൊരു ഗാന്ധി കരുണാകരന്റെ നാവിന്‍തുമ്പത്തുനിന്ന് അടര്‍ന്നു വീണത്. ഇതുവരെ അവശിഷ്ട കോണ്‍ഗ്രസ്സെന്നും ഉമ്മന്‍ കോണ്‍ഗ്രസ്സെന്നും അലൂമിനിയം കോണ്‍ഗ്രസ്സെന്നും ഒക്കെ പറഞ്ഞു നടന്ന കരുണാകരന്‍ ഓ സി യെന്നു താന്‍ ഓമനപ്പേരിട്ടു വിളിക്കുന്നത് ഒറിജിനല്‍ കോണ്‍ഗ്രസ്സാണെന്നു തട്ടിവിട്ടു. ഔദ്യോഗിക കോണ്‍ഗ്രസ്സ് എന്ന ഒരു സാധനം ഭൂലോകത്ത് ഉണ്ടെന്ന് സമ്മതിച്ചു ലീഡര്‍. ഇത്രയും കാലം പറ്റിയ അപകടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാകണം അദ്ദേഹം ഒരു ഗ്രൂപ്പിലുമില്ലാത്ത മഹാത്മാ ഗാന്ധിയെ തന്നെ തിരഞ്ഞെടുത്തത്. കോഴിക്കോട് മുരളീധരന്റെ വസതിയില്‍ വച്ചു പവാറുമായി നടത്തിയ കൂടിക്കാഴ്‌ചക്കുശേഷം കരുണാകരന്‍ അടിച്ചുവിട്ടത് മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങള്‍ മാനിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ഒന്നിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഡി ഐ സി യെന്ന തന്റെ പാര്‍ട്ടി എന്‍ സി പിയില്‍ ലയിക്കുന്നത് എന്നായിരുന്നു. കൂടെ പവാറിന് പലരോടും ആലോചിക്കാന്‍ കാണും എന്നാല്‍ കരുണാകരന് ഡി ഐ സി ലയിക്കുന്നതിനേക്കുറിച്ച് ആരോടും ആലോചിക്കാനില്ല എന്ന വീരവാദവും. പോരെ പൂരം. പിന്നീടെല്ലാം ഒരു ഇടിപ്പടത്തിന്റെ ക്ലൈമാക്‌സുപോലെ പെട്ടെന്നു തീര്‍ന്നു. ശോഭനാ ജോര്‍ജ്ജും സരളാദേവിയും ബാലറാമും ശങ്കരനുമടങ്ങുന്ന സംഘം ചിലര്‍ കണ്ണീര്‍ പൊഴിച്ചും ചിലര്‍ അല്ലാതെയും കോണ്‍ഗ്രസ്സിലേക്കു മടങ്ങിയതോടെ ഡി ഐ സിയെന്നാല്‍ അഛനും മകനും ഒന്നിനും കൊള്ളാത്ത എം പി ഗംഗാധരനും മറ്റുചിലരുമെന്നായി. ഒടുവില്‍ എന്‍ സി പി ലയനം. പാപി ചെന്നടം പാതാളം.. എന്തുപറയാന്‍. എന്‍ സി പി ഇടതുമുന്നണിയില്‍ നിന്ന് പുറത്ത്. കേരളത്തില്‍ കരുണാകരനെന്നു പേരുള്ള നേതാവും മക്കളും ജീവിച്ചിരിപ്പുണ്ടോ എന്നു പോലും നാട്ടുകാര്‍ക്കറിയില്ല എന്ന ഗതിയായി. രാജനെന്ന കോഴിക്കോട് ആര്‍ ഇ സി വിദ്യാര്‍ത്ഥിയെ ഇല്ലാതാക്കിയ കരുണാകരന്‍, ടി വി ഈച്ചരവാര്യരുടെ കണ്ണീര്‍ വീഴ്‌ത്തിയ കരുണാകരന്‍ സ്വന്തം മകനാല്‍ തന്നെ ഒന്നുമല്ലാത്തവനായി രാഷ്‌ട്രീയത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ തെണ്ടി നടന്നു. കരുണാകരനേക്കാള്‍ ചെറിയവര്‍ ഇന്ത്യയില്‍ രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയുമായത് കണ്ടുകൊണ്ട്. തന്റെ മുന്നില്‍ ഒന്നുമല്ലാതിരുന്ന ശങ്കരനാരായണന്‍ വരെ ഗവര്‍ണറായി. ഇതെല്ലാം കരുണാകരന്‍ എന്ന വൃദ്ധനായ രാഷ്‌ട്രീയക്കാരനെ ഇരുത്തിച്ചിന്തിപ്പിച്ചിരിക്കണം. അതുതന്നെയാവും മകനെ വിട്ട് കോണ്‍ഗ്രസ്സിലേക്ക് മടങ്ങാനുള്ള നീക്കത്തിനുപിന്നിലും. കരുണാകരനും മകനും കാരണം ഒറ്റ ലോക്‌സഭാ സീറ്റു പോലും കിട്ടാതിരുന്ന, ഉറച്ച സീറ്റുകള്‍ പോലും നഷ്‌ടപ്പെട്ടതില്‍ വേദനിക്കുന്ന മദാമ്മാഗാന്ധി കാണ്‍ഗ്രസ്സില്‍ ഇനി കരുണാകരനെ അടുപ്പിക്കുമോ എന്ന കാര്യം കാത്തിരുന്ന് കാണാം.
............................................................................................. (പുഴ. കോം)