
കേരളാ മോഡല്‍ നമുക്കു സമ്മാനിച്ചത് ഉയര്‍ന്ന ആരോഗ്യവും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസവും സാമൂഹിക സുരക്ഷിതത്വവുമാണ്. മലയാളിയുടെ ശരാശരി ആയുസ്സ് 74 വയസ്സായി വര്‍ദ്ധിപ്പിക്കാന്‍ നമുക്കു കഴിഞ്ഞു, അതായത് ദേശീയ ശരാശരിയേക്കാള്‍ 11 വയസ്സ് കൂടുതല്‍, അമേരിക്കക്കാരുടെ ശരാശരി ആയുസ്സിന്റെ തൊട്ടടുത്ത് (77). സാക്ഷരതാ നിരക്ക് 91 ശതമാനം, ദേശീയ ശരാശരിയേക്കാള്‍ 26 ശതമാനം (അമേരിക്കയുടേത് 99 ശതമാനം). ഒരു ഇന്ത്യന്‍ സംസ്ഥാനം ചെലവിടുന്ന ശരാശരിയേക്കാള്‍ 36 ശതമാനം കൂടുതലാണ് വിദ്യാഭ്യാസത്തിനുവേണ്ടി കേരളം ചെലവിടുന്നത്, ആരോഗ്യ രക്ഷക്കുവേണ്ടി 46 ശതമാനവും. പാവപ്പെട്ടവരുടെകാര്യത്തിലാണെങ്കിലും സര്‍ക്കാര്‍ ഇടപെട്ടാല്‍ ജീവിത നിലവാരം മെച്ചപ്പെടുത്താനാവുമെന്ന് പ്ലാനിംഗ്‌ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഭാത് പട് നായിക്ക് പറയുന്നു. വളര്‍ച്ചാനിരക്കുകളുമായി ബന്ധപ്പെട്ടതല്ല കേരളീയരുടെ ജീവിത നിലവാരം. ''ജനിച്ച അതേ വര്‍ഷം ശിശുക്കള്‍ മരിക്കുന്നില്ല, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏതാണ്ട് ഒരേ ജീവിത സാഹചര്യം, അവര്‍ക്ക് തുല്യമായ വിദ്യാഭ്യാസം ലഭിക്കുന്നു, ഉയര്‍ന്ന ആയുസ്സും, വികസിത രാജ്യങ്ങളിലെവിടെയും കാണാത്ത പ്രത്യേകതയാണിത്'' മൗണ്ട് ക്ലെയര്‍ സര്‍വ്വകലാശാലയിലെ നരവംശ ശാസ്‌ത്രജ്ഞന്‍ റിച്ചാര്‍ഡ് ഫ്രാങ്കി സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭൂപരിഷ്‌കരണം നടത്തി പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കിയതും ഇത്രയേറെ ആശുപത്രികളും വിദ്യാലയങ്ങളും നടത്തുന്നതും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. കേരളാ മോഡല്‍ വികസന മാതൃകയെപ്പറ്റിയുള്ള വിവരണങ്ങള്‍ക്കു മാത്രം ഇന്നും ഒരു കുറവും സംഭവിച്ചിട്ടില്ല.
