
പൊതുജനം കഴുതകളാണെന്നാണ് പണ്ടൊരു കമ്മ്യൂണിസ്റ്റ് നേതാവ് പറഞ്ഞത്. അതുകൊണ്ടുതന്നെ ആര്‍ക്കു നേരെ കൊഞ്ഞനം കുത്തിയാലും എന്തു കള്ളത്തരം പറഞ്ഞാലും അവരത് വിശ്വസിച്ചു കൊള്ളും. ആ വിചാരമാണ് മേല്‍പ്പറഞ്ഞ കണ്ണൂര്‍ ലോബിയെ മുന്നോട്ട് നയിക്കുന്നത്. സാന്റിയാഗോ മാര്‍ട്ടിന്‍ എന്നയാള്‍ ലോട്ടറി തട്ടിപ്പുകാരനാണെന്ന് പാര്‍ട്ടി സമ്മതിക്കുന്നു. അയാളുടെകയ്യില്‍ നിന്നു പണം വാങ്ങിയത് ശുദ്ധ അസംബന്ധമാണെന്നു സമ്മതിക്കുക മാത്രമല്ല അതു തിരിച്ചു കൊടുക്കാനും പാര്‍ട്ടി തീരുമാനിച്ചു. ലിസില്‍ നിന്നും ഒരു കോടി വാങ്ങിയ വേണുഗോപാലിനെ പാര്‍ട്ടി സസ്‌പെന്റു ചെയ്‌തു. സാന്റിയാഗോ മാര്‍ട്ടിന്‍ സംഭവവും പാര്‍ട്ടി അന്വേഷിക്കുമെന്നും വേണ്ടിവന്നാല്‍ നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചു. എല്ലാം അതു കൊണ്ട് തീര്‍ക്കേണ്ടതാണ് സാമാന്യ ജനാധിപത്യ ബോധമുള്ള ഒരു പാര്‍ട്ടി. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞപോലെ കുട്ടികള്‍ തെറ്റു കാണിച്ചാല്‍ മാതാപിതാക്കള്‍ ശാസിക്കും, അതിനെന്താണ് കുഴപ്പം. പക്ഷേ കാര്യങ്ങള്‍ അവിടെക്കൊണ്ടു തീരുന്നില്ല. പിണറായി വിജയന്റെ നേതൃത്വത്തില്‍ മാധ്യമങ്ങളുടെ നേരെ നടക്കുന്ന ആക്രമണം കൂടുതല്‍ ശക്തിയായി തുടരുകയാണ്.
ഇത്തവണ ആക്രമണത്തിന് തുടക്കമിട്ടത് സഖാവ് പി ജയരാജനാണ്. അഴിമതി പുറത്തുകൊണ്ടുവന്ന മാതൃഭൂമി ദിനപ്പത്രത്തെ നിയമസഭയില്‍ അദ്ദേഹം മഞ്ഞപ്പത്രമെന്ന് വിളിച്ച് ആക്ഷേപിച്ചതാണ് തുടക്കം. തൊട്ടു പിന്നാലെ മാതൃഭൂമി ദേശീയ ദിനപ്പത്രമാണെന്നും ജയരാജനെ പ്രതിപക്ഷം പ്രകോപിപ്പിച്ചിട്ട് അദ്ദേഹം പറഞ്ഞു പോയതാണെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും അദ്ദേഹം അടങ്ങിയില്ല. എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ല പറഞ്ഞതു തന്നെ ഇനിയും പറയും എന്നു ജയരാജന്‍ വെല്ലു വിളിച്ചു. 