Tuesday, September 04, 2007

ബ്ലോഗുലകത്തില്‍ മലയാളത്തിന്‌ നല്ല കാലം


ഇംഗ്ലീഷ്‌ ഭാഷ ആധിപത്യമുറപ്പിച്ച സൈബര്‍ സ്‌പേസില്‍ മലയാളം സ്ഥാനം പിടിച്ചിട്ട്‌ അധികനാളായില്ല. ബ്ലോഗുകളിലും മറ്റും ഇഷ്‌ടമുള്ളത്‌ കുത്തിക്കുറിച്ചുവെക്കാനുള്ള സ്വാതന്ത്ര്യം കൂടി ലഭിച്ചതോടെ ഇന്റര്‍നെറ്റില്‍ മലയാള ഭാഷ സജീവമായെന്ന്‌ സമീപകാല ചരിത്രം വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ ഭാഷയുടെ പൊതുരൂപം(യുണീകോഡ്‌) സ്വീകാര്യമായതോടെയാണ്‌ ബ്ലോഗുകളിലും ഇന്ററാക്‌ടീവ്‌ വെബ്‌സൈറ്റുകളിലും ഓര്‍ക്കുട്ട്‌ പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളിലുമൊക്കെ ഭാഷ അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞത്‌. കേരളത്തിനകത്തും പുറത്തും ഇന്റര്‍നെറ്റ്‌ എന്ന പുതിയ മാധ്യമത്തില്‍ മാതൃഭാഷയില്‍ എഴുതുകയും വായിക്കുകയും ആശയങ്ങള്‍ കൈമാറുകയും ചെയ്യുന്ന ഒരു വലിയ കൂട്ടായ്‌മ തന്നെ വളര്‍ന്നു വരികയാണ്‌. ഒരുദിവസം നൂറില്‍ പരം പോസ്റ്റുകള്‍ എന്ന തോതിലാണ്‌ മലയാളം ബ്ലോഗുകളുടെ വളര്‍ച്ച. ഒരു ദിവസം ഇരുപതിനടുത്ത്‌ പുതിയ ബ്ലോഗുകള്‍ രൂപപ്പെടുന്നു. ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ 2000ല്‍ പരം മലയാളം ബ്ലോഗുകളാണ്‌ പ്രസിദ്ധീകരിച്ചത്‌.

ചില്ലിക്കാശു പോലും ചെലവില്ലാതെ ആരുടെയും അനുവാദമില്ലാതെ നമുക്കിഷ്‌ടമുള്ളത്‌ എഴുതിവെക്കാനും അവ എഡിറ്റു ചെയ്യാനും സാധിക്കുന്ന വെബ്‌ പേജുകളാണ്‌ ബ്ലോഗുകള്‍. അതുകൊണ്ടുതന്നെ അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ്‌ ബ്ലോഗര്‍മാര്‍ക്ക്‌ അനുവദിച്ചു കിട്ടിയത്‌. ഒരു പക്ഷേ ഈ സ്വാതന്ത്ര്യം ഏറ്റവും നന്നായി ഉപയോഗിച്ചവര്‍ മലയാളികളായിരിക്കും. മറ്റു മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്‌തമായി വായനക്കാരുടെ പ്രതികരണങ്ങള്‍ അപ്പപ്പോള്‍ ലഭിക്കുമെന്ന സൗകര്യം കൂടി ലഭിച്ചത്‌ ബ്ലോഗുകളെ കൂടുതല്‍ താല്‌പര്യത്തോടെ സമീപിക്കാന്‍ കാരണമായി. ഒരു വല്ലാത്ത സ്വാതന്ത്യമാണ്‌ വായനക്കാര്‍ക്ക്‌ ഇത്‌ നല്‍കുന്നത്‌. വല്ലവനും വായിക്കുന്നത്‌ അതേപോലെ കുടിച്ചു വറ്റിച്ച്‌ പോകുക എന്നതിലേക്കാളുപരി പ്രതികരണങ്ങള്‍ അപ്പപ്പോള്‍ രേഖപ്പെടുത്തുക, കൂടുതല്‍ സെലക്‌ടീവായത്‌ തെരഞ്ഞെടുക്കുക എന്ന ഒരു പുതിയ രീതി. ``ഒരു തുടക്കം, എന്റെ രക്ഷിതാവിന്റെ നാമത്തില്‍, എന്റെ സ്വന്തം ഭാഷയില്‍, ഹൃദയമിഡിപ്പിന്റെ താളത്തില്‍..'' രേഷ്‌മയെന്ന ബ്ലോഗര്‍ ആദ്യകാലത്ത്‌ എഴുതിയ വരികളിലൊന്നാണ്‌ ഇത്‌. പ്രവാസ ജീവിതത്തിലെ ഏകാന്തതയും സ്വന്തം നാടിനോടും താന്‍ വളരെ കുറച്ചുമാത്രം സംസാരിക്കാന്‍ വിധിക്കപ്പെട്ട മാതൃഭാഷയോടുമുള്ള ഗൃഹാതുരതയും ഒത്തു ചേര്‍ന്നപ്പോള്‍ ഇന്നു കാണുന്ന പല വൈവിധ്യമായ ബ്ലോഗുകളും പിറവിയെടുത്തു. അതുകൊണ്ടുതന്നെ ഇവരെഴുതുന്ന സൃഷ്‌ടികളില്‍ പച്ചമലയാളത്തിലുള്ള പദങ്ങളും നാടന്‍ പ്രയോഗങ്ങളും ധാരാളയായി കാണാം. വിദ്യാര്‍ഥികളും പത്രപ്രവര്‍ത്തകരും സാങ്കേതികമേഖലയില്‍ ജോലിചെയ്യുന്നവരുമായി കേരളത്തില്‍ നിന്നും ഒരുപാടു പേര്‍ ബ്ലോഗുചെയ്യുന്നുണ്ട്‌. സൃഷ്‌ടിപരമായ രചനകളാണ്‌ ബ്ലോഗുകളില്‍ ഏറെയും. സാഹിത്യ രൂപങ്ങള്‍ മാത്രമല്ല, ആരോഗ്യം, ഐടി, കൃഷി, ഗണിതശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, കാര്‍ട്ടൂണ്‍, അക്ഷരശ്ലോകം, ഭാഷാ ശാസ്‌ത്രം, ചരിത്രം, ഫോട്ടോഗ്രാഫി തുടങ്ങി ആകാശത്തിനു കീഴിലുള്ള എല്ലാ വിഷയങ്ങളും ഇന്ന്‌ ബ്ലോഗില്‍ സജീവമാണ്‌.
മലയാളം ബ്ലോഗുകളുടെ പിറവിക്ക്‌ ഒരു നേരമ്പോക്കിന്റെ മെമ്പൊടിയുണ്ട്‌. വിശാലമനസ്‌കന്‍, സങ്കുചിത മനസ്‌കന്‍, ഇടിവാള്‍, കുറുമാന്‍, പോള്‍,വിശ്വം, സു, സിബു, സണ്ണി, വാപ്പ, തീപ്പൊരി, വക്കാരിമഷ്‌ടാ, കറിവേപ്പില, ലാപൂട, ഞ്ചിപ്പെണ്ണ്‌... അങ്ങനെപോകുന്നു ആ ആദ്യകാല ബ്ലോഗര്‍മാരുടെ നീണ്ട നിര. ദുബായില്‍ ജോലി നോക്കുന്ന തൃശൂര്‍ കൊടകരക്കാരനായ സജീവ്‌ എടത്താടന്റെ (വിശാലമനസ്‌കന്‍)`കൊടകരപുരാണ' വും, ദുബായി ഏഷ്യാനെറ്റ്‌ ജീവനക്കാരനായ കുഴൂര്‍ വിത്സണിന്റെ കവിതകളും, ദേവന്റെ ആരോഗ്യലേഖനങ്ങളും, കേരളത്തില്‍ നിന്ന്‌ ചന്ദ്രശേഖരന്‍ നായര്‍ എഴുതുന്ന കൃഷി ചിന്തകളും ബ്ലോഗുലകത്തെ സൂപ്പര്‍ ഹിറ്റുകളാണ്‌. അമേരിക്കന്‍ ഐ ടി പ്രൊഫഷണലായ ഉമേഷിന്റെ ഗുരുകുലമാണ്‌ എടുത്തു പറയേണ്ട മറ്റൊന്ന്‌. രേഷ്‌മ, നെല്ലിക്ക. പെരിങ്ങോടന്‍ തുടങ്ങിയവരുടെ കഥകളും ലാപൂടയുടെ കവിതകളും തുഷാരത്തിന്റെ മയില്‍പീലിത്തുണ്ടുകളെന്ന അനുഭവക്കുറിപ്പുകളും ശ്രദ്ധനേടിയവയാണ്‌. ലോക സിനിമകളെ പരിചയപ്പെടുത്തുന്ന ബാംഗളൂരിലെ റോബി കുര്യന്റെ `ലോകസിനിമയുടെ വര്‍ത്തമാനവും' അലിഫ്‌ ഷംല മാരുടെ `ചലച്ചിത്രമേള'യും ഹരിയുടെ ചിത്രവിശേഷവും സിനിമാ മേഖലയില്‍ നിന്നുള്ള അറിവ്‌ തരുന്നു. പത്രപ്രവര്‍ത്തകനായ എന്‍ പി രാജേന്ദ്രനും സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്‌ണനുമടക്കം പ്രശസ്‌തരുടെ ബ്ലോഗുകള്‍ നിരവധിയാണ്‌. വിശാലമനസ്‌കന്റെ കൊടകരപുരാണം. കറന്റ്‌ ബുക്‌സ്‌ ഈയിടെ പുസ്‌തകമാക്കി പ്രസിദ്ധീകരിച്ചു. ബെര്‍ലി തോമസിന്റെ `ബെര്‍ലിത്തരങ്ങള്‍' എന്ന ബ്ലോഗില്‍ നൂറാമത്തെ പോസ്റ്റ്‌ എഴുതിയത്‌ ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്‌. ഏതാണ്ട്‌ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ ഇന്ന്‌ ബ്ലോഗുലകത്തില്‍ നിത്യസന്ദര്‍ശകരാണ്‌.

