മാറുന്ന രാഷ്ട്രീയ നിലപാടുകള്‍ക്കും സാഹചര്യങ്ങള്‍ക്കും വേണ്ടി നര്‍മ്മദയുടെ നിലവിളി മാധ്യമങ്ങളില്‍ നിന്നും കുടിയിറക്കപ്പെട്ടു കഴിഞ്ഞു. ഇന്ന് സര്‍ദാര്‍ സരോവര്‍ അണക്കെട്ടു നിര്‍മ്മാണവും പുനരധിവാസവും ഒരു രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയാണ്. നിലനില്‍പ്പിനുവേണ്ടി സമരം ചെയ്യുന്ന ഒരു ജനതയുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ചര്‍ച്ച ഒടുവില്‍ എത്തിച്ചേര്‍ന്നത് കോണ്‍ഗ്രസ്സും ബി ജെ പിയും തമ്മിലുള്ള വടംവലിയിലാണ്. അന്തിമതീരുമാനമെടുക്കാന്‍ സുപ്രീംകോടതി ചുമതലപ്പെടുത്തിയ പ്രധാനമന്ത്രിയും അവസാനം ഇവരെ കൈയൊഴിഞ്ഞു. 2000-ലെ സുപ്രീം കോടതി ഉത്തരവിന് അനുസൃതമായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവരുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. ബി ജെ പി ഭരിക്കുന്ന ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നു പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ജലവിഭവ മന്ത്രി സൈയ്ഫുദ്ദീന്‍ സോസ് വിളിച്ചു ചേര്‍ത്ത പുനരവലോകന കമ്മറ്റിയില്‍ അണക്കെട്ടിന്റെ ഉയരം കൂട്ടുന്നതിനുവേണ്ടി ശക്തമായി വാദിച്ചത്. പുനരധിവാസം നടത്തിയിട്ടുമതി അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന സെയ്ഫുദ്ദീന്‍ സോസിന്റെ നിലപാടിനെ കേന്ദ്രമന്ത്രി എ രാജയും മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖും അനുകൂലിച്ചു. ഈ ചര്‍ച്ച വഴിപിരിഞ്ഞതോടെയാണ് പ്രധാനമന്ത്രി പ്രശ്നം സുപ്രീം കോടതിയുടെ പരിഗണക്ക് വിടാന്‍ തീരുമാനിച്ചത്.മൊത്തം രണ്ടുകോടിയില്‍ പരം ജനങ്ങള്‍ വസിക്കുന്ന ഒരു വലിയ ആവാസ വ്യവസ്ഥയാണ് നര്‍മദയും അതിന്റെ പോഷക നദികളുമടങ്ങുന്ന നദീതടം. നര്‍മദ നദീതട വികസന പദ്ധതിയില്‍ 30 വന്‍കിട അണക്കെട്ടുകളും 135 ഇടത്തരം അണക്കെട്ടുകളും മൂവായിരത്തോളം ചെറുകിട അണക്കെട്ടുകളും നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഏറ്റവും വലിയ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഉയരുമ്പോഴാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുക.ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്നാണ് സര്‍ദാര്‍ സരോവര്‍ പദ്ധതിക്കു രൂപം നല്‍കിയത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ മൂന്നു സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഒരു മഹാതടമായിരിക്കും സര്‍ദാര്‍ സരോവര്‍. 138.7 മീറ്റര്‍ ഉയരമുള്ള അണക്കെട്ട് ഉ.രുന്നതോടെ ഈ മൂന്ന് സംസ്ഥാനങ്ങളിലുമായി 37000 ഹെക്ടര്‍ ഭൂമിയാണ് വെള്ളത്തിനടിയിലാവുക. 234 ഓളം ഗ്രാമങ്ങള്‍ ഇല്ലാതെയാകും. ഗുജറാത്തില്‍ ഏകദേശം 17 ലക്ഷം ഹെക്ടര്‍ ഭൂമിയിലും രാജസ്ഥാനില്‍ 75000 ഹെക്ടര്‍ ഭൂമിയിലും കൃഷിജലം എത്തിക്കാമെന്നും 1450 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കാമെന്നുമാണ് കണക്കുകൂട്ടല്‍. അണക്കെട്ടിന്റെ ഉയരം വര്‍ദ്ധിപ്പിക്കണമെങ്കില്‍ പുനരധിവാസം പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം