
പാശ്ചാത്യ സാഹിത്യത്തില്‍ ഇതു ബ്രാന്റുകളുടെ കാലമാണ്. അമേരിക്കന്‍ പബ്ലിഷിംഗ് കമ്പനികള്‍ പടച്ചുവിടുന്ന പുസ്‌തകങ്ങളുടെ പിന്നാലെയാണ് പുതിയ സമൂഹം ഒരു വലിയ പങ്കും. വായിച്ചു തള്ളുക എന്ന പുതിയ പ്രവണതയുടെ ഉത്തമ ഉദാഹരണമാണ് നാള്‍ക്കു നാള്‍ മുളച്ചു പൊങ്ങുന്ന സെക്കന്റ് സെയില്‍ പുസ്‌തകശാഖകള്‍. ആദ്യകാലങ്ങളില്‍ ടൈം, ന്യൂസ് വീക്ക് തുടങ്ങിയ വിദേശ പ്രസിദ്ധീകരണങ്ങളും, യാത്രക്കിടയിലുള്ള വായനക്കാരുടെ ലഘുവായനക്കിണങ്ങുന്ന മാഗസിനുകളും മറ്റും വാങ്ങാനായിരുന്നു നമ്മള്‍ ഇത്തരം ഗ്രന്ഥശാലകളെ സമീപിച്ചിരുന്നത്. എന്നാല്‍ ഈയിടെ ഇറങ്ങിയ ഹാരിപോട്ടര്‍ പരമ്പരയിലെ അവസാന പുസ്‌തകം പോലും ഇവിടെ സുലഭം. എന്നാല്‍ മലയാളത്തിലെ ഇരുത്തം വന്ന എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ കിട്ടാന്‍ പ്രയാസവും. ഇഷ്‌ടകൃതികള്‍ കാശുകൊടുത്ത് വാങ്ങി ചുളിവുവീഴാതെ സൂക്ഷിച്ചിരുന്ന കാലം മാറി, പകരം സെക്കന്റ്‌ഹാന്റ് വിലക്ക് പുസ്‌തകങ്ങള്‍ വാങ്ങി വായന കഴിഞ്ഞ് കിട്ടുന്ന കാശിന് വിറ്റ് അടുത്തതു വാങ്ങുന്ന രീതിക്ക് നല്ല പ്രചാരം ലഭിച്ചിട്ടുണ്ട്.
മലയാളത്തിലെ ഫിക്ഷനു കിട്ടാത്ത പ്രാധാന്യമാണ് വിദേശ കൃതികള്‍ക്ക് ലഭിക്കുന്നത്. ഇത്തരം മാര്‍ക്കറ്റുകളെ ലക്ഷ്യം വച്ചിറക്കുന്ന വിവര്‍ത്തനങ്ങളുടെ വേലിയേറ്റവും പുതിയ കാലത്തെ വായനയെ സ്വാധീനിച്ചിട്ടുണ്ട്. അറ്റ്‌ലാന്റിക്ക് സമുദ്രം കടന്നുവന്ന പുസ്‌തകങ്ങള്‍ സ്വദേശകൃതികളെ ഹൈജാക്ക് ചെയ്‌തിരിക്കുന്നു. ഗൂണമേന്മയേക്കാളുപരി ബ്രാന്റ് മൂല്യത്തിന്റെ പേരില്‍ വിറ്റഴിഞ്ഞുപോകുന്ന പുസ്‌തകങ്ങളാണ് ഇവയില്‍ ഏറിയ പങ്കും. അതുകൊണ്ടുതന്നെയാണ് ഇത്തരം പുസ്‌തകങ്ങള്‍ ആക്രിക്കടകളില്‍ സജീവമാകുന്നത്. എന്നാല്‍ ഗബ്രിയേല്‍ ഗാര്‍സിയേ മാര്‍ക്കസിന്റെ പുസ്‌തകങ്ങള്‍ വായിച്ചിരുന്ന ഗൗരവത്തോടെയല്ല ഇത്തരം പുസ്‌തകങ്ങള്‍ വായിക്കുന്നത്. ഖലീല്‍ ജിബ്രാന്റെ തീവ്രാനുരാഗമോ അതില്‍ നിന്നുണ്ടാവുന്ന തത്വചിന്തയോ ഇവക്കില്ല. വായനയും ബ്രാന്റ് ചെയ്യപ്പെട്ടിരിക്കുന്നു. യാത്രക്കിടയിലോ മറ്റോ നാലുപേര്‍ കാണെ വിദേശ എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു വായിക്കുന്ന ജാടയാണ് ഇന്നു പലര്‍ക്കും വായന. ശരിയാണ് വായന മരിച്ചിട്ടില്ല പകരം മരിച്ച വായനയാണ് ഇന്നു പ്രോസ്‌താഹിക്കപ്പെടുന്നത്.
