Monday, June 02, 2008

മൈക്രോസോഫ്‌റ്റ്‌ പിടിമുറുക്കുമ്പോള്‍

മൈക്രോസോഫ്‌റ്റിന്റെ നേതൃത്വത്തിലുള്ള വ്യാജ സോഫ്‌റ്റ്‌വെയര്‍ വേട്ട മുമ്പെങ്ങുമില്ലാത്ത വിധം ശക്തമാണ്‌ ഇന്ന്‌ കേരളത്തില്‍. നീതിന്യായ വ്യവസ്ഥയുടെ പഴുതുകള്‍ ഉപയോഗിച്ച്‌ കുത്തക സോഫ്‌റ്റ്വെയര്‍ ഭീമന്‍ നടത്തുന്ന നീക്കത്തിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാതെ സ്വതന്ത്രസോഫ്‌റ്റ്വെയര്‍ സ്വീകരിക്കുക എന്ന പ്രചരണവുമായിറങ്ങാനേ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടുള്ളൂ. രണ്ടു പതിറ്റാണ്ടിലധികമായി വ്യാവസായിക ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചുവരുന്ന ജനപ്രിയ സോഫ്‌റ്റ്വെയറുകള്‍ക്ക്‌ പകരം നില്‍ക്കാന്‍ സ്വതന്ത്രസോഫ്‌റ്റ്വെയറുകള്‍ക്ക്‌ കഴിഞ്ഞിട്ടില്ല എന്നിരിക്കെ സര്‍ക്കാരിന്റെ വെറുമൊരു പ്രചരണപരിപാടി കൊണ്ട്‌ നിലവിലുള്ള പ്രശ്‌നത്തിന്‌ പരിഹാരമാകുമെന്നു തോന്നുന്നില്ല. മൈക്രോസോഫ്‌റ്റിന്റെ ഈ ഇടപെടല്‍ ഉയര്‍ത്തുന്നത്‌ ധാര്‍മ്മികതയുടേയും സ്വാതന്ത്ര്യത്തിന്റേയും പേരിലുള്ള നിരവധി ചോദ്യങ്ങളാണ്‌. കുത്തക സോഫ്‌റ്റ്വെയര്‍ കമ്പനികളും സ്വതന്ത്രസോഫ്‌റ്റ്വെയര്‍ കൂട്ടായ്‌മയും ഇതിനകം തന്നെ വന്‍ പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞ വ്യാജ സോഫ്‌റ്റ്വെര്‍ ലോബിയും തമ്മിലുള്ള വടം വലികള്‍ക്കിടയില്‍ ബലിയാടാക്കപ്പെടുന്നത്‌ ഇതിനെക്കുറിച്ചൊന്നും ബോധവാന്മാരല്ലാത്ത പൊതു സമൂഹമാണ്‌. അത്തരമൊരു കാഴ്‌ചയാണ്‌ കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്‌.

മൈക്രോസോഫ്‌റ്റിന്റെ നേതൃത്വത്തിലുള്ള വ്യാജ സോഫ്‌റ്റ്‌വെയര്‍ വേട്ട മുമ്പെങ്ങുമില്ലാത്ത വിധം ശക്തമാണ്‌ ഇന്ന്‌ കേരളത്തില്‍. നീതിന്യായ വ്യവസ്ഥയുടെ പഴുതുകള്‍ ഉപയോഗിച്ച്‌ കുത്തക സോഫ്‌റ്റ്വെയര്‍ ഭീമന്‍ നടത്തുന്ന നീക്കത്തിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാതെ സ്വതന്ത്രസോഫ്‌റ്റ്വെയര്‍ സ്വീകരിക്കുക എന്ന പ്രചരണവുമായിറങ്ങാനേ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടുള്ളൂ. രണ്ടു പതിറ്റാണ്ടിലധികമായി വ്യാവസായിക ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചുവരുന്ന ജനപ്രിയ സോഫ്‌റ്റ്വെയറുകള്‍ക്ക്‌ പകരം നില്‍ക്കാന്‍ സ്വതന്ത്രസോഫ്‌റ്റ്വെയറുകള്‍ക്ക്‌ കഴിഞ്ഞിട്ടില്ല എന്നിരിക്കെ സര്‍ക്കാരിന്റെ വെറുമൊരു പ്രചരണപരിപാടി കൊണ്ട്‌ നിലവിലുള്ള പ്രശ്‌നത്തിന്‌ പരിഹാരമാകുമെന്നു തോന്നുന്നില്ല. മൈക്രോസോഫ്‌റ്റിന്റെ ഈ ഇടപെടല്‍ ഉയര്‍ത്തുന്നത്‌ ധാര്‍മ്മികതയുടേയും സ്വാതന്ത്ര്യത്തിന്റേയും പേരിലുള്ള നിരവധി ചോദ്യങ്ങളാണ്‌. കുത്തക സോഫ്‌റ്റ്വെയര്‍ കമ്പനികളും സ്വതന്ത്രസോഫ്‌റ്റ്വെയര്‍ കൂട്ടായ്‌മയും ഇതിനകം തന്നെ വന്‍ പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞ വ്യാജ സോഫ്‌റ്റ്വെര്‍ ലോബിയും തമ്മിലുള്ള വടം വലികള്‍ക്കിടയില്‍ ബലിയാടാക്കപ്പെടുന്നത്‌ ഇതിനെക്കുറിച്ചൊന്നും ബോധവാന്മാരല്ലാത്ത പൊതു സമൂഹമാണ്‌. അത്തരമൊരു കാഴ്‌ചയാണ്‌ കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്‌.

കുറച്ചുമാസങ്ങള്‍ക്കുമുമ്പാണ്‌ കേരളത്തില്‍ വ്യജസോഫ്‌റ്റ്വെയറുകള്‍ക്കെതിരെ മൈക്രോസോഫ്‌റ്റ്‌ വ്യാപകമായി റെയ്‌ഡ്‌ ആരംഭിച്ചത്‌. സോഫ്‌റ്റ്വെയര്‍ വിതരണക്കാരെ അറസ്റ്റുചെയ്‌തതിലും ലക്ഷക്കണക്കിന്‌ രൂപ പിഴയീടാക്കിയതിലും പ്രതിഷേധിച്ച്‌ ഹര്‍ത്താലുകളും ഐ ടി ബന്ദും വരെ നടന്നു. കൊച്ചിയില്‍ ഈയിടെ ഒരു മാധ്യമസ്ഥാപനവും പബ്ലിക്ക്‌ സ്‌കൂളുകളുമടക്കം നിരവധി കേന്ദ്രങ്ങളില്‍ റെയ്‌ഡ്‌ നടത്തി. ആദ്യഘട്ടത്തില്‍ മൈക്രോസോഫ്‌റ്റ്‌ നേരിട്ടു നടത്തിയിരുന്ന റെയ്‌ഡ്‌ ഇപ്പോള്‍ മുംബൈയിലെ ഒരു സ്വകാര്യ ഏജന്‍സി വഴി വ്യാപകമാക്കാനാണ്‌ നീക്കം. കുത്തക സോഫ്‌റ്റ്വെയര്‍ കമ്പനികള്‍ ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച്‌ അവരുടെ അജന്‍ഡകള്‍ നടപ്പാക്കുകയും കൊള്ളലാഭമുണ്ടാക്കുകയും ചെയ്യുന്നത്‌ ശക്തമായാല്‍ അതിനെ നേരിടാന്‍ നമ്മുടെ നീതിന്യായ സംവിധാനം എത്രത്തോളം ദുര്‍ബലമാണ്‌ എന്നതാണ്‌ ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്‌. കുത്തകകള്‍ക്ക്‌ ബദലായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന സ്വതന്ത്രസോഫ്‌റ്റ്‌ വെയര്‍ പ്രസ്ഥാനത്തിന്‌ അത്തരമൊരു ലോബിയോട്‌ മത്സരിക്കാനുള്ള ശക്തിയുണ്ടോ എന്നതും ചിന്തിക്കേണ്ടതാണ്‌.

ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച്‌ ഒരു വിദേശ കുത്തകക്ക്‌ എങ്ങനെ അവരുടെ അജന്‍ഡ നടപ്പാക്കാം എന്നതിന്‌ ഏറ്റവും പുതിയ ഉദാഹരണമാണ്‌ റെയ്‌ഡുകളിലൂടെയും മറ്റും മൈക്രോസോഫ്‌റ്റ്‌ ഉപയോഗിക്കുന്ന സമ്മര്‍ദ്ദ തന്ത്രങ്ങള്‍. ഇന്ത്യന്‍ കോപ്പിറൈറ്റ്‌ ആക്‌ട്‌ 1957 നു കീഴിലാണ്‌ സോഫ്‌റ്റ്വെയര്‍ പൈറസിയുമായി ബന്ധപ്പെട്ട കേസുകള്‍ വരുന്നത്‌. ഈ ആക്‌ടില്‍ വ്യക്തമായ അംഗീകാരമില്ലാതെ കോപ്പിറൈറ്റ്‌ ഉള്ള സോഫ്‌റ്റ്വെയറുകള്‍ കോപ്പി ചെയ്യുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ്‌ എന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. നിയമം ലംഘിക്കുന്നയാള്‍ സിവില്‍ /ക്രിമിനല്‍ നിയമങ്ങളുടെ പരിധിയില്‍ വരും. കടുത്ത പിഴയോ തടവോ രണ്ടും കൂടെയോ ശിക്ഷ ലഭിക്കാം. ഈ നിയമ പ്രകാരമാണ്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൈക്രോസോഫ്‌റ്റ്‌ നടപടികള്‍ തുടരുന്നത്‌. റെയ്‌ഡുകളെ ന്യായീകരിക്കാന്‍ പുതിയ കണക്കുകളുമായാണ്‌ മൈക്രോസോഫ്‌റ്റ്‌ രംഗത്തുവന്നിരിക്കുന്നത്‌. ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ വ്യാജ സോഫ്‌റ്റ്വെയറുകള്‍ ഉപയോഗിക്കുന്നതു കാരണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ 9000 കോടിയുടെ നഷ്‌ടമുണ്ടായെന്നാണ്‌ അവര്‍ അവകാശപ്പെടുന്നത്‌. ഈ വര്‍ഷം മാര്‍ച്ചുവരെയുള്ള കാലഘട്ടത്തിനിടെ 16000 കോടി രൂപയുടെ ഉല്‌പന്നങ്ങള്‍ മാത്രമാണത്രേ വിറ്റഴിഞ്ഞത്‌, കഴിഞ്ഞ വര്‍ഷം ഇക്കാലയളവിനുള്ളില്‍ വിറ്റഴിഞ്ഞത്‌ 25000 കോടി രൂപയുടെ ഉല്‌പന്നങ്ങളാണ്‌. വരുമാനത്തിലെ ഈ `വന്‍' ഇടിവ്‌ ഈ രാജ്യങ്ങളിലെ വ്യാജ സോഫ്‌റ്റ്വെയര്‍ ഉപയോഗം കാരണമാണെന്നാണ്‌ മൈക്രോസോഫ്‌റ്റിന്റെ കണ്ടെത്തല്‍. അതിനാല്‍ ഇന്ത്യയില്‍ വ്യാജ സോഫ്‌റ്റ്വെയര്‍ റെയ്‌ഡുമായി ശക്തമായി മുന്നോട്ടു പോകാതെ തരമില്ലെന്നാണ്‌ അവരുടെ പക്ഷം.

വന്‍ സോഫ്‌റ്റ്വെയര്‍ കമ്പനികള്‍ വ്യാജ സോഫ്‌റ്റ്വെയറുകള്‍ക്കെതിരെ റെയ്‌ഡ്‌ നടത്തുന്നതും നടപടിയെടുക്കുന്നതും ഇതാദ്യമായല്ല. സോഫ്‌റ്റ്വെയര്‍ കമ്പനികളിലും ഔട്ട്‌സോഴ്‌സിംഗ്‌ കമ്പനികളിലും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ റെയ്‌ഡുകള്‍ നടത്തി മൈക്രോസോഫ്‌റ്റടക്കമുള്ളവര്‍ തങ്ങളുടെ ഒറിജിനല്‍ സോഫ്‌റ്റ്വെയറുകള്‍ വാങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഐടി/അനിമേഷന്‍/ഗ്രാഫിക്‌സ്‌ കമ്പനികള്‍ ഒറിജിനല്‍ സോഫ്‌റ്റ്വെയറുകള്‍ ഒരു കോപ്പിയെങ്കിലും വാങ്ങി സൂക്ഷിക്കണമെന്നായിരുന്നു ഇവര്‍ സ്വകാര്യമായി നല്‍കിയ നിര്‍ദ്ദേശം. അതായത്‌ തങ്ങളുടെ ഉല്‌പന്നമുപയോഗിച്ച്‌ കാശുണ്ടാക്കുന്നവര്‍ അവ ഒരെണ്ണമെങ്കിലും വാങ്ങിയിരിക്കണമെന്ന ന്യായവാദം. പക്ഷേ വ്യാപകമായ ഇപ്പോഴത്തെ സംഭവം പുതിയ വ്യാപാര തന്ത്രങ്ങളുടെ ഭാഗമായാണ്‌.

കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരത്തും കൊല്ലത്തും തൃശൂരിലും മംഗലാപുരത്തുമൊക്കെ ഒരു മുന്നറിയിപ്പുമില്ലാതെയാണ്‌ മൈക്രോസോഫ്‌റ്റ്‌ റെയ്‌ഡിനിറങ്ങിയത്‌. (ഇതേ സമയത്തു തന്നെ മറ്റു സംസ്ഥാനങ്ങളിലും റെയ്‌ഡ്‌ ശക്തമാക്കിയിരുന്നു) തിരുവനന്തപുരത്ത്‌ മൈക്രോസോഫ്‌റ്റ്‌ പ്രതിനിധികളായ ആനന്ദ്‌ ബാനര്‍ജി, ശര്‍മ, ഭരദ്വാജ്‌ എന്നിവര്‍ നടത്തിയ റെയ്‌ഡിന്‌ സംരക്ഷണം നല്‍കിയത്‌ പോലീസ്‌ സൂപ്രണ്ട്‌ അരുണ്‍ കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌. ഒരു സ്ഥാപനത്തിന്റെ മാനേജരെ അറസ്റ്റ്‌ ചെയ്യുകയും പകര്‍പ്പവകാശ നിയമ ലംഘനത്തിന്‌ ആറോളം കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്‌തു. ഈ സ്ഥാപനങ്ങളില്‍ നിന്ന്‌ പത്തോ പന്ത്രണ്ടോ വ്യാജ സോഫ്‌റ്റ്വെയര്‍ കോപ്പികളാണ്‌ പിടികൂടിയത്‌ എന്നതാണ്‌ രസകരം. ഇതോടെയാണ്‌ വ്യാജ സോഫ്‌റ്റ്വെയര്‍ റെയ്‌ഡിന്‌ പുതിയ മാനങ്ങള്‍ കൈവന്നത്‌. തുടര്‍ന്ന്‌ കമ്പ്യൂട്ടര്‍ നിര്‍മ്മാണ വിപണന മേഘലയിലെ വിവിധ അസോസിയേഷനുകള്‍ ഹര്‍ത്താലും ധര്‍ണ്ണയും പരാതികളുമായി രംഗത്തെത്തി. എന്നാല്‍ പിന്നീടുണ്ടായ നാടകീയ ഇടപെടലുകളിലൂടെ ഡീലര്‍മാര്‍ തടി രക്ഷപ്പെടുത്തുകയായിരുന്നു. കേരളത്തിലെ മൈക്രോസോഫ്‌റ്റ്‌ ഉല്‌പന്നങ്ങള്‍ ചെലവാക്കാന്‍ സഹായിച്ച തങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ കമ്പനിയുമായി തുടര്‍ന്ന്‌ സഹകരിക്കില്ലെന്നും അസോസിയേഷനുകല്‍ ഭീഷണി മുഴക്കി. പോരാത്തതിന്‌ തങ്ങള്‍ വ്യാജ സോഫ്‌റ്റ്വെയറുകള്‍ക്ക്‌ എതിരാണെന്നുപോലും പ്രസ്‌താവന ഇറക്കി. സംഗതി കുഴയുമെന്നു മനസ്സിലാക്കിയ മൈക്രോസോഫ്‌റ്റിന്റെ സുപ്രധാന മേധാവികള്‍ ഏപ്രില്‍ പകുതിയോടെ കേരള കമ്പ്യൂട്ടര്‍ മാനുഫാക്‌ചേഴ്‌സ്‌ ആന്റ്‌ ഡീലേഴ്‌സ്‌ അസോസിയേഷന്‍((AKCMADA), കമ്പ്യൂട്ടര്‍ ഡീലേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ തിരുവനന്തപുരം (CDAT) , മലബാര്‍ ഐ ടി ഡീലേഴ്‌സ്‌ അസോസിയേഷന്‍ എന്നിവരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ വന്‍ വിലക്ക്‌ സോഫ്‌റ്റ്വെയറുകളുടെ ഒറിജിനല്‍ പതിപ്പുകള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കാനാരില്ലെന്നും ഒറിജിനല്‍ മാത്രമേ നല്‍കുകയുള്ളൂ എന്നു വാശി പിടിച്ചാല്‍ തങ്ങളുടെ കച്ചവടത്തെ അത്‌ മോശമായി ബാധിക്കുമെന്നും ഡീലര്‍മാര്‍ വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചതോടെ മൈക്രോസോഫിറ്റിനെതിരെ ധര്‍ണ്ണ നടത്തിയവരും ഹര്‍ത്താല്‍ നടത്തിയവരും കേസ്‌ ഫയല്‍ ചെയ്‌തവരുമൊക്കെ അതോടെ മൈക്രോസോഫ്‌റ്റിന്റെ വിശ്വസ്‌ത സേവകരാകാമെന്നും ബിസിനസ്‌ സുഗമമായി നടത്താന്‍ സഹായിക്കാമെന്നും വാക്കുനല്‍കി.

വ്യാജന്റെ സമ്പദ്‌ശാസ്‌ത്രം
ഇന്ത്യയേപ്പോലെ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന വലിയ ഐ ടി മാര്‍ക്കറ്റില്‍ മൈക്രോസോഫ്‌റ്റിന്റെ മുഖ്യ എതിരാളികള്‍ വ്യാജ സോഫ്‌റ്റ്വെയര്‍ ലോബിയും ലിനക്‌സ്‌ എന്ന സ്വതന്ത്രസോഫ്‌റ്റ്വെയര്‍ പ്രസ്ഥാനവുമാണ്‌. ലിനക്‌സ്‌ അത്ര ജനകീയമല്ലാത്തതുകൊണ്ട്‌ വിന്‍ഡോസ്‌ ഉപയോഗിച്ചു വരുന്ന ബഹുഭൂരിപക്ഷം സാധാരണക്കാരും അതിനു പിന്നാലെ പോകില്ലെന്ന്‌ മൈക്രോസോഫ്‌റ്റിനറിയാം. പ്രോഗ്രാമിംഗ്‌ സോഫ്‌റ്റ്വെറുകള്‍ക്കും ഗ്രാഫിക്‌സ്‌ അനിമേഷന്‍ മള്‍ട്ടിമീഡിയ തുടങ്ങിയ മേഖലയിലെ ജനപ്രിയ സോഫ്‌റ്റ്വെയറുകള്‍ക്കും അതേ ഔട്ട്‌ പുട്ട്‌ ലഭിക്കുന്ന ബദല്‍ സംവിധാനം ഒരുക്കാന്‍ സ്വതന്ത്രസോഫ്‌റ്റ്വെയര്‍ പ്രസ്ഥാനത്തിന്‌ കഴിഞ്ഞിട്ടില്ല. സെര്‍വര്‍ കമ്പ്യൂട്ടറുകളിലാണ്‌ ലിനക്‌സിന്റെ ഉപയോഗം മുഖ്യമായും വര്‍ദ്ധിച്ചുവരുന്നത്‌. അതും ഇന്ത്യന്‍ മാര്‍ക്കിറ്റില്‍ വളരെ കുറവാണ്‌. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ മൈക്രോസോഫ്‌റ്റ്‌ പ്രധാനമായും നേരിടുന്നത്‌ വ്യാജ സോഫ്‌റ്റ്വെയറുകളില്‍ നിന്നുള്ള വെല്ലുവിളിയാണ്‌.

മൈക്രോസോഫ്‌റ്റ്‌ അടക്കമുള്ള സോഫ്‌റ്റ്വെയര്‍ കുത്തകകളുടെ ആസൂത്രിതമായ വിപണന തന്ത്രത്തിന്റെ ഭാഗമായാണ്‌ വ്യാജസോഫ്‌റ്റ്വെയറുകള്‍ ഇത്രയേറെ വ്യാപകമായത്‌. വിന്‍ഡോസും ഓഫീസുമടക്കമുള്ള വ്യാജ സോഫ്‌റ്റ്വെയറുകള്‍ പ്രചരിപ്പിച്ച്‌ ജനപ്രിയമാക്കുകയായിരുന്നു അവരുടെ വിപണന തന്ത്രത്തിന്റെ ആദ്യഘട്ടം. അവക്ക്‌ പ്രചാരം ലഭിക്കുമ്പോള്‍ ഏതു മാര്‍ഗ്ഗത്തിലൂടെയും ഒറിജിനല്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയാണ്‌ മൈക്രോസോഫ്‌റ്റ്‌ നാളിതുവരെയായി തുടര്‍ന്നു പോന്ന തന്ത്രം. പക്ഷേ ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി ഇതുവരെ അത്തരമൊരു സമ്മര്‍ദ്ദം ചെലുത്താന്‍ മൈക്രോസോഫ്‌റ്റിനെ പ്രേരിപ്പിക്കുന്നതായിരുന്നില്ല. വിന്‍ഡോസ്‌ പുറത്തിറങ്ങിയ കാലത്ത്‌ ഒരു കമ്പ്യൂട്ടറിന്റെ വിലതന്നെ സാധാരണക്കാരന്‌ താങ്ങാവുന്നതിലുമപ്പുറമായിരുന്നു. അക്കാലത്ത്‌ വന്‍ വിലകൊടുത്ത്‌ ഒറിജിനല്‍ സോഫ്‌റ്റ്വെയര്‍ അധികമാരും വാങ്ങില്ലെന്നും ഒറിജിനല്‍ തന്നെ ഉപയോഗിക്കണമെന്ന്‌ ശാഠ്യം പിടിച്ചാല്‍ വിന്‍ഡോസിന്റെ പ്രചാരത്തെ അത്‌ ബാധിക്കുമെന്നും മൈക്രോസോഫ്‌റ്റ്‌ മനസിലാക്കി. പിന്നീട്‌ വിന്‍ഡോസിന്റെ ഓരോ പുതിയ പതിപ്പുകള്‍ ഇറങ്ങുമ്പോഴും കമ്പ്യൂട്ടറിന്റെ വില കുറഞ്ഞുവന്നു. അപ്പോഴൊക്കെ ഓഫറുകളും പാക്കേജുകളും പ്രഖ്യാപിച്ച്‌ ഇവയുടെ വില്‌പന വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങളും നടത്തിയിരുന്നു. ഇന്ത്യ ലോകത്തിന്റെ ഐ ടി ഭൂപടത്തില്‍ മാന്യമായ സ്ഥാനം പിടിക്കുകയും ഇന്ത്യുടെ സാമ്പത്തിക നില മെച്ചപ്പെടുകയും സാമൂഹ്യവ്യവസ്ഥയുടെ അവിഭാജ്യഘടകമായി കമ്പ്യൂട്ടര്‍ മാറുകയും ചെയ്‌തതോടെയാണ്‌ ഈ പുതിയ നീക്കം. എല്ലാവരും ഒറിജിനല്‍ സോഫ്‌റ്റ്വെയര്‍ വാങ്ങണമെന്നു ശഠിച്ചാല്‍ പ്രതീക്ഷിച്ചതിലും എത്രയോ ഇരട്ടി ലാഭം കൊയ്‌തെടുക്കാമെന്ന കണക്കുകൂട്ടലിലാണ്‌ മൈക്രോസോഫ്‌റ്റ്‌.

ലോകവ്യാപകമായി ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌ വിന്‍ഡോസ്‌. ഒരു സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ചെടുക്കുന്നതിന്റെ ചിലവും ന്യായമായ ലാഭവും എടുത്തുകഴിഞ്ഞാലും ഇപ്പോഴുള്ള വിലയുടെ പത്തുശതമാനം പോലും വരില്ല. വിന്‍ഡോസ്‌ എക്‌സ്‌ പിയുടെ ഹോം എഡിഷന്‌ 3500 രൂപയാണ്‌ കേരള മാര്‍ക്കറ്റിലെ വില, ഇതിന്റെ പ്രൊഫഷണല്‍ എഡിഷനാകട്ടെ വില 6500 ഓളം വരും. മൈക്രോസോഫ്‌റ്റ്‌ ഓഫീസ്‌ പാക്കേജിന്‌ 12000 ഓളമാണ്‌ വില. മൈക്രോസോഫ്‌റ്റ്‌ മാത്രമല്ല ഗ്രാഫിക്‌സ്‌/ഡി ടി പി/അഡ്വര്‍ടൈസിംഗ്‌ മേഖലകളിലെ അവശ്യ സോഫ്‌റ്റ്‌വെയറായ അഡോബി യുടെ ഫോട്ടോഷോപ്പിന്റെ സ്റ്റാര്‍ട്ടര്‍ പാക്കിനുതന്നെ ഈടാക്കുന്ന വില നാല്‌പതിനായിരത്തോളമാണ്‌. പതിനായിരം രൂപമുതല്‍ കമ്പ്യൂട്ടര്‍ ലഭിക്കുന്ന നാട്ടില്‍ ഇത്രയും ഭീമമായ തുകമുടക്കി ഒറിജിനല്‍ സോഫ്‌റ്റ്വെയറുകള്‍ വാങ്ങാന്‍ എത്രപേര്‍ തയ്യാറാകും?. 3500 രൂപ മുടക്കി ഒരു ഓപ്പറേറ്റിംഗ്‌ സിസ്റ്റം വാങ്ങണമെങ്കില്‍ ഇന്ത്യയിലെ ശരാശരി വരുമാനം വച്ചു നോക്കുമ്പോള്‍ ഒരു സാധാരണക്കാരന്‍ എത്ര ദിവസം ജോലി ചെയ്യേണ്ടിവരും?. അതേ സ്ഥാനത്ത്‌ അമേരിക്കയിലെ ശരാശരി വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പതിമൂന്നു മണിക്കൂര്‍ ജോലി ചെയ്‌താല്‍ മതിയാകും അവിടത്തെ ഒരു പതിപ്പ്‌ വാങ്ങാന്‍. ബംഗ്ലാദേശിലാണെങ്കില്‍ ഒരു സാധാരണക്കാന്‍ വിന്‍ഡോസ്‌ എക്‌സ്‌ പി വാങ്ങാന്‍ ആറുമാസം ജോലി ചെയ്യേണ്ടിവരുമെന്നാണ്‌ കണക്ക്‌. വന്‍ സോഫ്‌റ്റ്വെയര്‍ കമ്പനികള്‍ ഇങ്ങനെ പകല്‍ക്കൊള്ള നടത്തുമ്പോള്‍ വ്യാജ സോഫ്‌റ്റ്വെയര്‍ സാമ്രാജ്യം തഴച്ചുവളരുന്നതിനെ കുറ്റം പറയാനാകില്ല.