വാര്‍ത്താ പോര്‍ട്ടലുകള്‍
‍വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിച്ചിരുന്ന ന്യൂസ്‌ വെബ്‌സൈറ്റ്‌ എന്ന സങ്കല്‌പത്തില്‍ നിന്നു മാറി ഇതര വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സമ്പൂര്‍ണ്ണ പോര്‍ട്ടല്‍ എന്ന ആശയം മലയാളത്തില്‍ നടപ്പിലായിട്ട്‌ അധികനാളായിട്ടില്ല. ദീപിക, മാതൃഭൂമി, മനോരമ തുടങ്ങിയ പ്രബലരായ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളാണ്‌ മലയാളം ഓണ്‍ലൈന്‍ ജേണലിസത്തിന്റെ മുഖ്യവക്താക്കള്‍. 1997 ഒക്‌ടോബര്‍ മാസത്തിലാണ്‌ ദീപിക ഡോട്ട്‌ കോം ആരംഭിക്കുന്നത്‌. അന്ന്‌ മലയാളത്തില്‍ മറ്റു പോര്‍ട്ടലുകള്‍ സജീവമായി ഇല്ലാതിരുന്നതിനാലും പ്രവാസി വാര്‍ത്തകള്‍ക്ക്‌ കൂടുതല്‍പ്രാധാന്യം നല്‍കിയതിനാലും ദീപിക കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. യൂറോപ്പിലും അമേരിക്കയിലുമുള്ള മലയാളികളുടെ പ്രത്യേകിച്ചും അതില്‍ ഭൂരിപക്ഷം വരുന്ന മധ്യതിരുവിതാംകൂറുകാരുടെ പിന്തുണ ദീപികക്കു ലഭിച്ചു. 2003 ജൂണ്‍ മാസത്തില്‍ മനോരമയും 2005 ജൂണ്‍ മാസത്തില്‍ മാതൃഭൂമിയും പോര്‍ട്ടല്‍ രൂപത്തിലേക്ക്‌ മാറിയതോടെയാണ്‌ മലയാളം ഓണ്‍ലൈന്‍ ജേണലിസത്തിന്‌ പുതിയ മാനം കൈവന്നത്‌. സമാന്തരമായി കേരള കൗമുദി, ദേശാഭിമാനി, മാധ്യമം, മംഗളം, തുടങ്ങിയ മിക്ക പത്രങ്ങളും അവരുടെ വെബ്‌ സൈറ്റുകള്‍ ആരംഭിച്ചിരുന്നു. വിനോദം, ആരോഗ്യം, സ്‌പോര്‍ട്‌സ്‌, സംഗീതം തുടങ്ങിയ അനുബന്ധമിനിപോര്‍ട്ടലുകളും ചര്‍ച്ചാവേദികളും ചാറ്റ്‌റൂമുകളും ഉള്‍പ്പെടുന്ന വാര്‍ത്താ പോര്‍ട്ടലുകളില്‍ എടുത്തു പറയാവുന്നവ മാതൃഭൂമിയും മനോരമയുമാണ്‌. ഈയടുത്ത കാലത്ത്‌ യാഹൂ, എം എസ്‌ എന്‍ തുടങ്ങിയ വിദേശ കമ്പനികള്‍ മലയാളം പോര്‍ട്ടലുകള്‍ തുടങ്ങിയതും കേരളാഓണ്‍ലൈവ്‌ പോലുള്ള സ്വതന്ത്ര ന്യൂസ്‌ സൈറ്റുകള്‍ രംഗത്തുവന്നതും ഈ രംഗത്ത്‌ മത്സരത്തിനു തിരികൊളുത്തിയിട്ടുണ്ട്‌.