2005 മെയ് ജൂണ്‍ മാസങ്ങളിലെ പത്രങ്ങള്‍ സഖാവ് ജയരാജന്‍ തപ്പിപ്പിയെടുത്തു വായിക്കുന്നത് നന്നായിരിക്കും. കാരണം അന്ന് കണ്ണൂരിലെ കൂത്തു പറമ്പിലും അഴീക്കോട്ടും ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സമയമായിരുന്നു. ഈ പറയുന്ന മാധ്യമങ്ങള്‍ പ്രത്യേകിച്ച് മാതൃഭൂമി കൂത്തുപറമ്പില്‍ മത്സരിച്ച പി ജയരാജനും അഴീക്കോട്ട് മത്സരിച്ച പുതുമുഖം പ്രഭാകരനും അത്ര ചെറുതല്ലാത്ത എക്‌സ്‌പോഷറാണ് കൊടുത്തത് . ഫലം പുറത്തുവന്നതിന്റെ പിറ്റേദിവസത്തെ മാതൃഭൂമി പത്രവും ജയരാജന്‍ ചില്ലിട്ട് സൂക്ഷിക്കാതിരിക്കില്ല. പിന്നീടിങ്ങോട്ട് പലതവണ പി ജയരാജന്റെ പേരിലുള്ള ലേഖനങ്ങളും ഇപ്പറഞ്ഞ പത്രങ്ങളിലൊക്കെ വന്നിരുന്നു എന്നതും അദ്ദേഹം മറന്നു കാണില്ല. നന്ദി കാണിക്കുകയാണെങ്കില്‍ ഇങ്ങനെ തന്നെ വേണം.
രണ്ടാമത്തെ ഊഴം ഇ പി ജയരാജന്‍ എന്ന ദേശാഭിമാനിയുടെ ജനറല്‍ മാനേജരുടേതായിരുന്നു. വാങ്ങിയത് ബോണ്ടാണെന്നും അല്ലെന്നും സംഭാവനയാണെന്നുമൊക്കെ പല തവണ കുട്ടിക്കരണം മറിഞ്ഞാശേഷമാണ് സ്വബോധത്തോടെ എന്തെങ്കിലും പറയാനുള്ള ശേഷി ഈ പി ജയരാജന്‍ സഖാവിനുണ്ടായത്. ഒപ്പം മാധ്യമങ്ങളെ തെറി പറയാന്‍ കിട്ടിയ അവസരവും അദ്ദഹം വെറുത കളഞ്ഞില്ല. ദേശാഭിമാനി വിരുദ്ധ അപസ്‌മാരം എന്നൊക്കെയാണ് അദ്ദേഹം ആ രോഗത്തെ പേരിട്ടു വിളിച്ചത്. ഒരു തട്ടിപ്പുകാന്റെ കൈയില്‍ നിന്നും വെറും രണ്ടു കോടി വാങ്ങിയ വെറുമോരു മോഷ്‌ടാവായ തങ്ങളെ കള്ളനെന്നു വിളിച്ചിച്ച് ആക്ഷേപിക്കുകയാണ് എന്നൊക്കെയാണ് ഈയടുത്ത ദിവസങ്ങളിലായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ദേശാഭിമാനി ജനറല്‍ മാനേജരും പാര്‍ട്ടി പത്രം വഴി ജനങ്ങളെ ബോധവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന പാവങ്ങളുടെ പാര്‍ട്ടി അത്താഴപ്പട്ടിണിക്കാരില്‍ നിന്നും പാട്ടപ്പിരിവുനടത്തിയുണ്ടാക്കിയ പത്രത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ കാണിച്ചത് ശുദ്ധ തോന്നിവാസമാണെന്ന് ഏത് മന്ദ ബുദ്ധിക്കും മനസ്സിലാകും. സ്വന്തം ജീവിതമാര്‍ഗ്ഗമായ ആടിനെ സംഭാവന നല്‍കിയ പാവം പാലോറ മാത എന്തു വിഢിയാണെന്നാണ് നേതാക്കള്‍ ആണയിട്ടു പറഞ്ഞു കൊണ്ടിരിക്കുന്നത്.