ഇന്ത്യന്‍ കോപ്പിറൈറ്റ്‌ ആക്‌ടിലെ വ്യവസ്ഥകള്‍ മാറ്റിനിര്‍ത്തിയാല്‍ മൈക്രോസോഫ്‌റ്റിന്റെയും മറ്റുകുത്തക കമ്പനികളും രൂപം നല്‍കിയ വ്യാജ സോഫ്‌റ്റ്വെയര്‍ വിപണി പെട്ടെന്നുതന്നെ ഇല്ലായ്‌മ ചെയ്യണമെന്നു പറയുന്നതിനെ ന്യായീകരിക്കാനാവില്ല. ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ട്രയല്‍ വേര്‍ഷനുകള്‍ നല്‍കി ഹാക്കര്‍ വെബ്‌സൈറ്റുകള്‍ വഴി അവയുടെ സീരിയല്‍ നമ്പറും പ്രചരിപ്പിച്ച്‌ ഉണ്ടാക്കിയെടുത്ത ഇന്റര്‍നെറ്റിലെ വന്‍ വ്യാജ സോഫ്‌റ്റ്വെയര്‍ വിപണിക്കെതിരെ ഇവര്‍ മൗനം പാലിക്കുന്നത്‌ എന്തുകൊണ്ടാണ്‌?. ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോലും പോലീസിനോട്‌ കണ്ണു ചിമ്മാന്‍ നേരിട്ടും അല്ലാതെയും പറയുന്ന സര്‍ക്കാരിന്‌ നമ്മുടെ ഐ ടി വിപണിയെ ദുരുപയോഗം ചെയ്യുന്ന ഇത്തരം വമ്പന്‍മാര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്തത്‌ ലജ്ജാവഹമാണ്‌. അഞ്ചുവര്‍ഷം മുമ്പ്‌ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ മൈക്രോസോഫ്‌റ്റ്‌ തലവന്‍ ബില്‍ ഗേറ്റ്‌സ്‌ ഇന്ത്യയിലെ ഐ ടി വിദ്യാഭ്യാസ ആരോഗ്യ രംഗത്തിനു വേണ്ടി വാരിയെറിഞ്ഞ കോടികളുടെ കണക്കു നോക്കുമ്പോള്‍ സര്‍ക്കാരിന്‌ അദ്ദേഹത്തിന്റെ കമ്പനിയോട്‌ വിധേയത്വത്തോടു കൂടിയല്ലേ പെരുമാറാന്‍ കഴിയൂ എന്ന്‌ നമുക്കാശ്വസിക്കാം. പൈറസി അവസാനിക്കണമെങ്കില്‍ സോഫ്‌റ്റ്വെയറുകളുടെ വില വന്‍തോതില്‍ കുറച്ചേ മതിയാകൂ എന്നാണ്‌ ഇന്ത്യയിലെ വിവിധ കമ്പ്യൂട്ടര്‍ ഡീലേഴ്‌സ്‌ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷനുകള്‍ പലതവണയായി മൈക്രോസോഫ്‌റ്റിന്‌ നല്‍കിയിട്ടുള്ള നിവേദനത്തില്‍ പറയുന്നത്‌. വിന്‍ഡോസുപോലുള്ള അത്യാവശ്യ സോഫ്‌റ്റ്വെയറുകള്‍ക്ക്‌ വില കുറക്കുന്നതിലൂടെ വില്‌പന വര്‍ദ്ധിക്കുമ്പോള്‍ കമ്പനികള്‍ക്ക്‌ ഇപ്പോള്‍ പൈറസിയിലൂടെയും മറ്റും നഷ്‌ടപ്പെടുന്നതില്‍ വലിയൊരു പങ്ക്‌ തിരികെ ലഭിക്കുകയും ചെയ്യുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സ്വതന്ത്രസോഫ്‌റ്റ്വെയര്‍ എന്ന ബദല്‍
‍മൈക്രോസോഫ്‌റ്റിനോടുള്ള ആശയപരമായ യുദ്ധത്തിന്റെ ഭാഗമായി നമ്മുടെ സ്‌കൂളുകളില്‍ ഇനി മുതല്‍ ലിനക്‌സ്‌ മതിയെന്ന്‌ ചങ്കൂറ്റത്തോടെ പറഞ്ഞ മുഖ്യമന്ത്രിയാണ്‌ വി എസ്‌ അച്യുതാനന്ദന്‍. സ്വതന്ത്രസോഫ്‌റ്റ്വെയര്‍ രംഗത്തെ പ്രമുഖരായ റെഡ്‌ഹാറ്റിന്റെ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഈയിടെ ചര്‍ച്ച നടത്തിയിരുന്നു. വിദ്യാഭ്യാസ - വ്യവസായ മേഖലകളില്‍ യോജിച്ച്‌ പ്രവര്‍ത്തിക്കാമെന്ന്‌ അവര്‍ സര്‍ക്കാരിന്‌ വാക്കുനല്‍കുകയും ചെയ്‌തിട്ടുണ്ട്‌. കൂടാതെ സ്വതന്ത്രസോഫ്‌റ്റ്വെയര്‍ മേഖലയില്‍ ഗവേഷണാധിഷ്‌ടിത വികസന കേന്ദ്രവും ആരംഭിക്കാമെന്ന്‌ റെഡ്‌ഹാറ്റ്‌ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. കുത്തകകളെ എതിര്‍ക്കുക എന്ന പ്രത്യയശാസ്‌ത്രപരമായ വശം മാറ്റി നിര്‍ത്തിയാല്‍ നമ്മള്‍ വളര്‍ത്തിയെടുത്ത ഐ ടി സാമ്രാജ്യത്തില്‍ വിന്‍ഡോസ്‌ പ്ലാറ്റ്‌ഫോമിലുള്ള സോഫ്‌റ്റ്വെയറുകള്‍ക്ക്‌ ബദലാകുമോ ഇപ്പോഴുള്ള ലിനക്‌സും അനുബന്ധ സോഫ്‌റ്റ്‌ വെയറുകളും എന്നതാണ്‌ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം. സര്‍ക്കാര്‍ തീരുമാനപ്രകാരം കേരളത്തിലെ സ്‌കൂളുകളെല്ലാം ലിനക്‌സിലാണ്‌ കുട്ടികളെ പരിശീലിപ്പിക്കുന്നത്‌. ഈ ഉത്തരവിനു മുമ്പുതന്നെ മിക്ക സ്‌കൂളുകളും ലിനക്‌സിനെ സ്വീകരിച്ചിരുന്നു. 8,9.10 ക്ലാസുകളിലെ ഏതാണ്ട്‌ 15 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഈ വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പ്രാക്‌ടിക്കല്‍ പരീക്ഷ എഴുതിയത്‌ സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ്‌. എസ്‌ എസ്‌ എല്‍ സി വരെയുള്ള ക്ലാസുകളിലെല്ലാം സ്വതന്ത്രസോഫ്‌റ്റ്വെയറിലായിരിക്കും ഇനിമുതല്‍ പരീക്ഷ എഴുതുക. കഴിഞ്ഞവര്‍ഷം വളരെ ചുരുക്കം സ്‌കൂളുകളില്‍ മാത്രമാണ്‌ ലിനക്‌സ്‌ ഉപയോഗിച്ച്‌ പരീക്ഷ എഴുതിയത്‌. സ്വതന്ത്രസോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച്‌ പരിശീലിപ്പിച്ച ഒരു തലമുറ വളര്‍ന്നുവരുന്നത്‌ തികച്ചു സ്വാഗതാര്‍ഹമായ ഒരു കാര്യമാണ്‌. പക്ഷേ സ്‌കൂള്‍ തലം കഴിഞ്ഞാല്‍ എന്തുചെയ്യുമെന്നതാണ്‌ ചോദ്യം. കേരളത്തിലെ ഐ ടി മേഖലയിലെ എന്‍ജിനീയറിംഗ്‌ അടക്കമുള്ള ഉന്നത പഠനമേഖലയില്‍ സ്വതന്ത്രസോഫ്‌റ്റ്‌വെയറുകള്‍ക്ക്‌ വേണ്ടത്ര പ്രാധാന്യം നല്‍കാതെ അടിത്തറമാത്രം കെട്ടിപ്പടുത്തതുകൊണ്ടായില്ല. അതിനൊപ്പം തന്നെ വ്യാവസായികാടിസ്ഥാനത്തിലും സ്വതന്ത്രസോഫ്‌റ്റ്‌#വെയറുകളെ പ്രോത്‌സാഹിപ്പിക്കേണ്ടതുമുണ്ട്‌.

വ്യാവസായികാടിസ്ഥാനത്തില്‍ വിന്‍ഡോസിന്‌ ലിനക്‌സ്‌ എന്ന ബദല്‍ പോലെ മറ്റു അപ്ലിക്കേഷനുകള്‍ക്കും അതിനോടു കിടപിടിക്കുന്നതോ അതിനേക്കാള്‍ ഗുണമുള്ളതോ ആയ ബദലുകള്‍ രൂപപ്പെടുത്തണം. അത്തരം ഒരു ഉദ്യമത്തിന്‌ സര്‍ക്കാര്‍ ഇനിയും മുതിര്‍ന്നിട്ടില്ല എന്നതാണ്‌ സത്യം. സി ഡാക്കുപോലെയൂള്ള സ്ഥാപനങ്ങള്‍ വഴിയുള്ള പ്രഹസനങ്ങള്‍കൊണ്ടൊന്നും ഐ ടി മേഖലയില്‍ ശക്തമായ സാന്നിദ്ധ്യമാകാന്‍ നമുക്കാവില്ല. മൈക്രോസോഫ്‌റ്റും ഗൂഗിളും അഡോബിയുമടങ്ങുന്ന ആഗോള സോഫ്‌റ്റ്വെയര്‍ കമ്പനികളിലെ എക്‌സ്‌പേര്‍ട്ടുകളില്‍ കേരളത്തിലെ സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്നു പഠിച്ചിറങ്ങിയ നിരവധി മലയാളികളുണ്ട്‌. ഇന്റര്‍നെറ്റില്‍ മലയാള ഭാഷ ഉപയോഗിക്കാനുള്ള സംവിധാനങ്ങളും എന്തിന്‌ ലോകപ്രശസ്‌ത ഫോട്ടോ എഡിറ്റിംഗ്‌ സോഫ്‌റ്റ്വെയറായ ഫോട്ടോഷോപ്പുവരെ വികസിപ്പിച്ചതിനു പിന്നില്‍ മലയാളികളുടെ സാന്നിദ്ധ്യമുണ്ട്‌. അത്തരം എക്‌സ്‌പേര്‍ട്ടുകളെ നമ്മുടെ നാട്ടിലെ സ്വതന്ത്രസോഫ്‌റ്റ്വെയര്‍ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഉപയോഗിക്കാവുന്നതേയുള്ളൂ. അതിന്‌ ഐ ടി വകുപ്പ്‌ വെറുതെ പാഴാക്കിക്കളയുന്ന നികുതിപ്പണത്തിന്റെ ചുരുങ്ങിയ ശതമാനം ഫലപ്രദമായി ഉപയോഗിച്ചാല്‍ മതി. ലിനക്‌സ്‌ എന്ന ബദലിനെ പരിചയിക്കാന്‍ മടിക്കുന്നതിനുള്ള പ്രധാന കാരണവണം അത്‌ ഉപയോഗിച്ചു പഠിക്കാന്‍ തുടക്കത്തില്‍ നേരിടുന്ന ബുദ്ധിമുട്ടാണ്‌. വിന്‍ഡോസാകട്ടെ കൊച്ചുകുട്ടികള്‍മുതല്‍ പ്രായം ചെന്നവര്‍ക്കുവരെ പെട്ടെന്നു ഉപയോഗിക്കാവുന്ന അത്രയും ലളിതവും. സ്വതന്ത്രസോഫ്‌റ്റ്വെയര്‍ പ്രസ്ഥാനം ലോകത്തില്‍ മുഴുവന്‍ നേരിടുന്ന ബുദ്ധിമുട്ടും ഇതു തന്നെയാണ്‌. കേരളത്തിലെ പ്രൈമറി തലത്തില്‍ ലിനക്‌സിലുള്ള പരിശീലനം വഴി അത്‌ കുറേയൊക്കെ ഇല്ലായ്‌മചെയ്യാന്‍ കഴിയും പക്ഷേ വിന്‍ഡോസ്‌ ഉപയോഗിച്ചു പരിശീലിച്ചവരുടെ കാര്യത്തില്‍ എന്തു ചെയ്യുമെന്നതാണ്‌ വിഷയം. അക്ഷയ പദ്ധതി വഴി ഐ ടി സാക്ഷരത വര്‍ദ്ധിപ്പിച്ച കേരളത്തിന്‌ അതിനും മാര്‍ഗ്ഗമുണ്ടാക്കാവുന്നതേയുള്ളൂ. എന്തൊക്കെയായാലും സ്വതന്ത്രസോഫ്‌റ്റ്വെയറിന്‌ മുമ്പത്തേക്കാളേറെ വേരോട്ടം ഉണ്ടായിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മൈക്രോസോഫ്‌റ്റ്‌ അജയ്യനായി തുടരുന്നതിന്റെ മുഖ്യ കാരണം ഇതാണ്‌. അത്തരമൊരു ശക്തിയോടു മത്സരിക്കാന്‍ വെറും പ്രചരണം മാത്രം പോരാ പ്രവൃത്തിയാണ്‌ ആവശ്യം എന്നാണ്‌ വര്‍ത്തമാന കേരളത്തിലെ ഐ ടി മേഖല സാക്ഷ്യപ്പെടുത്തുന്നത്‌.

Thursday, March 13, 2008

ഔട്ട്‌സോഴ്‌സിംഗ്‌ കാലത്തിനൊപ്പം

ഔട്ട്‌ സോഴ്‌സിംഗ്‌ വ്യവസായത്തില്‍ അവസാന വാക്കെന്ന ഖ്യാതി വളരെ മുമ്പുതന്നെ ഇന്ത്യ സ്വന്തമാക്കിയതാണ്‌. 1990 കളില്‍ ശക്തി പ്രാപിച്ച ഔട്ട്‌ സോഴ്‌സിംഗ്‌ മേഘല കസ്റ്റമര്‍ സര്‍വ്വീസും ഡാറ്റാ പ്രൊസസിംഗും കടന്ന്‌ ശാസ്‌ത്രസാങ്കേതിക മേഘലയിലെ ഏതു കഠിനമായ ജോലിയും ചെയ്യാമെന്ന നിലയിലേക്ക്‌ വളര്‍ന്നിരിക്കുന്നു. ഔട്ട്‌ സോഴ്‌സിംഗിനെ മൂന്നാം വ്യാവസായിക വിപ്ലവമാണെന്ന്‌ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബില്‍ ക്ലിന്റന്റെ സാമ്പത്തിക ഉപദേശകനായിരുന്ന അലന്‍ എസ്‌ ബ്ലിന്റര്‍ വിശേഷിപ്പിച്ചത്‌ ശരിയാണെങ്കില്‍ ഇന്ത്യയാണ്‌ ആ വിപ്ലവത്തിന്റെ കേന്ദ്ര ബിന്ദു. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിയില്‍ വരുന്ന മാറ്റങ്ങളും മള്‍ട്ടിനാഷണല്‍ കമ്പനികളുടെ മാറിയ ആവശ്യങ്ങളും ഔട്ട്‌ സോഴ്‌സിംഗ്‌ മേഘലയില്‍ കാതലായ മാറ്റത്തിന്‌ കളമൊരുക്കിയിരിക്കുകയാണ്‌. ഈ പശ്ചാത്തലത്തില്‍ വേണം ഇന്ത്യക്ക്‌ പുറത്തേക്ക്‌ ബിസിനസ്‌ വ്യാപിപ്പിക്കാനുള്ള ഇന്ത്യന്‍ ഐടി കമ്പനികളുടെ നീക്കത്തെ വിലയിരുത്തേണ്ടത്‌. യൂറോപ്പിലും അമേരിക്കയിലും ബ്രാഞ്ചുകള്‍ സ്ഥാപിച്ച്‌ ഔട്ട്‌ സോഴ്‌സിംഗ്‌ മേഖലയെ പൂര്‍ണ്ണമായും തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ്‌ ഇന്ന്‌ ഇന്‍ഫോസിസും വിപ്രോയും ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസുമടങ്ങുന്ന ഇന്ത്യയിലെ ഐ ടി ഭീമന്മാര്‍. ലോകത്തിന്റെ ഏതു മൂലയില്‍ നിന്നുമുള്ള ആവശ്യങ്ങളും ഏപ്പോള്‍ എവിടെ വച്ചു വേണമെങ്കിലും നിര്‍വ്വഹിക്കാന്‍ സന്നദ്ധരായിരിക്കേണ്ട സാഹചര്യമാണ്‌ ഇന്നത്തെ ഔട്ട്‌ സോഴ്‌സിംഗ്‌ മേഖലയിലുള്ളത്‌. സമയവും സ്ഥലവും ഭാഷയും എല്ലാം ഏറെ പ്രധാനവും. എല്ലാ സേവനങ്ങളും കൂടുതല്‍ പ്രാദേശികമാക്കുക എന്ന മള്‍ട്ടിനാഷണല്‍ കമ്പനികളുടെ പുതിയ തന്ത്രങ്ങള്‍ കൂടെ പ്രാവര്‍ത്തികമായപ്പോള്‍ ഔട്ട്‌ സോഴ്‌സിംഗ്‌ ജോലികള്‍ ചെയ്യാന്‍ ഇംഗ്ലീഷ്‌ സംസാരിക്കാത്തവര്‍ കൂടെ അത്യാവശ്യമായി വന്നു. അതോടെ ഇന്ത്യയിലേക്ക്‌ വന്‍തോതില്‍ പ്രവഹിച്ചിരുന്ന ജോലികളുടെ സ്വഭാവവും ഉപഭോക്താക്കളുടെ ആവശ്യവും മാറി. ഇത്തരം ജോലികള്‍ പലപ്പോഴും ഔട്ട്‌സോഴ്‌സിംഗ്‌ മേഖലയിലെ പുതുമുഖ രാജ്യങ്ങളിലേക്ക്‌ പ്രവഹിച്ചു തുടങ്ങി. ഈ സന്ദര്‍ഭത്തില്‍ ഈ രംഗത്തെ കുത്തക തകര്‍ക്കാന്‍ മറ്റു രാജ്യങ്ങളെ അനുവദിക്കില്ല എന്ന ചെറിയ സ്വാര്‍ത്ഥത കൂടിയായപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ മറ്റു രാജ്യങ്ങളില്‍ ആധിപത്യമുറപ്പിക്കേണ്ടിവന്നു. ബ്രസീലിലും ചിലിയിലും ഉറുഗ്വേയിലുമായി ഏതാണ്ട്‌ 5000ല്‍ പരം പേര്‍ ഇപ്പോള്‍ തന്നെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. വിപ്രോയുടെ ഔട്ട്‌സോഴ്‌സിംഗ്‌ സ്ഥാപനങ്ങള്‍ കാനഡയിലും ചൈനയിലും പോര്‍ച്ചുഗലിലും സൗദി അറേബ്യയിലും റുമേനിയയിലുമൊക്കെ പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ അത്ര വികസിച്ചിട്ടില്ലാത്ത ഇഡാഹോ വിര്‍ജീനിയ ജ്യോര്‍ജ്ജിയ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ ഔട്ട്‌ സോഴ്‌സിംഗ്‌ ഹബ്ബുകള്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്‌ വിപ്രോ. അതേസമയം ഇന്‍ഫോസിസ്‌ അവരുടെ ബാക്ക്‌ ഓഫീസുകള്‍ക്കായി സ്ഥലം കണ്ടെത്തിയത്‌ മെക്‌സിക്കോ, ചെക്ക്‌ റിപ്പബ്ലിക്ക്‌ തായ്‌ലന്റ്‌ ചൈന ഫിലിപ്പൈന്‍സ്‌ തുടങ്ങിയ രാജ്യങ്ങളിലും ഒപ്പം അമേരിക്കയിലെ തന്നെ ചെലവു കുറഞ്ഞ സ്റ്റേറ്റുകളിലുമാണ്‌.

ടെലിക്കമ്മ്യൂണിക്കേഷന്‍ മേഘലയില്‍ നേടിയ പുരോഗതിയും ഇംഗ്ലീഷ്‌ ഭാഷയറിയാവുന്നവരുടേയും സാങ്കേതിക വിദഗ്‌ദരുടെയും ലഭ്യതയുമാണ്‌ ഔട്ട്‌ സോഴ്‌സിംഗ്‌ രംഗം ഇന്ത്യയുടെ കുത്തകയാക്കി മാറിയത്‌. ഇത്തരം ജോലികളില്‍ ഇന്ത്യ കാഴ്‌ചവച്ച പ്രൊഫഷണലിസവും ഇന്‍ഫോസിസ്‌ വിപ്രോ തുടങ്ങിയ ക്യാംപസുകള്‍ സമ്മാനിച്ച മാനേജ്‌മെന്റ്‌ ടെക്‌നിക്കുകളും ഈ രംഗത്ത്‌ വന്‍ തോതില്‍ അവസരങ്ങള്‍ സൃഷ്‌ടിച്ചു. എന്നാല്‍ അടിക്കടി ഉയരുന്ന ശമ്പളവും ശക്തമായിക്കൊണ്ടിരിക്കുന്ന സാമ്പത്തികമേഖലയും ഒപ്പം ചൈന മൊറോക്കോ മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ ഈ മേഖലയില്‍ കൈവരിച്ച വളര്‍ച്ചയും എല്ലാം ഔട്ട്‌സോഴ്‌സിംഗ്‌ രംഗത്ത്‌ ഇന്ത്യയെ പുതിയ വഴിയിലൂടെ നടക്കാന്‍ നിര്‍ബന്ധിതമാക്കുകയായിരുന്നു. ബാക്ക്‌ ഓഫീസ്‌ വര്‍ക്കുകള്‍ക്കു പുറമേ ഗവേഷണവും കഴിവും വേണ്ട കൂടുതല്‍ കഠിനമായ ജോലികള്‍ കൂടെ ഇന്ത്യയിലേക്ക്‌ പ്രവഹിക്കാന്‍ തുടങ്ങിയതോടെയാണ്‌ ഈ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിച്ചത്‌.

കാള്‍സെന്ററില്‍ നിന്നും ബോയിംഗ്‌ കോക്ക്‌പിറ്റിലേക്ക്‌
ഡാറ്റാ എന്‍ട്രി, മെഡിക്കല്‍ ബില്ലിംഗ്‌, കാള്‍സെന്റര്‍ തുടങ്ങിയ വലിയ തലവേദനയില്ലാത്ത ജോലികളായിരുന്നു ആദ്യകാലത്ത്‌ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക്‌ ലഭിച്ചിരുന്നത്‌. അമേരിക്കന്‍ എക്‌സ്‌പ്രസ്സ്‌, ജി ഇ ക്യാപ്പിറ്റല്‍, ബ്രിട്ടീഷ്‌ എയര്‍ വെയ്‌സ്‌ തുടങ്ങിയ കമ്പനികളുടെ ബാക്ക്‌ ഓഫീസ്‌ ജോലികളായിരുന്നു ഇവയില്‍ എടുത്തു പറയേണ്ടവ. ഇത്തരം ഐ ടി എനേബിള്‍ഡ്‌ സര്‍വീസുകളും ഡാറ്റാ പ്രൊസസിംഗും പിന്നിട്ട്‌ ഐടി മേഖലയില്‍ നമ്മള്‍ കാലുറപ്പിച്ചത്‌ 1990കളിലാണ്‌. ഔട്ട്‌സോഴ്‌സിംഗ്‌ മേഖലയിലെ വന്‍ വിപ്ലവം തന്നെയായിരുന്നു അത്‌്‌. ഐടി പഠനം സര്‍വ്വസാധാരണമായതോടെ ബാംഗ്‌ളൂര്‍ ഹൈദരാബാദ്‌ ചെന്നൈ എന്നീ നഗരങ്ങള്‍ വിട്ട്‌ ഈ രംഗം ഇന്ത്യയുടെ മറ്റു കോണിലേക്കും പടര്‍ന്നു. അതോടെ മൂന്ന്‌ ഇന്റര്‍ കോണ്ടിനെന്റല്‍ കേബിളുകള്‍ സന്ധിക്കുന്ന കൊച്ചിയും ഇന്ത്യയുടെ ഐടി വാഗ്‌ദാനമായി മാറി. കുറഞ്ഞ ചെലവില്‍ വികസ്വര രാജ്യങ്ങളിലെ മനുഷ്യവിഭവ ശേഷി കിട്ടാവുന്നത്ര ഊറ്റിയെടുക്കുക എന്ന തന്ത്രമായിരുന്നു ആദ്യകാലത്ത്‌ ഔട്ട്‌ സോഴ്‌സിംഗ്‌ ജോലികളുടെ പിന്നിലുണ്ടായിരുന്നത്‌. എന്നാല്‍ ആഡംസ്‌മിത്ത്‌ തിയറികളെ പിന്തുടര്‍ന്നു വന്ന ഔട്ട്‌ സോഴ്‌സിംഗ്‌ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച്‌ ലോകത്താകമാനം പരന്നു കിടക്കുന്ന വ്യവസായ ചങ്ങലയായി മാറുകയായിരുന്നു. കാള്‍ സെന്റര്‍ ജോലികളും മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്‌ഷന്‍, ഹ്യുമന്‍ റിസോഴ്‌സസ്‌ മാനേജ്‌മെന്റ്‌, ഡോക്യുമെന്റ്‌ മാനേജ്‌മെന്റ്‌ തുടങ്ങിയ ജോലികളും ചെയ്‌തിരുന്ന ഇന്ത്യയിലെ ഔട്ട്‌സോഴ്‌സിംഗ്‌ സ്ഥാപനങ്ങള്‍ കൂടുതല്‍ ആധുനികവല്‍ക്കരിക്കപ്പെട്ടതോടെയും ജോലികളില്‍ പുലര്‍ത്തിയ പ്രോഫഷണലിസത്തിന്റെ മികവുകൊണ്ടും ഭൂമിക്കു കീഴിലുള്ള എല്ലാ ജോലികളും ചെയ്‌തു തീര്‍ക്കാമെന്ന നിലയിലേക്ക്‌ ഇന്ത്യ ഉയരുകയായിരുന്നു.വെള്ളക്കാരന്‍ ചെയ്യുന്ന ജോലികളുടെ സഹായിയായി മാത്രം നമ്മള്‍ നിന്ന കാലം ചരിത്രമായി എന്നാണ്‌ അടുത്തകാലത്ത്‌ ഇന്ത്യയിലെ ഐ ടി സ്ഥാപനങ്ങള്‍ നേടിയെടുത്ത്‌ വിജയകരമായി നടപ്പാക്കിയ എയര്‍ക്രാഫ്‌റ്റ്‌ എന്‍ജിനീയറിംഗ്‌, ബാങ്കിംങ്‌ ,ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക്‌നോളജി രംഗത്തെ പ്രോജകടുകള്‍ വെളിപ്പെടുത്തുന്നത്‌. നൂറുകണക്കിന്‌ ഇന്ത്യക്കാരാണ്‌ ബോയിംഗ്‌, എയര്‍ബസ്‌ തുടങ്ങിയ വിമാനക്കമ്പനികളുടെയും മോര്‍ഗന്‍ സ്റ്റാന്‍ലി പോലുള്ള ബാങ്കുകളുടേയും ഔട്ട്‌ സോഴ്‌സിംഗ്‌ ജോലികളില്‍ മുഴുകിയിരിക്കുന്നത്‌.


കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ എയര്‍ബസ്‌, ബോയിംഗ്‌ തുടങ്ങിയ വിമാന കമ്പനികളുടെ ഡ്രോയിംഗുകള്‍ ഡിജിറ്റലൈസ്‌ ചെയ്യാനുള്ള ജോലികള്‍ ഇന്ത്യന്‍ കമ്പനികള്‍ക്കു ലഭിച്ചിരുന്നു. പിന്നീട്‌ ബോയിംഗിന്റെ സൂപ്പര്‍ ജംബോയുടെ സുപ്രധാന ജോലികളും ഇന്ത്യയിലേക്ക്‌ ഒഴുകിയെത്തി. സൂപ്പര്‍ ജംബോ എ 380ന്റെ കോക്ക്‌ പിറ്റ്‌ സോഫ്‌റ്റ്വെയര്‍ രൂപപ്പെടുത്താന്‍ ബോയിംഗ്‌ ആശ്രയിച്ചത്‌ ടാറ്റാ കണ്‍സള്‍ട്ടന്‍സിയെയാണ്‌. അതിന്റെ രൂപകല്‌പനയില്‍ സഹായിച്ചത്‌ ഇന്‍ഫോസിസും. ബോയിംഗ്‌ 787 ന്റെ സീറോ വിസിബിലിറ്റി ലാന്റിംഗ്‌ സിസ്റ്റം നിര്‍മ്മിക്കാന്‍ എച്ച്‌ സി എല്ലിനെയാണ്‌ ബോയിംഗ്‌ കണ്ടുപിടിച്ചത്‌.

മോര്‍ഗ്ഗന്‍ സ്റ്റാന്‍ലി പോലുള്ള ബാങ്കുകള്‍ അവരുടെ അമേരിക്കന്‍ സ്റ്റോക്കുകള്‍ അപഗ്രഥിക്കാന്‍ ഇന്ത്യന്‍ കമ്പനികളേയാണ്‌ ആശ്രയിച്ചുവരുന്നത്‌. എലി ലില്ലി എന്ന മരുന്നു കമ്പനി അവര്‍ കണ്ടുപിടിച്ച പ്രോഡക്‌ട്‌ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‌പാദിപ്പിക്കുന്ന തരത്തില്‍ രൂപപ്പെടുത്താന്‍ പ്രതിവര്‍ഷം ഓരോ ശാസ്‌ത്രജ്ഞനും 1.5 മില്ല്യണ്‍ ഡോളര്‍ എന്ന തോതില്‍ ഒരു ഇന്ത്യന്‍ കമ്പനിക്ക്‌ കരാര്‍ നല്‍കി. അതായത്‌ അമേരിക്കക്കാരന്‍ ആറക്കശമ്പളം വാങ്ങി കുത്തകയാക്കി വച്ചിരുന്ന ജോലികള്‍ പോലും ഔട്ട്‌ സോഴ്‌സിംഗിലൂടെ ഇന്ത്യക്കാരന്‍ ചെയ്യുന്നു എന്നു ചുരുക്കം. സിസ്‌ക്കോ പോലുള്ള കമ്മ്യൂണിക്കേഷന്‍ ഭീമന്‍മാര്‍ തങ്ങളുടെ സെക്കന്റ്‌ഹെഡ്‌ക്വാര്‍ട്ടേഴ്‌സായാണ്‌ ഇന്ത്യയെ കാണുന്നത്‌.

ഔട്ട്‌ സോഴ്‌സിംഗ്‌ മാനേജ്‌മെന്റ്‌ രംഗത്തേക്ക്‌

പുതിയ സാഹചര്യത്തില്‍ ടെക്‌നിക്കല്‍ മേഖലയില്‍ മാത്രമല്ല, മാര്‍ക്കറ്റ്‌ അനാലിസിസ്‌, അക്കൗണ്ടിംഗ്‌, ഹ്യുമന്‍ റിസോഴ്‌സസ്‌ മാനേജ്‌മെന്റ്‌, ആരോഗ്യമേഘലകളിലും തദ്ദേശീയരുടെ സഹകരണം ആവശ്യമാണ്‌. കമ്പനിയുടെയും സ്ഥാപനങ്ങളുടേയും പ്രാദേശിക ഭാഷയിലുള്ള സോഫ്‌റ്റ്വെയര്‍ രൂപപ്പെടുത്താനും മാര്‍ക്കറ്റിനെക്കുറിച്ച്‌ പഠിക്കാനുമൊക്കെ ആ ഭാഷയുമായും സംസ്‌കാരവുമായി അടുത്തിടപഴകുന്നവര്‍ ആവശ്യമാണ്‌. പക്ഷേ ഔട്ട്‌ സോഴ്‌സിംഗ്‌ മേഖലയിലെ പരിചയക്കുറവ്‌ അവര്‍ക്ക്‌ വന്‍ തോതിലുള്ള ജോലികള്‍ ചെയ്യാന്‍ തടസ്സമായി. അത്തരമൊരു സാഹചര്യം ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ ഗുണകരമായിരുന്നു.

ആവശ്യമുള്ള രാജ്യങ്ങളില്‍ ബ്രാഞ്ചുകള്‍ സ്ഥാപിക്കുകയും ഇത്തരം ജോലികളില്‍ തദ്ദേശീയരുടെ സഹായം തേടുകയും ഇന്ത്യയില്‍നിന്നു നേരിട്ടോ വിദഗ്‌ദരെ അങ്ങോട്ടയച്ചോ അതിന്റെ മേല്‍നോട്ടം വഹിക്കുകയും ചെയ്യുക എന്ന തന്ത്രമാണ്‌ വിപ്രോയും ഇന്‍ഫോസിസും ഒക്കെ ഇന്ന്‌ പിന്തുടരുന്നത്‌. അമേരിക്കയിലെ തന്നെ താരതമ്യേന ചെലവുകുറഞ്ഞ പ്രദേശങ്ങളില്‍ വിപ്രോയും ഇന്‍ഫോസിസും ബ്രാഞ്ചുകള്‍ സ്ഥാപിച്ചത്‌ അമേരിക്കയിലാണെന്നതിന്റെ നേട്ടം കൂടി ലഭിക്കാനാണ്‌. 7000 മൈലുകള്‍ക്കപ്പുറത്തുള്ള ഇന്ത്യയിലേക്ക്‌ തങ്ങളുടെ ജോലികള്‍ അയക്കുന്നതിനേക്കാള്‍ അവര്‍ ഇഷ്‌ടപ്പെടുക തങ്ങളുടെ സംസ്‌കാരവുമായി അടുത്തു കിടക്കുന്ന വെറും 150 മൈല്‍ മാത്രം അടുത്തുള്ള മെക്‌സിക്കോ പോലുള്ള രാജ്യങ്ങളിലേക്ക്‌ നല്‍കാനാണ്‌.