വാരികകളുടെയും മാസികകളുടെയും ഓണ്‍ലൈന്‍ രൂപമെന്ന്‌ പറയാവുന്ന ഇ മാഗസിനുതള്‍ക്ക്‌ മലയാളത്തില്‍ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല എന്നു പറയാം. ഹരിതകം, ചിന്ത, പുഴ, മൂന്നാമിടം, തുഷാരം, തണല്‍, തുടങ്ങി വിരലിലെണ്ണാവുന്ന ഇ-മാഗസിനുകളേ നിലവിലുള്ളൂ. ഇവയില്‍ മിക്കതും ഒരു വ്യക്തിയോ ഒരു കൂട്ടം സുഹൃത്തുക്കളോ നടത്തുന്ന സന്നദ്ധപ്രവര്‍ത്തനമെന്നതില്‍ കവിഞ്ഞ്‌ പ്രൊഫഷണലായ രൂപം പ്രാപിച്ചിട്ടില്ല. സാഹിത്യം, സിനിമ, രാഷ്‌ട്രീയം തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുത്തിയ പുഴ.കോം ആണ്‌ ഇവയില്‍ അല്‌പമെങ്കിലും പ്രൊഫഷണലായ മാര്‍ഗ്ഗം സ്വീകരിക്കുന്നത്‌. മൂന്നാമിടവും ചിന്തയും ഹരിതകവുമൊക്കെ സാംസ്‌കാരികവും സാഹിത്യപരവുമായ ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നവയാണ്‌. പക്ഷേ മറ്റുഭാഷകളിലേതുപോലെ ഗൗരവമായ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ചര്‍ച്ച നടത്താന്‍ മലയാളികള്‍ പൊതുവേ താത്‌പര്യം കാണിക്കുന്നില്ല എന്നതാണ്‌ സത്യം. മലയാളത്തിലെ പല മാഗസിനുകള്‍ക്കും ഓണ്‍ലൈന്‍ എഡിഷനുകള്‍ ഉണ്ട്‌. ന്യൂസ്‌ പോര്‍ട്ടലുകളുടെ കാര്യത്തില്‍ നമ്മള്‍ വളരെയേറെ മുന്നോട്ടുപോയെങ്കിലും എല്ലാം തികഞ്ഞ ഒരു ഇ മാഗസിന്‍ എന്ന ആശയം ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ല.

യുനീകോഡ്‌ വിഭജനം
വാര്‍ത്താ പോര്‍ട്ടലുകളും പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളും കൂടുതല്‍ ജനകീയമായെങ്കിലും തുടങ്ങിയ കാലത്തേതില്‍ നിന്നു വ്യത്യസ്‌തമായി സാങ്കേതികമായ ഒരു ഏകീകൃത രൂപം സ്വീകരിക്കാന്‍ ഇവരാരും ഇനിയും തയ്യാറായിട്ടില്ല. ദീപിക, മാതൃഭൂമി, മനോരമ തുടങ്ങിയ എണ്ണപ്പെട്ട വാര്‍ത്താപോര്‍ട്ടലുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നത്‌ അവരുടെ സ്വന്തം ഫോണ്ട്‌ ആണ്‌. അതുകൊണ്ടുതന്നെ പരമ്പരാഗത രീതിയില്‍ തുടരുന്ന ഇവ ഓരോന്നും വിജ്ഞാനത്തിന്റെ ഓരോ തുരുത്തുകളായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. യുനീക്കോഡ്‌ എന്ന എല്ലാവരുമംഗീകരിച്ച പൊതൂരൂപം സ്വീകരിക്കാത്തതിനാല്‍ ഉള്ളടക്കമറിയണമെങ്കില്‍ ഓരോ സൈറ്റിലും നേരിട്ട്‌ ചെന്നു നോക്കി കണ്ടു പിടിക്കണം. ഗൂഗിളോ യാഹുവോ പോലുള്ള സെര്‍ച്ച്‌ എന്‍ജിനുകള്‍ വഴി തിരയാനുള്ള(സെര്‍ച്ച്‌) അവസരം നഷ്‌ടപ്പെടുന്നത്‌ പരമ്പരാഗത വെബ്‌സൈറ്റുകളിലുള്ള വലിയ അളവു വരുന്ന വിവരങ്ങള്‍ കാലം ചെല്ലും തോറും അധികമാര്‍ക്കും ഉപയോഗപ്പെടാതെ പോകാന്‍ കാരണമാകുന്നു. അതേസമയം യാഹൂ, എം എസ്‌ എന്‍, ദാറ്റ്‌സ്‌ മലയാളം, വെബ്‌ലോകം തുടങ്ങിയ യുനീകോഡിലുള്ള വാര്‍ത്താ പോര്‍ട്ടലുകളിലെയും വിക്കിപ്പീഡിയയിലേയും ചിന്ത, മൂന്നാമിടം, ഹരിതം തുടങ്ങിയ തുടങ്ങിയ മാഗസിനുകളിലെ വിവരങ്ങള്‍ നമുക്ക്‌ സെര്‍ച്ച്‌ എന്‍ജിനുകളില്‍ ലഭിക്കുകയും ചെയ്യും. ഇംഗ്ലീഷ്‌ഭാഷയില്‍ പ്രസിദ്ധീകരിച്ച ഭൂമിക്കുതാഴെയുള്ള ഏത്‌ വിഷയവും സെര്‍ച്ച്‌ എന്‍ജിനുകളില്‍ തിരഞ്ഞു കണ്ടുപിടിക്കാമെന്നിരിക്കെ മലയാളത്തിലെ പ്രമുഖ വെബ്‌സൈറ്റുകള്‍ മാറ്റത്തോട്‌ പുറം തിരിഞ്ഞു നില്‍ക്കുന്നതു വഴി നമുക്ക്‌ ആ വലിയ അവസരമാണ്‌ നഷ്‌ടപ്പെടുന്നത്‌. വിവിധ രീതിയില്‍ ചിതറിക്കിടക്കുന്ന പ്രാദേശിക ഭാഷകള്‍ക്ക്‌ ഏകീകൃത രൂപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മൈക്രോസോഫ്‌റ്റ്‌ അടക്കമുള്ള സോഫ്‌റ്റ്വെയര്‍ കമ്പനികളും ഭാഷാ വിദഗ്‌ദരും ഒന്നു ചേര്‍ന്ന്‌ ശ്രമിച്ചതിന്റെ ഫലമായാണ്‌ യുണീകോഡ്‌ പിറവിയെടുത്തത്‌. ഒരേ രീതിയില്‍ എഴുതാനും വായിക്കാനും സഹായിക്കുന്ന ഈ ഏകീകൃത രൂപം സ്വീകരിച്ചതുകൊണ്ടാണ്‌ മലയാളത്തിലുള്ള എല്ലാ ബ്ലോഗുകളും സംഘടിത ശക്തിയായി മാറിയതും. ബ്ലോഗുകളെ വിഭാഗങ്ങളാക്കി തിരിച്ച്‌ അതില്‍ ഓരോന്നിലും വരുന്ന പുതിയ സൃഷ്‌ടികള്‍ അപ്പപ്പോള്‍ ലിസ്റ്റു ചെയ്യുന്ന സൈറ്റുകളുടെ(www.malayalamblogs.in, www.bloglokam.orgതുടങ്ങിയവ) പിന്നിലും ഓരോ പോസ്റ്റിനും വായനക്കാരിടുന്ന അഭിപ്രായങ്ങള്‍(കമന്റുകള്‍) ലിസ്റ്റ്‌ ചെയ്യുന്ന പിന്‍മൊഴി, മറുമൊഴി തുടങ്ങിയ സംവിധാനങ്ങളുടെ വിജയത്തിനു പിന്നിലും യുണീകോഡ്‌ ആണ്‌. ഇങ്ങനെ ബ്ലോഗുകളും ഈ രീതി പിന്‍തുടരുന്ന വെബ്‌ പോര്‍ട്ടലുകളും അടങ്ങുന്ന ഒരു സംഘടിത വിഭാഗമെന്നും പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളടങ്ങിയ പ്രബലരും അതേ സമയം യുനീകോഡ്‌ ഉപയോഗിക്കാത്തവരെന്നും സാങ്കേതികമായി പറഞ്ഞാല്‍ ഒരു യുനീകോഡ്‌ ഡിവൈഡ്‌ തന്നെ മലയാളം ഓണ്‍ലൈന്‍ മാധ്യമത്തില്‍ നിലനില്‍ക്കുന്നുണ്ട്‌.