മാനിക്കാതെയാണ് ഈയിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ജലമന്ത്രാലയത്തിന്റെ ഉത്തരവ് കൈപ്പറ്റിയതിന്റെ തൊട്ടുപിന്നാലെ തന്നെ വന്‍ സന്നാഹങ്ങളോടെ ഗുജറാത്ത് സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാരംഭിച്ചു. ഇതേതുടര്‍ന്നാണ് നര്‍മ്മദാ ബചാവോ ആന്ദോളന് നേതാവും പ്രശസ്ഥ പരിസ്ഥിതി പ്രവര്‍ത്തകയുമായ മേധാ പട്കറുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയിലെ ജലവിഭവ മന്ത്രാലയത്തിനു മുന്നില്‍ നിരാഹാര സമരമാരംഭിച്ചത്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും സര്‍ക്കാരിനെതിരെ പ്രതിഷേധമുണ്ടായിട്ടുപോലും മേധാ പട്കര്‍ക്ക് 20 ദിവസം നിരാഹാരം കിടക്കേണ്ടി വന്നു എന്നതുതന്നെ സര്‍ക്കാരിന് ഊ പ്രശ്നത്തോടുള്ള സമീപനം വ്യക്തമാക്കുന്നു. നിരാഹാരം കിടക്കുന്ന മേധയുടെ ജീവന് പോയാലും തങ്ങള്‍ അണക്കെട്ടു നിര്‍മ്മിച്ചേ അടങ്ങൂ എന്ന തീവ്ര നിലപാടെടുത്തത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ ബി ജെ പിയുടെ മുഖ്യ പ്രചാരണ ആയുധമാണ് സര്‍ദാര്‍ സരോവര്‍ പദ്ധതി. അണക്കെട്ടിന്റെ ഉയരം 132 അടിയാക്കി ഉയര്‍ത്തിയാല്‍ സംസ്ഥാനത്തെ മുഴുവന്‍ കുടിവെള്ള ക്ഷാമവും പരിഹരിക്കാമെന്നാണ് നരേന്ദ്രമോഡിയുടെ വാദം.ഗുജറാത്തിലെ വരള്‍ച്ച നേരിടുന്ന പ്രദേശത്തെ പ്രത്യേകിച്ചും കുടിവെള്ള ക്ഷാമം രൂക്ഷമായ കച്ച്- സൗരാഷ്ട്ര മേഖലയില്‍, മൂന്നു കോടിയില്‍ പരം ജനങ്ങള്‍ക്കു കുടിവെള്ളം ലഭിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. ഗുജറാത്തില്‍ വര്‍ധിച്ചു വരുന്ന വ്യാവസായിക ആവശ്യങ്ങള്‍ക്കും, മത്സ്യ കൃഷി, ടൂറിസം, എന്നിവക്കുവേണ്ട ജലവും ഇതുവഴി ലഭിക്കുമെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്.കഴിഞ്ഞ പതിനാറു വര്‍ഷത്തിനിടെ ഗുജറാത്ത് സര്‍ക്കാര്‍ അണക്കെട്ടിനായി മുടക്കിയത് 21000 കോടി രൂപയാണ്. നര്‍മ്മദ പ്രശ്നത്തില്‍ ശരിക്കും വെട്ടിലായിരിക്കുന്നത് കോണ്‍ഗ്രസ്സാണ്. സര്‍ദാര്‍ സരോവര്‍ പദ്ധതി ബി ജെ പി തിരഞ്ഞെടുപ്പായുധമാക്കുമ്പോള് കോണ്‍ഗ്രസ്സിന് ഒരു ഭാഗത്തും ചേരാന്‍ പറ്റാത്ത അവസ്ഥയാണ്. മേധാ പട്കറുടെ നിരാഹാര സമരത്തെ കണ്ടില്ലെന്നു നടിച്ച് അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മതം മൂളിയാല്‍ നരേന്ദ്ര മോഡിക്ക് ഗുജറാത്തില്‍ ജയിച്ചു കയറാനുള്ള വഴിവെട്ടലാകുമത്. പ്രശ്നം തീരുമാനമാകാതെ അനിശ്ചിതകാലം നീണ്ടാല്‍ ഇതിനകം തന്നെ സമരരംഗം കൈയേറിയ ഇടതുപക്ഷം കോണ്‍ഗ്രസ്സിനെതിരേയുള്ള തിരഞ്ഞെടുപ്പായുധമാക്കിമാറ്റും. 'നര്‍മ്മദാ ബചാവോ ആന്ദോളനേ'യും ഗുജറാത്തില്‍ കലാപം സംഘടിപ്പിച്ച് പരിചയമുള്ള നരേന്ദ്രമോഡിയേയും ഒരേപോലെ മെരുക്കാന്‍ സുപ്രീം കോടതിയുടെ മുന്നറിയിപ്പിനു കഴിഞ്ഞു എന്ന് കോണ്‍ഗ്രസ്സിന് ആശ്വസിക്കാം. പക്ഷേ രാഷ്ട്രീയത്തിനതീതമായ യാഥാര്‍ഥ്യം വ്യത്യസ്ഥമാണ്. ഇരുരാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള രാഷ്ട്രീയ വടം വലിയില്‍ ബലിയാടാകുക നിലനില്‍പ്പിനു വേണ്ടി സമരം ചെയ്യുന്ന ഗ്രാമീണരാണ്. 