ഫിലിപ്പൈന്‍സിലും തായ്‌ലന്റിലും പോളണ്ടിലുമൊക്കെയുള്ള സ്ഥാപനങ്ങളില്‍ തദ്ദേശീയര്‍ക്ക്‌ പരിശീലനം നല്‍കി ഇന്ത്യന്‍ മാനേജര്‍മാരുടെ മേല്‍നോട്ടത്തില്‍ ജോലികള്‍ മുന്നോട്ടുകൊണ്ടുപോകുകയാണ്‌ ഇന്‍ഫോസിസ്‌ ചെയ്യുന്നത്‌. ഇത്തരം സ്ഥാപനങ്ങളെ ഇന്ത്യയിലെ ഹെഡ്‌ക്വാര്‍ട്ടേഴ്‌സുമായി ബന്ധിപ്പിച്ച്‌ ജോലിഭാരം കുറക്കുകയും വേഗതയും ഗുണമേന്മയും വര്‍ദ്ധിപ്പിക്കുകയുമാണ്‌ ലക്ഷ്യം. ലോകത്തെ എല്ലാ ഓഫീസുകളുമായി ബന്ധപ്പെടുത്തുന്നതുവഴി ഓരോ ജോലിയുടേയും സ്വഭാവമനുസരിച്ച്‌ ലോകത്തെല്ലായിടത്തുമുള്ള ഓഫീസുകളിലുമുള്ള വിദഗ്‌ദരുടെ സേവനം ഉപയോഗിക്കുകയുമാകാം. ഔട്ട്‌സോഴ്‌സിംഗ്‌ ജോലികള്‍ക്ക്‌ ഇന്ത്യന്‍ ക്യാംപസ്സുകളില്‍ നല്‍കുന്ന പരിശീലനവും അഭിരുചിക്കനുസരിച്ച്‌ ഓരോരുത്തര്‍ക്കും ആവശ്യമായ ജോലികള്‍ നല്‍കുകയും ചെയ്യുന്ന രീതിയാണ്‌ ഇന്‍ഫോസിസ്‌ അടക്കമുള്ള നെറ്റ്വര്‍ക്കുകളുടെ വിജയത്തിന്റെ നട്ടെല്ല്‌. ഗൂഗിള്‍ പോലുള്ള മള്‍ട്ടിനാഷണള്‍ കമ്പനികളില്‍ നിന്നു പോലും ജോലി ഉപേക്ഷിച്ച്‌ ഇന്‍ഫോസിസിലും വിപ്രോയിലുമെത്തുന്നവര്‍ കുറവല്ല. ആറുമാസം കൊണ്ട്‌ ഇന്‍ഫോസിസ്‌ നല്‍കുന്ന കോച്ചിംഗ്‌ കമ്പ്യൂട്ടര്‍ സയന്‍സിലെ ബാച്ചിലേഴ്‌സ്‌ ഡിഗ്രിക്ക്‌ സമാനമാണെന്നാണ്‌ ക്യാംപസ്സിലെ വിദേശ വിദ്യാര്‍ത്ഥികളടക്കമുള്ളരുടെ അഭിപ്രായം. ലോകത്താകമാനം പരന്നു കിടക്കുന്ന തങ്ങളുടെ സ്ഥാപനങ്ങളിലേക്ക്‌ ആവശ്യമായവരെ പരിശീലിപ്പിച്ചെടുക്കുന്നു ഇവിടെ നിന്നാണ്‌. ഇന്ത്യയിലെ ഈ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സുകള്‍ കേന്ദ്രീകരിച്ചാണ്‌ ഇന്ന്‌ മൂന്നാം വ്യാവസായിക വിപ്ലവമെന്ന്‌ വിശേഷിപ്പിക്കപ്പെട്ട ഔട്ട്‌സോഴ്‌സിംഗ്‌ വ്യവസായം ചലിക്കുന്നത്‌. ലോകം മുഴുവന്‍ ബ്രാഞ്ചുകളുള്ള ഇന്‍ഫോസിസില്‍ ഇന്നുള്ള 75000 ല്‍പരം ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും ഇന്ത്യക്കാര്‍ തന്നെയാണ്‌. മറ്റു കമ്പനികളും ഇന്‍ഫോസിസിന്റെ പാത പിന്തുടരുന്നു. ഇനിയുള്ള കാലത്തും ലോകത്തെല്ലായിടത്തുമായി പരന്നു കിടക്കുന്ന ഔട്ട്‌സോഴ്‌സിംഗ്‌ വ്യവസായത്തിന്റെ കേന്ദ്രം ഇന്ത്യയും അത്‌ നിയന്ത്രിക്കുന്നത്‌ ഇന്ത്യക്കാരുമായിരിക്കുമെന്നാണ്‌ ഇന്ത്യന്‍ ഐ ടി കമ്പനികളുടെ വളര്‍ച്ച നല്‍കുന്ന സൂചന.

Thursday, February 07, 2008

അതിജീവനത്തിന്റെ രാഷ്‌ട്രീയം

ണികളേയും വഞ്ചിച്ച്‌ എതിരാളികള്‍ വച്ചുനീട്ടിയ മന്ത്രിസ്ഥാനം ഇരുകൈയും നീട്ടി സ്വീകരിച്ച്‌ ഒരിക്കല്‍ രാഷ്‌ട്രീയത്തില്‍ വിശ്വാസ്യത തെളിയിച്ചയാളാണ്‌ കെ. മുരളീധരന്‍. എഴുപത്തിയഞ്ച്‌ വര്‍ഷം പ്രവര്‍ത്തിച്ച മാതൃസംഘടനയിലേക്ക്‌ മടങ്ങിപ്പോകുമ്പോള്‍ അഛനെ ചതിയനെന്നു വിളിച്ച്‌ ആക്ഷേപിക്കാന്‍ എന്തുകൊണ്ടും യോഗ്യനായ മകന്‍. വ്യക്തിജീവിതത്തില്‍ നിന്നു പോലും അഛനെ പടിയടച്ചു പുറത്താക്കി നഷ്‌ടപ്പെട്ട വിശ്വാസ്യത തിരിച്ചു പിടിക്കാനുള്ള കെ മുരളീധരന്റെ പുതിയ തന്ത്രമാണ്‌ കഴിഞ്ഞ ദിവസം കേരളം കണ്ടത്‌.

എല്ലാവരെയും അമ്പരപ്പിച്ച്‌ 2004 ല്‍ വൈദ്യുതി മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം വടക്കാഞ്ചേരിയിലും ജന്മശത്രുക്കളായ സി പി എമ്മിനൊപ്പം ലവലേശം നാണമില്ലാതെ സഖ്യമുണ്ടാക്കി തിരിച്ചെത്തിയ ശേഷം കൊടുവള്ളിയിലും തോറ്റത്‌ അനിവാര്യമായ ജനവിധിയാണെന്ന്‌ വൈകിയാണെങ്കിലും വിശ്വസിക്കുന്ന മുരളീധരന്‍ തന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ അഛനോട്‌ പിരിഞ്ഞത്‌ വ്യക്തമായ കണക്കുകൂട്ടലോടെയാണ്‌. രാഷ്‌ട്രീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും അഛനുമായുള്ള സകല ബന്ധങ്ങളും അവസാനിച്ചിരിക്കുന്നുവെന്നാണ്‌ മറൈന്‍ ഡ്രൈവില്‍ കരുണാകരന്റെയും കൂട്ടരുടേയും ലയനമഹാസമ്മേളനം നടക്കുന്ന അതേ ദിവസം മുരളീധരന്‍ പറഞ്ഞത്‌. അഛനായാലും മകനായാലും കോണ്‍ഗ്രസ്സിലാണെങ്കില്‍ ശക്തരാണ്‌ എന്ന്‌ മകനെ വാത്സല്യത്തോടെ ഉപദേശിക്കുന്ന അഛനേയും നമ്മള്‍ കണ്ടു. കോണ്‍ഗ്രസ്സ്‌ വിട്ട്‌ ഡി ഐ സി രൂപീകരിച്ചതും തിരിച്ച്‌ ഇരുമുന്നണികള്‍ക്കൊപ്പം പറ്റിപ്പിടിച്ച്‌ മത്സരിച്ചതും ഒടുവില്‍ ഗതികിട്ടാതെ മൂന്നാം മുന്നണി സ്വപ്‌നം കണ്ട്‌ എന്‍ സി പിക്കൊപ്പം പോയതും എല്ലാം അഛന്റെ തലക്കകത്തുദിച്ച ബുദ്ധിയാണെന്ന്‌ കേരളജനത മനസ്സിലാക്കണം, ഒടുവില്‍ തന്നെ വിശ്വസിച്ച്‌ ഇറങ്ങിത്തിരിച്ചവരെയെല്ലാം പെരുവഴിയിലാക്കി അഛന്‍ തിരിച്ചുപോയപ്പോള്‍ ചതിയനെന്നു വിളിച്ച്‌ ആക്ഷേപിച്ചതിലൂടെ തന്ത്രശാലിയായ മകന്‍ പ്രതീക്ഷിച്ചത്‌ അതാണ്‌. മക്കള്‍ക്കുവേണ്ടി കൂടെനിന്നവരെ വഞ്ചിച്ച്‌ പ്രസ്ഥാനത്തെ തന്നെ വെട്ടിമുറിച്ച കരുണാകരനും അവസാനം അഛനെ തള്ളിപ്പറഞ്ഞ മുരളീധരനും കേരള ജനതക്കിടയില്‍ സഹതാപം ലഭിക്കുമോ എന്ന്‌ കണ്ടറിയണം.

കെ കരുണാകരന്റെ മകനാണെന്നതു മാത്രമാണ്‌ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കാന്‍ മുരളിക്കുണ്ടായിരുന്ന ഏക യോഗ്യത. മാര്‍ ഇവാനിയോസ്‌ കോളജില്‍ കെ എസ്‌ യുവിന്റെ നേതാവായിരുന്നെന്ന്‌ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ചരിത്രത്തിലാരും അങ്ങനെയൊരു സംഭവം ഓര്‍ക്കുന്നില്ല. മകന്‍ രാഷ്‌ട്രീയത്തില്‍ തിളങ്ങാന്‍ സാധ്യതയില്ലെന്ന്‌ മനസ്സിലാക്കിയ രാഷ്‌ട്രീയ ഭീഷ്‌മാചാര്യന്‍ അദ്ദേഹത്തെ ഒരു ബിസിനസുകാരനാക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്‌. അങ്ങനെ എണ്ണക്കച്ചവടത്തിനായി മുരളി ഗള്‍ഫിലേക്ക്‌ വിമാനം കയറി. ഗള്‍ഫ്‌ ജീവിതം മതിയാക്കി കോഴിക്കോട്ട്‌ ബിസിനസ്സുമായി കഴിയുന്നതിനിടയില്‍ 1983 ലാണ്‌ സേവാദളിന്റെ കോഴിക്കോട്‌ ജില്ലാ ചെയര്‍മാനായി അദ്ദേഹം രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്നത്‌. പാര്‍ട്ടി കോണ്‍ഗ്രസ്സായതുകൊണ്ടും അഛന്‍ കെ കരുണാകരനായതുകൊണ്ടും മുരളിയുടെ ഭാവി സുനിശ്ചിതമായിരുന്നു. സംസ്ഥാന നേതൃത്വത്തിലും ഹൈക്കമാന്റിലും സമ്മര്‍ദ്ദം ചെലുത്തി കൃത്യസമയത്ത്‌ സ്ഥാനമാനങ്ങള്‍ നേടിക്കൊടുത്തും തിരിച്ചടികള്‍ നേരിടുമ്പോള്‍ വാളും പരിചയുമെടുത്ത്‌ അങ്കത്തട്ടിലിറങ്ങിയും എന്നും കരുണാകരന്‍ മകന്റെ കൂടെയുണ്ടായിരുന്നു. ആശ്രിത വാത്സല്യത്തിനു മേല്‍ പുത്രവാത്സല്യത്തെ പ്രതിഷ്‌ടിച്ചതായിരുന്നു കരുണാകരനു പറ്റിയ ആദ്യത്തെ തെറ്റ്‌. അതും ആദ്യകാലത്ത്‌ മുരളീധരനെ പോലെ വിഢിത്തങ്ങള്‍ എഴുന്നള്ളിച്ചിരുന്ന ഒരു മകനു വേണ്ടി. അങ്ങനെ പാര്‍ട്ടിക്കകത്തും പുറത്തും അഛനും മകനും പരിഹാസ്യ കഥാപാത്രങ്ങളായി. അന്ന്‌ മുണ്ടും മടക്കിക്കുത്തി എ കെ ആന്റണിയെ പബ്ലിക്കായി ചീത്ത പറഞ്ഞ മുരളീധരന്‍ അധികം താമസിയാതെ ഒരു റേഡിയോ നാടകത്തിലെ `കിങ്ങിണിക്കുട്ടന്‍' എന്ന ഹാസ്യ കഥാപാത്രം വരെയായി. അഛന്റെ കൈയും പിടിച്ചു നടക്കുന്ന വള്ളിനിക്കറിട്ട വികൃതിച്ചെക്കനായിരുന്നു ഈയടുത്ത കാലം വരെ ജനങ്ങളുടെ ഇടയില്‍ മുരളീധരന്‍.

ഇങ്ങനെയൊരു സാഹചര്യത്തില്‍ നിന്നും ഒരു നല്ല ഒരു നല്ല സംഘാടകനും രാഷ്‌ട്രീയ പ്രവര്‍ത്തകനുമെന്ന നിലയിലേക്ക്‌ വളരാന്‍ മുരളീധരന്‌ അധികകാലം വേണ്ടിവന്നില്ല. 1985 ല്‍ മുരളീധരന്‍ തലപ്പത്തു വന്നതോടെ സേവാദള്‍ എന്ന യുവജന സംഘടന കേരളത്തില്‍ കുഴപ്പമില്ലാത്ത പ്രവര്‍ത്തനം കാഴ്‌ചവച്ചു. കേരളത്തിലും ഡല്‍ഹിയിലും ഡിസിഷന്‍ മേക്കറായിരുന്നു കെ കരുണാകരന്റെ മകന്‍ എന്ന ഇമേജ്‌ കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനയില്‍ യുവാക്കളെ സംഘടിപ്പിക്കാന്‍ മുരളീധരന്‌ ഒരു മുതല്‍കൂട്ടായിരുന്നു. മക്കള്‍ രാഷ്‌ട്രീയത്തിന്‌ പേരുകേട്ട കോണ്‍ഗ്രസ്സില്‍ കെ മുരളീധരന്‍ എന്ന മകന്‌ പടികള്‍ ചവിട്ടിക്കയറാന്‍ ആ പദവി തന്നെ അധികമായിരുന്നു. അതും വിലപേശല്‍ രാഷ്‌ട്രീയത്തില്‍ അഗ്രഗണ്യനായ കരുണാകരന്റെ മകന്‌. അങ്ങനെ ആദ്യമായി 1989 ല്‍ കെ മുരളീധരന്‌ കോഴിക്കോട്‌ നിയമസഭാ മണ്‌ഡലത്തില്‍ നിന്നും ടിക്കറ്റ്‌ ലഭിച്ചു. നാലു തവണ കോഴിക്കോട്ടു നിന്നും മത്സരിച്ച അദ്ദേഹം മുന്നു തവണയും (89, 91, 99) വിജയിച്ചു പാര്‍ലമെന്റിലെത്തി. (1996 ല്‍ കോഴിക്കോട്ട്‌ എം പി വീരേന്ദ്രകുമാറിനോടും 1998ല്‍ തൃശൂരും പരാജയത്തിന്റെ രുചിയറിഞ്ഞു). അതോടെയാണ്‌ മുരളീധരന്‍ കോഴിക്കോട്‌ തന്റെ തട്ടകമാക്കിയത്‌. കോഴിക്കോടു നിയമസഭാ മണ്‌ഡലത്തില്‍ മുരളീധരന്റെ കാലത്തു നടന്ന വികസന പ്രവര്‍ത്തനങ്ങളെ ചെറുതാക്കി കാണാന്‍ കഴിയില്ല. ഫണ്ടു തുകകള്‍ ഫപപ്രദമായി ചെലവഴിച്ചും മണ്‌ലത്തിലെ മരണവീട്ടില്‍ പോലും കയറിയിറങ്ങിയും ഒരു വലിയ വോട്ടുബാങ്ക്‌ സ്വന്തമാക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. അതിനിടെ കൂടുതല്‍ രാഷ്‌ട്രീയ നീക്കങ്ങള്‍ ലക്ഷ്യമിട്ട്‌ മുരളി കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തിന്‌ താമസം മാറ്റി. അഛനൊപ്പം നാണം കെട്ട കളികളിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അദ്ദേഹം ജനങ്ങളില്‍ നിന്നും അകന്നു. അതു തന്നെയായിരുന്നു കുറുമുന്നണി രൂപീകരിച്ചും കുട്ടിക്കരണം മറിഞ്ഞും. രാഷ്‌ട്രീയ മുതലെടുപ്പുകള്‍ നടത്തിയപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ തിരിഞ്ഞു കൊത്തിയത്‌. 2006 ലെ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ എക്കാലത്തെയും ഉറച്ച മണ്‌ഡലവും മുരളീധരന്റെ ശക്തികേന്ദ്രവുമായിരുന്ന കൊടുവള്ളിയില്‍ ജനങ്ങള്‍ ചരിത്രപരമായ തോല്‍വി സമ്മാനിച്ചു. അങ്ങനെ മുരളി കൂടുതല്‍ ദുര്‍ബലനായി.

1992 ല്‍ കെ പി സി സി ജനറല്‍ സെക്രട്ടറിയും 1995 ല്‍ കെ പി സി സി വൈസ്‌ പ്രസിഡന്ററ്റുമായ മുരളീധരന്‍ 2002 ലാണ്‌ എ കെ ആന്റണി മുഖ്യമന്ത്രിയായതിനു പിന്നാലെ ഒരു നീക്കുപോക്കിലൂടെ തെന്നല ബാലകൃഷ്‌ണപിള്ള എന്ന സീനിയര്‍ കോണ്‍ഗ്രസ്സ്‌ നേതാവിനെ തെറിപ്പിച്ച്‌ കെ പി സി സി പ്രസിഡന്റായത്‌. തലമുതിര്‍ന്ന നേതാക്കളെ പിന്നിലാക്കി വെറും പന്ത്രണ്ടുവര്‍ഷത്തെ രാഷ്‌ട്രീയ പാരമ്പര്യമുള്ളയാള്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റ്‌ ആകുക എന്നത്‌ കോണ്‍ഗ്രസ്സില്‍ മാത്രം സംഭവിക്കുന്ന അത്ഭുതമാണ്‌. ആന്റണിയടക്കമുള്ള എണ്ണപ്പെട്ട ശത്രുക്കള്‍വരെ നല്‍കിയതാണ്‌ സി കെ ഗോവിന്ദന്‍ നായര്‍ക്കുശേഷം കേരളം കണ്ട ആര്‍ജ്ജവമുള്ള കെ പി സി സി പ്രസിഡന്റ്‌ എന്ന വിശേഷണം. അഛന്റെ തണലില്‍ നിന്ന്‌ മാറി സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ തുടങ്ങിയ മുരളീധരന്റെ രാഷ്‌ട്രീയ വിജയം കൂടിയായിരുന്നു കെ പി സി സി പ്രസിഡന്റ്‌ എന്ന നിലയിലുള്ള കാലഘട്ടം.

ഗ്രൂപ്പുവൈരം പാരമ്യത്തിലെത്തിയ അക്കാലത്ത്‌ കരുണാകരന്റെ മകന്‍ കെ പി സി സി പ്രസിഡന്റായാല്‍ പ്രശ്‌നങ്ങള്‍ മൂര്‍ഛിക്കുകയേ ഉള്ളൂ എന്ന വിലയിരുത്തലിനു വിപരീതമായിരുന്നു മുരളീധരന്റെ പ്രവര്‍ത്തനം. അറുപതു കഴിഞ്ഞവര്‍ക്കുവേണ്ടി നീക്കിവച്ചിരുന്ന സ്ഥാനം ഒരു യുവാവിന്റെ കൈകളിലെത്തിയതിന്റെ മാറ്റങ്ങള്‍ സംഘാടനത്തില്‍ കണ്ടുതുടങ്ങി. പല ഘട്ടങ്ങളിലും അഛനുപോലും ഭീഷണിയായി ഗ്രൂപ്പിനതീതനായി പ്രവര്‍ത്തിക്കുവാന്‍ മുരളീധരന്‍ തയ്യാറായി. പാര്‍ട്ടിയില്‍ അങ്ങനെ നല്ല ഇമേജ്‌ സൃഷ്‌ടിച്ചെത്തെങ്കിലും അതും അധികകാലം നീണ്ടു നിന്നില്ല. പി ശങ്കരന്‍, കടവൂര്‍ ശിവദാസന്‍, തുടങ്ങിയ നേതാക്കള്‍ക്കൊപ്പം ഐ ഗ്രൂപ്പിന്റെ ശക്തനായ മുന്നണിപ്പോരാളിയായി അദ്ദേഹം രംഗത്തിറങ്ങി. അതോടെ മുരളീധരന്‍ തന്റെ കൈയിലിരിപ്പുകൊണ്ടു തന്നെ താനായുണ്ടാക്കിയ സപല്‌പേര്‌ കളഞ്ഞു കുളിച്ചു. കരുണാകരന്‍ മുരളീധരനും മകള്‍ പത്മജക്കും വേണ്ടി കരുക്കള്‍ നീക്കിയപ്പോള്‍ കൂടെനിന്നവര്‍ പലരും പരസ്യമായും ചിലര്‍ രഹസ്യമായും രംഗത്തുവന്നു എന്നത്‌ ചരിത്രം. കെ വി തോമസ്‌ അടക്കമുള്ള വിശ്വസ്‌തര്‍ ഒറ്റക്കും കൂട്ടായും കരുണാകരനെ ഉപേക്ഷിച്ചു. മക്കള്‍ക്കുവേണ്ടി ഒരഛന്‍ കളിച്ച നാണം കെട്ട കളികളാണ്‌ ഐ ഗ്രൂപ്പിനെ തകര്‍ത്തുകളഞ്ഞത്‌. മുപ്പതോളം എം എല്‍ എമാരും നല്ലാരു വിഭാഗം അണികളുമുണ്ടായിരുന്ന ഐ ഗ്രൂപ്പിന്‌ എറണാകുളം മറൈന്‍ ഡ്രൈവിലും തൃശൂരും തിരുവനന്തപുരത്തും മഹാസമ്മേളനങ്ങള്‍ നടത്തുമ്പോള്‍ അണികളുടേയും നേതാക്കളുടേയും എണ്ണം കുറഞ്ഞുവന്നു. ഇത്തരം സമ്മേളനങ്ങളില്‍ കെ മുരളീധരനും കരുണാകരനും നടത്തിയ നിശിതമായ വിമര്‍ശനങ്ങളും പ്രതികരണങ്ങളും നല്ലാരു വിഭാഗം കോണ്‍ഗ്രസ്സുകാരിലും വെറുപ്പാണ്‌ സൃഷ്‌ടിച്ചത്‌. സ്വന്തം കാര്യം സാധിക്കാതെ വന്നപ്പോള്‍ സമ്മേളന വേദിയില്‍ വച്ച്‌ കോണ്‍ഗ്രസ്സ്‌ അധ്യക്ഷയെ മദാമ്മാ ഗാന്ധിയെന്നു വിളിക്കാന്‍ പോലും കരുണാകരനു മടിയുണ്ടായില്ല. അവശിഷ്‌ട കോണ്‍ഗ്രസ്സ്‌ ഉമ്മന്‍ കോണ്‍ഗ്രസ്സ്‌, അലൂമിനിയം പട്ടേല്‍, ഒറിജിനല്‍ കോണ്‍ഗ്രസ്സ്‌ അഛന്റെയും മകന്റെയും വാങ്‌മൊഴി വഴക്കം അങ്ങനെ നീണ്ടു പോയി. എ കെ ആന്റണിയെ പലപ്പോഴും അവന്‍ എന്നും മറ്റുള്ളവരെ അവന്‍മാരെന്നുമൊക്കെ വിളിച്ചാക്ഷേപിക്കാന്‍ മുരളീധരന്‌ മടിയുണ്ടായില്ല.

ഐ ഗ്രൂപ്പ്‌ കോണ്‍ഗ്രസ്സില്‍ നിന്നു വിട്ടുപോകുമെന്ന്‌ പ്രഖ്യാപിച്ച്‌ മുന്നോട്ടു നീങ്ങിയ സന്ദര്‍ഭത്തില്‍ അഛനേപ്പോലും അത്ഭുതപ്പെടുത്തിയാണ്‌ മുരളീധരന്‍ ആന്റണി വച്ചു നീട്ടിയ മന്ത്രിസ്ഥാനത്തില്‍ കയറിപ്പിടിച്ച്‌ ഐ ഗ്രൂപ്പിന്റെ ബഹുജന കണ്‍വണ്‍ഷന്‌ പാരവച്ചത്‌. മകന്‌ ഉപമുഖ്യമന്ത്രി പദമോ ആഭ്യന്ത്ര മന്ത്രി പദമോ നേടിക്കൊടുക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടു നീങ്ങിയ കരുണാകരന്‌ അത്‌ തിരിച്ചടിയായി. രാഷ്‌ട്രീയ ജീവിതത്തില്‍ മുരളിയെ ഒന്നുമല്ലാതാക്കിയത്‌ ഈ കൂറുമാറ്റമാണ്‌. തൊട്ടുപിന്നാലെ ജനവിധി തേടാനിറങ്ങിയ മുരളിക്ക്‌ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചരിയില്‍ തിരിച്ചടി കിട്ടി. അങ്ങനെ മുരളി കേരള ചരിത്രത്തില്‍ നിയമസഭ കാണാത്ത മറ്റൊരു മന്ത്രിയായി. അഛന്റെയും മകന്റെയും നെറികെട്ട രാഷ്‌ട്രീയ നീക്കങ്ങളുടെ പരിണതഫലമായി മുകുന്ദപുരം ലോക്‌സഭാ സീറ്റില്‍ പത്മജയും തോറ്റു. കരുണാകരനും മക്കളും കേരളരാഷ്‌ട്രീയത്തിലെ കണ്ണില്‍ കരടാണെന്ന്‌ മുന്നറിയിപ്പുനല്‍കിക്കൊണ്ട്‌ കോണ്‍ഗ്രസ്സിനും ചരിത്രപരമായ തിരിച്ചടിയാണ്‌ ആ തിരഞ്ഞെടുപ്പില്‍ നേരിട്ടത്‌. അതോടെ കരുണാകരന്റെ കുപ്രസിദ്ധമായ കാറപകടത്തോടെ രൂപമെടുത്ത കരുണാകരന വിരുദ്ധ ശക്തികള്‍ക്ക്‌ ഒന്നിക്കാനും ഹൈക്കമാന്റില്‍ പരാജയം ചൂണ്ടിക്കാട്ടി മുതലെടുപ്പു നടത്താനും കളമൊരുങ്ങി.

അഛനും മകനും കോണ്‍ഗ്രസ്സില്‍ നില്‍ക്കാന്‍ കഴിയാതെ വന്നപ്പോഴാണ്‌ ഡി ഐ സി എന്ന ഡമോക്രാറ്റിക്ക്‌ ഇന്ദിരാ കോണ്‍ഗ്രസ്സ്‌ പിറന്നത്‌. പിന്നീടിങ്ങോട്ട്‌ നാണം കെട്ട രാഷ്‌ട്രീയ നാടകങ്ങള്‍ക്കാണ്‌ കേരളരാഷ്‌ട്രീയം സാക്ഷ്യം വഹിച്ചത്‌. ഇരുമുന്നണിയിലും ചാടിച്ചാടി നടന്ന കാലത്തും എന്‍ സി പിയിലേക്ക്‌ കുടിയേറിയ കാലത്തും വിശ്വസ്ഥരായ ശോഭനാ ജോര്‍ജ്ജും മാലേത്ത്‌ സരളാദേവിയും കടവൂര്‍ ശിവദാസനും ശങ്കരനുമടങ്ങുന്ന വിശ്വസഥരുമെല്ലാം കൊഴിഞ്ഞുപോയി ചിലര്‍ ലീഡറുടെ നീക്കത്തില്‍ മനംനൊന്ത്‌ രാഷ്‌ട്രീയം തന്നെ ഇപേക്ഷിച്ചു. എന്‍ സി പിയില്‍ ലയിക്കുമ്പോള്‍ ഡി ഐ സി യില്‍ അഛനും മകനും എം പി ഗംഗാധരനടക്കുമുള്ള ചുരുക്കം ചിലരുമെന്നതായിരുന്നു കക്ഷിനില. കരുണാകരനും മകനും കേരള രാഷ്‌ട്രീയത്തില്‍ ഒന്നുമല്ലാതായത്‌ ഈ ലയനത്തോടെയാണ്‌. അത്തരമൊരവസ്ഥയില്‍ ഇരുമുന്നണികള്‍ക്കും വേണ്ടാത്ത എന്‍ സി പിയില്‍ തുടരുന്നത്‌ കരുണാകരനെ സംബന്ധിച്ചിടത്തോളം അസഹ്യമായിരുന്നു. കരുണാകരന്റെ തിരിച്ചുപോകാന്‍ തീരുമാനിച്ചത്‌ അങ്ങനെയായിരുന്നു.

സീനിയര്‍ കോണ്‍ഗ്രസ്സ്‌ നേതാവായ കരുണാകരന്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചുവരുന്നതുപോലെ അത്ര എഴുപ്പമായിരുന്നില്ല മുരളീധരന്റെ തിരിച്ചുവരവ്‌. കോണ്‍ഗ്രസ്സിലെ അധികാര കേന്ദ്രങ്ങളെയെല്ലാം കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മുരളീധരന്‍ തിരിച്ചു വന്നു കാണാന്‍ രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കളാരും ആഗ്രഹിച്ചില്ല. കോണ്‍ഗ്രസ്സില്‍ എന്നും രണ്ടാമനായി കഴിയേണ്ടിവന്ന ചാണ്ടിക്ക്‌ ഇനി വീണ്ടും മുരളിയോടൊത്തുള്ള കോണ്‍ഗ്രസ്‌ ജീവിതം അസാധ്യമായിരുന്നു താനും. മുരളിക്കു മന്ത്രിപദം കൊടുത്ത അന്നുമുതല്‍ ഉമ്മന്‍ ചാണ്ടി പരസ്യമായി ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതുമാണ്‌.

