Sunday, December 30, 2007

ഗുജറാത്തിന്റെ വിധി, ഇന്ത്യയുടെയും

ടുവില്‍ മോഡി തന്നെ ജയിച്ചു. അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഗുജറാത്തില്‍ മതേതര ഇന്ത്യക്ക്‌ കളങ്കം ചാര്‍ത്തിയ മനുഷ്യക്കുരുതി നടക്കുമ്പോള്‍ വീണ വായിക്കുകയായിരുന്നുവെന്ന്‌ പരമോന്നത നീതി പീഠം വിശേഷിപ്പിച്ച അതേ നരേന്ദ്രമോഡി പ്രവചനങ്ങളേയെല്ലാം മറികടന്ന്‌ ഗുജറാത്തില്‍ ഗംഭീര വിജയം നേടിയത്‌ കോണ്‍ഗ്രസ്സും ഇടതുപക്ഷവും അടങ്ങുന്ന യു പി എ യെമാത്രമല്ല മോഡി പ്രതിനിധീകരിക്കുന്ന ഭാരതീയജനതാ പാര്‍ട്ടിയെ വരെ വെട്ടിലാക്കിയിരിക്കുകയാണ്‌. തീവ്ര വര്‍ഗ്ഗീയ വാദിയെന്ന ഇമേജിനു മേല്‍ വികസനമെന്ന പൊന്‍കിരീടമണിഞ്ഞാണ്‌ മോഡി വിജയിച്ചു കയറിയത്‌.

ഇന്ത്യക്ക്‌ ഒരിക്കലും ഭൂഷണമല്ലാത്ത മോഡിയെന്ന ബ്രാന്റിനെ മൂന്നാം തവണയും മുഖ്യമന്ത്രി സ്ഥാനത്ത്‌ അവരോധിച്ചതില്‍ മതേതര കക്ഷിയെന്ന്‌ അവകാശപ്പെടുന്ന സോണിയാ കോണ്‍ഗ്രസ്സിനുള്ള പങ്ക്‌ വളരെ വലുതാണ്‌. നെഹറു ഇന്ദിര രാജീവ്‌ അങ്ങിനെ വാലില്‍ ഗാന്ധിയുള്ളവരുടെ ചിറകിനടിയില്‍ കഴിയാനേ കോണ്‍ഗ്രസ്സുകാര്‍ എന്നും പഠിച്ചിട്ടുള്ളൂ. അവര്‍ പറയുന്നതാണ്‌ കോണ്‍ഗ്രസ്സുകാര്‍ക്ക്‌ വേദവാക്യം. ചരിത്രബോധം തൊട്ടു തീണ്ടാത്ത രാഹുല്‍ പറയുന്നതുപോലും തൊണ്ട തൊടാതെ വിഴുങ്ങാനുള്ള അസാമാന്യ കഴിവിനുടമകളാണ്‌ ദേശീയ പ്രസ്ഥാനത്തിന്റെ പുതിയ തലമുറ. ഗുജറാത്തില്‍ നടന്ന തിരഞ്ഞെടുപ്പു പ്രചരണ കാലത്ത്‌ മോഡിയെ മരണത്തിന്റെ വ്യാപാരി എന്നു വിശേഷിപ്പിച്ച്‌ ബി ജെ പിയുടെ വോട്ടു വര്‍ദ്ധിപ്പിച്ചു കൊടുത്തു എന്നതല്ലാതെ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ സോണിയക്കോ മകന്‍ രാഹുലിനോ അവര്‍ക്കു പിന്നാലെ ഓഛാനിച്ചു നടന്ന ഖദര്‍ധാരികള്‍ക്കോ കഴിഞ്ഞില്ല. ഇപ്പോള്‍ തോല്‍വിയുടെ ഉത്തരവാദിത്തം പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ തലയില്‍ കെട്ടിവെക്കാനാണ്‌ കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. സംസ്ഥാന നേതൃത്വത്തെ പരസ്യമായി കുറ്റപ്പെടുത്തിയ എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി ദിഗ്വിജയ്‌ സിങ്ങ്‌ ആര്‍ക്കോ വേണ്ടി വീണ വായിക്കുകയാണ്‌. സ്വന്തം സംസ്ഥാനത്തിന്റെ പള്‍സ്‌ മനസ്സിലാക്കാനാകാത്ത അഹമ്മദ്‌ പട്ടേലിനെ എന്തിനാണ്‌ സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി വെച്ചുകൊണ്ടിരിക്കുന്നത്‌ എന്നതാണ്‌ ന്യായമായ ചോദ്യം.