പക്ഷേ കേരളാ മോഡല്‍ പുസ്‌തകങ്ങളിലൊതുങ്ങുന്നുവെന്നാണ് സമീപകാലം യാഥാര്‍ത്ഥ്യം. കേരളാമോഡലിലൂടെ നേടിയെടുത്ത വിദ്യാസമ്പന്നര്‍ നമുക്ക് താങ്ങാവുന്നതിലുമപ്പുറമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും വലിയ തൊഴില്‍ ദാദാക്കളായ സര്‍ക്കാരിനു തന്നെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലി നല്‍കാന്‍ കഴിയുന്നില്ല. പ്രധാന തൊഴില്‍ ദാതാക്കളായി വളര്‍ന്നു വരുന്ന ഐ ടി അനുബന്ധ മേഖലയുടെ മുഖ്യപങ്കും സ്വകാര്യമേഖലയിലാണ്. വളരുന്ന നാടിനൊപ്പം സഞ്ചരിക്കാനാകാതെ സര്‍ക്കാര്‍ വീര്‍പ്പു മുട്ടുന്നു. സ്‌മാര്‍ട്ട് സിറ്റിക്കും ടെക്‌നോ പാക്കുകള്‍ക്കും താങ്ങാനാവാത്ത ഐ ടി വിദഗ്‌ദരെയാണ് കേരളം പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ പോലും ചെലവിടാന്‍ പണമില്ലാതെ സ്വകാര്യ മേഖലക്ക് ഇഷ്‌ടദാനം ചെയ്യുന്നു. യൂണിയന്‍ പ്രവര്‍ത്തനവും അനാവശ്യ സമരങ്ങളും സൃഷ്‌ടിച്ച മന്ദത തൊഴില്‍ മേഖലയില്‍ മാറി വരുന്നതേയുള്ളൂ. തൊഴിലറിയാവുന്നവര്‍ ഇഷ്‌ടം പോലെ, തൊഴിലിലിനു മാത്രം ക്ഷാമം, അതാണ് ഇന്നത്ത കേരളത്തിലെ അവസ്ഥ. അതു തന്നെയാണ് നല്ലൊരു ശതമാനം പേരെയും പ്രവാസികളാക്കി മാറ്റിയത്. സാമൂഹ്യ സാമ്പത്തിക മണ്‌ഡലങ്ങളില്‍ അതു സൃഷ്‌ടിച്ച മാറ്റം എടുത്തു പറയേണ്ടതാണ്.
കേരളത്തിന്റെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തിയതിനു പിന്നില്‍ വിദേശമലയാളികളുടെ പങ്ക് ചെറുതല്ല. പ്രത്യേകിച്ചും ഗള്‍ഫ്‌മലയാളികളുടെ. കേരളത്തെ രണ്ടാക്കി വിഭജിച്ചാല്‍ വടക്ക് മലബാറിലെ സാമ്പത്തിക അടിത്തറ ഗള്‍ഫ് പണമാണെന്നും തെക്ക് തിരുവിതാംകൂറിന്റെ മുഖ്യ സാമ്പത്തിക അടിത്തറ യൂറോപ്പ് അമേരിക്കന്‍ പണമാണെന്നും പറയാം. പക്ഷേ സാമ്പത്തികമായി വളര്‍ച്ച പ്രാപിച്ചു എന്നു പറയുന്നുണ്ടെങ്കിലും സാമൂഹികമായി നമ്മള്‍ പിന്നോട്ടു പോകുകയാണെന്നും അങ്ങനെ കേരളമോഡല്‍ തകര്‍ച്ച നേരിടുകയുമാണെന്നുമാണ് ഈയിടെ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സര്‍ക്കാരുദ്യോഗം എന്ന ലക്ഷ്യത്തില്‍ നിന്നും യുവതലമുറ മാറിച്ചിന്തിച്ചു തുടങ്ങിയിട്ട് അധിക നാളായില്ല. പക്ഷേ തൊഴില്‍ തേടിയുള്ള യാത്ര നല്ല വിദ്യാഭ്യാസം ലഭിച്ചവരെയും ഏതു തൊഴിലും ചെയ്യിക്കുന്ന അവസ്ഥയിലേക്ക് തള്ളിവിട്ടു. ഗള്‍ഫ് നാടുകളിലെ മരുഭൂമിയില്‍ മണിക്കൂറിന് വെറും ഒരു ഡോളറിനുവരെ ജോലി ചെയ്യേണ്ട ഗതികേട് മലയാളിക്കുണ്ടായത് ഇങ്ങനെയാണ്. കേരളത്തിലെ ഏതാണ്ട് മൂന്നിലൊരു കുടുംബവും ജീവിച്ചുപോകുന്നത് വിദേശസമ്പത്തിന്റെ ബലത്തിലാണ്.