മുരളീധരന്‍ കാരണമാണ്‌ ലീഡര്‍ തങ്ങളില്‍ നിന്ന്‌ അകന്നത്‌ എന്ന്‌ വിശ്വസിക്കുന്ന, ഒരു കാലത്ത്‌ കരുണാകരന്റെ വലം കൈയായി നിന്ന രാജ്‌ മോഹന്‍ ഉണ്ണിത്താനടക്കമുള്ളവരും ഡി ഐ സിയുടെ അവസാന കാലം വരെ കൂടെയുണ്ടായിരുന്നവരും അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ പ്രോത്സാഹിപ്പിച്ചില്ല. ഈ സാഹചര്യത്തില്‍ താന്‍ കോണ്‍ഗ്രസ്സിലേക്ക്‌ വരാന്‍ തയ്യാറാണെന്നു പറഞ്ഞാല്‍ വീണ്ടും അപഹാസ്യനാകുകയേ ഉള്ളൂ എന്നും മുരളിക്കറിയാമായിരുന്നു. അതുകൊണ്ടാണ്‌ അഛന്റെ തിരിച്ചുപോക്കിനെ മുരളി എതിര്‍ത്തുകൊണ്ടിരുന്നത്‌. പക്ഷേ കരുണാകരന്‍ തിരിച്ചുവന്നാല്‍ നല്ലൊരു വിഭാഗം അണികളും തിരിച്ചെത്തുമെന്നറിഞ്ഞ ഹൈക്കമാന്റ്‌ ബുദ്ധിപൂര്‍വ്വമാണ്‌ കരുക്കള്‍ നീക്കിയത്‌. നിസ്സഹായനാണ്‌ ഇന്ന്‌ മുരളീധരന്‍. ഒപ്പം ജാള്യനും. ചുരുങ്ങിയ കാലത്തെ രാഷ്‌ട്രീയജീവിതത്തില്‍ അഛന്റെ സഹായത്തോടെ വെട്ടിപ്പിടിച്ച അധികാരങ്ങളെല്ലാം നഷ്‌ടപ്പെട്ടിരിക്കുന്നു. ഒടുവില്‍ അഛനും പോയി. താനുണ്ടാക്കി വച്ച കുരുത്തക്കേടുകളിലെല്ലാം കുറ്റബോധമുണ്ട്‌ മുരളീധരന്‌. കെ കരുണാകരന്റെ തണലില്ലാത്ത മുരളീധരന്റെ രാഷ്‌ട്രീയജീവിതത്തിലെ ഇന്നത്തെ നീക്കിയിരിപ്പ്‌ എം പി ഗംഗാധരനും കെ പി കുഞ്ഞിക്കണ്ണനുമടക്കമുള്ള ഏതുനിമിഷവും കാലുമാറാവുന്ന തുഛമായ നേതാക്കളും എപ്പോഴും കൊഴിഞ്ഞു പോകാവുന്ന അണികളുമാണ്‌. കരുണാകരന്റെയും കൂടെനിന്നവരുടെയും ഇന്നത്തെ ദുരവസ്ഥക്കുള്ള മുഖ്യകാരണം കെ മുരളീധരനാണ്‌ എന്ന്‌ എല്ലാവര്‍ക്കുമറിയാം. ഇനി കരുണാകരന്റെ തണലില്ലാതെ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടരാന്‍ നഷ്‌ടപ്പെട്ട വിശ്വാസ്യതയും സല്‌പേരും തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്‌. അതിന്റെ മുന്നോടിയായി മുരളി നടത്തിയ റിഹേഴ്‌സലാണ്‌ കഴിഞ്ഞ ദിവസം കണ്ടത്‌.

1978 ലെ പിളര്‍പ്പിനു ശേഷം കേരളത്തിലും കോണ്‍ഗ്രസ്സിനും ശക്തിപകര്‍ന്ന കരുണാകരന്‍ പാര്‍ട്ടി വിട്ടുപോയാല്‍ കോണ്‍ഗ്രസ്സ്‌ സംസ്‌കാരമുള്ള അണികളും നേതാക്കളുമടങ്ങുന്നവര്‍ കൂടെപ്പോയെന്നു വരില്ല, അതുകൊണ്ടാണ്‌ കെ പി സി സി പ്രസിഡന്റ്‌ സ്ഥാനം ഉപേക്ഷിച്ച്‌ മന്ത്രിസ്ഥാനം ഏറ്റെടുത്തത്‌ എന്നായിരുന്നു മുരളീധരന്‍ അന്ന്‌ പറഞ്ഞിരുന്നത്‌. അഛനേയും അണികളേയും അവര്‍ക്ക്‌ പാര്‍ട്ടിയോടുള്ള അടുപ്പവും ഇത്രയും അടുത്തറിയാവുന്ന മകന്‍ അഛനെ ഇന്ന്‌ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്‌ ഒറ്റപ്പെടലിന്റെ ജാള്യത മറയ്‌ക്കാനാണ്‌. ഇനി അഛന്റെ പേരിലല്ലാതെ സ്വന്തമായി രാഷ്‌ട്രീയ വ്യക്തിത്വം സ്ഥാപിച്ചെടുക്കുകയേ നിവൃത്തിയുള്ളൂ എന്നു മനസ്സിലാക്കിയ മകന്റെ പുതിയ രാഷ്‌ട്രീയ തന്ത്രങ്ങളുടെ ഭാഗമായി വേണം മുരളിയുടെ കരുണാകര വിരുദ്ധ പ്രസ്‌താവനകള്‍ വിലയിരുത്തേണ്ടത്‌.

Sunday, January 13, 2008

മുതലാളി തൊഴിലാളി ഭായ്‌ ഭായ്‌

കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ക്കുവേണ്ടി രൂപം കൊണ്ട പാര്‍ട്ടിയാണ്‌ കമ്മ്യൂണിസ്റ്റു പാര്‍ട്ടി. മുതലാളിമാരുടെ ചൂഷണത്തില്‍ നിന്നും ഏതു ദശാസന്ധിയിലും തങ്ങളോടൊപ്പമുണ്ടാകുമെന്ന്‌ തൊഴിലാളികള്‍ ഉറച്ചു വിശ്വസിച്ച പാര്‍ട്ടി. പകലന്തിയോളം പണിയെടുത്ത്‌ ജന്മിയുടെ വീട്ടിലെ എച്ചില്‍ ചോറും തിന്ന്‌ ജീവിച്ച കാലത്ത്‌ ജന്മിത്തമെന്താണെന്നും മുതലാളിത്തമെന്താണെന്നും തൊഴിലാളിവര്‍ഗ്ഗത്തിന്‌ സ്റ്റഡി ക്ലാസെടുത്ത്‌ പഠിപ്പിച്ചു കൊടുത്തത്‌ കമ്മ്യൂണിസ്റ്റുകാരാണ്‌. അതൊക്കെ കേരളത്തിലായാലും ബംഗാളിലായാലും കമ്മ്യൂണിസ്റ്റ്‌ നേതാക്കളില്‍ മിക്കവരും ഓര്‍ക്കാനിഷ്‌ടപ്പെടാത്ത കാലം. തുടര്‍ന്നുണ്ടായ കൂട്ടക്കുരുതികള്‍ ജയില്‍ പീഡനങ്ങള്‍ അടിച്ചമര്‍ത്തലുകള്‍ അവയാണ്‌ പാര്‍ട്ടിയെ ഇന്നു കാണുന്ന ഓക്‌സഫോര്‍ഡ്‌ ജെ എന്‍ യു പുത്രര്‍ നയിക്കുന്ന പുതിയകമ്മ്യൂണിസ്റ്റുപാര്‍ട്ടി ആക്കി മാറ്റിയത്‌. പാര്‍ട്ടി വളര്‍ന്നു ഇന്നത്തെ നിലയിലായതിനു പിന്നില്‍ ചൂഷകനായ മുതലാളിയെന്ന വില്ലനോടുള്ള പകയുണ്ടായിരുന്നു. ആ വില്ലനെ തളക്കുകയും സോഷ്യലിസം കൊണ്ടുവരികയും ചെയ്യണമെന്ന ലക്ഷ്യമാണ്‌ പാര്‍ട്ടിയെ മുന്നോട്ടു നയിച്ചത്‌. അതുകൊണ്ടുതന്നെയാണ്‌ കാലഹരണപ്പെട്ട മുദ്രാവാക്യങ്ങള്‍ ഇന്നും അണികള്‍ക്കിടയില്‍ മുഴങ്ങുന്നതും. എന്നാല്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പറുദീസയായ ബംഗാളില്‍ വല്ല്യേട്ടന്‍ പാര്‍ട്ടിയുടെ രണ്ട്‌ തലമൂത്ത നേതാക്കള്‍ മുതലാളിത്തത്തിന്റെ വഴിയേ നടക്കണമെന്നു പറയുമ്പോള്‍ പാര്‍ട്ടിയുടെ സൂപ്പര്‍ഹിറ്റ്‌ മുദ്രാവാക്യങ്ങള്‍ മാറ്റിയെഴുതാന്‍ അണികള്‍ നിര്‍ബന്ധിതരാകുകയാണ്‌. ഒപ്പം വര്‍ഗ്ഗശത്രുവെന്ന മായയെ രംഗത്തു നിന്നു മായ്‌ച്ചു കളയാനും. വ്യവസായ വികസനത്തിനും അതുവഴി സമ്പദ്‌ വ്യവസ്ഥ വളരാനും മുതലാളിത്തത്തെ ആശ്രയിച്ചേ മതിയാകൂ എന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ പരാമര്‍ശത്തെ ഒരു നാണവുമില്ലാതെ പിന്‍താങ്ങുകയായിരുന്നു കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ ഇനിയും നഷ്‌ടപ്പെട്ടില്ലെന്ന്‌ നമ്മെ ഓര്‍മ്മിപ്പിച്ചിരുന്ന ആചാര്യന്‍ ജ്യോതി ബസു.

സോഷ്യലിസം സാധ്യമാകില്ലെന്ന്‌ പണ്ടേ വിവരമുള്ളവര്‍ പറഞ്ഞതാണ്‌. അതൊരു വിദൂരസ്വപ്‌നമാണെന്ന്‌ ജ്യോതി ബസു പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല. അതൊരു സ്വപ്‌നമായതുകൊണ്ടുതന്നെയാണ്‌ പാര്‍ട്ടി ഇന്നത്തെ നിലയില്‍ തുടരുന്നതും. ബംഗാളില്‍ കുത്തകമുതലാളിമാരെക്കൂട്ടി വികസനം സാധ്യമാക്കണോ അതോ കേന്ദ്രം നല്‍കുന്ന നക്കാപ്പിച്ചക്കുവേണ്ടി നോക്കിയിരിക്കണോ എന്നതായിരുന്നു കാലങ്ങളായി ബസുവിനെയും ബുദ്ധനേയും കുഴക്കിയ ചോദ്യം. ബുദ്ധദേവ്‌ ഭട്ടാചാര്യ അതിനുള്ള ഉത്തരം നേരത്തേ കണ്ടു പിടിച്ചിരുന്നു. കാലാകാലങ്ങളായി വര്‍ഗ്ഗസമരമെന്നും മറ്റും പറഞ്ഞ്‌ ആളുകളെ ചാക്കിട്ടു പിടിച്ചാല്‍ മാത്രം പോര. വികസനത്തിന്‌ ലോകത്തിലെ സമ്പത്തിന്റെ വലിയൊരു പങ്കും കയ്യാളുന്ന മുതലാളിമാരെ പ്രസാദിപ്പിക്കണം. ഭട്ടാചാര്യക്കു തന്റെ മനസ്സാക്ഷിയേയും പാര്‍ട്ടിയേയും വിശ്വസിപ്പിക്കാന്‍ ചൈനയുടെ വളര്‍ച്ചയും യു എസ്‌ എസ്‌ ആറിന്റെ തളര്‍ച്ചയും അടക്കം നിരവധി ഉദാഹരണങ്ങളുണ്ടായിരുന്നു. അതിന്റെ തിരുശേഷിപ്പുകളാണ്‌ നന്ദീഗ്രാം കൂട്ടക്കൊലയും സിംഗൂരിലെ സംഭവങ്ങളുമെല്ലാം. അവിടെയെല്ലാം ആട്ടിയറക്കപ്പെട്ടത്‌ പാര്‍ട്ടിക്കുവേണ്ടി ഏത്‌ ദശാ സന്ധിയിലും ചോരയൊഴുക്കിയവര്‍ തന്നെ. അവരെയാണ്‌ മുതലാളിമാര്‍ക്കു ഭൂമിപിടിച്ചു നല്‍കാന്‍ വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ പിന്നാലെ നടന്ന്‌ ആക്രമിച്ചതും.

ടാറ്റയുടെ ചെറുകാര്‍ ഫാക്‌ടറിക്കുവേണ്ടി സിംഗൂരില്‍ 997 ഏക്കര്‍ കൃഷിസ്ഥലം കൈമാറ്റം ചെയതാണ്‌ ഈ അടുത്ത കാലത്ത്‌ പാര്‍ട്ടിയുടെ അടിസ്ഥാനാശയങ്ങളില്‍ നിന്നും പിന്മാറി കോളിളക്കം സൃഷ്‌ടിച്ച ഒരു പ്രധാനസംഭവം. തൊട്ടുപിന്നാലെ ഇന്തോനേഷ്യയിലെ സാലിം ഗ്രൂപ്പിനു വേണ്ടി ഭൂമി പിടിച്ചെടുത്തു നല്‍ കാന്‍ വരെ ബുദ്ധദേവ്‌ നയിക്കുന്ന സി പി എം തയ്യാറായി. നന്ദിഗ്രാംസംഘര്‍ഷങ്ങള്‍ എല്ലാ കമ്മ്യൂണിസ്റ്റ്‌ അനുഭാവികളെയും ബുദ്ധദേവിനെതിരാക്കി. പരസ്യമായി മാപ്പു പറയാന്‍ വരെ തയ്യാറായി അദ്ദേഹം. ഒടുവില്‍ ഇന്ത്യാ അമേരിക്കാ ആണവകാരാറിനെതിരെയുള്ള തങ്ങളുടെ പ്രക്ഷോഭങ്ങളില്‍ വിട്ടു വീഴ്‌ച ചെയ്‌ത്‌ സമവായമുണ്ടാക്കേണ്ടിവന്നു നന്ദീഗ്രാം സംഭവത്തില്‍ നിന്ന്‌ താത്‌കാലികമായെങ്കിലും തലയൂരാന്‍.

കാലാകാലങ്ങളില്‍ ലോകത്തിലുണ്ടായ മാറ്റം കമ്മ്യൂണിസത്തിന്റെ വളര്‍ച്ചക്ക്‌ അനുകൂലമല്ല എന്ന്‌ പാര്‍ട്ടിനേതാക്കള്‍ നേരത്തേ മനസ്സിലാക്കിയതാണ്‌. അതുമനസ്സിലാക്കിയതുകൊണ്ടാണ്‌ റഷ്യയും ചൈനയുമൊക്കെ ഇന്നു കാണുന്ന നിലയിലെത്തിയതും. കൃഷിസ്ഥലങ്ങളെല്ലാം നികത്തി ആ ജോലി ഇല്ലാതാകുകയും മനുഷ്യന്‍ കൈകൊണ്ടു ചെയ്‌തിരുന്ന ജോലി യന്ത്രങ്ങള്‍ ഏറ്റെടുക്കുകയും ചെയ്‌ത പുതിയ കാലത്ത്‌ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രസക്തി നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. പിന്നെ പഴയ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എങ്ങനെ നിലനില്‍ക്കാനാണ്‌. അല്ലെങ്കിലും പാര്‍ട്ടി സമ്മേളനത്തിന്‌ കൊടിപിടിക്കാനും വേണ്ടിവന്നാല്‍ നേതാക്കന്മാര്‍ക്കുവേണ്ടി തല്ലുണ്ടാക്കാനുമല്ലാതെ തൊഴിലാളികളെ ആര്‍ക്കുവേണം. കമ്മ്യൂണിസത്തെ പുതിയകാലത്തിനനുസരിച്ച്‌ ഉടച്ചു വാര്‍ക്കേണ്ടത്‌ അത്യാവശ്യമാണെന്ന കാഴ്‌ചപ്പാടുള്ളവര്‍ പക്ഷേ വര്‍ഷങ്ങളായി ശ്രമിച്ചിട്ടും അതിനു കഴിഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. ലോകത്തിലെല്ലായിടത്തും കമ്മ്യൂണിസ്റ്റ്‌ സാമ്രാജ്യങ്ങള്‍ തകര്‍ക്കപ്പെടുകയോ പുനരവതരിക്കപ്പെടുകയോ ചെയ്‌തു. എന്നിട്ടും ഇന്ത്യയിലെ കമ്മ്യൂണിസത്തിന്‌ പുതിയ വഴി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ അവസ്ഥയില്‍ ബുദ്ധന്റെയും ബസുവിന്റെയും പ്രസ്‌താവനയും പാര്‍ട്ടിയുടെ ചെയ്‌തികളും അധികം താമസിയാതെ പാര്‍ട്ടിയുടെ മുഖം മാറ്റുമെന്നു വേണം വിലയിരുത്താന്‍.

ഈ മാറ്റം കേരളമടങ്ങുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുള്ള മറ്റു സംസ്ഥാനങ്ങളിലും കണ്ടു തുടങ്ങിയിട്ട്‌ ഒരു പാടു നാളായി. കേരളത്തിലെ വിഭാഗീയതക്കു പിന്നിലെ ഒരു കാരണം അതു തന്നെയായിരുന്നു. പുതിയ കാലത്തിനനുസരിച്ച്‌ മുതലാളികളുമായും മറ്റും സംബന്ധമാകാം എന്നും അവര്‍ക്ക്‌ പാര്‍ട്ടിയില്‍ പ്രാധിനിത്യം നല്‍കാമെന്നും വാദിക്കുന്ന പരിഷ്‌കരണ വാദികളും അതല്ല പരമ്പരാഗത രീതിയില്‍ തുടര്‍ന്നാല്‍ മതിയെന്നു വാദിക്കുന്ന പാരമ്പര്യ വാദികളുമെന്ന വേര്‍തിരിവിനു കാരണമായത്‌ ഇതാണ്‌ . എന്‍ ആര്‍ ഐ ബിസിനസ്സുകാര്‍ക്കും നാട്ടിലെ വന്‍ തോക്കുകള്‍ക്കും പാര്‍ട്ടിയില്‍ പ്രാതിനിധ്യം നല്‍കുന്നതിലും അവരെ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും അയക്കുന്നതിനും അനുകൂലമായിരുന്നു ഇക്കൂട്ടര്‍. ആ വിഭാഗം വളര്‍ന്ന്‌ മേല്‍ക്കൈ നേടിയതോടെയാണ്‌ എഡിബി, ലോകബാങ്ക്‌ തുടങ്ങിയ കുത്തകകളെ കേരളത്തിലേക്ക്‌ ക്ഷണിച്ചു വരുത്തിയത്‌. ഇതിനെല്ലാം എന്നും ബംഗാളിന്റെ മാതൃകയുണ്ടുതാനും. അങ്ങനെ മുതലാളിമാരാല്‍ ചില പാര്‍ട്ടി മുതലാളിമാര്‍ നയിക്കപ്പെടുന്ന പാര്‍ട്ടിയാണ്‌ പരമ്പരാഗത വാദികള്‍ മുന്നോട്ടു വച്ച മൂന്നാര്‍ ഓപ്പറേഷന്‍ തകര്‍ത്തു കളഞ്ഞത്‌. പാര്‍ട്ടിക്ക്‌ സാധാരണ ജനങ്ങള്‍ക്ക്‌ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന ആരോപണത്തിന്‌ അടിവരയിടുന്നതായിരുന്നു അത്‌. ആ പരിപാടി അട്ടിമറിക്കാന്‍ പിണറായി വിജയനെ നിരുപാധികം പിന്തുണക്കുന്ന വന്‍ മുതലാളിമാരുടെ പട തന്നെ കൂടെയുണ്ടായിരുന്നു. പലപ്പോഴും അവരുടെ ആശയങ്ങള്‍ പരിപ്പുവടയുടെയും കട്ടന്‍ ചായയുടെയും രൂപത്തില്‍ പുറത്തുവന്നു. ചൈനയുടെ നയത്തെ സ്വപ്‌നം കാണുന്ന ബുദ്ധദേബിന്റെ സിദ്ധാന്തങ്ങളെ പിന്തുണക്കുന്ന ഇക്കൂട്ടര്‍ ബംഗാളില്‍ ചെയ്‌തതുപോലെ നാളെ മുതലാളിത്തത്തിന്‌ ജയ്‌ വിളിക്കാനും മടിക്കില്ല.

സി പി എമ്മില്‍ പെട്ടെന്നുണ്ടായ ഈ പ്രത്യയശാസ്‌ത്ര വിവാദം അഴിമതികളില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്ക്‌ ആശ്വാസമാകും. മുതലാളിത്തത്തെ അനു കൂലിക്കുന്നവര്‍ക്ക്‌ കനേഡിയന്‍ കമ്പനിയായ എസ്‌ എന്‍ സി ലാവ്‌ലിന്‍ പാര്‍ട്ടിക്കോ നേതാവിനോ `ചെറിയ' ഒരു സമ്മാനം നല്‍കിയതിനെ പഴയപോലെ എതിര്‍ക്കാനാവില്ലല്ലോ? പാര്‍ട്ടിസെക്രട്ടറി കോടികള്‍ മുടക്കി പണിത വീടുപേക്ഷിച്ച്‌ കൂരയിലേക്കു മടങ്ങണമെന്ന്‌ ആര്‍ക്കെങ്കിലും പറയാനാകുമോ? ബംഗാളിലെ അലയൊലികള്‍ക്ക്‌ മറുപടിയായി വി എസ്‌ അച്യുതാനന്ദനും ആര്‍ എസ്‌ പിയും രംഗത്തെത്തിക്കഴിഞ്ഞു. മുതലാളിത്തത്തെ ന്യായീകരിച്ചതിന്‌ ശക്തമായ താക്കീതാണ്‌ ആര്‍ എസ്‌ പി നല്‍കിയത്‌. മുതലാളിത്തത്തെ സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ കുറ്റിപറിച്ച്‌ ഓടേണ്ടിവരുമെന്നാണ്‌ വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞത്‌. അതും പാര്‍ട്ടിയില്‍ തന്റെ നയത്തോടു ആഭിമുഖ്യമുള്ളയാളും സുഹൃത്തുമായി ജ്യോതി ബസുവിന്റെ പ്രസ്‌താവനക്കുള്ള മറുപടിയായി. ബുദ്ധദേവും ബംഗാള്‍ ഘടകവും എടുത്ത മുതലാളിത്തത്തിന്‌ വിട്ടു വീഴ്‌ച ചെയ്യുന്ന നയങ്ങള്‍ക്കെതിരെ അധികമാരും പ്രതിഷേധിച്ചിട്ടില്ല എന്നതു മാത്രമല്ല പ്രസ്ഥാവന കളെക്കുറിച്ച്‌ സ്വീകരിക്കേണ്ട നയങ്ങളുടെ കാര്യത്തില്‍ പോലും ഒരു തീരുമാനത്തിലെത്താന്‍ കേന്ദ്ര നേതാക്കള്‍ക്ക്‌ കഴിഞ്ഞിട്ടില്ല. കേന്ദ്ര നേതാവ്‌ എസ്‌ രാമചന്ദ്രന്‍ പിള്ള വാദത്തെ ന്യായീകരിച്ചപ്പോള്‍ ബസുവിന്റെ പ്രസ്‌താവന പത്രക്കാര്‍ വളച്ചൊടിക്കുകയാണ്‌ എന്നാണ്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ വാദം.

അന്നും ഇന്നും ഉദാരീകരണ ആഗോളീകരണ നയങ്ങള്‍ക്കനുകൂലമായി പാര്‍ട്ടിയെ മുന്നോട്ടു നയിച്ചത്‌ പാര്‍ട്ടിയുടെ ബംഗാള്‍ ഘടകമാണ്‌. എഡിബിയും ലോകബാങ്കും അടങ്ങുന്ന വിദേശ വായ്‌പകളുടെ കാര്യത്തിലായാലും വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലായാലും. ബംഗാളിലെ ഈ പരിഷ്‌കരണവാദികളുടെ പിന്നാലെയാണ്‌ കേരളത്തിലെ പരിഷ്‌കരണവാദികളും അവരുടെ പദ്ധതികളുമായി മുന്നോട്ടു നീങ്ങിയത്‌. പണ്ട്‌ സി ഐ ഐയും മറ്റും ചാരപ്രവര്‍ത്തനം നടത്തി തകര്‍ക്കാന്‍ ശ്രമിച്ച മുതലാളിത്തത്തിന്‌ ഭീഷണിയായ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയേ അല്ല ഇന്നത്തെ പാര്‍ട്ടി മറിച്ച്‌ കുറച്ചു മുതലാളിമാരാല്‍ നയിക്കുന്ന മുതലാളിത്തത്തെ അനുകൂലിക്കുന്ന പാര്‍ട്ടിയാണ്‌. പാര്‍ട്ടിയുടെ ഈ നയം മാറ്റം ധര്‍മ്മസങ്കടത്തിലാക്കിയിരിക്കുന്നത്‌ നല്ലൊരു ലോകം സ്വപ്‌നം കണ്ട്‌ പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ച ലക്ഷക്കണക്കിന്‌ സാധാരണക്കാരെയാണ്‌. എന്തൊക്കെയായാലും പാരമ്പര്യവാദികളെന്നും പരിഷ്‌കരണവാദികളും തമ്മിലുള്ള അന്തരം കൂടുതല്‍ വലുതാക്കാനെ ബംഗാള്‍ ആചാര്യന്മാരുടെ പുതിയ നയം ഉപകരിക്കുകയുള്ളൂ.

Sunday, December 30, 2007

ഗുജറാത്തിന്റെ വിധി, ഇന്ത്യയുടെയും

ടുവില്‍ മോഡി തന്നെ ജയിച്ചു. അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഗുജറാത്തില്‍ മതേതര ഇന്ത്യക്ക്‌ കളങ്കം ചാര്‍ത്തിയ മനുഷ്യക്കുരുതി നടക്കുമ്പോള്‍ വീണ വായിക്കുകയായിരുന്നുവെന്ന്‌ പരമോന്നത നീതി പീഠം വിശേഷിപ്പിച്ച അതേ നരേന്ദ്രമോഡി പ്രവചനങ്ങളേയെല്ലാം മറികടന്ന്‌ ഗുജറാത്തില്‍ ഗംഭീര വിജയം നേടിയത്‌ കോണ്‍ഗ്രസ്സും ഇടതുപക്ഷവും അടങ്ങുന്ന യു പി എ യെമാത്രമല്ല മോഡി പ്രതിനിധീകരിക്കുന്ന ഭാരതീയജനതാ പാര്‍ട്ടിയെ വരെ വെട്ടിലാക്കിയിരിക്കുകയാണ്‌. തീവ്ര വര്‍ഗ്ഗീയ വാദിയെന്ന ഇമേജിനു മേല്‍ വികസനമെന്ന പൊന്‍കിരീടമണിഞ്ഞാണ്‌ മോഡി വിജയിച്ചു കയറിയത്‌.

ഇന്ത്യക്ക്‌ ഒരിക്കലും ഭൂഷണമല്ലാത്ത മോഡിയെന്ന ബ്രാന്റിനെ മൂന്നാം തവണയും മുഖ്യമന്ത്രി സ്ഥാനത്ത്‌ അവരോധിച്ചതില്‍ മതേതര കക്ഷിയെന്ന്‌ അവകാശപ്പെടുന്ന സോണിയാ കോണ്‍ഗ്രസ്സിനുള്ള പങ്ക്‌ വളരെ വലുതാണ്‌. നെഹറു ഇന്ദിര രാജീവ്‌ അങ്ങിനെ വാലില്‍ ഗാന്ധിയുള്ളവരുടെ ചിറകിനടിയില്‍ കഴിയാനേ കോണ്‍ഗ്രസ്സുകാര്‍ എന്നും പഠിച്ചിട്ടുള്ളൂ. അവര്‍ പറയുന്നതാണ്‌ കോണ്‍ഗ്രസ്സുകാര്‍ക്ക്‌ വേദവാക്യം. ചരിത്രബോധം തൊട്ടു തീണ്ടാത്ത രാഹുല്‍ പറയുന്നതുപോലും തൊണ്ട തൊടാതെ വിഴുങ്ങാനുള്ള അസാമാന്യ കഴിവിനുടമകളാണ്‌ ദേശീയ പ്രസ്ഥാനത്തിന്റെ പുതിയ തലമുറ. ഗുജറാത്തില്‍ നടന്ന തിരഞ്ഞെടുപ്പു പ്രചരണ കാലത്ത്‌ മോഡിയെ മരണത്തിന്റെ വ്യാപാരി എന്നു വിശേഷിപ്പിച്ച്‌ ബി ജെ പിയുടെ വോട്ടു വര്‍ദ്ധിപ്പിച്ചു കൊടുത്തു എന്നതല്ലാതെ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ സോണിയക്കോ മകന്‍ രാഹുലിനോ അവര്‍ക്കു പിന്നാലെ ഓഛാനിച്ചു നടന്ന ഖദര്‍ധാരികള്‍ക്കോ കഴിഞ്ഞില്ല. ഇപ്പോള്‍ തോല്‍വിയുടെ ഉത്തരവാദിത്തം പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ തലയില്‍ കെട്ടിവെക്കാനാണ്‌ കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. സംസ്ഥാന നേതൃത്വത്തെ പരസ്യമായി കുറ്റപ്പെടുത്തിയ എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി ദിഗ്വിജയ്‌ സിങ്ങ്‌ ആര്‍ക്കോ വേണ്ടി വീണ വായിക്കുകയാണ്‌. സ്വന്തം സംസ്ഥാനത്തിന്റെ പള്‍സ്‌ മനസ്സിലാക്കാനാകാത്ത അഹമ്മദ്‌ പട്ടേലിനെ എന്തിനാണ്‌ സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി വെച്ചുകൊണ്ടിരിക്കുന്നത്‌ എന്നതാണ്‌ ന്യായമായ ചോദ്യം.