വായനയില്‍ വന്ന മാറ്റം ആനുകാലികങ്ങളിലും പ്രകടമാണ്. പണ്ട് ഗൗരവപൂര്‍വ്വമായ സാംസ്‌കാരിക പ്രശ്‌നങ്ങളും രാഷ്‌ട്രീയപ്രശ്‌നങ്ങളും ഉന്നയിച്ചിരുന്ന സാഹിത്യത്തിന് ഏറെ പ്രാധാന്യം നല്‍കിയിരുന്ന നമ്മുടെ പരമ്പരാഗത മാഗസിനുകള്‍ പോലും കെട്ടിലും മട്ടിലും ഏറെ മാറിയിരിക്കുന്നു. ട്രാന്‍സ് അറ്റ്‌ലാന്റിക്ക് എഴുത്തുകാര്‍ മുന്നോട്ടുവെക്കുന്ന പൊള്ളയായ തത്വചിന്തക്കാണ് ഇന്ന് അമിതപ്രാധാന്യം നല്‍കിക്കാണുന്നത്. കേരള സമൂഹത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാതെ ബ്രോയ്‌ലര്‍ കോഴികളെ അമിതമായി കഴിക്കുന്ന പാശ്ചാത്യ വിദ്യാര്‍ഥികളിലുണ്ടാകുന്ന മാനസികവും ശാരീരികവുമായ മാറ്റവും അവിടത്തെ വിദ്യാഭ്യാസ സമ്പദായത്തെ അത് സ്വാധീനിച്ചതുമൊക്കെയാവും ഇന്നത്തെ ചര്‍ച്ചാവിഷയം. ഫീച്ചര്‍ സിന്റ്‌ക്കേറ്റുകള്‍ പടച്ചു വിടുന്ന ലേഖനങ്ങള്‍ അതേ പടി വിവര്‍ത്തനം ചെയ്‌ത് പ്രസിദ്ധീകരിക്കുന്ന മാഗസിനുകളും അവ തൊണ്ട തൊടാതെ വിഴുങ്ങുന്ന എണ്ണത്തില്‍ ചുരുങ്ങിയ വായനക്കാരും സമകാലിക വായനാ ജാടയുടെ നേര്‍ചിത്രങ്ങളാണ്.
ഒ വി വിജയന്‍ ഖസാക്കിന്റെ ഇതിഹാസമോ മുകുന്ദന്റെ ഡല്‍ഹിയോ പുനത്തിലിന്റെ സ്‌മാരകശിലളോ എഴുതിയ സാഹചര്യമല്ല ഇന്നുള്ളത്. അധികമൊന്നും ചോരയൊഴുക്കാതെ കിട്ടിയ സ്വാതന്ത്യം എന്തുചെയ്യണമെന്നറിയാതെ നമ്മെ കൊണ്ടെത്തിച്ച `അറുപതുകളില്‍ നിന്നും എഴുപതുകളില്‍ നിന്നും നമ്മള്‍ ഒരുപാട് പുരോഗമിച്ചു. അന്ന് യുവാക്കള്‍ക്കുള്ള നിസ്സംഗത ഇന്നില്ല. തൊഴിലില്ലായ്‌മ എന്ന പ്രശ്‌നത്തോകാളുപരി ഏത് തൊഴില്‍ തേടണമെന്ന ചിന്തയില്‍ നമ്മളെത്തി നില്‍ക്കുന്നു. തസ്രാക്കിലെ ഏകാധ്യാപന വിദ്യാലയവും അള്ളാപ്പിച്ച മൊല്ലാക്കയും അപ്പുക്കിളിയുമൊക്കെ യുവാക്കളുടെ ചിന്തയെ സ്വാധീനിച്ചു എന്നു പറഞ്ഞാല്‍ അതിനൊരു കെട്ടുകഥയുടെ വില പോലും കല്‌പിക്കില്ല പുതിയ തലമുറ. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഉപരിപ്ലവമായ വായന പ്രോത്സാഹിപ്പിക്കപ്പെടുന്നതും ആക്രിപുസ്‌തകക്കടകള്‍ പെരുകുന്നതും അങ്ങനെയാണ്. വായനയില്‍ പഴമ സൂക്ഷിക്കുന്ന ഒരു തലമുറ ഇത്തരം വര്‍ത്തമാന കാല ജാടകള്‍ വകവെക്കാതെയും നിലനില്‍ക്കുന്നു എന്നതിന് തെളിവാണ് വല്ലപ്പോഴും മണ്ണിന്റെ മണമുള്ള കൃതികള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവക്ക് കിട്ടുന്ന സ്വീകാര്യത. പക്ഷേ അത്തരം എഴുത്തുകള്‍ ദിനം പ്രതി കുറഞ്ഞു വരുന്നു എന്നതാണ് ദുഖകരം.