പട്ടിണികിടന്നു മരിച്ചാലും ജനങ്ങള്‍ മറുനാടുകളിലേക്ക് പലായനം ചെയ്യില്ല, കേരളാമോഡല്‍ വായിക്കാന്‍ കൊള്ളാം പക്ഷേ നടപ്പില്‍ വരുത്താന്‍ കഴിയില്ല , സി ഡി എസിലെ ഡെമോഗ്രാഫര്‍ ഇരുദയ രാജന്‍ പറയുന്നു. ഇത്തരം വിദേശ പണം അടിസ്ഥാനമായുള്ള സമ്പദ് വ്യവസ്ഥ ജനജീവിതത്തെ നയിക്കുന്നുത് മറ്റൊരു ദിശയിലാണ്. സാമൂഹ്യ ആരോഗ്യ വിദ്യാഭ്യാസ മണ്‌ഡലങ്ങളിലെ സമാനത എന്ന ലക്ഷ്യം പക്ഷേ തകര്‍ന്നു തുടങ്ങിയിരിക്കുന്നു എന്നതാണ് ഈ സാമൂഹ്യ വ്യവസ്ഥ വെളിപ്പെടുത്തുന്നത്. യൂറോപ്പിലേക്കും അമേരിക്കയിലേക്കും പറിച്ചു നടുന്നവരുടെയും ഗള്‍ഫിലേക്കു ജോലി തേടിപ്പോകുന്നവരുടേയും കുടുംബജീവിതം പുതിയ മാനങ്ങള്‍ തേടുകയാണ്.
ഗള്‍ഫില്‍ ജോലിചെയ്യുന്നവര്‍ കുടുംബത്തിന്റെ ഒരു ധനാഗമനമാര്‍ഗ്ഗമായി മാത്രമാണ് ജീവിക്കുന്നത് എന്നു പറയാം. അവര്‍ കുടുംബത്തോടെപ്പം ചിലവഴിക്കുന്നത് വര്‍ഷത്തില്‍ വെറും മൂന്നോ നാലോ ആഴ്‌ചതകള്‍ മാത്രം . നാട്ടില്‍ വന്നാല്‍ ഒരു ഗൃഹനാഥന്റെ വേഷം അഭിനയിക്കാന്‍ ലഭിക്കുക വിരലിലെണ്ണാവുന്ന ദിവസങ്ങളായിരിക്കും. ഇത്രയും ദിവസം ഒരു ഗസ്റ്റ് അപ്പിയറന്‍സും ബാക്കി ടെലി അപ്പിയറന്‍സും വഴിയാണ് അഛനായും മകനായും മകളായുമൊക്കെ ഗള്‍ഫ് മലയാളികള്‍ ജീവിക്കുന്നത്. ആധുനിക മൊഡ്യുലാര്‍ കിച്ചണും കാറും മക്കളുടെ ഉയര്‍ന്ന വിദ്യാഭ്യാസവും എല്ലാം താങ്ങണമെങ്കില്‍ ഗള്‍ഫുകാരന് ഇത്തരമൊരു ജീവിതം നയിച്ചേ പറ്റൂ. അഛന്റെ സ്‌നേഹവും ഭര്‍ത്താവിന്റെ സ്‌നേഹവും മകന്റെ സ്‌നേഹവും ഒപ്പം ഉയര്‍ന്ന കുടുംബജീവിതവും ഒന്നിച്ചു പൊരുത്തപ്പെട്ടുപോകില്ല എന്നതാണ് ഗള്‍ഫ് മലയാളി നേരിടുന്ന പ്രശ്‌നം. ഒരുപാട് സാമൂഹിക പ്രശ്‌നങ്ങളാണ് ഈ ജീവിതം സൃഷ്‌ടിക്കുന്നത്. ഒരാളുടെ അധ്വാനത്തില്‍ നിന്നും പലരുടേയും ജീവിതം കെട്ടിപ്പടുക്കേണ്ടിവരിക എന്നത് കുടുംബത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിച്ച സംഭവങ്ങള്‍ നിരവധിയാണ്. ഗള്‍ഫിലെ ജോലി സാഹചര്യങ്ങള്‍ മാറിയതും വരുമാനമറിയാതെ ചിലവുചെയ്‌ത് കൂടുതല്‍ പ്രാരാബ്‌ദങ്ങള്‍ തലയില്‍ കയറ്റിവച്ച് രണ്ടോ മൂന്നോ വര്‍ഷം കാശുണ്ടാക്കാന്‍ പോയി ഗള്‍ഫില്‍ ജീവിതകാലം മുഴുവന്‍ കുടുങ്ങിപ്പോകുന്നവരുടെ കഥകള്‍ നിരവധി.