ഗുജറാത്തില്‍ തിരഞ്ഞെടുപ്പിനു ചൂടു പിടക്കുമ്പോളും ആണവകരാറിന്റെ പേരില്‍ കേന്ദ്രത്തില്‍ തമ്മില്‍ തല്ലുകയായിരുന്നു ഇടതു പക്ഷവും കോണ്‍ഗ്രസ്സും. ദേശ സ്വാതന്ത്ര്യത്തിനു മേല്‍ ചങ്ങലയിടുന്ന ഇത്തരമൊരു കരാറിനു പിന്നാലെ മന്‍മോഹന്‍ സിംഗും സോണിയാഗാന്ധിയും പായുമ്പോള്‍ എല്‍ കെ അദ്വാനി എന്ന പ്രമുഖ ബ്രാന്റിനെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിച്ച്‌ ബഹുദൂരം മുന്നോട്ടു പോയി ബി ജെ പി. മരണത്തിന്റെ വ്യാപാരി എന്ന കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധിയുടെ പ്രസ്‌താവന തന്നെ മോഡിക്ക്‌ അനുകൂലമായി മാറ്റാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. അതുവരെ വികസനത്തില്‍ മാത്രമൂന്നി പ്രചരണം നടത്തിയ മോഡി അതോടെ വര്‍ഗ്ഗീയ ചീട്ട്‌ ഇറക്കി കളിച്ചു. അപ്പോളും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കാന്‍ സോണിയക്കു കഴിഞ്ഞില്ല. കുത്തഴിഞ്ഞ കോണ്‍ഗ്രസ്സിന്റെ പ്രചരണത്തിനു മറുപടിയായി വികസനത്തിന്റെ കാര്‍ഡിറക്കി ബി ജെ പി കളിച്ചു. മോഡി ഭരണത്തിന്റെ ഉദാത്ത വികസന മാതൃകകള്‍ ജനങ്ങളെ പറഞ്ഞ്‌ വിശ്വസിപ്പിക്കാനും ബി ജെ പിക്കു കഴിഞ്ഞു. കോണ്‍ഗ്രസ്സുകാരുടെ നേതൃത്വത്തിലുള്ള രാജീവ്‌ ഗാന്ധി ഫൗണ്ടേഷനാണ്‌ ഇന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രിയായി മോഡിയെ തെരഞ്ഞെടുത്തത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ഗ്രാമാന്തരങ്ങളില്‍ വികസനം അധികമൊന്നും എത്തിയില്ലെങ്കിലും നഗരങ്ങളിലും ചെറുനഗരങ്ങളിലും ലോകം ശ്രദ്ധിക്കുന്ന ഇടങ്ങളിലും വികസനത്തിന്റെ വിത്തുപാകാന്‍ മോഡി ശ്രദ്ധിച്ചിരുന്നു. ഇങ്ങനെ കൃത്യമായ സ്‌ക്രിപ്‌റ്റോടു കൂടിയാണ്‌ മോഡി എന്നാല്‍ വികസനം എന്ന തിയറി ബി ജെ പി പരീക്ഷിച്ചത്‌.

ബി ജെ പിയും കോണ്‍ഗ്രസ്സും തമ്മിലുള്ള മത്സരമായിരുന്നില്ല ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ മറിച്ച്‌ മോഡിയും കോണ്‍ഗ്രസ്സും അല്ലെങ്കില്‍ മോഡിയും സോണിയയും തമ്മിലുള്ള മത്സരമായിരുന്നു. ബി ജെ പിക്കുമുകളില്‍ വളര്‍ന്ന ഒരു മരമായി തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഘട്ടത്തില്‍ തന്നെ മോഡി മാറിയിരുന്നു. ബി ജെ പി പ്രചാരണത്തിന്റെ നിയന്ത്രണം മുഴുവന്‍ മോഡിയുടെ കൈകളിലായിരുന്നു. മോഡിയുടെ തന്ത്രങ്ങള്‍ കണ്ണും പൂട്ടി അനുസരിക്കാനേ ബി ജെ പി കേന്ദ്ര നേതൃത്വത്തിന്‌ കഴിയുമായിരുന്നുള്ളൂ. മോഡിയുടെ തകര്‍പ്പന്‍ വിജയാഘോഷ വേളയില്‍ തന്നെ നിര്‍വ്വികാരനായി പ്രതികരിച്ച രാജ്‌ നാഥ്‌ സിംഗിന്റെ മുഖഭാവത്തില്‍ നിന്നും ബി ജെ പിയുടെ ഭാവി നമുക്ക്‌ വായിച്ചെടുക്കാം. പ്രവീണ്‍ തൊഗാഡിയ പോലുള്ള ഹിന്ദു വര്‍ഗ്ഗീയ കൂട്ടുകളെയോ പരിവാര്‍ പിന്തുണയോ അധികമൊന്നും തേടാതെയാണ്‌ മോഡി പ്രചാരണത്തിനിറങ്ങിയത്‌. പ്രചാരണ വേളയില്‍ മോഡി എന്ന ബ്രാന്റിനെ മാത്രം ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു പോസ്റ്ററുകളും ബാനറുകളുമൊക്കെ. മോഡിക്ക്‌ അല്‌പമെങ്കിലും മമതയുള്ളത്‌ എല്‍ കെ അദ്വാനിയോട്‌ മാത്രമാണ്‌ എന്ന സൂചനയാണ്‌ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ നല്‍കുന്നത്‌.