എഴുത്താണികളും എഴുതി പഠിപ്പിച്ചവരും
ഐ ടി മേഖലയില്‍ ജോലി നോക്കുന്ന ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി മലയാളികള്‍ക്ക്‌ ഒത്തുചേരാനുള്ള ഇടമായിരുന്നു ഇന്റര്‍നെറ്റ്‌. ഇന്നുകാണുന്ന വിപുലമായ സൗകര്യങ്ങളില്ലെങ്കിലും ആദ്യകാലത്ത്‌ അവര്‍ക്കൊത്തു കൂടാന്‍ ചാറ്റ്‌ പോര്‍ട്ടലുകളും ഗസ്റ്റ്‌ബുക്കുകളുമൊക്കെ അവസരം ഒരുക്കി. ഇംഗ്ലീഷിലോ മലയാളം ഇംഗ്ലീഷില്‍ ടൈപ്പുചെയ്‌തോ (മംഗ്ലീഷ്‌) ആയിരുന്നു ഇവര്‍ സംവദിച്ചിരുന്നത്‌. Eliyamma എന്ന്‌ എന്ന്‌ എഴുതിയാല്‍ `എലിയമ്മ'യെന്നു വായിച്ചു പോകുന്നതരം തമാശകള്‍ മംഗ്ലീഷില്‍ അന്ന്‌ നിരവധിയായിരുന്നു. സ്വന്തം ഭാഷയില്‍ ആശയവിനിമയം നടത്തുകയെന്ന വൈകാരികമായ ചിന്തകൂടി ആയപ്പോള്‍ എല്ലാവര്‍ക്കും ലളിതമായി ഉപയോഗിക്കാവുന്ന ഒരു എഴുത്താണിയെന്ന സങ്കല്‌പത്തിന്‌ ചിറകുമുളച്ചു. കാരണവന്മാരുടെയാരുടേയും നിയന്ത്രണമോ ശാസനയോ ഇല്ലാതെയാണ്‌ അക്ഷരരൂപങ്ങള്‍ ഇന്റര്‍നെറ്റില്‍ പിച്ചവെച്ചു വളര്‍ന്നത്‌. അതാണ്‌ ഇന്ന്‌ നെറ്റില്‍ മലയാളമെഴുതാന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന വരമൊഴിയുടെയും അനുബന്ധസോഫ്‌റ്റ്‌ വെയറുകളുടെയും പിറവിയിലേക്കു നയിച്ചത്‌.