അമേരിക്കന്‍ യൂറോപ്യന്‍ മലയാളികളുടെ ജീവിതം ഒരു പറിച്ചു നടലാണ് എന്നു പറയാം. കൂടുംബത്തോടെയുള്ള പറിച്ചു നടല്‍ ഗള്‍ഫ് മലയാളികള്‍ നാട്ടിലെത്തുന്നത് വര്‍ഷത്തിലൊരിക്കലാണെങ്കില്‍ ഇവര്‍ നാലോ അഞ്ചോ വര്‍ഷത്തിലൊരിക്കലായേക്കാം. കുടുംബത്തോടെ ചേക്കേറുന്നതുകൊണ്ട് വര്‍ഷത്തിലൊരിക്കലുള്ള വരവ് അത്ര എളുപ്പമായെന്നും വരില്ല. പ്രായമായ അഛനോ അമ്മയോ മുത്തഛനോ മുത്തശ്ശിയോ മാത്രമായിരിക്കും കേരളത്തിലുണ്ടാകുക. ചിലപ്പോള്‍ അവരും കൂടെ പറിച്ചു നടപ്പെട്ടെന്നിരിക്കും. വര്‍ഷങ്ങള്‍ക്കു ശേഷം റിട്ടയേര്‍ഡ് ലൈഫ് കേരളത്തിലാവാമെന്നു കരുതി നാട്ടിലേക്കെത്തുമ്പോഴേക്കും വിദേശത്തു ജനിച്ചുവളര്‍ന്ന മക്കള്‍ക്ക് പൊരുത്തക്കേടുകളും നിരവധിയായിരിക്കും. നേഴ്‌സിംഗ് ഹോസ്‌പിറ്റാലിറ്റി രംഗത്ത് ഇന്ത്യക്കാര്‍ക്ക് വന്‍ ജോലി സാധ്യത വന്നതോടെ അമേരിക്കയിലേക്കും യൂറോപ്പിലേക്കും പറിച്ചു നടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം ഇത്തരം സമ്പത്ത് ജനജീവിതത്തെയും ബാധിക്കുന്നു. വിവാഹം പലപ്പോഴും ഒരു വിദേശ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ളതായി മാറുകയും അവ കുടുംബബന്ധ്‌ങ്ങള്‍ തകരുന്നതു വരെയെത്തിയെന്ന് അമേരിക്കയില്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. തിരുവിതാംകൂറിലെയും മലബാറിലേയും സമ്പന്നഗ്രാമങ്ങളുടെ പ്രധാന ധനാഗമനമാര്‍ഗ്ഗവും വിദേശ പണമാണ്.