ഇ വായന
മലയാളിയുടെ വായന പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുതിയ രൂപങ്ങള്‍ തേടുകയാണ്. പുസ്‌തകങ്ങളില്‍ നിന്നും പത്രങ്ങളില്‍ നിന്നുവരെ അന്യമാക്കപ്പെട്ട് ദിവസത്തിന്റെ ഭൂരിഭാഗവും കമ്പ്യൂട്ടറിനു മുന്നില്‍ കുത്തിയിരിക്കേണ്ടിവരുന്ന ഒരു തലമുറ നാള്‍ക്കു നാള്‍ വളര്‍ന്നു വരുന്നു. ഇതില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ മാത്രമല്ല വര്‍ഷങ്ങളായി നാടുമായി ഒരു ബന്ധവുമില്ലാതെ വിദേശത്ത് കഴിയുന്നവരും പങ്കാളികളാണ്. സാഹചര്യങ്ങളാല്‍ സ്വന്തം നാട്ടില്‍ നിന്നും സ്വന്തം ഭാഷയില്‍ നിന്നു പോലും മാറിനില്‍ക്കേണ്ടിവരുന്നവരിലൂടെ പുതിയ വായനാ സംസ്‌കാരം രൂപപ്പെട്ടുവരികയാണ് മലയാളത്തില്‍. ലോകമലയാളി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വിദേശ മലയാളികളാണ് പുതിയ ഇ-വായനയുടെ മുഖ്യ പ്രയോക്താക്കള്‍. ലോകത്തെവിടെയായാലും വലിയ കാശുമുടക്കില്ലാതെ ഒത്തുചേരാന്‍ കഴിയുന്ന ഇന്റര്‍നെറ്റില്‍ അത്തമൊരു പുതിയ സമൂഹം രൂപപ്പെട്ടുവരുന്നതിന്റെ പ്രതിഫലനങ്ങളാണ് ഈയടുത്തകാലത്ത് ശ്രദ്ധിക്കപ്പെട്ട ബ്ലോഗുകളും ഇ മാഗസിനുകളുമൊക്കെ. മലയാളം വാര്‍ത്താവെബ് സൈറ്റുകളും പോര്‍ട്ടലുകളും അത്തരമൊരു ലോക മലയാളി സങ്കല്‌പത്തിനനുസൃതമായാണ് രൂപമെടുത്തത്. എന്നാല്‍ കെട്ടിലും മട്ടിലും അവയെ കവച്ചുവെക്കുന്നവയാണ് ബ്ലോഗുകള്‍. ഒരുതരം സിസ്റ്റമാറ്റിക്ക് വായനയാണ് ബ്ലോഗുകള്‍ മുന്നോട്ടുവെക്കുന്നത്.