സ്ഥാനാര്‍ത്ഥിപട്ടിക അംഗീകരിപ്പിക്കുന്നതു മുതല്‍ മോഡി തന്റെ തനി സ്വരൂപം കാണിച്ചു തുടങ്ങിയിരുന്നു, അതിനൊപ്പം തന്നെ ആഭ്യന്തരമായി മുറുമുറുപ്പുകളും ബി ജെ പിക്കകത്ത്‌ ഉയര്‍ന്നു തുടങ്ങി. കഴിഞ്ഞ അഞ്ചു വര്‍ഷം മോശം പ്രകടനം നടത്തിയ നാല്‌പതോളം സിറ്റിംഗ്‌ എം എല്‍ എമാര്‍ക്ക്‌ സീറ്റ്‌ നിഷേധിച്ചത്‌ തുടക്കത്തില്‍ തന്നെ മുറുമുറുപ്പുകള്‍ക്ക്‌ ഇടനല്‍കി. കഴിഞ്ഞ രണ്ടു മന്ത്രിസഭകളിലും മറ്റു മന്ത്രിമാരുടെ അധികാര പരിധിയില്‍ കടന്നു കയറുന്നതിന്റെ പേരില്‍ ഉണ്ടായ ചേരി തിരിവിന്‌ ഇത്‌ ആക്കം കൂട്ടി. തഴക്കം വന്നവരെ ബഹുമാനിക്കാത്തിലുള്ള അമര്‍ഷമാണ്‌ മുന്‍ മുഖ്യമന്ത്രി കേശുഭായ്‌ പട്ടേല്‍, സുരേഷ്‌ മേത്ത, കേന്ദ്രമന്ത്രിമാരായ കാശിറാം റാണ, വല്ലഭ്‌ ഭായ്‌ കഠാരിയ തുടങ്ങിയവരെ മോഡിക്ക്‌ എതിര്‍ ചേരി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്‌. പക്ഷേ ഇപ്പോള്‍ നേടിയ വിജയം ബി ജെ പിയില്‍ മോഡിയുടെ സുശക്തമായ പുതിയ പക്ഷത്തിന്‌ തുടക്കമിട്ടിരിക്കുകയാണ്‌. തിരഞ്ഞെടുപ്പിനു ശേഷവും മോഡി പാര്‍ട്ടിക്കുമേല്‍ വളരാന്‍ നടത്തുന്ന ശ്രമമായി വേണം വാജ്‌പേയിയുടെ 84-ാം പിറന്നാള്‍ വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ച ദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനിച്ചതിനെ നോക്കിക്കാണാന്‍. ഗുജറാത്ത്‌ കലാപത്തിനു ശേഷം വാജ്‌പേയിയും മോഡിയും തമ്മില്‍ അത്ര രസത്തിലല്ല എന്നത്‌ പരസ്യമായ രഹസ്യമാണ്‌. പാര്‍ട്ടിക്കു മുകളില്‍ വളര്‍ന്ന്‌ പുറത്തുപോയ കല്യാണ്‍സിങ്‌, ഉമാഭാരതി, ബാബുലാല്‍ മറാന്‍ഡി, മദന്‍ലാല്‍ ഖുരാന തുടങ്ങിയവരുടെ പാതയിലാണോ മോഡി എന്നാണ്‌ രാജ്യം ഉറ്റുനോക്കുന്നത്‌.