ഗുജറാത്തില്‍ തിരഞ്ഞെടുപ്പിനു ചൂടു പിടക്കുമ്പോളും ആണവകരാറിന്റെ പേരില്‍ കേന്ദ്രത്തില്‍ തമ്മില്‍ തല്ലുകയായിരുന്നു ഇടതു പക്ഷവും കോണ്‍ഗ്രസ്സും. ദേശ സ്വാതന്ത്ര്യത്തിനു മേല്‍ ചങ്ങലയിടുന്ന ഇത്തരമൊരു കരാറിനു പിന്നാലെ മന്‍മോഹന്‍ സിംഗും സോണിയാഗാന്ധിയും പായുമ്പോള്‍ എല്‍ കെ അദ്വാനി എന്ന പ്രമുഖ ബ്രാന്റിനെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിച്ച്‌ ബഹുദൂരം മുന്നോട്ടു പോയി ബി ജെ പി. മരണത്തിന്റെ വ്യാപാരി എന്ന കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധിയുടെ പ്രസ്‌താവന തന്നെ മോഡിക്ക്‌ അനുകൂലമായി മാറ്റാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. അതുവരെ വികസനത്തില്‍ മാത്രമൂന്നി പ്രചരണം നടത്തിയ മോഡി അതോടെ വര്‍ഗ്ഗീയ ചീട്ട്‌ ഇറക്കി കളിച്ചു. അപ്പോളും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കാന്‍ സോണിയക്കു കഴിഞ്ഞില്ല. കുത്തഴിഞ്ഞ കോണ്‍ഗ്രസ്സിന്റെ പ്രചരണത്തിനു മറുപടിയായി വികസനത്തിന്റെ കാര്‍ഡിറക്കി ബി ജെ പി കളിച്ചു. മോഡി ഭരണത്തിന്റെ ഉദാത്ത വികസന മാതൃകകള്‍ ജനങ്ങളെ പറഞ്ഞ്‌ വിശ്വസിപ്പിക്കാനും ബി ജെ പിക്കു കഴിഞ്ഞു. കോണ്‍ഗ്രസ്സുകാരുടെ നേതൃത്വത്തിലുള്ള രാജീവ്‌ ഗാന്ധി ഫൗണ്ടേഷനാണ്‌ ഇന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രിയായി മോഡിയെ തെരഞ്ഞെടുത്തത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ഗ്രാമാന്തരങ്ങളില്‍ വികസനം അധികമൊന്നും എത്തിയില്ലെങ്കിലും നഗരങ്ങളിലും ചെറുനഗരങ്ങളിലും ലോകം ശ്രദ്ധിക്കുന്ന ഇടങ്ങളിലും വികസനത്തിന്റെ വിത്തുപാകാന്‍ മോഡി ശ്രദ്ധിച്ചിരുന്നു. ഇങ്ങനെ കൃത്യമായ സ്‌ക്രിപ്‌റ്റോടു കൂടിയാണ്‌ മോഡി എന്നാല്‍ വികസനം എന്ന തിയറി ബി ജെ പി പരീക്ഷിച്ചത്‌.

ബി ജെ പിയും കോണ്‍ഗ്രസ്സും തമ്മിലുള്ള മത്സരമായിരുന്നില്ല ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ മറിച്ച്‌ മോഡിയും കോണ്‍ഗ്രസ്സും അല്ലെങ്കില്‍ മോഡിയും സോണിയയും തമ്മിലുള്ള മത്സരമായിരുന്നു. ബി ജെ പിക്കുമുകളില്‍ വളര്‍ന്ന ഒരു മരമായി തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഘട്ടത്തില്‍ തന്നെ മോഡി മാറിയിരുന്നു. ബി ജെ പി പ്രചാരണത്തിന്റെ നിയന്ത്രണം മുഴുവന്‍ മോഡിയുടെ കൈകളിലായിരുന്നു. മോഡിയുടെ തന്ത്രങ്ങള്‍ കണ്ണും പൂട്ടി അനുസരിക്കാനേ ബി ജെ പി കേന്ദ്ര നേതൃത്വത്തിന്‌ കഴിയുമായിരുന്നുള്ളൂ. മോഡിയുടെ തകര്‍പ്പന്‍ വിജയാഘോഷ വേളയില്‍ തന്നെ നിര്‍വ്വികാരനായി പ്രതികരിച്ച രാജ്‌ നാഥ്‌ സിംഗിന്റെ മുഖഭാവത്തില്‍ നിന്നും ബി ജെ പിയുടെ ഭാവി നമുക്ക്‌ വായിച്ചെടുക്കാം. പ്രവീണ്‍ തൊഗാഡിയ പോലുള്ള ഹിന്ദു വര്‍ഗ്ഗീയ കൂട്ടുകളെയോ പരിവാര്‍ പിന്തുണയോ അധികമൊന്നും തേടാതെയാണ്‌ മോഡി പ്രചാരണത്തിനിറങ്ങിയത്‌. പ്രചാരണ വേളയില്‍ മോഡി എന്ന ബ്രാന്റിനെ മാത്രം ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു പോസ്റ്ററുകളും ബാനറുകളുമൊക്കെ. മോഡിക്ക്‌ അല്‌പമെങ്കിലും മമതയുള്ളത്‌ എല്‍ കെ അദ്വാനിയോട്‌ മാത്രമാണ്‌ എന്ന സൂചനയാണ്‌ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ നല്‍കുന്നത്‌.

സ്ഥാനാര്‍ത്ഥിപട്ടിക അംഗീകരിപ്പിക്കുന്നതു മുതല്‍ മോഡി തന്റെ തനി സ്വരൂപം കാണിച്ചു തുടങ്ങിയിരുന്നു, അതിനൊപ്പം തന്നെ ആഭ്യന്തരമായി മുറുമുറുപ്പുകളും ബി ജെ പിക്കകത്ത്‌ ഉയര്‍ന്നു തുടങ്ങി. കഴിഞ്ഞ അഞ്ചു വര്‍ഷം മോശം പ്രകടനം നടത്തിയ നാല്‌പതോളം സിറ്റിംഗ്‌ എം എല്‍ എമാര്‍ക്ക്‌ സീറ്റ്‌ നിഷേധിച്ചത്‌ തുടക്കത്തില്‍ തന്നെ മുറുമുറുപ്പുകള്‍ക്ക്‌ ഇടനല്‍കി. കഴിഞ്ഞ രണ്ടു മന്ത്രിസഭകളിലും മറ്റു മന്ത്രിമാരുടെ അധികാര പരിധിയില്‍ കടന്നു കയറുന്നതിന്റെ പേരില്‍ ഉണ്ടായ ചേരി തിരിവിന്‌ ഇത്‌ ആക്കം കൂട്ടി. തഴക്കം വന്നവരെ ബഹുമാനിക്കാത്തിലുള്ള അമര്‍ഷമാണ്‌ മുന്‍ മുഖ്യമന്ത്രി കേശുഭായ്‌ പട്ടേല്‍, സുരേഷ്‌ മേത്ത, കേന്ദ്രമന്ത്രിമാരായ കാശിറാം റാണ, വല്ലഭ്‌ ഭായ്‌ കഠാരിയ തുടങ്ങിയവരെ മോഡിക്ക്‌ എതിര്‍ ചേരി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്‌. പക്ഷേ ഇപ്പോള്‍ നേടിയ വിജയം ബി ജെ പിയില്‍ മോഡിയുടെ സുശക്തമായ പുതിയ പക്ഷത്തിന്‌ തുടക്കമിട്ടിരിക്കുകയാണ്‌. തിരഞ്ഞെടുപ്പിനു ശേഷവും മോഡി പാര്‍ട്ടിക്കുമേല്‍ വളരാന്‍ നടത്തുന്ന ശ്രമമായി വേണം വാജ്‌പേയിയുടെ 84-ാം പിറന്നാള്‍ വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ച ദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനിച്ചതിനെ നോക്കിക്കാണാന്‍. ഗുജറാത്ത്‌ കലാപത്തിനു ശേഷം വാജ്‌പേയിയും മോഡിയും തമ്മില്‍ അത്ര രസത്തിലല്ല എന്നത്‌ പരസ്യമായ രഹസ്യമാണ്‌. പാര്‍ട്ടിക്കു മുകളില്‍ വളര്‍ന്ന്‌ പുറത്തുപോയ കല്യാണ്‍സിങ്‌, ഉമാഭാരതി, ബാബുലാല്‍ മറാന്‍ഡി, മദന്‍ലാല്‍ ഖുരാന തുടങ്ങിയവരുടെ പാതയിലാണോ മോഡി എന്നാണ്‌ രാജ്യം ഉറ്റുനോക്കുന്നത്‌.

കേന്ദ്ര നേതൃത്വത്തെപ്പോലും ധിക്കരിച്ചുകൊണ്ട്‌ ഇത്തരമൊരു കുത്തക മുന്നണി സ്ഥാപിക്കാനുള്ള ശ്രമം ഗുജറാത്തുപോലെയുള്ള സംസ്ഥാനത്തിന്‌ അത്ര ഭൂഷണമായിരിക്കില്ല. പ്രത്യേകിച്ചും ഗോന്ധ്ര സംഭവവും അതിനോടനുബന്ധിച്ചുണ്ടായ കലാപവും കലുഷമാക്കിയ ഗുജറാത്തില്‍. കലാപത്തിന്റെ കരിനിഴല്‍ മോഡിയെ പിന്തുടരുന്നു എന്നതാണ്‌ ഗോന്ധയടങ്ങുന്ന മേഖലയില്‍ ബി ജെ പിക്ക്‌ ഏറ്റ തിരിച്ചടി വെളിപ്പെടുത്തുന്നത്‌. ഇനിയും ഇത്തരമൊരു കലാപത്തിന്‌ സാദ്ധ്യതയുണ്ടായാല്‍ മോഡി എങ്ങനെ പ്രതികരിക്കുമെന്നതും പ്രസക്തമാണ്‌. കേന്ദ്ര നേതൃത്വത്തിന്റെ നിയന്ത്രണത്തില്‍ നിന്നും അകന്ന്‌ നിന്ന്‌ ശക്തി തെഴിയിച്ച മോഡി കേന്ദ്രത്തിലും പിടിമുറുക്കാന്‍ ശ്രമിക്കുമോ എന്നതും രാജ്‌നാഥ്‌ സിംഗ്‌ അടക്കമുള്ള കേന്ദ്ര നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്‌.

നിലവിലുള്ള രീതികളും വിശ്വാസപ്രമാണങ്ങളും മാറ്റിയേ തീരൂ എന്ന്‌ എല്ലാ പാര്‍ട്ടികളേയും പ്രത്യേകിച്ച്‌ കോണ്‍ഗ്രസ്സിനെ മനസ്സിലാക്കിക്കൊടുക്കുന്നതാണ്‌ മോഡിയുടെ വിജയം എന്നു പറയാം. തങ്ങളുടെ പരമ്പരാഗത വോട്ടു ബാങ്കുകളും ന്യൂനപക്ഷത്തേയും താല്‌കാലികമായ പ്രീണിപ്പിച്ച്‌ വോട്ടു തട്ടിയെടുക്കുക ആവശ്യം കഴിഞ്ഞാല്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക്‌ അവരെ തിരിഞ്ഞു നോക്കാതെയിരിക്കുക എന്ന നിലവിലുള്ള നയം തുടരുന്നവര്‍ക്ക്‌ മോഡി ഒരു പാഠമായിരിക്കും. തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ട്‌ വ്യക്തമായ മാനേജ്‌മെന്റ്‌ ടെക്‌നിക്കുകള്‍ പ്രയോഗിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ലെങ്കില്‍ ബംഗാളും കേരളവുമടക്കമുള്ള സംസ്ഥാനങ്ങളില്‍ സംഭവിച്ചത്‌ ഗുജറാത്തിലും തുടരും.

രാഷ്‌ട്രീയ വിഗ്രഹങ്ങളോടുള്ള ആരാധന ഇന്ത്യയില്‍ കോണ്‍ഗ്രസ്സിനു മാത്രമേ ഉള്ളൂ . രാജീവ്‌ ഗാന്ധിയുടെ ഭാര്യയെന്നും ഇന്ദിരാഗാന്ധിയുടെയും നെഹറുവിന്റെ തന്നെ പിന്‍മുറക്കാരിയെന്നുമുള്ള ഇമേജില്‍ ഇന്ത്യയിലെവിടെയും നിന്ന്‌ കോണ്‍ഗ്രസ്സിന്‌ നേട്ടമുണ്ടാക്കിക്കൊടുക്കാമെന്ന മിഥ്യാ ധാരണ സോണിയ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന ഗുണപാഠവും ഗുജറാത്ത്‌ നല്‍കുന്നുണ്ട്‌. ഗുജറാത്തില്‍ മോഡിക്കൊപ്പം എല്‍ കെ അദ്വാനി എന്ന തഴക്കമുള്ള നേതാവിനെ ബി ജെ പി ഇറക്കിയപ്പോള്‍ പകരം കോണ്‍ഗ്രസ്സിന്‌ പ്രത്യേകിച്ച്‌ എടുത്തുപറയത്തക്ക നേതാക്കളൊന്നുമുണ്ടായില്ല. മുഖ്യമന്ത്രിയെ എന്നത്തെയും പോലെ തെരഞ്ഞെടുപ്പു വിജയത്തിനുശേഷം മാഡം തീരുമാനിക്കും എന്നതായിരുന്നു നയം. എല്‍ കെ അദ്വാനിയെ ചെറുക്കാന്‍ ഗുജറാത്തിലുണ്ടായിരുന്നത്‌ രാഹുല്‍ ഗാന്ധി മാത്രമായിരുന്നു. ഗാന്ധി കുടുംബത്തിന്റെ ആരാധകരുടെ സദസ്സിനുമുന്നില്‍ പൊള്ളയായ വാക്യങ്ങള്‍ ഉരുവിടുക എന്നതല്ലാതെ രാഹുലിന്‌ കൂടുതലായി ഒന്നും ചെയ്യാനുമുണ്ടായില്ല. ഇതേ അവസ്ഥ തന്നെയായിരിക്കും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും സംഭവിക്കാന്‍ പോകുന്നത്‌ എന്ന ദുഖ സത്യവും കോണ്‍ഗ്രസ്സ്‌ മനസ്സിലാക്കിയാല്‍ നന്ന്‌.

ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ രണ്ട്‌ തവണ ആന്റി ഇന്‍ക്യുംബന്‍സ്‌ ഫാക്‌ടര്‍ മറികടന്ന്‌ മൂന്നാം തവണ മുഖ്യമന്ത്രിയായി ചരിത്രത്തിലേക്ക്‌ നടന്ന നരേന്ദ്രമോഡിയുടെ വിജയം കേന്ദ്രത്തില്‍ കാരാട്ടു നയിക്കുന്ന ഇടതുപക്ഷത്തെ കൂടുതല്‍ ശക്തമാക്കും. മന്‍മോഹന്‍ സിംഗ്‌ ആണവകരാറുമായി മുന്നോട്ടുപോകുന്നതടക്കമുള്ള വികസന നയത്തെ വരെ അത്‌ ബാധിച്ചേക്കും. പഴയതുപോലെ ശാഠ്യം പിടിച്ച്‌ ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാമെന്ന്‌ വിളിച്ചു കൂവാന്‍ ഇനി കോണ്‍ഗ്രസ്സിന്‌ കഴിഞ്ഞെന്നു വരില്ല. ഒപ്പം നല്ല കുട്ടികളായി യു പി എ യെ നയിക്കാന്‍ സോണിയയും ഇടതുകക്ഷികളും തയ്യാറാകണമെന്ന പാഠവും ഗുജറാത്ത്‌ നല്‍കുന്നു. സി പി എമ്മിന്റെ ജന്മശത്രുക്കളെ തുടച്ചു നീക്കണമെങ്കില്‍ അവര്‍ക്ക്‌ കോണ്‍ഗ്രസ്സിനോടൊപ്പം ശക്തിയായി മുന്നോട്ടു നീങ്ങിയാലേ കഴിയൂ അവര്‍ എന്നും ചിന്തിക്കേണ്ടതുണ്ട്‌. ഇടക്കിടക്ക്‌ നിറം മാറുന്ന കക്ഷികളെ കൂട്ടി മൂന്നാം മുന്നണി രൂപീകരിക്കാനിറങ്ങിയവര്‍ക്കും ശക്തമായ താക്കീതാണ്‌ മോഡിയുടെ വിജയം.

............................................................................................. (പുഴ. കോം)


Wednesday, October 31, 2007

കരുണാകരന്‍ അഥവാ കറിവേപ്പില

റിവേപ്പിലയാണെങ്കില്‍ ഇലത്തുമ്പത്തെങ്കിലും വെക്കാം കരുണാകരനാണെങ്കിലോ. താനുള്‍പ്പടെയുള്ള നേതാക്കള്‍ ഉയിരുകൊടുത്ത്‌ വളര്‍ത്തിയ കോണ്‍ഗ്രസ്സ്‌ എന്ന മഹാപ്രസ്ഥാനത്തില്‍ കരുണാകരന്റെ അവസാനനാളുകള്‍ അങ്ങനെയായിരുന്നു. ഒടുവില്‍ നാണം കെട്ടു പുറത്തുപോകേണ്ടിവരുമെന്നായപ്പോള്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി സ്വയം പുറത്തു ചാടി. ഇടതിനും വലതിനും വേണ്ടാതെ ഒരു കറിവേപ്പിലയുടെ വിലപോലുമില്ലാതെ വന്നപ്പോള്‍ ഒടുവില്‍ തള്ളിപ്പറഞ്ഞ മദാമ്മാഗാന്ധിയുടെ കടാക്ഷത്തിനായി ന്യൂഡല്‍ഹിയില്‍ കെട്ടിക്കിടക്കേണ്ട ഗതികേടിലാണ്‌ രാഷ്‌ട്രീയ ഭീഷ്‌മാചാര്യന്‍.

ഒന്നേയുള്ളുവെങ്കില്‍ ഉലക്കക്കടിച്ച്‌ വളര്‍ത്താം രണ്ടായാലോ ?. രണ്ടിനേം തല്ലി വളര്‍ത്തിയില്ല എന്നതു മാത്രമല്ല ഇരു തോളിലും എടുത്തു വച്ച്‌ താലോലിച്ച്‌ വഷളാക്കിയതാണ്‌ കരുണാകരന്‌ പറ്റിയ തെറ്റ്‌. സേവാദള്‍ ചെയര്‍മാന്‍, കെ പി സി സി വൈസ്‌ പ്രസിഡന്റ്‌, പ്രസിഡന്റ്‌, മന്ത്രി - വെറും കിങ്ങിണിക്കുട്ടനായി കേരളരാഷ്‌ട്രീയത്തില്‍ പ്രവേശിച്ച മകന്‍ മുരളീധരന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. വളര്‍ന്നു വളര്‍ന്ന്‌ അഛന്റെ തലക്കു മുകളില്‍ വരെ. എവിടെയും നിന്നു പൊറുക്കാന്‍ പറ്റാതെ ഒടുവില്‍ പഴയസഹയാത്രികന്‍ ശരദ്‌പവാറിനൊപ്പം എന്‍ സി പിയില്‍ ചേക്കേറി അഛനും മകനും. കേരളത്തില്‍ ഏറ്റവും ചെറിയ കേരളാ കോണ്‍ഗ്രസിനുള്ള വില പോലും കേന്ദ്രത്തില്‍ പവാറിന്റെ പാര്‍ട്ടിക്കില്ല എന്ന്‌ കരുണാകരന്‌ നന്നായി അറിയാം. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഒരു കാലത്ത്‌ കിംഗ്‌ മേക്കറായ കരുണാകരനെയാണോ മുരളി രാഷ്‌ട്രീയക്കളികള്‍ പഠിപ്പിക്കുന്നത്‌. ഉമ്മന്‍ ചാണ്ടിയും, ആന്റണിയും, രമേശും എന്തിന്‌ മന്‍മോഹന്‍ സിംഗുപോലും കോണ്‍ഗ്രസ്സല്ല, കോണ്‍ഗ്രസ്സുകാരനായി ജീവിച്ച താന്‍ കോണ്‍ഗ്രസ്സുകാരനായി തന്നെ മരിക്കുമെന്ന്‌ കരുണാകരന്‍ ഇടക്കിടെ വീമ്പ്‌ പറയാറുള്ളതാണ്‌. അതുകൊണ്ടാണ്‌ അവസാനകാലത്തെങ്കിലും കോണ്‍ഗ്രസ്സിലേക്ക്‌ മടങ്ങിവരാനുള്ള ആഗ്രഹം കരുണാകരന്‍ പ്രകടിപ്പിച്ചത്‌.

കറിവേപ്പിലയായാലും കരുണാകരനായതുകൊണ്ട്‌ വേണമെങ്കില്‍ മടങ്ങിവരാമെന്ന്‌ തന്നോട്‌ ഇപ്പോഴും കൂറുകാണിക്കുന്ന ചിലര്‍ നേരത്തേ ഒളിഞ്ഞും തെളിഞ്ഞും പ്രസ്‌താവിച്ചതാണ്‌. സോണിയാ ഗാന്ധിയെ അംഗീകരിക്കുന്ന ആര്‍ക്കും കോണ്‍ഗ്രസ്സിലേക്ക്‌ മടങ്ങിവരാമെന്ന്‌ ശിഷ്യന്‍ രമേശ്‌ ചെന്നിത്തലയും എന്തിന്‌ രാജ്‌ മോഹന്‍ ഉണ്ണിത്താന്‍ വരെ പലവട്ടം പറഞ്ഞു. അതിന്‌ അന്നും ഇന്നും വിഘാതമായത്‌ മകന്‍ മുരളീധരനാണ്‌. കെ പി സി സി പ്രസിഡന്റും പേരിനാണെങ്കില്‍ പോലും ഒരു മന്ത്രിയുമായ ആളല്ലേ കോണ്‍ഗ്രസ്സില്‍ തിരിച്ചു വന്നാല്‍ ആ പഴയ സ്ഥാനം പോയിട്ട്‌ പ്രവര്‍ത്തകസമിതിയില്‍ പോലും കേറ്റില്ലെന്ന്‌ മുരളിക്ക്‌ നന്നായിട്ടറിയാം. രാഷ്‌ട്രീയ വനവാസം വേണ്ടിവന്നാലും കോണ്‍ഗ്രസ്സിലേക്കില്ലെന്ന്‌ മുരളി പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തേ തങ്ങളെ വിട്ട്‌ പോയ പഴയ ഗുണ്ടയായ ശങ്കരനും കൊട്ടാരം നര്‍ത്തകിയായിരുന്ന ശോഭനക്കുപോലും കോണ്‍ഗ്രസ്സില്‍ ഇനിയുമൊന്നുമാവാന്‍ കഴിഞ്ഞിട്ടില്ല, പിന്നയല്ലേ മുരളി. മുരളീധരന്റെ ഭീഷണിക്കു വഴങ്ങുന്ന പണി നിര്‍ത്തിയെന്ന്‌ നേരിട്ടല്ലെങ്കിലും പലവട്ടം പറഞ്ഞുകഴിഞ്ഞു കരുണാകരന്‍. മകന്‍ അങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ അതിശയമുള്ളൂ. പിന്നില്‍ നിന്ന്‌ ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നത്‌ പണ്ട്‌ ആലുവയില്‍ കരുണാകരനെതിരെ യോഗം കൂടിയതിന്‌ തല്ലുവാങ്ങിച്ച എം പി ഗംഗാധരനല്ലേ. പീതാംബരക്കുറുപ്പും കരുണാകരനും കൂട്ടരും പിന്നെ മുരളിയും ഗംഗാധരനും കൂട്ടരും എന്നിങ്ങനെ പ്രകടമായി ചേരിതിരിഞ്ഞ്‌ ഐ ഗ്രൂപ്പിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ആക്രമണവും തുടങ്ങിക്കഴിഞ്ഞു.

പക്ഷേ കരുണാകരന്‍ രണ്ടും കല്‌പിച്ചുള്ള പുറപ്പാടാണ്‌. സോണിയയെ അംഗീകരിക്കുന്നു എന്നു പലവട്ടം പറഞ്ഞ്‌ ആണയിട്ടു കഴിഞ്ഞു അദ്ദേഹം. മദാമ്മയെന്നു വിളിച്ചത്‌ അവരെ അപമാനിക്കാനായിരുന്നില്ലത്രേ. അതിലവര്‍ക്ക്‌ വിഷമമുണ്ടെങ്കില്‍ അതൊഴിവാക്കാമെന്ന്‌ തോന്നിയിട്ടുണ്ട്‌. കരുണാകരന്‍ കുംഭസരിക്കുന്നു. കരുണാകരന്‍ എത്രത്തോളം താഴാമോ അതിലും താഴെയാണ്‌ അദ്ദേഹം ഇപ്പോള്‍ നില്‍ക്കുന്നത്‌.

ഗാന്ധി കുടുംബത്തോട്‌ കരുണാകരനുള്ള ഭയഭക്തി ബഹുമാനത്തേക്കുറിച്ച്‌ ഇപ്പറഞ്ഞ പൈപ്പ്‌ ഗംഗാധരന്‍ പോലും മറുത്തുപറയുമെന്ന്‌ തോന്നുന്നില്ല. ഗാന്ധികുടുംബത്തില്‍ ഒരു മദാമ്മ നുഴഞ്ഞുകയറിയതിലല്ല കരുണാകരന്‌ വിഷമം. അവര്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാ പിന്തുണയുമായി അദ്ദേഹം കൂടെ നിന്നതുമാണ്‌. എല്ലാം താനടക്കമുള്ളവര്‍ വളര്‍ത്തിവലുതാക്കിയ പ്രസ്ഥാനത്തിനു വേണ്ടിയായിരുന്നു. നെറികേടുകാണിച്ചാല്‍ അതു ഗുരുവായൂരപ്പനാണെങ്കില്‍ പോലും കരുണാകരന്‍ ക്ഷമിക്കില്ല. മകള്‍ പത്മജയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച്‌ ന്യൂഡല്‍ഹിയില്‍ വച്ചു നടത്തിയ ചടങ്ങില്‍ എത്തിയ സോണിയ വധൂവരന്മാരെ അനുഗ്രഹിച്ച്‌ കരുണാകരനെ കണ്ട ഭാവം പോലും നടിക്കാതെ കടന്നുകഞ്ഞു. അതുമാത്രമോ പിന്നീട്‌ കേരളത്തില്‍ രണ്ടുതവണയെത്തിയപ്പോഴും കരുണാകരന്‍ എന്ന ഒരു സീനിയര്‍ കോണ്‍ഗ്രസ്സ്‌ നേതാവ്‌ ജനിച്ചുവളര്‍ന്ന മണ്ണാണെന്ന ഭാവം പോലും സോണിയയോ തന്റെ ശിഷ്യഗണങ്ങളായ കോണ്‍ഗ്രസ്സുകാരോ കാണിച്ചില്ല. എ ഐ സി സി സമ്മേളനത്തില്‍ കസേരപോലും നല്‍കാന്‍ കേന്ദ്രനേതൃത്വേ കൂട്ടാക്കിയില്ല. ഇന്ദിരക്കും സ്വന്തം ഭര്‍ത്താവ്‌ രാജീവിനുമൊപ്പം നിന്ന്‌ അവരുടെ സ്വന്തക്കാരനായി വിരാജിച്ച തന്നെ ഒരു ഗാന്ധിയുടെ ഭാര്യയായ സോണിയ മൈന്റ്‌ ചെയ്യാതിരുന്നതിലാണ്‌ കരുണാകരന്‌ വിഷമം.

എല്ലാം മകന്‍ കിങ്ങിണിക്കുട്ടന്‍ വരുത്തിവച്ച വിനയാണ്‌. എ കെ ആന്റണിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരത്തിലേറുമ്പോള്‍ നീക്കുപോക്കുകളുടെ ബലത്തില്‍ മുരളീധരന്‍ കെ പി സി സി പ്രസിഡന്റായി. കിങ്ങിണിക്കുട്ടനില്‍ നിന്നും തന്ത്രശാലിയായ ഒരു രാഷ്‌ട്രീയ നേതാവിലേക്കുള്ള ദൂരം അത്ര വലുതല്ല എന്ന്‌ മുരളി തെളിയിച്ചു. അടുത്ത മുഖ്യമന്ത്രിയായി വരെ മുരളിയെ വാഴ്‌ത്തപ്പെട്ടു. അന്ന്‌ കേരളത്തില്‍ ചില അസ്വാരസ്യങ്ങളുണ്ടെങ്കിലും ഐ ഗ്രൂപ്പ്‌ എന്നു പറയുന്ന ഒരു സാധനം ഉണ്ടായിരുന്നു. കടവൂര്‍ ശിവദാസനും പി ശങ്കരനുമടക്കമുള്ള വിശ്വസ്‌തരെല്ലാം മന്ത്രിമാര്‍. മുരളിയെ ഭാവി മുഖ്യമന്ത്രിയാക്കുകയെന്ന കണക്കുകൂട്ടലില്‍ കരുണാകരനിലെ കൗശലശാലി ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി. ഗ്രൂപ്പുകള്‍ തമ്മില്‍ തുടങ്ങിയ പോര്‌ പക്ഷേ എത്തിനിന്നത്‌ സ്വന്തം ഗ്രൂപ്പിനകത്തെ പോരിലാണ്‌. വിശ്വസ്‌തനായ കെ വി തോമസ്‌ കാലുമാറി. ചിലപ്പോള്‍ മകന്‍ മുരളീധരന്‍ വരെ അഛനെതിരെ പരസ്യമായി രംഗത്തുവന്നു. ആന്റണിയുടെ ഭരണവും കരുണാകരന്റെ നാവിന്‌ വ്യായാമം നല്‍കുക എന്ന സദുദ്ദേശ്യത്തോടുകൂടി യുള്ളതായിരുന്നു. രാജ്യസഭാ സീറ്റിനെചൊല്ലിയായിരുന്നു പിന്നെത്തെ തര്‍ക്കം. എന്തുവന്നാലും ഐ ഗ്രൂപ്പിന്‌ കൊടുക്കില്ലെന്ന്‌ മറ്റുള്ളവര്‍. കാസര്‍ക്കോടുനിന്നും മീശ കറുപ്പിച്ച കോടോത്ത്‌ ഗോവന്ദന്‍ എന്നൊരു നായരെ ഇറക്കുമതി ചെയ്‌ത്‌ കരുണാകരന്‍ റിബല്‍ സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ചു. എപ്പോള്‍ തോറ്റെന്നു ചോദിച്ചാല്‍ മതി. ഐ ഗ്രൂപ്പെന്നാല്‍ അഛനും മകനും നാലഞ്ചു ശിങ്കിടികളുമാണെന്ന്‌ തെളിയിച്ചുകൊടുത്തു ആ തിരഞ്ഞെടുപ്പ്‌. തൊട്ടുപിന്നാലെ വന്ന എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായ സെബാസ്റ്റ്യന്‍ പോളിന്‌ കൂറുപ്രഖ്യാപിച്ച്‌ പരസ്യമായി കോണ്‍ഗ്രസ്സ്‌ നേതൃത്വത്തിനെതിരെ ഐ ഗ്രൂപ്പുകാര്‍ രംഗത്തുവന്നു. മകനെയും മകളെയും വച്ചുള്ള ഒരഛന്റെ നാണം കെട്ട രാഷ്‌ട്രീയ കളിയായി മാറി എറണാകുളം ഉപതിരഞ്ഞെടുപ്പ്‌. ഔദ്യോഗിക കോണ്‍ഗ്രസ്സ്‌ എന്നും കരുണാകരന്‍ കോണ്‍ഗ്രസ്സ്‌ എന്നുമൊക്കെയുള്ള വേര്‍തിരിവുകള്‍ അപ്പോളേക്കും ശക്തമായിരുന്നു. പോരുമൂത്ത്‌ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാന്‍ കരുണാകരന്‍ തീരുമാനിച്ചു. തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ ചേര്‍ന്ന പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപന സമ്മേളനത്തെ പാരവച്ചത്‌ മുരളീധരന്‍ തന്നെയാണ്‌. അഛന്റെയല്ലേ മോന്‍. ആന്റണി ഒരു മന്ത്രിസ്ഥാനം വച്ചു നീട്ടിയാല്‍ പോകാതിരിക്കുമോ? ആ സമ്മേളനത്തോടെ എട്ടു പേര്‍ ചോര്‍ന്നുപോയി. അതോടെ കരുണാകരഗ്രൂപ്പിന്റെ അംഗബലം രണ്ടു മന്ത്രിമാരടക്കം പതിനാറുപേര്‍ എന്നായി.