കേരളീയരുടെ കടന്നു കയറ്റത്തിന് പ്രസിദ്ധി നേടിയിരിക്കുന്നത് ഗള്‍ഫ് മേഖലയില്‍ തന്നെയാണ്. 1980 കളില്‍ ഇരട്ടിയായിരുന്ന വിദേശത്തു ജോലിചെയ്യുന്നവരുടെ എണ്ണം 1990 കളില്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള കേരളത്തിലുള്ളവരില്‍ ബഹുഭൂരിപക്ഷവും ജോലിചെയ്യുന്നത് കണ്‍സ്‌ട്രക്ഷന്‍ കമ്പനികളിലും ഗള്‍ഫിലെ പൊരിവെയിലത്തുമാണെന്ന് ചുരുക്കം.
പ്രവാസികളുടെ പണമാണ് കേരളത്തിലെ സാമ്പത്തിക മേഖല യുടെ ആണിക്കല്ല് എന്ന് വിദഗ്‌ദര്‍ അഭിപ്രായപ്പെടുന്നു. അഞ്ച് ബില്ല്യണ്‍ ഡോളറാണ് പ്രവാസികള്‍ കേരളത്തിലേക്ക് അയക്കുന്നത്. പ്രവാസികളുടെ ജീവിതനിലവാരവും സ്വദേശികളേക്കാള്‍ മൂന്നിരട്ടി കൂടുതലാണുതാനും. കാറുകളും ഒന്നില്‍ കൂടുതല്‍ ഫോണുകളും ആധുനിക ഗൃഹോപകരണങ്ങളും അടങ്ങിയ ആര്‍ഭാടപൂര്‍വ്വമായ ജീവിതമാണ് ഇവര്‍ നയിക്കുന്നത്. `` സുന്ദരനും ദുബായില്‍ ജോലിചെയ്യുന്നവനുമായ യുവാവിന്.....`` എന്നു തുടങ്ങുന്ന പരസ്യങ്ങള്‍ പത്രങ്ങളില്‍ പെരുകുന്നതില്‍ നിന്നു തന്നെ മാറിയ മലയാളി മനസ്സിനെ നമുക്ക് വായിച്ചെടുക്കാം. കേരളത്തിലെ ഉന്നത നിലവാരമുള്ള ജീവിതത്തിനു പിന്നില്‍ ഗള്‍ഫ് പണം തന്നെയാണെന്നാണ് കേരളാ സര്‍വ്വകലാശാലയിലെ സാമ്പത്തിക വിദഗ്‌ദനായ ബി എ പ്രകാശിന്റയും അഭിപ്രായം.
അതേസമയം കേരളത്തിലെ ആത്മഹത്യാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ നാലുമടങ്ങ് കൂടുതലാണ് എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. അതിനുപിന്നില്‍ പണത്തോടുള്ള അമിതതാത്‌പര്യവും മാറിയ ജീവിതത്തോടുള്ള പൊരുത്തക്കടുകളും ഒറ്റപ്പെടലുമാണ്. അത്തരമൊരു കഥയാണ് ഷേര്‍ലി ജസ്റ്റസിന്റെത്. നാല്‍പ്പത്തിയഞ്ചുകാരിയായ ഷേര്‍ളിയുടെ ഭര്‍ത്താവ് മസ്‌ക്കറ്റില്‍ ട്രക്ക് ഡ്രൈവറാണ്. അതുകൊണ്ടുതന്നെ മൂന്നു പെണ്‍കുട്ടികളുടെ പഠിത്തമടക്കമുള്ള ഉത്തരവാദിത്തം അവര്‍ക്ക് ഏല്‍ക്കേണ്ടിവന്നു. മൂത്തമകളായ സുജിയുടെ പുറത്തുപോയി പഠിക്കാനുള്ള മോഹം എതിര്‍ത്തതിനെതുടര്‍ന്ന് അവള്‍ ആത്മഹത്യ ചെയ്‌തു. ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് അവര്‍ പറയുന്നു. പ്രവാസി കുടുംബങ്ങളുടെ അരക്ഷിതാവസ്ഥ സൂചിപ്പിക്കുന്ന ഇത്തരം സംഭവങ്ങളും നിരവധി. പെട്ടെന്നുണ്ടാകുന്ന ധനം കുടുംബബന്ധങ്ങളെ ബാധിക്കുന്ന സംഭവങ്ങളും കുറവല്ല.
പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ അത്ര ചെറുതല്ലാത്ത പങ്ക് ചെലവഴിക്കുന്നത് കുട്ടികളുടെ പഠനത്തിനു വേണ്ടിയാണ്. അതുകൊണ്ടുതന്നെ എന്‍ ആര്‍ ഐ സീറ്റുകള്‍ക്ക് താങ്ങാനാവാത്ത ഫീസ് അടക്കേണ്ടിവരുമ്പോള്‍ കൂടുതല്‍ കാലം പലര്‍ക്കും വിദേശത്തു കഴിയുകയും ചെയ്യേണ്ടിയും വരുന്നു. വിദ്യാസമ്പന്നരായ കേരളീയര്‍ ജോലി തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാണ്, അത് കൂടുതല്‍ തൊഴിലില്ലായ്‌മ സൃഷ്‌ടിക്കുകയും ചെയ്യുന്നു. വീണ്ടും പ്രവാസത്തിലേക്ക് ഒരു തലമുറയെ തള്ളിയിടുകയും ചെയ്യുന്ന ഈ പ്രക്രിയ പരസ്‌പര പൂരകമായി തുടരുകയാണ്.
`` ടെറസിന്‍ വീടും കാറും ഫ്രിഡ്‌ജും പണമുള്ളോനു ലഭിച്ചാല്‍ നാടിന്‍ വികസനമാണെന്നോര്‍ത്തു നടക്കണ'' എന്ന അവസ്ഥ പക്ഷേ അധികമൊന്നും മാറിയിട്ടില്ല. സാമൂഹിക ജീവിതത്തില്‍ എന്‍ ആര്‍ ഐ എന്നു പേരിട്ടുവിളിക്കുന്ന ഒരു കൂട്ടം സമ്പന്നമാകുകയും ഉയര്‍ന്ന ജീവിതം നയിക്കുകയും ചെയ്യുന്നുവെങ്കിലും കേരളത്തിലെ സ്വദേശികളുടെ ജീവിതനിലവാരം മെച്ചപ്പെട്ടുവെന്ന് പറയാന്‍ കഴിയില്ല. തികച്ചും സാമൂഹികമായ അസമത്വമാണ് വിദേശ പണം സൃഷ്‌ടിക്കുന്നത്.
കേരളീയരുടെ ജീവിതം ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കിലും ലോകബാങ്കിലും മറ്റു വിദേശ രാജ്യങ്ങളിലും പണയം വച്ചിരിക്കുകയാണ്. കഴിഞ്ഞ ആന്റണി സര്‍ക്കാര്‍ ധവളപത്രമിറക്കി ഖജനാവില്‍ അഞ്ചു പൈസയില്ലെന്നു പ്രഖ്യാപിച്ച് തൊട്ടു പിന്നാലെ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയ എ ഡി ബി വായ്‌പതന്നെ കേരളാ മോഡലിനെ കടന്നാക്രമിക്കുമെന്നുറപ്പാണ്. എഡിബി വായ്‌പ തരണമെങ്കില്‍ അവരുടെ നിയമങ്ങള്‍ പാലിക്കപ്പെടണമെന്നതാണ് ചട്ടം. അവരുടെ ആവശ്യങ്ങളില്‍ പ്രധാനം ആരോഗ്യം വിദ്യാഭ്യാസം സാമൂഹിക സേവനം പോലുള്ള നഷ്‌ടക്കച്ചവടത്തില്‍ നിന്നും സര്‍ക്കാരിനെ മാറ്റി നിര്‍ത്തി