കേന്ദ്ര നേതൃത്വത്തെപ്പോലും ധിക്കരിച്ചുകൊണ്ട്‌ ഇത്തരമൊരു കുത്തക മുന്നണി സ്ഥാപിക്കാനുള്ള ശ്രമം ഗുജറാത്തുപോലെയുള്ള സംസ്ഥാനത്തിന്‌ അത്ര ഭൂഷണമായിരിക്കില്ല. പ്രത്യേകിച്ചും ഗോന്ധ്ര സംഭവവും അതിനോടനുബന്ധിച്ചുണ്ടായ കലാപവും കലുഷമാക്കിയ ഗുജറാത്തില്‍. കലാപത്തിന്റെ കരിനിഴല്‍ മോഡിയെ പിന്തുടരുന്നു എന്നതാണ്‌ ഗോന്ധയടങ്ങുന്ന മേഖലയില്‍ ബി ജെ പിക്ക്‌ ഏറ്റ തിരിച്ചടി വെളിപ്പെടുത്തുന്നത്‌. ഇനിയും ഇത്തരമൊരു കലാപത്തിന്‌ സാദ്ധ്യതയുണ്ടായാല്‍ മോഡി എങ്ങനെ പ്രതികരിക്കുമെന്നതും പ്രസക്തമാണ്‌. കേന്ദ്ര നേതൃത്വത്തിന്റെ നിയന്ത്രണത്തില്‍ നിന്നും അകന്ന്‌ നിന്ന്‌ ശക്തി തെഴിയിച്ച മോഡി കേന്ദ്രത്തിലും പിടിമുറുക്കാന്‍ ശ്രമിക്കുമോ എന്നതും രാജ്‌നാഥ്‌ സിംഗ്‌ അടക്കമുള്ള കേന്ദ്ര നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്‌.

നിലവിലുള്ള രീതികളും വിശ്വാസപ്രമാണങ്ങളും മാറ്റിയേ തീരൂ എന്ന്‌ എല്ലാ പാര്‍ട്ടികളേയും പ്രത്യേകിച്ച്‌ കോണ്‍ഗ്രസ്സിനെ മനസ്സിലാക്കിക്കൊടുക്കുന്നതാണ്‌ മോഡിയുടെ വിജയം എന്നു പറയാം. തങ്ങളുടെ പരമ്പരാഗത വോട്ടു ബാങ്കുകളും ന്യൂനപക്ഷത്തേയും താല്‌കാലികമായ പ്രീണിപ്പിച്ച്‌ വോട്ടു തട്ടിയെടുക്കുക ആവശ്യം കഴിഞ്ഞാല്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക്‌ അവരെ തിരിഞ്ഞു നോക്കാതെയിരിക്കുക എന്ന നിലവിലുള്ള നയം തുടരുന്നവര്‍ക്ക്‌ മോഡി ഒരു പാഠമായിരിക്കും. തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ട്‌ വ്യക്തമായ മാനേജ്‌മെന്റ്‌ ടെക്‌നിക്കുകള്‍ പ്രയോഗിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ലെങ്കില്‍ ബംഗാളും കേരളവുമടക്കമുള്ള സംസ്ഥാനങ്ങളില്‍ സംഭവിച്ചത്‌ ഗുജറാത്തിലും തുടരും.