കരുണാകരന്റേയും മക്കളുടേയും അധോഗതി തുടങ്ങിയത്‌ മുരളിക്കുവേണ്ടി നടത്തിയ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിലും ഒപ്പം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലുമായിരുന്നു. മുരളി മാത്രമല്ല മുകുന്ദപുരത്തുനിന്നും ലോക്‌സഭയിലേക്ക്‌ മത്സരിച്ച പത്മജയക്കം എല്ലാ യു ഡി എഫുകാരും തോറ്റു. ഈ തിരഞ്ഞെടുപ്പോടെയാണ്‌ ഡി ഐ സി എന്ന ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടത്‌ കരുണാകരന്റെയും മക്കളുടെയും നിലനില്‍പ്പിന്‌ ആവശ്യമായി തീര്‍ന്നത്‌. അങ്ങനെ ഒരു തൊഴിലാളി ദിനത്തില്‍ തൃശൂരില്‍ ഡി ഐ സി എന്ന കരു-മുരു കോണ്‍ഗ്രസ്‌ പിറന്നു. അപ്പോപ്പോഴേക്കും കരുണാകരന്റെ പാര്‍ട്ടി ബലം 9 എം എല്‍ എമാരായി ചുരുങ്ങിയിരുന്നു. എന്നിട്ടും എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, ടൈം ബോംബ്‌, എ കെ 47.... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബദ്ധവൈരികളായിരുന്നു ഇടതുപക്ഷത്തിനൊപ്പം നിന്നു മത്സരിച്ചു. തിരുവനന്തപുരത്ത്‌ ഉപതിരഞ്ഞെടുപ്പില്‍ പന്ന്യനുവേണ്ടി വോട്ടു പിടിച്ചു. കരുണാകരന്‍ എന്ന രാഷ്‌്രകീയക്കാരന്‍ എത്രത്തോളം അധപ്പതിക്കാമോ അതൊക്കെ ചെയ്‌തു. എന്നിട്ടും ആ നന്ദി ഇടതുമുന്നണിക്കാര്‍ കാണിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത്‌ വെളിയത്തിന്റെയും ചന്ദചൂഡന്റെയുമൊക്കെ രൂപത്തില്‍ അനിവാര്യമായത്‌ സംഭവിച്ചു. കരുണാകരന്‍ പടിക്കു പുറത്ത്‌. അപാരതൊലിക്കട്ടിയുള്ള കരുണാകരനും മുരളീധരനും യു ഡി എഫിനൊപ്പം പറ്റിപ്പിടിച്ചു മത്സരിച്ചു. ഫലം നട്ടെല്ലുണ്ടെന്ന്‌ അഹങ്കരിച്ച മുരളി സ്വന്തം തട്ടകത്തില്‍ കൊടുവള്ളി തട്ടിത്തടഞ്ഞുവീണു. ഡി ഐ സിയുടെ ഒരു തോമസ്‌ ചാണ്ടി മാത്രം തന്റേതല്ലാത്ത കാരണത്താല്‍ കുട്ടനാട്ടില്‍ ജയിച്ചു. പത്മജയുടെ ലിപ്‌സ്റ്റിക്കിട്ട്‌ ചുവപ്പിച്ച ചുണ്ടുകള്‍ ഒരു ചാനലിനും വേണ്ടാതായി. ഇന്ദിരാ കോണ്‍ഗ്രസ്സിന്‌ രാശി പോരെന്ന്‌ കരുണാകരന്‍ മനസ്സിലാക്കി.

ഒരു മുന്നണിയിലും വേണ്ടാതെ എത്രകാലം ഇങ്ങനെ നടക്കും. ഇന്ദിരയെ തള്ളിപ്പറഞ്ഞ പവാറിന്റെ വരവും ലയനപ്രഖ്യാനവും കരുണാകരനുവേണ്ടി മുണ്ടുമടക്കിക്കുത്തി കുറുവടിയെടുത്തിറങ്ങിയ ശങ്കരന്‍ പോലും അറിഞ്ഞില്ല. പെട്ടെന്നാണ്‌ സോണിയക്കും ഇന്ദിരക്കും ശേഷം മറ്റൊരു ഗാന്ധി കരുണാകരന്റെ നാവിന്‍തുമ്പത്തുനിന്ന്‌ അടര്‍ന്നു വീണത്‌. ഇതുവരെ അവശിഷ്ട കോണ്‍ഗ്രസ്സെന്നും ഉമ്മന്‍ കോണ്‍ഗ്രസ്സെന്നും അലൂമിനിയം കോണ്‍ഗ്രസ്സെന്നും ഒക്കെ പറഞ്ഞു നടന്ന കരുണാകരന്‍ ഓ സി യെന്നു താന്‍ ഓമനപ്പേരിട്ടു വിളിക്കുന്നത്‌ ഒറിജിനല്‍ കോണ്‍ഗ്രസ്സാണെന്നു തട്ടിവിട്ടു. ഔദ്യോഗിക കോണ്‍ഗ്രസ്സ്‌ എന്ന ഒരു സാധനം ഭൂലോകത്ത്‌ ഉണ്ടെന്ന്‌ സമ്മതിച്ചു ലീഡര്‍. ഇത്രയും കാലം പറ്റിയ അപകടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാകണം അദ്ദേഹം ഒരു ഗ്രൂപ്പിലുമില്ലാത്ത മഹാത്മാ ഗാന്ധിയെ തന്നെ തിരഞ്ഞെടുത്തത്‌. കോഴിക്കോട്‌ മുരളീധരന്റെ വസതിയില്‍ വച്ചു പവാറുമായി നടത്തിയ കൂടിക്കാഴ്‌ചക്കുശേഷം കരുണാകരന്‍ അടിച്ചുവിട്ടത്‌ മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങള്‍ മാനിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ഒന്നിക്കണമെന്ന ലക്ഷ്യത്തോടെയാണ്‌ ഡി ഐ സി യെന്ന തന്റെ പാര്‍ട്ടി എന്‍ സി പിയില്‍ ലയിക്കുന്നത്‌ എന്നായിരുന്നു. കൂടെ പവാറിന്‌ പലരോടും ആലോചിക്കാന്‍ കാണും എന്നാല്‍ കരുണാകരന്‌ ഡി ഐ സി ലയിക്കുന്നതിനേക്കുറിച്ച്‌ ആരോടും ആലോചിക്കാനില്ല എന്ന വീരവാദവും. പോരെ പൂരം. പിന്നീടെല്ലാം ഒരു ഇടിപ്പടത്തിന്റെ ക്ലൈമാക്‌സുപോലെ പെട്ടെന്നു തീര്‍ന്നു. ശോഭനാ ജോര്‍ജ്ജും സരളാദേവിയും ബാലറാമും ശങ്കരനുമടങ്ങുന്ന സംഘം ചിലര്‍ കണ്ണീര്‍ പൊഴിച്ചും ചിലര്‍ അല്ലാതെയും കോണ്‍ഗ്രസ്സിലേക്കു മടങ്ങിയതോടെ ഡി ഐ സിയെന്നാല്‍ അഛനും മകനും ഒന്നിനും കൊള്ളാത്ത എം പി ഗംഗാധരനും മറ്റുചിലരുമെന്നായി. ഒടുവില്‍ എന്‍ സി പി ലയനം. പാപി ചെന്നടം പാതാളം.. എന്തുപറയാന്‍. എന്‍ സി പി ഇടതുമുന്നണിയില്‍ നിന്ന്‌ പുറത്ത്‌. കേരളത്തില്‍ കരുണാകരനെന്നു പേരുള്ള നേതാവും മക്കളും ജീവിച്ചിരിപ്പുണ്ടോ എന്നു പോലും നാട്ടുകാര്‍ക്കറിയില്ല എന്ന ഗതിയായി. രാജനെന്ന കോഴിക്കോട്‌ ആര്‍ ഇ സി വിദ്യാര്‍ത്ഥിയെ ഇല്ലാതാക്കിയ കരുണാകരന്‍, ടി വി ഈച്ചരവാര്യരുടെ കണ്ണീര്‍ വീഴ്‌ത്തിയ കരുണാകരന്‍ സ്വന്തം മകനാല്‍ തന്നെ ഒന്നുമല്ലാത്തവനായി രാഷ്‌ട്രീയത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ തെണ്ടി നടന്നു. കരുണാകരനേക്കാള്‍ ചെറിയവര്‍ ഇന്ത്യയില്‍ രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയുമായത്‌ കണ്ടുകൊണ്ട്‌. തന്റെ മുന്നില്‍ ഒന്നുമല്ലാതിരുന്ന ശങ്കരനാരായണന്‍ വരെ ഗവര്‍ണറായി. ഇതെല്ലാം കരുണാകരന്‍ എന്ന വൃദ്ധനായ രാഷ്‌ട്രീയക്കാരനെ ഇരുത്തിച്ചിന്തിപ്പിച്ചിരിക്കണം. അതുതന്നെയാവും മകനെ വിട്ട്‌ കോണ്‍ഗ്രസ്സിലേക്ക്‌ മടങ്ങാനുള്ള നീക്കത്തിനുപിന്നിലും. കരുണാകരനും മകനും കാരണം ഒറ്റ ലോക്‌സഭാ സീറ്റു പോലും കിട്ടാതിരുന്ന, ഉറച്ച സീറ്റുകള്‍ പോലും നഷ്‌ടപ്പെട്ടതില്‍ വേദനിക്കുന്ന മദാമ്മാഗാന്ധി കാണ്‍ഗ്രസ്സില്‍ ഇനി കരുണാകരനെ അടുപ്പിക്കുമോ എന്ന കാര്യം കാത്തിരുന്ന്‌ കാണാം.

............................................................................................. (പുഴ. കോം)

Tuesday, October 09, 2007

ടീം കോണ്‍ഗ്രസ്സ്‌

രുത്തം വന്ന സീനിയര്‍ കളിക്കാരെ അപ്രസക്തരാക്കി പ്രഥമ ട്വന്റി ട്വന്റി വേള്‍ഡ്‌ കപ്പ്‌ അടിച്ചെടുത്ത മഹീന്ദ്രസിംഗ്‌ ധോണിയുടെ അത്ര അക്രമണകാരിയല്ലെങ്കിലും രാഹുലും യുവാവാണ്‌. ഐ ടിയടക്കമുള്ള പുത്തന്‍ സാങ്കേതിക മേഖലകളെയും ക്രിക്കറ്റിനെയും സാഹസിക വിനോദങ്ങളെയും സ്‌നേഹിക്കുന്ന യുവാവ്‌. രാജീവിനു ശേഷം ഗാന്ധിപുത്രന്മാര്‍ നേതൃത്വത്തിലില്ലാതെ പതിനാറു വര്‍ഷം പിന്നിട്ട കോണ്‍ഗ്രസ്സില്‍ രാജീവിന്റെ പ്രതിരൂപമായ രാഹുലിനെ ധോണിയോട്‌ ഉപമിച്ചുവെങ്കില്‍ പ്രായവും പാരമ്പര്യവുമുള്ള കോണ്‍ഗ്രസ്സുകാര്‍ക്ക്‌ അതൊരു താക്കീതാണ്‌. വരുന്ന തിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ നടത്തിയ അഴിച്ചു പണിയില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയായയും പ്രവര്‍ത്തക സമിതി അംഗമായും രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തത്‌ ഇനിയങ്ങോട്ട്‌ രാഹുലിന്റെ ടീമിന്റെ കാലഘട്ടമാണെന്ന വ്യക്തമായ സൂചനയാണ്‌ നല്‍കുന്നത്‌. രാജീവ്‌ ഗാന്ധിയുടെ മരണ ശേഷം രാഹുലിനെ നേതൃത്വത്തിലെത്തിക്കാനുള്ള വ്യക്തമായ തിരക്കഥയുടെ അവസാന രംഗത്തിനും തിരശ്ശീല വീണു കഴിഞ്ഞു.

രാജീവും കൂട്ടുകാരും ചേര്‍ന്ന്‌ ഭരിച്ച ആ പഴയ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന പുനസ്സംഘടനയാണ്‌ ഇത്തവണത്തേത്‌. രാഹുലിനൊപ്പം ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്‌, സന്ദീപ്‌ ദീക്ഷിത്‌ തുടങ്ങിയ ഒരു പുതിയ ടീമിനെ തന്നെ തന്നെ കോണ്‍ഗ്രസ്‌ കളത്തിലിറക്കിക്കഴിഞ്ഞു. മക്കള്‍ രാഷ്‌ട്രീയത്തിന്റെ പുതിയ കണ്ണികളെന്നതിലുപരി രാജീവിന്റെ അറിയപ്പെടുന്ന കൂട്ടുകാരുടെ മക്കള്‍ കൂടിയാണ്‌ ഇവരെന്നത്‌്‌ ശ്രദ്ധേയമാണ്‌. രാജീവ്‌ ഗാന്ധിയുടെ സന്തതസഹചാരിയും ഉറ്റ സുഹൃത്തുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ്‌ ജ്യോതിരാദിത്യ സിന്ധ്യ. പോരാത്തതിന്‌ രാഹുലും ജോതിരാദിത്യ സിന്ധ്യയും ബാല്യകാല സുഹൃത്തുക്കളും രണ്ടു വര്‍ഷം ഡൂണ്‍ സ്‌കൂളില്‍ ഒരേ മുറിയില്‍ കഴിഞ്ഞവരുമാണ്‌. രാജീവ്‌ - മാധവറാവു സിന്ധ്യ കൂട്ടുകെട്ടിനെ, രാഹുല്‍ - ജ്യോതിരാദിത്യ കൂട്ടുകെട്ടില്‍ കാണാം. രാജേഷ്‌ പൈലറ്റിന്റെ മകനായ സച്ചിന്‍ പൈലറ്റും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ മകനായ സന്ദീപ്‌ ദീക്ഷിത്തുമടങ്ങുന്നതാണ്‌ രാഹുലിന്റെ പുതിയ ടീം കോണ്‍ഗ്രസ്സ്‌. ഈ പുതിയ ടീമിന്റെ കൈയിലാണ്‌ കോണ്‍ഗ്രസ്സിന്റെ യുവജന സംഘനകളുടെ നേതൃത്വം സോണിയ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്‌.

അടുത്ത തിരഞ്ഞെടുപ്പുകാലമാകുമ്പോള്‍ ഇന്ത്യയില്‍ നാല്‍പതു വയസ്സിനു താഴെയുള്ള ഇന്ത്യന്‍ വോട്ടര്‍മാരുടെ എണ്ണം മുപ്പതു കോടി കവിയും. അപ്പോഴേക്കും ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ ഒരു ഗാന്ധിയില്ലാതായിട്ട്‌ ഇരുപത്‌ വര്‍ഷം തികയും. കാലമെത്ര പുരോഗമിച്ചാലും ഗാന്ധി കുടുംബത്തോടുള്ള അണികളുടെ ആരാധനയും നല്ലാരു പങ്ക്‌ ഭാരതീയരുടെ മമതയും കുറയില്ലെന്ന്‌ സോണിയക്ക്‌ നന്നായി അറിയാം. രാഹുലിനെ ഭാവി പ്രധാനമന്ത്രിയായി വാഴ്‌ത്തിയാല്‍ പെട്ടിയില്‍ വോട്ടു വീഴുമെന്ന്‌ ഉറപ്പ്‌. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന യുവാക്കള്‍ക്കൊപ്പം പരമ്പരാഗത വോട്ടുകളും സ്വന്തമാക്കാം. ശരിക്കും ഒരു വെടിക്ക്‌ രണ്ട്‌ പക്ഷി.

ഒരു ഗാന്ധികുടുംബക്കാരനെന്നതിലും ഒരു മുന്‍ പ്രധാനമന്ത്രിയുടെ മകനെന്നതിലുമുപരി ഇന്ത്യന്‍ രാഷ്‌ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത രാഹുല്‍ രാഷ്‌ട്രീയം പഠിച്ചു തുടങ്ങിയിട്ട്‌ അധികമായില്ല. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പരിചയവും ജ്ഞാനവും കഴിഞ്ഞ യു പി തിരഞ്ഞെടുപ്പില്‍ നാം കണ്ടതാണ്‌. നെഹറു കുടുംബമാണ്‌ ഇന്ത്യ ഭരിച്ചിരുന്നെങ്കില്‍ ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെടുകയില്ലായിരുന്നുവെന്നും പാകിസ്‌താന്‍ വിഭജിച്ച്‌ ബംഗ്ലാദേശ്‌ ഉണ്ടാക്കിക്കൊടുത്തത്‌ നെഹറു കുടുംബമാണെന്നുമുള്ള പ്രസംഗങ്ങള്‍ കോണ്‍ഗ്രസ്സിന്‌ ചില്ലറ തലവേദനയല്ല സൃഷ്‌ടിച്ചത്‌. യു പി യില്‍ രാഹുലിന്റെ പ്രകടനം ഫ്‌ളോപ്പായിട്ടുപോലും രാഹുലിനെ അടുത്ത പ്രധാനമന്ത്രിസ്ഥാനത്തേക്ക്‌ എണ്ണപ്പെട്ടു കഴിഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ രംഗപ്രവേശം തീര്‍ത്തും ആസൂത്രിതമായിരുന്നു. രാഹുലില്‍ ഒരു പുതിയ രാജീവിനെ തന്നെ പുനരവതരിപ്പിക്കുകയായിരുന്നു. രാജീവ്‌ ഗാന്ധിയുടെ ഇഷ്‌ട വേഷമായ കുര്‍ത്തയും പൗജാമയും തന്റെ രാഷ്‌ട്രീയ വേഷമായി സ്വീകരിക്കുന്നതു മുതല്‍ സഹചാരികളെ തിരഞ്ഞെടുക്കുന്നതില്‍ വരെ അഛന്റെ പ്രതിഛായ വരുത്താന്‍ സോണിയയും കോണ്‍ഗ്രസ്‌ നേതൃത്വവും ശ്രമിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത്‌ രാഹുലിന്റ രാഷ്‌ട്രീയ അരങ്ങറ്റത്തിനു മുന്നോടിയായി അമേത്തിയില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുലിന്റെ പുഞ്ചിരിയിലും ഇരട്ടത്താടിയിലും പ്രിയങ്ക രാജീവിന്റെ രൂപസാദൃശ്യം അണികള്‍ക്ക്‌ കാണിച്ചു കൊടുക്കുകയും ചെയ്‌തു. ഗാന്ധി കുടുംബത്തിലെ ഒരംഗം രാഷ്‌ട്രീയത്തില്‍ പ്രവേശിക്കേണ്ട കൃത്യ സമയത്തു തന്നെയാണ്‌ രാഹുലും എത്തിയിരിക്കുന്നത്‌. മുപ്പതിനും നാല്‌പത്തിരണ്ടിനുമിടയിലാണ്‌ രാഹുലിനു മുന്നിലെ അഞ്ചു തലമുറയിലെ ബഹുഭൂരിഭാഗവും കോണ്‍ഗ്രസ്സിന്റെ മുന്നണിപ്പോരാളികളായത്‌. രാജീവ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നത്‌ മുപ്പത്തിയേഴാമത്തെ വയസ്സില്‍. രാഹുല്‍ മുപ്പത്തിനാലാമത്തെ വയസ്സിലും. മുപ്പത്തിയേഴാമത്തെ വയസ്സിലിപ്പോള്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായിരിക്കുന്നു. കോണ്‍ഗ്രസ്സിലേയും ഇടതുപക്ഷത്തേയും പ്രമുഖ നേതാക്കളുമായി തട്ടിച്ചു നോക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അവരുമായി മത്സരിക്കുന്ന ട്രാക്ക്‌ റെക്കോര്‍ഡാണ്‌ രാഹുലിനുള്ളത്‌. രാജീവിനേപ്പോലെ ഡൂണ്‍സ്‌കൂളില്‍ വിദ്യാഭ്യാസം ഹാര്‍ഡ്‌വാര്‍ഡില്‍ നിന്നും എക്കണോമിക്‌സില്‍ ബിരുദം കേംബ്രിഡ്‌ജ്‌ ട്രിനിറ്റിയില്‍ നിന്ന്‌ ഡെവലപ്പ്‌മെന്റ്‌ സ്റ്റഡീസില്‍ എം ഫില്‍. പിന്നെ ഡെല്‍ഹിയിലെ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജിലെ പഠനം. അഛന്‍ രാജീവിനെപ്പോലെ പൈലറ്റ്‌ ലൈസന്‍സുമുണ്ട്‌. എന്തുകൊണ്ടും രാജീവ്‌ ഗാന്ധി, മാധവ റാവു സിന്ധ്യ ശ്രേണിയിലേക്കിണങ്ങുന്ന പിന്‍മുറക്കാരന്‍.

ഹാര്‍വാര്‍ഡിലും കേംബ്രിഡ്‌ജിലെയും പഠിത്തം കഴിഞ്ഞ്‌ 1989 ലാണ്‌ രാഷ്‌ട്രീയ പ്രചാരണത്തിനായി രാഹുല്‍ ഡല്‍ഹിയിലെത്തുന്നത്‌. പ്രസംഗവേദിയില്‍ ഉറക്കെ പ്രസംഗിച്ച്‌ അണികളെ കൈയിലെടുക്കാനുള്ള പാടവമൊന്നും രാഹുലിനില്ലായിരുന്നു. അതുകൊണ്ടു തന്നെ നുണക്കുഴി കാട്ടിയയുള്ള ചിരിയിലൊതുങ്ങി ആദ്യകാല രാഷ്‌ട്രീയ ജീവിതം. എങ്കിലും ഒരു വലിയ കേള്‍വിക്കാരെ സൃഷ്‌ടിക്കാന്‍ രാഹുലിനു കഴിഞ്ഞിരുന്നു. ലണ്ടനില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായിരുന്ന രാഹുല്‍ 2002 ലാണ്‌ ഡല്‍ഹിയിലേക്ക്‌ താമസം മാറ്റുന്നത്‌. തൊട്ടടുത്ത വര്‍ഷം തന്നെ സേവാദള്‍ അധ്യക്ഷനാക്കി രാഹുലിനെ മുഴുവന്‍ സമയ രാഷ്‌ട്രീയത്തിലിറക്കാന്‍ സോണിയക്കുമേല്‍ സമ്മര്‍ദ്ദം വന്നെങ്കിലും രാഹുല്‍ നിരസിച്ചു. 2004 ജനുവരിയില്‍ പ്രിയങ്കയുമൊത്ത്‌ അമേത്തിയില്‍ പ്രചാരണത്തിനിറങ്ങിയതോടെ രാഹുലിന്റെ രാഷ്‌ട്രീയ രംഗപ്രവേശനം ഉറപ്പായി. 2004 മാര്‍ച്ച്‌ 21 ന്‌ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ്സിലെ രാഹുല്‍ എപ്പിസോഡിന്‌ ഒദ്യോഗിക തുടക്കമായെന്നു പറയാം. എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനം അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നയിക്കുന്നതിനുള്ള പരിശീലനമായി വേണം കണക്കാക്കാന്‍.

രാജീവ്‌ ഗാന്ധിയുടെ കാലഘട്ടം ഇന്ത്യയുടെ സാമ്പത്തിക വിപ്ലവത്തിന്റെ തുടക്കമായാണ്‌ കണക്കാക്കപ്പെടുന്നത്‌. അദ്ദേഹം തുടങ്ങിവച്ച വികസനമാതൃകയാണ്‌ പി വി നരസിംഹറാവുവിലൂടെയും മന്‍മോഹന്‍സിംഗിലൂടെയും കോണ്‍ഗ്രസ്സ്‌ പിന്‍തുടര്‍ന്നത്‌. ഈ വിപ്ലവത്തിന്‌ രാഹുലിലൂടെ ഒരു ഹൈ ടെക്ക്‌ മുഖം നല്‍കുക എന്ന ലക്ഷ്യമാണ്‌ കോണ്‍ഗ്രസ്സിന്‌ മുന്നിലുള്ളത്‌. ഹൈടെക്ക്‌ പ്രേമിയും പുതിയ കാലത്തെ മാനേജ്‌ മെന്റ്‌ രീതിക്കൊത്ത്‌ വളര്‍ന്നവനുമായ രാജീവിന്‌ അതിന്‌ കഴിയുമെന്ന്‌ രാജ്യത്തെ പുതിയ തലമുറക്ക്‌ മനസ്സിലാക്കിക്കൊടുക്കയാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസ്സ്‌ നേതൃത്വത്തിന്റെ ദൗത്യം. പുതിയ രാഹുല്‍ തന്ത്രം ഫലിച്ചാല്‍ പുതിയ കാലത്തെ പഴഞ്ചന്‍ രാഷ്‌ട്രീയ ചിന്താഗതിയോട്‌ മുഖം തിരിഞ്ഞു നില്‍ക്കുന്ന യുവാക്കളുടെ വോട്ട്‌ നേടാനും കോണ്‍ഗ്രസ്സിനാകും. രാഹുലിന്റെ ഹൈടെക്ക്‌ തന്ത്രമായിരിക്കും വരും വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ ഭാവി നിശ്ചയിക്കുക. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ നെഹറുവും ഇന്ദിരയും, ഇന്ദിരയും സഞ്‌ജയും, ഇന്ദിരയും രാജീവും എന്ന ദ്വന്ത്വങ്ങള്‍ പോലെ സോണിയയും രാഹുലും എന്ന പുതിയ കൂട്ടുകെട്ടിന്റെ നാളുകളാണ്‌ ഇനി വരാനുള്ളത്‌. ഒപ്പം പ്രിയങ്കയും ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വധേരയുമുണ്ടാകും ഉപദേശക റോളുകളില്‍. ഇനി രാഹുലിന്റെ ടീം കോണ്‍ഗ്രസ്സിന്റെ പെര്‍ഫോമന്‍സാണ്‌ വിലയിരുത്തേണ്ടത്‌.

............................................................................................. (പുഴ. കോം)


Thursday, September 20, 2007

തകര്‍ച്ച നേരിടുന്ന കേരളാ മോഡല്‍

സാമൂഹ്യ ജീവിതത്തിലായാലും ഭൂപ്രകൃതിയുടെ കാര്യത്തിലായാലും ദൈവത്തിന്റെ സ്വന്തം നാടാണ്‌ കേരളമെന്നാണ്‌ വര്‍ഷങ്ങളായി നമ്മള്‍ മേനി പറയുന്നത്‌. ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ മേഖലകളില്‍ നമ്മള്‍ നേടിയ പുരോഗതി ലോകത്തിനുമുന്നില്‍ ഒരു മാതൃകയാക്കി അവതരിപ്പിക്കപ്പെട്ടു, അതിനെ കേരളാ മോഡല്‍ എന്ന്‌ ഓമനപ്പേരിട്ടു വിളിച്ചു. പുതിയ കാലത്തെ ഉപഭോഗ സംസ്‌കാരവുമായി പൊരുത്തപ്പെട്ടുവരുന്ന നമ്മള്‍ മൊത്തം ചിലവിന്റെ നല്ലൊരു പങ്കും ഇപ്പോഴും സാമൂഹികവികസനത്തിനാണ്‌ ചിലവഴിക്കുന്നത്‌. എന്നാല്‍ ജീവിതനിലവാരത്തില്‍ അമേരിക്കയോട്‌ കിടപിടിക്കുന്നുവെങ്കിലും ജനജീവിതം ഇപ്പോഴും പ്രതിസന്ധികള്‍ക്കിടയിലാണ്‌. അടിസ്ഥാന വികസനവും പൊതു നന്മയും ലക്ഷ്യമമാക്കി മുന്നോട്ടു നീങ്ങിയ ആ പഴയകാലത്തിന്റെ പേരില്‍ ഇപ്പോള്‍ ഊറ്റം കൊള്ളുന്നത്‌ വിഢിത്തമാണെന്നാണ്‌ ഈയടുത്തകാലത്ത്‌ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

കേരളാ മോഡല്‍ നമുക്കു സമ്മാനിച്ചത്‌ ഉയര്‍ന്ന ആരോഗ്യവും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസവും സാമൂഹിക സുരക്ഷിതത്വവുമാണ്‌. മലയാളിയുടെ ശരാശരി ആയുസ്സ്‌ 74 വയസ്സായി വര്‍ദ്ധിപ്പിക്കാന്‍ നമുക്കു കഴിഞ്ഞു, അതായത്‌ ദേശീയ ശരാശരിയേക്കാള്‍ 11 വയസ്സ്‌ കൂടുതല്‍, അമേരിക്കക്കാരുടെ ശരാശരി ആയുസ്സിന്റെ തൊട്ടടുത്ത്‌ (77). സാക്ഷരതാ നിരക്ക്‌ 91 ശതമാനം, ദേശീയ ശരാശരിയേക്കാള്‍ 26 ശതമാനം (അമേരിക്കയുടേത്‌ 99 ശതമാനം). ഒരു ഇന്ത്യന്‍ സംസ്ഥാനം ചെലവിടുന്ന ശരാശരിയേക്കാള്‍ 36 ശതമാനം കൂടുതലാണ്‌ വിദ്യാഭ്യാസത്തിനുവേണ്ടി കേരളം ചെലവിടുന്നത്‌, ആരോഗ്യ രക്ഷക്കുവേണ്ടി 46 ശതമാനവും. പാവപ്പെട്ടവരുടെകാര്യത്തിലാണെങ്കിലും സര്‍ക്കാര്‍ ഇടപെട്ടാല്‍ ജീവിത നിലവാരം മെച്ചപ്പെടുത്താനാവുമെന്ന്‌ പ്ലാനിംഗ്‌ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ പ്രഭാത്‌ പട്‌ നായിക്ക്‌ പറയുന്നു. വളര്‍ച്ചാനിരക്കുകളുമായി ബന്ധപ്പെട്ടതല്ല കേരളീയരുടെ ജീവിത നിലവാരം. ''ജനിച്ച അതേ വര്‍ഷം ശിശുക്കള്‍ മരിക്കുന്നില്ല, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏതാണ്ട്‌ ഒരേ ജീവിത സാഹചര്യം, അവര്‍ക്ക്‌ തുല്യമായ വിദ്യാഭ്യാസം ലഭിക്കുന്നു, ഉയര്‍ന്ന ആയുസ്സും, വികസിത രാജ്യങ്ങളിലെവിടെയും കാണാത്ത പ്രത്യേകതയാണിത്‌'' മൗണ്ട്‌ ക്ലെയര്‍ സര്‍വ്വകലാശാലയിലെ നരവംശ ശാസ്‌ത്രജ്ഞന്‍ റിച്ചാര്‍ഡ്‌ ഫ്രാങ്കി സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭൂപരിഷ്‌കരണം നടത്തി പാവപ്പെട്ടവര്‍ക്ക്‌ ഭൂമി നല്‍കിയതും ഇത്രയേറെ ആശുപത്രികളും വിദ്യാലയങ്ങളും നടത്തുന്നതും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്‌. കേരളാ മോഡല്‍ വികസന മാതൃകയെപ്പറ്റിയുള്ള വിവരണങ്ങള്‍ക്കു മാത്രം ഇന്നും ഒരു കുറവും സംഭവിച്ചിട്ടില്ല.