ലളിതമായി മലയാളമെഴുതാനുള്ള മാര്‍ഗ്ഗങ്ങളേക്കുറിച്ചുള്ള സംവാദത്തിന്‌ കേരള.കോം എന്ന സൈറ്റിലെ അതിഥി പുസ്‌തകമാണ്‌ ഒരു തട്ടകമായി മാറിയത്‌. 1996 ല്‍ ടോണി തോമസ്‌ `charmap '്‌ എന്ന ആപ്ലിക്കേഷനുപയോഗിച്ച്‌ അതിഥിപുസ്‌തകത്തില്‍ മലയാളം എഴുതി പരീക്ഷിച്ചു. വര്‍ഗ്ഗീസ്‌ സാമുവല്‍ നിര്‍മ്മിച്ച മലയാളം.ടി ടി എഫ്‌ എന്ന ഫോണ്ടുപയോഗിച്ചാണ്‌ അതില്‍ ആദ്യകാല സംഭാഷണങ്ങള്‍ നടന്നത്‌. മലയാളം ഫോണ്ടുകളുടെ നിര്‍മ്മാണവും സാങ്കേതികതയും അറിയുന്നവരുടെ കൂട്ടായ്‌മ അപ്പോഴേക്കും രൂപപ്പെട്ടിരുന്നു. അങ്ങനെയുള്ള കുറച്ചുപേര്‍ ചേര്‍ന്ന്‌ `ലാത്തി' എന്ന പേരില്‍ മലയാളമെഴുതാനുള്ള ഒരു ചെറിയ പ്രോഗ്രാം നിര്‍മ്മിച്ചു. പിന്നീട്‌ ഇത്‌ 'മാധുരി' എന്ന പേരില്‍ കൂടുതല്‍ മികവുറ്റതാക്കി അവതരിപ്പിക്കപ്പെട്ടു. ബിനു മേലേടം, സോജി ജോസഫ്‌, ബിനു ആനന്ദ്‌, കോണ്‌ഡറെഡ്ഡി, സി ബു സി ജെ എന്നിവരായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌.കുറച്ച്‌ ഭാഷാ സ്‌നേഹികളുടെ നിരന്തരമായ യത്‌നമാണ്‌ ഇന്ന്‌ സിബു സി ജെ സൃഷ്‌ടിച്ച വരമൊഴി എന്ന പാക്കേജിലെത്തി നില്‍ക്കുന്നത്‌. 1998 ലാണ്‌ വരമൊഴി ജന്മമെടുക്കുന്നത്‌. വരമൊഴി ട്രാന്‍സ്ലേഷന്‍ ലൈബ്രറി ഉപയോഗിച്ചായിരുന്നു മാധുരി എന്ന ആപ്ലിക്കേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്‌. 2002 ജൂണില്‍ ഫോണ്ടും കീബോര്‍ഡ്‌ സോഫ്‌റ്റ്വെയറും എഡിറ്ററുമടങ്ങുന്ന ഒരു ലാംഗ്വേജ്‌ ടൂള്‍ ലൈബ്രറിയായി മാറി. സാമാന്യ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ആര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ്‌ വരമൊഴി തയ്യാറാക്കപ്പെട്ടത്‌. മലയാളം ഇംഗ്ലീഷില്‍ ടൈപ്പുചെയ്‌താല്‍ മലയാളം അക്ഷരങ്ങള്‍ ലഭിക്കുന്ന ലളിതമായ ഒരു സോഫ്‌റ്റ്വെയറാണ്‌ ഇത്‌. മാതൃഭൂമിയും മനോരമയും മറ്റു പ്രസിദ്ധീകരണങ്ങള്‍ മിക്കവയും ഉപയോഗിക്കുന്ന ഫോണ്ടുകളിലുള്ള ഉള്ളടക്കം പരസ്‌പരം മാറ്റാനും യുണീകോഡിലാക്കി പ്രസിദ്ധീകരിക്കാനും വരമൊഴി സൗകര്യമൊരുക്കി. ചുരുങ്ങിയ കാലത്തിനുള്ളില്‍ വെബ്‌ സൈറ്റുകളിലൂടെയും ബ്ലോഗുകളിലൂടെയും സംവദിക്കുന്നവരുടെ ഇഷ്‌ടം സമ്പാദിക്കാന്‍ ഇതിനു കഴിഞ്ഞു. ഇംഗ്ലീഷ്‌ ഭാഷ മാത്രമേ വഴങ്ങുകയുള്ളൂവെന്ന്‌ ധരിച്ച ഈ നവ മാധ്യമത്തില്‍ ഒരു സോഫ്‌റ്റ്വെയര്‍ ഭീമന്റെയും പിന്‍തുണയില്ലാതെ മലയാളം എഴുതിപ്പഠിപ്പിച്ചത്‌ വരമൊഴി എന്ന ഒരു സ്വതന്ത്ര സോഫ്‌റ്റ്വെയറാണ്‌. വരമൊഴിയാണ്‌ സൈബര്‍ സ്‌പേസില്‍ മലയാളഭാഷയെ ഇത്രയേറെ സാധാരണമാക്കിയത്‌ എന്ന്‌ പറയാം. വരമൊഴിപോലുള്ള ആപ്ലിക്കേഷനുകള്‍ യുണീകോഡിലുള്ള ലിപി സൃഷ്‌ടിക്കാന്‍ സൗകര്യമൊരുക്കുക കൂടി ചെയതപ്പോള്‍ സാമാന്യകമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ആര്‍ക്കും അനായാസമായി ബ്ലോഗുകളിലും മറ്റും മലയാളമെഴുതാമെന്ന നില വന്നു. കെവിന്‍ നിര്‍മ്മിച്ച അഞ്‌ജലി ഓള്‍ഡ്‌ ലിപി എന്ന യുണീകോഡ്‌ ഫോണ്ട്‌ ആണ്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മലയാളം യുണീകോഡ്‌ ഫോണ്ട്‌. ഗ്നു ലൈസന്‍സുള്ള സൗജന്യമായ ഏക ഫോണ്ടും ഇതുതന്നെയാണ്‌. ഇതോടെ മലയാളഭാഷ ഒരേ രീതിയില്‍ കംപോസ്‌ ചെയ്‌തെടുക്കാനും യുണീകോഡ്‌ സൗകര്യമുള്ള ഏത്‌ സോഫ്‌റ്റ്വെയറിലും വായിച്ചെടുക്കാനും കഴിഞ്ഞു. വളരെ പെട്ടെന്ന്‌ പഠിച്ചെടുക്കാവുന്ന ഇത്തരം ലളിതമായ മലയാളം ടൈപ്പിംഗ്‌ സോഫ്‌റ്റ്വെയറുകള്‍ വൈബ്‌ സൈറ്റുകളും ബ്ലോഗുകളും വഴി തന്നെ ആവശ്യക്കാര്‍ക്ക്‌ സൗജന്യമായി പഠിപ്പിച്ചു കൊടുക്കുന്ന കാര്യത്തിലും അതിന്റെ സ്രഷ്‌ടാക്കള്‍ വിജയം കണ്ടതോടെയാണ്‌ വരമൊഴി എഡിറ്ററും, മൊഴി കീമാനുമൊക്കെ പ്രശസ്‌തിയാര്‍ജ്ജിച്ചത്‌. വരമൊഴിയും അനുബന്ധ ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്ന വിധം അക്കമിട്ടു നിരത്തി അവയിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സ്രഷ്‌ടാക്കള്‍ പ്രത്യേക പേജുകള്‍ തന്നെ നീക്കിവച്ചിട്ടുണ്ട്‌(http://varamozhi.sf.net) അക്ഷരമെഴുതുന്നതുമുതല്‍ ബ്ലോഗുണ്ടാക്കുന്നതു വരെയുള്ള ,സാങ്കേതിക വശങ്ങള്‍ പരസ്‌പരം പഠിപ്പിച്ചു കൊടുക്കുന്ന ഒരു വലിയ കൂട്ടായ്‌മ തന്നെയുണ്ട്‌ ഇന്ന്‌. (http://sankethikam.blogspot.com , http://howtostartamalayalamblog.blogspot.com/, തുടങ്ങിയവ) വെബ്ബിലെ മലയാളഭാഷയുടെ സാങ്കേതിക പഠിച്ച്‌ പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ ഇപ്പോഴും സജീവമാണ്‌ സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം മലയാളികള്‍. മലയാളമറിയാവുന്ന ആര്‍ക്കും വെബ്ബില്‍ ആശയവിനിമയം നടത്താമെന്ന സൗകര്യം ഒരു വലിയ വിപ്ലവത്തിനാണ്‌ തുടക്കമിട്ടിരിക്കുന്നത്‌. ഇങ്ങനെ മലയാളം അനായാസമായി ഉപയോഗിക്കാമെന്ന നില വന്നതോടെ മാതൃഭാഷയിലുള്ള ആത്മാവിഷ്‌കാരത്തിന്‌ ഇന്റര്‍ നെറ്റ്‌ വേദിയായി.