കമ്മ്യൂണിസ്റ്റുകാരെന്നു വിളിക്കാവുന്നതില്‍ അവശേഷിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് പ്രകാശ് കാരാട്ട്. സെക്രട്ടേറിയറ്റ് യോഗത്തിലും സംസ്ഥാന സമിതിയിലും കടുത്ത എതിര്‍പ്പാണ് ദേശാഭിമാനി പ്രശ്‌നത്തില്‍ ഉണ്ടായത്. എന്നിട്ടും പിണറായി വിജയന്‍ കോഴവാങ്ങിയതിനെ ശക്തമായി ന്യായീകരിച്ചു. രണ്ടു കോടി വാങ്ങിയതിനെതിരെ കാരാട്ട് ശക്തമായി രംഗത്തു വന്നതോടെയാണ് പണം തിരിച്ചു നല്‍കാന്‍ പാര്‍ട്ടി തീരൂമാനിച്ചത്. കണ്ടകശനി പിടികൂടിയ പിണറായിക്ക് ഇത് സാമാന്യം വലിയ തിരിച്ചടിയായിരുന്നു. തുടര്‍ന്നുള്ള യോഗങ്ങളില്‍ പിണറായി സ്വീകരിച്ച നിലപാട് കൗതുകമുണര്‍ത്തുന്നതായിരുന്നു. ഒരു കൂട്ടര്‍ മാതൃഭൂമിയെ ദേശീയ ദിനപ്പത്രമെന്നും ഒരാള്‍ മഞ്ഞപ്പത്രമെന്നും വിളിക്കുമ്പോള്‍ പിണറായി വളരെ കഷ്‌ടപ്പെട്ടു പറഞ്ഞത് മാതൃഭൂമി മഞ്ഞയും ദേശീയവും കലര്‍ന്ന ഒരു പ്രത്യേകതരം പത്രമാണെന്നാണ്.
പക്ഷേ അന്നു പാലിച്ച സംയമനം പിണറായി തുടര്‍ന്നു പാലിച്ചില്ല. അധികം താമസിയാതെ മാതൃഭൂമി പത്രത്തിനെതിരെയും എഡിറ്ററെയും പേരെടുത്തും പുലഭ്യം പറഞ്ഞു കൊണ്ട് പിണറായി രംഗത്തു വന്നത്. മാധ്യമസിന്റിക്കേറ്റ്, മാധ്യമ ചെറ്റത്തരം എന്നീ ശ്രേണിയിലേക്ക് കൂടുതല്‍ ഭീബത്സമായ പ്രയോഗങ്ങളുമായാണ് പിണറായി അടുത്ത വെടിക്കെട്ട് തുടങ്ങിയത്. താന്‍ ഏതു നാട്ടിലാണ് ജീവിക്കുന്നത്, താനെന്താണ് പാര്‍ട്ടിയെക്കുറിച്ച് ധരിച്ചത് എന്നൊക്കെയാണ് പത്രത്തിന്റെ എഡിറ്ററെ പിണറായി വെല്ലുവിളിച്ചത്. ഒരു സംസ്ഥാന സെക്രട്ടറിയില്‍ നിന്നും അമ്പതു രൂപക്ക് പുലഭ്യം പറയുന്ന കവലപ്രസംഗകനിലേക്കുള്ള ദൂരമെത്രയാണ് എന്ന ചോദ്യത്തിന്റെ അനുയോജ്യമായ ഉത്തരമാണ് ഇപ്പോള്‍ പിണറായി.