അവ സ്വകാര്യമേഖലക്ക് വിട്ടുകൊടുത്ത് സര്‍ക്കാരിനെ ലാഭത്തിലാക്കുക അതു വഴി വാങ്ങിയ പണവും അതിന്റെ പലിശയും പലിശയുടെ പലിശയും തിരിച്ചടക്കാന്‍ പ്രാപ്‌തമാക്കുക എന്നതാണ്. പൊതു ടാപ്പിന് പണം കൊടുക്കേണ്ടിവരുന്നതിനേച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് തിരശ്ശീല ഇനിയും വീണിട്ടില്ല എന്നതും ഓര്‍ക്കുക. ജലനിധിയും ജപ്പാന്‍ കുടിവെള്ളവും മറ്റും ഉണ്ടാക്കിയിരിക്കുന്ന ബാധ്യതകള്‍ വേറെ.സര്‍ക്കാരും ശാസ്‌ത്രസാഹിത്യപരിഷത്ത് പോലുള്ള സന്നദ്ധ സംഘടനകളും മുന്നിട്ടിറങ്ങി ആരോഗ്യ മേഖലയെ നല്ല നിലവാരത്തിലെത്തിച്ചിരുന്നു. മലേറിയയും വസൂരിയുമൊക്കെ തുടച്ചു നീക്കിയ ചരിത്രമാണ് നമുക്കുള്ളത്. കോളറക്കും മറ്റു സാംക്രമിക രോഗങ്ങള്‍ക്കുമെതിരെ ശക്തമായ ജനസമ്പര്‍ക്ക പരിപാടികള്‍ തന്നെ നടന്നിരുന്നു. എന്നാല്‍ ഇന്ന് ഡങ്കിപ്പനി എലിപ്പനി മെനിഞ്‌ജൈറ്റിസ് ചിക്കുന്‍ഗുനിയ തുടങ്ങി പേരുള്ളതും പേരില്ലാത്തതുമായ നിരവധി രോഗങ്ങളുടെ വിളഭൂമിയാണ് കേരളം. കഴിഞ്ഞ മാസങ്ങളില്‍ 700 ഓളം പേര്‍ ചിക്കുന്‍ഗുനിയ കാരണം മരിച്ചതായാണ് റിപ്പോര്‍ട്ട്. 16 ലക്ഷത്തോളം പേര്‍ക്ക് ഗുനിയ പിടിപെട്ടു. ചിക്കുന്‍ഗുനിയ എന്നൊരു രോഗം ഉണ്ടോ എന്നതായിരുന്നു ആദ്യകാലത്തെ സംശയം. രോഗം കണ്ടുപിടിച്ചിട്ടും അതിനെതിരെ ഫലപ്രദമായി എന്തെങ്കിലും ചെയ്യുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. സാമൂഹ്യപ്രതിബദ്ധതയുള്ള സമൂഹം മൂലധന ലോകത്തിനുവേണ്ടി മാറ്റി രചിക്കപ്പെടുന്നതിന്റെ നേര്‍ക്കാഴ്‌ചകളായി മാറുകയാണ് കേരളം. സാമൂഹ്യരംഗത്തു പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും എണ്ണം ദിനംപ്രതി കുറഞ്ഞുവരുന്നു. ഇത്തരം പരിപാടികളില്‍ നിന്ന് സര്‍ക്കാരും മാറി നില്‍ക്കുന്നു. കേരളാ മോഡല്‍ വിളംബരം ചെയ്‌ത ആരോഗ്യമേഖലയുടെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്.