ലോകമെങ്ങും ചിതറിക്കിടക്കുന്ന മലയാളിയുടെ ഒത്തുചേരലിനാണ്‌ ഇന്റര്‍നെറ്റ്‌ ഇന്ന്‌ വേദിയായിരിക്കുന്നത്‌. വാര്‍ത്തകളറിയാനും ഉള്ളിലുള്ളത്‌ സ്വന്തം ഭാഷയില്‍ തുറന്നെഴുതിവെക്കുവാനുമുള്ള പൊതു വേദി. ഇംഗ്ലീഷ്‌ ആധിപത്യം സ്ഥാപിച്ച ലോകത്ത്‌ മലയാളത്തിന്റെ ആയുസ്സ്‌ കുറിച്ചിട്ടവര്‍ക്കുള്ള മറുപടിയാണ്‌ ഇന്റര്‍നെറ്റിലെ മലയാള പോര്‍ട്ടലുകളും ബ്ലോഗുകളുമൊക്കെ നല്‍കുന്നത്‌.


27 comments:

B.S BIMInith.. said...

മലയാളം ബ്ലോഗുകളുടെ പിറവിക്ക്‌ ഒരു നേരമ്പോക്കിന്റെ മെമ്പൊടിയുണ്ട്‌. വിശാലമനസ്‌കന്‍, സങ്കുചിത മനസ്‌കന്‍, ഇടിവാള്‍, കുറുമാന്‍, പോള്‍,വിശ്വം, സു, സിബു, സണ്ണി, വാപ്പ, തീപ്പൊരി, വക്കാരിമഷ്‌ടാ, കറിവേപ്പില, ലാപൂട, ഞ്ചിപ്പെണ്ണ്‌... അങ്ങനെപോകുന്നു ആ ആദ്യകാല ബ്ലോഗര്‍മാരുടെ നീണ്ട നിര. ദുബായില്‍ ജോലി നോക്കുന്ന തൃശൂര്‍ കൊടകരക്കാരനായ സജീവ്‌ എടത്താടന്റെ (വിശാലമനസ്‌കന്‍)`കൊടകരപുരാണ' വും, ദുബായി ഏഷ്യാനെറ്റ്‌ ജീവനക്കാരനായ കുഴൂര്‍ വിത്സണിന്റെ കവിതകളും, ദേവന്റെ ആരോഗ്യലേഖനങ്ങളും, കേരളത്തില്‍ നിന്ന്‌ ചന്ദ്രശേഖരന്‍ നായര്‍ എഴുതുന്ന കൃഷി ചിന്തകളും ബ്ലോഗുലകത്തെ സൂപ്പര്‍ ഹിറ്റുകളാണ്‌.

chithrakaran ചിത്രകാരന്‍ said...

നല്ല വിവരണം.

Cibu C J (സിബു) said...

ബിമിനിത്തേ,

നന്ദി. ഇതു ഉണ്ടായതില്‍ വച്ച്‌‍ വച്ച്‌ ഏറ്റവും വസ്തുനിഷ്ഠമായ ലേഖനം.

ഇതിന്റെ സ്കാനുകള്‍ വരമൊഴിയുടെ പ്രചാരണാര്‍ഥം ബ്ലോഗില്‍ ഇടുന്നതിനു് അനുവാദമുണ്ടോ?

സു | Su said...

ലേഖനം നന്നായിട്ടുണ്ട്.

ഏ.ആര്‍. നജീം said...

തികച്ചും അറിവു പകരുന്ന ലേഖനം
നന്ദി...

ശ്രീ said...

നല്ല ലേഖനം. മലയാള ഭാഷ ഇനിയും വളരട്ടെ.

കുഞ്ഞന്‍ said...

വിജ്ഞാനപ്രദമായ ലേഖനം... നന്ദി

മൊഴിയുടെ സൃഷ്ടാവിനെക്കുറിച്ച് എഴിതികണ്ടില്ല..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ലേഖനം കൊള്ളാം ന്നന്നായി.
പക്ഷേ അത് വന്ന സമയം , ബെസ്റ്റ് റ്റൈമിങ്!!! :)

പണ്ട് ഗാംഗുലി ഓഫ്സൈഡിലെ രാജകുമാരനായിരുന്നപ്പോള്‍ പോലും ഇത്രേം റ്റൈമിങ്ങിലു ഒരു ഷോട്ട് കളിച്ചിട്ടുണ്ടാവൂല..

സുല്‍ |Sul said...

നല്ല ലേഖനം.
-സുല്‍

keralafarmer said...

വളരട്ടെ മലയാളവും മലയാളം ബ്ലോഗുകളും. സാധാരണക്കാരന്റെ അറിയുവാനും പറയുവാനും ഉള്ള അവസരം പഴാകാതിരിക്കട്ടെ.

അനാഗതശ്മശ്രു said...

നല്ല ലേഖനം.

Anonymous said...