കേരളത്തിന്റെ സമീപകാല രാഷ്‌ട്രീയ ചരിത്രത്തില്‍ മാധ്യമങ്ങളെ തെറിവിളിച്ച രണ്ടു പേര്‍ കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനുമാണ്. രണ്ടും രണ്ട് പ്രത്യയശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നവരാണെങ്കിലും ഒളിഞ്ഞും തെളിഞ്ഞും കൈകോര്‍ത്തവര്‍, ഒരേ തോണിയില്‍ സഞ്ചരിക്കുന്നവര്‍. കുഞ്ഞാലിക്കുട്ടിയുടെ കേസ് അല്‌പം നാറ്റക്കേസാണ്. പച്ചക്കൊടിയുടെ ബലത്തില്‍ മാധ്യമപ്രവര്‍ത്തരകരെ നാടു മുഴുവന്‍ ഓടിച്ചിട്ടു തല്ലി. കഴിഞ്ഞ തിരഞ്ഞെടുപ്പിന് എട്ടു നിലയില്‍ പൊട്ടിയ അദ്ദേഹത്തെ ഇപ്പോള്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണുമോ എന്നു സംശയമാണ്. മാധ്യമങ്ങളോടുള്ള പിണറായിയുടെ വിരോധമെന്താണെന്ന് സാമാന്യ രാഷ്‌ട്രീയ ബോധമുള്ള ആര്‍ക്കും അറിയാം. പിണറായിക്കു മാത്രമല്ല പൊതുപ്രവര്‍ത്തനം ഒരു മറയാക്കിവെക്കുന്ന പലര്‍ക്കും മാധ്യമങ്ങള്‍ ശ്‌ത്രുക്കള്‍ തന്നെയാണെന്നാണ് കാലം നമ്മെ പഠിപ്പിച്ചത്. ആരെന്തൊക്കെ പറഞ്ഞാലും കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ലാവ്‌ലിന്‍ കേസ് മാധ്യമങ്ങളില്‍ ചര്‍ച്ചയായതാണ് തന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്‌ടപ്പെടുത്തിയത് എന്ന് പിണറായി വിജയന്‍ വിശ്വസിക്കുന്നു. തന്നെക്കുറിച്ച് എല്ലാം പറയുന്ന മാധ്യമങ്ങളുടെ വിശ്വാസ്യത കെടുത്തി നഷ്‌ടപ്പെട്ട ഇമേജ് തിരിച്ചെടുക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് മാധ്യമസിന്റിക്കേറ്റ്, സി ഐ ഐ ചാരന്മാര്‍ തുടങ്ങിയ പ്രസ്‌താവനകള്‍ എന്നതാണ് സത്യം. എഡിബി വായ്‌പയടക്കം സര്‍ക്കാര്‍ സംവിധാനത്തില്‍ വിദേശ ശക്തികള്‍ നേരിട്ടുതന്നെ ഇടപെടുന്ന പുതിയ കാലത്ത് സി ഐ ഐ വെറുതെ മാധ്യമങ്ങളെ വശത്താക്കി വളഞ്ഞ വഴിക്ക് മൂക്കു പിടിക്കില്ല എന്ന് മനസ്സിലാക്കാന്‍ തലക്കകത്ത് വളരെ കുറച്ചു മാത്രം വിവരം മതി.