320000 ഓളം വരുന്ന ജനങ്ങളെ പുനരധിവസിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്രയും പേരെ എവിടെ പുനരധിവസിപ്പിക്കണെന്ന കാര്യത്തില്‍ ബി ജെ പി തന്നെ ഭരിക്കുന്ന ഗുജറാത്തും മധ്യപ്രദേശും തമ്മില്‍ ശീതസമരം തുടരുകയാണ്. അണക്കെട്ടു നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കൂടുതല്‍ പ്രയോജനം ലഭിക്കുക ഗുജറാത്തിനായിരിക്കും നഷ്ടം സഹിക്കേണ്ടതാണെങ്കില്‍ മധ്യപ്രദേശും. അതുകൊണ്ടുതന്നെ കുടിയൊഴിപ്പിക്കുന്നവരെ ഏതു സംസ്ഥാനത്തു താമസിപ്പിക്കണമെന്ന കാര്യത്തില്‍ ഗുജറാത്ത്- മധ്യപ്രദേശ് സര്‍ക്കാറുകള്‍ തമ്മില്‍ തീരുമാനത്തില്‍ എത്തിയിട്ടില്ല. മധ്യപ്രദേശിന്റെയും ഗുജറാത്തിന്റെയും അതിര്‍ത്തിയില്‍ ഗുജറാത്തിലെ ബറൂച്ച് ജില്ലയിലാണ് സര്‍ദാര്‍ സരോവര്‍ ഡാം. ഡാം ഉയരുമ്പോള്‍ മുങ്ങിപ്പോകുന്ന ഭൂരിഭാഗം പ്രദേശങ്ങളും മധ്യപ്രദേശിലാണ്. അണക്കെട്ടുകൊണ്ട് കൂടുതല്‍ ഗുണമനുഭവിക്കുന്ന ഗൂജറാത്ത് സര്‍ക്കാര്‍ തന്നെ പുനരധിവാസത്തിന് ചുക്കാന്‍ പിടിക്കട്ടെയെന്നാതാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ നിലപാട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനഭൂമിയുള്ള മധ്യപ്രദേശ് സര്‍ക്കാര്‍ ഇതേവരെ ഒരു തുണ്ടു ഭൂമിപോലും ഇവര്‍ക്കുവേണ്ടി നീക്കിവെക്കാന്‍ തയ്യാറായിട്ടില്ല. മധ്യപ്രദേശ് സര്‍ക്കാര്‍ ഇന്ന് കെട്ടിപ്പൊക്കിയിട്ടുള്ള പുനരധിവാസ കേന്ദ്രങ്ങളിലൊന്നും തന്നെ പ്രാഥമിക സൗകര്യങ്ങള്‍ക്കു പോലും സ്ഥലമില്ല എന്നതാണ് സത്യം. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ഇഷ്ടമുള്ള സംസ്ഥാനം തിരഞ്ഞെടുക്കാമെന്നാണ് നര്‍മദ ട്രിബ്യൂണലിന്റെ ഉത്തരവ്. എന്നാല്‍ ഗുജറാത്ത് സര്‍ക്കാരിന്റെ പീഡനങ്ങളും വൃത്തിഹീനമായ പുനരധിവാസകേന്ദ്രങ്ങളുമെല്ലാം ഇവരെ ഗുജറാത്തിലേക്ക് പോകുന്നതില്‍ നിന്നും വിലക്കുന്നു. അതേസമയം വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്താതെ, കുടിവെള്ളം പോലും നല്‍കാതെ പീഡിപ്പിക്കുക, കള്ളക്കേസുകളില്‍ കുടുക്കി പോലീസ് ലോക്കപ്പിലിട്ടു പീഡിപ്പിക്കുക തുടങ്ങിയ ഹീനമായ മാര്‍ഗ്ഗങ്ങളിലൂടെ ഗുജറാത്ത് സര്‍ക്കാര്‍ ഇവരെ മധ്യപ്രദേശിലേക്കു തള്ളിവിടാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വടംവലിയിലും സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളിലും പെട്ട് പുനരധിവാസം ഇനിയും നീണ്ടുപോകുമെന്നതുറപ്പാണ്. പദ്ധതി പ്രദേശത്തുനിന്നും ജനങ്ങളെ ഒഴിപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിലും നടപ്പാക്കുന്നതിലും അധികൃതര്‍ മുന്നോട്ടുപോകുകയും ചെയ്യും.ഇതിനകം തന്നെ അനധികൃതമായി ഗുജറാത്ത് സര്‍ക്കാര്‍ അണക്കെട്ടിന്റെ ഉയരം രണ്ടുമീറ്റര്‍ ഉയര്‍ത്തിയതായി ആരോപണമുണ്ട്. ഇവിടെ വീണ്ടും വഞ്ചിക്കപ്പെടുക നദീതടവാസികളായ ഗിരിവര്‍ഗ്ഗക്കാരാണ്. എല്ലാ അണക്കെട്ടുകള്ക്കുപിന്നിലും ഒരു കുടിയൊഴിപ്പിക്കലിന്റെ കഥയുണ്ട് എന്ന വസ്തുത ഈ വഞ്ചനക്ക് ഒരു ന്യായീകരണവുമാകും. നര്‍മദയുടെ നിലിളി ശൂന്യതയിലുമാകും. (ദീപിക 2006 ഏപ്രില്‍ 24 തിങ്കള്‍) വൈപ്പാറിന്റെ ദാഹം തീര്‍ത്താല്‍ കേരളം കൂടുതല്‍ വരള്‍ച്ചയിലേക്ക്