രാഷ്‌ട്രീയ വിഗ്രഹങ്ങളോടുള്ള ആരാധന ഇന്ത്യയില്‍ കോണ്‍ഗ്രസ്സിനു മാത്രമേ ഉള്ളൂ . രാജീവ്‌ ഗാന്ധിയുടെ ഭാര്യയെന്നും ഇന്ദിരാഗാന്ധിയുടെയും നെഹറുവിന്റെ തന്നെ പിന്‍മുറക്കാരിയെന്നുമുള്ള ഇമേജില്‍ ഇന്ത്യയിലെവിടെയും നിന്ന്‌ കോണ്‍ഗ്രസ്സിന്‌ നേട്ടമുണ്ടാക്കിക്കൊടുക്കാമെന്ന മിഥ്യാ ധാരണ സോണിയ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന ഗുണപാഠവും ഗുജറാത്ത്‌ നല്‍കുന്നുണ്ട്‌. ഗുജറാത്തില്‍ മോഡിക്കൊപ്പം എല്‍ കെ അദ്വാനി എന്ന തഴക്കമുള്ള നേതാവിനെ ബി ജെ പി ഇറക്കിയപ്പോള്‍ പകരം കോണ്‍ഗ്രസ്സിന്‌ പ്രത്യേകിച്ച്‌ എടുത്തുപറയത്തക്ക നേതാക്കളൊന്നുമുണ്ടായില്ല. മുഖ്യമന്ത്രിയെ എന്നത്തെയും പോലെ തെരഞ്ഞെടുപ്പു വിജയത്തിനുശേഷം മാഡം തീരുമാനിക്കും എന്നതായിരുന്നു നയം. എല്‍ കെ അദ്വാനിയെ ചെറുക്കാന്‍ ഗുജറാത്തിലുണ്ടായിരുന്നത്‌ രാഹുല്‍ ഗാന്ധി മാത്രമായിരുന്നു. ഗാന്ധി കുടുംബത്തിന്റെ ആരാധകരുടെ സദസ്സിനുമുന്നില്‍ പൊള്ളയായ വാക്യങ്ങള്‍ ഉരുവിടുക എന്നതല്ലാതെ രാഹുലിന്‌ കൂടുതലായി ഒന്നും ചെയ്യാനുമുണ്ടായില്ല. ഇതേ അവസ്ഥ തന്നെയായിരിക്കും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും സംഭവിക്കാന്‍ പോകുന്നത്‌ എന്ന ദുഖ സത്യവും കോണ്‍ഗ്രസ്സ്‌ മനസ്സിലാക്കിയാല്‍ നന്ന്‌.

ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ രണ്ട്‌ തവണ ആന്റി ഇന്‍ക്യുംബന്‍സ്‌ ഫാക്‌ടര്‍ മറികടന്ന്‌ മൂന്നാം തവണ മുഖ്യമന്ത്രിയായി ചരിത്രത്തിലേക്ക്‌ നടന്ന നരേന്ദ്രമോഡിയുടെ വിജയം കേന്ദ്രത്തില്‍ കാരാട്ടു നയിക്കുന്ന ഇടതുപക്ഷത്തെ കൂടുതല്‍ ശക്തമാക്കും. മന്‍മോഹന്‍ സിംഗ്‌ ആണവകരാറുമായി മുന്നോട്ടുപോകുന്നതടക്കമുള്ള വികസന നയത്തെ വരെ അത്‌ ബാധിച്ചേക്കും. പഴയതുപോലെ ശാഠ്യം പിടിച്ച്‌ ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാമെന്ന്‌ വിളിച്ചു കൂവാന്‍ ഇനി കോണ്‍ഗ്രസ്സിന്‌ കഴിഞ്ഞെന്നു വരില്ല. ഒപ്പം നല്ല കുട്ടികളായി യു പി എ യെ നയിക്കാന്‍ സോണിയയും ഇടതുകക്ഷികളും തയ്യാറാകണമെന്ന പാഠവും ഗുജറാത്ത്‌ നല്‍കുന്നു. സി പി എമ്മിന്റെ ജന്മശത്രുക്കളെ തുടച്ചു നീക്കണമെങ്കില്‍ അവര്‍ക്ക്‌ കോണ്‍ഗ്രസ്സിനോടൊപ്പം ശക്തിയായി മുന്നോട്ടു നീങ്ങിയാലേ കഴിയൂ അവര്‍ എന്നും ചിന്തിക്കേണ്ടതുണ്ട്‌. ഇടക്കിടക്ക്‌ നിറം മാറുന്ന കക്ഷികളെ കൂട്ടി മൂന്നാം മുന്നണി രൂപീകരിക്കാനിറങ്ങിയവര്‍ക്കും ശക്തമായ താക്കീതാണ്‌ മോഡിയുടെ വിജയം.

............................................................................................. (പുഴ. കോം)


6 comments:

Anonymous said...

രാഷ്‌ട്രീയ വിഗ്രഹങ്ങളോടുള്ള ആരാധന ഇന്ത്യയില്‍ കോണ്‍ഗ്രസ്സിനു മാത്രമേ ഉള്ളൂ . രാജീവ്‌ ഗാന്ധിയുടെ ഭാര്യയെന്നും ഇന്ദിരാഗാന്ധിയുടെയും നെഹറുവിന്റെ തന്നെ പിന്‍മുറക്കാരിയെന്നുമുള്ള ഇമേജില്‍ ഇന്ത്യയിലെവിടെയും നിന്ന്‌ കോണ്‍ഗ്രസ്സിന്‌ നേട്ടമുണ്ടാക്കിക്കൊടുക്കാമെന്ന മിഥ്യാ ധാരണ സോണിയ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന ഗുണപാഠവും ഗുജറാത്ത്‌ നല്‍കുന്നുണ്ട്‌.