ഭാഷ വളര്‍ന്നു വന്ന ഒരു ചരിത്ര പശ്ചാത്തലമാണ് ഇന്റര്‍നെറ്റിലെ മലയാളം രചനകള്‍ക്കും പിന്നിലുള്ളത്. ഇംഗ്ലീഷ് അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയില്‍ മലയാളത്തില്‍ ആശയവിനിമയം ചെയ്യുക ആദ്യകാലത്ത് സ്വപ്‌നം മാത്രമായിരുന്നു. മലയാളികള്‍ തന്നെയാണ് പിന്നീട് അതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയത്. ഫോണ്ടുകള്‍ വികസിപ്പിച്ചതും മലയാളം കംപോസ് ചെയ്യാനുള്ള പ്രോഗ്രാമുകള്‍ വികസിപ്പിച്ചതുമൊക്കെ. ഒപ്പം ഇവയെല്ലാം ഇന്റര്‍നെറ്റ് വഴി സൗജന്യമായി വിതരണം ചെയ്യുകയും പഠിപ്പിച്ചുകൊടുക്കുകയും ചെയ്‌തു. ബ്ലോഗ് എന്ന പുതിയ മാധ്യമം രംഗപ്രവേശനം ചെയ്‌തപ്പോള്‍ ബ്ലോഗില്‍ മലയാളരചനക്കുള്ള സാധ്യതകളും ഇവര്‍ തന്നെ പ്രചരിപ്പിച്ചു. ഇങ്ങനെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകര്‍ന്നു നല്‍കിയ വിവരങ്ങള്‍ മൂന്നോ നാലോ വര്‍ഷങ്ങള്‍ കൊണ്ട് വന്‍ വിജയമായി മാറി. ലോകത്ത് ഇംഗ്ലീഷ് കഴിഞ്ഞാല്‍ . മാതൃ ഭാഷയില്‍ ബ്ലോഗ്‌് ചെയ്യുന്നവരില്‍ ഒരു വലിയ ശതമാനവും മലയാളികളായിരിക്കും. ജന്മമെടുത്ത് ചുരുങ്ങിയകാലത്തിനുള്ളില്‍ ഏതാണ്ട് രണ്ടായിരത്തോളം കൃതികള്‍ മലയാളത്തിലുണ്ടായി എന്നാണ് കണക്ക്.
ഓര്‍മ്മക്കുറിപ്പുകളും ആക്ഷേപഹാസ്യങ്ങളും കവിതകളും കഥകളുമൊക്കെയാണ് മലയാള ബ്ലോഗുകളില്‍ ഏറിയ പങ്കും . ഗൗരവവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ വളരെ കുറവുമാണ്. അമേരിക്കയിലും ഗള്‍ഫിലുമുള്ള പ്രവാസികളാണ് മലയാളം ബ്ലോഗുകളുടെ മുഖ്യ പ്രചാരകര്‍. അതുകൊണ്ടുതന്നെ പ്രവാസി ജീവിതത്തിന്റെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ഒറ്റപ്പെടലുകളാണ് ഇവരുടെ ബ്ലോഗുകളില്‍ മുഖ്യ വിഷയവും. ഒരു ജനകീയ പത്രപ്രവര്‍ത്തനത്തിന്റെ (സിറ്റിസണ്‍ ജേണലിസം)പാതയാണ് ലോകത്താകമാനമുള്ള ബ്ലോഗുകള്‍ പിന്തുടരുന്നത്. ഇറാഖ് യുദ്ധകാലത്ത് മാധ്യമസ്വാതന്ത്ര്യമില്ലായിരുന്ന അവിടത്തെ വിവരങ്ങള്‍ അറിഞ്ഞത് ബ്ലോഗുകളിലൂടെയായിരുന്നു, സുനാമിയുടെ തീക്ഷണതയും ലോകത്തെ അറിയിച്ചതില്‍ ബ്ലോഗുകള്‍ വലിയ പങ്കാണ് വഹിച്ചത്. എന്നാള്‍ മലയാളത്തില്‍ അങ്ങനെയൊരു ബ്ലോഗെഴുത്തിന്റെ സാധ്യത ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ല. അച്ചടി രംഗത്തും ഇലക്‌ട്രോണിക്ക് ദൃശ്യമാധ്യമരംഗത്തും വ്യക്തിമുദ്രപതിപ്പിച്ച മലയാളഭാഷക്ക് പുതിയ കാലത്തിന്റെ മാധ്യമമെന്നു വിശേഷിപ്പിക്കുന്ന ഇന്റര്‍നെറ്റിലും ഇടം കണ്ടെത്താനായി എന്നത് ആശാവഹമായ കാര്യമാണ്. മാധ്യമങ്ങളുള്ളിടത്തോളം മലയാളവും നിലനില്‍ക്കും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍. അവിടെ പഴമ അപ്രസക്തമാകുമെന്നുമാത്രം.
....................................................................9(മംഗളം ഓണപ്പതിപ്പ്)
1 comment:
ഇന്ന് നേരിട്ട് തേടിപ്പിടിച്ച് വായിക്കുന്നതില്‍ നിന്നും കേട്ടറിവുള്ളത് വായിക്കുക എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. ലോകസാഹിത്യത്തത്തെ പിടികൂടിയ വായനാ ബ്രാന്റുകളുടെ പിന്നാലെയാണ് പുതിയ തലമുറയില്‍ ഏറിയ പങ്കും.
Post a Comment