കള്ളത്തരം കാണിച്ചവനേ പേടിക്കേണ്ട കാര്യമുള്ളൂ. കുഞ്ഞാലിക്കുട്ടി ചെയ്‌തതും പിണറായി ചെയ്യുന്നതും അതാണ്. എന്നാല്‍ പിണറായിയുടെ തന്ത്രങ്ങള്‍ പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്നതാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാകുന്നത്. പിണറായിയുടെ മാധ്യമ വിമര്‍ശനം തന്നെ ഏറ്റു പിടിക്കാന്‍ അധികമാരും മുന്നോട്ടു വന്നില്ല. മാധ്യമസിന്റിക്കേറ്റ് എന്ന രീതിയില്‍ പ്രസ്‌താവന ഇറക്കിയ വി എസ് പക്ഷേ അതില്‍ നിന്ന് പിന്മാറിയതും പിണറായിക്ക് തിരിച്ചടിയായി മാറി. ഒരു കാലത്ത് പിണറായിയുടെ വലം കൈയായിരുന്ന കോടിയേരിയും ഇപ്പോള്‍ പിണറായിയെ വിട്ട ലക്ഷണമാണ്. ദേശാഭിമാനി പ്രശ്‌നത്തില്‍ പിണറായിയെടുത്തതില്‍ നിന്നും കടകവിരുദ്ധമായ നിലപാടാണ് കോടിയേരി എടുത്തത്. പാര്‍ട്ടിയുടെ അംഗീകൃത മാനദണ്‌ഡങ്ങള്‍ക്ക് വിരുദ്ധമായി ദേശാഭിമാനി പണം വാങ്ങിയത് ശരിയായില്ലെന്നും നടപടിയെടുക്കുമെന്നൊക്ക പറഞ്ഞ അദ്ദേഹം അതിനു തൊട്ടു പിന്നാലെ പത്രപ്രവര്‍ത്തകര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മാധ്യമങ്ങള്‍ക്കു നേരെയുള്ള പിണറായിയുടെ പടയോട്ടം മൂന്നു ജയരാജന്‍മാരും ഒരു സുധാകരനും എന്ന മട്ടില്‍ ചുരുങ്ങിയിരിക്കുകയാണ്.
മാതൃഭൂമി സംഭവവും സഭയിലെ ഇറങ്ങിപ്പോക്കും തിരിച്ചടിയായത് പിണറായിയുടെ ഈ പടയോട്ടത്തിനാണ്. പ്രതിപക്ഷം മാത്രമല്ല ഭരണ പക്ഷത്തുള്ളവരും മാതൃഭൂമിക്കും മാധ്യമങ്ങള്‍ക്കും നേരെയുള്ള നീക്കത്തിനെ അപലപിച്ചു എന്നതും ശ്രദ്ധേയമാണ്. മൂന്നാര്‍ ഭൂമി കൈയേറ്റവും സി പി എമ്മിന്റെ റിസോര്‍ട്ടും ദേശാഭിമാനി സംഭവവുമൊക്കെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തതു ശരിയാണെന്നു തന്നെ പിന്നീടു തെളിയിച്ചു. മൂന്നാര്‍ തുടക്കത്തില്‍ കത്തിക്കയറിയെങ്കിലും പിന്നീട് കൂട്ടത്തിലുള്ളവര്‍ തന്നെ പാരവെച്ചു മന്ദഗതിയിലാക്കി. സി പി എം റിസോര്‍ട്ട് പൂട്ടി. ഇപ്പോഴിതാ ലോട്ടറി രാജാവിന്റെ കൈയില്‍ നിന്നു വാങ്ങിയ രണ്ടു കോടിയും തിരിച്ചു നല്‍കാന്‍ പോകുന്നു. ഈ സാഹചര്യത്തില്‍ പിണറായിയും കൂട്ടരും പറയുന്നതാണോ ശരി അതോ മാധ്യമങ്ങള്‍ പറയുന്നതാണോ ശരിയെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകും. തങ്ങള്‍ക്ക് തിരിച്ചടി നേരിടുമ്പോള്‍ മാധ്യമങ്ങളെയും ജുഡീഷ്യറിയേയും ചീത്തവിളിക്കുക വേണമെങ്കില്‍ ചീഫ് ജസ്റ്റിസിനെ തന്നെ കായലിലെറിയുക എന്നത് കമ്മ്യൂണിസ്റ്റുകാര്‍ ഈയിടെയായി പരീക്ഷിച്ചുപോരുന്ന ചില പുതിയ അടവുകളാണ്. മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് ചിലപ്പോള്‍ കെ കരുണാകരനെയായിരിക്കും.