Anonymous said...

കോണ്‍ഗ്രസ്സ് നശിച്ചാലേ ഇന്ത്യ രക്ഷപ്പെടൂ ...ബി.ജെ.പി.യെ വളര്‍ത്തുന്നത് കോണ്‍ഗ്രസ്സ് ആണ് . അല്ലെങ്കില്‍ ബി.ജെ.പി.ഒരിക്കലും വളരില്ലായിരുന്നു . സ്വന്തം നിലയില്‍ വളരാന്‍ ബി.ജെ.പി.ക്ക് ഒരിക്കലും കഴിയില്ല . ബി.ജെ.പി.യെ വളര്‍ത്താന്‍ കഴിയുന്ന കോണ്‍ഗ്രസ്സിന് സ്വയം വളരണമെന്ന ആശയോ കഴിവോ ഇല്ല . കോണ്‍ഗ്രസ്സ് ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ബി.ജെ.പി ഉണ്ടാകുമായിരുന്നില്ല . കോണ്‍ഗ്രസ്സിന്റെ മറ്റൊരു ദൂഷ്യമാണ് വിഗ്രഹാരാധന . വേറെ ഒരു പാര്‍ട്ടിക്കുമില്ല . എല്ലാം കൊണ്ടും കോണ്‍ഗ്രസ്സ് നശിക്കണം. ബി.ജെ.പി.യെ വളര്‍ത്തി വളര്‍ത്തി അങ്ങിനെ കോണ്‍ഗ്രസ്സ് ഇല്ലാത്താവുമല്ലോ . പിന്നെ നാട്ടില്‍ പാലും തേനും ഒഴുകും . സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ നാട് ഇത്ര നശിക്കാന്‍ കാരണം കോണ്‍ഗ്രസ്സ് ആണ് . വേറെ ഏത് പാര്‍ട്ടി ആയിരുന്നെങ്കിലും ഇന്ത്യ എവിടെയോ എത്തിയേനേ ! ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ആസനം നക്കിക്കൊണ്ട് അതിനെ താങ്ങുന്ന ഇടത് പക്ഷം താങ്ങല്‍ അവസാനിപ്പിക്കണം . ഇത്രയും മോശമായ കോണ്‍ഗ്രസ്സിനെ താങ്ങാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ ഇടതന്മാരേ ....

CHANTHU said...

സത്യമായും ഒന്നും വായിച്ചു നോക്കിയില്ല. ഇതെന്തോ നെറികെട്ട രാഷ്ട്രീയക്കാരന്റെ കണ്ണുകെട്ടിക്കളിയല്ലെ.
ഞാനിവിടെ വന്നത്‌ നിങ്ങള്‍ക്കെന്റെ
പുതുവല്‍സരാശംസകള്‍
നേരാനാണ്‌. അത്‌ ഞാനിതാ സ്‌നേഹത്തേടെ നിങ്ങളുടെ മുമ്പില്‍ വെക്കുന്നു.

മുക്കുവന്‍ said...

Congress is not a good party right now. but I guess, nehru and indira were good rulers. just compare any other country which has got independence 60 years back. for eg: compare with pak and india. both got independence same time. I guess, india is far ahead of anyone else. This happend only because our first few rulers after the independence were good.


currently the party is full of criminals. its because no good people joining in politics. so the criminals rules. in democracy, the people get the leaders who they deserve. Gujarath asked for modi, like kerala got VS :)

Viju V V said...

]mX

Anonymous said...

അല്ലേടോ മോനേ ചന്തൂ....ഇത് ജീവിതത്തിന്‍റേം മരണത്തിന്‍റേം പ്രശ്‌നമാണ്‌. 'സ്വന്തം ജീവിത'ത്തിന്‍റേതല്ല, മതത്തിന്‍റേയും രാഷ്ട്രീയത്തിന്‍റേയും പേരില്‍ അരിഞ്ഞു വീഴ്‌ത്തപ്പെടുന്ന, നമ്മുടെ രാജ്യത്തെ ആയിരങ്ങളുടെ ജീവിതത്തിന്‍റെ പ്രശ്‌നം! അത് തന്നെപ്പോലുള്ള മുരത്ത അരാഷ്ട്രീയവാദികളായ വര്‍ഗീയവാദികള്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല എന്നു മാത്രം!