ശരാശരി മലയാളിയുടെ തനിസ്വഭാവമായ പരപുച്ഛവും അസൂയയും പരനിന്ദയും ആത്മപ്രശംസയും പരദൂഷണവും അസഹിഷ്ണുതയും ആവിഷ്കരിക്കാന്‍ ബ്ലോഗുപോലെ പറ്റിയ ഒരു ഇടം വേറെ ഇല്ല.

ഇളംതെന്നല്‍.... said...

നല്ല ലേഖനം, ബ്ലോഗുകള്‍ മലയാളത്തിന്റെയും മലയാളികളുടേയൂം നന്മയ്കാകട്ടെ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിക്കാം..

ഇട്ടിമാളു അഗ്നിമിത്ര said...

നന്നായിരിക്കുന്നു.. നല്ല ലേഖനം..

കുട്ടിച്ചാത്താ - ബെസ്റ്റ് ടൈമിംഗ്... ഇത് ബെസ്റ്റ് കമന്റ്

Cartoonist said...

zബി.മി.നി.ത്... ത കി ട ത കു.

മലയാളത്തിലെ മികച്ച അഞ്ചു ബ്ലോഗുകളും അവയുടെ കര്‍ത്താവ്, കര്‍മ്മം, ക്രിയ എന്നിവയും വിവരിയ്ക്കുക എന്ന് മാഷ് ചൂരലില്ലാതെ പറഞ്ഞപ്പോള്‍ത്തന്നെ പൊട്ടിക്കരഞ്ഞുപോയയാളാണു ഞാന്‍.

ഇനി ഞാന്‍ പരൂഷ പാസ്സാവും.
സജ്ജീവ്

Anonymous said...

നല്ല ലേഖനം. ഇതു മായി ബന്ധപ്പെട്ട ഒരു ആര്‍ട്ടിക്കിള്‍ ഞാന്‍ ബ്ലോഗില്‍
http://blogbhoomi.blogspot.com/2007/06/blog-post.html
ഇട്ടിട്ടുണ്ട്.
വായിച്ചിട്ട് കമന്റ്സ് അറിയിക്കുമല്ലോ. സമകാലിക മലയാളം വാരിക യിലെ ബ്ലോഗ് കുറിപ്പും വായിച്ചു.

read this also http://blogbhoomi.blogspot.com/2007/07/blog-post.html

Unknown said...

ലേഖനം വായിച്ചു.

കൊള്ളാം.

തനിമലയാളം.ഓര്‍ഗ്, ചിന്ത.കോം തുടങ്ങിയ അഗ്രിഗേറ്ററുകള്‍ കൂടിയുണ്ടെന്നത് വിസ്മരിച്ചുവെന്ന് തോന്നുന്നു.

കുതിരവട്ടന്‍ | kuthiravattan said...

വിവരണം നന്നായിരിക്കുന്നു.

സുറുമ || suruma said...

....
ഗ്നു ലൈസന്‍സുള്ള സൗജന്യമായ ഏക ഫോണ്ടും ഇതുതന്നെയാണ്‌.
....
അസത്യം.'ഗ്നു' സ്ഥാപകനായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ സാന്നിദ്ധ്യത്തില്‍ ആണ് 'രചന' GPL ആയി പുറത്തിറക്കിയത്.ഇതു കാണൂ.
അസത്യം പ്രചരിപ്പിക്കുന്നതുകൊണ്ട് ലാഭം ഉണ്ടായേക്കാം.പക്ഷെ കണ്ടാല്‍ പറയാതെ വയ്യ.

Cibu C J (സിബു) said...

ഞാന്‍ കണ്ടത്‌ ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നു. ഇതുതന്നെയായിരിക്കും മിക്കവാറും എല്ലാ യൂസേര്‍സും കണ്ടിട്ടുണ്ടാവുക. അതുകൊണ്ട് ബിമിത്തിനെ കുറ്റപ്പെടുത്തുന്നത്‌ ശരിയല്ല.

B.S BIMInith.. said...

എല്ലാം വിവരങ്ങളും ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയിട്ടില്ല എന്നതില്‍ ഖേദമുണ്ട്‌. കൃത്യമായി റഫര്‍ ചെയ്യാന്‍ പറ്റിയ ഒരു സോഴ്‌സ്‌ ഇല്ല എന്നതും സ്ഥലപരിമിതിയും വിഷയമായിരുന്നു. ചിന്ത.കോം തുടങ്ങിയ അഗ്രഗേറ്ററുകളെക്കുറിച്ച്‌ വിട്ടുപോയത്‌ മനപ്പൂര്‍വ്വമല്ല.ബ്ലോഗുകളുടെ ലഘുചരിത്രമടക്കം സത്യത്തില്‍ ബ്ലോഗുകളെക്കുറിച്ച്‌ ഇനിയും എഴുതാനുണ്ടായിരുന്നു. ഗ്നു ലൈസന്‍സുള്ള ഫോണ്ടിന്റെ കാര്യത്തില്‍ സുറുമ പറഞ്ഞതുപോലെ എനിക്കൊരു ലാഭവുമില്ല. മലയാള ഓണ്‍ലൈന്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ അറിയുന്നവര്‍ ദയവായി അവ ഇവിടെ ഒരു കമന്റായിടാന്‍ അപേക്ഷ.
ആദ്യത്തെ മലയാളം ഓണ്‍ലൈന്‍ ദിനപ്പത്രത്തേക്കുറിച്ചും ബ്ലോഗുകളുടെ ചരിത്രത്തെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ പോസ്റ്റിലും കമന്റുകളിലുമുണ്ട്‌.
http://rashtrathanthram.blogspot.com/2007/06/blog-post.html

K.P.Sukumaran said...

വളരെ വിജ്ഞാനപ്രദമായ ലേഖനം ...!

ഓ.ടോ.
ഇത്തരം ഗൌരവമുള്ള ലേഖനങ്ങളില്‍ പോലും വന്ന് ആ കുട്ടിച്ചാത്തന്‍ എറിയുന്നത് കഷ്ടം എന്നേ പറയാന്‍ കഴിയൂ... ചാത്തനേറ് .. ചാത്തനേറ് ..എന്ന് കമന്റിന്റെ തുടക്കം കുറിക്കുന്നത് കുട്ടിച്ചാത്തന്റെ സൌകര്യം . പക്ഷെ വായിക്കുന്നവര്‍ക്ക് ആ പ്രയോഗം അരോചകമായി തോന്നാം .. ചാത്തനേറും , തേങ്ങ ഉടക്കലും ഒക്കെ ഇത്തരം ഗൌരവമുള്ള പോസ്റ്റുകളില്‍ വേണ്ട .. അല്ല, ഇനിയും തുടരാനാണ് ഭാവമെങ്കില്‍ പലതുകൊണ്ടും പലര്‍ക്കും പലരെയും എറിയാന്‍ കഴിയും. ഈഗോയൊന്നും കാണിക്കാതെ ഇത്തരം ബ്ലോഗുകളില്‍ വരുമ്പോഴെങ്കിലും കുട്ടിച്ചാത്തന്‍ ഏറ് ഒഴിവാക്കണം . അത് അത്ര വലിയ പവ്വര്‍ ഒന്നും അല്ല എന്ന് ആരെങ്കിലും ഒന്ന് കുട്ടിച്ചാത്തനെ അറിയിക്കണേ ....
ഒരു അഭ്യുദയകാംക്ഷി.