അദ്ദേഹമടക്കം ആരും മാധ്യമങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ല. കോടതികള്‍ പ്രസ്ഥാനങ്ങളെയും സര്‍ക്കാരുകളെയും വിമര്‍ശിക്കുന്നതും ആദ്യമായൊന്നുമല്ല. സ്വാന്തന്ത്യം ജനാധിപത്യം സോഷ്യലിസം എന്നൊക്കെ വിളിച്ചു പറയുന്ന പാര്‍ട്ടിയെ മാത്രം ആരും വിമര്‍ശിക്കരുത് എന്നു പറയുന്നത് ജനാധിപത്യരാജ്യത്ത് നടപ്പുള്ള കാര്യമല്ല. ലോട്ടറിക്കേസില്‍ തന്നെ ഈ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുളളയാളാണ് ജസ്റ്റിസ് വി കെ ബാലി. അദ്ദേഹത്തെയാണ് പാര്‍ട്ടിയുടെ ആശീര്‍വാദത്തോടെ കുട്ടിസഖാക്കള്‍ പ്രതീകാത്മകമായി കായലില്‍ തള്ളിയത്. സി പി എമ്മിലെ ഒരു വിഭാഗം വച്ചുപുലര്‍ത്തുന്ന ഈ അസഹിഷ്‌ണുത പ്രോത്സാപ്പിക്കത്തക്കതല്ല.പണ്ടുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ട്ടിയെന്താണെന്നും തങ്ങളുടെ ലക്ഷ്യമെന്താണെന്നുമൊക്കെ പറഞ്ഞു നടന്ന് തൊണ്ടയിലെ വെള്ളം വറ്റിച്ചവരാണ്. പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല, കമ്മ്യൂണിസ്റ്റുപാര്‍ട്ടിയെന്നാല്‍ ചുവന്ന കൊടിയില്‍ അരിവാളും ചുറ്റികയും നക്ഷത്രവുമുള്ള പാര്‍ട്ടിയാണെന്നു മനസ്സിലാക്കിയാല്‍ മതി എന്നൊക്കെയാണ് ഇന്നുള്ളവര്‍ പറയുന്നത്. പിണറായിയും കൂട്ടരും പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയെന്താണെന്ന് മനസ്സിലാക്കിക്കൊടുക്കണമെങ്കില്‍ റഷ്യയില്‍ സ്വാഭാവികമായും അല്ലാതെയും മരിച്ച തലതൊട്ടപ്പന്മാര്‍ ഒന്നു കൂടെ ജനിച്ച് കമ്മ്യൂണിസമെന്താണെന്ന് വീണ്ടും എഴുതിപ്പിടിപ്പിക്കേണ്ടിവരും. എന്നാലേ ഈയടുത്ത കാലത്ത് പാര്‍ട്ടിയും പാര്‍ട്ടി പത്രവും ചെയ്‌ത വൃത്തികേടുകളെ ന്യായീകരിക്കാന്‍ സാമാന്യം തൊലിക്കട്ടിയുള്ളവനെങ്കിലും സാധിക്കൂ.
3 comments:
കേരളത്തിന്റെ സമീപകാല രാഷ്‌ട്രീയ ചരിത്രത്തില്‍ മാധ്യമങ്ങളെ തെറിവിളിച്ച രണ്ടു പേര്‍ കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനുമാണ്. രണ്ടും രണ്ട് പ്രത്യയശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നവരാണെങ്കിലും ഒളിഞ്ഞും തെളിഞ്ഞും കൈകോര്‍ത്തവര്‍, ഒരേ തോണിയില്‍ സഞ്ചരിക്കുന്നവര്‍. കുഞ്ഞാലിക്കുട്ടിയുടെ കേസ് അല്‌പം നാറ്റക്കേസാണ്.
well said buddy. there are not many people out there to post like this balanced news
ഗൌരവമുള്ള ഒരു ബ്ലോഗ്.
വിശകലനം ഗംഭീരം.
എന്റെ ചില കാര്‍ട്ടൂണ്‍ കവിതകളുണ്ടായിരുന്നു. സമയം കിട്ടിയാല്‍ നോക്കണേ,രഹസ്യലോകത്തില്‍
Post a Comment