പക്ഷേ കേരളാ മോഡല്‍ പുസ്‌തകങ്ങളിലൊതുങ്ങുന്നുവെന്നാണ്‌ സമീപകാലം യാഥാര്‍ത്ഥ്യം. കേരളാമോഡലിലൂടെ നേടിയെടുത്ത വിദ്യാസമ്പന്നര്‍ നമുക്ക്‌ താങ്ങാവുന്നതിലുമപ്പുറമാണെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും വലിയ തൊഴില്‍ ദാദാക്കളായ സര്‍ക്കാരിനു തന്നെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലി നല്‍കാന്‍ കഴിയുന്നില്ല. പ്രധാന തൊഴില്‍ ദാതാക്കളായി വളര്‍ന്നു വരുന്ന ഐ ടി അനുബന്ധ മേഖലയുടെ മുഖ്യപങ്കും സ്വകാര്യമേഖലയിലാണ്‌. വളരുന്ന നാടിനൊപ്പം സഞ്ചരിക്കാനാകാതെ സര്‍ക്കാര്‍ വീര്‍പ്പു മുട്ടുന്നു. സ്‌മാര്‍ട്ട്‌ സിറ്റിക്കും ടെക്‌നോ പാക്കുകള്‍ക്കും താങ്ങാനാവാത്ത ഐ ടി വിദഗ്‌ദരെയാണ്‌ കേരളം പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്‌. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ പോലും ചെലവിടാന്‍ പണമില്ലാതെ സ്വകാര്യ മേഖലക്ക്‌ ഇഷ്‌ടദാനം ചെയ്യുന്നു. യൂണിയന്‍ പ്രവര്‍ത്തനവും അനാവശ്യ സമരങ്ങളും സൃഷ്‌ടിച്ച മന്ദത തൊഴില്‍ മേഖലയില്‍ മാറി വരുന്നതേയുള്ളൂ. തൊഴിലറിയാവുന്നവര്‍ ഇഷ്‌ടം പോലെ, തൊഴിലിലിനു മാത്രം ക്ഷാമം, അതാണ്‌ ഇന്നത്ത കേരളത്തിലെ അവസ്ഥ. അതു തന്നെയാണ്‌ നല്ലൊരു ശതമാനം പേരെയും പ്രവാസികളാക്കി മാറ്റിയത്‌. സാമൂഹ്യ സാമ്പത്തിക മണ്‌ഡലങ്ങളില്‍ അതു സൃഷ്‌ടിച്ച മാറ്റം എടുത്തു പറയേണ്ടതാണ്‌.

കേരളത്തിന്റെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തിയതിനു പിന്നില്‍ വിദേശമലയാളികളുടെ പങ്ക്‌ ചെറുതല്ല. പ്രത്യേകിച്ചും ഗള്‍ഫ്‌മലയാളികളുടെ. കേരളത്തെ രണ്ടാക്കി വിഭജിച്ചാല്‍ വടക്ക്‌ മലബാറിലെ സാമ്പത്തിക അടിത്തറ ഗള്‍ഫ്‌ പണമാണെന്നും തെക്ക്‌ തിരുവിതാംകൂറിന്റെ മുഖ്യ സാമ്പത്തിക അടിത്തറ യൂറോപ്പ്‌ അമേരിക്കന്‍ പണമാണെന്നും പറയാം. പക്ഷേ സാമ്പത്തികമായി വളര്‍ച്ച പ്രാപിച്ചു എന്നു പറയുന്നുണ്ടെങ്കിലും സാമൂഹികമായി നമ്മള്‍ പിന്നോട്ടു പോകുകയാണെന്നും അങ്ങനെ കേരളമോഡല്‍ തകര്‍ച്ച നേരിടുകയുമാണെന്നുമാണ്‌ ഈയിടെ ന്യൂയോര്‍ക്ക്‌ ടൈംസ്‌ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌. സര്‍ക്കാരുദ്യോഗം എന്ന ലക്ഷ്യത്തില്‍ നിന്നും യുവതലമുറ മാറിച്ചിന്തിച്ചു തുടങ്ങിയിട്ട്‌ അധിക നാളായില്ല. പക്ഷേ തൊഴില്‍ തേടിയുള്ള യാത്ര നല്ല വിദ്യാഭ്യാസം ലഭിച്ചവരെയും ഏതു തൊഴിലും ചെയ്യിക്കുന്ന അവസ്ഥയിലേക്ക്‌ തള്ളിവിട്ടു. ഗള്‍ഫ്‌ നാടുകളിലെ മരുഭൂമിയില്‍ മണിക്കൂറിന്‌ വെറും ഒരു ഡോളറിനുവരെ ജോലി ചെയ്യേണ്ട ഗതികേട്‌ മലയാളിക്കുണ്ടായത്‌ ഇങ്ങനെയാണ്‌. കേരളത്തിലെ ഏതാണ്ട്‌ മൂന്നിലൊരു കുടുംബവും ജീവിച്ചുപോകുന്നത്‌ വിദേശസമ്പത്തിന്റെ ബലത്തിലാണ്‌.

പട്ടിണികിടന്നു മരിച്ചാലും ജനങ്ങള്‍ മറുനാടുകളിലേക്ക്‌ പലായനം ചെയ്യില്ല, കേരളാമോഡല്‍ വായിക്കാന്‍ കൊള്ളാം പക്ഷേ നടപ്പില്‍ വരുത്താന്‍ കഴിയില്ല , സി ഡി എസിലെ ഡെമോഗ്രാഫര്‍ ഇരുദയ രാജന്‍ പറയുന്നു. ഇത്തരം വിദേശ പണം അടിസ്ഥാനമായുള്ള സമ്പദ്‌ വ്യവസ്ഥ ജനജീവിതത്തെ നയിക്കുന്നുത്‌ മറ്റൊരു ദിശയിലാണ്‌. സാമൂഹ്യ ആരോഗ്യ വിദ്യാഭ്യാസ മണ്‌ഡലങ്ങളിലെ സമാനത എന്ന ലക്ഷ്യം പക്ഷേ തകര്‍ന്നു തുടങ്ങിയിരിക്കുന്നു എന്നതാണ്‌ ഈ സാമൂഹ്യ വ്യവസ്ഥ വെളിപ്പെടുത്തുന്നത്‌. യൂറോപ്പിലേക്കും അമേരിക്കയിലേക്കും പറിച്ചു നടുന്നവരുടെയും ഗള്‍ഫിലേക്കു ജോലി തേടിപ്പോകുന്നവരുടേയും കുടുംബജീവിതം പുതിയ മാനങ്ങള്‍ തേടുകയാണ്‌.

ഗള്‍ഫില്‍ ജോലിചെയ്യുന്നവര്‍ കുടുംബത്തിന്റെ ഒരു ധനാഗമനമാര്‍ഗ്ഗമായി മാത്രമാണ്‌ ജീവിക്കുന്നത്‌ എന്നു പറയാം. അവര്‍ കുടുംബത്തോടെപ്പം ചിലവഴിക്കുന്നത്‌ വര്‍ഷത്തില്‍ വെറും മൂന്നോ നാലോ ആഴ്‌ചതകള്‍ മാത്രം . നാട്ടില്‍ വന്നാല്‍ ഒരു ഗൃഹനാഥന്റെ വേഷം അഭിനയിക്കാന്‍ ലഭിക്കുക വിരലിലെണ്ണാവുന്ന ദിവസങ്ങളായിരിക്കും. ഇത്രയും ദിവസം ഒരു ഗസ്റ്റ്‌ അപ്പിയറന്‍സും ബാക്കി ടെലി അപ്പിയറന്‍സും വഴിയാണ്‌ അഛനായും മകനായും മകളായുമൊക്കെ ഗള്‍ഫ്‌ മലയാളികള്‍ ജീവിക്കുന്നത്‌. ആധുനിക മൊഡ്യുലാര്‍ കിച്ചണും കാറും മക്കളുടെ ഉയര്‍ന്ന വിദ്യാഭ്യാസവും എല്ലാം താങ്ങണമെങ്കില്‍ ഗള്‍ഫുകാരന്‌ ഇത്തരമൊരു ജീവിതം നയിച്ചേ പറ്റൂ. അഛന്റെ സ്‌നേഹവും ഭര്‍ത്താവിന്റെ സ്‌നേഹവും മകന്റെ സ്‌നേഹവും ഒപ്പം ഉയര്‍ന്ന കുടുംബജീവിതവും ഒന്നിച്ചു പൊരുത്തപ്പെട്ടുപോകില്ല എന്നതാണ്‌ ഗള്‍ഫ്‌ മലയാളി നേരിടുന്ന പ്രശ്‌നം. ഒരുപാട്‌ സാമൂഹിക പ്രശ്‌നങ്ങളാണ്‌ ഈ ജീവിതം സൃഷ്‌ടിക്കുന്നത്‌. ഒരാളുടെ അധ്വാനത്തില്‍ നിന്നും പലരുടേയും ജീവിതം കെട്ടിപ്പടുക്കേണ്ടിവരിക എന്നത്‌ കുടുംബത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിച്ച സംഭവങ്ങള്‍ നിരവധിയാണ്‌. ഗള്‍ഫിലെ ജോലി സാഹചര്യങ്ങള്‍ മാറിയതും വരുമാനമറിയാതെ ചിലവുചെയ്‌ത്‌ കൂടുതല്‍ പ്രാരാബ്‌ദങ്ങള്‍ തലയില്‍ കയറ്റിവച്ച്‌ രണ്ടോ മൂന്നോ വര്‍ഷം കാശുണ്ടാക്കാന്‍ പോയി ഗള്‍ഫില്‍ ജീവിതകാലം മുഴുവന്‍ കുടുങ്ങിപ്പോകുന്നവരുടെ കഥകള്‍ നിരവധി.

അമേരിക്കന്‍ യൂറോപ്യന്‍ മലയാളികളുടെ ജീവിതം ഒരു പറിച്ചു നടലാണ്‌ എന്നു പറയാം. കൂടുംബത്തോടെയുള്ള പറിച്ചു നടല്‍ ഗള്‍ഫ്‌ മലയാളികള്‍ നാട്ടിലെത്തുന്നത്‌ വര്‍ഷത്തിലൊരിക്കലാണെങ്കില്‍ ഇവര്‍ നാലോ അഞ്ചോ വര്‍ഷത്തിലൊരിക്കലായേക്കാം. കുടുംബത്തോടെ ചേക്കേറുന്നതുകൊണ്ട്‌ വര്‍ഷത്തിലൊരിക്കലുള്ള വരവ്‌ അത്ര എളുപ്പമായെന്നും വരില്ല. പ്രായമായ അഛനോ അമ്മയോ മുത്തഛനോ മുത്തശ്ശിയോ മാത്രമായിരിക്കും കേരളത്തിലുണ്ടാകുക. ചിലപ്പോള്‍ അവരും കൂടെ പറിച്ചു നടപ്പെട്ടെന്നിരിക്കും. വര്‍ഷങ്ങള്‍ക്കു ശേഷം റിട്ടയേര്‍ഡ്‌ ലൈഫ്‌ കേരളത്തിലാവാമെന്നു കരുതി നാട്ടിലേക്കെത്തുമ്പോഴേക്കും വിദേശത്തു ജനിച്ചുവളര്‍ന്ന മക്കള്‍ക്ക്‌ പൊരുത്തക്കേടുകളും നിരവധിയായിരിക്കും. നേഴ്‌സിംഗ്‌ ഹോസ്‌പിറ്റാലിറ്റി രംഗത്ത്‌ ഇന്ത്യക്കാര്‍ക്ക്‌ വന്‍ ജോലി സാധ്യത വന്നതോടെ അമേരിക്കയിലേക്കും യൂറോപ്പിലേക്കും പറിച്ചു നടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഒപ്പം ഇത്തരം സമ്പത്ത്‌ ജനജീവിതത്തെയും ബാധിക്കുന്നു. വിവാഹം പലപ്പോഴും ഒരു വിദേശ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ളതായി മാറുകയും അവ കുടുംബബന്ധ്‌ങ്ങള്‍ തകരുന്നതു വരെയെത്തിയെന്ന്‌ അമേരിക്കയില്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. തിരുവിതാംകൂറിലെയും മലബാറിലേയും സമ്പന്നഗ്രാമങ്ങളുടെ പ്രധാന ധനാഗമനമാര്‍ഗ്ഗവും വിദേശ പണമാണ്‌.

കേരളീയരുടെ കടന്നു കയറ്റത്തിന്‌ പ്രസിദ്ധി നേടിയിരിക്കുന്നത്‌ ഗള്‍ഫ്‌ മേഖലയില്‍ തന്നെയാണ്‌. 1980 കളില്‍ ഇരട്ടിയായിരുന്ന വിദേശത്തു ജോലിചെയ്യുന്നവരുടെ എണ്ണം 1990 കളില്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള കേരളത്തിലുള്ളവരില്‍ ബഹുഭൂരിപക്ഷവും ജോലിചെയ്യുന്നത്‌ കണ്‍സ്‌ട്രക്ഷന്‍ കമ്പനികളിലും ഗള്‍ഫിലെ പൊരിവെയിലത്തുമാണെന്ന്‌ ചുരുക്കം.

പ്രവാസികളുടെ പണമാണ്‌ കേരളത്തിലെ സാമ്പത്തിക മേഖല യുടെ ആണിക്കല്ല്‌ എന്ന്‌ വിദഗ്‌ദര്‍ അഭിപ്രായപ്പെടുന്നു. അഞ്ച്‌ ബില്ല്യണ്‍ ഡോളറാണ്‌ പ്രവാസികള്‍ കേരളത്തിലേക്ക്‌ അയക്കുന്നത്‌. പ്രവാസികളുടെ ജീവിതനിലവാരവും സ്വദേശികളേക്കാള്‍ മൂന്നിരട്ടി കൂടുതലാണുതാനും. കാറുകളും ഒന്നില്‍ കൂടുതല്‍ ഫോണുകളും ആധുനിക ഗൃഹോപകരണങ്ങളും അടങ്ങിയ ആര്‍ഭാടപൂര്‍വ്വമായ ജീവിതമാണ്‌ ഇവര്‍ നയിക്കുന്നത്‌. `` സുന്ദരനും ദുബായില്‍ ജോലിചെയ്യുന്നവനുമായ യുവാവിന്‌.....`` എന്നു തുടങ്ങുന്ന പരസ്യങ്ങള്‍ പത്രങ്ങളില്‍ പെരുകുന്നതില്‍ നിന്നു തന്നെ മാറിയ മലയാളി മനസ്സിനെ നമുക്ക്‌ വായിച്ചെടുക്കാം. കേരളത്തിലെ ഉന്നത നിലവാരമുള്ള ജീവിതത്തിനു പിന്നില്‍ ഗള്‍ഫ്‌ പണം തന്നെയാണെന്നാണ്‌ കേരളാ സര്‍വ്വകലാശാലയിലെ സാമ്പത്തിക വിദഗ്‌ദനായ ബി എ പ്രകാശിന്റയും അഭിപ്രായം.

അതേസമയം കേരളത്തിലെ ആത്മഹത്യാ നിരക്ക്‌ ദേശീയ ശരാശരിയേക്കാള്‍ നാലുമടങ്ങ്‌ കൂടുതലാണ്‌ എന്നത്‌ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്‌. അതിനുപിന്നില്‍ പണത്തോടുള്ള അമിതതാത്‌പര്യവും മാറിയ ജീവിതത്തോടുള്ള പൊരുത്തക്കടുകളും ഒറ്റപ്പെടലുമാണ്‌. അത്തരമൊരു കഥയാണ്‌ ഷേര്‍ലി ജസ്റ്റസിന്റെത്‌. നാല്‍പ്പത്തിയഞ്ചുകാരിയായ ഷേര്‍ളിയുടെ ഭര്‍ത്താവ്‌ മസ്‌ക്കറ്റില്‍ ട്രക്ക്‌ ഡ്രൈവറാണ്‌. അതുകൊണ്ടുതന്നെ മൂന്നു പെണ്‍കുട്ടികളുടെ പഠിത്തമടക്കമുള്ള ഉത്തരവാദിത്തം അവര്‍ക്ക്‌ ഏല്‍ക്കേണ്ടിവന്നു. മൂത്തമകളായ സുജിയുടെ പുറത്തുപോയി പഠിക്കാനുള്ള മോഹം എതിര്‍ത്തതിനെതുടര്‍ന്ന്‌ അവള്‍ ആത്മഹത്യ ചെയ്‌തു. ഭര്‍ത്താവ്‌ സ്ഥലത്തുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന്‌ അവര്‍ പറയുന്നു. പ്രവാസി കുടുംബങ്ങളുടെ അരക്ഷിതാവസ്ഥ സൂചിപ്പിക്കുന്ന ഇത്തരം സംഭവങ്ങളും നിരവധി. പെട്ടെന്നുണ്ടാകുന്ന ധനം കുടുംബബന്ധങ്ങളെ ബാധിക്കുന്ന സംഭവങ്ങളും കുറവല്ല.

പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ അത്ര ചെറുതല്ലാത്ത പങ്ക്‌ ചെലവഴിക്കുന്നത്‌ കുട്ടികളുടെ പഠനത്തിനു വേണ്ടിയാണ്‌. അതുകൊണ്ടുതന്നെ എന്‍ ആര്‍ ഐ സീറ്റുകള്‍ക്ക്‌ താങ്ങാനാവാത്ത ഫീസ്‌ അടക്കേണ്ടിവരുമ്പോള്‍ കൂടുതല്‍ കാലം പലര്‍ക്കും വിദേശത്തു കഴിയുകയും ചെയ്യേണ്ടിയും വരുന്നു. വിദ്യാസമ്പന്നരായ കേരളീയര്‍ ജോലി തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാണ്‌, അത്‌ കൂടുതല്‍ തൊഴിലില്ലായ്‌മ സൃഷ്‌ടിക്കുകയും ചെയ്യുന്നു. വീണ്ടും പ്രവാസത്തിലേക്ക്‌ ഒരു തലമുറയെ തള്ളിയിടുകയും ചെയ്യുന്ന ഈ പ്രക്രിയ പരസ്‌പര പൂരകമായി തുടരുകയാണ്‌.

`` ടെറസിന്‍ വീടും കാറും ഫ്രിഡ്‌ജും പണമുള്ളോനു ലഭിച്ചാല്‍ നാടിന്‍ വികസനമാണെന്നോര്‍ത്തു നടക്കണ'' എന്ന അവസ്ഥ പക്ഷേ അധികമൊന്നും മാറിയിട്ടില്ല. സാമൂഹിക ജീവിതത്തില്‍ എന്‍ ആര്‍ ഐ എന്നു പേരിട്ടുവിളിക്കുന്ന ഒരു കൂട്ടം സമ്പന്നമാകുകയും ഉയര്‍ന്ന ജീവിതം നയിക്കുകയും ചെയ്യുന്നുവെങ്കിലും കേരളത്തിലെ സ്വദേശികളുടെ ജീവിതനിലവാരം മെച്ചപ്പെട്ടുവെന്ന്‌ പറയാന്‍ കഴിയില്ല. തികച്ചും സാമൂഹികമായ അസമത്വമാണ്‌ വിദേശ പണം സൃഷ്‌ടിക്കുന്നത്‌.

കേരളീയരുടെ ജീവിതം ഏഷ്യന്‍ ഡെവലപ്പ്‌മെന്റ്‌ ബാങ്കിലും ലോകബാങ്കിലും മറ്റു വിദേശ രാജ്യങ്ങളിലും പണയം വച്ചിരിക്കുകയാണ്‌. കഴിഞ്ഞ ആന്റണി സര്‍ക്കാര്‍ ധവളപത്രമിറക്കി ഖജനാവില്‍ അഞ്ചു പൈസയില്ലെന്നു പ്രഖ്യാപിച്ച്‌ തൊട്ടു പിന്നാലെ വന്ന കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയ എ ഡി ബി വായ്‌പതന്നെ കേരളാ മോഡലിനെ കടന്നാക്രമിക്കുമെന്നുറപ്പാണ്‌. എഡിബി വായ്‌പ തരണമെങ്കില്‍ അവരുടെ നിയമങ്ങള്‍ പാലിക്കപ്പെടണമെന്നതാണ്‌ ചട്ടം. അവരുടെ ആവശ്യങ്ങളില്‍ പ്രധാനം ആരോഗ്യം വിദ്യാഭ്യാസം സാമൂഹിക സേവനം പോലുള്ള നഷ്‌ടക്കച്ചവടത്തില്‍ നിന്നും സര്‍ക്കാരിനെ മാറ്റി നിര്‍ത്തി അവ സ്വകാര്യമേഖലക്ക്‌ വിട്ടുകൊടുത്ത്‌ സര്‍ക്കാരിനെ ലാഭത്തിലാക്കുക അതു വഴി വാങ്ങിയ പണവും അതിന്റെ പലിശയും പലിശയുടെ പലിശയും തിരിച്ചടക്കാന്‍ പ്രാപ്‌തമാക്കുക എന്നതാണ്‌. പൊതു ടാപ്പിന്‌ പണം കൊടുക്കേണ്ടിവരുന്നതിനേച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക്‌ തിരശ്ശീല ഇനിയും വീണിട്ടില്ല എന്നതും ഓര്‍ക്കുക. ജലനിധിയും ജപ്പാന്‍ കുടിവെള്ളവും മറ്റും ഉണ്ടാക്കിയിരിക്കുന്ന ബാധ്യതകള്‍ വേറെ.സര്‍ക്കാരും ശാസ്‌ത്രസാഹിത്യപരിഷത്ത്‌ പോലുള്ള സന്നദ്ധ സംഘടനകളും മുന്നിട്ടിറങ്ങി ആരോഗ്യ മേഖലയെ നല്ല നിലവാരത്തിലെത്തിച്ചിരുന്നു. മലേറിയയും വസൂരിയുമൊക്കെ തുടച്ചു നീക്കിയ ചരിത്രമാണ്‌ നമുക്കുള്ളത്‌. കോളറക്കും മറ്റു സാംക്രമിക രോഗങ്ങള്‍ക്കുമെതിരെ ശക്തമായ ജനസമ്പര്‍ക്ക പരിപാടികള്‍ തന്നെ നടന്നിരുന്നു. എന്നാല്‍ ഇന്ന്‌ ഡങ്കിപ്പനി എലിപ്പനി മെനിഞ്‌ജൈറ്റിസ്‌ ചിക്കുന്‍ഗുനിയ തുടങ്ങി പേരുള്ളതും പേരില്ലാത്തതുമായ നിരവധി രോഗങ്ങളുടെ വിളഭൂമിയാണ്‌ കേരളം. കഴിഞ്ഞ മാസങ്ങളില്‍ 700 ഓളം പേര്‍ ചിക്കുന്‍ഗുനിയ കാരണം മരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. 16 ലക്ഷത്തോളം പേര്‍ക്ക്‌ ഗുനിയ പിടിപെട്ടു. ചിക്കുന്‍ഗുനിയ എന്നൊരു രോഗം ഉണ്ടോ എന്നതായിരുന്നു ആദ്യകാലത്തെ സംശയം. രോഗം കണ്ടുപിടിച്ചിട്ടും അതിനെതിരെ ഫലപ്രദമായി എന്തെങ്കിലും ചെയ്യുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. സാമൂഹ്യപ്രതിബദ്ധതയുള്ള സമൂഹം മൂലധന ലോകത്തിനുവേണ്ടി മാറ്റി രചിക്കപ്പെടുന്നതിന്റെ നേര്‍ക്കാഴ്‌ചകളായി മാറുകയാണ്‌ കേരളം. സാമൂഹ്യരംഗത്തു പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും എണ്ണം ദിനംപ്രതി കുറഞ്ഞുവരുന്നു. ഇത്തരം പരിപാടികളില്‍ നിന്ന്‌ സര്‍ക്കാരും മാറി നില്‍ക്കുന്നു. കേരളാ മോഡല്‍ വിളംബരം ചെയ്‌ത ആരോഗ്യമേഖലയുടെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്‌.

1975 ലെ ഐക്യരാഷ്‌ടസഭാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട `കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യക്ഷേമ മേഘലയിലെ പ്രശംസനീയമായ മുന്നേറ്റ'ത്തിന്റെ ഇന്നത്തെ അവസ്ഥ ഇതാണ്‌. ബില്‍ മക്‌ കിബ്ബെന്‍ എന്ന അമേരിക്കന്‍ ചിന്തകന്റെ വാക്കുകളില്‍ പറഞ്ഞാല്‍ `'താഴ്‌ന സാമ്പത്തിക നിലവാരമുള്ള കേരളത്തിന്‌ നിലവാരമുള്ള ജീവിതം കെട്ടിപ്പൊക്കാന്‍ കഴിഞ്ഞു'' പക്ഷേ അതിന്നൊരു സ്വപ്‌നം മാത്രമാണ്‌. അമര്‍ത്യ സെന്‍ സുചിപ്പിച്ച കേരളാമോഡല്‍ എന്ന 'സമുന്നതമായ സാമൂഹ്യ നേട്ടം തകര്‍ച്ചയിലാണ'്‌. കേരളാമോഡല്‍ ഇന്ന്‌ പ്രശസ്‌തരുടെ പുസ്‌തകങ്ങളിലെയും ലോകാരോഗ്യസംഘടനകളുടെ റിപ്പോര്‍ട്ടുകളിലേയും അക്ഷരങ്ങള്‍ മാത്രമാണ്‌.
............................................................................................. (പുഴ. കോം)

Tuesday, September 04, 2007

ബ്ലോഗുലകത്തില്‍ മലയാളത്തിന്‌ നല്ല കാലം


ഇംഗ്ലീഷ്‌ ഭാഷ ആധിപത്യമുറപ്പിച്ച സൈബര്‍ സ്‌പേസില്‍ മലയാളം സ്ഥാനം പിടിച്ചിട്ട്‌ അധികനാളായില്ല. ബ്ലോഗുകളിലും മറ്റും ഇഷ്‌ടമുള്ളത്‌ കുത്തിക്കുറിച്ചുവെക്കാനുള്ള സ്വാതന്ത്ര്യം കൂടി ലഭിച്ചതോടെ ഇന്റര്‍നെറ്റില്‍ മലയാള ഭാഷ സജീവമായെന്ന്‌ സമീപകാല ചരിത്രം വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ ഭാഷയുടെ പൊതുരൂപം(യുണീകോഡ്‌) സ്വീകാര്യമായതോടെയാണ്‌ ബ്ലോഗുകളിലും ഇന്ററാക്‌ടീവ്‌ വെബ്‌സൈറ്റുകളിലും ഓര്‍ക്കുട്ട്‌ പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളിലുമൊക്കെ ഭാഷ അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞത്‌. കേരളത്തിനകത്തും പുറത്തും ഇന്റര്‍നെറ്റ്‌ എന്ന പുതിയ മാധ്യമത്തില്‍ മാതൃഭാഷയില്‍ എഴുതുകയും വായിക്കുകയും ആശയങ്ങള്‍ കൈമാറുകയും ചെയ്യുന്ന ഒരു വലിയ കൂട്ടായ്‌മ തന്നെ വളര്‍ന്നു വരികയാണ്‌. ഒരുദിവസം നൂറില്‍ പരം പോസ്റ്റുകള്‍ എന്ന തോതിലാണ്‌ മലയാളം ബ്ലോഗുകളുടെ വളര്‍ച്ച. ഒരു ദിവസം ഇരുപതിനടുത്ത്‌ പുതിയ ബ്ലോഗുകള്‍ രൂപപ്പെടുന്നു. ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ 2000ല്‍ പരം മലയാളം ബ്ലോഗുകളാണ്‌ പ്രസിദ്ധീകരിച്ചത്‌.