1975 ലെ ഐക്യരാഷ്‌ടസഭാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട `കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യക്ഷേമ മേഘലയിലെ പ്രശംസനീയമായ മുന്നേറ്റ'ത്തിന്റെ ഇന്നത്തെ അവസ്ഥ ഇതാണ്. ബില്‍ മക് കിബ്ബെന്‍ എന്ന അമേരിക്കന്‍ ചിന്തകന്റെ വാക്കുകളില്‍ പറഞ്ഞാല്‍ `'താഴ്‌ന സാമ്പത്തിക നിലവാരമുള്ള കേരളത്തിന് നിലവാരമുള്ള ജീവിതം കെട്ടിപ്പൊക്കാന്‍ കഴിഞ്ഞു'' പക്ഷേ അതിന്നൊരു സ്വപ്‌നം മാത്രമാണ്. അമര്‍ത്യ സെന്‍ സുചിപ്പിച്ച കേരളാമോഡല്‍ എന്ന 'സമുന്നതമായ സാമൂഹ്യ നേട്ടം തകര്‍ച്ചയിലാണ'്. കേരളാമോഡല്‍ ഇന്ന് പ്രശസ്‌തരുടെ പുസ്‌തകങ്ങളിലെയും ലോകാരോഗ്യസംഘടനകളുടെ റിപ്പോര്‍ട്ടുകളിലേയും അക്ഷരങ്ങള്‍ മാത്രമാണ്.
............................................................................................. (പുഴ. കോം)
2 comments:
സാമ്പത്തികമായി വളര്‍ച്ച പ്രാപിച്ചു എന്നു പറയുന്നുണ്ടെങ്കിലും സാമൂഹികമായി നമ്മള്‍ പിന്നോട്ടു പോകുകയാണെന്നും അങ്ങനെ കേരളമോഡല്‍ തകര്‍ച്ച നേരിടുകയുമാണെന്നുമാണ് ഈയിടെ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സര്‍ക്കാരുദ്യോഗം എന്ന ലക്ഷ്യത്തില്‍ നിന്നും യുവതലമുറ മാറിച്ചിന്തിച്ചു തുടങ്ങിയിട്ട് അധിക നാളായില്ല. പക്ഷേ തൊഴില്‍ തേടിയുള്ള യാത്ര നല്ല വിദ്യാഭ്യാസം ലഭിച്ചവരെയും ഏതു തൊഴിലും ചെയ്യിക്കുന്ന അവസ്ഥയിലേക്ക് തള്ളിവിട്ടു. ഗള്‍ഫ് നാടുകളിലെ മരുഭൂമിയില്‍ മണിക്കൂറിന് വെറും ഒരു ഡോളറിനുവരെ ജോലി ചെയ്യേണ്ട ഗതികേട് മലയാളിക്കുണ്ടായത് ഇങ്ങനെയാണ്. കേരളത്തിലെ ഏതാണ്ട് മൂന്നിലൊരു കുടുംബവും ജീവിച്ചുപോകുന്നത് വിദേശസമ്പത്തിന്റെ ബലത്തിലാണ്.
വിവാഹം പലപ്പോഴും ഒരു വിദേശ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ളതായി മാറുകയും അവ കുടുംബബന്ധ്‌ങ്ങള്‍ തകരുന്നതു വരെയെത്തിയെന്ന് അമേരിക്കയില്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു.
എത്രശരിയായ വക്കുകള്‍. ഒരു വിദേശ വിസക്കുവേണ്ടി വികലാംഗയയോ വിരൂപിയെയൊ പോലും ജാതി മതം വിദ്യഭാസം ഒന്നും നോക്കാതെ വിവാഹം ചെയ്യാന്‍ ഡോക്ടറും എഞ്ചിനീയറും തയ്യാറാണ്. ജാതിയും മതവും നോക്കി വിവാഹം ചയ്യണം എന്നു അല്ല ഞാന്‍ പറയുന്നത്. നാട്ടില്‍നിന്നും വിവാഹം ചെയ്യുമ്പോള്‍ ഇതൊക്കെ വലിയ മാനദ്ണ്ഡമായ് കണുന്നവര്‍ വിദേശ വിസക്കുവേണ്ടി ഇതൊന്നും നോക്കാറില്ല എന്നു സൂചിപ്പിച്ചു എന്നു മാത്രം.
Post a Comment