ഉണ്ണിക്കുട്ടന്‍ said...

നല്ല ലേഖനം

ഓ.ടോ: ആര്‍ക്കാണ്‌ ചാത്തനേറു ഇത്ര അരോചകമായി തോന്നിയത്..? 'വായിക്കിന്നവര്‍'ക്കോ..? കമന്റിനും ഉണ്ടോ വായനക്കാര്‍..? പോസ്റ്റിനു മാത്രമേ വായനക്കാര്‍ ഉള്ളൂന്നാ ഞാന്‍ കരുതിയേ.. എന്തിനാ മാഷേ ..?

കുട്ടിച്ചാത്തന്‍ said...

ഓഫിനു മാപ്പ്.
ഡിയര്‍ അഭ്യുദയകാംക്ഷി,
താങ്കളുടെ ഉപദേശം ഇഷ്ടപ്പെട്ടു. ആ ‘അഭ്യുദയകാംക്ഷി‘ എന്ന് എഴുതിയില്ലായിരുന്നെങ്കില്‍ മറുപടി പറയില്ലായിരുന്നു. ചാത്തനേറ് എന്ന് എഴുതുന്നത് അതു “ഓഫ്ടോ“ യുമല്ല “ഓണ്‍ ടോ“ യുമല്ല എന്ന അര്‍ത്ഥത്തിലു കാണുമല്ലോ എന്ന് ഉദ്ദേശിച്ച് മാത്രാ.

ചാത്തനാ പോസ്റ്റ് വായിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയാന്‍ മാത്രം എന്തേലും അതിലു(പോസ്റ്റിലു) കണക്റ്റ് ചെയ്യും എന്നു മാത്രം. അതൊരു കളിയാക്കലായി എടുക്കണോ?

ഈ ബ്ലോഗിലെ കമന്റ് ഒന്നു കീറി മുറിച്ച് തരാം.

“ ലേഖനം കൊള്ളാം ന്നന്നായി ” എന്നത് മാത്രം ആ ചാത്തനേറ് എന്നതിന്റെ മുന്‍പേ‍ ഇട്ടാല്‍ പ്രശ്നം തീര്‍ന്നില്ലെ?

സത്യത്തില്‍ അതു മാത്രേ ചാത്തനുദ്ദേശിച്ചുള്ളൂ.

പിന്നെ ബൂലോഗം ആകെ കലങ്ങി മറിഞ്ഞ് നില്‍ക്കുന്ന സമയത്ത് ബൂലോഗത്തിന് നല്ലകാലം എന്നൊരു പോസ്റ്റ് വന്നാല്‍ വന്നു വായിക്കുന്നവരെ ചിരിപ്പിക്കാനെങ്കിലും ഒരു കമന്റിട്ടൂടെ?

അതൊരിക്കലും പോസ്റ്റിനെയോ ഇട്ട ആളെയൊ കളിയാക്കലായി കണക്കാക്കല്ലേ

എന്താ പറയാ ആ സന്ദര്‍ഭത്തിന്റെ വിധിവൈപരീത്യത്തെയോ വിരോധാഭാസത്തെയോ കളിയാക്കി എന്നു വേണേല്‍ പറയാം..

ഓടോ: hope my reply make myself clear to you .. :) <--- smiley

ശ്രീ said...

ഓ.ടോ:
ഉണ്ണിക്കുട്ടന്‍‌ പറഞ്ഞതു പോലെ ബ്ലോഗിനല്ലേ വായനക്കാര്‍‌ വേണ്ടത്? കമന്റിനല്ലല്ലോ.
പിന്നെ, ചാത്തന്‍‌ എഴുതുന്ന കമന്റുകള്‍‌ക്ക് ചാത്തനേറ് എന്നു വയ്ക്കുന്നതില്‍‌ എന്തെങ്കിലും തെറ്റുണ്ടെന്ന് എനിക്കും തോന്നുന്നില്ല.
ഇവിടെ ഓഫ് ടോപ്പിക്കായി ചാത്തന്‍‌ പറഞ്ഞത് കറക്റ്റല്ല എന്നു പറയാനാകുമോ സുഹൃത്തേ?

അപ്പു ആദ്യാക്ഷരി said...

നല്ല ലേഖനം. യൂണിക്കോഡ് മലയാളത്തിന്റെ ചരിത്രം മനസ്സിലായി, മലയാളം ബ്ലോഗുകളുടേയും.

പ്രവീണ്‍|Praveen aka j4v4m4n said...

ഞാന്‍ കണ്ടതും കേട്ടതും ഇവിടെ എഴുതിയിരിയ്ക്കുന്നു. രചന സ്വതന്ത്ര അക്ഷരരൂപമാണെന്നതിന് ഡെബിയനില്‍ ഉള്‍‌പ്പെടുത്തിയതിലും വലിയ തെളിവാവശ്യമില്ല. ഡെബിയന്റെ മെയിന്‍ എന്ന ശേഖരത്തിലുള്‍‌പ്പെടുത്താനായി ഡെബിയന്‍ ഫ്രീ സോഫ്റ്റ്വെയര്‍ ഗൈഡ്‌ലൈന്‍സ് പാലിയ്ക്കുന്നുണ്ടോ എന്ന് ഒരു സംശയത്തിനുമിടയില്ലാത്ത വിധത്തില്‍ തെളിയിയ്ക്കുന്നതാണ്. ഇതേ പരാതിയുമായി അവിടേയും ചിലര്‍ വന്നിരുന്നു. മുകളിലെ കണ്ണിയില്‍ ആ ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങളുണ്ട്.

ലേഖനത്തിലെ മറ്റ് ഭാഗങ്ങള്‍ നന്നായിരിയ്ക്കുന്നു.
-പ്രവീണ്‍