ചില്ലിക്കാശു പോലും ചെലവില്ലാതെ ആരുടെയും അനുവാദമില്ലാതെ നമുക്കിഷ്‌ടമുള്ളത്‌ എഴുതിവെക്കാനും അവ എഡിറ്റു ചെയ്യാനും സാധിക്കുന്ന വെബ്‌ പേജുകളാണ്‌ ബ്ലോഗുകള്‍. അതുകൊണ്ടുതന്നെ അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ്‌ ബ്ലോഗര്‍മാര്‍ക്ക്‌ അനുവദിച്ചു കിട്ടിയത്‌. ഒരു പക്ഷേ ഈ സ്വാതന്ത്ര്യം ഏറ്റവും നന്നായി ഉപയോഗിച്ചവര്‍ മലയാളികളായിരിക്കും. മറ്റു മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്‌തമായി വായനക്കാരുടെ പ്രതികരണങ്ങള്‍ അപ്പപ്പോള്‍ ലഭിക്കുമെന്ന സൗകര്യം കൂടി ലഭിച്ചത്‌ ബ്ലോഗുകളെ കൂടുതല്‍ താല്‌പര്യത്തോടെ സമീപിക്കാന്‍ കാരണമായി. ഒരു വല്ലാത്ത സ്വാതന്ത്യമാണ്‌ വായനക്കാര്‍ക്ക്‌ ഇത്‌ നല്‍കുന്നത്‌. വല്ലവനും വായിക്കുന്നത്‌ അതേപോലെ കുടിച്ചു വറ്റിച്ച്‌ പോകുക എന്നതിലേക്കാളുപരി പ്രതികരണങ്ങള്‍ അപ്പപ്പോള്‍ രേഖപ്പെടുത്തുക, കൂടുതല്‍ സെലക്‌ടീവായത്‌ തെരഞ്ഞെടുക്കുക എന്ന ഒരു പുതിയ രീതി. ``ഒരു തുടക്കം, എന്റെ രക്ഷിതാവിന്റെ നാമത്തില്‍, എന്റെ സ്വന്തം ഭാഷയില്‍, ഹൃദയമിഡിപ്പിന്റെ താളത്തില്‍..'' രേഷ്‌മയെന്ന ബ്ലോഗര്‍ ആദ്യകാലത്ത്‌ എഴുതിയ വരികളിലൊന്നാണ്‌ ഇത്‌. പ്രവാസ ജീവിതത്തിലെ ഏകാന്തതയും സ്വന്തം നാടിനോടും താന്‍ വളരെ കുറച്ചുമാത്രം സംസാരിക്കാന്‍ വിധിക്കപ്പെട്ട മാതൃഭാഷയോടുമുള്ള ഗൃഹാതുരതയും ഒത്തു ചേര്‍ന്നപ്പോള്‍ ഇന്നു കാണുന്ന പല വൈവിധ്യമായ ബ്ലോഗുകളും പിറവിയെടുത്തു. അതുകൊണ്ടുതന്നെ ഇവരെഴുതുന്ന സൃഷ്‌ടികളില്‍ പച്ചമലയാളത്തിലുള്ള പദങ്ങളും നാടന്‍ പ്രയോഗങ്ങളും ധാരാളയായി കാണാം. വിദ്യാര്‍ഥികളും പത്രപ്രവര്‍ത്തകരും സാങ്കേതികമേഖലയില്‍ ജോലിചെയ്യുന്നവരുമായി കേരളത്തില്‍ നിന്നും ഒരുപാടു പേര്‍ ബ്ലോഗുചെയ്യുന്നുണ്ട്‌. സൃഷ്‌ടിപരമായ രചനകളാണ്‌ ബ്ലോഗുകളില്‍ ഏറെയും. സാഹിത്യ രൂപങ്ങള്‍ മാത്രമല്ല, ആരോഗ്യം, ഐടി, കൃഷി, ഗണിതശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, കാര്‍ട്ടൂണ്‍, അക്ഷരശ്ലോകം, ഭാഷാ ശാസ്‌ത്രം, ചരിത്രം, ഫോട്ടോഗ്രാഫി തുടങ്ങി ആകാശത്തിനു കീഴിലുള്ള എല്ലാ വിഷയങ്ങളും ഇന്ന്‌ ബ്ലോഗില്‍ സജീവമാണ്‌.
മലയാളം ബ്ലോഗുകളുടെ പിറവിക്ക്‌ ഒരു നേരമ്പോക്കിന്റെ മെമ്പൊടിയുണ്ട്‌. വിശാലമനസ്‌കന്‍, സങ്കുചിത മനസ്‌കന്‍, ഇടിവാള്‍, കുറുമാന്‍, പോള്‍,വിശ്വം, സു, സിബു, സണ്ണി, വാപ്പ, തീപ്പൊരി, വക്കാരിമഷ്‌ടാ, കറിവേപ്പില, ലാപൂട, ഞ്ചിപ്പെണ്ണ്‌... അങ്ങനെപോകുന്നു ആ ആദ്യകാല ബ്ലോഗര്‍മാരുടെ നീണ്ട നിര. ദുബായില്‍ ജോലി നോക്കുന്ന തൃശൂര്‍ കൊടകരക്കാരനായ സജീവ്‌ എടത്താടന്റെ (വിശാലമനസ്‌കന്‍)`കൊടകരപുരാണ' വും, ദുബായി ഏഷ്യാനെറ്റ്‌ ജീവനക്കാരനായ കുഴൂര്‍ വിത്സണിന്റെ കവിതകളും, ദേവന്റെ ആരോഗ്യലേഖനങ്ങളും, കേരളത്തില്‍ നിന്ന്‌ ചന്ദ്രശേഖരന്‍ നായര്‍ എഴുതുന്ന കൃഷി ചിന്തകളും ബ്ലോഗുലകത്തെ സൂപ്പര്‍ ഹിറ്റുകളാണ്‌. അമേരിക്കന്‍ ഐ ടി പ്രൊഫഷണലായ ഉമേഷിന്റെ ഗുരുകുലമാണ്‌ എടുത്തു പറയേണ്ട മറ്റൊന്ന്‌. രേഷ്‌മ, നെല്ലിക്ക. പെരിങ്ങോടന്‍ തുടങ്ങിയവരുടെ കഥകളും ലാപൂടയുടെ കവിതകളും തുഷാരത്തിന്റെ മയില്‍പീലിത്തുണ്ടുകളെന്ന അനുഭവക്കുറിപ്പുകളും ശ്രദ്ധനേടിയവയാണ്‌. ലോക സിനിമകളെ പരിചയപ്പെടുത്തുന്ന ബാംഗളൂരിലെ റോബി കുര്യന്റെ `ലോകസിനിമയുടെ വര്‍ത്തമാനവും' അലിഫ്‌ ഷംല മാരുടെ `ചലച്ചിത്രമേള'യും ഹരിയുടെ ചിത്രവിശേഷവും സിനിമാ മേഖലയില്‍ നിന്നുള്ള അറിവ്‌ തരുന്നു. പത്രപ്രവര്‍ത്തകനായ എന്‍ പി രാജേന്ദ്രനും സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്‌ണനുമടക്കം പ്രശസ്‌തരുടെ ബ്ലോഗുകള്‍ നിരവധിയാണ്‌. വിശാലമനസ്‌കന്റെ കൊടകരപുരാണം. കറന്റ്‌ ബുക്‌സ്‌ ഈയിടെ പുസ്‌തകമാക്കി പ്രസിദ്ധീകരിച്ചു. ബെര്‍ലി തോമസിന്റെ `ബെര്‍ലിത്തരങ്ങള്‍' എന്ന ബ്ലോഗില്‍ നൂറാമത്തെ പോസ്റ്റ്‌ എഴുതിയത്‌ ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്‌. ഏതാണ്ട്‌ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ ഇന്ന്‌ ബ്ലോഗുലകത്തില്‍ നിത്യസന്ദര്‍ശകരാണ്‌.

വാര്‍ത്താ പോര്‍ട്ടലുകള്‍
‍വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിച്ചിരുന്ന ന്യൂസ്‌ വെബ്‌സൈറ്റ്‌ എന്ന സങ്കല്‌പത്തില്‍ നിന്നു മാറി ഇതര വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സമ്പൂര്‍ണ്ണ പോര്‍ട്ടല്‍ എന്ന ആശയം മലയാളത്തില്‍ നടപ്പിലായിട്ട്‌ അധികനാളായിട്ടില്ല. ദീപിക, മാതൃഭൂമി, മനോരമ തുടങ്ങിയ പ്രബലരായ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളാണ്‌ മലയാളം ഓണ്‍ലൈന്‍ ജേണലിസത്തിന്റെ മുഖ്യവക്താക്കള്‍. 1997 ഒക്‌ടോബര്‍ മാസത്തിലാണ്‌ ദീപിക ഡോട്ട്‌ കോം ആരംഭിക്കുന്നത്‌. അന്ന്‌ മലയാളത്തില്‍ മറ്റു പോര്‍ട്ടലുകള്‍ സജീവമായി ഇല്ലാതിരുന്നതിനാലും പ്രവാസി വാര്‍ത്തകള്‍ക്ക്‌ കൂടുതല്‍പ്രാധാന്യം നല്‍കിയതിനാലും ദീപിക കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. യൂറോപ്പിലും അമേരിക്കയിലുമുള്ള മലയാളികളുടെ പ്രത്യേകിച്ചും അതില്‍ ഭൂരിപക്ഷം വരുന്ന മധ്യതിരുവിതാംകൂറുകാരുടെ പിന്തുണ ദീപികക്കു ലഭിച്ചു. 2003 ജൂണ്‍ മാസത്തില്‍ മനോരമയും 2005 ജൂണ്‍ മാസത്തില്‍ മാതൃഭൂമിയും പോര്‍ട്ടല്‍ രൂപത്തിലേക്ക്‌ മാറിയതോടെയാണ്‌ മലയാളം ഓണ്‍ലൈന്‍ ജേണലിസത്തിന്‌ പുതിയ മാനം കൈവന്നത്‌. സമാന്തരമായി കേരള കൗമുദി, ദേശാഭിമാനി, മാധ്യമം, മംഗളം, തുടങ്ങിയ മിക്ക പത്രങ്ങളും അവരുടെ വെബ്‌ സൈറ്റുകള്‍ ആരംഭിച്ചിരുന്നു. വിനോദം, ആരോഗ്യം, സ്‌പോര്‍ട്‌സ്‌, സംഗീതം തുടങ്ങിയ അനുബന്ധമിനിപോര്‍ട്ടലുകളും ചര്‍ച്ചാവേദികളും ചാറ്റ്‌റൂമുകളും ഉള്‍പ്പെടുന്ന വാര്‍ത്താ പോര്‍ട്ടലുകളില്‍ എടുത്തു പറയാവുന്നവ മാതൃഭൂമിയും മനോരമയുമാണ്‌. ഈയടുത്ത കാലത്ത്‌ യാഹൂ, എം എസ്‌ എന്‍ തുടങ്ങിയ വിദേശ കമ്പനികള്‍ മലയാളം പോര്‍ട്ടലുകള്‍ തുടങ്ങിയതും കേരളാഓണ്‍ലൈവ്‌ പോലുള്ള സ്വതന്ത്ര ന്യൂസ്‌ സൈറ്റുകള്‍ രംഗത്തുവന്നതും ഈ രംഗത്ത്‌ മത്സരത്തിനു തിരികൊളുത്തിയിട്ടുണ്ട്‌.

വാരികകളുടെയും മാസികകളുടെയും ഓണ്‍ലൈന്‍ രൂപമെന്ന്‌ പറയാവുന്ന ഇ മാഗസിനുതള്‍ക്ക്‌ മലയാളത്തില്‍ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല എന്നു പറയാം. ഹരിതകം, ചിന്ത, പുഴ, മൂന്നാമിടം, തുഷാരം, തണല്‍, തുടങ്ങി വിരലിലെണ്ണാവുന്ന ഇ-മാഗസിനുകളേ നിലവിലുള്ളൂ. ഇവയില്‍ മിക്കതും ഒരു വ്യക്തിയോ ഒരു കൂട്ടം സുഹൃത്തുക്കളോ നടത്തുന്ന സന്നദ്ധപ്രവര്‍ത്തനമെന്നതില്‍ കവിഞ്ഞ്‌ പ്രൊഫഷണലായ രൂപം പ്രാപിച്ചിട്ടില്ല. സാഹിത്യം, സിനിമ, രാഷ്‌ട്രീയം തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുത്തിയ പുഴ.കോം ആണ്‌ ഇവയില്‍ അല്‌പമെങ്കിലും പ്രൊഫഷണലായ മാര്‍ഗ്ഗം സ്വീകരിക്കുന്നത്‌. മൂന്നാമിടവും ചിന്തയും ഹരിതകവുമൊക്കെ സാംസ്‌കാരികവും സാഹിത്യപരവുമായ ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നവയാണ്‌. പക്ഷേ മറ്റുഭാഷകളിലേതുപോലെ ഗൗരവമായ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ചര്‍ച്ച നടത്താന്‍ മലയാളികള്‍ പൊതുവേ താത്‌പര്യം കാണിക്കുന്നില്ല എന്നതാണ്‌ സത്യം. മലയാളത്തിലെ പല മാഗസിനുകള്‍ക്കും ഓണ്‍ലൈന്‍ എഡിഷനുകള്‍ ഉണ്ട്‌. ന്യൂസ്‌ പോര്‍ട്ടലുകളുടെ കാര്യത്തില്‍ നമ്മള്‍ വളരെയേറെ മുന്നോട്ടുപോയെങ്കിലും എല്ലാം തികഞ്ഞ ഒരു ഇ മാഗസിന്‍ എന്ന ആശയം ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ല.

യുനീകോഡ്‌ വിഭജനം
വാര്‍ത്താ പോര്‍ട്ടലുകളും പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളും കൂടുതല്‍ ജനകീയമായെങ്കിലും തുടങ്ങിയ കാലത്തേതില്‍ നിന്നു വ്യത്യസ്‌തമായി സാങ്കേതികമായ ഒരു ഏകീകൃത രൂപം സ്വീകരിക്കാന്‍ ഇവരാരും ഇനിയും തയ്യാറായിട്ടില്ല. ദീപിക, മാതൃഭൂമി, മനോരമ തുടങ്ങിയ എണ്ണപ്പെട്ട വാര്‍ത്താപോര്‍ട്ടലുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നത്‌ അവരുടെ സ്വന്തം ഫോണ്ട്‌ ആണ്‌. അതുകൊണ്ടുതന്നെ പരമ്പരാഗത രീതിയില്‍ തുടരുന്ന ഇവ ഓരോന്നും വിജ്ഞാനത്തിന്റെ ഓരോ തുരുത്തുകളായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. യുനീക്കോഡ്‌ എന്ന എല്ലാവരുമംഗീകരിച്ച പൊതൂരൂപം സ്വീകരിക്കാത്തതിനാല്‍ ഉള്ളടക്കമറിയണമെങ്കില്‍ ഓരോ സൈറ്റിലും നേരിട്ട്‌ ചെന്നു നോക്കി കണ്ടു പിടിക്കണം. ഗൂഗിളോ യാഹുവോ പോലുള്ള സെര്‍ച്ച്‌ എന്‍ജിനുകള്‍ വഴി തിരയാനുള്ള(സെര്‍ച്ച്‌) അവസരം നഷ്‌ടപ്പെടുന്നത്‌ പരമ്പരാഗത വെബ്‌സൈറ്റുകളിലുള്ള വലിയ അളവു വരുന്ന വിവരങ്ങള്‍ കാലം ചെല്ലും തോറും അധികമാര്‍ക്കും ഉപയോഗപ്പെടാതെ പോകാന്‍ കാരണമാകുന്നു. അതേസമയം യാഹൂ, എം എസ്‌ എന്‍, ദാറ്റ്‌സ്‌ മലയാളം, വെബ്‌ലോകം തുടങ്ങിയ യുനീകോഡിലുള്ള വാര്‍ത്താ പോര്‍ട്ടലുകളിലെയും വിക്കിപ്പീഡിയയിലേയും ചിന്ത, മൂന്നാമിടം, ഹരിതം തുടങ്ങിയ തുടങ്ങിയ മാഗസിനുകളിലെ വിവരങ്ങള്‍ നമുക്ക്‌ സെര്‍ച്ച്‌ എന്‍ജിനുകളില്‍ ലഭിക്കുകയും ചെയ്യും. ഇംഗ്ലീഷ്‌ഭാഷയില്‍ പ്രസിദ്ധീകരിച്ച ഭൂമിക്കുതാഴെയുള്ള ഏത്‌ വിഷയവും സെര്‍ച്ച്‌ എന്‍ജിനുകളില്‍ തിരഞ്ഞു കണ്ടുപിടിക്കാമെന്നിരിക്കെ മലയാളത്തിലെ പ്രമുഖ വെബ്‌സൈറ്റുകള്‍ മാറ്റത്തോട്‌ പുറം തിരിഞ്ഞു നില്‍ക്കുന്നതു വഴി നമുക്ക്‌ ആ വലിയ അവസരമാണ്‌ നഷ്‌ടപ്പെടുന്നത്‌. വിവിധ രീതിയില്‍ ചിതറിക്കിടക്കുന്ന പ്രാദേശിക ഭാഷകള്‍ക്ക്‌ ഏകീകൃത രൂപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മൈക്രോസോഫ്‌റ്റ്‌ അടക്കമുള്ള സോഫ്‌റ്റ്വെയര്‍ കമ്പനികളും ഭാഷാ വിദഗ്‌ദരും ഒന്നു ചേര്‍ന്ന്‌ ശ്രമിച്ചതിന്റെ ഫലമായാണ്‌ യുണീകോഡ്‌ പിറവിയെടുത്തത്‌. ഒരേ രീതിയില്‍ എഴുതാനും വായിക്കാനും സഹായിക്കുന്ന ഈ ഏകീകൃത രൂപം സ്വീകരിച്ചതുകൊണ്ടാണ്‌ മലയാളത്തിലുള്ള എല്ലാ ബ്ലോഗുകളും സംഘടിത ശക്തിയായി മാറിയതും. ബ്ലോഗുകളെ വിഭാഗങ്ങളാക്കി തിരിച്ച്‌ അതില്‍ ഓരോന്നിലും വരുന്ന പുതിയ സൃഷ്‌ടികള്‍ അപ്പപ്പോള്‍ ലിസ്റ്റു ചെയ്യുന്ന സൈറ്റുകളുടെ(www.malayalamblogs.in, www.bloglokam.orgതുടങ്ങിയവ) പിന്നിലും ഓരോ പോസ്റ്റിനും വായനക്കാരിടുന്ന അഭിപ്രായങ്ങള്‍(കമന്റുകള്‍) ലിസ്റ്റ്‌ ചെയ്യുന്ന പിന്‍മൊഴി, മറുമൊഴി തുടങ്ങിയ സംവിധാനങ്ങളുടെ വിജയത്തിനു പിന്നിലും യുണീകോഡ്‌ ആണ്‌. ഇങ്ങനെ ബ്ലോഗുകളും ഈ രീതി പിന്‍തുടരുന്ന വെബ്‌ പോര്‍ട്ടലുകളും അടങ്ങുന്ന ഒരു സംഘടിത വിഭാഗമെന്നും പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളടങ്ങിയ പ്രബലരും അതേ സമയം യുനീകോഡ്‌ ഉപയോഗിക്കാത്തവരെന്നും സാങ്കേതികമായി പറഞ്ഞാല്‍ ഒരു യുനീകോഡ്‌ ഡിവൈഡ്‌ തന്നെ മലയാളം ഓണ്‍ലൈന്‍ മാധ്യമത്തില്‍ നിലനില്‍ക്കുന്നുണ്ട്‌.

എഴുത്താണികളും എഴുതി പഠിപ്പിച്ചവരും
ഐ ടി മേഖലയില്‍ ജോലി നോക്കുന്ന ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി മലയാളികള്‍ക്ക്‌ ഒത്തുചേരാനുള്ള ഇടമായിരുന്നു ഇന്റര്‍നെറ്റ്‌. ഇന്നുകാണുന്ന വിപുലമായ സൗകര്യങ്ങളില്ലെങ്കിലും ആദ്യകാലത്ത്‌ അവര്‍ക്കൊത്തു കൂടാന്‍ ചാറ്റ്‌ പോര്‍ട്ടലുകളും ഗസ്റ്റ്‌ബുക്കുകളുമൊക്കെ അവസരം ഒരുക്കി. ഇംഗ്ലീഷിലോ മലയാളം ഇംഗ്ലീഷില്‍ ടൈപ്പുചെയ്‌തോ (മംഗ്ലീഷ്‌) ആയിരുന്നു ഇവര്‍ സംവദിച്ചിരുന്നത്‌. Eliyamma എന്ന്‌ എന്ന്‌ എഴുതിയാല്‍ `എലിയമ്മ'യെന്നു വായിച്ചു പോകുന്നതരം തമാശകള്‍ മംഗ്ലീഷില്‍ അന്ന്‌ നിരവധിയായിരുന്നു. സ്വന്തം ഭാഷയില്‍ ആശയവിനിമയം നടത്തുകയെന്ന വൈകാരികമായ ചിന്തകൂടി ആയപ്പോള്‍ എല്ലാവര്‍ക്കും ലളിതമായി ഉപയോഗിക്കാവുന്ന ഒരു എഴുത്താണിയെന്ന സങ്കല്‌പത്തിന്‌ ചിറകുമുളച്ചു. കാരണവന്മാരുടെയാരുടേയും നിയന്ത്രണമോ ശാസനയോ ഇല്ലാതെയാണ്‌ അക്ഷരരൂപങ്ങള്‍ ഇന്റര്‍നെറ്റില്‍ പിച്ചവെച്ചു വളര്‍ന്നത്‌. അതാണ്‌ ഇന്ന്‌ നെറ്റില്‍ മലയാളമെഴുതാന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന വരമൊഴിയുടെയും അനുബന്ധസോഫ്‌റ്റ്‌ വെയറുകളുടെയും പിറവിയിലേക്കു നയിച്ചത്‌.

ലളിതമായി മലയാളമെഴുതാനുള്ള മാര്‍ഗ്ഗങ്ങളേക്കുറിച്ചുള്ള സംവാദത്തിന്‌ കേരള.കോം എന്ന സൈറ്റിലെ അതിഥി പുസ്‌തകമാണ്‌ ഒരു തട്ടകമായി മാറിയത്‌. 1996 ല്‍ ടോണി തോമസ്‌ `charmap '്‌ എന്ന ആപ്ലിക്കേഷനുപയോഗിച്ച്‌ അതിഥിപുസ്‌തകത്തില്‍ മലയാളം എഴുതി പരീക്ഷിച്ചു. വര്‍ഗ്ഗീസ്‌ സാമുവല്‍ നിര്‍മ്മിച്ച മലയാളം.ടി ടി എഫ്‌ എന്ന ഫോണ്ടുപയോഗിച്ചാണ്‌ അതില്‍ ആദ്യകാല സംഭാഷണങ്ങള്‍ നടന്നത്‌. മലയാളം ഫോണ്ടുകളുടെ നിര്‍മ്മാണവും സാങ്കേതികതയും അറിയുന്നവരുടെ കൂട്ടായ്‌മ അപ്പോഴേക്കും രൂപപ്പെട്ടിരുന്നു. അങ്ങനെയുള്ള കുറച്ചുപേര്‍ ചേര്‍ന്ന്‌ `ലാത്തി' എന്ന പേരില്‍ മലയാളമെഴുതാനുള്ള ഒരു ചെറിയ പ്രോഗ്രാം നിര്‍മ്മിച്ചു. പിന്നീട്‌ ഇത്‌ 'മാധുരി' എന്ന പേരില്‍ കൂടുതല്‍ മികവുറ്റതാക്കി അവതരിപ്പിക്കപ്പെട്ടു. ബിനു മേലേടം, സോജി ജോസഫ്‌, ബിനു ആനന്ദ്‌, കോണ്‌ഡറെഡ്ഡി, സി ബു സി ജെ എന്നിവരായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌.കുറച്ച്‌ ഭാഷാ സ്‌നേഹികളുടെ നിരന്തരമായ യത്‌നമാണ്‌ ഇന്ന്‌ സിബു സി ജെ സൃഷ്‌ടിച്ച വരമൊഴി എന്ന പാക്കേജിലെത്തി നില്‍ക്കുന്നത്‌. 1998 ലാണ്‌ വരമൊഴി ജന്മമെടുക്കുന്നത്‌. വരമൊഴി ട്രാന്‍സ്ലേഷന്‍ ലൈബ്രറി ഉപയോഗിച്ചായിരുന്നു മാധുരി എന്ന ആപ്ലിക്കേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്‌. 2002 ജൂണില്‍ ഫോണ്ടും കീബോര്‍ഡ്‌ സോഫ്‌റ്റ്വെയറും എഡിറ്ററുമടങ്ങുന്ന ഒരു ലാംഗ്വേജ്‌ ടൂള്‍ ലൈബ്രറിയായി മാറി. സാമാന്യ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ആര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ്‌ വരമൊഴി തയ്യാറാക്കപ്പെട്ടത്‌. മലയാളം ഇംഗ്ലീഷില്‍ ടൈപ്പുചെയ്‌താല്‍ മലയാളം അക്ഷരങ്ങള്‍ ലഭിക്കുന്ന ലളിതമായ ഒരു സോഫ്‌റ്റ്വെയറാണ്‌ ഇത്‌. മാതൃഭൂമിയും മനോരമയും മറ്റു പ്രസിദ്ധീകരണങ്ങള്‍ മിക്കവയും ഉപയോഗിക്കുന്ന ഫോണ്ടുകളിലുള്ള ഉള്ളടക്കം പരസ്‌പരം മാറ്റാനും യുണീകോഡിലാക്കി പ്രസിദ്ധീകരിക്കാനും വരമൊഴി സൗകര്യമൊരുക്കി. ചുരുങ്ങിയ കാലത്തിനുള്ളില്‍ വെബ്‌ സൈറ്റുകളിലൂടെയും ബ്ലോഗുകളിലൂടെയും സംവദിക്കുന്നവരുടെ ഇഷ്‌ടം സമ്പാദിക്കാന്‍ ഇതിനു കഴിഞ്ഞു. ഇംഗ്ലീഷ്‌ ഭാഷ മാത്രമേ വഴങ്ങുകയുള്ളൂവെന്ന്‌ ധരിച്ച ഈ നവ മാധ്യമത്തില്‍ ഒരു സോഫ്‌റ്റ്വെയര്‍ ഭീമന്റെയും പിന്‍തുണയില്ലാതെ മലയാളം എഴുതിപ്പഠിപ്പിച്ചത്‌ വരമൊഴി എന്ന ഒരു സ്വതന്ത്ര സോഫ്‌റ്റ്വെയറാണ്‌. വരമൊഴിയാണ്‌ സൈബര്‍ സ്‌പേസില്‍ മലയാളഭാഷയെ ഇത്രയേറെ സാധാരണമാക്കിയത്‌ എന്ന്‌ പറയാം. വരമൊഴിപോലുള്ള ആപ്ലിക്കേഷനുകള്‍ യുണീകോഡിലുള്ള ലിപി സൃഷ്‌ടിക്കാന്‍ സൗകര്യമൊരുക്കുക കൂടി ചെയതപ്പോള്‍ സാമാന്യകമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ആര്‍ക്കും അനായാസമായി ബ്ലോഗുകളിലും മറ്റും മലയാളമെഴുതാമെന്ന നില വന്നു. കെവിന്‍ നിര്‍മ്മിച്ച അഞ്‌ജലി ഓള്‍ഡ്‌ ലിപി എന്ന യുണീകോഡ്‌ ഫോണ്ട്‌ ആണ്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മലയാളം യുണീകോഡ്‌ ഫോണ്ട്‌. ഗ്നു ലൈസന്‍സുള്ള സൗജന്യമായ ഏക ഫോണ്ടും ഇതുതന്നെയാണ്‌. ഇതോടെ മലയാളഭാഷ ഒരേ രീതിയില്‍ കംപോസ്‌ ചെയ്‌തെടുക്കാനും യുണീകോഡ്‌ സൗകര്യമുള്ള ഏത്‌ സോഫ്‌റ്റ്വെയറിലും വായിച്ചെടുക്കാനും കഴിഞ്ഞു. വളരെ പെട്ടെന്ന്‌ പഠിച്ചെടുക്കാവുന്ന ഇത്തരം ലളിതമായ മലയാളം ടൈപ്പിംഗ്‌ സോഫ്‌റ്റ്വെയറുകള്‍ വൈബ്‌ സൈറ്റുകളും ബ്ലോഗുകളും വഴി തന്നെ ആവശ്യക്കാര്‍ക്ക്‌ സൗജന്യമായി പഠിപ്പിച്ചു കൊടുക്കുന്ന കാര്യത്തിലും അതിന്റെ സ്രഷ്‌ടാക്കള്‍ വിജയം കണ്ടതോടെയാണ്‌ വരമൊഴി എഡിറ്ററും, മൊഴി കീമാനുമൊക്കെ പ്രശസ്‌തിയാര്‍ജ്ജിച്ചത്‌. വരമൊഴിയും അനുബന്ധ ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്ന വിധം അക്കമിട്ടു നിരത്തി അവയിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സ്രഷ്‌ടാക്കള്‍ പ്രത്യേക പേജുകള്‍ തന്നെ നീക്കിവച്ചിട്ടുണ്ട്‌(http://varamozhi.sf.net) അക്ഷരമെഴുതുന്നതുമുതല്‍ ബ്ലോഗുണ്ടാക്കുന്നതു വരെയുള്ള ,സാങ്കേതിക വശങ്ങള്‍ പരസ്‌പരം പഠിപ്പിച്ചു കൊടുക്കുന്ന ഒരു വലിയ കൂട്ടായ്‌മ തന്നെയുണ്ട്‌ ഇന്ന്‌. (http://sankethikam.blogspot.com , http://howtostartamalayalamblog.blogspot.com/, തുടങ്ങിയവ) വെബ്ബിലെ മലയാളഭാഷയുടെ സാങ്കേതിക പഠിച്ച്‌ പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ ഇപ്പോഴും സജീവമാണ്‌ സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം മലയാളികള്‍. മലയാളമറിയാവുന്ന ആര്‍ക്കും വെബ്ബില്‍ ആശയവിനിമയം നടത്താമെന്ന സൗകര്യം ഒരു വലിയ വിപ്ലവത്തിനാണ്‌ തുടക്കമിട്ടിരിക്കുന്നത്‌. ഇങ്ങനെ മലയാളം അനായാസമായി ഉപയോഗിക്കാമെന്ന നില വന്നതോടെ മാതൃഭാഷയിലുള്ള ആത്മാവിഷ്‌കാരത്തിന്‌ ഇന്റര്‍ നെറ്റ്‌ വേദിയായി.

ലോകമെങ്ങും ചിതറിക്കിടക്കുന്ന മലയാളിയുടെ ഒത്തുചേരലിനാണ്‌ ഇന്റര്‍നെറ്റ്‌ ഇന്ന്‌ വേദിയായിരിക്കുന്നത്‌. വാര്‍ത്തകളറിയാനും ഉള്ളിലുള്ളത്‌ സ്വന്തം ഭാഷയില്‍ തുറന്നെഴുതിവെക്കുവാനുമുള്ള പൊതു വേദി. ഇംഗ്ലീഷ്‌ ആധിപത്യം സ്ഥാപിച്ച ലോകത്ത്‌ മലയാളത്തിന്റെ ആയുസ്സ്‌ കുറിച്ചിട്ടവര്‍ക്കുള്ള മറുപടിയാണ്‌ ഇന്റര്‍നെറ്റിലെ മലയാള പോര്‍ട്ടലുകളും ബ്ലോഗുകളുമൊക്കെ നല്‍കുന്നത്‌.